പി എസ് സി പഠനത്തിനിടയില്‍ പോക്കറ്റ് മണിക്കായി തുടങ്ങിയ കൃഷി തലയ്ക്കു പിടിച്ചപ്പോള്‍

ബിരുദ പഠനമൊക്കെ കഴിഞ്ഞ് സര്‍ക്കാര്‍ ജോലി സ്വന്തമാക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടയില്‍ അവിചാരിതമായാണ് ഇവര്‍ കൃഷയിലേക്ക് വരുന്നത്

ര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് നടന്നവരാണ് പാലക്കാട്ടുകാരായ അസറദ്ദീനും ഷെരീഫും. എന്നാല്‍ അവര്‍ എത്തിപ്പെട്ടത് കൃഷിയിലാണ്.

പി എസ് സി പഠനത്തിനായിരുന്നു ഊന്നല്‍. അതുകൊണ്ട് കൃഷിയുടെ പാഠങ്ങള്‍ ഒന്നും പഠിച്ചിട്ടില്ലായിരുന്നു.

അതിനിടയില്‍ നെല്‍പാടത്തേക്കും പച്ചക്കറിയിലേക്കും അവര്‍ ശ്രദ്ധ തിരിച്ചു.

ബിരുദ പഠനമൊക്കെ കഴിഞ്ഞ് സര്‍ക്കാര്‍ ജോലി സ്വന്തമാക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടയില്‍ അവിചാരിതമായാണ് കൃഷിയിലേക്ക് വന്നതെന്നു അവര്‍ പറയുന്നു.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി എസ് സി പരിശീലനക്ലാസുകള്‍ക്കിടയില്‍ ചെറിയൊരു പോക്കറ്റ് മണി, അത് മാത്രമായിരുന്നു മനസില്‍.

എന്നാല്‍ ഇപ്പോള്‍ നെല്ലും പച്ചക്കറിയും മാത്രം പോരാ… ആടും കോഴിയും പശുവുമൊക്കെയുള്ള സമ്മിശ്ര കൃഷി ചെയ്യാനാണ് അസറുദ്ദീനും ഷെരീഫും ആഗ്രഹിക്കുന്നത്.

സ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ് ചിറ്റൂര്‍ അത്തിക്കോട് വടകരക്കളം സ്വദേശികളായ 27-കാരന്‍ അസറുദ്ദീനും 22-കാരന്‍ ഷെഫീഖും.

“എന്‍റെ ഉമ്മയുടെ സഹോദരന്‍റെ മകനാണ് ഷെരീഫ്. ഞങ്ങളുടെ വീട് തമ്മില്‍ ഒന്നര കിലോമീറ്റര്‍ അകലമേയുള്ളൂ,” അസറുദ്ദീന്‍ പറയുന്നു. “കാര്‍ഷിക കുടുംബമാണെങ്കിലും കൃഷിക്കാര്യങ്ങളില്‍ അത്ര പരിചയമില്ലായിരുന്നു.”

ഒരു പാര്‍ട് ടൈം പണി എന്ന നിലയ്ക്ക് തുടങ്ങിയതിനാല്‍ പടവലം മാത്രമാണ് ആദ്യകാലത്ത് ചെയ്തിരുന്നത്. കൃഷി തലയ്ക്ക് പിടിച്ചത് ഈയടുത്താണ് എന്ന് അവര്‍ പറയുന്നു.

“ഇപ്പോ പടവലം മാത്രമല്ല എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പാവല്‍, ചീര, വെണ്ടയ്ക്ക, പീച്ചിങ്ങ, പയര്‍ ഇതൊക്കെയുണ്ട്. ഇതൊക്കെ മുക്കാല്‍ഭാഗവും വിളവെടുത്തു കഴിഞ്ഞു. ഇനി ചേനയും മറ്റും നടണമെന്നു തീരുമാനിച്ചിരിക്കുകയാണ്. കുറച്ച് വാഴയും കൃഷി ചെയ്യുന്നുണ്ട്. 100 ഞാലിപ്പൂവന്‍ തൈകളാണ് നട്ടിരിക്കുന്നത്.”

ഷെരീഫ് പച്ചക്കറി തോട്ടത്തില്‍

പലയിടത്തായി കിടക്കുന്ന തറവാട് വക ഭൂമിയില്‍ തരിശ് കിടന്നിരുന്ന രണ്ടരയേക്കറിലാണ് പച്ചക്കറി കൃഷി തുടങ്ങിയത്. പടവലം കൃഷി നല്‍കിയ ആത്മവിശ്വാസത്തില്‍ മറ്റു കൃഷികളിലേക്ക് കടക്കുകയായിരുന്നു.

“കൃഷിയൊക്കെ കണ്ടു വളര്‍ന്നവരാണ് ഞങ്ങള്‍. പക്ഷേ കൃഷി ചെയ്തിരുന്നില്ല. ആദ്യമൊന്നും ഒരു പിടിയും ഇല്ലായിരുന്നു. മെല്ലെമെല്ലെയാണ് ഓരോന്ന് പഠിച്ചെടുത്തത്. വിളവുകള്‍ നാട്ടില്‍ തന്നെയുള്ള കടകളിലും പാലക്കാട് ടൗണിലെ മാര്‍ക്കറ്റിലുമാണ് വിറ്റിരുന്നത്,” അസറുദ്ദീന്‍ തുടരുന്നു.

“ഇവിടെ തന്നെയുള്ള കടകളിലേക്ക് കൊടുത്തിട്ടും പിന്നെയും വിളകള്‍ ബാക്കി വന്നതോടെയാണ് ചന്തയിലേക്ക് നല്‍കുന്നത്. കടകളിലേക്ക് 40 കിലോയൊക്കെ പോകുകയുള്ളൂ.

“അതിലും കൂടുതല്‍ വിളവ് കിട്ടി തുടങ്ങിയതോടെയാണ് പാലക്കാട്  മാര്‍ക്കറ്റിലേക്ക് നല്‍കുന്നത്. അവിടെ മറ്റൊരു ഗുണമുണ്ട്. ന്യായമായ വില നാട്ടിലും കിട്ടുമായിരുന്നു. ടൗണില്‍ നമ്മള്‍ കൊണ്ടുപോകുന്ന വിളകള്‍ പൂര്‍ണമായും വില്‍ക്കാന്‍ കഴിയും,” അസറുദ്ദീന്‍ പറയുന്നു.

എന്നാല്‍ കൊറോണയും ലോക്ക് ഡൗണും വന്നതോടെ സ്ഥിതി മാറി. ചന്തയില്‍ വില്‍ക്കാനാവാതെ പച്ചക്കറികളെല്ലാം ബാക്കിയായി. അതോടെ രണ്ട് ചങ്ങാതിമാരും ആവശ്യക്കാരുടെ വീടുകളില്‍ പച്ചക്കറി എത്തിച്ചു കൊടുക്കാന്‍ തുടങ്ങി.

“എല്ലാ വീടുകളിലും കയറിയിറങ്ങി വില്‍ക്കുകയല്ല. ആവശ്യക്കാര്‍ക്ക് വീട്ടുപടിക്കല്‍ പച്ചക്കറികള്‍ അടങ്ങിയ കിറ്റ് എത്തിച്ചു നല്‍കും. ഞങ്ങളുടെ കൃഷിത്തോട്ടത്തിലുള്ളതൊക്കെയും ഇങ്ങനെ വീടുകളില്‍ കൊണ്ടുനല്‍കുന്നുണ്ട്,” ഷെരീഫ് പറയുന്നു.

“ഏത് പച്ചക്കറി വേണമെന്നു ആവശ്യക്കാര്‍ മുന്‍കൂട്ടി അറിയിക്കും. അതിന് അനുസരിച്ച് കടലാസ് കവറുകളിലാക്കി കൊണ്ടുകൊടുക്കും.”

വിളവെടുപ്പിന് ശേഷം

ഒരു ദിവസം ഇടവിട്ടാണ് വിളവെടുപ്പ്. ചിറ്റൂര്‍, പൊല്‍പ്പള്ളി ഭാഗങ്ങളിലെ വീടുകളിലാണ് അധികവും വില്‍ക്കുന്നത്.

“ആഴ്ചയില്‍ മൂന്നു ദിവസം മൂന്നു സ്ഥലങ്ങളിലായാണ് വില്‍പ്പന. ചില ദിവസങ്ങളില്‍ മാര്‍ക്കറ്റിലേക്ക് പച്ചക്കറി നല്‍കാറുണ്ടിപ്പോഴും. പടവലം 80-100 കിലോ വിളവ് കിട്ടുന്ന ദിവസങ്ങളുണ്ട്,”  ഷെരീഫ്  തുടരുന്നു.

“ആ ദിവസങ്ങളില്‍ വീടുകളില്‍ കൊണ്ടുവില്‍ക്കുന്നത് നഷ്ടമാണ്. അന്നേരം പാലക്കാട് മാര്‍ക്കറ്റില്‍ വില്‍ക്കും. പക്ഷേ, പയറും വെണ്ടയും അത്രയും അളവ് ഇല്ല. 15 കിലോ പയറും പത്ത് കിലോ വെണ്ടയും അഞ്ച് കിലോ വഴുതനങ്ങയുമൊക്കെയാകും വിളവെടുക്കുന്നത്.”

ഇടനിലക്കാര് വരുമ്പോഴാണ് കര്‍ഷകര്‍ക്ക് ലാഭം കുറയുന്നത് എന്ന് അവര്‍ അനുഭവത്തില്‍ നിന്ന് പറയുന്നു. “ഇതിപ്പോ ഞങ്ങള്‍ രണ്ടാളേ ഉള്ളൂ. കടയില്‍ 40 രൂപയുള്ള പച്ചക്കറിക്ക് 30 രൂപയ്ക്ക് നല്‍കാനാകുന്നുണ്ട്,” ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

നെല്ലിനും പച്ചക്കറിയ്ക്കും പുറമേ ആട് ഫാം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവകര്‍ഷകര്‍.

“കൃഷി വിപുലമാക്കണമെന്നൊക്കെയുണ്ട്. പക്ഷേ അത്രയും ഫണ്ട് കൈയില്‍ ഇല്ലല്ലോ,” എന്ന് അസറുദ്ദീന്‍. കൃഷിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടുതന്നെ കാര്യങ്ങള്‍ കൂടുതല്‍ ഉഷാറാക്കാനാണ് അവരുടെ പദ്ധതി.

“അതിന്‍റെ ഭാഗമായി ആട് കൃഷിക്ക് തുടക്കമിട്ടിട്ടുണ്ട്. തുടക്കമെന്ന നിലയ്ക്ക് രണ്ട് പെണ്ണാടും അവരുടെ നാലു ആട്ടിന്‍ക്കുട്ടികളുമാണുള്ളത്.”


ഇതുകൂടി വായിക്കാം:മഞ്ജു വാര്യരുടെ സിനിമ കണ്ട ആവേശത്തില്‍ ടെക്നോപാര്‍ക്കിലെ ജോലി രാജിവെച്ച മുന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്‍റെ കൃഷിവിശേഷങ്ങള്‍


അഞ്ചാറ് മാസത്തിനുള്ളില്‍ ആട് ഫാം കളറാക്കണം, വൈകാതെ കോഴിക്കൃഷിയും തുടങ്ങണം…അങ്ങനെ പോകുന്നു അവരുടെ സ്വപ്നപദ്ധതികള്‍.

“സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്ന ഞങ്ങള്‍ രണ്ടാളും കൃഷിയ്ക്ക് ഇറങ്ങിയപ്പോ എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. കൃഷിയില്‍ നിന്ന് നല്ല വരുമാനം കിട്ടുകയില്ലെന്നതാണ് പ്രശ്നം.

“സ്ഥിരവരുമാനമുണ്ടാകില്ല വേറെ എന്തെങ്കിലും ജോലി നോക്ക് എന്നു സ്ഥിരം പറയുമായിരുന്നു. നിങ്ങള്‍ക്ക് വേറെ വല്ല ജോബിനും പോയ്കൂടെ എന്നു ചില നാട്ടുകാര് ചോദിച്ചിരുന്നു,” എന്ന് അസറുദ്ദീന്‍.

“ആ എതിര്‍പ്പുകള്‍ തരണം ചെയ്തുവെന്നല്ല, അതൊന്നും മൈന്‍ഡ് ചെയ്യാതെ വന്നതോടെ എല്ലാവരും എതിര്‍പ്പുകളൊക്കെ അവസാനിപ്പിച്ചുവെന്നതാണ് സത്യം. ഇപ്പോ കുടുംബത്തിന്‍റെ മാത്രമല്ല, കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ട്.”

രണ്ടുപേരും രാവിലെ ആറു മണിക്ക് കൃഷിപ്പണിക്ക് ഇറങ്ങും. 11മണിയോടെ അതൊക്കെ തീര്‍ത്ത് വീട്ടിലേക്ക് പോകും. പിന്നെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ വീണ്ടും പറമ്പിലേക്ക്. ഇതാണിപ്പോള്‍ രണ്ടുപേരുടേയും രീതി.

“ഇപ്പോ കൃഷി തന്നെയാണ് മുഖ്യം. ലോക്ക് ഡൗണ്‍ വന്ന ശേഷം പി എസ് സി പഠനം നടക്കുന്നില്ല. അതിനു മുന്‍പ് എന്നും പിഎസ് സി കോച്ചിങ് ക്ലാസിന് പോകുമായിരുന്നു.

“ക്ലാസ് കഴിഞ്ഞ തിരികെ വീട്ടിലെത്തിയാലും പഠിക്കാനിരിക്കും. പക്ഷേ ഇപ്പോ അതൊന്നുമില്ല. പുസ്തകം തൊടുന്നേയില്ല. പാടത്തും പറമ്പിലുമായി അലഞ്ഞു നടക്കുകയാണ്. വീട്ടില്‍ കയറുമ്പോ തന്നെ രാത്രി പത്ത് മണിയാകും,” എന്ന് അസറുദ്ദീന്‍.

അസറുദ്ദീന്‍ കൃഷിത്തോട്ടത്തില്‍

“എന്‍റെ ഉപ്പ ഷംസുദ്ദീനൊപ്പമാണ് ഞങ്ങള്‍ നെല്‍കൃഷി ചെയ്യുന്നത്,” ഷെരീഫ് തുടരുന്നു. എട്ടേക്കറിലാണ് നെല്‍കൃഷി. കുറച്ചു കഷ്ടപ്പെട്ടാല്‍ കൃഷിയിലൂടെയും മികച്ച വരുമാനം നേടാമെന്നു മനസിലായതോടെയാണ് കൃഷിയില്‍ സജീവമാകുന്നത്. ഉപ്പയും കര്‍ഷകനാണ്. പിന്നെയൊരു പലചരക്ക് കടയമുണ്ട്.

“ഉപ്പയ്ക്ക് കടയുടെ കാര്യങ്ങളൊക്കെയുള്ളത് കൊണ്ട് മുഴുവന്‍ സമയവും കൃഷിക്കാര്യങ്ങള്‍ നോക്കാനാകില്ല. ഞങ്ങള്‍ കൃഷികാര്യങ്ങളൊക്കെ നോക്കുന്നുണ്ട്.

“നെല്‍കൃഷിയ്ക്ക് പണിക്കാരുണ്ട്. പച്ചക്കറി ഞങ്ങള്‍ രണ്ടാളും കൂടിയാണ് ചെയ്യുന്നത്. അസറുദ്ദീനിക്കയും ഞാനും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയല്ലേ… പരസ്പരം മനസിലാക്കി പോകാമെന്ന ഗുണമുണ്ട്. സാബിറയാണ് ഉമ്മ. ഒരു ഇക്കയുണ്ട് ഷെമീര്‍. ആളും ഞങ്ങള്‍ക്കൊപ്പം കൃഷിയ്ക്ക് സഹായിക്കാറുണ്ട്,” ഷെരീഫ് പറഞ്ഞു.


ഇതുകൂടി വായിക്കാം:ടോര്‍ച്ച് വെളിച്ചത്തിലെ സിസേറിയന്‍! 34 വര്‍ഷം, ലക്ഷത്തിലേറെ പ്രസവങ്ങള്‍ക്ക് കാവലാള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം