‘വീണുപോയവര്‍ക്കൊപ്പമല്ലേ നില്‍ക്കേണ്ടത്?’ തോറ്റുപോയ ഒറ്റക്കുട്ടിയെ ഓര്‍ത്ത് സങ്കടപ്പെട്ട ആ അധ്യാപകന്‍ ചോദിക്കുന്നു

ഫലം അറിഞ്ഞയുടന്‍ വിജയിച്ചവരെയല്ല, അക്കൂട്ടത്തില്‍പ്പെടാതെ പോയ ഈ കുട്ടിയെയാണ് ഫോണ്‍ ചെയ്തതെന്ന് എഴുതിയിട്ട പ്രഭാകരന്‍ മാഷ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട്

“നൂറു ശതമാനം വിജയം ഞങ്ങളാഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ കുട്ടികളും വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ഇവന്‍ വിജയിക്കില്ലെന്നു ഒരു നിമിഷം പോലും ചിന്തിച്ചിരുന്നില്ല.

“വേറൊന്നുമല്ല ഇവന്‍ പഠിക്കാന്‍ അത്രയേറെ പിന്നിലായിരുന്നില്ല. പഠിക്കാന്‍ വളരെ മോശമായ കുറച്ച് കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പഠിപ്പിച്ചാണ് പരീക്ഷാഹാളിലേക്ക് അയച്ചത്,” കോഴിക്കോട് വടകര മടപ്പള്ളി ജി വി എച്ച് എസിലെ പത്താം ക്ലാസ് പരീക്ഷയെഴുതിയ 435 വിജയിച്ച 434 കുട്ടികളെ വിളിക്കാതെ തോറ്റുപോയ ഒരാളെ മാത്രം വിളിക്കാന്‍ കാരണവും ഈ സങ്കടമായിരുന്നുവെന്നു സ്കൂളിലെ ഹെഡ്മാസ്റ്റര്‍ വി പി പ്രഭാകരന്‍ പറയുന്നു.

“കുട്ടികളില്‍ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം ശ്രദ്ധിച്ചാണ് പരീക്ഷയ്ക്ക് സജ്ജരാക്കിയത്. എവിടെയാണ് ഇവനെ ഞങ്ങള്‍ അറിയാതെ പോയതെന്നാണ്. അതാണ് എന്നെ വല്ലാതെ വിഷമിപ്പിച്ചതും.”

സ്കൂള്‍ ഹെഡ്മാസറ്റര്‍ വി പി പ്രഭാകരന്‍

ഏതാനും ദിവസങ്ങള്‍ക്ക് പ്രഭാകരന്‍ മാഷ് സ്കൂളിലെ പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടികളില്‍ ഒരാള്‍ മാത്രം വിജയിക്കാതെ പോയതിനെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിട്ടിരുന്നു.

ആ തോറ്റുപോയ ഒരേയൊരു വിദ്യാര്‍ഥിയെക്കുറിച്ച് എഴുതിയ ആ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫലം അറിഞ്ഞയുടന്‍ വിജയിച്ചവരെയല്ല, അക്കൂട്ടത്തില്‍പ്പെടാതെ പോയ ഈ കുട്ടിയെയാണ് ഫോണ്‍ ചെയ്തതെന്ന് എഴുതിയിട്ട കുറിപ്പ് കണ്ട് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരടക്കം പ്രഭാകരന്‍ മാഷിന‍െ വിളിച്ചു.

അവനെ പിന്തുണച്ചതിന് ഒരുപാട് ആളുകളാണ് പ്രഭാകരനെ ഫോണിലൂടെയും നേരിട്ടും അഭിനന്ദനങ്ങള്‍ അറിയിച്ചത്.

“എന്‍റെ ജീവിതത്തിലുണ്ടായ ഒരു അനുഭവം ഫേസ്ബുക്കില്‍ എഴുതിയിട്ടെന്നേയുള്ളൂ. ഇത്രയേറെ ആളുകള്‍ വായിക്കുമെന്നോ ശ്രദ്ധിക്കപ്പെടുമെന്നോ കരുതിയിരുന്നില്ല.”

വേറൊന്നും പ്രതീക്ഷിച്ചല്ല അങ്ങനെയൊരു കുറിപ്പ് എഴുതിയതെന്നും പ്രഭാകരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. എല്ലാവരെയും വിജയിപ്പിക്കണമെന്ന ആഗ്രഹത്തോടെ പഠിക്കാന്‍ പുറകിലായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.

“നൂറു ശതമാനം വിജയം ഏതൊരു അധ്യാപകനെ പോലെ ഞാനും ആഗ്രഹിച്ചിരുന്നു. പഠന വൈകല്യമുള്ള കുട്ടിയടക്കം ഒമ്പത് കുട്ടികള്‍ക്കാണ് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നത്.

“കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണായതോടെ മൂന്ന് പരീക്ഷകള്‍ മാറ്റി വച്ചിരുന്നല്ലോ. ആ ലോക്ഡൗണ്‍ ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസും നല്‍കിയിരുന്നു.ആ ഒമ്പത് വിദ്യാര്‍ഥികളും തോല്‍ക്കാന്‍ ഇടവരരുതെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു.

കോഴിക്കോട് വടകര മടപ്പള്ളി ജി വി എച്ച് എസ്

“ആ കൂട്ടത്തില്‍ ഇവന്‍ ഇല്ലായിരുന്നു. അവന്‍ ഒരു ശരാശരിക്കാരന്‍ ആയിരുന്നു. പഠിക്കാന്‍ അത്ര മോശമല്ലാത്തതുകൊണ്ടു തന്നെയാണ് പ്രത്യേക ശ്രദ്ധ നല്‍കിയവരുടെ കൂട്ടത്തില്‍ ഇവന്‍ പെടാതിരുന്നത്.

“അവന് പരിഗണന നല്‍കേണ്ടവനാണെന്നു അറിഞ്ഞിരുന്നുവെങ്കില്‍ അവനെയു കൂടുതല്‍ ശ്രദ്ധ നല്‍കി പഠിപ്പിച്ചേനെ. ലോക്ഡൗണ്‍ സമയത്തെ ഓണ്‍ലൈന്‍ ക്ലാസിനും ഇവനില്ലായിരുന്നു. അവന് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ അവനെയും ആ ക്ലാസില്‍ ഉള്‍പ്പെടുത്തിയേനെ. അതിന് സാധിച്ചില്ലല്ലോ അവനെ മനസിലാക്കാന്‍ പറ്റിയില്ലല്ലോ എന്നാണ് വിഷമം.

“എനിക്ക് മാത്രമല്ല ടീച്ചര്‍മാര്‍ക്ക് എല്ലാവര്‍ക്കും അതൊരു സങ്കടമായി. ആ വിഷമം കൊണ്ടു തന്നെയാണ് ഫെയ്സ്ബുക്കില്‍ അങ്ങനെയൊരു കുറിപ്പിട്ടതും. പത്താം ക്ലാസ് പരീക്ഷയില്‍ സ്കൂളില്‍ ഒരു കുട്ടി മാത്രം തോറ്റു പോയാല്‍ ആ കുട്ടിക്ക് ഉണ്ടാകുന്ന മാനസികസമ്മര്‍ദ്ദം വളരെ വലുതാണ്.

“ഫലപ്രഖ്യാപനം കഴിഞ്ഞ് ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ അവനെ വിളിച്ചു. അവനെ തന്നെയാണ് ആദ്യം വിളിക്കുന്നതും. നൂറു ശതമാനം കിട്ടുമെന്നു ഉറപ്പാക്കിയതായിരുന്നു.

“വിളിക്കുന്ന നേരത്ത് അവന്‍ സ്കൂളില്‍ നിന്നു കുറച്ചകലെ പേരാമ്പ്രയിലാണ്. കൊറോണ സമയമല്ലേ നേരിട്ട് പോകാനാകില്ലല്ലോ. സാറേ ഞാന്‍ ഒരിക്കലും തോറ്റു പോകുമെന്നു വിചാരിച്ചിരുന്നതല്ല… ഇതു പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്ത് കളയുകയായിരുന്നു,” എന്ന് അധ്യാപകന്‍

അദ്ദേഹം പിന്നെയും വിളിച്ച് അവനോട് സംസാരിച്ചു, സങ്കടപ്പെടേണ്ട, ഇനിയും ഒരുപാട് അവസരങ്ങളുണ്ടെന്നൊക്കെ അവനോട് പറഞ്ഞു.

“നീ റീവാലുവേഷനില്‍ ജയിക്കും, അല്ലേല്‍ സേ പരീക്ഷയില്‍ വിജയിക്കും എനിക്കുറപ്പാണ്,” എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു.

ലോക്ഡൗണിന് ശേഷം നടന്ന കണക്ക് പരീക്ഷയിലാണ് ആ കുട്ടി തോറ്റത്.  സേ പരീക്ഷയ്ക്ക് പഠിക്കാന്‍ സഹായിക്കാന്‍ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും പ്രഭാകരന്‍ സാര്‍ പറഞ്ഞു.

“ഫേസ്ബുക്കിലെ പോസ്റ്റ് കണ്ട് ഗള്‍ഫില്‍ നിന്നും അമെരിക്കയില്‍ നിന്നൊക്കെ ആളുകള്‍ വിളിച്ചു സംസാരിച്ചു. പലരും പിന്തുണച്ചു. അതാണ് സമൂഹത്തിന്‍റെ നന്മയായി തോന്നിയത്.

“സാധരണ വിജയിക്കുന്നവര്‍ക്കൊപ്പമാണല്ലോ സമൂഹം, പക്ഷേ അങ്ങനെയല്ല വീണുപോയവര്‍ക്കൊപ്പം നില്‍ക്കുകയല്ലേ വേണ്ടത്, അതല്ലേ ശരി. അതിലെനിക്ക് വലിയ സന്തോഷം തോന്നി.

“28 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തില്‍ വലിയ സന്തോഷം തോന്നിയ കാര്യമാണിത്,” അധ്യാപകന്‍ പറഞ്ഞു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം