കാടുകയറിക്കിടന്ന തരിശില്‍ നിന്ന് 100 ഏക്കറിലേക്കും 25,000 കുടുംബങ്ങളിലേക്കും പടര്‍ന്ന ജൈവകൃഷി വിപ്ലവം

ഒരു ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരും ജനപ്രതിനിധികളും തുടങ്ങിവെച്ച കൃഷി ഒരു പ്രദേശം മുഴുവന്‍ പന്തലിച്ച കഥ

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുറകിലുള്ള വിശാലമായ സ്ഥലം  കാടുംപടലും നിറഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായിരുന്നു.  മാലിന്യം കൊണ്ട് തള്ളാനുള്ള സ്ഥലമായി അത് മാറിയിരുന്നു.

അതോടെ പൊതുജനങ്ങളുടേയും ജീവനക്കാരുടെയും പരാതിയും കൂടിവന്നു. ബ്ലോക്ക് പഞ്ചായത്തിന്‍റേതായിരുന്നു കാടുമൂടിക്കിടന്ന ആ സ്ഥലം.

പരാതികള്‍ക്ക് എങ്ങനെ പരിഹാരം കാണും എന്ന ആലോചന ചെന്നെത്തിയത് അവിടെ കൃഷിയിറക്കിയാലോ എന്ന ചോദ്യത്തിലാണ്.

ഓഫീസ് പരിസരം വെട്ടിത്തെളിച്ച് ജൈവകൃഷി നടത്താന്‍ ബ്ലോക്ക് മെമ്പര്‍മാരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് തീരുമാനിച്ചു. അവരെല്ലാം കൂടി പിരിവെടുത്ത് നാലേകാല്‍ ലക്ഷം രൂപ സ്വരൂപിച്ചു.

ജൈവഗ്രാമത്തിന്‍റെ സീഡ് ഫാം

2015 ഡിസംബറിലാണത്. തരിശ് കിടന്നിരുന്ന എട്ടരയേക്കര്‍  കൃഷിയോഗ്യമാക്കിക്കൊണ്ട്  ‘ജൈവഗ്രാമം’ പദ്ധതിക്ക് തുടക്കമിട്ടു.

‘മണ്ണിന്‍റെയും മനുഷ്യന്‍റെയും ആയുസ്സിനായി ഒരുമിക്കാം’ എന്ന ആശയത്തിലൂന്നി അവര്‍ കൃഷി തുടങ്ങി. ഫലം വിചാരിച്ചതിലും അപ്പുറമായിരുന്നു. ഒറ്റവര്‍ഷം കൊണ്ട് മുടക്കിയ മുതല്‍ തിരിച്ചുപിടിക്കാന്‍ കൃഷിയിലൂടെ അവര്‍ക്ക് കഴിഞ്ഞു.

ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം ജൈവകൃഷി പരിശീലനകേന്ദ്രവും ആരംഭിച്ചു.

പൊതുജനങ്ങളെ പൊറുതിമുട്ടിച്ച ആ സ്ഥലം ഇന്ന് നൂറുമേനി വിളയുന്ന കൃഷിസ്ഥലമായി മാറി. സൊസൈറ്റിയുടെ ആസ്തി 45 ലക്ഷം രൂപയായി ഉയര്‍ന്നു.  (ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി ഒഴികെയുള്ള ആസ്തിയാണിത്.)

കൂടാതെ 100 ആടുകളുടെ പ്രജനനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു. 1,000 മുട്ടക്കോഴി, 50 താറാവ്, ആറ് വെച്ചൂര്‍ പശു, മീന്‍കുളം, അഞ്ചുലക്ഷം പച്ചക്കറിത്തൈ ഒരേസമയം വളര്‍ത്താന്‍ കഴിയുന്ന പോളിഹൗസും 35 തരം ഫലവൃക്ഷങ്ങളുടെ രണ്ടുലക്ഷത്തിലേറെ തൈകളും അടങ്ങുന്ന അംഗീകൃത അഗ്രിക്കള്‍ച്ചര്‍ നഴ്സറിയും മൂന്നേക്കറില്‍ നിറഞ്ഞുനില്‍ക്കുന്നു.

