യാത്രയയപ്പിന് കിട്ടിയ മാങ്കോസ്റ്റിന്‍ തൈയാണ് തുടക്കം; വിരമിച്ചപ്പോള്‍ 70 സെന്‍റ് വാങ്ങി പഴത്തോട്ടമുണ്ടാക്കിയ കോഴിക്കോട്ടുകാരന്‍

വിളഞ്ഞ് നില്‍ക്കുന്ന ബറാബയും മാങ്കോസ്റ്റിനും മധുരമൂറുന്ന റംബൂട്ടാനും, പുലാസാനുമെല്ലാം കാണുമ്പോള്‍ മലേഷ്യന്‍ പഴക്കാടുകളില്‍ ചെന്നപോലെ.

നീണ്ട കാലത്തെ സേവനത്തിനു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കുമ്പോള്‍ ‘ഇനിയെന്ത്’ എന്നൊരു കണ്‍ഫ്യൂഷന്‍ രാജന്‍ മാമ്പറ്റയ്ക്കുണ്ടായിരുന്നില്ല.

“റിട്ടയര്‍മെന്‍റിനു ശേഷം എന്തായിരിക്കണം ചെയ്യേണ്ടതെന്ന് മുന്നേ ഞാന്‍ പദ്ധതിയിട്ടിരുന്നു,” കോഴിക്കോട് മുക്കംകാരനായ രാജന്‍ മാമ്പറ്റ (നാട്ടുകാരുടെ മാമ്പറ്റ മാഷ്) പറയുന്നു.

“പരമ്പരാഗത കര്‍ഷക കുടുംബമാണ് എന്‍റേത്. അച്ഛന്‍ നല്ലയൊരു കൃഷിക്കാരനായിരുന്നു.” പോരാത്തതിന് കൃഷി ഓഫീസിലെ ജോലിയും. മുഴുവന്‍ സമയ കര്‍ഷകനാവാന്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് മുന്നൊരുക്കമൊന്നും വേണ്ടായിരുന്നു.

വീടിരിക്കുന്ന വസ്തുവില്‍ പച്ചക്കറികൃഷി നേരത്തേ ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടെ ഒരു പഴത്തോട്ടവും തഴച്ചു.

രാജന്‍ മാമ്പറ്റ

“വീടിന്‍റെ പരിസരത്താണ് ആദ്യം പഴച്ചെടികള്‍ നട്ടത്. കൃഷിയിറക്കുന്ന മണ്ണ്, ചെയ്യുന്ന വളം ഇവയെല്ലാം കൃഷിയെ നന്നായി ബാധിച്ചേക്കാം. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് തുടങ്ങിയത്. ഞാന്‍ ഉദേശിച്ചതിലും കൂടുതല്‍ വിളവ് ലഭിച്ചു.” അതോടെ അദ്ദേഹത്തിന്‍റെ ആവേശം ഇരട്ടിച്ചു. കൂടുതല്‍ ഭൂമി വാങ്ങി പഴത്തോട്ടം വ്യാപിപ്പിച്ചു.

2011-ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ഉപഹാരമായായി നല്‍കിയ മാങ്കോസ്റ്റിന്‍ തൈകളാണ് അദ്ദേഹത്തെ പഴകൃഷിയേക്ക് ആകര്‍ഷിപ്പിച്ചത്. മാങ്കോസ്റ്റിന്‍ വളര്‍ന്ന് കായ്കള്‍ ഉണ്ടായപ്പോള്‍ മറ്റ് പഴച്ചെടികളും പരീക്ഷിക്കാന്‍ തുടങ്ങി. വീടിന് ചുറ്റും പഴച്ചെടികളാല്‍ നിറഞ്ഞു. അപ്പോള്‍ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോടില്‍ 70 സെന്‍റ് സ്ഥലം വാങ്ങി അവിടെയും ഫലവൃക്ഷങ്ങള്‍ നട്ടു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന വിദേശ പഴമരങ്ങളുടെ ഏദന്‍തോട്ടം. കേട്ടാല്‍ അവിടേക്കൊരു യാത്ര പോയാലോയെന്ന് ഏതൊരാള്‍ക്കും തോന്നാം. വിളഞ്ഞ് നില്‍ക്കുന്ന ബറാബയും മാങ്കോസ്റ്റിനും മധുരമൂറുന്ന റംബൂട്ടാനും, പുലാസാനുമെല്ലാം കാണുമ്പോള്‍ മലേഷ്യന്‍ പഴക്കാടുകളില്‍ ചെന്നപോലെ.

രാജന്‍ മാമ്പറ്റ പഴത്തോട്ടത്തില്‍

ബറാബ ആണ് ഇദ്ദേഹത്തിന്‍റെ കൃഷിത്തോട്ടത്തിലെ പ്രധാന ഇനം. പുലാസാന്‍റെ ഇരുണ്ട ബ്രൗണ്‍ നിറത്തിലുള്ള പഴവും ഏറെ രുചികരമാണ്. തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനം സുഗമമാക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഈ പഴത്തിന് കഴിയുമെന്ന് മാഷ് പറയുന്നു.

ബറാബയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ വരുന്നതെന്ന് രാജന്‍ പറയുന്നു. ഈ ട്രോപ്പിക്കല്‍ അമേരിക്കന്‍ പഴം ഇവിടെ സമൃദ്ധമായുണ്ട്.

”മിതശീതോഷ്ണ മേഖലയായതിനാല്‍ അത്തരം കാലാവസ്ഥയില്‍ വളരുന്ന എല്ലാ മരങ്ങളും കേരളത്തിലും വളരും. ഡ്രാഗണ്‍ ഫ്രൂട്ടാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വിവിധ ഇനം ചാമ്പ, ലിച്ചി, സപ്പോട്ട, ദുരിയാന്‍, നെല്ലി, ചതുരനെല്ലി, സ്വീറ്റ് ഓറഞ്ച്, ഞാവല്‍, നോനി ഇവയും തോട്ടത്തിലുണ്ട്.

“മാത്രമല്ല കൃഷി വകുപ്പിലായിരുന്നതുകൊണ്ട് മികച്ച ഫലം നല്‍കുന്ന തൈകള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്. കാടിനോട് ചേര്‍ന്ന പ്രദേശമാണെങ്കിലും പന്നി ശല്യം നന്നേ കുറവാണ്. അതുകൊണ്ട് സമ്മിശ്ര കൃഷി എന്ന നിലയില്‍ മരച്ചീനി, ചേന, കാച്ചില്‍ തുടങ്ങിയവയും കിഴങ്ങിനങ്ങളും പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

(60 സെന്‍റില്‍ 700-ലധികം കാലുകളില്‍ ഡ്രാഗണ്‍ഫ്രൂട്ട് വളര്‍ത്തുന്ന കര്‍ഷകനെ പരിചയപ്പെടാം)

വിദേശികളായ പഴമരങ്ങള്‍ ധാരാളമുണ്ടെങ്കിലും ഈ തോട്ടത്തിനഴകായി തനി നാടന്‍ പഴങ്ങളും യഥേഷ്ടമുണ്ട്. ചെമ്പടാക്ക്, തേന്‍ വരിക്ക ,മുട്ടന്‍ വരിക്ക അങ്ങനെ വിവിധ ഇനം പ്ലാവുകള്‍, നാടന്‍ ഇനങ്ങള്‍ ഉള്‍പ്പടെയുള്ള മാവിനങ്ങള്‍, പലതരം പപ്പായകള്‍, പേര ,പാഷന്‍ഫ്രൂട്ട് എന്നിവയും കൊണ്ട് ഒരു മധുരപലഹാര പൊതി തന്നെയാണ് ഈ തോട്ടം.

കൂടാതെ അര്‍ജന്‍റീനിയന്‍ പീനട്ട് ബട്ടര്‍ ഫ്രൂട്ട്, മധുരനാരങ്ങ, എഗ്ഗ് ഫ്രൂട്ട്, സപ്പോട്ട എന്നിവയും ഇവിടെ വിളഞ്ഞ് നില്‍ക്കുന്നുണ്ട്. തികച്ചും ജൈവരീതിയിലാണ് കൃഷി. തോട്ടത്തില്‍ നിന്ന് തന്നെയാണ് രാജന്‍ പഴങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. വിപണിയിലെത്തിക്കാറില്ലെന്ന് ചുരുക്കം. പഴങ്ങള്‍ കൂടാതെ കാപ്പി, വിവിധ തരം കുറ്റി കുരുമുളകുകള്‍, പ്രമേഹ രോഗികള്‍ക്ക് ഫലപ്രദമെന്ന് പറയപ്പെടുന്ന സ്റ്റീവിയ (മധുര തുളസി), ജാതി, കാന്താരി മുളക് എന്നിവയും രാജന്‍റെ തോട്ടത്തിലുണ്ട്.

ബറാബാ വിളഞ്ഞുനില്‍ക്കുന്നു

”കൃഷി വകുപ്പില്‍ ജോലിയുള്ള കാലത്തും വിരമിച്ച് കൃഷി തുടങ്ങിയ കാലത്തും ഞാന്‍ നിരന്തരമായി പരാതികളും പരിദേവനങ്ങളും കേട്ടുകൊണ്ടിരിക്കുകയാണ്. ‘ഓ ഇവയൊന്നും കൃത്യമായി കിളിര്‍ക്കില്ല. അല്ലെങ്കില്‍ പുഴുക്കുത്ത്, വാടിപ്പോകല്‍, വേരഴുകല്‍…’ അങ്ങനെ പല സങ്കടങ്ങള്‍. ‘ഇനി കായ് പിടിച്ചാലോ, വളഞ്ഞും പുളഞ്ഞുമൊക്കെ രണ്ടോ മൂന്നോ കായുണ്ടാകും മാഷേ, പിന്നെന്തിനാ ഈ പണിക്ക് , ചെടി മുരടിച്ചു പോകുന്നു, കഷ്ടപ്പാടു മാത്രം മിച്ചം.’

“പക്ഷെ എനിക്ക് അത്തരക്കാരോട് പറയാനുള്ളത് മറ്റേതു മേഖലയും പോലെ കൃഷിയിലും നൂറു ശതമാനം ഡെഡിക്കേഷനുണ്ടെങ്കില്‍ മാത്രമേ കൃഷി വിജയിക്കൂ എന്നതാണ്. ഇനി നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ നിന്നും കുറച്ചു മാത്രമേ കിട്ടിയുള്ളുവെങ്കിലും ഒരു കുടുംബത്തിന് അതു ധാരാളം മതിയാകും,” കൃഷി ചെയ്യാന്‍ ഇഷ്ടമുള്ളവരോട് അദ്ദേഹത്തിന്‍റെ ഉപദേശമാണിത്.

സ്ഥലം, സൂര്യന്‍, വളം

ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതനാണ് ഈ മുന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍

”കുറഞ്ഞത് ആറുമണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. വീടിന്‍റെ ബാല്‍ക്കണി, ഡോര്‍ സ്റ്റെപ്പ്, ടെറസ്, മുറ്റത്തെ ഗാര്‍ഡനോടു ചേര്‍ന്ന സ്ഥലം എന്നുവേണ്ട എവിടെയും കൃഷി ചെയ്യാം. പച്ചക്കറികളില്‍ ചില ഇനങ്ങള്‍ക്ക് സൂര്യപ്രകാശവും ചൂടും കൂടുതല്‍ ആവശ്യമാണ്. പ്രത്യേകിച്ച് തക്കാളി, മുളക്, കുക്കുംബര്‍, പപ്പായ, ചെടി മുരിങ്ങ തുടങ്ങിയവയ്ക്ക്. ഈ വിളകള്‍ക്ക് പറ്റിയ സ്ഥലം തെരഞ്ഞെടുക്കണം.

കോഴി വളമാണ് പ്രധാനമായും തോട്ടത്തിലെ ഫലവൃക്ഷങ്ങള്‍ക്ക് നല്‍കുന്നത്. കോഴി വളത്തിലെ വെള്ളം വാര്‍ന്നു പോകുന്നതിന് സമയം കൊടുക്കണം. കഴിഞ്ഞ വര്‍ഷത്തെ വളം സൂക്ഷിച്ചു വെച്ച് ഈവര്‍ഷം ഇട്ടുകൊടുത്താല്‍ നല്ല വിളവ് കിട്ടും. ഇതുകൂടാതെ എല്ലുപൊടിയും ചാണകപ്പൊടിയും വളമായി ഉപയോഗിക്കുന്നു.

ജനകീയ ജൈവകൃഷി

വിരമിച്ച ശേഷം ജനകീയ ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി രാജന്‍ മാഷ് പ്രവര്‍ത്തനം ആരംഭിച്ചു. സ്വന്തമായി കൃഷി ചെയ്തുകൊണ്ടാണ് അദ്ദേഹം അതിന് തുടക്കം കുറിച്ചത്. സംയോജിത കൃഷി പ്രോല്‍സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതായത് പച്ചക്കറി, പഴവര്‍ഗ്ഗ കൃഷിയോടൊപ്പം പശു, കോഴി, ആട്, മത്സ്യകൃഷി, നെല്ല് ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൃഷി വിപുലീകരിക്കുന്നതില്‍ രാജന്‍ മാമ്പറ്റ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

“ഒരു കുടക്കീഴില്‍ എല്ലാത്തരം കാര്‍ഷിക വിളകളും ലഭ്യമാകുകയാണെങ്കില്‍ അത് നല്ലതല്ലേ. ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ട് വേണം മുന്നോട്ടു പോകാന്‍. പ്രധാന വിളകളോടൊപ്പം ഇടവിളയായി എന്തെങ്കിലുമൊക്കെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍ നാട്ടുകാരുടെ ഇടയില്‍ പദ്ധിതികള്‍ തയ്യാറാക്കി കൊടുത്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം വിശദമാക്കുന്നു.

ഇതൊക്കെ പറയുമ്പോഴും കാലാവസ്ഥ ചതിച്ചാല്‍ കര്‍ഷകരുടെ നടുവൊടിയും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേതുപോലെ ഓണവിപണി പ്രളയത്തിലും അതിവര്‍ഷത്തിലും ഒലിച്ചുപോയാല്‍ പിന്നെ എന്തുചെയ്യും? അതുകൊണ്ട് ഓണവിപണി മാത്രം മുന്നില്‍ കണ്ട് വിളയിറക്കരുതെന്ന് കര്‍ഷകരെ ബോധവല്‍ക്കരിക്കുകയാണ്.

“പരിമിതമായ ഇടങ്ങളില്‍ പോലും കൃഷിയുണ്ടാകണം. ഇതിലൂടെ ഒരു കാര്‍ഷിക സംസ്‌ക്കാരം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്,” മാമ്പറ്റ മാഷ് പറയുന്നു. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, ഓമശേരി, കാരശ്ശേരി അങ്ങനെ പലയിടങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു.

കൃഷിയില്‍ നൂറു മേനി കൊയ്യുന്ന രാജന്‍ മാഷിന് ഭാര്യ പ്രസന്നയുടെയും മക്കളായ പ്രബുല്‍ രാജിന്‍റെയും ജിബില്‍ രാജിന്‍റെയും പൂര്‍ണ പിന്തുണ എപ്പോഴുമുണ്ട് .


ഇതുകൂടി  വായിക്കാം: 2,230 അടി ഉയരത്തില്‍ ‘ഒന്നുമുണ്ടാവാത്ത ഭൂമി’യില്‍ കുരുമുളകും കാട്ടുപഴങ്ങളും പ്ലാവും മീനും കൊണ്ട് ഭക്ഷ്യവനം തീര്‍ത്ത മനുഷ്യന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം