തോല്‍പിച്ചു കളഞ്ഞല്ലോ..! സ്വര്‍ണ്ണവള മുതല്‍ ആകെയുള്ള 5 സെന്‍റ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്… ഈ 5 മനുഷ്യര്‍ കേരളത്തിന്‍റെ ആവേശമായതിങ്ങനെ

ഇവരെപ്പോലുള്ളവരുണ്ടെങ്കില്‍ പിന്നെ നമ്മള്‍ ഏത് വൈറസിനേയും അതിജീവിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞത് ഈ മനുഷ്യരെപ്പറ്റിയാണ്.

സുബൈദ, ലളിത, വള്ളി, സെബാസ്റ്റ്യനും സല്‍മയും, ഷെല്‍ജന്‍ ഇങ്ങനെ എത്രയെത്ര പേരുകള്‍! ഇവരെ നമ്മള്‍ എങ്ങനെ മറക്കും?

സ്വന്തം പ്രാരാബ്ധങ്ങളെല്ലാം മറന്ന് നാടിനൊപ്പം നില്‍ക്കുവരാണിവര്‍.

ആടിനെ വിറ്റു കിട്ടിയതും ഉത്സവത്തിന് കൂട്ടിവച്ചിരുന്നതും മാത്രമല്ല സ്വര്‍ണവും കപ്പയും കുരുമുളകുമൊക്കെയായി ഈ ദുരിതകാലം കടക്കാന്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണിവര്‍.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

ഇവരെപ്പോലുള്ളവരുണ്ടെങ്കില്‍ പിന്നെ നമ്മള്‍ ഏത് വൈറസിനേയും അതിജീവിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞത് ഈ മനുഷ്യരെപ്പറ്റിയാണ്.

അവര്‍ ഒരുപാട് പേരുണ്ട്. പലരേയും നമുക്കറിയില്ല. അവരില്‍ ചിലര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.

സുബൈദയുടെ ആട്

“മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എന്നും  കേള്‍ക്കുമായിരുന്നു. വിഷുക്കൈനീട്ടമൊക്കെ കുട്ടികള്‍  ദുരിതാശ്വസ നിധിയിലേക്ക് നല്‍കുന്നുവെന്നു കേട്ടപ്പോ എനിക്കും പണം നല്‍കണമന്നു തോന്നി,” കൊല്ലംകാരി സുബൈദ പറയുന്നു.

സുബൈദ

“പക്ഷേ കൊടുക്കാനില്ലല്ലോ എന്ന വിഷമമായിരുന്നു. ഭര്‍ത്താവിനോട് പറഞ്ഞപ്പോ നിനക്കും കൊടുക്കാന്‍ പറ്റും സമാധനപ്പെട്… പൈസ വരുമ്പോ കൊടുക്കാമെന്ന് പറഞ്ഞു.

“അങ്ങനെയാണ് രണ്ട് ആടിനെ വിറ്റപ്പോ കിട്ടിയ പൈസയുമായി കലക്ട്രേറ്റില്‍ വന്നത്. ചെറിയ തുകയാണെന്നതില്‍ വിഷമമുണ്ട്. പക്ഷേ അത്രയെങ്കിലും കൊടുക്കാന്‍ പറ്റിയതില്‍ സന്തോഷം,” സുബൈദ കൊല്ലം പി ആര്‍ ഡിയോട് പറഞ്ഞു.

കൊല്ലം പോര്‍ട്ട് ഓഫീസിന് സമീപം ചായക്കട നടത്തി ജീവിക്കുന്ന സുബൈദ ആടിനെ വിറ്റു കിട്ടിയ 5,510 രൂപയാണ്ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന്‍ കഴിഞ്ഞ ഭര്‍ത്താവ് അബ്ദുല്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് സുബൈദ താമസിക്കുന്നത്.

ആടിനെ വിറ്റു കിട്ടിയ 12,000 രൂപയില്‍ 5,000 രൂപ വാടക കുടിശിക നല്‍കാനും 2,000രൂപ വൈദ്യുതി ബില്‍ അടയ്ക്കാനും നല്‍കി. ബാക്കി തുകയാണിവര്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

എന്നാല്‍ സുബൈദയുടെ നല്ല പ്രവര്‍ത്തികള്‍ക്ക് അഞ്ചാടുകളെ തിരിച്ചു കിട്ടിയിരിക്കുന്നത്. കോഴിക്കോട്ടെ ആദാമിന്‍റെ ചായക്കടയുടെ ഉടമ അനീസാണ് ഇവര്‍ക്ക് അഞ്ച് ആടുകളെ വാങ്ങി നല്‍കിയത്.

സുബൈദ തന്‍റെ ചായക്കടയ്ക്ക് മുന്നില്‍

തൊഴിലുറപ്പുകാരിയുടെ 5,001 രൂപ

70-കാരിയായ ലളിത തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിക്കുന്നത്. സ്വന്തമായി വീട് പോലും ഇല്ല. ഉത്സവം കൂടാന്‍ കൂട്ടിവച്ചിരുന്ന രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പൊലീസിനെ ഏല്‍പ്പിച്ചത്.

“ഞങ്ങള് ചവറ തെക്കുംഭാംഗത്ത് നിന്ന് നൈറ്റ് പട്രോളിങ് കഴിഞ്ഞു പോകുമ്പോ ഒരു പ്രായമായ സ്ത്രീ ജീപ്പിന് കൈ കാണിച്ചു,” തേവലക്കര അരിനല്ലൂര്‍ കല്ലുംപുറത്ത് ലളിത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനെത്തിയതിനെക്കുറിച്ച് കരുനാഗപ്പള്ളി സിഐ രാജേഷ് കുമാര്‍ പറയുന്നു.

“ഞങ്ങള് വണ്ടി നിറുത്തി പുറത്തേക്കിറങ്ങി. ആ അമ്മ പറഞ്ഞു, സാറേ കുറച്ച് പൈസയുണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണമെന്ന്.”
ഇതുകേട്ട് അരികില്‍ നിന്ന് ലളിത ഇടപെട്ടു.

“കാശ് എങ്ങനെ എത്തിക്കും, ആരുടെ കൈയില്‍ കൊടുക്കും എന്നൊന്നും അറിയില്ലായിരുന്നു. തെക്കുംഭാഗം സിഐ വരട്ടെ, വരുമ്പോ സാറിനോട് ചോദിക്കാമെന്ന് കരുതിയാണ് പൊലീസ് ജീപ്പിന് കൈ കാണിച്ചത്. അന്നേരം വണ്ടിയിലുള്ള ആളിനെ പോലും അറിയില്ല.


രാത്രിയല്ലേ… ഏതാണ്ട് ഒമ്പത് മണി നേരമായികാണും. കൈ കാണിച്ച് വണ്ടി നിറുത്തിച്ചെങ്കിലും അന്നേരമെനിക്ക് ഭയമായിരുന്നു.


“നാടിന്‍റെ അവസ്ഥകളൊക്കെ വാര്‍ത്തകളിലൂടെ കാണുകയല്ലേ… അതൊക്കെ കണ്ടപ്പോ സാധിക്കുന്ന പോലെ എന്തെങ്കിലും കൊടുക്കണമെന്ന് തോന്നി. അമ്പലത്തിലെ ഉത്സവത്തിന് വേണ്ടി കുറച്ച് കാശു കൂട്ടി വെച്ചിരുന്നു. കൊറോണയും ലോക്ക് ഡൗണുമൊക്കെയായതോടെ ഉത്സവമൊന്നും നടന്നില്ലല്ലോ.

ആട്ടിന്‍കുട്ടികള്‍ക്കൊപ്പം സുബൈദ

“അരീക്കാവ് അമ്പലത്തിലെ ഉത്സവം, മീനം 30-നായിരുന്നു. പക്ഷേ കൊറോണ കാരണം ഉത്സവം നടന്നില്ലല്ലോ. അതോടെ ആ കൂട്ടി വച്ച കാശെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. പക്ഷേ എങ്ങനെ എത്തിക്കും എന്നറിയാത്തത് കൊണ്ട് കാത്തിരിക്കുകയായിരുന്നു.”

ലളിതയുടെ ആ 5,001 രൂപയുടെ മൂല്യം നോട്ടിന്‍റെ എണ്ണത്തിലല്ല. കശുവണ്ടിത്തൊഴിലാളിയായിരുന്നു ലളിത. 2009-ല്‍ പിരിഞ്ഞു. “പിരിഞ്ഞപ്പോ കുറച്ച് കാശു കിട്ടിയായിരുന്നു. ആ കാശു കൊണ്ട് മൂന്ന് സെന്‍റ് ഭൂമി വാങ്ങിച്ചിട്ടിരുന്നു.

“നാലു സെന്‍റ് ഭൂമി പാരമ്പര്യമായി കിട്ടിയതുണ്ടായിരുന്നു. അത് വിറ്റ് മോളെ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. ഇപ്പോ കൂര കെട്ടിക്കിടക്കുകയാണ്. വീട് എന്നു പറയാന്‍ പറ്റില്ല. തനിച്ചാണിവിടെ താമസം. മക്കള്‍ പ്രദീപും ജയയും കല്യാണമൊക്കെ കഴിഞ്ഞു മാറിത്താമസിക്കുകയാണ്,” ലളിത പറഞ്ഞു.

“ഈ അമ്മ പണം നല്‍കണമെന്ന് മാത്രമല്ല, കൂടെ ഇതാരെയും അറിയിക്കേണ്ടെന്നും പറഞ്ഞു,” സി ഐ തുടരുന്നു. “എന്തിനാ ആരും അറിയാതെ കൊടുക്കുന്നതെന്നു ചോദിച്ചപ്പോ പറയുകയാണ്, നമ്മളൊരാള്‍ക്ക് സഹായം കൊടുക്കുന്നത് ആരും അറിയണ്ടെന്ന്.

“പൈസ കൈയില്‍ വച്ചോ നമുക്ക് എന്താണെന്നു വച്ചാം ചെയ്യാമെന്നു പറഞ്ഞു ഞങ്ങള്‍ പോയി,”  പൊലീസ് ഉദ്യോഗസ്ഥന്‍ തുടര്‍ന്നു.

ദുരിതാശ്വാസനിധിയിലേക്കുള്ള തുക ലളിത കൈമാറുന്നു

“70 വയസുകാരിയായ ഈ അമ്മ തൊഴിലുറപ്പ് പണിക്ക് പോയി കിട്ടിയ പണമാണ്. അങ്ങനെയൊരാള് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാല്‍ എല്ലാവരും അറിയണം.

“മറ്റുള്ളവര്‍ക്ക് മാതൃകയല്ലേ എന്ന തോന്നലിലാണ് എല്ലാവരെയും അറിയിച്ചത്. പിറ്റേ ദിവസം ലളിതമ്മയുടെ വീട്ടില്‍ വന്നു തുക സ്വീകരിക്കുകയും ചെയ്തു. ഈ സംഭവം ശ്രദ്ധിക്കപ്പട്ടതോടെ പ്രായമായവരൊക്കെ നമ്മളെ വിളിക്കുകയാണ്.

“അവര്‍ക്കും പൈസ നല്‍കാനുണ്ടെന്നാണ് വിളിച്ചു പറയുന്നത്. കുറച്ചാളുകള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് വന്നു പണം കൊടുത്തിട്ടുമുണ്ട്,” അദ്ദേഹം പറഞ്ഞു.

വള്ളിയുടെ സ്വര്‍ണ്ണവള

ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണവളകളും മോതിരവുമാണ് 80-കാരിയായ വള്ളി നല്‍കിയത്. തോപ്പുംപടി കരുവേലിപ്പടി ആശുപത്രിയില്‍ നിന്ന് അറ്റന്‍ഡറായി വിരമിച്ച വള്ളി കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ഒരു മാസത്തെ പെന്‍ഷന്‍ തുകയും സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു.

കുമ്പളങ്ങിക്കാരിയായ വള്ളിയിപ്പോള്‍ മകനും മകള്‍ക്കുമൊപ്പം മരടിലാണ് താമസിക്കുന്നത്. “ഈശ്വരന്‍ നമുക്ക് തന്നതാണ്. അത് ഉപകാരപ്പെടുന്നവര്‍ക്ക് നല്‍കണമെന്നു മനസ് പറഞ്ഞു. അങ്ങനെ മക്കളോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു,” സ്വര്‍ണം നല്‍കിയതിനെക്കുറിച്ച് വള്ളി പറയുന്നു.

“റിലീഫ് ഫണ്ടിലേക്ക് കൊടുക്കണമെന്നുണ്ടെന്നു മക്കളോട് പറഞ്ഞപ്പോ അവരും സമ്മതിച്ചു. അങ്ങനെ വള കൊടുക്കാന്‍ തീരുമാനിച്ചു. രണ്ട് വളയും കൂടി രണ്ടര പവനുണ്ടായിരുന്നു. രണ്ടര മൂന്നാക്കി കൊടുക്കാമെന്നു മോനാണ് പറഞ്ഞത്. ഒരു മോതിരം കൂടി ചേര്‍ത്ത് മൂന്നു പവനാക്കി നല്‍കുകയായിരുന്നു.

ദുരിതാശ്വസനിധിയിലേക്കുള്ള സ്വര്‍ണം വള്ളി എം.സ്വരാജ് എംഎല്‍എയ്ക്ക് നല്‍കുന്നു

“നമ്മള്‍ കൊടുക്കുന്നത് കണ്ട് മറ്റുള്ളവര്‍ക്കും എന്തെങ്കിലുമൊക്കെ സഹായങ്ങള്‍ നല്‍കാന്‍ തോന്നുകയാണെങ്കില്‍ ചെയ്യട്ടേ… നല്ലതല്ലേ,” വള്ളി പറഞ്ഞു.

രണ്ട് മക്കളാണ് വള്ളിക്ക്. രേണുക ചക്രവര്‍ത്തിയും  പ്രദീപ് കുമാര്‍ ചൗധരിയും. ഇരുവരും വിവാഹമൊക്കെ കഴിഞ്ഞു. കഴിഞ്ഞ പ്രളയത്തിന് പ്രദീപിന്‍റെ ഭാര്യയും കാനറ ബാങ്കിന്‍റെ തൃപ്പൂണിത്തുറ ബ്രാഞ്ചിലെ ജീവനക്കാരിയുമായ  ജൂബിലി ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് പവന്‍ സ്വര്‍ണം നല്‍കിയിരുന്നു.

വള്ളിയുടെ മകള്‍ രേണുക പറയുന്നു: “പ്രളയത്തിന്‍റെ സമയത്ത് മരടിലെ ക്യാംപുകളിലൊക്കെ പോയിരുന്നു, അതൊക്കെ കണ്ടപ്പോഴാണ് ജൂബിലി മാല കൊടുക്കട്ടേയെന്നു ചോദിച്ചത്. അന്നും ആരും എതിര്‍ത്തില്ല. നിറഞ്ഞ മനസോടെ തന്നെയാണ് നല്‍കിയത്. അന്നും ഇത്തവണയും ഞാനും ഒരു മാസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്.” പൊലീസ് കോ ഓപ്പറേറ്റീവ് ഉദ്യോഗസ്ഥയാണ് രേണുക.

ആ അഞ്ച് സെന്‍റ് ഭൂമിയുടെ വലുപ്പം

പണമായും വിളകളായുമൊക്കെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കിയവരുടെ കൂട്ടത്തില്‍ ഈ ഭാര്യയും ഭര്‍ത്താവും വ്യത്യസ്തരാണ്. അഞ്ച് സെന്‍റ് ഭൂമിയാണ് ഈ ദമ്പതികള്‍ നല്‍കിയിരിക്കുന്നത്.

തൊടുപുഴ മണക്കാട് തഴക്കല്‍ വീട്ടില്‍ ടി.സി. സെബാസ്റ്റ്യനും ഭാര്യ സല്‍മയും സാമ്പത്തിക കഷ്ടപ്പാടുകള്‍ക്കിടയിലും ഭൂമി  നല്‍കിയത്. “സല്‍മയുടെ ആഗ്രഹമായിരുന്നു.” ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെക്കുറിച്ച് സെബാസ്റ്റ്യന്‍ പറയുന്നു.

“കഴിഞ്ഞ പ്രളയകാലത്താണ് സല്‍മ ഇങ്ങനെയൊരു കാര്യം പറയുന്നത്. പലരും പണമൊക്കെ നല്‍കിയത് കണ്ടാണ് അവള്‍ക്കും ഇങ്ങനെയൊരു ആശയം തോന്നുന്നത്.

“നമ്മുടെ അഞ്ച് സെന്‍റ് ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താലോയെന്നാണ് സല്‍മ പറഞ്ഞത്.  കടങ്ങളും ബാധ്യതകളുമൊക്കെയുണ്ട്, അപ്പോ എനിക്ക് തോന്നിയത് അത് വേണോ എന്നാണ്. സാമ്പത്തിക ബാധ്യതകളൊന്നും പൂര്‍ണമായി തീര്‍ന്നിട്ടില്ല. ഈ ഭൂമി ഈട് വച്ച് ലോണ്‍ എടുത്ത് അതൊക്കെ തീര്‍ത്തിട്ട് പോരെയെന്നു ചോദിച്ചു.

“അവള്‍ക്കും അതൊക്കെ അറിയാവുന്നതല്ലേ. അങ്ങനെ ആ വര്‍ത്തമാനം അവിടെ തീര്‍ന്നു. പക്ഷേ, ഇത്തവണ കൊറോണയും നാട് നേരിടുന്ന അവസ്ഥയുമൊക്കെ കണ്ടപ്പോ അവള്‍ വീണ്ടും പറഞ്ഞു, ആ അഞ്ച് സെന്‍റ് ഭൂമി സര്‍ക്കാരിന് കൊടുക്കാമെന്ന്.


ഇതുകൂടി വായിക്കാം:കോവിഡ്-19 രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ 45,000 രൂപയ്ക്ക് റോബോട്ട് തയ്യാറാക്കി കണ്ണൂരിലെ എന്‍ജിനീയറിങ്ങ് കോളെജ്


“മോനോട് പറഞ്ഞതിന് ശേഷമാണ് എന്നോട് പറയുന്നത്. ബാധ്യതകളും കടങ്ങളുമൊക്കെയുണ്ട്. എന്നാല്‍ ഇത്തവണ ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തന്നെ തീരുമാനിച്ചു.

സെബാസ്റ്റ്യനും സല്‍മയും മകനൊപ്പം

“പഴയ സ്ഥലം വിറ്റു കിട്ടിയ കാശിന് വാങ്ങിയതാണിത്. കടം ഉണ്ടെങ്കിലും ഇപ്പോ വില്‍ക്കണ്ടെന്ന തീരുമാനത്തില്‍ ഇട്ടിരുന്ന ഭൂമിയാണിത്.” എറണാകുളം ആയവന പഞ്ചായത്തിലെ ഏനാനല്ലൂരിലെ അഞ്ച് സെന്‍റ് ഭൂമിയാണ് നല്‍കിയത്.

1989-ലാണ് വ്യത്യസ്ത മതങ്ങളില്‍ പെട്ട സെബാസ്റ്റ്യനും സല്‍മയും എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം ചെയ്യുന്നത്. ബസ് കണ്ടക്റ്ററായിരുന്നു സെബാസ്റ്റ്യന്‍.

“മതം മാറിയാല്‍ വിവാഹം അംഗീകാരിക്കാമെന്നൊക്കെ സല്‍മയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു. പക്ഷേ യുക്തിവാദിയായ ഞാന്‍ അതിനു തയാറായില്ല,”എന്ന് സെബാസ്റ്റ്യന്‍. സല്‍മയും അതിന് ഒരുക്കമായിരുന്നില്ലെന്നു അദ്ദേഹം.

“ഞാന്‍ തൊഴിലാളി യൂനിയനിലൊക്കെ സജീവമായിരുന്നു. യൂനിയന്‍ നേതാക്കളുടെ സഹായത്തോടെയാണ് വിവാഹം നടത്തിയത്. ബസിലെ ജോലിയില്‍ നിന്നു കിട്ടുന്നതും ആടും കോഴിയെയും വളര്‍ത്തിയും അപ്പം ഉണ്ടാക്കി വിറ്റും വീടുകളില്‍ ജോലിക്ക് പോയുമൊക്കെയാണ് ജീവിച്ചത്.

“വാടകവീട്ടിലായിരുന്നു താമസം. പിന്നീട് 1996-ല്‍ തൊടുപുഴ അച്ചന്‍കവലയില്‍ സ്ഥലം വാങ്ങി വീട് പണിതു. പിന്നീടത് വിറ്റു. കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് വീട് വിറ്റത്.

“പിന്നീട് വാടകയ്ക്ക് താമസം തുടങ്ങി. ഇതിനിടയിലാണ് ഇപ്പോ ദുരിതാശ്വാസ നിധിക്ക് കൈമാറിയ ഏനാനല്ലൂരിലെ ഭൂമി വാങ്ങിക്കുന്നത്. വീടൊന്നും പണിതില്ല ആ ഭൂമിയില്‍.  മോനാണ് തൊടുപുഴ നെടിയശാലയില്‍ 12 സ്ഥലം വാങ്ങിച്ചത്. അവിടെ വീട് വയ്ക്കുന്നേയുള്ളൂ. ഞങ്ങളിപ്പോഴും മണക്കാട് വാടകയ്ക്കാണ് താമസിക്കുന്നത്,” സെബാസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു.

തൊടുപുഴയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണിപ്പോള്‍ സെബാസ്റ്റ്യന്‍. സല്‍മ തൊടുപുഴ ഇന്‍ഡസ് മോട്ടോഴ്സിലെ ജീവനക്കാരിയും. മകന്‍ ബിറ്റാസ് ഖത്തറിലാണ്.

മകളുടെ ഓര്‍മ്മയില്‍…

ഷെല്‍ജന്‍ കുടുംബത്തിനൊപ്പം

മകളുടെ ഓര്‍മ്മയ്ക്കായി 60,000രൂപയുടെ കുരുമുളക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കര്‍ഷകനാണ് ഷെല്‍ജന്‍ ചാലയ്ക്കല്‍. വയനാട് മുള്ളന്‍കൊല്ലി പഞ്ചായത്ത് മെമ്പര്‍ കൂടിയാണ് ഷെല്‍ജന്‍.

എന്‍റെ സാനിയ മോള്‍ക്ക് വേണ്ടി നാട്ടുകാരും അയല്‍ക്കാരുമൊക്കെ ഒപ്പം നിന്നത് മറക്കാനാകില്ല. എന്‍റെ മോളുടെ ചികിത്സയ്ക്ക് ഒരുപാട് പേര്‍ സഹായിച്ചു. ആ സഹായത്തിന് ഞാനെന്തെങ്കിലും തിരിച്ചു നല്‍കണ്ടേയെന്നാണ് ഇദ്ദേഹം പറയുന്നത്.

2018 ഡിസംബര്‍ 11-നാണ് ഷെല്‍ജന്‍റെ മൂത്തമകള്‍ സാനിയ അര്‍ബുദം ബാധിച്ച് മരിച്ചത്. “മോളുടെ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ വേണമായിരുന്നു. ഞാനൊരു സാധാരണ കര്‍ഷകനാണ്. 50 ലക്ഷം രൂപയൊക്കെ വലിയ തുകയായിരുന്നു.

പ്രളയമൊക്കെ ബാധിച്ച് നില്‍ക്കുന്ന സമയമായിരുന്നു. അന്നാളില്‍ ഭൂമി വില്‍ക്കാനും സാധിക്കുന്ന സാഹചര്യമല്ലായിരുന്നു. ഇവിടുത്തെ 11 ബസുകള്‍ അവരുടെ ഒരു ദിവസത്തെ വരുമാനം നല്‍കി.”

നാടുമുഴുവന്‍ കൂടെ നിന്നെങ്കിലും മകളുടെ ജീവന്‍ രക്ഷിക്കാനായില്ല.

ദുരിതകാലത്ത് നാടിന് തന്നെക്കൊണ്ടാവുന്നത് പോലൊരു സഹായം, അത്രമാത്രമേ ഷെല്‍ജന്‍ ഉദ്ദേശിച്ചുള്ളു.

“ഞാന്‍ നല്‍കിയ തുക കൊണ്ട് പത്ത് ആളുകള്‍ക്ക് കോവിഡ് പരിശോധിക്കാന്‍ സാധിച്ചാല്‍ പോലും മതിയല്ലോ,” ഷെല്‍ജന്‍ പറഞ്ഞു. (ഷെല്‍ജനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ)

ഇനിയുമൊരുപാട് പേരുണ്ട്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാത്രമല്ല, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സ്വന്തം പരിമിതികള്‍ മറന്ന് മനുഷ്യര്‍ ഹൃദയം തുറന്ന് സഹായം നല്‍കുകയാണ്.

അതിലൊരാള്‍ തിരുവനന്തപുരം സ്വദേശി ഗണേശനാണ്. പാര്‍ക്കിന്‍സണ്‍സ് രോഗിയായ അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനാണ് ഏക വരുമാനം. ഇലക്ട്രീഷ്യനായിരുന്നു. രോഗം വന്നപ്പോള്‍ ജോലിക്കുപോകാന്‍ പറ്റാതായി. ചെലവേറിയ ചികിത്സ സര്‍ക്കാരിന്‍റെയും സുമനസ്സുകളുടെയും സഹായം കൊണ്ടായിരുന്നു.

ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും സര്‍ക്കാര്‍ ക്ഷേമപെന്‍ഷനില്‍ നിന്ന് അദ്ദേഹം നിന്ന് ആയിരം രൂപ കമ്മ്യൂണിറ്റി കിച്ചനിലേക്ക് നല്‍കുകയായിരുന്നു.

ഗണേഷ് അമ്മ പൊന്നമ്മാളിനൊപ്പം

“ഞങ്ങളെ എല്ലാരേയും നിങ്ങള്‍ തോല്‍പിച്ചുകളഞ്ഞല്ലോ,” എന്ന് അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തയോട് ഒരുപാട് പേരാണ് പ്രതികരിച്ചത്.
(ഹൃദയം തൊടുന്ന ആ വാര്‍ത്ത ഇവിടെ വായിക്കാം)ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം