ഗ്രേഷ്യസ് ബെഞ്ചമിന് എഴുത്ത് വെറുമൊരു നേരംപോക്കല്ല;എഴുത്താണ് ജീവിതം. രാപ്പകലില്ലാതെ എഴുത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ സഞ്ചാരം.
പത്താം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. പക്ഷേ സിവില്‍ സര്‍വീസ് എന്‍ട്രന്‍സ് എഴുതുന്നവര്‍ക്കും പി എസ് സി പരീക്ഷയ്ക്ക് പരിശീലിക്കുന്നവര്‍ക്കുമൊക്കെയുള്ള പുസ്തകങ്ങളാണ് അദ്ദേഹം തയ്യാറാക്കുന്നത്.
വിജ്ഞാന പുസ്തകങ്ങള്‍ എഴുതിയെഴുതി ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നൊരു കാലവുമുണ്ട് തിരുവനന്തപുരം ബാലരാമപുരം അക്ഷരംവീട്ടിലെ എഴുത്തുകാരന്.
18-ാം വയസിലാണ് ഗ്രേഷ്യസിന്‍റെ ആദ്യ പുസ്തകമിറങ്ങുന്നത്. ശിശുപരിപാലനം എന്നു പേരിട്ട ആ പുസ്തകം പ്രകാശനം ചെയ്തത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ പി. എന്‍ പണിക്കര്‍.
പിന്നീട് എഴുത്തുമാത്രമായിരുന്നു ഈ 56-കാരന്‍റെ കൂട്ട്. ഇതുവരെ 164 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു, 2,000-ലേറെ ലേഖനങ്ങളും.
കൂട്ടത്തില്‍ ഒരു ലക്ഷത്തിലേറെ രൂപ പ്രതിഫലം കിട്ടിയ പുസ്തകവും 1,226 പേജുകളുള്ള പുസ്തകവുമൊക്കെയുണ്ട്.
എഴുത്തിനൊപ്പം ഇപ്പോള്‍ ജൈവകൃഷിയും മത്സ്യകൃഷിയുമൊക്കെയുണ്ട്. . മണ്ണിര മുതല്‍ റോക്കറ്റ് വിക്ഷേപണ ശാസ്ത്രം വരെ ഗ്രേഷ്യസിന്‍റെ എഴുത്തിന് വിഷയമായിട്ടുണ്ട്.
ചരിത്രനിഘണ്ടു, പരിസ്ഥിതി വിജ്ഞാന കോശം, പശു പരിപാലനം, മത്സ്യകൃഷി ഇങ്ങനെ പോകുന്നു പുസ്തകങ്ങള്‍.
അധ്യാപകരായ ഡി ബെഞ്ചമിനും സി രത്നാഭായിയും മകനെ എന്‍ജിനീയറാക്കാനാണ് ആഗ്രഹിച്ചത്. പത്താം ക്ലാസിന് ശേഷം കാട്ടക്കട ക്രിസ്ത്യന്‍ കോളെജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നുവെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചു. വായനയും എഴുത്തുമൊക്കെയായി ജീവിക്കാനായിരുന്നു ആഗ്രഹം.
ഒരു മാസം 10 പുസ്തകം വരെ പ്രസിദ്ധീകരിച്ചിരുന്ന കാലത്തെക്കുറിച്ചും കൃഷിയെക്കുറിച്ചുമൊക്കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ് ഗ്രേഷ്യസ് ബെഞ്ചമിന്.
“സ്കൂളില്‍ പഠിക്കുന്ന നാളില്‍ ഉപന്യാസമത്സരത്തിലും പ്രസംഗമത്സരത്തിലൊക്കെ പങ്കെടുക്കുമായിരുന്നു. പത്താം ക്ലാസ് വരെ മുത്താരമ്മന്‍ കോവില്‍ ഹൈസ്കൂളിലാണ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് പഠിച്ചത്.
“അന്നൊന്നും പഠിക്കണമെന്നു തോന്നിയില്ല. എന്തോ അതിനത്ര വലിയ പ്രാധാന്യമുണ്ടെന്നു അക്കാലത്ത് തോന്നിയതുമില്ല. അന്നൊരിക്കല്‍ സ്കൂളില്‍ നിന്നു പ്രസംഗമത്സരത്തില്‍ പങ്കെടുക്കാന്‍ പോയി. സമ്മാനം കിട്ടുകയും ചെയ്തു.
“പുസ്തകങ്ങളാണ് സമ്മാനമായി കിട്ടിയത്. നാലു പുസ്തകങ്ങള്‍…നാലും എഴുതിയത് ഒരാളായിരുന്നു. ഒരാള്‍ക്ക് ഇത്രേം പുസ്തകം എഴുതാന്‍ സാധിക്കുമോയെന്ന ആശ്ചര്യമായിരുന്നു മനസില്‍.
“ആ നിമിഷത്തില്‍ എനിക്കും തോന്നി, എഴുതുണം… ഒരു പുസ്തകമെങ്കിലും സ്വന്തം പേരില്‍ പ്രദ്ധീകരിക്കണമെന്ന്. അങ്ങനെയാണ് 18-ാം വയസില്‍ ആദ്യത്തെ പുസ്തകം പുറത്തിറങ്ങുന്നത്.”
“ഞാനൊരു എഴുത്തുകാരനാകുമെന്നൊന്നും അച്ഛനും അമ്മയും കരുതിയിട്ടില്ല. അക്കാലത്തൊക്കെ മക്കളെ എന്‍ജിനീയര്‍മാരാക്കാനാണ് മാതാപിതാക്കള്‍ നോക്കുന്നത്. അവര്‍ക്കും അതായിരുന്നു താല്‍പര്യം. പ്രീഡിഗ്രിക്ക് ചേര്‍ന്നെങ്കിലും വിജയിച്ചില്ല. പിന്നീട് എഴുത്തില്‍ സജീവമാകുകയായിരുന്നു.
“വിദൂരവിദ്യാഭ്യാസത്തിലൂടെ ഡിഗ്രിയൊക്കെ എടുക്കണമെന്നു പലരും പറഞ്ഞു. പക്ഷേ, ആ സമയത്ത് ഒരുപാട് പുസ്തകങ്ങളെഴുതുന്ന കാലമാണ്. പഠിച്ചുകൊണ്ടിരുന്നാല്‍ ഈ പുസ്തകങ്ങളൊന്നും എഴുതിത്തീര്‍ക്കാന്‍ പറ്റില്ല.
“പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തും എഴുത്ത് തന്നെയായിരുന്നു, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ.
“വെളുപ്പിന് മൂന്നു മണിക്ക് ഉണരും. ആ നേരത്ത് എഴുത്ത് തുടങ്ങിയാല്‍ അര്‍ധരാത്രി വരെ നീളും. അന്നൊക്കെ മാസം പത്ത് പുസ്തകത്തില്‍ കൂടുതല്‍ പ്രസിദ്ധീകരിക്കുമായിരുന്നു.
“കേരളത്തിലെ ഒട്ടുമിക്ക പ്രസാധകരും എന്‍റെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാവിലെ മൂന്നു മണി മുതല്‍ ആറു മണി വരെ കോട്ടയത്തുള്ള പ്രസാധകര്‍ക്കാണ് എഴുതുന്നതെങ്കില്‍ പിന്നീട് തിരുവനന്തപുരത്തെ പബ്ലിഷേഴ്സിനാകും. ഇങ്ങനെയായിരുന്നു എഴുത്ത്.
“ഡി സി ബുക്സ്, പൂര്‍ണ പബ്ലിക്കേഷന്‍സ്, എച്ച് ആന്‍ഡ് സി, ലിപി പബ്ലിക്കേഷന്‍സ് ഇവരെല്ലാവരും എന്‍റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂട്ടത്തില്‍ തിരുവനന്തപുരത്തുള്ള പൂര്‍ണ പബ്ലിക്കേഷന്‍സ് ഏകദേശം നൂറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“എന്‍റെ പുസ്തകങ്ങളില്‍ ഏറെയും ഇവരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂര്‍ണ എന്ന പേരിലൊരു വിദ്യാഭ്യാസ മാസികയുണ്ട്. അതിലേക്കും എഴുതിയിട്ടുണ്ട്. പുസ്തകമെഴുത്തിലൂടെ നല്ല വരുമാനവും കിട്ടുമായിരുന്നു.
ഏകദേശം 20 ലക്ഷത്തിലേറെ രൂപ പുസ്തകമെഴുതി നേടിയിട്ടുണ്ട്.
“എട്ട് വര്‍ഷം മുന്‍പ് പുസ്തകമെഴുതിയതിന് 1,26,000 രൂപ പ്രതിഫലം കിട്ടിയിട്ടുണ്ട്. കോട്ടയത്തുള്ള അസെന്‍ഡ് ആണ് 1,226 പേജുള്ള ആ പുസ്തകം–ചരിത്ര വിജ്ഞാനകോശം– പ്രസിദ്ധീകരിച്ചത്. എഴുതിയ പുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ പേജുകളുള്ളതും ഇതിനു തന്നെയാണ്.” ഈ റഫറന്‍സ് ഗ്രന്ഥം ഇന്ന് കേരളത്തിലെ ഒട്ടുമിക്ക എല്ലാ ലൈബ്രററികളിലും ലഭ്യമാണ്.
“സയന്‍സ് വിജ്ഞാന കോശം, കുട്ടികളുടെ ചരിത്ര വിജ്ഞാന കോശം ഇതൊക്കെ എഴുതിയിട്ടുണ്ട്. ഏത് വിഷയത്തെക്കുറിച്ചും മലയാളത്തിലെഴുതാനാകും,” ആത്മവിശ്വാസത്തോടെ എഴുത്തുകാരന്‍ പറയുന്നു.
കൃഷിയും ഭക്ഷ്യസംസ്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കുറേയേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട് ഗ്രേഷ്യസ്. വിജ്ഞാന മേഖലയിലാണ് എഴുത്ത് എന്നതുകൊണ്ട് തെറ്റ് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നു അദ്ദേഹം.
“എഴുതുമ്പോള്‍ എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ മക്കളോട് ചോദിക്കും. അല്ലെങ്കില്‍ ആ രംഗത്തെ പ്രഗത്ഭരുമായി സംസാരിച്ച് സംശയനിവാരണം ചെയ്യും. പിന്നെ ഇന്‍റര്‍നെറ്റിലും നോക്കും.
“പക്ഷേ ഇന്‍റര്‍നെറ്റിലെ വിവരങ്ങളെ കണ്ണടച്ച് വിശ്വസിക്കാന്‍ പറ്റില്ല. തെറ്റായ വിവരങ്ങളെഴുതി പ്രസിദ്ധീകരിച്ചാല്‍ പിന്നെ ജയില്‍ പോകേണ്ടി വരും. വളരെ ശ്രദ്ധയും സമയവുമൊക്കെ വേണ്ട കാര്യമാണിത്.
“ഏതാനും നാള്‍ മുന്‍പ് വരെ പുസ്തകമെഴുത്തിലൂടെ കിട്ടുന്ന പ്രതിഫലമായിരുന്നു പ്രധാന വരുമാനം. മാസം മുപ്പത്തിനായിരവും നാല്‍പ്പതിനായിരവുമൊക്കെ കിട്ടിയിരുന്ന കാലമുണ്ട്.
“അക്കാലത്ത് ഏതു സമയത്തും എഴുതുമായിരുന്നു. നോട്ട് നിരോധനം പുസ്തകപ്രസാധകരംഗത്തെയും മോശമായി ബാധിച്ചു. വരുമാനം കുറഞ്ഞതോടെയാണ് കൃഷിയില്‍ സജീവമാകുന്നത്.
“അതുവരെ പുസ്തകമെഴുതിയാണ് ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. മാസം പത്ത് പുസ്തകം വരെ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ഇപ്പോ വര്‍ഷം പത്ത് എണ്ണം പോലും പ്രസിദ്ധീകരിക്കാനാകുന്നില്ല.
“പ്രസിദ്ധീകരിച്ച 164 പുസ്തകങ്ങളുടെയും കോപ്പി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട 20 പുസ്തകങ്ങള്‍ അടുത്ത ഓണത്തോടെ പ്രസിദ്ധീകരണത്തിന് തയാറാക്കി വച്ചിട്ടുണ്ട്.
“വീട്ടുവളപ്പില്‍ പശുവളര്‍ത്തല്‍, വീട്ടുവളപ്പിലെ മത്സ്യകൃഷി, അലങ്കാരമത്സ്യകൃഷി ഇങ്ങനെയൊക്കെയുള്ള അറിവുകള്‍ നല്‍കുന്ന പുസ്തകങ്ങളാണ് എഴുതിക്കൊണ്ടിരിക്കുന്നത്.
“മാതൃഭൂമി ഇയര്‍ബുക്ക്, തൊഴില്‍വീഥി, തൊഴില്‍വാര്‍ത്ത ഇവയിലൊക്കെ പതിവായി എഴുതിയിരുന്നു. വിവിധ പത്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കുമായി ഒരുപാട് കാര്‍ഷികലേഖനങ്ങളും തയാറാക്കി നല്‍കിയിട്ടുണ്ട്.
ഇതുകൂടി വായിക്കാം:മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി അടുക്കളയില്‍ നിന്നും ലൈവായി ഒരു മുന്‍ ടെക്കി
“വായന കുറഞ്ഞു. പണ്ടത്തെ പോലെ വായന ഇല്ല. വായിക്കുന്നതിന് വേണ്ടി ആയിരക്കണക്കിന് പുസ്തകങ്ങള്‍ വാങ്ങി വീട്ടില്‍ വച്ചിട്ടുണ്ട്. പക്ഷേ വായിക്കാമെന്നു കരുതുമ്പോഴാകും പ്രസാധകര്‍ വിളിച്ച് എഴുതാന്‍ ഏല്‍പ്പിക്കുന്നത്. അപ്പോ പിന്നെ വായന നടക്കില്ല,” എന്ന് ഗ്രേഷ്യസ്.
വായിക്കാനിരുന്നാല്‍ പുസ്തകം കൃത്യസമയത്ത് എഴുതിത്തീര്‍ക്കാനാവില്ല, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പുരയിടത്തോട് ചേര്‍ന്ന അരയേക്കര്‍ ഭൂമിയിലാണ് അദ്ദേഹത്തിന്‍റെ കൃഷി. അഞ്ച് പടുതാക്കുളത്തിലായി മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്.
“പച്ചക്കറിയും വാഴയും കുരുമുളകും കിഴങ്ങുകളുമൊക്കെ പറമ്പിലുണ്ട്. 250 വീതം ഗ്രോബാഗുകളില്‍ മഞ്ഞളും ഇഞ്ചിയും കൂവയും കൃഷിയുണ്ട്. 50 ചാക്ക് നനകിഴങ്ങും നട്ടിട്ടുണ്ട്.
“വലിയ അളവില്‍ അല്ലെങ്കിലും ഒട്ടുമിക്ക പച്ചക്കറിയും പറമ്പിലുണ്ട്. പണ്ടത്തെ പോലെ ഉറക്കമൊഴിച്ചിരുന്ന് എഴുതാറില്ല. നേരത്തെ നാലു മണിക്കൂറൊക്കെയായിരുന്നു ഉറക്കം.
“പ്രായമൊക്കെയായില്ലേ, ഇനിയിപ്പോ അങ്ങനെയൊന്നും പറ്റില്ല. ഒമ്പത് മണിക്ക് കിടന്ന് ആറു മണിക്ക് എഴുന്നേല്‍ക്കും. രാവിലെ എഴുന്നേറ്റ് വെയില്‍ ശക്തമാകും മുന്‍പേ കൃഷിക്കാര്യങ്ങളൊക്കെ നോക്കും. വെയില്‍ വീണാല്‍ പറമ്പില്‍ നിന്നു കയറും.
“പിന്നെ എഴുത്തായിരിക്കും. വൈകുന്നേരം വെയിലൊക്കെ മങ്ങിയ ശേഷം വീണ്ടും ചെടി നനയ്ക്കലും വളമിടലുമൊക്കെയാകും. പകല്‍ കൃഷി പണിയൊക്കെ ചെയ്യുന്ന കൊണ്ട് നല്ല ക്ഷീണവുമുണ്ടാകും. വേഗം ഉറങ്ങിപ്പോകുകയും ചെയ്യും.
നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2011-ലെ പദ്മശ്രീപുരസ്കാരത്തിന്‍റെ കേരളത്തില്‍ നിന്നുള്ള പട്ടികയിലും ഇടം നേടിയിരുന്നു.
“അയ്യായ്യിരവും പതിനായിരവുമൊക്കെ തന്നാല്‍ മതിയെന്നു പറഞ്ഞു പലരും അവാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ അത്തരക്കാരെയൊക്കെ വിരട്ടിയിട്ടേയുള്ളൂ.”
ഡോ.ബി ആര്‍ അംബേദ്ക്കര്‍ അവാര്‍ഡ്, കര്‍ഷക ഭാരതി അവാര്‍ഡ്, ബെസ്റ്റ് ഫാം ജേണലിസ്റ്റ് അവാര്‍ഡ് ഇങ്ങനെ നീളുന്നു ഗ്രേഷ്യസ് നേടിയ പുരസ്കാരങ്ങള്‍.
മറ്റൊരു രസകരമായ ഹോബി കൂടിയുണ്ട് ഗ്രേഷ്യസിന്. എഴുതിത്തീര്‍ന്ന പേനകളുടെ ശേഖരം!
“പത്ത് കിലോയിലധികം പേനകളും പുസ്തകങ്ങള്‍ക്കൊപ്പം ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. എഴുതിത്തീരുന്ന പേനകള്‍ കളയാതെ സൂക്ഷിച്ച് വച്ചിരിക്കുകയാണ്. പത്തു കൊല്ലമായി സൂക്ഷിക്കുന്ന പേനകളാണ്.
അതിനു മുന്‍പ് മഷി തീര്‍ന്ന പേനകള്‍ കിലോയ്ക്ക് നാലു രൂപയ്ക്ക് തൂക്കി വില്‍ക്കുകയായിരുന്നു പതിവ്,” എന്ന് ഗ്രേഷ്യസ് ബെഞ്ചമിന്‍.
ടെയ്‍ലറിങ്ങ് യൂനിറ്റിലെ ഇന്‍സ്ട്രക്റ്ററാണ് ഗ്രേഷ്യസിന്‍റെ ഭാര്യ കല. രണ്ട് മക്കളുണ്ട്. മൂത്തമകള്‍ അനുപമ സിവില്‍ സര്‍വീസിന് പരിശീലനത്തിലാണ്. ഇളയവള്‍ അനുജ മൂന്നാംവര്‍ഷ ബിഎസ് സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിയാണ്.
ഇതുകൂടി വായിക്കാം:കണ്ണൂരിലെ ഈ ഗ്രാമത്തിലെ കുഞ്ഞുചായക്കടയില്‍ ദക്ഷിണേന്‍ഡ്യയിലെ എണ്ണംപറഞ്ഞ എഴുത്തുകാരെത്തുന്നു: വരാന്തയുടെ കഥ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.