വല്ലംനിറ

പൂകൃഷി വിളവെടുപ്പ് …ഇടത്തുനിന്നും രണ്ടാമത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി ബിജു

സംസ്ഥാനത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ജൈവകാര്‍ഷിക പദ്ധതി ആവിഷ്‌കരിച്ച് കൃഷിയിലൂടെയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയും മിച്ചം കണ്ടെത്തി അത് തിരികെ സര്‍ക്കാരിലേക്ക് അടക്കുന്നു. ആ നേട്ടത്തിന്‍റെ ക്രെഡിറ്റ് ജൈവഗ്രാമം പദ്ധതിക്കാണ്.

ജൈവഗ്രാമം പദ്ധതിയോടനുബന്ധിച്ച് നടപ്പാക്കിയ പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയം  ഹരിതമിഷന്‍റെ സഹായത്തോടെ 2018-ല്‍ നടപ്പാക്കിയ വല്ലംനിറയാണ്.

ഓരോ വീട്ടിലും വിഷമില്ലാത്ത നാലിനം പച്ചക്കറിയെങ്കിലും വിളയിച്ചെടുക്കുന്നതിനും പുഷ്പകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു പദ്ധതി തയ്യാറാക്കിയത്.

”ഏകദേശം 25,000 വീടുകളില്‍ വല്ലംനിറ പദ്ധതിയിലൂടെ ജൈവ പച്ചക്കറിക്കൃഷിയും പുഷ്പകൃഷിയും സാധ്യമാകുന്നു. 4,200 ഗ്രൂപ്പുകളിലായി 21,000 കുടുംബങ്ങള്‍ ഇതില്‍ പങ്കാളികളായി. നാല് ഗ്രൂപ്പിന് ഒരാള്‍ എന്ന കണക്കില്‍ 1,250 മോണിറ്റര്‍മാര്‍ക്ക് വെള്ളായണി കാര്‍ഷിക കോളെജ് വഴി പരിശീലനം നല്‍കി. വാര്‍ഡുകളില്‍ ജൈവ ഗ്രാമസഭ വിളിച്ചുകൂട്ടി. അവയില്‍ 25,000 ആളുകള്‍ പങ്കെടുത്തു. മൊത്തം 300 ഹെക്ടറില്‍ കൃഷി നടന്നു. പൂക്കളും പച്ചക്കറികളും ചേര്‍ത്ത് ആറുകോടി രൂപയുടെ ഉത്പാദനം നടന്നു,” കൃഷി അസിസ്റ്റന്‍റ് ഡയറക്റ്റര്‍ ആന്‍ണി റോസ് പറയുന്നു.

നൂറേക്കര്‍ തരിശാണ് കൃഷിഭൂമിയായി മാറിയത്

2018-ലെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ജൈവഗ്രാമം ഒരുങ്ങിയത് അതിനും നാലു മാസം മുന്‍പാണ്. ബ്ലോക്കിന്‍റെ കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറിത്തൈകളും കുറ്റിമുല്ല, ജമന്തി, വാടാമുല്ല എന്നിവയുടെ തൈകളും നല്‍കി.

“ഓണത്തിനു വിളവെടുക്കുന്ന പച്ചക്കറികളും പൂക്കളും ജൈവഗ്രാമം തന്നെ ശേഖരിച്ചു. വിപണനത്തിനായി പൊതുചന്ത തുറന്നു. അന്ന് ഇവിടെ രണ്ടു ദിവസത്തിനുള്ളില്‍ ഉത്പന്നങ്ങള്‍ വിറ്റുപോയി. ലാഭം മുഴുവന്‍ കര്‍ഷകര്‍ക്കു നല്കുകയും ചെയ്തു. നല്ല പച്ചക്കറി നാട്ടുകാര്‍ക്കും, ലാഭവിഹിതം കര്‍ഷകര്‍ക്കും. ഇടനിലക്കാരായ ജൈവഗ്രാമത്തിന്‍റെ നേട്ടം ഒരു പദ്ധതി വിജയകരമായി നടപ്പാക്കിയെന്നതിന്‍റെ സന്തോഷം മാത്രം”-ആന്‍റണി റോസ് തുടരുന്നു.

”ജൈവഗ്രാമം ജൈവകൃഷിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ കിള്ളിയാറിന്‍റെ സംരക്ഷണവും പുനരേകീകരണവും ലക്ഷ്യം വെയ്ക്കുന്നു. ഒപ്പം പുഷ്പകൃഷിയ്ക്കും ഔഷധ സസ്യത്തോട്ടത്തിനും 50 ഏക്കര്‍ ഏറ്റെടുത്ത് മുന്തിയ പരിഗണന നല്‍കും,” നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബിജു പറഞ്ഞു.

ജൈവഗ്രാമത്തിനു പുറത്ത് 12 ഏക്കര്‍ തരിശുഭൂമിയില്‍ ഇപ്പോള്‍ കൃഷിചെയ്യുന്നുണ്ട്. ഇതില്‍ പൈനാപ്പിളും പച്ചക്കറിയും വാഴയുമെല്ലാം സുലഭം. പോരാത്തതിന് 2,000 തേനീച്ചക്കൂടും. സ്വന്തംകാലില്‍ നിന്നാണ് സൊസൈറ്റി ഇത് കെട്ടിപ്പൊക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഗ്രാന്‍റ് ആയി ചെലവഴിച്ചിട്ടുള്ളത് ജൈവഗ്രാമത്തിന് വേലികെട്ടുന്നതിനുള്ള 35 ലക്ഷം രൂപ മാത്രം. ബാക്കി മുതല്‍മുടക്കുകളെല്ലാം സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്താണ് സൊസൈറ്റി നടത്തിയത്. ഈ കടമൊന്നും സാമ്പത്തികഭദ്രതയെ ബാധിച്ചിട്ടുമില്ല.

2016 മുതല്‍ 2019 വരെയുള്ള മൂന്നുവര്‍ഷംകൊണ്ട് 28 ലക്ഷം രൂപയാണ് അറ്റാദായം. 2017-’18-ല്‍ സമ്പൂര്‍ണ തരിശുരഹിത പദ്ധതിയുടെ ഭാഗമായി മൂന്നു വാര്‍ഡുകളില്‍ 75 ഏക്കറില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൃഷിചെയ്തു. പിറ്റേ വര്‍ഷമായപ്പോള്‍ ജൈവഗ്രാമം തന്നെ മറ്റു വാര്‍ഡുകളിലെ തരിശുസ്ഥലങ്ങളില്‍ നേരിട്ട് കൃഷി ആരംഭിച്ചു.

2018-’19-ല്‍ ഇങ്ങനെ ഏതാണ്ട് 100 ഏക്കറിലാണ് കൃഷിചെയ്തത്. കൃഷി ലാഭകരമെന്നു കണ്ടതോടെ സ്ഥലം ഉടമസ്ഥര്‍ പലരും നേരിട്ടു കൃഷി ചെയ്തുതുടങ്ങി. അങ്ങനെ 2019-’20-ല്‍ ജൈവഗ്രാമത്തിന്‍റെ നേരിട്ടുള്ള തരിശുകൃഷി 12 ഏക്കറായി ചുരുങ്ങി. നാലുകൊല്ലത്തിനുള്ളില്‍ തരിശുനിലങ്ങള്‍ കുറഞ്ഞു എന്നത് വലിയ നേട്ടമാണ്.

വിളവെടുപ്പ്

ഇവിടെ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിന്‍റെ അംഗീകൃത നഴ്സറിയ്ക്കു ഏഴുലക്ഷം രൂപ സഹായധനവും ലഭിച്ചു. കാര്‍ഷികോത്പന്നങ്ങള്‍ ന്യായവിലയ്ക്ക് വില്‍ക്കുന്നതിനുള്ള ഇക്കോ ഷോപ്പുകളിലൂടെയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വിപണന കേന്ദ്രത്തിലൂടെയും ലഭ്യമാക്കുന്നു.

അങ്കണവാടി ജൈവഗ്രാമം പദ്ധതി

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ‘അങ്കണവാടി ജൈവഗ്രാമം പദ്ധതിയും പൊതുജനശ്രദ്ധ പിടിച്ചു പറ്റി. അങ്കണവാടിയിലെ കുട്ടികള്‍ക്ക് വിഷരഹിതപച്ചക്കറി നല്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. ഇത് എല്ലാ അങ്കണവാടികളിലേക്കും വ്യാപിപ്പിക്കാന്‍ പിന്നാലെ സാമൂഹികനീതി വകുപ്പ് തീരുമാനിച്ചിരുന്നു. അങ്കണവാടിക്ക് സമീപം കുറഞ്ഞത് ഒരു സെന്‍റ് ഭൂമിയിലെങ്കിലും ജൈവപച്ചക്കറി ഉല്പാദിപ്പിക്കുന്നതാണ് പദ്ധതി.

”ബ്ലോക്കിന്‍റെ കീഴില്‍ വരുന്ന 164 അങ്കണവാടികളിലും ഏറ്റവും കുറഞ്ഞത് ഒരു സെന്‍റ് ഭൂമിയിലെങ്കിലും പച്ചക്കറി നടുകയും അതിന്‍റെ വിളവെടുത്ത് കുട്ടികള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യുന്നു. നാലുകിലോഗ്രാം ജൈവപച്ചക്കറി അംഗന്‍വാടി കുട്ടികള്‍ക്കു വിതരണം ചെയ്യാനും കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരാണ് കൃഷിയ്ക്കു നേതൃത്വം നല്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഐ.സി.ഡി.എസ്. പ്രോജക്ടുകള്‍ തയ്യാറാക്കുമ്പോള്‍ അങ്കണവാടികള്‍ക്ക് ആവശ്യമായ ജൈവപച്ചക്കറി ലഭ്യമാക്കുന്നതിന് പച്ചക്കറിക്കൃഷി ചെയ്യുന്നതിനുള്ള പദ്ധതികള്‍കൂടി തയ്യാറാക്കണമെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ അന്ന് ഉത്തരവിറക്കി,”ബിജു പറഞ്ഞു.

മറ്റു പ്രവര്‍ത്തനങ്ങള്‍

2018 മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം ഈ കൂട്ടായ്മ 3.75 ലക്ഷം ലാഭമുണ്ടാക്കി. ഇതില്‍ രണ്ടു ലക്ഷം രൂപ ജൈവഗ്രാമത്തിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വച്ചു. ബാക്കിത്തുക സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൈമാറി. ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനുമായി. ഇതു കൂടാതെ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള സഹായമെന്നോണം പെരുങ്കടവിള, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 3,000 കിലോ ജൈവ ഉത്പന്നങ്ങള്‍ കൊണ്ടെത്തിക്കാനും ഇവരുടെ ഒറ്റമനസ്സോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചു.

”ഭാവിതലമുറയ്ക്കുള്ള കരുതലെന്നോണം തോടുകള്‍, നീരുറവകള്‍ എന്നിവ വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും കിട്ടാവുന്നത്രയും സ്ഥലം പരമ്പരാഗത കാര്‍ഷിക രീതികളിലൂടെ കൃഷിയോഗ്യമാക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. മാലിന്യവാഹിനിയായി കിതച്ചൊഴുകിയിരുന്ന കിള്ളിയാറിനുവേണ്ടി ആരംഭിച്ച കിള്ളിയാര്‍ മിഷനാണ് അടുത്ത പ്രധാന പദ്ധതി. രണ്ടാംഘട്ടം ശുചീകരണത്തില്‍ മുപ്പതിനായിരം മനുഷ്യരെ അവരുടെ പുഴയ്ക്കുവേണ്ടി ഒന്നിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞു,”ബിജു പറഞ്ഞു.

ജൈവഗ്രാമത്തിലൂടെയുള്ള സ്ത്രീശാക്തീകരണം എടുത്തു പറയേണ്ടതാണ്. ജൈവ ഗ്രാമവുമായി ബന്ധപ്പെട്ട് ഇരുന്നൂറില്‍ അധികം തൊഴിലാളികള്‍ക്ക് പല ഘട്ടങ്ങളിലായി തൊഴില്‍ നല്‍കുന്നുണ്ട്. ഇതിലേറെയും സ്ത്രീകളാണ്. രണ്ടു ലക്ഷം രൂപയോളം ഇവരുടെ ശമ്പളയിനത്തില്‍ മാറ്റിവെക്കുന്നുണ്ട്. പതിനേഴു സ്ഥിരം ജോലിക്കാര്‍ക്കു പുറമേ 200-ലധികം പേര്‍ പല ഘട്ടങ്ങളിലായി ജോലി ചെയ്യുന്നുണ്ട് എന്ന് ആന്‍റണി റോസ് പറയുന്നു.

പരമാവധി ഉത്പന്നങ്ങള്‍ ബ്ലോക്കിന്റെ കീഴില്‍ മുണ്ടേലയില്‍ പ്രവര്‍ത്തിപ്പിക്കുന്ന സംസ്‌ക്കരണ യൂണിറ്റിലെത്തിച്ച് വിപണന സാധനങ്ങളാക്കി മാറ്റിയാണ് വില്‍പ്പന നടത്തുന്നത്. ഇവിടെയും ഇരുപതില്‍ അധികം തൊഴിലാളികളുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി ബ്ലോക്കിലെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് തരംതിരിക്കുന്ന യൂണിറ്റും പ്രവര്‍ത്തിക്കുന്നു.

സോഷ്യല്‍ ഓഡിറ്റിങ്ങ് എല്ലാ പദ്ധതികള്‍ക്കും

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ പലതരം ജൈവകൃഷി പദ്ധതികള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കുന്നതും ജൈവഗ്രാമം പദ്ധതിയിലൂടെയാണ്. എല്ലാത്തരം ജൈവഉത്പ്പന്നങ്ങളും, നടീല്‍ വസ്തുക്കള്‍, ജൈവ വളം, ജൈവ കീടനാശിനികള്‍ എന്നിവയും ലഭിക്കും. ഇതൊരു പരിശീലനകേന്ദ്രം കൂടിയാണ്. വഴുതന, കത്തിരി, മുളക്, തക്കാളി, പയര്‍, വെണ്ട, പയര്‍, പടവലം, അമര, നെല്ലി, പപ്പായ, മുരിങ്ങ, അഗസ്തിചീര, മാവ്, പ്ലാവ്, കറിവേപ്പില, കുടംപുളി, ആത്തി, ചേന, ചേമ്പ്, മറ്റ് കിഴങ്ങ് വര്‍ഗങ്ങള്‍, വിവിധ തരം തെങ്ങിന്‍ തൈകള്‍ എന്നിങ്ങനെ ഇവിടെ കിട്ടാത്ത നടീല്‍ വസ്തുക്കള്‍ കുറവാണ്.

വിഷമുക്തമായ പച്ചക്കറി വിളയിച്ചെടുക്കുന്നതില്‍ ഗ്രാമങ്ങള്‍ സ്വയംപര്യാപ്തമാവണം എന്ന ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം ബ്ലോക്കിന് ദേശീയപുരസ്‌കാരം വരെ നേടിക്കൊടുത്തു. കേന്ദ്ര സര്‍ക്കാരിന്‍റെ പഞ്ചായത്ത് ശാക്തീകരണ്‍ ദേശീയ പുരസ്‌കാരം 25 ലക്ഷം രൂപയും കഴിഞ്ഞ വര്‍ഷം നെടുമങ്ങാട് ബ്ലോക്കിനായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണയാണ് ഈ ബ്ലോക്ക് നേടിയത്.


ഇതുകൂടി വായിക്കാം: എ ടി എം വേണ്ട, കടകളില്‍ നിന്ന് എവിടെയും തൊടാതെ പണം പിന്‍വലിക്കാം: സിംഗപ്പൂരില്‍ തരംഗമായി മലയാളിയുടെ സ്റ്റാര്‍ട്ട് അപ്


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം