എ ടി എം വേണ്ട, കടകളില്‍ നിന്ന് എവിടെയും തൊടാതെ പണം പിന്‍വലിക്കാം: സിംഗപ്പൂരില്‍ തരംഗമായി മലയാളിയുടെ സ്റ്റാര്‍ട്ട് അപ്

കോവിഡ് കാലത്ത് എടിഎമ്മുകള്‍ വൈറസ് വ്യാപനത്തിന്‍റെ കേന്ദ്രമാണല്ലോ. ഭയപ്പെടേണ്ട, അതിനും പരിഹാരമാണ് തൃശൂരുകാരനായ ഹരിയുടെ ലോകശ്രദ്ധ നേടിയ ആശയം

മ്മുടെ അടുത്തുള്ള ചില്ലറ വില്‍പ്പനക്കടകള്‍ എടിഎമ്മുകളുടെ പണി ഏറ്റെടുത്താല്‍ എങ്ങനെയുണ്ടാകും? എവിടെയും തൊടാതെ പണം പിന്‍വലിച്ച് തിരിച്ചുപോരാന്‍ സാധിച്ചാലോ? പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്?

എന്തായാലും അത്തരത്തിലൊരാശയമാണ് തൃശ്ശൂരുകാരനായ ഹരി ശിവന്‍ സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നത്.

ചില്ലറ വില്‍പനക്കാരും കഫേകളും മതല്‍ പലചരക്കുകടകള്‍ വരെ ഡിജിറ്റല്‍ എടിഎമ്മുകളായി മാറുന്നു എന്നതാണ് ഹരി ശിവന്‍ അവതരിപ്പിച്ച ‘സോക്യാഷ്’ എന്ന ഇന്നവേഷന്‍റെ പ്രത്യേകത.

ഇത് സിംഗപ്പൂരിലെ ഡിജിറ്റല്‍ ബാങ്കിങ് മേഖലയിലും ജനങ്ങളുടെ പണമിടപാട് രീതികളിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. വളരെ ലളിതമായ പുതിയ സങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടക്കത്തിലുണ്ടായിരുന്ന അമ്പരപ്പ് മാറി ഇപ്പോള്‍ അത് ഒരു സാധാരണ കാര്യമായി ജനങ്ങള്‍ക്ക് പരിചിതമായിക്കഴിഞ്ഞു.

ഹരി ശിവന്‍

“സാമ്പത്തിക ഉള്‍ച്ചേര്‍ക്കലി(ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍-എല്ലാവര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക)നെ കുറിച്ച് വിദഗ്ധര്‍ എപ്പോഴും സംസാരിക്കും. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍ച്ചേര്‍ക്കലിനെ കുറിച്ച് അങ്ങനെ ആരും പറയുന്നത് കേട്ടിട്ടില്ല. അതുകൂടി വരുമ്പോള്‍ പണത്തിന്‍റെ വിനിമയത്തില്‍ കാതലായ മാറ്റം വരുന്നു,” സോക്യാഷ് എന്ന ആശയത്തിലേക്ക് എത്തിയതിനെ കുറിച്ച് ഹരി ശിവന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

16 വര്‍ഷം വിവിധ ആഗോള ബാങ്കുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഇത്തരമൊരു സംരംഭം തുടങ്ങിയതെന്നും ഹരി. “ബാങ്കിങ് പോലെ വളരെ നിയന്ത്രണങ്ങളുള്ള ഒരു മേഖലയില്‍ വില്‍പ്പനയിലും വിതരണ രീതികളിലും മാത്രമേ അടിസ്ഥാനപരമായ ഒരു മാറ്റം സാധ്യമാകൂവെന്നാണ് വ്യത്യസ്ത ധനകാര്യസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ എനിക്ക് മനസിലാക്കാന്‍ സാധിച്ചത്,” ഹരി പറയുന്നു.

എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും പകരം സംവിധാനങ്ങള്‍ അന്വേഷിക്കാന്‍ ഡിജിറ്റല്‍ മുന്നേറ്റം ബാങ്കുകളെ നിര്‍ബന്ധിതമാക്കുമെന്ന തിരിച്ചറിവിലായിരുന്നു സോക്യാഷ് എന്ന ആശയം പിറവിയെടുത്തതെന്ന് ഹരി.

തൃശൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക്

തൃശൂര്‍ സ്വദേശിയായ ഹരിയുടെ വിദ്യാഭ്യാസം ഇന്ന് എന്‍ഐടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എന്നറിയപ്പെടുന്ന അന്നത്തെ കോഴിക്കോട് റീജണല്‍ എന്‍ജിനീയറിങ് കോളെജിലായിരുന്നു. സ്വദേശത്തോടുള്ള പ്രേമം കാരണം കേരളത്തെ മറന്നൊരു കളിയില്ല. തന്‍റെ സംരംഭത്തിലെ 30 ശതമാനത്തിലധികം പേര്‍ക്കും മലയാളി വേരുകളാണുള്ളതെന്ന് ഹരി പറയുന്നു.

ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ വച്ചിരിക്കുന്ന സോക്യാഷ് സംവിധാനം

യൂറോപ്പിലെ പ്രശസ്തമായ ഇ ഡി എച്ച്ഇ സി ബിസിനസ് സ്‌കൂളില്‍ നിന്ന് ഫൈനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ എംബിഎയും നേടിയിട്ടുണ്ട് ഹരി. ജോലി ചെയ്തതും വമ്പന്‍ സ്ഥാപനങ്ങളില്‍ തന്നെ.

ഐടി ഭീമനായ കോഗ്നിസെന്റില്‍ തുടങ്ങി ബാങ്കിങ് വമ്പനായ എച്ച്എസ്ബിസിയിലൂടെ വളര്‍ന്ന് പിന്നീട് സിറ്റി ബാങ്കിലും ഡിബിഎസ് ബാങ്കിലും വരെ എത്തിയ മികച്ച കരിയറായിരുന്നു ഹരിയുടേത്. സിറ്റി ബാങ്കിലും സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസിലും ഡിജിറ്റല്‍ ബാങ്കിങ് മേധാവിയായിരുന്നു. മൊബൈല്‍ ബാങ്കിങ്ങിലും ഇന്‍റെര്‍നെറ്റ് ബാങ്കിങ്ങിലും ഒരു പോലെ മികവ് തെളിയിച്ച ശേഷമാണ് സ്വന്തം സംരംഭത്തിലേക്ക് തിരിഞ്ഞത്.

എന്താണ് ഹരിയുടെ ആശയം?

ഡി ബി എസിലെ വലിയ ശമ്പളമുള്ള കിടു ജോലി ഉപേക്ഷിച്ചാണ് സ്വന്തം സംരംഭമെന്ന ആശയവുമായി ഹരി മുന്നോട്ട് പോയത്. സമാനമേഖലയില്‍ അനുഭവ സമ്പത്തുള്ള ഭാര്യ രേഖയും കൂട്ടിനുണ്ടായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കവെ പണമിടപാടില്‍, കൃത്യമായി പറഞ്ഞാല്‍ പണത്തിന്‍റെ വിനിമയത്തിലുള്ള പ്രശ്‌നങ്ങള്‍ ഹരി മനസിലാക്കിയിരുന്നു. അത് പരിഹരിക്കാനുള്ള ശ്രമമായിരുന്നു സോക്യാഷ്.

എടിഎമ്മുകള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ ബാങ്കുകള്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളും എടിഎമ്മുകളില്‍ പണമില്ലാതെ വരുമ്പോഴും മറ്റും ജനങ്ങള്‍ക്ക് വരുന്ന പ്രയാസങ്ങളും ഒരു പോലെ പരിഹരിക്കുകയെന്ന ആശയമായിരുന്നു സോക്യാഷിന് പിന്നിലെന്ന് ഹരി വ്യക്തമാക്കുന്നു.


അടിസ്ഥാനപരമായി ക്യു ആര്‍ കോഡിന്‍റെ സഹായത്തോടെ പണം കൈമാറ്റം ചെയ്യാവുന്ന ആപ്പാണ് സോക്യാഷ്.


സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ മാത്രം ഒരു വര്‍ഷത്തിലേറെ സമയമെടുത്തു.

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സോക്യാഷ് പങ്കാളിത്തത്തിലുള്ള കടകളിലോ മറ്റ് ചില്ലറ വ്യാപാര കേന്ദ്രങ്ങളിലോ എത്തിയാല്‍ ആവശ്യത്തിന് പണം പിന്‍വലിക്കാം. എവിടേയും തൊടേണ്ട കാര്യമില്ല. ക്യൂ നില്‍ക്കേണ്ട. പിന്‍ വേണ്ട. മറ്റ് സങ്കീര്‍ണതകളുമില്ല. ഇനി പണം നിങ്ങള്‍ക്ക് സ്വന്തം എക്കൗണ്ടില്‍ നിക്ഷേപിക്കണമെങ്കില്‍ അതും ആകാം.

സിംഗപ്പൂരിലെ ബാങ്കുകള്‍ വര്‍ഷത്തില്‍ 200 മില്യണ്‍ ഡോളറാണ് എ ടി എം പരിപാലനത്തിനും അതിലേക്കുള്ള പണം വിതരണത്തിനും മറ്റുമായി ചെലവിടുന്നത്. അതിനാല്‍ ബാങ്കുകളുടെ വലിയ തലവേദന ഒഴിവാക്കുന്നു ഹരിയുടെ ഇന്നവേഷന്‍. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പണത്തിന്‍റെ ക്രയവിക്രയം വളരെ ലളിതമാക്കുന്നു. ഇടപാട് നടക്കുമ്പോള്‍ കട ഉടമകള്‍ക്കും ഗുണം ലഭിക്കും, ചെറിയൊരു സര്‍വീസ് ചാര്‍ജ് പോലെ. ഹരിയുടെ ഭാഷയില്‍ ഈ മൂന്നു കൂട്ടരുടെയും പല വിധ പ്രശ്‌നങ്ങള്‍ക്കുള്ള ലളിതമായ പോംവഴിയാണ് സോക്യാഷ്.

“സംഭവം വളരെ ലളിതമാണ്. എത്ര തുകയാണ് എക്കൗണ്ടില്‍ നിന്നും പിന്‍വലിക്കേണ്ടതെന്ന് മൊബൈലില്‍ നല്‍കുക. അടുത്തുള്ള കടകളുടെ ലിസ്റ്റ് വരും. പെട്ടെന്ന് എത്താവുന്ന കടയില്‍ ചെല്ലുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. പണം എടുക്കുക, പോരുക. ഇത്രയേയുള്ളൂ കാര്യം.”

“ഉപഭോക്താക്കളിലേക്ക് ബാങ്കിങ് എത്തിക്കുകയാണ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ 1,60,000 ഉപയോക്താക്കളിലേക്കും രണ്ട് ദശലക്ഷം ഇടപാടുകളിലേക്കും ഞങ്ങള്‍ വളര്‍ന്നു കഴിഞ്ഞു,” ആത്മവിശ്വാസത്തോടെ ഹരി പറയുന്നു.

ബാങ്കിങ് സേവനങ്ങള്‍ ചെന്നെത്താത്ത ആസിയാന്‍ മേഖലയിലെ ചിതറിക്കിടക്കുന്ന വിപണി വലിയ സാധ്യതകളാണ് തന്‍റെ സംരംഭത്തിന് നല്‍കുന്നതെന്നും ഹരി.

കോവിഡ് കാലത്തും താരം

കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഹോട്ട്‌സ്‌പോട്ടുകളായി എടിഎമ്മുകളും മാറിക്കഴിഞ്ഞുവെന്ന് വിദഗ്ധര്‍ പറയുന്നു. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന എടിഎം കേന്ദ്രങ്ങളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ സ്വൈപ് ചെയ്യുമ്പോഴും പിന്‍ പാഡില്‍ വിരലുകള്‍ അമര്‍ത്തുമ്പോഴും സ്‌ക്രീനുകളില്‍ തൊടുമ്പോഴുമെല്ലാം വൈറസ് വ്യാപനത്തിന് സാധ്യതയേറെയാണ്. അപ്പോഴാണ് എവിടെയും തൊടാതെ പണമെടുക്കാന്‍ പറ്റുന്ന സോക്യാഷിന്‍റെ ‘കോണ്‍ടാക്റ്റ്‌ലെസ്’ എടിഎമ്മുകള്‍ പ്രസക്തമാകുന്നത്.

ഹരി ശിവന്‍ (ഇടത്) ഒരു സോക്യാഷ് ഉപഭോക്താവിനൊപ്പം

“നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇന്ത്യയില്‍ പലരും നേരിട്ടതിനോട് സമാനമായ സാഹചര്യമാണ് ഞങ്ങളുടെ ചില്ലറ വില്‍പ്പന വ്യാപാരികളും അഭിമുഖീകരിച്ചത്. വലിയ തോതില്‍ ക്യാഷ് കുമിഞ്ഞുകൂടുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം അത് ബാങ്കില്‍ നേരിട്ട് പോയി നിക്ഷേപിക്കാന്‍ സാധിക്കുന്നില്ല. മറുവശത്ത് എടിഎം ക്യൂവില്‍ നില്‍ക്കാനും ജനങ്ങള്‍ക്ക് ഭയം. സാമൂഹ്യ അകലത്തിന്‍റെ പ്രശ്‌നവും അത്ര ശുചിത്വമില്ലാത്ത മെഷിനുകളില്‍ തൊടേണ്ടി വരുന്നതും രോഗം പരത്തുമോയെന്ന ആശങ്കയാണ് എല്ലാവര്‍ക്കും. അവിടെയാണ് ക്യാഷിന്‍റെ ക്രയവിക്രയത്തിലെ ഞങ്ങളുടെ ‘കോണ്ടാക്റ്റ്‌ലെസ്’ രീതി ബാങ്കുകള്‍ക്ക് പുതിയൊരു ബിസിനസ് മോഡല്‍ സമ്മാനിക്കുന്നത്,” ഹരി ശിവന്‍ വിശദമാക്കുന്നു.

ഉപഭോക്താക്കള്‍ പിന്‍വലിക്കുന്ന കറന്‍സികള്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ കടത്തിവിട്ട് അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട് സോക്യാഷ് മെഷിനുകള്‍. സോക്യാഷ് വഴി വായ്പയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം.

പിന്തുണയ്ക്കാനെത്തിയത് വമ്പന്മാര്‍

ഹരിയുടെ ആശയത്തിന് അനുമതി നല്‍കുക മാത്രമല്ല മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ എന്ന അവിടുത്തെ കേന്ദ്ര ബാങ്ക് ചെയ്തത്. സോക്യാഷിനെ സാമ്പത്തികമായി പിന്തുണയ്ക്കാനും എത്തി. അത്രയ്ക്ക് മൂല്യമുണ്ടായിരുന്നു ഈ മലയാളിയുടെ ആശയത്തിന്. രണ്ട് ലക്ഷം ഡോളറാണ് ഗ്രാന്റായി ലഭിച്ചത്.

ജപ്പാന്‍ കേന്ദ്രമാക്കിയ പണം കൈകാര്യം ചെയ്യുന്ന മെഷിനുകള്‍ നിര്‍മ്മിക്കുന്ന ഗ്ലോറി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്‍റെ നിക്ഷേപ വിഭാഗമായ എസ് സി വെഞ്ച്വേഴ്‌സ്, ആഗോള സ്വകാര്യ മൂലധന നിക്ഷേപ സ്ഥാപനങ്ങളായ വെര്‍ട്ടെക്‌സ് വെഞ്ച്വേഴ്‌സ്, കെ3 വെഞ്ച്വേഴ്‌സ്, എസ്പിഎച്ച് വെഞ്ച്വേഴ്‌സ് തുടങ്ങിയവരില്‍ നിന്നെല്ലാം ഫണ്ട് സമാഹരിക്കാന്‍ ഹരിയുടെ സോക്യാഷിനായി.

സ്റ്റാര്‍ഡേര്‍ഡ് ചാര്‍ട്ടേഡുമായും സിംഗപ്പൂരിലെ മൊത്തം പണമിടപാടിന്‍റെ 70 ശതമാനവും കൈയാളുന്ന ഡിബിഎസ് ബാങ്കുമായും പ്രവര്‍ത്തനത്തില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനായതും സോക്യാഷിന്‍റെ യാത്രയില്‍ വഴിത്തിരിവായി. മൊത്തത്തില്‍ അഞ്ച് ബാങ്കുകളുമായി പങ്കാളിത്തത്തിലേര്‍പ്പെടാന്‍ സാധിച്ചുവെന്ന് ഹരി പറയുന്നു.

കേരളത്തിലേക്കെത്തുമോ?

തങ്ങളുടെ ബിസിനസ് മാതൃക ഇന്‍ഡ്യയില്‍ അവതരിപ്പിക്കുന്നതിനുള്ള അനുമതി ഈ വര്‍ഷം ആദ്യപാദത്തില്‍ ലഭിച്ചിട്ടുണ്ടെന്ന് ഹരി പറയുന്നു. “കോവിഡ് കാലത്തിന് ശേഷമുള്ള ബിസിനസിനെ കുറിച്ച് സകലരും പുനര്‍വിചിന്തനം നടത്തുന്ന സമയത്ത് ബാങ്കുകള്‍ ഈ മാതൃകയോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. പ്രത്യേകിച്ചും എടിഎം വഴി പൈസ കൈകാര്യം ചെയ്യുന്ന ചെലവ് കൂടിക്കൊണ്ടിരിക്കുമ്പോള്‍.”

അതേസമയം ശക്തമായ പങ്കാളിത്തത്തിലൂടെ മാത്രമാണ് തങ്ങളുടെ വളര്‍ച്ചയെന്നും ഹരി ചൂണ്ടിക്കാണിക്കുന്നുണ്ട്. “മികച്ച പങ്കാളികളുള്ള അന്തരീക്ഷത്തിലാണ് ഞങ്ങളുടെ മാതൃക സാധാരണ രീതിയില്‍ ഫലവത്താകുന്നത്. ഇന്‍ഡ്യയിലേക്കും കേരളത്തിലേക്കുമുള്ള പ്രവേശനത്തെ സംബന്ധിച്ചുള്ള പ്രാഥമിക ഘട്ട ചര്‍ച്ചകളിലാണ് ഇപ്പോള്‍. വലിയ ആവശ്യകത ഇവിടെ നിന്നും വരുന്നുണ്ട്,” ഹരി വ്യക്തമാക്കുന്നു.

എന്നാല്‍, ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍  ഇന്‍ഡ്യയെ ഉള്‍പ്പെടുത്തിയുള്ള രീതി തന്നെയാണ് സോക്യാഷ് സ്വീകരിച്ചത്. “സിംഗപ്പൂരാണ് കമ്പനിയുടെ കേന്ദ്രമെങ്കിലും എന്‍ജിനീയറിങ് കാര്യങ്ങള്‍ ബെംഗളുരു കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്. പേമെന്‍റ്  ഓപ്പറേഷന്‍സ് മുംബൈയിലുമുണ്ട്. ക്വാലാലംപൂര്‍, ജക്കാര്‍ത്ത തുടങ്ങിയടങ്ങളില്‍ ബിസിനസ് വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്,” ഹരി പറയുന്നു.

വലിയ ലക്ഷ്യങ്ങള്‍

വൈദഗ്ധ്യവും നൈപുണ്യവും കൂടുതലുള്ള എന്‍ജിനീയര്‍മാരെയും മാര്‍ക്കറ്റിങ് പ്രഫഷണലുകളെയും കൂടുതല്‍ ടീമിലെടുത്ത് ആഗോള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ഹരി. എന്നാല്‍ കമ്പനിയില്‍ ജോലിക്കെടുക്കുന്നവര്‍ക്ക്, ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മനോഗതി നിര്‍ബന്ധമാണെന്ന് സോക്യാഷ് മേധാവി. അവര്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ സാധിക്കുന്നവരുമായിരിക്കണം.

“അതിശക്തമായ അടിത്തറ പണിതുകഴിഞ്ഞു. ഇനി വളര്‍ച്ചയുടെ അടുത്ത ഘട്ടങ്ങള്‍ക്കുള്ള സമയമാണ്. ആഗോളതലത്തിലുള്ള വ്യാപനമാണ് ലക്ഷ്യം,” സോക്യാഷിന്‍റെ സിഇഒ (ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍) പദവി കൂടി വഹിക്കുന്ന ഹരി പറയുന്നു.

നാളെ നിങ്ങളുടെ അടുത്തുള്ള ഗോപാലേട്ടന്‍റെ കടയില്‍ ചെന്നോ മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നോ പണം പിന്‍വലിക്കാനും പണം നിക്ഷേപിക്കാനും സാധിച്ചാല്‍ അല്‍ഭുതപ്പെടേണ്ട. ചിലപ്പോള്‍ വായ്പയ്ക്ക് അപേക്ഷിക്കാന്‍ വരെ സാധിച്ചേക്കും.


ഇതുകൂടി വായിക്കാം: ജിലേബിയുടെ തേനൂറും യാത്ര തുടങ്ങിയത് ഇന്‍ഡ്യയിലല്ല; ആ മധുരത്തിന്‍റെ ചരിത്രരഹസ്യം അറിയാം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം