ശമ്പളക്കുടിശ്ശിക ₹18 ലക്ഷം ഒരുമിച്ച് കിട്ടിയാല്‍ നമ്മളെന്തു ചെയ്യും? ശ്രീലതയും രവി പ്രകാശും ചെയ്തത് ഇതാണ്

ശ്രീലത ടീച്ചര്‍ അഞ്ച് വര്‍ഷക്കാലം ശമ്പളമില്ലാതെ ജോലി ചെയ്തു.. ഒടുവില്‍ കുടിശിക മുഴുവനും ഒന്നിച്ച് കിട്ടി. 18 ലക്ഷം രൂപയ്ക്ക് അടുത്തുണ്ടായിരുന്നു… അത് മുഴുവന്‍ ഭര്‍ത്താവിന്‍റെ സ്വപ്നപദ്ധതിക്കായി നല്‍കി.

തിനെട്ട് ലക്ഷം രൂപ ഒറ്റയടിക്ക് കയ്യിലെത്തിയാല്‍ നമ്മള്‍ എങ്ങനെയൊക്കെയാവും ചിന്തിക്കുക…?

“സ്വര്‍ണം വാങ്ങിയാലോ..?”
“വീടൊന്ന് പുതുക്കണം, വിരുന്നുകാരാരെങ്കിലും വന്നാല്‍ കിടക്കാന്‍ ഒരു മുറി കൂടി എടുക്കാം…”

“മക്കളുടെ പേരില്‍ എഫ് ഡി ഇടാം.. അതാവുമ്പോ എന്‍ജിനീയറിങ്ങിനോ മെഡിസിനോ സീറ്റ് നോക്കുന്ന സമയമാവുമ്പോ അതില്‍ കുറച്ച് സംഘടിപ്പിച്ചാല്‍ മതിയല്ലോ..”
അങ്ങനെ പല പദ്ധതികള്‍ മനസ്സില്‍ വരും.


ശ്രീലതയുടെ അരിയറും തന്‍റെ കൊച്ചു സമ്പാദ്യങ്ങളുമൊക്കെ കൂട്ടിച്ചേര്‍ത്ത് രവി പ്രകാശ് 24 സെന്‍റ് സ്ഥലം വാങ്ങിച്ചു.


അടുപ്പമുള്ളവര്‍ പല ഉപദേശങ്ങളും തരും: “ഒരു സൈഡ് ബിസിനസ് നോക്ക്; ബാങ്കിലിട്ടാല്‍ പലിശയൊന്നും ഇല്ലെന്നേ… സ്വന്തം ബിസിനസാവുമ്പോ…”

“കുറച്ച് സ്ഥലം വാങ്ങിയിട്ടാല്‍ അവിടെ കിടക്കും. അതാ എപ്പോഴും സേയ്ഫ്…” അങ്ങനെ പോവും ഉപദേശികള്‍.

തൃശ്ശൂരുകാരി ശ്രീലത ടീച്ചര്‍ അഞ്ച് വര്‍ഷക്കാലം ശമ്പളമില്ലാതെ ജോലി ചെയ്തു.. ഒടുവില്‍ ശമ്പള കുടിശിക മുഴുവനും ഒന്നിച്ച് കിട്ടുന്നു. 18 ലക്ഷം രൂപയ്ക്ക് അടുത്തുണ്ടായിരുന്നു അത്.

രവി പ്രകാശിനും മകള്‍ ആര്‍ദ്രയ്ക്കുമൊപ്പം ശ്രീലത ടീച്ചര്‍

ടീച്ചര്‍ ആ പണം മുഴുവന്‍ ഭര്‍ത്താവ് രവി പ്രകാശിന്‍റെ ആഗ്രഹം സാധിക്കാന്‍ വേണ്ടി നല്‍കി. അത് ശ്രീലത ടീച്ചറുടെയും സ്വപ്‌നമായിരുന്നു. പെരിഞ്ഞനം ആര്‍ എം വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാച്ചുറല്‍ സയന്‍സ് അധ്യാപികയാണ് ശ്രീലത.

നാടിന് വേണ്ടി ഒരു ലൈബ്രറി നിര്‍മ്മിക്കണമെന്ന് അഭിഭാഷകനായ രവി പ്രകാശിന്‍റെ ഏറെനാളത്തെ മോഹമായിരുന്നു.


ഇതുകൂടി വായിക്കാം: ‘ഓഫിസ് ജോലിക്ക് പോയിരുന്നെങ്കില്‍ ജീവിതം വഴിമുട്ടിയേനെ’: ശരീരസൗന്ദര്യ റാണി ആയി മാറിയ മലയോരപ്പെണ്‍കൊടി


ശ്രീലതയുടെ അരിയറും തന്‍റെ കൊച്ചു സമ്പാദ്യങ്ങളുമൊക്കെ കൂട്ടിച്ചേര്‍ത്ത് രവി പ്രകാശ് 24 സെന്‍റ് സ്ഥലം വാങ്ങിച്ചു. എന്നിട്ട് അവിടെയൊരു ലൈബ്രറി നിര്‍മിച്ചു.. എന്നിട്ട് വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി അതിന്‍റെ വാതിലുകള്‍ തുറന്നിട്ടു. അതൊരു ലൈബ്രറി മാത്രമല്ല.

ഗ്രന്ഥപ്പുര

വായനയെ സ്‌നേഹിക്കുന്ന ആര്‍ക്കും ഇവിടെ വരാം. നാട്ടുമാങ്ങയുടെ കൊതിപ്പിക്കുന്ന മണം പരക്കുന്ന ആ ലൈബ്രറിയില്‍ ഇരുന്ന് എം ടിയെയും ബഷീറിനെയും കമല സുരയ്യയെയും അംബേദ്ക്കറിനെയും ഒക്കെ മതിയാവോളം വായിക്കാം. ഇ എം എസിന്‍റെയും ഗാന്ധിയുടെയും ആശയങ്ങളുമായി തര്‍ക്കിക്കാം. മതിയാവോളം വായിക്കാം. വായിച്ച് വായിച്ച് കണ്ണുകള്‍ ക്ഷീണിക്കുമ്പോള്‍ ആ പറമ്പിന്‍റെ ഓരത്തുള്ള കുളത്തിലെ തണുത്തവെള്ളത്തില്‍ മുഖം കഴുകി തിരിച്ചുവരാം.


കുളമിരിക്കുന്ന സ്ഥലം ഉടമസ്ഥര്‍ സൗജന്യമായി നല്‍കാന്‍ തയ്യാറായി


തൃശൂരിലെ മതിലകത്തിന് അടുത്ത് പെരിഞ്ഞനം പുളിഞ്ചോട്ടിലാണ് രവി വക്കീലിന്‍റെ ഗ്രന്ഥപ്പുര എന്നു പേരിട്ടിരിക്കുന്ന പുസ്തകവീട്. അയ്യായ്യിരത്തിലേറെ പുസ്തകങ്ങളുള്ള ആ പുസ്തകപ്പുരയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് 53കാരനായ രവി പ്രകാശ്.

”കുറേക്കാലമായുള്ള ഒരാഗ്രഹമായിരുന്നു… ഒരു അഞ്ച് സെന്‍റില്‍ ലൈബ്രറി നിര്‍മിക്കണം… വീട്ടില്‍ കുറേ പുസ്തകങ്ങളുണ്ട്.. അതൊക്കെ ആ ലൈബ്രറിയിലേക്ക് മാറ്റണം.. അതായിരുന്നു പ്ലാന്‍. പക്ഷേ ആ സമയത്ത് ഇവിടെ അടുത്ത് ഒരു 24 സെന്‍റ് ഭൂമി വില്‍ക്കാനുണ്ടെന്നറിഞ്ഞു. ആ ഭൂമി വാങ്ങാമെന്ന് തീരുമാനിച്ചു. ഇടിഞ്ഞു വീഴാറായ പഴയൊരു തറവാടും ഒരു കുളവും അടങ്ങുന്നതായിരുന്നു അത്. പതിനെട്ട് സെന്‍റ് സ്ഥലവും ആറു സെന്‍റില്‍ കുളവും.”

ഗ്രന്ഥപ്പുരയ്ക്കടുത്ത് പുതുക്കിയെടുത്ത കുളം

നാടിനു കൂടി ഉപകാരപ്പെടുന്ന കാര്യത്തിന് വേണ്ടിയാണ് ഈ സ്ഥലം വാങ്ങുന്നതെന്ന് അറിഞ്ഞപ്പോള്‍ കുളമിരിക്കുന്ന സ്ഥലം ഉടമസ്ഥര്‍ സൗജന്യമായി നല്‍കാന്‍ തയ്യാറായി. “മരച്ചില്ലയൊക്കെ വീണ് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കുളമായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് നന്നാക്കിയെടുക്കാന്‍ സാധിക്കില്ലായിരുന്നു. അതു പൂര്‍ണമായും പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്,” അദ്ദേഹം പറഞ്ഞു.

ലൈബ്രറി നിര്‍മ്മിക്കുന്നതിന് മുമ്പുതന്നെ കുളം വൃത്തിയാക്കിയെടുത്തു. അരികുകള്‍ കെട്ടി. പഴയ ഓടുകള്‍ പാകിയാണ് ചുറ്റും പടവുകള്‍ കെട്ടിയിരിക്കുന്നത്.


ഇതുകൂടി വായിക്കാം: ‘ഇങ്ങക്ക് പിരാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ തലകുലുക്കി സമ്മതിച്ചേക്കണം


650 സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തിലാണ് ലൈബ്രറി കെട്ടിടം. വലിയൊരു ഹാളും ഒരു മുറിയും ടോയ്ലറ്റ് സൗകര്യവുമുണ്ട്. “എല്ലാം കൂടി ഒരു നാല്‍പത് ലക്ഷം രൂപ ചെലവ് വന്നു,” രവി പ്രകാശ് പറഞ്ഞു. “അരിയറും സമ്പാദ്യവും ഒക്കെ എടുത്താണ്. ആരുടെയും സഹായമൊന്നും വാങ്ങിയില്ല. കുറച്ച് കടം വാങ്ങിയിട്ടുണ്ട് അത്രമാത്രം. അങ്ങനെയൊരു ബാധ്യത വന്നു… നാലഞ്ച് ലക്ഷം രൂപ കടമുണ്ട്.”

രവി പ്രകാശ്

എന്നാല്‍ ആ കടമൊന്നും പക്ഷേ രവി പ്രകാശിനേയും ശ്രീലതയേയും വേവലാതിപ്പെടുത്തുന്നില്ല. അതൊക്കെ എളുപ്പം വീട്ടാവുന്നതേയുള്ളൂ എന്നാണ് അവരുടെ ആത്മവിശ്വാസം. “നാലര ലക്ഷം രൂപയോളം ചെലവിട്ടാണ് കുളം പടവുകളൊക്കെ കെട്ടി നവീകരിച്ചത്. കുളം ധാരാളം പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.


ഗ്രന്ഥപ്പുരയുടെ നിര്‍മാണം ഏറ്റെടുത്ത കോണ്‍ട്രാക്റ്റര്‍ പണിക്കാശ് മാത്രമേ വാങ്ങിയുള്ളൂ.


“വീട്ടുകാര്‍ മാത്രമല്ല നാട്ടുകാരും ഇങ്ങനെയൊരു കാര്യത്തിന് കൂടെ നിന്നു. കുളമിരിക്കുന്ന സ്ഥലം വെറുതേ നല്‍കിയതു മാത്രമല്ല ഗ്രന്ഥപ്പുരയുടെ നിര്‍മാണം ഏറ്റെടുത്ത കോണ്‍ട്രാക്റ്റര്‍ പണിക്കാശ് മാത്രമേ വാങ്ങിയുള്ളൂ. സര്‍വീസ് ചാര്‍ജ് ഈടാക്കിയില്ല. എല്ലാവരും സഹായിച്ചു. സുഹൃത്തായ എന്‍ജിനീയര്‍ ഷിജു പുത്തൂരാണ് കെട്ടിടത്തിന്‍റെ പ്ലാന്‍ ഒരുക്കിയത്. കുളത്തിന് ഓടിട്ട് പടവുകള്‍ നിര്‍മിച്ചത് മറ്റൊരു സുഹൃത്ത് ചേലക്കരക്കാരന്‍ സതീഷാണ്. മുപ്പതിനായിരം പഴയ ഓടുകളാണ് ഉപയോഗിച്ചത്,” നാട്ടുകാരുടെ രവി വക്കീല്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ഗ്രന്ഥപ്പുര ചര്‍ച്ചകള്‍ക്കും സാംസ്കാരിക സദസ്സുകള്‍ക്കും വേദിയാകുന്നു.

”എന്‍റെ ജീവിതത്തിലെ 30 കൊല്ലത്തെ പുസ്തക സമ്പാദ്യമാണ് ഈ അലമാരകളില്‍ നിറഞ്ഞിരിക്കുന്നത്. ഏതാണ്ട് എട്ടര ലക്ഷത്തിന്‍റെ പുസ്തകങ്ങളാണ് ഇവിടെയുള്ളത്. നെഹ്റു സാഹിത്യം, ഗാന്ധിയന്‍ സാഹിത്യം, കേരള ചരിത്രം, മാര്‍ക്സിസം, ഇഎംഎസ് സമ്പൂര്‍ണകൃതികള്‍.., ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കുറേയേറെ പുസ്തകങ്ങളുണ്ട്. ധാരാളം ഇംഗ്ലിഷ് പുസ്തകങ്ങളും.

“ഇത്രയേറെ പുസ്തകങ്ങളുണ്ടെങ്കിലും സാധാരണ ലൈബ്രററികള്‍ പോലെയല്ല. എല്ലായിടത്തും പുസ്തകങ്ങളുടെ എണ്ണം കൂട്ടാന്‍ എല്ലാതരത്തിലുള്ള പുസ്തകങ്ങളും ലൈബ്രറികള്‍ ശേഖരിച്ചു വയ്ക്കും. എന്നാല്‍ ഇവിടെ അങ്ങനെ അല്ല. ഗൗരവമായ വായനയ്ക്കുള്ള പുസ്തകങ്ങളാണ് ഇവിടുത്തെ അലമാരകളില്‍ നിറഞ്ഞിരിക്കുന്നത്,” പുസ്തകങ്ങളെക്കുറിച്ച് പറയുമ്പോള്‍ രവി വക്കീല്‍ വാചാലനാവും.


ഗവേഷണത്തിന് പ്രയോജനപ്പെടുത്താവുന്ന പുസ്തകങ്ങളും ഇവിടുണ്ട്


“കുട്ടിക്കാലം തൊട്ടേ വായനയോട് ഇഷ്ടമുണ്ടായിരുന്നു. കുറേ പുസ്തകങ്ങള്‍ വായിക്കുകയും ഒപ്പം വാങ്ങുകയും ചെയ്യുമായിരുന്നു. ലൈബ്രറി പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു. എന്‍റെ കൈവശമുള്ള എല്ലാ പുസ്തകങ്ങളും ഗ്രന്ഥപ്പുരയ്ക്ക് കൈമാറിയിട്ടുണ്ട്. പുതുതായി പുസ്തകങ്ങള്‍ വാങ്ങേണ്ടി വന്നിട്ടില്ല. പല തരത്തിലുള്ള അയ്യായ്യിരത്തിലേറെ പുസ്തകങ്ങള്‍ ഗ്രന്ഥപ്പുരയിലുണ്ട്…ഗവേഷണത്തിന് പ്രയോജനപ്പെടുത്താനുള്ള പുസ്തകങ്ങളും ഇവിടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ കുളക്കര ഒരു സാംസ്കാരിക വേദി കൂടിയാണ്.

വൈകുന്നേരം അഞ്ച് മുതല്‍ ഏഴു വരെയാണ് ലൈബ്രറി തുറന്നിരിക്കുക. വായനക്കാരില്‍ നിന്നു പണമൊന്നും വാങ്ങുന്നുമില്ല. തത്ക്കാലം പുസ്തകങ്ങള്‍ ഇവിടെ നിന്ന് വീട്ടിലേക്ക് എടുത്തുകൊണ്ടു പോകാനാകില്ല. അവിടെയിരുന്നു തന്നെ വായിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. “ലൈബ്രററിയുടെ ചുറ്റുവട്ടത്തുള്ളവര്‍ തന്നെയാണ് ലൈബ്രേറിയന്‍മാര്‍. ഓരോ ദിവസം ഓരോരുത്തരാകും. പ്രത്യേക സ്റ്റാഫ് എന്നൊന്നും പറയാനില്ല. എന്‍റെ വീടിന് അടുത്ത് തന്നെയാണ്, നടക്കാനുള്ള ദൂരമേയുള്ളൂ. ഞാനും മിക്ക ദിവസങ്ങളില്‍ ഇവിടുണ്ടാകും,” അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കാം: വലിയൊരു മാറ്റത്തിനു കൂടി ഒരുങ്ങുകയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍; അതിന് പിന്നില്‍ ഈ ജൈവകര്‍ഷകനുമുണ്ട്


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ കേന്ദ്ര നിര്‍വാഹക സമിതി അംഗവും ശാസ്ത്രഗതി എന്ന ശാസ്ത്ര മാസികയുടെ അസോസിയേറ്റ് എഡിറ്ററുമാണ് രവി പ്രകാശ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

ഈ വര്‍ഷം ഏപ്രലില്‍ ഏഴിന് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിയാണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്.

“ധാരാളം പേര്‍ സന്ദര്‍ശിക്കുന്നുണ്ട്. പക്ഷേ ഗൗരവമായ ഒരു വായനാസമൂഹം ഉണ്ടായിട്ടില്ല. മെല്ലെ വായിക്കാനെത്തുന്നവരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഗ്രന്ഥപ്പുരയിലേക്ക് വരുന്നവരുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും കൂടുന്നുണ്ട്,” രവി പ്രകാശ് പറഞ്ഞു. “കുളം ആളുകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.”


പുസ്തകം വായിച്ചാലേ മനുഷ്യന് സ്വതന്ത്രമായ ചിന്താഗതിയുണ്ടാകൂ. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകൂ.


നാട്ടിക എസ് എന്‍ കോളേജില്‍ നിന്നാണ് രവി പ്രകാശ് എം കോം പൂര്‍ത്തിയാക്കിയത്. പിന്നീട് നിയമ ബിരുദവും എടുത്തു. തൃശൂര്‍ ലോ കോളേജിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിയായിരുന്നു. ഇതിന് പുറമെ മധുര കാമരാജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവുമെടുത്തു. ടാക്‌സ് കേസുകളാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്. ക്രൈസ്റ്റ് കോളെജില്‍ ബി.കോമിന് പഠിക്കുന്ന ആദിത്യനും ശ്രീലത അധ്യാപകിയായ ആര്‍ എം വി എച്ച് എസ് സ്‌കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആദ്രയുമാണ് മക്കള്‍.

കുളക്കരയിലെ നാട്ടുകൂട്ടം

കുറച്ചുകാലം പെരിഞ്ഞനം ഗവണ്‍മെന്‍റ് യുപി സ്‌കൂളിലെ പിടിഎ പ്രസിഡന്‍റായിരുന്നു രവി വക്കീല്‍. ആര്‍ദ്ര ആ സ്‌കൂളില്‍ പഠിക്കുന്ന നാളിലാണത്. “അക്കാലത്ത് സര്‍ക്കാര്‍ ഫണ്ട് ഒന്നും കാത്തിരിക്കാതെ തന്നെ സ്‌കൂള്‍ ഹൈടെക്ക്

ആക്കി മാറ്റി. ഇരുപത് ലക്ഷം രൂപയോളം ജനങ്ങളില്‍ നിന്ന് സമാഹരിച്ച് ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി. ഇതിലൂടെ മികച്ച പിടിഎയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് സ്‌കൂളിന് കിട്ടി… ഞാന്‍ പിടിഎ പ്രസിഡന്‍റായിരിക്കുന്ന കാലത്ത് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നി. അമ്പതിനായിരം രൂപയാണ് പുരസ്‌കാര തുകയായി കിട്ടിയത്. ആ തുക ഉപയോഗിച്ച് സ്‌കൂളില്‍ പ്യൂരിഫയര്‍ ഡ്രിങ്കിങ് വാട്ടര്‍ സൗകര്യമൊരുക്കുകയും ചെയ്തു,” രവി പ്രകാശ് പറഞ്ഞു.


ഇതുകൂടി വായിക്കാം: വണ്ടി കിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍


“പുസ്തകം വായിച്ചാലേ മനുഷ്യന് സ്വതന്ത്രമായ ചിന്താഗതിയുണ്ടാകൂ. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകൂ. വിദ്യാഭ്യാസത്തിലൂടെ ഇതൊന്നും നേടുന്നില്ലെന്നതാണ് സമകാലീന സാഹചര്യങ്ങള്‍ കാണിച്ചു തരുന്നത്. …ഓരോരുത്തരും സ്വതന്ത്രരായി ധാരാളം പുസ്തകങ്ങള്‍ വായിക്കുക, വായിച്ചാല്‍ തിരിച്ചറിവ് ഉണ്ടാകും. നമുക്ക് തന്നെ വിവേചിച്ച് അറിയാനും തീരുമാനങ്ങള്‍ കൈകൊള്ളാനും കഴിയും. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു ഗ്രന്ഥപ്പുര നിര്‍മിക്കാന്‍ തീരുമാനിക്കുന്നതും,” അദ്ദേഹം പറഞ്ഞു നിര്‍ത്തി.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം