പഠനവൈകല്യമുള്ള മകനുവേണ്ടി സ്വന്തമായി സ്പെഷ്യല്‍ സ്കൂള്‍ തുടങ്ങിയ ഒരമ്മ

“സ്കൂള്‍ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയും ഞങ്ങള്‍ക്കില്ലായിരുന്നു… സാഹചര്യങ്ങള്‍ക്ക് കൊണ്ടു അങ്ങനെയൊരു സ്പെഷ്യല്‍ സ്കൂള്‍ ആരംഭിക്കേണ്ടി വന്നതാണ്… ഫണ്ടിന് വേണ്ടി ഞങ്ങളുടെ കൈയിലുള്ളതൊക്കെയും ഉപയോഗിച്ചു. അന്നും ഇന്നും പ്രതിസന്ധികളിലൂടെയാണ് സ്കൂള്‍ മുന്നോട്ട് പോകുന്നത്.”

വികൃതിക്കുരുന്നായിരുന്നു തേജസ്. സ്കൂളില്‍ പോകാന്‍ അവന് ഒട്ടും ഇഷ്ടമല്ലായിരുന്നു. ടീച്ചര്‍ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ കടലാസും ക്രയോണുമൊക്കെ എടുത്തു വരയ്ക്കാമെന്നു ടീച്ചര്‍ പറഞ്ഞാലോ… പിന്നെ അവന്‍ ഹാപ്പിയാണ്.

പക്ഷേ, ചുവന്ന ക്രയോണ്‍ എടുത്തോളൂവെന്നു ടീച്ചര്‍ പറഞ്ഞാല്‍ തേജസിന് ആ നിറം തിരിച്ചറിയാനാകില്ലായിരുന്നു. എ ബി സി ഡിയൊക്കെ എഴുതാന്‍ പറഞ്ഞാല്‍ അവന്‍ കടലാസില്‍ വെറുതേ കുത്തിവരയ്ക്കും. അക്ഷരങ്ങളൊക്കെ ചിത്രം വരയ്ക്കുന്ന പോലെയാണവന്‍ എഴുതിയിരുന്നത്.


ജൈവ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഒപ്പം ഗ്രാമീണ സ്ത്രീകളുടെ അതിജീവനത്തിന് ഒരു കൈത്താങ്ങാകാം. സന്ദര്‍ശിക്കുക: KARNIVAL.COM

ടീച്ചര്‍ പഠിപ്പിക്കുന്നതൊന്നും അവന് മനസിലായില്ല. അതൊന്നും ഓര്‍ത്തിരിക്കാനുമാകുന്നില്ല. പഠിക്കാനിഷ്ടമില്ലാതെ അവന്‍ കുസൃതിത്തരങ്ങളൊക്കെ കാണിക്കും.

സന്ധ്യ മകന്‍ തേജസിനൊപ്പം

സ്കൂളില്‍ പോകാന്‍ വലിയ പാടായിരുന്നെങ്കിലും അവിടെപ്പോയി കളിക്കാനൊക്കെ തേജസിന് വലിയ ഇഷ്ടമായിരുന്നു–അതുമാത്രമേ അവനിഷ്ടമുണ്ടായിരുന്നുള്ളൂ.

സ്കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി, കുറേ നേരം ടോയ്ലെറ്റിലിരിക്കും. അങ്ങനെ സമയം വൈകും, സ്കൂള്‍ ബസ് പോകും. സ്കൂളില്‍ കൊണ്ടുപോയി വിടേണ്ടി വരും. പിന്നെ ആകെ ബഹളമായിരിക്കും.

ഇതൊരു പതിവായതോടെ അവന്‍റെ ക്ലാസ് മാറാന്‍ തീരുമാനിച്ചു. അതേ സ്കൂളിലെ തന്നെ മുന്‍പരിചയമുള്ള അധ്യാപികയുടെ ക്ലാസിലേക്കാണ് മാറ്റുന്നത്. പക്ഷേ യു കെ ജിയില്‍ ഇഷ്ടപ്പെട്ട ടീച്ചറുടെ അരികിലെത്തിച്ചിട്ടും ഒന്നാം ക്ലാസിലേക്കെത്തിയിട്ടൊന്നും തേജസിന് മാറ്റമില്ല.

അവന് കണക്ക് പഠിക്കാനിഷ്ടമാണ്. പക്ഷേ അതുമാത്രമേ നന്നായി പഠിക്കൂ.
പഠിക്കാന്‍ മടിയനായ, അമ്മയും അച്ഛനും ശ്രദ്ധിക്കാത്ത കുട്ടിയാണെന്ന പരാതി പറയാനെ ടീച്ചര്‍മാര്‍ക്ക് നേരമുണ്ടായിരുന്നുള്ളൂ.

“എന്നും സ്കൂളില്‍ നിന്നു വിളിക്കും. ടീച്ചര്‍മാര്‍ക്ക് ഇവനെക്കുറിച്ച് പരാതി മാത്രമേയുള്ളൂ. ആ പരാതികള്‍ കേള്‍ക്കാനായി ഞങ്ങള്‍ക്കെന്നും സ്കൂളില്‍ പോകാനേ നേരമുള്ളൂ. ഒടുവില്‍ സ്കൂളില്‍ നിന്നു തീര്‍ത്തുപറഞ്ഞു, ഇനി ഇവിടെ തേജസിനെ പഠിപ്പിക്കാന്‍ പറ്റില്ലെന്ന്,” തേജസിന്‍റെ അമ്മ സന്ധ്യ പ്രജിന്‍ പറഞ്ഞു.

സന്ധ്യ പ്രജിന്‍

ഇതൊരു ഫ്ലാഷ് ബാക്ക് ആണ്. പക്ഷേ അത്ര എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാനാകില്ല തേജസിന്‍റെ കുട്ടിക്കാലജീവിതം. കുട്ടിയ്ക്ക് പഠനവൈകല്യമാണെന്നു പോലും തിരിച്ചറിയാതെ സ്കൂളുകാര്‍ കൈയൊഴിഞ്ഞ അവനെ അമ്മയ്ക്ക് കൈയ്യൊഴിയാനാവില്ലല്ലോ.


അവന്‍റെ കുറവുകളും കഴിവുളുമൊക്കെ തിരിച്ചറിഞ്ഞു കൂടെ നിന്ന സന്ധ്യ മകന് വേണ്ടി ഒരു സ്പെഷ്യല്‍ സ്കൂള്‍ തന്നെ തുടങ്ങി.


എന്നാല്‍ അതിലേക്കുള്ള ഇവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമൊക്കെ കണ്ടില്ലെന്നു നടിച്ച് മകന് വേണ്ടി നടത്തിയ ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം സന്ധ്യയുടെ കൂടെയായിരുന്നു.

തേജസ് വരച്ച ചിത്രം

“2014-ലാണ് തിരുവന്തപുരത്ത് ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂള്‍ ഞങ്ങള്‍ ആരംഭിക്കുന്നത്.” സന്ധ്യ പ്രജിന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “മോന് വേണ്ടി തന്നെയാണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ വേറെ വഴികളൊന്നും കണ്ടില്ല.

“പക്ഷേ ആ തീരുമാനം തെറ്റിയിട്ടില്ല. മകനെ മാത്രമല്ല അവനെ പോലുള്ള കുറേ മക്കളെ ചേര്‍ത്തുപിടിച്ചുനിറുത്താന്‍ ഈ സ്കൂളിലൂടെ സാധിക്കുന്നുണ്ട്. പ്രതിസന്ധികളേറെയുണ്ടെങ്കിലും ഇങ്ങനെയൊരു തണലൊരുക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നു തന്നെയാണ് കരുതുന്നത്.

“തേജസിന് പഠനവൈകല്യമായിരുന്നു. അവന്‍ വൈകിയാണ് സംസാരിച്ചു തുടങ്ങിയത്. അതൊക്കെ സാധാരണമല്ലേ. അതൊരു പ്രശ്നമായിട്ട് തോന്നിയില്ല. മോള് പഠിച്ച സ്കൂളില്‍ തന്നെയാണ് അവനെയും ചേര്‍ത്തിരുന്നത്.

മകള്‍ അനാമികയ്ക്കൊപ്പം സന്ധ്യ

“പക്ഷേ പഠനവൈകല്യമായ ഡിസ്‍ലെക്സിയ ആണെന്നു അവന്‍റെ ടീച്ചര്‍മാര്‍ക്കും സ്കൂളുകാര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല. ഞങ്ങളും വൈകിയാണ് മനസിലാക്കിയത്.

“ഇതിനിടയ്ക്ക് തേജസിനെ സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. അവര്‍ പറഞ്ഞത് സ്ലോ ലേണര്‍ ആണെന്നാണ്. അതില്‍ സങ്കടപ്പെടാനൊന്നുമില്ല. കുറച്ച് ലേണിങ് ടെക്നിക്സൊക്കെ പഠിപ്പിച്ചു തന്നു.

“പക്ഷേ എന്നും ആ ടെക്നിക്സൊക്കെ പ്രാക്റ്റീസ് ചെയ്യിക്കാനാകുന്നില്ലായിരുന്നു. എന്‍റെ അടുത്ത് മര്യാദയ്ക്ക് പഠിക്കാനിരിക്കില്ല. അമ്മയല്ലേ… പേടിയൊന്നും ഉണ്ടാകില്ലല്ലോ.”

അക്ഷരങ്ങളൊക്കെ ചുമരില്‍ എഴുതി ഒട്ടിക്കുക, ചിത്രങ്ങളിലൂടെ പഠിപ്പിക്കുക ഇങ്ങനെയുള്ള ടിപ്സുകളാണ് പരീക്ഷിച്ചതെന്നു സന്ധ്യ പറയുന്നു.

ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂളിലെ ഓണാഘോഷത്തില്‍ നിന്ന്

“പക്ഷേ രണ്ടാം ക്ലാസിലെത്തിയപ്പോഴേക്കും അച്ഛനും അമ്മയും ശ്രദ്ധിക്കാത്തതു കൊണ്ടു മടിയന്‍ കുട്ടിയായി പോയെന്നുപറഞ്ഞ് തേജസിനെ സ്കൂളുകാര്‍ കൈയൊഴിഞ്ഞു,” സന്ധ്യ തുടരുന്നു.

“അതുവരെ പക്ഷേ അവന്‍റെ അച്ഛന് അതൊക്കെ ഉള്‍ക്കൊനാകുമായിരുന്നില്ല. കുട്ടിയ്ക്ക് മടിയാണെന്നാണ് അദ്ദേഹവും മനസിലാക്കിയിരുന്നത്. പക്ഷേ എനിക്കവന്‍റെ പ്രശ്നങ്ങളൊക്കെ വേഗം തിരിച്ചറിയാന്‍ സാധിച്ചിരുന്നു.

“വേറൊന്നും കൊണ്ടല്ല, അവനെ പഠിപ്പിക്കുന്നതൊക്കെ ഞാനാണ്. അതുകൊണ്ടാണ് അവനെ എനിക്ക് വേഗത്തില്‍ മനസിലാക്കാന്‍ സാധിച്ചത്. മറ്റു കാര്യങ്ങളൊക്കെ നേരേ ചൊവ്വേ ചെയ്യുന്നവന്‍ പഠിത്തത്തിന്‍റെ കാര്യത്തില്‍ മാത്രം മടി കാണിക്കുന്നു.

“ആര്‍ക്കും അവന്‍റെ പ്രശ്നം മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മനപ്പൂര്‍വം കാണിക്കുന്നതാണെന്നൊക്കെയേ അവന്‍റെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നൂ.

“നേരില്‍ കണ്ടാല്‍ ഇവനെന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നുകയേയില്ല,” സന്ധ്യ പറഞ്ഞു.

ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍

വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ആ അമ്മ പറയുന്നു. ഭിന്നശേഷിക്കരായ  ഡിസ്എബിലിറ്റീസ് ഉള്ള കുട്ടികളെയൊക്കെ കണ്ടാല്‍ മനസിലാകും.  ഈ ലേണിങ് ഡിസ്എബിലിറ്റീസ് ഉള്ളവരെ തിരിച്ചറിയുന്നത് ശ്രമകരമാണ്, അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

“കുറേ കാര്യങ്ങളിലൊക്കെ അവര്‍ എല്ലാവരെയും പോലെയാകും. സിനിമ കണ്ടതിന്‍റെ വിശേഷങ്ങളൊക്കെ അവര്‍ കുറേ പറഞ്ഞെന്നു വരും. പക്ഷേ പഠിത്തത്തിന്‍റെ കാര്യത്തില്‍ മാത്രം അവര്‍ പ്രശ്നക്കാര്‍ ആയിരിക്കും.”

ഒടുവില്‍ ഒരു സുഹൃത്തിന്‍റെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളെജിലെ ചൈല്‍ഡ് ഡവലപ്പ്മെന്‍റ് സെന്‍ററില്‍ കൊണ്ടുപോയി  തേജസിനെ കാണിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് തേജസിന് ഡിസ്‍ലെക്സിയ ആണെന്നു തിരിച്ചറിയുന്നത്.


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


തുടര്‍ന്ന് തേജസിന് പറ്റിയ ഒരു സ്കൂളിനായുള്ള അന്വേഷണമായി.  തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിന്‍റെ പല ഭാഗങ്ങളിലും അത്തരം സ്കൂളുകള്‍ നോക്കി.

ഓണാഘോഷത്തിനിടയില്‍

“ഒടുവിലൊരു സ്പെഷ്യല്‍ സ്കൂളില്‍ ഞങ്ങളെത്തി. അവിടെ പഠിപ്പിക്കാമെന്നും തീരുമാനിച്ചു. പക്ഷേ ആ സ്കൂളില്‍ എല്ലാത്തരം ഡിസ്എബിലിറ്റീസുമുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. പക്ഷേ അവിടെ കുട്ടിയെ ചേര്‍ക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. വേറെ സ്കൂള്‍ എന്ന ചോയ്സ് ഇല്ലായിരുന്നു,” സന്ധ്യ തുടരുന്നു.

“സാധാരണ സ്കൂളില്‍ ചേര്‍ക്കാനും പറ്റില്ലല്ലോ. ഒടുവില്‍ ആ സ്കൂളില്‍ അവനെ ചേര്‍ത്തു. അവിടെ പഠിക്കുന്നതിന്‍റെ മാറ്റങ്ങളൊക്കെയുണ്ടായി. അവനും അവിടെ ഇഷ്ടമായിരുന്നു.

“പഠനത്തിലും പെരുമാറ്റത്തിലുമൊക്കെ അവനില്‍ കുറേ മാറ്റങ്ങള്‍ വന്നു. പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയട്ടെ ആ വര്‍ഷം സ്കൂള്‍ അടച്ചു പൂട്ടി. തേജസിനെപ്പോലെ വേറെ ചില കുട്ടികളും പാതിവഴിയില്‍ നില്‍പ്പുണ്ടായിരുന്നു.” അങ്ങനെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് സ്കൂള്‍ തുടങ്ങിയാലോ എന്നാലോചിച്ചതെന്നു സന്ധ്യ പറഞ്ഞു.

സന്ധ്യ ഭര്‍ത്താവ് പ്രജിനൊപ്പം

“ഒടുവില്‍ അവിടുത്തെ ചില അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെയുമൊക്കെ സഹകരണത്തോടെ ഞങ്ങള്‍ സ്കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു.”

അങ്ങനെ 2014 ജൂണ്‍ 24-ന് ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂള്‍ ആരംഭിച്ചു. ആ അധ്യയന വര്‍ഷം കഴിയാറായപ്പോഴേക്കും 16 കുട്ടികള്‍ അവിടെ പഠിക്കാനുണ്ടായിരുന്നു.

“ഡിസ്ലെക്സിയ ഉള്ള കുട്ടികള്‍ക്ക് മാത്രമുള്ള സ്കൂള്‍ എന്നൊക്കെ കരുതിയാണ് ആരംഭിച്ചതെങ്കിലും പിന്നീട് ഓട്ടിസ്റ്റിക് ആയ കുട്ടികളടക്കം പലരും ഇവിടെ വന്നു.

“അങ്ങനെ അവരെയും സ്കൂളില്‍ ചേര്‍ത്തു. അവര്‍ക്ക് വേണ്ടി പ്രത്യേകം ക്ലാസുമുറിയൊക്കെയുണ്ടായിരുന്നു. തിരുമലയ്ക്ക് അടുത്ത് വട്ടവിളയിലാണ് സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഗായകന്‍ ജി വേണുഗോപാലിനൊപ്പം പ്രജിനും സന്ധ്യയും

“ഇങ്ങനെയൊരു സ്കൂള്‍ ആരംഭിക്കണമെന്നൊന്നും തീരുമാനിച്ചുറപ്പിച്ചിരുന്നവര്‍ അല്ലല്ലോ ഞങ്ങള്‍.


അങ്ങനെയൊരു സ്കൂള്‍ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയും ഞങ്ങള്‍ക്കില്ലായിരുന്നു. സാഹചര്യങ്ങള്‍ക്ക് കൊണ്ടു അങ്ങനെയൊരു സ്പെഷ്യല്‍ സ്കൂള്‍ ആരംഭിക്കേണ്ടി വന്നതാണ്.


“ഫണ്ടിന് വേണ്ടി ഞങ്ങളുടെ കൈയിലുള്ളതൊക്കെയും ഉപയോഗിച്ചു. അന്നും ഇന്നും പ്രതിസന്ധികളിലൂടെയാണ് സ്കൂള്‍ മുന്നോട്ട് പോകുന്നത്. പക്ഷേ ഇങ്ങനെയൊരു സ്കൂള്‍ ആരംഭിക്കുന്നതിന് ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്.

“കുറേ കംപ്യൂട്ടറുകള്‍ നല്‍കിയും സ്കൂളിലേക്ക് ആവശ്യമായ കുറേ സാധനങ്ങളൊക്കെ നല്‍കിയും കുറേയാളുകള്‍ പിന്തുണച്ചു. ടെക്നോപാര്‍ക്കിലെ ജീ ടെക്ക് എന്നൊരു സംഘം പ്രത്യേകം ഒരു പരിപാടി സംഘടിപ്പിച്ചു.

“ആ പരിപാടിയില്‍ നിന്നു കിട്ടിയ തുക സ്കൂളിനാണ് നല്‍കിയത്. അങ്ങനെ പലരുടെയും നല്ല മനസിലാണ് ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചത്. സഹായിക്കും എന്നു കരുതിയ പലരും സഹായിച്ചില്ല.

“എന്നാല്‍ സഹായിക്കില്ലെന്നു കരുതിയ നിരവധി പേരാണ് സഹായവുമായി വന്നത്.” നേരില്‍ പോലും പരിചയമില്ലാത്തവര്‍ പോലും സഹായിച്ചുവെന്നു സന്ധ്യ നന്ദിയോടെ ഓര്‍ക്കുന്നു.

കുടുംബത്തിനൊപ്പം സന്ധ്യ

കെ ജി മുതല്‍ പ്ലസ് ടു വരെ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ട്. 80 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അധ്യാപകരും നോണ്‍ ടീച്ചിങ്ങ് സ്റ്റാഫുമൊക്കെയായി 30 പേരുമുണ്ട്. “പത്തും പതിനൊന്നും പന്ത്രണ്ടും ക്ലാസുകള്‍ വരെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പണ്‍ സ്കൂള്‍ പാഠ്യപദ്ധതിയാണ് ഇവിടെ തുടരുന്നത്. ഒമ്പതാം ക്ലാസ് വരെ നമ്മുടെ തന്നെ പാഠ്യപദ്ധതിയാണ് ഉപയോഗിക്കുന്നത്,” സ്കൂളിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ സന്ധ്യ വിശദമാക്കുന്നു.

ഇതൊക്കെപ്പറയുമ്പോഴും പരിമിതികളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് സ്കൂള്‍ മുന്നോട്ടുപോകുന്നത്.

നമ്മളൊക്കെ പഠിച്ച സ്കൂള്‍ എവിടെയാണെന്നു ചോദിച്ചാല്‍ പറയാന്‍ ഒരു ഉത്തരമുണ്ടാകും. സ്കൂളില്‍ പഠിച്ചിറങ്ങിയാലും പിന്നീടൊരിക്കല്‍ വരാന്‍ ഒരു സ്കൂള്‍ കെട്ടിടം ഉണ്ടാകുമല്ലോ. പക്ഷേ ഈ കുഞ്ഞുങ്ങള്‍ക്ക് അവര്‍ പഠിച്ച സ്കൂളിനെപ്പറ്റി ഭാവിയില്‍ ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ സ്വന്തമായൊരു സ്ഥലമില്ല.

ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂളിന്‍റെ വാര്‍ഷികാഘോഷത്തില്‍ നിന്ന്

“സ്വന്തമായൊരു കെട്ടിടം ഈ സ്കൂളിനില്ല. സ്കൂള്‍ ഇന്നും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ വലിയൊരു പ്രതിസന്ധിയാണിത്. പരിമിതികളൊക്കെയുണ്ടെങ്കിലും കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊക്കെ സ്കൂളിലുണ്ട്.

“ഇപ്പോ കെട്ടിടത്തിന്‍റെ വാടകയ്ക്ക് മാത്രം നല്ല തുകയാണ് വേണ്ടത്. അതിനൊരു മാറ്റം വന്നാല്‍ തന്നെ വലിയൊരു തുകയാണ് മറ്റു കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കാനാകുമായിരുന്നു,”  സന്ധ്യ പറയുന്നു.  “ക്ലാസ് റൂം സ്മാര്‍ട്ടാക്കാനോ തെറാപ്പിയ്ക്ക് പ്രധാന്യം നല്‍കാനോ ഒക്കെ സാധിക്കുമായിരുന്നു.”

പക്ഷേ ഇപ്പോള്‍ സ്കൂള്‍ നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തികം തന്നെ വലിയ പ്രശ്നമാണെന്ന് അവര്‍ തുറന്നുപറയുന്നു. സ്കൂള്‍ കെട്ടിടത്തിന്‍റെ വാടകയ്ക്ക് പുറമെയാണ് മൂന്ന് മൂന്നു സ്കൂള്‍ വാനുകളുടെ ലോണും പെട്രോള്‍ ചെലവുമൊക്കെ.

കരാട്ടെയില്‍ യെല്ലോ ബെല്‍റ്റ് സ്വന്തമാക്കിയ വിദ്യാര്‍ഥികള്‍ക്കൊപ്പം സന്ധ്യയും പ്രജിനും

ഇതെല്ലാം കൂടെ വലിയൊരു തുകയാകും. പിന്നെ കുട്ടികളില്‍ നിന്നു ഫീസ് വാങ്ങുന്നതിനും ഒരു പരിമിതിയൊക്കെ ഇല്ലേ, എന്നാണ് സന്ധ്യ ചോദിക്കുന്നത്.

“സാമ്പത്തികമായി മോശം സാഹചര്യത്തിലുള്ള കുട്ടികളുണ്ട്. അവര്‍ക്ക് സ്കോളര്‍ഷിപ്പൊക്കെ നല്‍കുന്നുണ്ട്. അങ്ങനെയുള്ളവരെ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടികള്‍ പാതിവഴിയില്‍ സ്കൂള്‍ പഠനം നിറുത്തി പോകും.

“ഫീസ് വാങ്ങാതെ മുന്നോട്ട് പോകാനാകില്ല. അധ്യാപകര്‍ക്കൊക്കെ ശമ്പളവും കൊടുക്കണ്ടതല്ലേ. നല്ല ശമ്പളം കൊടുത്തില്ലെങ്കില്‍ അവരും വരില്ല.


വലിയ ഫീസ് വാങ്ങിയാണ് പഠിപ്പിക്കുന്നതെന്നൊക്കെ പലരും ആക്ഷേപിച്ചിട്ടൊക്കെയുണ്ട്.


“എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ പൊതു ഇടമാണെന്നു പോലും ശ്രദ്ധിക്കാതെ ചില രക്ഷിതാക്കള്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്,” അതൊക്കെ കേള്‍‍ക്കുമ്പോള്‍ വിഷമം തോന്നിയിരുന്നുവെന്നു സന്ധ്യ പറയുന്നു.

ചിത്രരചനയില്‍ സമ്മാനം നേടിയ സ്കൂളിലെ വിദ്യാര്‍ഥി

“യോഗ, കരാട്ടെ, പെയിന്‍റിങ് ഇതൊക്കെ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ട്. സ്കൂള്‍ ഡേയ്ക്ക് എല്ലാ കുട്ടികളെയും സ്റ്റേജില്‍ കയറ്റാനും സന്ധ്യയും കൂട്ടരും ശ്രമിക്കാറുണ്ട്. ഒരു ഐറ്റമെങ്കിലും ഒരാളെക്കൊണ്ട് ചെയ്യിച്ചിരിക്കും. അതൊക്കെയാണ് അവര്‍ക്ക് സന്തോഷം നല്‍കുന്നത്,” സന്ധ്യ പറയുന്നു.

സ്കൂളിനൊരു പി ടി മാഷുമുണ്ട്. അദ്ദേഹമാണ് കുട്ടികളെ ബാന്‍റ് പഠിപ്പിക്കുന്നത്. സ്പീച്ച് തെറാപ്പിയുണ്ട്. സൈക്കോളജിസ്റ്റിന്‍റെ സേവനവും സ്കൂളിനുണ്ട്. രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം മൂന്നര വരെയാണ് തേജസ് സ്കൂളിന്‍റെ പ്രവര്‍ത്തന സമയം.

കഴി‍ഞ്ഞ നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നു പഠിച്ചിറങ്ങിയവരില്‍ ചിലര്‍ തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ്, വിമന്‍സ് കോളെജ്, മ്യൂസിക് കോളെജ്, യൂനിവേഴ്സിറ്റി കോളെജ് എന്നിവിടങ്ങളിലൊക്കെയാണ് പഠിക്കുന്നത്. അതൊക്കെയാണ് വലിയ സന്തോഷങ്ങളെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

സ്കൂളില്‍ സംഘടിപ്പിച്ച ഡെന്‍റല്‍ ക്യാംപ്

സി ഡിറ്റില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് സന്ധ്യ സ്കൂള്‍ ആരംഭിക്കുന്നത്. “സി ഡിറ്റില്‍ ഒരു അഞ്ച് വര്‍ഷമുണ്ടായിരുന്നു. … സത്യത്തില്‍ ആ ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനവും സ്കൂളിന്‍റെ കാര്യങ്ങള്‍ക്കാണ് ചെലവഴിച്ചത്. അതുകൊണ്ടു അതുപേക്ഷിക്കാന്‍ ആകില്ലായിരുന്നു.

“പിന്നീട് രണ്ടിലും പൂര്‍ണമായി ശ്രദ്ധിക്കാനാകാതെ വന്നതോടെ ജോലി രാജിവയ്ക്കുകയായിരുന്നു. ലോങ് ലീവ് ഒക്കെ എടുത്താണ് കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ഇപ്പോ പൂര്‍ണമായും സ്കൂളിനൊപ്പമാണ്.

“എട്ടാം ക്ലാസിലാണ് മോനിപ്പോള്‍ പഠിക്കുന്നത്. അവന്‍റെ സ്വഭാവത്തിലെ ഹൈപ്പര്‍ ആക്റ്റിവിറ്റിയൊക്കെ കുറേ കുറഞ്ഞു. മറ്റു കുട്ടികളെ പോലെയായെന്നു പറയാന്‍ പറ്റില്ല. പക്ഷേ കുറേ മാറ്റം വന്നിട്ടുണ്ട്.

“എവിടെയും ഞങ്ങളവനെ മാറ്റി നിറുത്തിയിട്ടില്ല. ചിലപ്പോ ഏതെങ്കിലും ചടങ്ങില്‍ എല്ലാവര്‍ക്കുമൊപ്പം ഇരിക്കുമ്പോഴാകും അവന്‍ ഉച്ചത്തില്‍ വാശി പിടിച്ച് കരുയുന്നത്. പക്ഷേ ഒരിക്കലും അവനെ അകറ്റി നിറുത്തിയിട്ടില്ല.

തേജസ് പ്രജിന്‍

“പലപ്പോഴും നാണം കെടുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. ഇതൊക്കെ ഇവിടെ വരുന്ന കുട്ടികളുടെ അച്ഛനോടും അമ്മയോടും പറയാറുണ്ട്. ഇതൊക്കെ ഈ അസുഖത്തിന്‍റെ പ്രശ്നങ്ങളാണ്. പക്ഷേ അതൊന്നും കുട്ടികളെ ബാധിക്കാതെ ശ്രദ്ധിക്കാനുമാകും.

“തേജസിനെ ഒരു ഉദാഹരണമാക്കി പറയുന്നതിനോടും പലരും ഞങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെ എന്തിനാ പറയുന്നത്. അവന്‍റെ ഭാവിയെ ഓര്‍ക്കണ്ടേയെന്നൊക്കെ.

“പക്ഷേ അത്തരം ടെന്‍ഷനൊന്നും ഞങ്ങള്‍ക്കില്ല. അവന്‍ എന്നെങ്കിലും തോറ്റാല്‍ അല്ലേ ഇതേക്കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ടതുള്ളൂ. പക്ഷേ അവന്‍ ഒരിക്കലും തോല്‍ക്കില്ല.” അക്കാര്യം ഉറപ്പാണെന്നു ആത്മവിശ്വാസത്തോടെയാണ് സന്ധ്യ പറയുന്നത്.

കുറേ പ്രതിസന്ധികളിലൂടെയാണ് ഇവിടെ വരെയെത്തിയത്. മകന് ഡിസ്ലെക്സിയയുണ്ടെന്നു  സമ്മതിക്കാന്‍ ഭര്‍ത്താവിനു പോലും ആകില്ലായിരുന്നു.


അദ്ദേഹത്തിന് മാത്രല്ല വീട്ടിലെ മുതിര്‍ന്നവര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഇതു അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.


ഒട്ടുമിക്ക വീടുകളിലും ഇതൊക്കെത്തന്നെയാകും സാഹചര്യമെന്നു സന്ധ്യ പറയുന്നത് അനുഭവത്തിലൂടെയാണ്.

“അച്ഛന്‍മാര്‍ക്ക് അതൊക്കെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും. പഠനവൈകല്യങ്ങളും ഓട്ടിസവുമൊക്കെയുള്ള കുട്ടികളാണെങ്കില്‍ അവരെയും ഭാര്യയെയും ഉപേക്ഷിച്ച് പോകുന്നവരുമുണ്ട്.

കലാമേളയില്‍ നിന്ന്

“പിന്നെ വലിയൊരു പ്രശ്നമെന്നു തോന്നുന്നത്, കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും പിന്നെ ബന്ധുക്കളൊക്കെയില്ലേ അവര്‍ക്ക് ഇതൊരു അസുഖമാണെന്നു അംഗീകരിക്കാന്‍ പോലും സാധിക്കില്ല.

“അമ്മയും അച്ഛനും ഇതൊക്കെ മനസിലാക്കിയാലും അവര്‍ക്കിതൊന്നും മനസിലാകില്ല. എല്ലാരെയും കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കുകയെന്നതു വലിയ പാടാണ്.

“ഞാന്‍ മോനെയും മോളെയും ഒരുമിച്ചാണ് പഠിപ്പിച്ചു കൊണ്ടിരുന്നത്. മോനെക്കുറിച്ച് മോള്‍ക്ക് വേഗത്തില്‍ മനസിലാക്കാന്‍ സാധിച്ചിരുന്നു. അവളാണ് എന്നെ വലിയ തോതില്‍ പിന്തുണച്ചിരുന്നത്.

“സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും മോള്‍ കുറേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവള്‍ സ്കൂളില്‍ വന്നാല്‍, ആയ വന്നിട്ടില്ലെങ്കില്‍ ആ ഡ്യൂട്ടി ചെയ്യും. ടീച്ചറില്ലെങ്കില്‍ കുട്ടികളെ പഠിപ്പിക്കാനും അവള്‍ ശ്രമിക്കാറുണ്ടായിരുന്നു.


ഇതു കൂടിവായിക്കാം: ടെറസ് കൃഷിയിലൂടെ സെറിബ്രല്‍ പാള്‍സിയെ തോല്‍പിച്ച് ബി കോമിന് ഒന്നാം റാങ്ക്, ബാങ്കില്‍ മാനേജര്‍: ‘കൃഷി ചികിത്സ’യുടെ അല്‍ഭുതം പങ്കുവെച്ച് അച്ഛനും മകനും


“എല്ലാ കാര്യത്തിലും അവള്‍ എനിക്കൊപ്പമുണ്ട്. അനാമിക എസ് എന്‍ കോളെജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.

സ്കൂളിലെ കലാപരിപാടിയില്‍ തേജസും കൂട്ടുകാരും

“അടച്ചിട്ടിരിക്കുന്ന ഒരുപാട് സര്‍ക്കാര്‍ സ്കൂളുകളില്ലേ… അതിലേതെങ്കിലും നല്‍കിയാല്‍ നമുക്കു സ്വന്തമായൊരു സ്കൂളാകും. അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു.

“പക്ഷേ സ്കൂളുകള്‍ അങ്ങനെ നല്‍കാന്‍ പാടില്ലെന്നു നിയമമുണ്ടെന്നാണ് അറിഞ്ഞത്. അങ്ങനെ ഒരു സകൗര്യം കിട്ടിയാല്‍ വളരെ സഹായകമായിരിക്കും. ഇനിയുള്ള ലക്ഷ്യം, സ്വന്തമായൊരു സ്കൂള്‍ എന്നതാണ്.

“വാടക കെട്ടിടത്തില്‍ സ്കൂള്‍ നടത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലേ. പരിമിതികളെയൊക്കെ തോല്‍പ്പിച്ചാണ് ഇവിടെ വരെയെത്തിയത്. പക്ഷേ ഇന്നും വാടകക്കെട്ടിടത്തിലാണല്ലോ സ്കൂളെന്നതാണ് വലിയ സങ്കടവും,” അഭിഭാഷക കൂടിയായ സന്ധ്യ പറയുന്നു.

സന്ധ്യയുടെ ഭര്‍‍ത്താവ് പ്രജിന്‍ ബാബുവാണ് സ്കൂളിന്‍റെ ചെയര്‍മാന്‍. രണ്ട് ഡയറക്റ്റര്‍മാര്‍ കൂടിയുണ്ട് സ്കൂളിന്. ജോണ്‍ കെ പോളും ഷിറാസ് ബാവയും.

ഫോട്ടോ കടപ്പാട് : ഫേസ്ബുക്ക് സന്ധ്യ പ്രജിന്‍ തോപ്പില്‍

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം