31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്‍കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍

പ്രസിലെ 27 ജീവനക്കാരുടെ ആ തീരുമാനത്തില്‍ ആശ്വസിച്ചത് കുറേയേറെ പ്രവാസികളാണ്.

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പേ തന്നെ കൊച്ചിക്കാരി ബന്‍സീന തന്‍റെ പ്രസിലെ ജീവനക്കാരോട് സുരക്ഷിതരായി വീട്ടിലിരിക്കണമെന്നും തല്‍ക്കാലം ജോലിക്ക് വരേണ്ടെന്നും പറഞ്ഞു. ഏതാണ്ട് രണ്ട് മാസം ബെന്‍ജീനയുടെ പ്രസിലെ ജീവനക്കാരെല്ലാം ഓഫിസില്‍ വരാതെ വീടുകളില്‍ തന്നെയായിരുന്നു.

കൊറോണക്കാലത്ത് പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ വരാപ്പുഴ കൂനമ്മാവ് ജെ ജെ ജെ മറിയാമ്മ പാപ്പച്ചന്‍ മെമ്മോറിയല്‍ പ്രസിലെ ആര്‍ക്കും ജോലിയും ശമ്പളവും നഷ്ടമായില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ ശമ്പളം ബെന്‍ജീന കൃത്യമായി നല്‍കുകയും ചെയ്തു.

പ്രസ് ഉടമ ബെന്‍ജീന

എന്നാല്‍ ജോലി ചെയ്യാതെ വെറുതേ ശമ്പളം വാങ്ങിയതിന്‍റെ സങ്കടത്തിലായിരുന്നു ബെന്‍ജീനയുടെ ഓഫിസിലെ ജോലിക്കാര്‍. അങ്ങനെയാണവര്‍ ശമ്പളത്തിന്‍റെ ഒരു പങ്ക് പ്രസ് ഉടമയ്ക്ക് തന്നെ തിരിച്ച് നല്‍കാന്‍ തീരുമാനിക്കുന്നത്.

ആ ജീവനക്കാരുടെ തീരുമാനം അത്ര നിസ്സാരമായിരുന്നില്ല. സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന പ്രസിലെ 27 ജീവനക്കാരുടെ ആ തീരുമാനത്തില്‍ ആശ്വസിച്ചത് കുറേയേറെ പ്രവാസികളാണ്.

ദുരിതകാലത്ത് നാട്ടിലേക്ക് വരാനാകാതെ ബുദ്ധിമുട്ടിയ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാനുള്ള വാതില്‍ തുറന്നത് സാധാരണക്കാരായ ഈ 27 പേരാണ്.

ഈ ജീവനക്കാരുടെ സഹകരണത്തോടെ ബെന്‍ജീനയുടെ നേതൃത്വത്തില്‍ 67 പ്രവാസികള്‍ക്കാണ് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് നല്‍കിയത്.

ജീവനക്കാര്‍ 2,000 രൂപ വീതം പിരിച്ചെടുത്ത് ആ തുക ബെല്‍ജീനയ്ക്ക് നല്‍കി. ലോക്ക് ഡൗണില്‍ ജോലി ഇല്ലാതെ കഷ്ടപ്പെട്ടവരൊക്കെയില്ലേ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഈ തുക കൈമാറിയത്.

പണവും കൊണ്ട് ബെന്‍ജീനയുടെ അടുക്കല്‍ ജീവനക്കാരെത്തുമ്പോഴാണ് അവര്‍ പോലും ഇക്കാര്യം അറിയുന്നത്. “ഈ കാശ് കഷ്ടപ്പെടുന്നവര്‍ക്ക് കൊടുക്കണമെന്ന് അവര് പറഞ്ഞത് കേട്ട് ഞാനാകെ അത്ഭുതപ്പെട്ടു പോയി.

“തല്‍ക്കാലം നിങ്ങളിത് കൈയില്‍ തന്നെ സൂക്ഷിക്കൂ. അര്‍ഹതപ്പെട്ടവരെ കണ്ടുപിടിക്കാമെന്നു പറഞ്ഞ് കാശ് വാങ്ങിയില്ല,” ബെന്‍ജീന ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

ഉള്ളതില്‍ ഒരു പങ്ക് നീട്ടിക്കൊണ്ട് ജീവനക്കാര്‍ പറഞ്ഞ വാക്കുകളാണ് ബെന്‍ജീനയെയും ചിന്തിപ്പിച്ചത്. ലോക്ക് ഡൗണില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങളൊക്കെ വാങ്ങി നല്‍കാമെന്നാണ് ഇവര്‍ തീരുമാനിച്ചത്.

72 കുടുംബങ്ങള്‍ക്കാണ് ഇവരുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ നല്‍കിയത്. “ജീവനക്കാര്‍ കൊണ്ടുവന്ന തുകയില്‍ കുറച്ചു മാത്രമേ ഞാന്‍ വാങ്ങിച്ചുള്ളൂ. അവരുടെ സന്തോഷത്തിന് വേണ്ടി മാത്രമാണ് കുറച്ചു തുകയെങ്കിലും വാങ്ങിയത്. ബാക്കി തുക ഞാനും നല്‍കിയാണ് ഇത്രയും കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കിയത്. ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്‍റെ ജീവനക്കാരാണ്,” പറയുന്നു.

ബെന്‍ജീനയും പ്രസിലെ സഹപ്രവര്‍ത്തകരും

“പൊതുവേ എല്ലാവരും കഷ്ടപ്പാടുകള്‍ നേരിടുന്ന കാലമല്ലേ. സാധിക്കുന്ന പോലെ എന്തെങ്കിലും സഹായങ്ങള്‍ ചെയ്യണമെന്നു തോന്നി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാമെന്നാണ് ആലോചിച്ചത്.

“പക്ഷേ, ആ സമയത്താണ് ഫേസ്ബുക്കില്‍ ഒരു പ്രവാസിയുടെ വിഡിയോ കാണുന്നത്. ടിക്കറ്റ് എടുക്കാന്‍ കാശില്ലാതെ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരാനാകാതെ നില്‍ക്കുകയാണ് അയാള്‍. എംബസിയില്‍ നിന്ന് വിളി വന്നിട്ടും ടിക്കറ്റ് എടുക്കാന്‍ കാശില്ലെന്നു പറഞ്ഞ് കരയുന്ന ആ മനുഷ്യന്‍റെ വിഡിയോ കണ്ടപ്പോ സങ്കടം തോന്നി. പ്രവാസി എന്നു പറഞ്ഞാല്‍ കൈനിറയെ പണമൊക്കെയുള്ളവരാണെന്നാണ് എന്‍റെ ധാരണ.

“ഇങ്ങനെയുള്ള സാഹചര്യമൊക്കെയുള്ളവരാണെന്നു അറിയില്ലായിരുന്നു. അതെന്നെ വല്ലാതെ സ്വാധീനിച്ചു. ഇയാളെപ്പോലെ വേറെ ഒന്നു രണ്ടു പേരെങ്ങാനും ഉണ്ടായേക്കാം എന്നാണ് തോന്നിയത്.

“പ്രവാസികളൊക്കെ നല്ല നിലയിലാകുമെന്ന വിശ്വാസത്തിലാകും ഞാനങ്ങനെ ചിന്തിച്ചത്. എന്നാപ്പിന്നെ അവര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയാലോ. വളരെ പെട്ടെന്ന് മനസില്‍ തോന്നിയതാണിത്. അക്കാര്യം ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

“വിദേശത്ത് നിന്ന് നാട്ടിലേക്കെത്താനാഗ്രഹിക്കുന്ന അഞ്ചാളുകള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കാമെന്നാണ് പറഞ്ഞത്. പക്ഷേ, പ്രതീക്ഷിക്കാതെ ഒരുപാട് കോളുകള്‍ വന്നു.

“പത്തും ഇരുപതുമല്ല നൂറുക്കണക്കിന് ആളുകളാണ് വിളിച്ചത്. അതുകണ്ടപ്പോ എനിക്ക് തോന്നി, ഇത് എന്‍റെ കൈയില്‍ നില്‍ക്കില്ലെന്ന്. ഈ വന്ന ഫോണ്‍ വിളികളില്‍ നിന്നൊക്കെ 35 പേരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു.

“അഞ്ച് പേരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് ടിക്കറ്റ് കൊടുത്തു. പക്ഷേ, ആളുകള്‍ പിന്നെയും വിളിച്ചു കൊണ്ടിരുന്നു. വിദേശത്തുള്ളവരും നാട്ടിലെ അവരുടെ ബന്ധുക്കളുമൊക്കെയാണ് വിളിക്കുന്നത്.”

അങ്ങനെ അഞ്ച് എന്നത് ആറായി, ഏഴായി. ഒടുവില്‍ 31 പേര്‍ക്കാണ് വിദേശത്ത് നിന്നു നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് എടുത്തു കൊടുത്തത്. ഓള്‍ കേരള പ്രവാസി മലയാളി അസോസിയേഷനിലൂടെയാണ് സഹായം ചെയ്തത്.

“എന്നാല്‍ എന്നെ വളരെ സന്തോഷിപ്പിച്ച മറ്റൊരു കാര്യമുണ്ട്. ഫേസ്ബുക്കിലെ പോസ്റ്റ് കണ്ട് ഞങ്ങളും ഇതിനൊപ്പം കൂടാം ചേച്ചി എന്നു പറഞ്ഞു ഒപ്പം നിന്നവരുണ്ട്.

“പത്ത് പന്ത്രണ്ട് പേരാണ് എന്നെ സഹായിക്കാനെത്തിയത്. അവരോട് പറഞ്ഞത്, ആവശ്യക്കാരുടെ ലിസ്റ്റും മറ്റും നല്‍കാം. നിങ്ങള്‍ നേരിട്ട് സംസാരിച്ച് ടിക്കറ്റ് നല്‍കികൊള്ളൂ, അന്വേഷിച്ച് അര്‍ഹതപ്പെട്ടവരെന്നു തോന്നിയാല്‍ കൊടുത്തുകൊള്ളൂ എന്നാണ്.

“അങ്ങനെ ആവശ്യക്കാരെയും ഇവരെയും തമ്മില്‍ ഞാന്‍ ബന്ധപ്പെടുത്തിക്കൊടുത്തു. ഇവരാണ് ബാക്കി 36 പേര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയത്. ഇത്രയും പേരുടെ പിന്തുണ കിട്ടുമെന്നോ ഇത്രയേറെ പേര്‍ക്ക് ടിക്കറ്റ് നല്‍കാനാകുമെന്നോ അവരൊക്കെ വിളിച്ച് നന്ദി പറയുമെന്നോ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.


ഇതുകൂടി വായിക്കാം:കൊറോണക്കാലം; കൃഷിയിറക്കാന്‍ ഭൂമി ചോദിച്ച് വിളിച്ചത് നടന്‍ ജോയ് മാത്യുവിനെ, ഒറ്റക്കണ്ടീഷനില്‍ സമ്മതം നല്‍കി താരം


“ടിക്കറ്റ് എടുത്ത് നല്‍കാന്‍ തയാറായി ഒരുപാട് പേരാണിപ്പോള്‍ മുന്നോട്ട് വരുന്നത്. ഞാന്‍ ചെയ്ത പ്രവര്‍ത്തി കണ്ട് ഇതുപോലെ ചെയ്യുന്നുണ്ട്,” ഈ പ്രവൃത്തിയില്‍ നിന്ന് തനിക്കു കിട്ടിയ വലിയ സന്തോഷമിതാണെന്നും ബെന്‍ജീന.

“31 പേര്‍ക്കാണ് ഞാന്‍ നേരിട്ട് ടിക്കറ്റ് എടുത്തു കൊടുത്തത്. എന്നാല്‍ എത്ര രൂപ ചെലവഴിച്ചുവെന്ന കണക്ക് ഒന്നും നോക്കിയിട്ടില്ല. ഏതാണ്ട് അഞ്ച് ലക്ഷത്തിന് മുകളില്‍ തുക ചെലവാക്കിയിട്ടുണ്ടാകും,” ബെന്‍ജീന തുടരുന്നു.

“വന്ദേ ഭാരത് മിഷന്‍റെ വിമാന ടിക്കറ്റിന് 16,000 രൂപയൊക്കെ വന്നുള്ളൂ. പക്ഷേ, അതില്‍ കുറച്ചു ടിക്കറ്റുകള്‍ മാത്രമേ എടുത്തുള്ളൂ. അപ്പോഴേക്കും ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ വന്നിരുന്നു.

“ടിക്കറ്റ് കിട്ടി നാട്ടില്‍ വന്നവരൊക്കെ എന്നെ വിളിക്കുകയും സന്തോഷവും നന്ദിയുമൊക്കെ അറിയിക്കുകയും ചെയ്തു. ചിലരൊക്കെ പറഞ്ഞത്, കൊറോണയൊക്കെ മാറട്ടെ നേരില്‍ വന്നു ചേച്ചിയെ കാണുമെന്നാണ്.

“എന്നാല്‍ ടിക്കറ്റ് വേണ്ട വീട്ടിലെ കാര്യമൊന്നു നോക്കിയാ മതിയെന്നു വിളിച്ചു പറഞ്ഞവരുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോ ഞാനോര്‍ക്കും, ഞാന്‍ ഈ നല്ല വാക്കുകള്‍ അര്‍ഹിക്കുന്നുണ്ടോ അത്രമാത്രം എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നൊക്കെ തോന്നും.

“ആരോ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യാന്‍ പ്രേരിപ്പിച്ചതാണ്. ഒരു ടിക്കറ്റ് റെഡിയാക്കിയ ശേഷം ഇനി എന്നെക്കൊണ്ട് സാധിക്കുമോ എന്നു സംശയിച്ച് നിന്നിട്ടുണ്ട്. പക്ഷേ, ഇത്രയും പേര്‍ക്ക് കൊടുക്കാനായി.

“അങ്ങനെ ചിലരെയൊക്കെ പണം നല്‍കിയും സഹായിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് കിഡ്നി സംബന്ധമായ അസുഖമാണ്. അവര്‍ക്ക് ഒരു കട ഇട്ടു കൊടുത്തിട്ടുണ്ട്.

“ആദ്യമൊക്കെ വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. പിന്നെ അഞ്ച് എണ്ണത്തില്‍ നിന്നും കൂടുതല്‍ പേരിലേക്ക് പോയതോടെ എന്‍റെ കൈയില്‍ നില്‍ക്കില്ലെന്ന ഒരു തോന്നാല്‍ അവര്‍ക്ക് വന്നു.

“ഇത് മാത്രമല്ല പ്രസിലെ 27 ജീവനക്കാരുടെ കാര്യവും നോക്കേണ്ടതല്ലേ. അങ്ങനെ ചെറിയൊരു നിയന്ത്രണമൊക്കെ വേണമെന്നു പറഞ്ഞു. പക്ഷേ അവര്‍ക്കും ഇങ്ങനെയൊക്കെ ചെയ്യുന്നത് ഇഷ്ടാണ്, സന്തോഷവുമുണ്ട്.

“എന്‍റെ കുറേ സമ്പാദ്യത്തില്‍ നിന്നല്ല ഇല്ലായ്മയില്‍ നിന്നാണ് സഹായിക്കുന്നത്. ഇപ്പോ ടിക്കറ്റ് എടുത്തു നല്‍കാന്‍ പലരും മുന്നോട്ട് വരുന്നുണ്ട്. അങ്ങനെ ഓരോ ദിവസവും മൂന്നും നാലും ടിക്കറ്റ് എടുത്ത് കൊടുക്കാന്‍ സാധിക്കുന്നുണ്ട്.

“വീട്ടുകാരുടെയും ജീവനക്കാരുടെയും പിന്തുണയ്ക്കൊപ്പം എന്‍റെ പ്രസിന്‍റെ പാര്‍ട്ണര്‍മാരുടെ മാനസിക പിന്തുണയും എനിക്കുണ്ട്. “ജെ ജെ ജെ മറിയാമ്മ പാപ്പച്ചന്‍ മെമ്മോറിയല്‍ എന്ന പ്രസ് ഞാനും വേറെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് നടത്തുന്നത്.

“ഡോ.ജോഷി വര്‍ക്കി ചിറ്റിലപ്പിള്ളിയും ജോസ് കെ.ജെ. പിന്നെ ഞാനും. ഞങ്ങളുടെ പേരിലെ ജെ ചേര്‍ത്താണ് പ്രസിന്‍റെ പേരിട്ടിരിക്കുന്നത്,” അവര്‍ വ്യക്തമാക്കി.

പ്രസ്സിലെ പാര്‍ട്ണര്‍മാര്‍ക്കൊപ്പം ബെന്‍ജീന

“പ്രസിന്‍റെ തുടക്കക്കാലം തൊട്ടേ ഞാന്‍ ഒപ്പമുണ്ട്,” പ്രസ്സിലെ ജീവനക്കാരനായ സാബു പറയുന്നു. “രണ്ട് മാസം ജോലിക്ക് വരാതെ ഞങ്ങള്‍ വെറുതേ ഇരുന്നു. ആ മാസങ്ങളിലെ ശമ്പളവും ബെന്‍ജീന മാഡം തന്നു.

“ആ മനസിന് തിരിച്ച് എന്തെങ്കിലും നല്‍കണമല്ലോ എന്ന തോന്നലിലാണ് അതിന്‍റെയൊരു പങ്ക് തിരിച്ചു നല്കാന്‍ തീരുമാനിച്ചത്. ഞങ്ങളെല്ലാവരും കൂടി ആലോചിച്ച് തീരുമാനിച്ചതായിരുന്നു.

“ഇങ്ങനെയൊരു സാഹചര്യത്തില്‍ ഞങ്ങളെ കൊണ്ട് സാധിക്കുന്ന പോലെ ചെയ്തു. ഞങ്ങള്‍ വളരെ തുച്ഛമായ തുകയാണ് നല്‍കിയത്. മാഡം സ്വന്തം കൈയില്‍ നിന്നെടുത്താണ് പല കാര്യങ്ങളും ചെയ്യുന്നത്,” സാബു പറയുന്നു.

തങ്ങള്‍ കൊടുത്തത് കുറഞ്ഞു പോയല്ലോ എന്നൊരു വിഷമമാണുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാരോട് ഏറെ സഹായ മനോഭാവത്തോടെയാണ് പ്രസ് ഉടമകള്‍ പെരുമാറിയിട്ടുള്ളതെന്നും ജീവനക്കാര്‍ക്ക് വീട് പണിയാനുമൊക്കെ സഹായിച്ചിട്ടുണ്ട് എന്നും സാബു പറഞ്ഞു.

“ഈ പ്രസ്സിലാണ് ജോലി ചെയ്യുന്നതെന്നതില്‍ അഭിമാനമാണ് തോന്നുന്നത്. ചോദിക്കാതെ തന്നെ ജീവനക്കാര്‍ക്കൊപ്പം ബെന്‍ജീന മാഡമുണ്ട്,” എന്ന് സാബു.

നിയമവിദ്യാര്‍ഥിനിയായ സനിക മരിയയും സൗണ്ട് എന്‍ജിനീയറിങ്ങിന് പഠിക്കുന്ന സച്ചിന്‍ ജോസഫുമാണ്  ബെന്‍ജീനയുടെ മക്കള്‍.


ഇതുകൂടി വായിക്കാം:അമ്മയ്ക്കും അച്ഛനും കോവിഡ്; അവരുടെ 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്ത് മേരി അനിത


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം