1853 ഏപ്രില്‍ 16. ഇന്‍ഡ്യന്‍ റെയില്‍വേ ചരിത്ര സഞ്ചാരം തുടങ്ങിയ ദിവസമാണ്. അന്നാണ് ആദ്യത്തെ പാസഞ്ചെര്‍ ട്രെയിന്‍ മുംബൈയില്‍ നിന്നും താനെയിലേക്ക് 400 യാത്രക്കാരെയും വഹിച്ച് യാത്ര തുടങ്ങിയത്. ആ ട്രെയിന്‍ 34 കിലോമീറ്റര്‍ ദൂരം താണ്ടിയെത്തിയത് ചരിത്രത്തിലേക്കാണ്.
167 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്‍ഡ്യ.
1,27,760 കി മീ നീണ്ടുകിടക്കുന്ന റെയില്‍വേ ലൈനുകള്‍, 7,000 സ്റ്റേഷനുകള്‍, 13 ലക്ഷം ജീവനക്കാര്‍, ദിവസവും 24 ദശലക്ഷം യാത്രക്കാരെ ദിവസവും വഹിക്കാനുള്ള ശേഷി! ഇന്‍ഡ്യന്‍ റെയില്‍വേ ഇങ്ങനെയാണ് നാടിന്‍റെ ജീവനാഡി കൂടിയായി മാറിയത്.
പരുത്തി തേടി ബ്രിട്ടണില്‍ നിന്ന് വന്നിറങ്ങിയ വ്യാപാരികള്‍ക്ക് വേണ്ടിയാണ് ബ്രിട്ടീഷ് രാജ് ഇവിടെ തീവണ്ടിപ്പാതകള്‍ ഇടുന്നത്. അവിഭജിത ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളിലായി വിളയുന്ന പരുത്തി വാങ്ങി തുറമുഖങ്ങളിലേക്കെത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ആണ് അവര്‍ റെയില്‍വേയെക്കുറിച്ച് ആലോചിച്ചത്.
ബോംബെ, മദ്രാസ്, കൊല്‍ക്കത്ത തുറമുഖങ്ങളെ ബന്ധിപ്പിച്ച് റെയില്‍വേ ശൃംഖല തുടങ്ങാന്‍ 1843-ല്‍ ഡെല്‍ഹൗസി പ്രഭുവാണ് നിര്‍ദ്ദേശം വെയ്ക്കുന്നത്.
അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ജോര്‍ജ്ജ് ടി ക്ലാര്‍ക്ക് എന്ന എന്‍ജിനീയര്‍ റെയില്‍വേ സാധ്യതകളെക്കുറിച്ചും സാധ്യമായ റൂട്ടുകളെക്കുറിച്ചും പഠിക്കാന്‍ തുടങ്ങി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദ് ഗ്രേറ്റ് ഇന്‍ഡ്യന്‍ പെനിന്‍സുല റെയില്‍വേയ്ക്ക് (GPIR) തുടക്കമായി. സെന്‍ട്രല്‍ റെയില്‍വേയുടെ മുന്‍ഗാമിയായ ജി ഐ പി ആര്‍ ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുമായി ഒരു ഔദ്യോഗിക കരാറില്‍ ഏര്‍പ്പെട്ടു.
ബോംബെ പ്രസിഡന്‍സിയിലെ ഖന്ദേശ് മുതല്‍ ഹൈദരാബാദിലെ ബെറാര്‍ വരെ നീളുന്ന റെയില്‍വേ ലൈന്‍ നിര്‍മ്മിച്ച് ഓപറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ കരാര്‍.
ചീഫ് റെസിഡെന്‍റ് എന്‍ജിനീയര്‍ ജെയിംസ് ജോണ്‍ ബെര്‍ക്കിലിയുടെ നേതൃത്വത്തില്‍ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ തുടങ്ങി.
ഇതാണ് പിന്നീട് ഇന്‍ഡ്യയുടെ ജീവനാഡിയെന്നറിയപ്പെട്ട ഇന്‍ഡ്യന്‍ റെയില്‍വേക്ക് തുടക്കമിട്ടത്.
ഇന്‍ഡ്യയുടെ ആദ്യ പാസഞ്ചര്‍ ട്രെയില്‍ 1853-ല്‍ ഓടിത്തുടങ്ങിയെങ്കില്‍ ആദ്യത്തെ ഇലക്ട്രിക് ട്രെയിന്‍ 1925-ല്‍ യാത്ര തുടങ്ങി. നാല് ബോഗികളുള്ള ഇലക്ട്രിക് ട്രെയിന്‍ അന്നത്തെ ബോംബെ ഗവര്‍ണര്‍ സര്‍ ലെസ്ലി ഓം വില്‍സണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അത് മുംബൈ വി ടി-യില്‍ നിന്നും (ഇപ്പോഴത്തെ ഛത്രപതി ശിവാജി ടെര്‍മിനസ്) കുര്‍ള വരെ ഹാര്‍ബര്‍ ലൈനില്‍ യാത്ര നടത്തി.
പിന്നീട് ചരിത്രം.
എന്നാല്‍ ഇന്‍ഡ്യയുടെ ആദ്യത്തെ ലോകോമോട്ടീവ് എന്‍ജിന്‍ എങ്ങനെയിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? അതല്ലെങ്കില്‍ തിരക്കുപിടിച്ച മുംബൈ ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍ ആളില്ലാതെ എങ്ങനെയിരിക്കുമെന്ന്?
ഇന്‍ഡ്യന്‍ റെയില്‍വേയുടെ തിളങ്ങുന്ന ചരിത്രത്തില്‍ നിന്നും ചില പഴയ ചിത്രങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്നു.