ഫോട്ടോഗ്രാഫര്‍ ടെറസില്‍ കൃഷി തുടങ്ങി; വിളയിച്ചെടുക്കുന്നത് 120 കിലോയിലധികം ജൈവപച്ചക്കറി

ഗ്രോബാഗ് നിറയ്ക്കാന്‍ ഓടയില്‍ നിന്നു മണ്ണെടുക്കും, വാട്ടര്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളം സംഭരിച്ചുവയ്ക്കും, പിന്നേ സ്വന്തം ഓഫീസ് കഴുകി വൃത്തിയാക്കുന്ന വെള്ളം പോലും പാഴാക്കാതെയാണ് ഷിബിയുടെ കൃഷി.

വൈറ്റ് മാജിക് ഷൂട്ടിങ് ഫ്ലോര്‍… രാമനാട്ടുകരയിലെ ഈ സ്റ്റുഡിയോയിലേക്ക് വന്നാല്‍ വെറും കൈയോടെ മടങ്ങാന്‍ ഫോട്ടോഗ്രഫര്‍ സമ്മതിക്കില്ല. ഫോട്ടോയെടുക്കാന്‍ വന്നവര്‍ക്ക് കൈ നിറയെ തക്കാളിയും പച്ചമുളകും വെണ്ടയ്ക്കുമൊക്കെ സമ്മാനിച്ചേ പറഞ്ഞുവിടൂ.

അതാണ് ഈ ഷൂട്ടിങ് ഫ്ലോറിലെ പതിവ്.

കോഴിക്കോട്  വൈദ്യരങ്ങാടിക്കാരന്‍ ഷിബി എം വൈദ്യര്‍ എന്ന ഫോട്ടോഗ്രഫറാണ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം പച്ചക്കറിയും ചെടിയും വിത്തുമൊക്കെ സൗജന്യമായി സമ്മാനിക്കുന്നത്.

സ്വന്തം ഓഫീസിന്‍റെ ടെറസില്‍ രാസവളമിടാതെ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറിയൊക്കെ നാട്ടുകാരും കൂടി കഴിക്കട്ടെയെന്നാണ് ഇദ്ദേഹം പറയുന്നത്.

ഷിബി എം വൈദ്യര്‍ പച്ചക്കറിത്തോട്ടത്തില്‍

“80 കിലോ തക്കാളി, 40 കിലോ വെണ്ടയ്ക്ക, 35 കിലോ പയര്‍… ഇത്രേം വിളവെടുപ്പ് കഴിഞ്ഞു. പക്ഷേ തക്കാളി ഇനിയും കുറേയുണ്ട്ട്ടാ. അതൊക്കെയും വിളവെടുക്കാന്‍ പാകത്തില്‍ നില്‍പ്പുണ്ട്.

“വഴുതനങ്ങയും പച്ചമുളകും കുറവൊന്നുമല്ല… പത്തു കിലോയോളം പച്ചമുളകും വഴുതനങ്ങയും കിട്ടീട്ടുണ്ട്. പച്ചമുളക് മാത്രം മൂന്നു വെറൈറ്റിയുണ്ട്,” ഷിബി അഭിമാനത്തോടെ പറയുന്നു.

കൃഷി ചെയ്യാന്‍ ഏക്കറുക്കണക്കിന് ഭൂമിയൊന്നും വേണ്ടെന്നു മാത്രമല്ല ഷിബി കാണിച്ചു തരുന്നത്. ഗ്രോബാഗ് നിറയ്ക്കാന്‍ ഓടയില്‍ നിന്നു മണ്ണെടുക്കും, വാട്ടര്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളം സംഭരിച്ചുവയ്ക്കും, പിന്നേ ഓഫീസ് കഴുകി വൃത്തിയാക്കുന്ന വെള്ളം പോലും പാഴാക്കില്ല.

ഇങ്ങനെയൊക്കെയാണ് ഷിബി ടെറസിലെ കൃഷിത്തോട്ടം നനച്ചു പരിപാലിക്കുന്നത്.

ഷിബിയുടെ സ്റ്റുഡിയോയ്ക്ക് മുകളിലെ പച്ചക്കറി കൃഷി

“മുന്‍പരിചയമൊന്നുമില്ലാതെ കൃഷിയിലേക്കെത്തിയതാണ്,” കര്‍ഷകനായ ആ ഫോട്ടോഗ്രഫര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “കൃഷിയല്ല ഫോട്ടോഗ്രഫിയായിരുന്നു എന്‍റെ പാഷന്‍.

“അങ്ങനെയുള്ള, കൃഷി അറിയാത്ത ഞാനാണിപ്പോ പച്ചക്കറിയൊക്കെ നട്ടു പിടിപ്പിച്ചിരിക്കുന്നത്. ഇപ്പോ ഫോട്ടോഗ്രഫി മാത്രമല്ല കൃഷിയും എനിക്ക് ആവേശമാണ്.

“മൂന്നു വര്‍ഷം മുന്‍പാണ് ടെറസ് കൃഷി ആരംഭിക്കുന്നത്. ഒരു ചട്ടിയിലായിരുന്നു ആദ്യ തൈ നട്ടത്. തക്കാളി ചെടിയായിരുന്നു. അങ്ങനെയൊരു തക്കാളിത്തൈ നട്ടതിന് പിന്നിലൊരു സംഭവമുണ്ട്.

“സ്റ്റുഡിയോ ഫ്ലോറില്‍ പാചകത്തിനുള്ള സൗകര്യമൊക്കെയുണ്ട്. ഒരു ദിവസം സാലഡ് ഉണ്ടാക്കാന്‍ വേണ്ടീട്ട് കുറച്ചു പച്ചക്കറിയൊക്കെ കൊണ്ടുവന്നു. സാലഡൊക്കെ ഉണ്ടാക്കിയ ശേഷം ആ പച്ചക്കറി വേസ്റ്റുകളും മറ്റും ഇവിടെയുള്ളൊരു പ്ലാസ്റ്റിക് കൊട്ടയിലേക്കിട്ടു.

“കുറേ ദിവസങ്ങള്‍ക്ക് ശേഷം അതൊക്കെയെടുത്തു കളയാമല്ലോ എന്നു കരുതി നോക്കി. ദാ.. ആ പ്ലാസ്റ്റിക് കുട്ടയില്‍ വിത്ത് മുളച്ചിരിക്കുന്നു. ആ തൈയെടുത്ത് ഒരു ചട്ടിയില്‍ മാറ്റിനട്ടു.

“പരിചരണമൊക്കെ കൊടുത്തതോടെ ആ തൈ ഉഷാറായി. തക്കാളിച്ചെടിയായിരുന്നു, നിറയെ കായ്കളുമുണ്ടായി. അതു കണ്ടപ്പോ വലിയ സന്തോഷമായി. ആ സന്തോഷത്തിലാണ് കുറച്ചു തക്കാളി തൈകള്‍ വാങ്ങി നട്ടു നോക്കുന്നത്.


50 തക്കാളി തൈ ആദ്യം നട്ടു. പിന്നെ അതിന്‍റെ എണ്ണം കൂട്ടിക്കൂട്ടി വന്നു. ഇപ്പോ ഏതാണ്ട് 100-ലേറെ തക്കാളിത്തൈകള്‍ മാത്രമുണ്ട്.


രാമനാട്ടുകര- എയര്‍പോര്‍ട്ട് റോഡില്‍ സഫ ബില്‍ഡിങ്ങില്‍ കാരശ്ശേരി ബാങ്കിന്‍റെ മുകളിലാണ് വൈറ്റ് മാജിക് ഷൂട്ട് ഫ്ലോര്‍.  വലിയൊരു സ്റ്റുഡിയോ ഫ്ലോര്‍ ആണിത്. സാധാരണ സ്റ്റുഡിയോ പോലെ അല്ല, ഡിസൈന്‍ഡ് ഫോട്ടോഗ്രഫിയാണിവിടെ ചെയ്യുന്നത്. നല്ല നീളവും വലുപ്പവുമൊക്കെയുള്ള ഓഫീസിനുള്ളില്‍ വെള്ള നിറത്തിലുള്ള ടൈലാണ് ഇട്ടിരിക്കുന്നത്.

“അപ്പോ പിന്നെ എന്നും കഴുകി തുടയ്ക്കാതെ പറ്റില്ലല്ലോ. വൃത്തിയാക്കാന്‍ കുറേ വെള്ളവും വേണം. വൃത്തിയാക്കിയ ശേഷം കുറേ അഴുക്കുവെള്ളവും കിട്ടുമല്ലോ.

ആദ്യമൊക്കെ ഈ വെള്ളം വെറുതേ ഒഴുക്കിക്കളയുകയായിരുന്നു പതിവ്,” ഷിബി തുടരുന്നു.

“ജലക്ഷാമം നേരിടുന്ന കാലമല്ലേ ഇങ്ങനെ വെള്ളം വെറുതേ കളയേണ്ടി വരുന്നത് നല്ലതല്ലെന്നു തോന്നിയിരുന്നു. ഈ വെള്ളമാണിവിടെ പച്ചക്കറി തൈകള്‍ക്ക് ഒഴിച്ചു കൊടുക്കുന്നത്. അതോടെ തൈയൊക്കെ നല്ല പോലെ വളര്‍ന്നു.”

പക്ഷേ തൈകളുടെ എണ്ണം കൂടിയതോടെ ഫ്ലോര്‍ കഴുകുന്ന വെള്ളം തികയാതെ വന്നു.

“അങ്ങനെ കൂടുതല്‍ വെള്ളത്തിന് മറ്റൊരു വഴി കണ്ടു, ഈ സഫ ബില്‍ഡിങ്ങില്‍ വേറെയും കുറേ സ്ഥാപനങ്ങളുണ്ടല്ലോ. ആ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും വാട്ടര്‍ ടാങ്കുകളുണ്ട്.

“അതില്‍ വെള്ളം നിറയ്ക്കുമ്പോ, മോട്ടോര്‍ ഒഫ് ചെയ്യാതെ ചിലപ്പോഴൊക്കെ കവിഞ്ഞു പോകുമല്ലോ. അങ്ങനെ പോകുന്ന വെള്ളം ശേഖരിക്കാനൊരു ടാങ്ക് വച്ചിട്ടുണ്ട്.

“ഇതിനൊപ്പം മഴവെള്ളവും സംഭരിക്കുന്നുണ്ട്. അടുത്ത വേനലില്‍ അതുപയോഗിക്കാമെന്നാണ് കരുതുന്നത്. ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളമൊക്കെ എന്നും കിട്ടൂല്ലല്ലോ. ഗ്ലാസ് കഴുകിയ വെള്ളമാണെങ്കിലും തൈയുടെ ചുവട്ടിലേ ഒഴിക്കൂ.” ഒരു തുള്ളി വെള്ളം പോലും പാഴാക്കാറില്ലെന്നു ഷിബി.

കൃഷിയ്ക്ക് ആവശ്യമായ ഗ്രോബാഗുകളും വിത്തുമൊക്കെ പുറമേ നിന്നു വാങ്ങിക്കും. പക്ഷേ മണ്ണൊക്കെ ഫ്രീയല്ലേയെന്നു ഷിബി പറയുന്നു. “ഗ്രോബാഗില്‍ നിറയ്ക്കാനുള്ള ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെയുള്ള ഓടയില്‍ നിന്നാണെടുക്കുന്നത്.

“സാധാരണ ഗ്രോബാഗില്‍ മണലും ചകിരിച്ചോറും വളവുമൊക്കെ ചേര്‍ക്കണം. എന്നാല്‍ ഇവിടെ ഗ്രോബാഗില്‍ ഈ മണ്ണ് മാത്രം ഇട്ടാല്‍ മതി.


ഓടയിലൂടെ ഒഴുകി വരുന്ന വെള്ളത്തിലെ മണ്ണ് അടിയുന്നതല്ലേ എടുക്കുന്നത്. ഈ വെള്ളത്തില്‍ മണലും മരത്തിന്‍റെ ചേറുമുണ്ടാകും.


“ഇവിടെ അടുത്തൊരു മരമില്ല് ഉണ്ട്. അതിന്‍റെ ഓരത്തു കൂടിയാണ് ഓടയിലെ വെള്ളം ഒഴുകി വരുന്നത്. മരത്തിന്‍റെ ചേറുണ്ടെങ്കില്‍ പിന്നെ ചകിരിച്ചോറ് വേണ്ട. മാലിന്യമൊക്കെ വീഴുന്ന ഇടമല്ലേ. ആ മാലിന്യത്തിലൂടെ വളവും കിട്ടുന്നുണ്ട്.”

സാധാരണ മണ്ണിലുള്ളതിനെക്കാള്‍ കൂടുതല്‍ മണ്ണിരയുമുണ്ടാകും എന്ന പ്രത്യേകതയുമുണ്ട് ഈ മണ്ണില്‍ ഒരു ബാഗില്‍ നിറയ്ക്കാനുള്ള മണ്ണില്‍ തന്നെ ആയിരക്കണക്കിന് മണ്ണിരയുണ്ടാകാറുണ്ട് എന്ന് ഷിബി. ഈ മണ്ണിലേക്ക് കടലപ്പിണ്ണാക്കും വേപ്പിലപ്പിണ്ണാക്കും എല്ലുപ്പൊടിയും ചാണക്കപ്പൊടിയും കോഴിക്കാഷ്ഠവുമൊക്കെ മിക്സ് ചെയ്തു കൊടുക്കും.

ഈ കൂട്ട് ഗ്രോബാഗില്‍‍ നിറച്ചുവയ്ക്കും. ഒരാഴ്ച ഈ ഗ്രോബാഗ് കൂട്ട് വച്ചതിന് ശേഷമാണ് തൈ നടുന്നത്.

“തൈകള്‍ക്ക് ഫിഷ് അമിനോ ആസിഡ് ഒഴിക്കാറുണ്ട്. വിത്ത് മുളപ്പിച്ച് രണ്ടുമാസത്തിന് ശേഷമാണിത് നല്‍കുന്നത്. തളിച്ചു കൊടുക്കുക മാത്രമല്ല ചെടിയുടെ ചുവട്ടിലൊഴിച്ചും കൊടുക്കാറുണ്ട്.

“പൂക്കാറാകുമ്പോഴാണ് അമിനോ ആസിഡ് തളിച്ചു കൊടുക്കുന്നത്. ഓരോ ആഴ്ച കൂടുമ്പോഴും വേപ്പിലപ്പിണ്ണാക്കും ചാണകവും കടലപ്പിണ്ണാക്കും കൂടി പുളിപ്പിച്ചെടുത്ത മിശ്രിതം വെള്ളം ചേര്‍ത്ത് തൈയ്ക്ക് തളിച്ചു കൊടുക്കും.

“ഗ്രോബാഗില്‍ മണ്ണ് നിറയ്ക്കലും വിത്തു മുളപ്പിക്കലും വളമുണ്ടാക്കലുമൊക്കെ ഈ ടെറസില്‍ തന്നെയാണ് ചെയ്യുന്നത്.”  ഏതാണ്ടൊരു ഏഴു സെന്‍റ് സ്ഥലത്തിന്‍റെ അത്രയും വലിപ്പമുണ്ട് ടെറസിന്.


ഇതുകൂടി വായിക്കാം: ടെറസ് കൃഷിയിലൂടെ സെറിബ്രല്‍ പാള്‍സിയെ തോല്‍പിച്ച് ബി കോമിന് ഒന്നാം റാങ്ക്, ബാങ്കില്‍ മാനേജര്‍: ‘കൃഷി ചികിത്സ’യുടെ അല്‍ഭുതം പങ്കുവെച്ച് അച്ഛനും മകനും


ടെറസ് പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. ബാക്കി ഭാഗത്തേക്ക് കൂടി കൃഷി വ്യാപിപ്പിക്കണമെന്നാണ് ഷിബിയുടെ പ്ലാന്‍.

“പാട്ടയില്‍ വെള്ളമെടുത്താണ് തൈകള്‍ക്ക് ഒഴിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഓരോ ചെടിയുടെയും അടുത്തു പോയി വെള്ളം ഒഴിച്ചും പുഴുക്കളെ നുള്ളിയുമൊക്കെ നില്‍ക്കുന്നത് തന്നെ എനിക്ക് സന്തോഷമാണ്.

“നല്ല വിളവ് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചത്തെ മാത്രം വിളവെടുപ്പാണ് 80 കിലോ തക്കാളി. തക്കാളി ഇനിയുമുണ്ട്. 50 ഗ്രോബാഗില്‍ വഴുതനങ്ങയുണ്ട്. 40 ബാഗുകളിലായി പച്ചമുളകുമുണ്ട്. പാലക് ചീരയും ജിര്‍ ജീര്‍ ഇലയും കൃഷി ചെയ്യുന്നുണ്ട്.

“സ്റ്റുഡിയോയില്‍ വരുന്നവര്‍ക്കു മാത്രമല്ല കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഫ്രീയായിട്ടാണ് പച്ചക്കറി കൊടുക്കുന്നത്. എല്ലാവരും ചോദിക്കുന്നുണ്ട്, എന്തിനാ വെറുതേ കൊടുക്കുന്നേ.. വിലയ്ക്ക് കൊടുത്തുകൂടേയെന്ന്.

“പക്ഷേ പണം വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ നമ്മള് സാമ്പത്തികലാഭം കൂടി നോക്കി കൃഷി ചെയ്യേണ്ട ഒരു സാഹചര്യമാകും.

ഷിബിയുടെ കൃഷിത്തോട്ടത്തില്‍ തക്കാളി കായ്ച്ചു നില്‍ക്കുന്നു

“അപ്പോ കൃത്രിമം ചെയ്യാനുള്ള സാഹചര്യം കൂടും. രാസവളം അടിച്ചാല്‍ കൂടുതല്‍ വിളവ് കിട്ടുമെന്നാകുമ്പോ അങ്ങനെ ഒന്നു ചെയ്താലോ എന്നു തോന്നിപ്പോകും. ഇനിയീപ്പോ വില്‍പ്പനയ്ക്കാണേലും രാസവളം ഉപയോഗിക്കില്ലാട്ടോ… അത് തീരുമാനിച്ചതാണ്. പൂര്‍ണമായും ജൈവകൃഷി മാത്രമേ ചെയ്യൂ.

“കൃഷിയ്ക്ക് എനിക്ക് കാശു ചെലവുണ്ട്. വളം, ഗ്രോ ബാഗുകള്‍, തൈയും വിത്തും ഇതൊക്കെ വാങ്ങണമല്ലോ. പിന്നെ വലിയൊരു തുക ഒരുമിച്ചു വേണ്ടി വരുന്നില്ല എന്നേയുള്ളൂ. അതുകൊണ്ടു കാശ് ചെലവാകുന്നതിനെക്കുറിച്ച് അറിയുന്നില്ല.

4,000 രൂപയോളം ഇതിനായി വേണ്ടി വരുന്നുണ്ട്. പക്ഷേ ഇത്രയും തുക ഒരുമിച്ച് വേണ്ടിവരുന്നില്ലല്ലോ.” ഷിബി പറഞ്ഞു.

കൃഷി ചെയ്തു തുടങ്ങിയതോടെ ഒരുദിവസം പോലും ഇവിടെ നിന്നു മാറി നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഷിബിയ്ക്ക്. “ഒന്നുകില്‍ രാവിലെ നേരത്തെ പോയി നേരത്തെ വരാന്‍ നോക്കും. അല്ലെങ്കില്‍ രാവിലെ തൈയൊക്കെ നനച്ച ശേഷം പോകും. ഫോട്ടോയെടുക്കാനൊക്കെ പോയി വരുമ്പോ രാത്രിയാകും.

“ചില ദിവസങ്ങളില്‍ രാത്രി 12 മണിക്കൊക്കെ തോട്ടം നനയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഏറെ വൈകിയാണ് എത്തുന്നതെങ്കിലും ആ നേരത്ത് തൈ നനയ്ക്കും.

“രാവിലെയും വൈകിയും ഒരു മണിക്കൂര്‍ വീതം ഫ്രീ ടൈം കിട്ടാറുണ്ട്. ആ നേരത്താണ് കൃഷിക്കാര്യങ്ങളൊക്കെ ചെയ്യുന്നത്. ഇനിയീപ്പോ ഫ്രീ ടൈം കിട്ടിയില്ലേലും രാത്രി വര്‍ക്ക് തീര്‍ത്ത ശേഷം കൃഷിക്കാര്യങ്ങള്‍ നോക്കും.

“ഒന്നോ രണ്ടോ ദിവസത്തേക്ക് ദീര്‍ഘയാത്ര വേണ്ടി വന്നാല്‍, ഇവിടെയൊരു ഷൈജു ചേട്ടനുണ്ട്. ആ ആളെ കാര്യങ്ങളൊക്കെ ഏല്‍പ്പിക്കും. അപൂര്‍വമായി മാത്രമേ അതൊക്കെ വേണ്ടി വരുന്നുള്ളൂ.”

ഷിബി എന്നും രാവിലെ അഞ്ചിന് എഴുന്നേല്‍ക്കും, ഓഫീസില്‍ കൃത്യം ഒമ്പത് മണിക്ക് എത്തും. പിന്നെ ഏതാണ്ട് ഒരു മണിക്കൂര്‍ കൃഷിത്തോട്ടത്തില്‍ തന്നെയായിരിക്കും.


 

ബോറടിക്കുമ്പോള്‍ മാത്രമല്ല എന്തേലും ടെന്‍ഷന്‍ വന്നാലും കൃഷിത്തോട്ടത്തിലേക്ക് പോയാല്‍ മതി.. ഒരു ആശ്വാസം കിട്ടും. ടെന്‍ഷനൊക്കെ അകറ്റാം.


“എന്‍റെ മാത്രം അനുഭവമല്ലാട്ടോ. സുഹൃത്തുക്കളും ഇങ്ങനെ ഇവിടെ ടെറസില്‍ വന്നിരിക്കാറുണ്ട്. ഇതുമാത്രമല്ല ഇവിടുത്തെ ടെറസില്‍ തക്കാളിയും പച്ചമുളകും വെണ്ടയുമൊക്കെ കായ്ച്ചു നില്‍ക്കണത് കണ്ടിട്ട് പലരും ഇവിടെ കൃഷി ചെയ്യണമെന്നു പറയാറുണ്ട്. അവര്‍ക്ക് എനിക്കറിയാവുന്ന കൃഷിക്കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും.

“തൈയും വിത്തുമൊക്കെ നല്‍കാറുമുണ്ട്. പച്ചക്കറി മാത്രമല്ല തൈയും വിത്തുമൊക്കെ സൗജന്യമായിട്ടാണ് നല്‍കുന്നത്. അങ്ങനെ വിത്തു വാങ്ങിയ കൂട്ടുകാരൊക്കെ ഇപ്പോ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.”

ടെറസ് കൃഷി വിജയിച്ചതോടെ  ജൈവകൃഷി വിപുലമാക്കാനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍. ഇനി കുറച്ചു ഭൂമിയില്‍ എല്ലാത്തരം ക‍ൃഷിയും ചെയ്യാനാണ് പദ്ധതി. “കാശൊന്നും വാങ്ങാതെ സ്ഥലം നല്‍കാനൊരാളുണ്ട്.”

സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമ ഹാജിയാരാണ് സ്ഥലം ഫ്രീയായി കൃഷി ചെയ്യാന്‍ നല്‍കുന്നതെന്നു ഷിബി.

“പണം ഒന്നും വാങ്ങാതെ അവരുടെ വെറുതേ കിടക്കുന്ന പറമ്പില്‍ എനിക്ക് കൃഷി ചെയ്യാം, അത്ര മാത്രം.

“എന്‍റെ നല്ല സുഹൃത്താണ്. അദ്ദേഹത്തിന്‍റെ മകന്‍ ഷെഫീഖും അടുത്ത സുഹൃത്താണ്. ഇവരുടെ പിന്തുണയും കൂടിയുണ്ട്. രാമനാട്ടുകര വലിയങ്ങാടി പരിസരത്താണ് ഈ കൃഷി ആരംഭിക്കുന്നത്. പെട്ടെന്നല്ല, കുറച്ചു സമയമെടുത്താകും ഈ പറമ്പില്‍ കൃഷി ആരംഭിക്കുക.

“…വീട്ടില്‍ ഔഷധസസ്യങ്ങള്‍ വളര്‍ത്തിയിരുന്നു. അച്ഛന്‍ ഡോ.ബാലഗംഗാധരന്‍ ആയൂര്‍വേദ ഡോക്റ്ററായിരുന്നു. വൈദ്യര്‍ കുടുംബമാണ്. അച്ഛന്‍ മരിച്ചു.

“അമ്മയുടെ പേര് ദാക്ഷായണി. പിന്നെ രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. …

“ഞങ്ങള്‍ക്കൊരു ആയൂര്‍വേദ കമ്പനിയുണ്ടായിരുന്നു. ഒരു ഔഷധത്തോട്ടവും. അച്ഛന്‍ സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. വിരമിച്ച ശേഷമാണ് കമ്പനി ആരംഭിക്കുന്നത്.

“ആ പറമ്പില്‍ ഔഷധങ്ങള്‍ക്കൊപ്പം കുറച്ചു വെണ്ടയ്ക്കയും തക്കാളിയുമൊക്കെ നട്ടിരുന്നു. ഇതൊക്കെ കുറേ വര്‍ഷം മുന്‍പാണ്. ഏതാണ്ടൊരു പതിനഞ്ച് വര്‍ഷം മുന്‍പായിരിക്കും.” ഇതല്ലാതെ കൃഷിയിലൊരു മുന്‍പരിചയവുമില്ലെനിക്കെന്നു പറയുന്നു ഈ കര്‍ഷകന്‍.

സുഹൃത്ത് ഷെഫീഖിനൊപ്പം ഷിബി

“പത്താം ക്ലാസ് കഴിഞ്ഞ ശേഷം അച്ഛന്‍റെ ആയൂര്‍വേദ മരുന്ന് കമ്പനിയിലേക്ക് പോയി.” ഫോട്ടോഗ്രഫറാകും മുന്‍പുള്ള ജീവിതത്തെക്കുറിച്ച് ഷിബി.

“എസ് എസ് എല്‍സി ഫസ്റ്റ് ക്ലാസില്‍ പൊട്ടിയതോടെയാണ് മരുന്ന് കമ്പനിയിലേക്ക് പോകുന്നത്. ഏതാണ്ടൊരു എട്ട് വര്‍ഷം മരുന്ന് കമ്പനിയില്‍ തന്നെയായിരുന്നു. പിന്നെ ഇതിനിടയില്‍ മരുന്ന് ബിസിനസ് ചെറിയൊരു നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരുന്നു.”

പക്ഷേ കമ്പനിയിലെ ജോലിയ്ക്കൊപ്പം ഷിബി ഫോട്ടോഗ്രഫി ചെയ്യുന്നുണ്ടായിരുന്നു.

“മരുന്നു കമ്പനിയിലെ ജോലിയൊക്കെ അവസാനിപ്പിച്ച് ഫോട്ടോഗ്രഫിയില്‍ സജീവമായി. ചിത്രഭൂമിയിലെ പ്രവീണ്‍ കുമാര്‍ എന്ന ഫോട്ടോഗ്രഫറുടെ അസിസ്റ്റന്‍റായിരുന്നു.

“സംവിധായകന്‍ രൂപേഷ് പോളിനൊപ്പം രണ്ട് സിനിമകളിലും ഇന്‍ഡ്യ റ്റുഡേയ്ക്ക് വേണ്ടി നാലു വര്‍ഷം ഫ്രീലാന്‍സ് ഫോട്ടോഗ്രഫിയും ചെയ്തു. ഇങ്ങനെ തുടരുന്നതിനിടയിലാണ് സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചത്.

“ഫോട്ടോഗ്രഫി മാത്രമല്ല കൃഷിയും ഇനി എന്‍റെ കൂടെയുണ്ടാകും” ഷിബി ഉറപ്പിച്ചു പറയുന്നു.


ഇതുകൂടി വായിക്കാം: 1,500 രൂപയ്ക്ക് മഴവെള്ളം ഫില്‍റ്റര്‍ ചെയ്ത് കിണര്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ മുന്‍ സി ആര്‍ പി എഫുകാരന്‍റെ എളുപ്പവിദ്യ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം