“അങ്ങനെയെങ്കില്‍ തമിഴ് നാടൊക്കെ എന്നേ മുടിഞ്ഞേനേ!”: 14 നാരകങ്ങളില്‍ നിന്ന് ലക്ഷം രൂപ നേടിയ ആവേശത്തില്‍ 2 ഏക്കറിലേക്ക് നാരങ്ങാക്കൃഷി വ്യാപിപ്പിച്ച പാലാക്കാരന്‍ 

നാരകം നട്ടിടം മുടിയുമെന്നല്ലേ ചൊല്ല്…എന്നാല്‍ പാലാക്കാരന്‍ ബാബു ജേക്കബിന് മറ്റൊരു കഥയാണ് പറയാനുള്ളത്.

പാരമ്പര്യമായി കര്‍ഷക കുടുംബമാണ് ബാബു ജേക്കബിന്‍റേത്. എന്നാല്‍ അദ്ദേഹം പ്രിന്‍റിങ് ടെക്നോളജി പഠിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബഹ്റിനിലേക്ക് പോയി.

പിന്നീട് അവിടെ നിന്ന് പോര്‍ച്ചുഗലിലും ഡെന്‍മാര്‍ക്കിലുമൊക്കെയായി കുറച്ചധികം വര്‍ഷങ്ങള്‍. 15 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് 2010-ലാണ് നാട്ടിലേക്കെത്തുന്നത്.

പ്രവാസകാലം അദ്ദേഹത്തിന്‍റെ കൃഷിയോടുള്ള സ്നേഹത്തിന് കുറവൊന്നും വരുത്തിയില്ലായിരുന്നു.

അങ്ങനെയാണ് വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കൃഷി ചെയ്യാമെന്നു തീരുമാനിക്കുന്നത്. മലയാളികള്‍ അധികമൊന്നും കൈവെയ്ക്കാത്ത നാരകത്തിലേക്കാണ് അദ്ദേഹം ശ്രദ്ധ തിരിച്ചത്.

ബാബുവിന്‍റെ നാരകത്തോട്ടത്തില്‍ നിന്ന്

നാരങ്ങ അച്ചാറും നാരങ്ങാവെള്ളവുമൊക്കെ പ്രിയപ്പെട്ടതാണെങ്കിലും ഒരു നാരകത്തൈ കുഴുച്ചുവെയ്ക്കാന്‍ പലരും മടിക്കും. നാരകം നട്ടിടം മുടിയും… എന്നാണല്ലോ ചൊല്ല്. ഈ ചൊല്ല് മനസ്സില്‍ കിടക്കുമ്പോള്‍ ആരെങ്കിലും ധൈര്യത്തോടെ അതിന് തുനിഞ്ഞിറങ്ങുമോ? വെറുതെ എന്തിനാ റിസ്ക് എടുക്കുന്നേ…എന്നായിരിക്കും പലരുടേയും ഉള്ളില്‍.

എന്നാല്‍ ബാബു ജേക്കബിന് അങ്ങനെയുള്ള സംശയങ്ങളൊന്നുമുണ്ടായില്ല. ഒരു തൈ അല്ല, നാരക കൃഷി തന്നെ അദ്ദേഹം തുടങ്ങി.

മാത്രമല്ല, ഏഴ് സെന്‍റില്‍ 14 നാരകത്തൈകള്‍ നട്ടു. വര്‍ഷം ഒരു ലക്ഷത്തിലേറെ വരുമാനവും നേടി ഈ പാലാക്കാരന്‍. ആ ധൈര്യത്തില്‍ രണ്ട് ഏക്കറില്‍ കൂടി നാരക കൃഷിയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹം.

പഴഞ്ചൊല്ലില്‍ പതിരുണ്ടെന്ന് കൂടി തെളിയിക്കുകയാണ് ഈ കര്‍ഷകന്‍. വിദേശത്ത് നിന്ന് വന്ന നാള്‍ തൊട്ട് നാരക ചെടികള്‍ക്ക് പിന്നാലെയായിരുന്നു ബാബു ജേക്കബ്.

അത്ര പെട്ടെന്ന് നാരകം പിടിക്കില്ലെന്നത് തന്നെയായിരുന്നു അദ്ദേഹം നേരിട്ട പ്രതിസന്ധി. പത്ത് വര്‍ഷക്കാലം നീണ്ട പരിശ്രമങ്ങളുടെ ഫലമാണ് കോട്ടയം പാല പച്ചാത്തോട് കുമ്പളത്താനത്തെ വീട്ടില്‍ കാണുന്നത്.

നാരകച്ചെടികള്‍ മുളപ്പിച്ച് തൈയാക്കി വില്‍ക്കുന്നുമുണ്ട്. നട്ടിടം മുടിപ്പിക്കുന്ന നാരകത്തില്‍ നിന്ന് മികച്ച വരുമാനം സ്വന്തമാക്കാമെന്നു മാത്രമല്ല പരിശ്രമിച്ചാല്‍ നാരകകൃഷിയില്‍ വിജയിക്കാമെന്നും അദ്ദേഹം പറയുന്നു.

നല്ല പരിചരണവും വളവും വെള്ളവും സൂര്യപ്രകാശവുമൊക്കെയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇത് പരീക്ഷിക്കാം. എന്നാല്‍ കൃഷിയല്ലേ.., ഒരു പത്തമ്പതെണ്ണം പറമ്പില്‍ നട്ടു പിടിപ്പാക്കെന്നു കരുതേണ്ട.

നാരകം പിടിക്കണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടാണ്. ഒന്നോ രണ്ടോ നാരകച്ചെടികള്‍ നട്ടു നോക്കിയിട്ട് വേണം ഈ കൃഷിക്കിറങ്ങാനെന്നും ബാബു ജേക്കബ് അനുഭവത്തില്‍ നിന്ന് പറയുന്നു.

ബാബു ജേക്കബ്

“ഞങ്ങളുടെ വീട്ടിലൊരു നാരകത്തൈയുണ്ടായിരുന്നു. അതിലുണ്ടായ ചെറുനാരങ്ങയില്‍ നിന്ന് കുരുവെടുത്ത് മുളപ്പിച്ചാണ് പുതിയ തൈകളുണ്ടാക്കുന്നത്.

“പരീക്ഷണാടിസ്ഥാനത്തിലാണ് നാരകം നട്ടുനോക്കുന്നത്. ഏഴ് സെന്‍റില്‍ 14 തൈകള്‍ നട്ടുപിടിപ്പിച്ചു. അത്ര എളുപ്പമായിരുന്നില്ല ഈ തൈകളെ വളര്‍ത്തിയെടുക്കല്‍..


ആദ്യ അഞ്ച് വര്‍ഷക്കാലം പരാജയം തന്നെയായിരുന്നു. തൈകള്‍ ഒന്നും പിടിക്കുന്നില്ലായിരുന്നു. പല പല പ്രശ്നങ്ങളായിരുന്നു.


“ഒരാള്‍ പൊക്കത്തില്‍ തൈ വളരും. കായ്കളുമുണ്ടാകും. പക്ഷേ, പിന്നെ ആ ചെടി ഉണങ്ങിപ്പോകും. ഇതായിരുന്നു പതിവ്. നാരക കൃഷിയെക്കുറിച്ച് വലിയ ധാരണകളൊന്നും ഇല്ലാതെയാണ് ഈ പണിക്കിറങ്ങിയത്.

“ആരോടെങ്കിലും അഭിപ്രായം ചോദിക്കാമെന്നു വച്ചാല്‍ ഇത് കൃഷി ചെയ്യുന്നവരില്ല. കൃത്യമായ ഉപദേശങ്ങള്‍ കിട്ടാനുള്ള വഴിയില്ലായിരുന്നു. തൈകളെന്താ ഉണങ്ങി പോകുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല.

“ഒടുവില്‍ മണ്ണ് പരിശോധിച്ചു നോക്കി. അന്നേരമാണ് അറിയുന്നത്, മണ്ണില്‍ സൂക്ഷ്മ മൂലകങ്ങളുടെ അഭാവമുണ്ടെന്ന്.

“ആ പ്രശ്നം പരിഹരിച്ചതോടെ നാരകത്തൈയില്‍ നിന്ന് ഫലം കിട്ടി തുടങ്ങി. നല്ല പരിചരണം വേണം. ആദായം കിട്ടുന്നതിൽ നിന്ന് പത്ത് ശതമാനമെങ്കിലും വളത്തിന് വേണ്ടി ഉപയോഗപ്പെടുത്തണം.

“നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടമാകണം. മരച്ചില്ലകളൊക്കെയുണ്ടെങ്കില്‍ നാരകത്തില്‍ കാ പിടിക്കില്ല. ഈ 14 തൈകളില്‍ നിന്ന് മികച്ച ഫലം കിട്ടിയതോടെയാണ് കൃഷി വിപുലമാക്കാന്‍ തീരുമാനിച്ചത്.

“രണ്ട് ഏക്കറിലായി 250 നാരകത്തൈകള്‍ നട്ടിട്ടുണ്ട്. പൂര്‍ണായും നാരകമല്ല. 60 പേരമരങ്ങള്‍, 60 ലെമണ്‍ നട്ടിട്ടുണ്ട്. കുരുവില്ലാത്ത മഞ്ഞ നിറത്തിലുള്ള നാരങ്ങയാണിത്.

“കൂടുതലും സാലഡിനൊക്കെയാണ് ഈ ലെമണ്‍ ഉപയോഗിക്കുന്നത്. പിന്നെ കുറച്ച് കവുങ്ങ്, റബര്‍ കൃഷിയുമുണ്ട്. ആദ്യമായി നാരക കൃഷി ചെയ്ത ഏഴ് സെന്‍റില്‍ ഇപ്പോഴുമുണ്ട്. റീപ്ലാന്‍റേഷന് വേണ്ടി കുറച്ച് റബര്‍ വെട്ടി, ആ ഭൂമിയിലാണ് നാരക കൃഷി.

“നാരകം പത്ത് അടി എങ്കിലും ഉയരം വയ്ക്കണം. എന്നാലേ കായ്ക്കൂ. രണ്ട് വര്‍ഷം കൊണ്ട് പത്ത് അടി ഉയരത്തില്‍ വളരും,” മൂന്നാം വര്‍ഷം കൊണ്ട് എന്തായാലും കായ്ഫലം കിട്ടുമെന്നു ബാബു ജേക്കബ്.

വിളവുമായി കര്‍ഷകന്‍

“ആദ്യം നട്ട 14 തൈകളില്‍ ഒരെണ്ണത്തില്‍ നിന്ന് മാത്രം വര്‍ഷം ശരാശരി 80 മുതല്‍ 100 കിലോ വരെ കിട്ടും,” അദ്ദേഹം തുടരുന്നു. “മൂന്നു സീസണുകളിലായാണ് നാരങ്ങ കിട്ടുന്നത്. പത്ത് കിലോയ്ക്ക് 160-170 നാരങ്ങ മതി.

“കഴിഞ്ഞ വര്‍ഷം ഈ 14 തൈകളില്‍ നിന്നായി 1,000കിലോ ചെറുനാരങ്ങയാണ് വിറ്റത്. കിലോ നൂറു രൂപ കിട്ടി. കഴിഞ്ഞ വര്‍ഷം നല്ല വിപണി കിട്ടിയെങ്കില്‍ ഈ സീസണില്‍ അത്ര നല്ല സമയമല്ല.

“മഴയല്ലേ, നാരങ്ങ വില്‍ക്കുന്നുണ്ട്. ഒന്നര കിലോ 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. ലോക്കല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് വില്‍ക്കുന്നത്. നാടന്‍ നാരങ്ങ എന്ന പേരിലാണ് വില്‍പ്പന.

“ഇവിടെ നാരകകൃഷിയുണ്ടെന്നറിഞ്ഞു വീട്ടിൽ വന്നു വാങ്ങുന്നവരുണ്ട്. ഏതുകാലത്തും ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരുണ്ട്. കടകളില്‍ പോയി പച്ചക്കറിയൊക്കെ വാങ്ങുന്നതിനൊപ്പം രണ്ട് നാരങ്ങ കൂടി വാങ്ങാതെ പോകുന്നവര്‍ വളരെ കുറവാണ്. തമിഴ്നാട്ടില്‍ കിലോയ്ക്ക് 250 രൂപയൊക്കെയാണ്. ”

നമ്മുടെ നാട്ടില്‍ നാരകകൃഷി സജീവമായാല്‍ ചെറുനാരങ്ങയ്ക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് ബാബു ചോദിക്കുന്നത്.

ഇപ്പോള്‍ പലരും കൃഷി ചെയ്ത് തുടങ്ങിയിട്ടുണ്ടെന്ന് ബാബു പറഞ്ഞു. താല്‍പര്യക്കാര്‍ക്ക് തൈകള്‍ നല്‍കാന്‍ വീട്ടിലൊരു നഴ്സറിയും ബാബു ഒരുക്കിയിട്ടുണ്ട്.

“ലെമണ്‍ മഡോസ് എന്നാണ് നഴ്സറിയുടെ പേര്. നാടന്‍ തൈകളും ഹൈബ്രിഡ് തൈകളും വില്‍ക്കുന്നുണ്ട്. കുരു മുളപ്പിച്ചാണ് നാടന്‍ ചെറുനാരങ്ങ തൈയുണ്ടാക്കുന്നത്.”

ഉത്തരേന്ത്യയില്‍ നിന്നു കൊണ്ടുവന്ന ഹൈബ്രിഡ് തൈയുമുണ്ടിവിടെ. ഇത് ലെയര്‍ ചെയ്ത് പുതിയ തൈകളുണ്ടാക്കുന്നുണ്ട്. സ്ഥലസൗകര്യമില്ലാത്തവര്‍ ഹൈബ്രിഡ് ഇനങ്ങളാണ് വാങ്ങുന്നത്.

“നാരകകൃഷിയില്‍ നിന്ന് നല്ല വരുമാനം കിട്ടുമെന്നു കരുതി കുറേയേറെ തൈകള്‍ ഒരുമിച്ച് നടരുത്. ഒന്നോ രണ്ടോ തൈ നട്ടു നോക്കി പിടിക്കുമെന്നുണ്ടെങ്കില്‍ മാത്രമേ വലിയ അളവില്‍ നാരകം നടാവൂ,” അദ്ദേഹം ആവര്‍ത്തിക്കുന്നു.

“കലാവസ്ഥയൊക്കെ ഘടകമാണ്. പാലായിലെ കാലാവസ്ഥയാകില്ല മറ്റിടങ്ങളില്‍. ഇവിടെ വന്ന് കണ്ടിട്ട് അതുപോലെ മറ്റു സ്ഥലങ്ങളിലും തൈ പിടിച്ചില്ലെന്നു പരാതി പറയാന്‍ ഇടവരരുതല്ലോ. അതുകൊണ്ട് പത്ത് തൈയൊക്കെ ഒരാള്‍ക്ക് കൊടുക്കാറുള്ളൂ.” 250 രൂപയാണ് തൈയുടെ വില.

ചെറിയ തോതില്‍ പച്ചക്കറി കൃഷിയുമുണ്ട് ഈ പറമ്പില്‍. അതിന്‍റെ മേല്‍നോട്ടം ഭാര്യ ബിന്‍സിക്കാണ്. മക്കള്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ആന്‍ജെലോയും എട്ടാം ക്ലാസ്സുകാരി ക്രിസ്റ്റീനയും.

“എന്നാല്‍ ചില അന്ധവിശ്വാസങ്ങളൊക്കെയില്ലേ, നാരകം നട്ടിടം മുടിയും എന്നൊക്കെയുള്ളത്. അക്കാര്യം എന്നോടും പലരും പറഞ്ഞിരുന്നു. അങ്ങനെ മുടിയാനാണെങ്കില്‍ തമിഴ്നാടും കര്‍ണാടകവും ആന്ധ്രപ്രദേശുമൊക്കെ എന്നേ നശിച്ചു പോയേനെ,” എന്ന് ബാബു ചിരിക്കുന്നു.

“നാരകച്ചെടിയില്‍ മുള്ള് കൂടുതലാണ്. വീടിനോട് ചേര്‍ന്ന് നാരകം നട്ടാല്‍ ആ മുള്ള പ്രശ്നമാകും. വീടുകളില്‍ കുട്ടികളൊക്കെയുണ്ടാകില്ലേ.. അങ്ങനെയാകും ഈയൊരു പഴഞ്ചൊല്ല് തന്നെ വന്നത്. വീട്ടില്‍ നിന്ന് കുറച്ചകലെയായി നാരകച്ചെടികള്‍ നട്ടാല്‍ മതിയല്ലോ,” നാരകക്കൃഷിയില്‍ വിജയം കണ്ട ബാബു ജേക്കബ് കൂട്ടിച്ചേര്‍ക്കുന്നു.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം