കരിയില വാരാതെ, പുതയിട്ട് വിത്തെറിഞ്ഞ് ഫുക്കുവോക്ക മാതൃകയില്‍ വീടിന് ചുറ്റും ഒന്നരയേക്കറില്‍ കാടൊരുക്കിയ എന്‍ജിനീയര്‍!

കാട്ടിലൊരു വീട് എന്നു വേണമെങ്കില്‍ പറയാം. ഒന്നര ഏക്കറിലെ പറമ്പില്‍ 400-ലേറെ പ്ലാവുകള്‍, പലതരം മാവുകള്‍, ആഞ്ഞിലി, ഇലഞ്ഞി, റമ്പൂട്ടാന്‍, ദന്തപ്പാല… ഒക്കെയുണ്ട്. പിന്നെ, രണ്ട് കുളങ്ങളും കൊച്ചുകൊച്ചു തോടുകളും.

യന്‍സുകാരെല്ലാം എന്‍ട്രന്‍സ് കോച്ചിങ്ങിന് പോകും. ബയോ സയന്‍സ് എടുത്ത പ്രീഡിഗ്രിക്കാരാണേല്‍ കണക്കിന് വേറെ ട്യൂഷന് ചേരും. മെഡിസിന് മാത്രമല്ല എന്‍ജിനീയറിങ്ങിനും എന്‍ട്രന്‍സ് ട്രൈ ചെയ്യേണ്ടതല്ലേ!

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഒട്ടുമിക്ക വീടുകളിലും ഇങ്ങനെയൊക്കെയായിരുന്നു. ആ പതിവ് തന്നെയായിരുന്നു മനോജിന്‍റെ വീട്ടിലും.’

ആലുവ യു സി കോളെജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞു. അതേ വര്‍ഷം തന്നെ എന്‍ട്രന്‍സ് കിട്ടിയില്ല. അങ്ങനെ മനോജ് യു സി കോളെജില്‍ തന്നെ ബിഎസ്‍സി ഫിസിക്സിന് ചേര്‍ന്നു.

ഒരുവര്‍ഷത്തിന് ശേഷം ഐ ബി മനോജ് എന്‍ട്രന്‍സ് കടമ്പ കടന്നു. അങ്ങനെ യു. സി-യില്‍ നിന്ന് തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളെജിലേക്ക്.മനോജിന്‍റെ കൂടെ പഠിച്ചവരില്‍ പലരും വിദേശത്താണ്. ലക്ഷങ്ങള്‍ മാസവരുമാനം നേടുന്നവരുമുണ്ട്. എന്നാല്‍ ആ നേട്ടങ്ങളൊന്നും മനോജിനെ ഭ്രമിപ്പിച്ചില്ല.

 

മനോജിന്‍റെ വീട്ടുമുറ്റത്തെ കാട്

പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. അത് വെറുമൊരു ഇഷ്ടമല്ല… അതറിയണമെങ്കില്‍ ഒരിക്കലെങ്കിലും മനോജിനോട് സംസാരിച്ചാല്‍ മതി. അല്ലെങ്കില്‍ എറണാകുളം വൈപ്പിന്‍ കരയില്‍ എടവനക്കാട്ടെ ആ വീട് വരെ ഒന്നു പോയാല്‍ മതി.

മണ്ണിനെ നോവിക്കാതെ ജീവിക്കുന്ന, പറമ്പ് നിറയെ വനവൃക്ഷങ്ങളും ഫലവ‍ൃക്ഷങ്ങളും വളര്‍ത്തി വീടിനു ചുറ്റും കാടൊരുക്കിയ  പ്രകൃതിസ്നേഹിയെ അടുത്തറിയാം.

കാട്ടിലൊരു വീട് എന്നു വേണമെങ്കില്‍ പറയാം. ഒന്നര ഏക്കറിലെ പറമ്പില്‍ 400-ലേറെ പ്ലാവുകള്‍, പലതരം മാവുകള്‍, ആഞ്ഞിലി, ഇലഞ്ഞി, റമ്പൂട്ടാന്‍, ദന്തപ്പാല… ഒക്കെയുണ്ട്. പിന്നെ, രണ്ട് കുളങ്ങളും കൊച്ചുകൊച്ചു തോടുകളും.

വീട്ടുമുറ്റത്തേക്ക് കടന്നാല്‍ മരങ്ങള്‍ മാത്രമല്ല, പലതരം പക്ഷികളും ജീവികളും ശലഭങ്ങളുമൊക്കെയുണ്ട്.

മണ്ണില്‍ പുല്ലും ചെടികളും ഇഷ്ടംപോലെ വളര്‍ന്നുപടര്‍ന്നങ്ങനെ കിടക്കുന്നു. കരിയിലകളുമൊക്കെ വീണു പൊടി‌ഞ്ഞ് മണ്ണായിത്തീര്‍ന്ന പതുപതുത്ത നിലം. ശരിക്കുമൊരു കാട്ടിലൂടെ നടക്കുന്ന പോലെ.

പഠിച്ചത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ്. പക്ഷേ ഇപ്പോ ജോലി കംപ്യൂട്ടര്‍ ഡാറ്റ റിക്കവറി. “പത്താം ക്ലാസ് വരെ പഠിച്ചത് വീടിന് അടുത്ത് തന്നെയുള്ള എച്ച് ഐ എച്ച് എസ് സ്കൂളിലായിരുന്നു.” മനോജ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

പിന്നെ എന്‍ജിനീയറിങ്ങ്. “ഞാനും ചേര്‍ന്നു എന്നേയുള്ളൂ. എന്‍ജിനീയറിങ് തന്നെ പഠിക്കണമെന്ന നിര്‍ബന്ധത്തിലൊന്നുമല്ല ചേരുന്നത്. കോഴ്സ് കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ജോലിക്ക് കയറി. രണ്ടു വര്‍ഷം ജോലി ചെയ്തു. പിന്നെ ജോലി രാജിവച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നു ജോലി ചെയ്തു. പിന്നീട് അതും അവസാനിപ്പിച്ചു.

മനോജ് കുമാര്‍ ഐ.ബി

“പിന്നീട് സ്വന്തമായി ഒരു സ്ഥാപനം ആരംഭിച്ചു. ഐ ബി സര്‍വീസ് എന്ന പേരില്‍. കച്ചേരിപ്പടിയിലായിരുന്നു ഓഫീസ്. രണ്ട് മാസം മുന്‍പ് അതും അവസാനിപ്പിച്ചു. ഇപ്പോ പൂര്‍ണമായും ഫ്രീലാന്‍സ് വര്‍ക്കാണ്.”

കംപ്യൂട്ടറില്‍ നിന്ന് നഷ്ടമാകുന്ന വിവരങ്ങള്‍ തിരിച്ചെടുത്ത് നല്‍കലാണ് ജോലി. ഇതിനൊപ്പം ഫ്രീ  സോഫ്റ്റ് വെയറും നല്‍കുന്നുണ്ട്.

“ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങാണ് പഠിച്ചതെങ്കിലും ഇപ്പോ കംപ്യൂട്ടര്‍ ഹാര്‍ഡ്‍വെയര്‍ എന്‍ജിനീയറാണ്. ഹാര്‍ഡ് വെയര്‍ എന്‍ജിനീയറാകാന്‍ അധികം ഇലക്ട്രോണിക്സ് ഒന്നും പഠിക്കേണ്ട. ഐടിഐ പാസായവര്‍ക്ക് പോലും കസ്റ്റമര്‍ സപ്പോര്‍ട്ടറായി ജോലി ചെയ്യാന്‍ പറ്റും. ബേസിക് കോമണ്‍സെന്‍സ് മാത്രം മതി,” എന്ന് മനോജ്. 

ജോലി കിട്ടി രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് മനോജ് പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമൊക്കെ ചിന്തിക്കാന്‍ തുടങ്ങുന്നതും അത് തീരുമാനങ്ങളെ സ്വാധീനിക്കുന്നത്.

“അതിനൊരു കാരണം ജോണ്‍സി മാഷാണ്. മാഷിനെ പരിചയപ്പെട്ടതാണ് എല്ലാ മാറ്റങ്ങള്‍ക്കും കാരണം,”  കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരും ജൈവകര്‍ഷകരും ഗുരുതുല്യനായി കരുതുന്ന യശശ്ശരീരനായ ജോണ്‍സി ജേക്കബിനെക്കുറിച്ചാണ് മനോജ് പറയുന്നത്.

“അദ്ദേഹമാണ് കേരളത്തില്‍ ആദ്യമായി കുട്ടികള്‍ക്കായി പ്രകൃതി പഠന ക്യാംപസ് സംഘടിപ്പിച്ചത്. ഇദ്ദേഹത്തെ കാണാന്‍ ഇടയ്ക്കിടെ പോകുമായിരുന്നു.

“പരിസ്ഥിതി പ്രസിദ്ധീകരണങ്ങളായ സൂചിമുഖിയും മൈനയും പ്രസാദവുമൊക്കെ വായിച്ചാണ് പരിസ്ഥിതിയെ കൂടുതല്‍ അറി‍ഞ്ഞു തുടങ്ങുന്നത്. അന്നൊക്കെയാണ് കുറച്ച് പരിസ്ഥിതി ഭ്രാന്ത് വന്നു തുടങ്ങുന്നത്,” മനോജ് തുടരുന്നു.

ജോണ്‍സി ജേക്കബിന്‍റെ ആത്മകഥയുടെ പുറംചട്ട

“പിന്നീടാണ് ഫുക്കുവോക്കയുടെ ഒറ്റ വൈക്കോല്‍ വിപ്ലവം വായിക്കുന്നത്. അതിഷ്ടപ്പെട്ടു. അതിലെ രീതികളാണ് ഞാനിപ്പോഴും കൂടെ കൊണ്ടു നടക്കുന്നത്. മണ്ണില്‍ വെട്ടും കിളയുമില്ലാതെ വെറുതേ ഇട്ടാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്.”

ജോണ്‍സി മാഷിനെ പരിചയപ്പെട്ടതിന് ശേഷം  വീടിനോട് ചേര്‍ന്ന് ഒന്നര ഏക്കറിലെ പത്ത് സെന്‍റ് ഭൂമിയിലാണ് മനോജ് പരീക്ഷണങ്ങള്‍ തുടങ്ങുന്നത്.

“തെങ്ങ് കൃഷിയായിരുന്നു കൂടുതലും. അതുകൊണ്ട് വേറെ മരങ്ങളൊന്നും അധികം വളരാന്‍ അനുവദിക്കില്ല. അതൊക്കെ വെട്ടിക്കളയും. പിന്നെ എല്ലാ സ്ഥലത്തുമുള്ളതു പോലെ ഇവിടെയും ചപ്പും ചവറുമൊക്കെ അടിച്ചു വാരി തീയിടുമായിരുന്നു. തെങ്ങിന്‍റെ ഓലയും മടലുമൊക്കെ കൂട്ടിയിട്ട് കത്തിച്ചു കളയുകയാണ് പതിവ്.

“ആ പതിവ് മാറ്റി. ആ 10 സെന്‍റ് സ്ഥലത്ത് എല്ലാ ചവറും കൊണ്ടിടാന്‍ തുടങ്ങി. ഒന്നും കത്തിക്കില്ല. കരിയിലകളും മരച്ചില്ലകളും ഓലയും മടലുമൊക്കെ ആ ഭൂമിയില്‍ വെറുതേ ഇട്ടു.

അടുക്കള മാലിന്യവും അവിടെത്തന്നെയാണ് കൊണ്ടിട്ടത്. ആ പരിസരം എന്നും ചവറുകളൊക്കെ നിറഞ്ഞു കിടന്നു. അടിച്ചുവാരുകയോ വെട്ടിക്കിളക്കുകയോ ചവറു കൂട്ടിക്കത്തിക്കുകയോ ഒന്നും ചെയ്തില്ല,” അദ്ദേഹം പറയുന്നു.

ഇരുപത് വര്‍ഷം മുന്‍പ് വീട്ടുമുറ്റത്ത് ഫുക്കുവോക്ക മോഡല്‍ പുതയിടല്‍ മനോജ് പരീക്ഷിച്ചത്.

“വീട്ടിലുള്ളവര്‍ക്ക് ആദ്യമൊന്നും ഞാനീ ചെയ്യുന്നത് എന്താണെന്നു മനസിലാകുമായിരുന്നില്ല. ഒരു പണിക്കും പോകാതെ രാവിലെ മുതല്‍ രാത്രി വരെ പറമ്പില്‍ ഇങ്ങനെ ഓരോന്നൊക്കെ ചെയ്യും. പുതയിടുക മാത്രമല്ല ഇടയ്ക്കൊക്കെ വെള്ളം നനച്ചും കൊടുക്കുമായിരുന്നു.

“അടുക്കളയിലെ പാത്രമൊക്കെ കഴുകുന്ന വെള്ളമുണ്ടല്ലോ.. അതൊരു വീപ്പയിലാക്കി വയ്ക്കും. അതെടുത്താണ് ഈ പറമ്പിലൊഴിക്കുന്നത്. ചവറുകള്‍ നിറ‍ഞ്ഞുകിടക്കുന്ന സ്ഥലത്ത് അധികം വെള്ളം ഒഴിക്കേണ്ട.

നല്ല ഈര്‍പ്പം ഇവിടുണ്ടാകും. എന്നും വെള്ളം ഒഴിക്കുകയും വേണ്ട.

“…കൃഷിയുടെ അടിസ്ഥാനം പുതയിടലാണ്. ഉണങ്ങിയ ചെടികള്‍, വൈക്കോല്‍, ഇലകളും ചില്ലകളും ഇതൊക്കെ ഇടാം. … ഈ പുതയിട്ട ഭൂമിയിലേക്ക് ഓരോ വിത്തുകള്‍ കൊണ്ടിടുമായിരുന്നു. പ്ലാവും മാവും പോലുള്ള ഫലവ‍ൃക്ഷങ്ങളുടെ വിത്തുകള്‍ മാത്രമല്ല പാഴ്മരങ്ങളെന്നു പറയുന്നവയുടെ വിത്തും ഇവിടെ കൊണ്ടിടുമായിരുന്നു.  വളവും വെള്ളവുമൊന്നും പ്രത്യേകിച്ച് നല്‍കേണ്ട. ചക്കക്കുരുവും മാങ്ങാണ്ടിയുമൊക്കെ പാകിയിരുന്നു. വിത്ത് മുളയ്ക്കുകയും ചെയ്തു.

“മനുഷ്യരുടെ ഇടപെടല്‍ ഇല്ലാതെ, വളമില്ലാതെ പരിചരണമില്ലാതെ ഈ തൈ മുളച്ച് വളരും. കായ്ക്കാന്‍ കുറച്ച് അധികം സമയം വര്‍ഷങ്ങളെടുത്തേക്കാം.

“പക്ഷേ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍, അച്ഛന്‍ അതൊക്കെ നശിപ്പിച്ചു.


അച്ഛന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ചപ്പുംചവറും കൂടി കിടന്ന ഭൂമി വൃത്തിയാക്കിയെടുത്തു.


“ഇത്രയും കാലം കൊണ്ട് രാവും പകലും കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെയാണ് അച്ഛന്‍ തീയിട്ട് വൃത്തിയാക്കിയത്. അതോടെ ഞാന്‍ വല്ലാതെ നെഗറ്റീവ് ആയിപ്പോയി.

“അച്ഛനുമായി വേറൊരു പ്രശ്നവുമില്ല. അച്ഛന്‍ നോക്കുമ്പോ പറമ്പ് ഇങ്ങനെ വൃത്തികേടായി കിടക്കുന്നത് അത്ര നല്ലതല്ലല്ലോ. പക്ഷേ എനിക്കത് വലിയ വിഷമമാണുണ്ടാക്കിയത്.

“പിന്നെ കുറേക്കാലം ആ പറമ്പില്‍ ഒന്നും ചെയ്തില്ല. ഏതാണ്ട് ആറേഴ് വര്‍ഷം മുന്‍പാണ് വീണ്ടും ഞാന്‍ പറമ്പിലേക്ക് വരുന്നത്. പക്ഷേ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് വീണ്ടും പഴയ പത്ത് സെന്‍റ് പറമ്പ് പോലെ ഈ ഒന്നര ഏക്കര്‍ സ്ഥലത്തെ മാറ്റിയെടുത്തു കൊണ്ടിരിക്കുകയാണിപ്പോള്‍,” ഇനി ഇതാരെയും നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നു മനോജ് ഉറപ്പിച്ചു പറയുന്നു.

മനോജിന്‍റെ പറമ്പില്‍ കിളയും കുഴിക്കലും വെട്ടലുമൊന്നുമില്ല. നിറയെ മരങ്ങളല്ലേ. പക്ഷേ കൊഴിയുന്ന ഇലകളൊന്നും അടിച്ചുവാരി കത്തിക്കലും ഇല്ല. ഓല വീണാല്‍ അവിടെ തന്നെ കിടക്കും.

അങ്ങനെ ചെയ്തു ചെയ്തു ഇതിപ്പോ ഒരു കാട് പോലെയായിട്ടുണ്ട്.  വീട്ടുമുറ്റത്തെ കാട്ടില്‍ പ്ലാവുകള്‍ മാത്രം നാനൂറിലേറെയുണ്ട്. ചക്കക്കുരു വെറുതേ പറമ്പിലേക്കെറിഞ്ഞ് മുളപ്പിക്കുന്നതാണ്. അതൊക്കെ വളര്‍ന്ന് വളര്‍ന്ന് പ്ലാവിന്‍ കാടായി.

“ഈ പറമ്പ് നിറയെ ആയിരക്കണക്കിന് പ്ലാവുകള്‍ വേണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇപ്പോ അതു വേണ്ടെന്നാണ് തീരുമാനം. വൈവിധ്യം വേണമല്ലോ. റബര്‍ നടുന്ന പോലെ പ്ലാവ് നടാന്‍ പാടില്ലല്ലോ.

“മാവുകളും കുറേയുണ്ട്. കായ്ക്കുന്ന 12 മാവുകളുണ്ട്. ബാക്കിയൊക്കെ വളര്‍ന്നു വരുന്നതേയുള്ളൂ.”

പ്ലാവും മാവും മാത്രമല്ല വനവൃക്ഷങ്ങളുമുണ്ട്. ആനപ്പാല, ആഞ്ഞിലി, ഇലഞ്ഞി, ദന്തപ്പാല, സുഭാഗ്, മാങ്കോസ്റ്റിന്‍, റംമ്പൂട്ടാന്‍, പേര, ചാമ്പ, ചതുരപ്പുളിയുമൊക്കെയുണ്ട്. കൂടുതലും നാടന്‍ ഫലവ‍ൃക്ഷങ്ങളാണ്.

റംമ്പൂട്ടാനും മാങ്കോസ്റ്റിനുമൊക്കെ തൈ വാങ്ങി നട്ടതാണ്. രണ്ട് കുളങ്ങളുണ്ട്. നേരത്തെയുള്ളതാണ്. ഇതിലെ വെള്ളമാണ് നനയ്ക്കാന്‍ ഉപയോഗിക്കുന്നത്.

“വീടിന്‍റെ കിഴക്ക് ഭാഗത്ത് പൊക്കാളിപാടമാണ്. പണ്ട് പൊക്കാളി കൃഷി ചെയ്തിരുന്നു. അമ്മൂമ്മയുടെ സഹോദരിമാര്‍ക്കൊക്കെ പൊക്കാളി കൃഷിയുണ്ടായിരുന്നു. എന്‍റെയൊക്കെ ചെറുപ്പക്കാലത്ത് വീട്ടില്‍ അരിയൊന്നും വാങ്ങിയിരുന്നില്ല. ഇപ്പോ പൊക്കാളി കൃഷിയൊന്നും ഇല്ല.

“കുളത്തില്‍ മീനുണ്ട്. പക്ഷേ മത്സ്യകൃഷിയായിട്ടൊന്നും ചെയ്യുന്നില്ല. പല മീനുകളുണ്ട്, പേരൊന്നും അറിയില്ല.” കഴിഞ്ഞ 22 വര്‍ഷമായി മനോജ് മീനൊന്നും കഴിക്കാറില്ല. പ്രകൃതി ജീവനമാണ്.

“പഞ്ചസാര, മധുരം, മൈദ ഇതൊന്നും ഒട്ടുമില്ല. രണ്ടു നേരമേ ഭക്ഷണം കഴിക്കാറുള്ളൂ. രാവിലെ പതിനൊന്ന് മണിക്കും രാത്രി ഏഴു മണിക്കും മാത്രം. ഇടനേരങ്ങളില്‍ ഭക്ഷണമൊന്നും കഴിക്കാറില്ല.

“പഴങ്ങള്‍ കഴിക്കാറുണ്ട്. പക്ഷേ ഓറഞ്ചും ആപ്പിളുമൊന്നുമല്ല. നാടന്‍ പഴങ്ങളാണ്. അതു കുറേ കഴിക്കും. ചക്കയുടെയും മാങ്ങയുടെയുമൊക്കെ സീസണില്‍ അതു മാത്രമേ കഴിക്കാറുള്ളൂ.


ഇതുകൂടി വായിക്കാം:എം.ടെക്കുകാരന്‍റെ പലചരക്കുകട ആറുമാസം കൊണ്ട് ഒഴിവാക്കിയത് 2 ലക്ഷം പ്ലാസ്റ്റിക് കവര്‍, 12,000-ലധികം പ്ലാസ്റ്റിക് ബോട്ടില്‍


“നമ്മുടെയൊരു ഫ്രണ്ട് ഉണ്ട്, അവന്‍റെ വീട്ടില്‍ കുറേ പ്ലാവുണ്ട്. സീസണില്‍ 70 ചക്കയൊക്കെ കൊണ്ടു വരും. മാങ്ങ വീട്ടില്‍ തന്നെ കുറേ കിട്ടാറുണ്ട്,” മനോജ് കൂട്ടിച്ചേര്‍ത്തു.

“എന്നെ കണ്ടാല്‍ വീക്കാണെന്നു തോന്നും, മെലിഞ്ഞാണല്ലോ ഇരിക്കുന്നത്.” പ്രകൃതിജീവനം എന്നൊക്കെ പറഞ്ഞ് നടക്കണതു കൊണ്ടാണ് ഇങ്ങനെയിരിക്കുന്നതെന്നാണ് പലരും പറയുന്നതെന്നു മനോജ്.

“സത്യത്തില്‍ ഞാന്‍ ഈ പറയുന്നവരെക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നുണ്ട്. നല്ല ആരോഗ്യവുമുണ്ട്. ആരോഗ്യമില്ലെങ്കില്‍ ഇങ്ങനെ പണിയെടുക്കാന്‍ മനുഷ്യനെ കൊണ്ടാകുമോ.

“പിന്നെ സാധാരണ ആള്ക്കാര് കഴിക്കുന്നതു പോലുള്ളത് ഞാന്‍ കഴിക്കുന്നില്ല. അതുകൊണ്ട് വണ്ണമില്ല, അത്രേയുള്ളൂ. എനിക്ക് വണ്ണം വയ്ക്കില്ല. അതിനുതകുന്ന ഭക്ഷണരീതിയല്ലല്ലോ എന്‍റേത്,” മനോജ് തുടരുന്നു.

സ്കൂളിലേക്കും മറ്റും നല്‍കാന്‍ മരത്തൈകള്‍ തയ്യാറാക്കി വെച്ചിരിക്കുന്നു

ഫാറ്റ് ഉള്ള ഭക്ഷണ സാധനങ്ങള്‍ നോണ്‍ വെജ് ഇതൊന്നും കഴിക്കാറില്ലെന്ന് മനോജ് വ്യക്തമാക്കുന്നു.”ചോറും കൂട്ടാനും കുറേ പഴങ്ങളുമാണ് എന്‍റെ ഭക്ഷണം. അതു കഴിച്ചാല്‍ വണ്ണം വയ്ക്കുകയുമില്ല. ഡോക്റ്റര്‍, ആശുപത്രി, മരുന്ന് ഇതിനെ ആശ്രയിക്കാതെ ആരോഗ്യത്തോടെ എങ്ങനെയിരിക്കാം. ഇതാണ് ഞാന്‍ നോക്കുന്നത്.

“എന്നു കരുതി അലോപ്പതിക്കെതിരെയല്ല. ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പം നന്നായി അധ്വാനിക്കുന്നയാളുമാണ്. രാവിലെ ആറു മണി മുതല്‍ രാത്രി 10 വരെ ജോലിയെടുക്കുന്ന ആളാണ്.

“പറമ്പിലെ പണിയും വാഴ നടലും സ്കൂളില്‍ പോയി ചെടി നടലും ഒക്കെ കായികാധ്വാനമുള്ള പണിയാണ്. ഇതിനൊക്കെ നല്ല ആരോഗ്യം വേണ്ടേ. അതുകൊണ്ട് എന്ത് കഴിച്ചാലും കുറേ അളവില്‍ കഴിക്കാറുമുണ്ട്.” അദ്ദേഹം പറഞ്ഞു.

പറമ്പില്‍ വിത്ത് പാകി മുളപ്പിച്ച് തൈയാക്കിയ ശേഷം അതൊക്കെ ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് മനോജിന്‍റെ പതിവ്. ഈ തൈകള്‍ക്കൊന്നും ആരില്‍ നിന്നും കാശൊന്നും സ്വീകരിക്കാറുമില്ല.

ആര്‍ക്കും തൈകള്‍ നല്‍കും. സ്കൂളിലൊക്കെ സൗജന്യമായി തൈ നല്‍കുന്നതിനൊപ്പം നട്ടു കൊടുക്കാറുമുണ്ട്. ഒരു സ്കൂളിന് മാത്രം അഞ്ഞൂറും ആയിരവുമൊക്കെ തൈകള്‍ കൊടുത്തിട്ടുണ്ട്.

വൈപ്പിന്‍, പറവൂര്‍ മേഖലയിലെ മിക്ക സ്കൂളുകളിലും തൈകള്‍ നട്ടുപിടിപ്പിച്ചതിന് പിന്നില്‍ മനോജുണ്ടാവും.

“കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്താറില്ല. അവര്‍ക്ക് തൈ നടുന്നതിനെക്കുറിച്ചും പുതയിടുന്നതിനെക്കുറിച്ചൊക്കെ പറഞ്ഞു കൊടുക്കും,” എന്ന് മനോജ്.

പക്ഷേ, ഇപ്പോള്‍ ചോദിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി നല്‍കുന്ന പരിപാടി തത്ക്കാലം അവസാനിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.  പരിചരിക്കാനും സംരക്ഷിക്കാനുമൊക്കെ മനസുള്ളവര്‍ക്ക് മാത്രമേ തൈ നല്‍കുന്നുള്ളൂ. തൈകള്‍ക്കും വിത്തിനും മാത്രമല്ല ആവശ്യക്കാര്‍ക്ക് ചെടി നട്ടു കൊടുക്കുന്നതിനും പണമൊന്നും വാങ്ങിക്കാറില്ല.

മുപ്പത്തടത്ത് തൈകള്‍ നടാന്‍ പതിനായിരം ചെടികള്‍ വാങ്ങിയ നാരായണന്‍ ചേട്ടന്‍ മാത്രമേ പണം നല്‍കിയിട്ടുള്ളൂവെന്നും മനോജ് ഓര്‍ക്കുന്നു.

“അമ്മ സഹായിക്കാനുണ്ടായിരുന്നു. പക്ഷേ അമ്മയ്ക്ക് അസുഖങ്ങളൊക്കെയുണ്ട്. അതുകൊണ്ട് കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി എല്ലാം ഒറ്റയ്ക്കാണ്. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയൊക്കെ തൈകളും പച്ചക്കറി തൈകളുമൊക്കെ നനയ്ക്കാനുണ്ടാകും,” മനോജ് പറഞ്ഞു.

വാഴയും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ടെറസില്‍ ഗ്രോബാഗിലും ചെടി ചട്ടിയിലുമൊക്കെയായി നട്ടിട്ടുണ്ട്. ടെറസില്‍ പാഷന്‍ ഫ്രൂട്ടും കോവലുമൊക്കെയുണ്ട്.

“പറമ്പിലും കുറേ പച്ചക്കറിയുണ്ട്. സാമ്പാര്‍ ചീര, വള്ളിച്ചീര, തഴുതാമ ഇങ്ങനെ കുറേയുണ്ട്. ഇതൊക്കെയാണ് ഞങ്ങള് ഉപയോഗിക്കുന്നത്. പ്ലാവിന്‍ ഇല വരെ തോരന്‍ വയ്ക്കാറുണ്ട്.

“ഞാനിങ്ങനെ രാവിലെ മുതല്‍ രാത്രി വരെ പറമ്പില്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നത് കണ്ടാണ്  അമ്മയ്ക്കൊക്കെ മാറ്റം വന്നത്. അമ്മ പറയുന്നത് എന്താണെന്നു വച്ചാല്‍, വീട്ടിലുണ്ടാക്കുന്ന പച്ചക്കറിയല്ലേ വിഷമില്ലാത്തതല്ലേ.. കുറേ നേരം വെള്ളത്തിലിട്ട് വയ്ക്കണ്ട, സമയമെടുത്ത് പച്ചക്കറി കഴുകേണ്ട… എന്നൊക്കെയാണ്.

“വിരുന്നുകാര് വന്നാല്‍ മാത്രമേ എന്തെങ്കിലും പുറത്ത് നിന്നു വാങ്ങേണ്ടി വരുന്നുള്ളൂ. ഞങ്ങള്‍ക്ക് കഴിക്കാനുള്ളത് ഈ പറമ്പില്‍ തന്നെയുണ്ടാക്കുന്നുണ്ടല്ലോ.
വാഴയ്ക്ക് വേണ്ടിയും അധികം കിളയൊന്നുമില്ല. വാഴക്കണ്ണ് വയ്ക്കാനുള്ള ഒരു കുഴിയെടുക്കും, നടും. അത്രേയുള്ളൂ” എന്ന് മനോജ് വിശദമാക്കുന്നു.

ചാണകവും കപ്പലണ്ടി പിണ്ണാക്കും പുളിപ്പിച്ച് ഒഴിക്കും. ഇതേയുള്ളൂ വളം. പിന്നെ പുതയിട്ടു കൊടുക്കും. അത്രമാത്രം മതിയാവുമെന്ന് അദ്ദേഹം അനുഭവത്തില്‍ നിന്ന് പറയുന്നു.

അച്ഛന്‍ ബാലകൃഷ്ണ മേനോന്‍, അമ്മ ഇന്ദിര. ഭാര്യ സ്വപ്ന. 11-ാം ക്ലാസില്‍ പഠിക്കുന്ന ഗൗതമും ഏഴാംക്ലാസുകാരന്‍ സാരംഗുമാണ് മക്കള്‍.

“പണ്ടൊന്നും ആരും പിന്തുണച്ചിട്ടില്ല. എന്നെക്കുറിച്ചും ഞാനീ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ മാധ്യമങ്ങളിലൊക്കെ വാര്‍ത്തകള്‍ വന്നതോടെ പലരുടെയും എതിര്‍പ്പൊക്കെ കുറഞ്ഞിട്ടുണ്ട്,” മനോജ് പറയുന്നു.


ഇതുകൂടി വായിക്കാം:ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം