മലപ്പുറം കോട്ടയ്ക്കലിലെ ലെയിന്‍ വീടുകളില്‍ രണ്ട് ദിവസമായി ആഘോഷത്തിന്‍റെ നിമിഷങ്ങളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയ പ്ലസ് ടുക്കാരന്‍ ജയസൂര്യയുടെ വിജയം ആഘോഷിക്കുകയായിരുന്നു നാട്ടുകാരും വീട്ടുകാരുമൊക്കെ.
ഫോണിലൂടെയും നേരിട്ടും ഒരുപാട് ആളുകളാണ് ഈ മിടുക്കനെ വിളിച്ച് അഭിനന്ദിച്ചത്. അതില്‍ മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്.
ആദരിക്കലും സ്വീകരണചടങ്ങുകളും മാധ്യമങ്ങളുടെ ഇന്‍റര്‍വ്യൂസുമൊക്കെയായി തിരക്കുകളിലായിരുന്നു ജയസൂര്യ. പക്ഷേ ഈ തിരക്കുകളിലും അഭിനന്ദപ്രവാഹത്തിലൊന്നും അമിതസന്തോഷമൊന്നുമില്ല ഈ മിടുക്കന്.
“കുറേപ്പേര് പറഞ്ഞു, ഇനി പണിക്കൊന്നും പോകേണ്ടെന്ന്. പക്ഷേ അതൊന്നും പറ്റില്ല. ഈ തിരക്കും ബഹളവുമൊക്കെ കണ്ട് ഞാന്‍ വല്ലാതെയായിരിക്കുകയാണ്. ഈ ബഹളമൊക്കെ അവസാനിച്ചാല്‍ വീണ്ടും പണിക്ക് പോകും. ജോലിയെടുത്ത് പഠിക്കണമെന്നു തന്നെയാണ് ആഗ്രഹം.
“എല്ലായ്പ്പോഴും മറ്റുള്ളവരെ ആശ്രയിച്ച് നടക്കുന്നത് അത്ര നല്ലതല്ലെന്നാണ് എന്‍റെയൊരു തോന്നല്‍,” കോട്ടയ്ക്കലിലെ വീട്ടിലിരുന്ന് ജയസൂര്യ സംസാരിക്കുമ്പോള്‍ തൊട്ടരികില്‍ നിറഞ്ഞ കണ്ണുകളോടെ അവന്‍റെ അമ്മ ഗോവിന്ദമ്മയും ഇരിപ്പുണ്ട്.
പ്ലസ് ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന മിടുക്കര്‍ക്കിടയില്‍ ജയസൂര്യയുടെ വിജയത്തിന് തിളക്കം കൂടുതലാണ്. വാര്‍ക്കപ്പണിയെടുത്തും ഹോട്ടലില്‍ ജോലി ചെയ്തുമൊക്കെയാണ് ജയസൂര്യ പഠനത്തിനുള്ള പണം കണ്ടെത്തിയത്.
മലപ്പുറം കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു ജയസൂര്യ. പ്ലസ് ടുവിന് കൊമേഴ്സ് ഗ്രൂപ്പ് ആയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തില്‍ ശരീരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട അച്ഛന്‍ രാജക്കണ്ണന്‍റെയും ആക്രി പെറുക്കി വിറ്റു കിട്ടുന്ന വരുമാനത്തില്‍ കുടുംബം പോറ്റുന്ന ഗോവിന്ദമ്മയുടെയും ഒരേയൊരു മകനാണ് ജയസൂര്യ.
അമ്മയെ ഒറ്റയ്ക്ക് കഷ്ടപ്പെടുത്താതെ സ്വയം അധ്വാനിച്ച് വരുമാനം കണ്ടെത്തിയാണ് ജയസൂര്യ പഠിച്ചത്. മാറക്കരയില്‍ വാര്‍ക്കപ്പണിയ്ക്കിടെയാണ് ജയസൂര്യ പ്ലസ് ടു വിന്‍റെ ഫലം അറിയുന്നത്.
“പഠിച്ച് ഒരു ജോലി നേടണം. ആ ജോലിയില്‍ നിന്നു കിട്ടുന്ന ശമ്പളത്തില്‍ നിന്നു കുറച്ച് കൂട്ടിവച്ച് ഒരു വീടുണ്ടാക്കണം. ഇതാണ് എന്‍റെ വലിയ ആഗ്രഹം. ചെറിയൊരു വീട് മതി. ഞാനും അച്ഛനും അമ്മയും മാത്രമല്ലേയുള്ളൂ. കൊച്ചു വീട് മതി,” ജയസൂര്യ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ഹൈസ്കൂളിലെത്തിയപ്പോഴാണ് രാജാസ് സ്കൂളില്‍ ചേരുന്നത്. ഏഴാം ക്ലാസ് വരെ എഎംയുപി സ്കൂളിലായിരുന്നു പഠിച്ചത്. പത്താം ക്ലാസില്‍ ഒമ്പത് എ പ്ലസും ഒരു ബി യുമായിരുന്നു.
“കണക്കിനായിരുന്നു മാര്‍ക്ക് കുറഞ്ഞത്. കണക്കിനോട് അത്ര ഇഷ്ടമില്ല. സയന്‍സ് എടുത്താല്‍ കണക്ക് പഠിക്കേണ്ടി വരുമല്ലോ എന്നാ കരുതിയത്. പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്.
“പക്ഷേ ആപ്ലിക്കേഷന്‍ കൊടുത്തപ്പോ ഫസ്റ്റ് ഓപ്ഷനില്‍ ഹ്യൂമാനിറ്റീസ് കൊടുക്കാന്‍ സാധിച്ചില്ല. കൊമേഴ്സിന് കിട്ടുകയും ചെയ്തു. പിന്നെ സാരമില്ലെന്നു കരുതി കൊമേഴ്സ് തന്നെ പഠിച്ചു. എന്തായാലും ഫുള്‍ എ പ്ലസ് നേടി വിജയിച്ചല്ലോ.
“ഭാഷ പഠിക്കാനിഷ്ടമാണ്.ബി എയ്ക്ക് പഠിക്കാന്‍ ചേരണം. ഹിന്ദിയോ ഇംഗ്ലിഷോ പഠിച്ച് അധ്യാപകനാകണമെന്നാണ് ആഗ്രഹം. എവിടെ ചേരണമെന്നൊന്നും തീരുമാനിച്ചില്ല.” എതായാലും അകലെയുള്ള കോളെജിലൊന്നും പോയി പഠിക്കാന്‍ ജയസൂര്യക്ക് അത്ര താത്പ്പര്യമില്ല. കാരണം മറ്റൊന്നുമല്ല, അമ്മയേം അച്ഛനേം വീട്ടില്‍ തനിച്ചാക്കി പോകാനിഷ്ടമില്ല. എന്നും വീട്ടില്‍ നിന്ന് പോയിവരാവുന്ന കോളെജ് ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്.
“പണിസ്ഥലത്ത് വെച്ചാണ് റിസല്‍റ്റ് അറിയുന്നത്. ഞാനും അമ്മാവന്‍റെ മകന്‍ ഷണ്‍മുഖനും ഒരുമിച്ചാണ് പണിക്ക് പോകുന്നത്. ഞങ്ങള്‍ ഒരു ക്ലാസില്‍ തന്നെയാണ് പഠിക്കുന്നത്.”
ഷണ്‍മുഖനും ജയസൂര്യയും സ്കൂളില്‍ പോകുന്നതും പഠിക്കുന്നതും പണിക്ക് പോകുന്നതുമെല്ലാം ഒരുമിച്ചാണ്. പണിസ്ഥലത്ത് വച്ച് രണ്ടാളും കൂടിയാണ് റിസല്‍റ്റ് നോക്കിയതും. “വീട്ടില്‍ വന്നു അമ്മയോടും അച്ഛനോടും എനിക്ക് ഫുള്‍ എ പ്ലസ് കിട്ടിയെന്നു പറഞ്ഞപ്പോ അവര്‍ക്കാദ്യം മനസിലായില്ല.
“അമ്മയ്ക്കും അച്ഛനും സ്കൂളില്‍ പോയിട്ടില്ലാത്തവരാണ്. പക്ഷേ, പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും പാസായി എന്നു പറഞ്ഞപ്പോ അവര്‍ക്ക് വലിയ സന്തോഷമായി. ഞാനൊരു മോനേ അവര്‍ക്കുള്ളൂ. ഞാനാണ് അവരുടെ എല്ലാ പ്രതീക്ഷയും,” ജയസൂര്യ പറയുന്നു.
20 വര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ വിഴുപുരം (വിലുപുരം) നിന്ന് കേരളത്തിലേക്കെത്തിയവരാണ് ജയസൂര്യയുടെ കുടുംബം. മലപ്പുറത്തെത്തി ഒന്നര വര്‍ഷം കഴിഞ്ഞപ്പോ അപകടത്തില്‍ രാജക്കണ്ണന് ചലനശേഷി നഷ്ടപ്പെട്ടു.
“അച്ഛന്‍ കിടപ്പിലായതോടെ അമ്മ ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റു കിട്ടുന്ന കാശിനാണ് ഞങ്ങള്‍ ജീവിക്കുന്നത്,” ജയസൂര്യ തുടരുന്നു. അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന നാളില്‍ ജയസൂര്യയും അമ്മയ്ക്കൊപ്പം ആക്രി പെറുക്കാന്‍ പോകാറുണ്ട്.
“പക്ഷേ, അമ്മ അതിനൊന്നും സമ്മതിക്കില്ലായിരുന്നു. സ്കൂളില്‍ പഠിക്കണ കുട്ടി ആക്രി പെറുക്കാനൊന്നും വരരുതെന്നാണ് അമ്മ പറഞ്ഞത്. അമ്മയുടെ ബുദ്ധിമുട്ടുകളൊക്കെ കണ്ടതു കൊണ്ടാണ് ഞാനും ജോലിക്ക് പോയത്.
“പ്ലസ് വണ്‍ പഠിക്കുമ്പോ ഹോട്ടല്‍ പണിക്ക് പോകുമായിരുന്നു. അവധിക്കാലത്തായിരുന്നു അത്. സ്കൂള്‍ പൂട്ടിന് രണ്ട് മാസം ഹോട്ടലില്‍ ജോലി ചെയ്തിരുന്നു,” പിന്നെ അവധി ദിവസങ്ങളിലും ജയസൂര്യ ജോലിക്ക് പോകുമായിരുന്നു.
ക്ലാസും കഴിഞ്ഞു കൊറോണ വന്നു ലോക്ക് ഡൗണുമായതോടെയാണ് വാര്‍ക്കപ്പണിക്ക് പോയി തുടങ്ങിയത്. ലോക്ക് ഡൗണ്‍ ഒക്കെ ആയപ്പോള്‍ ജയസൂര്യയുടെ അമ്മയ്ക്ക് ആക്രി ശേഖരിക്കാന്‍ പോകാന്‍ കഴിയാതെ വന്നു. അതോടെയാണ് അവന്‍ വാര്‍ക്കപ്പണിക്ക് ഇറങ്ങിയത്.
“ദിവസവും അഞ്ചര ആറു മണിയാകുമ്പോ കോട്ടയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ പോയി നില്‍ക്കും. ആ നേരത്ത് പണിക്ക് ആരേലും വിളിക്കും,” എന്ന് ജയസൂര്യ. വാര്‍പ്പ്, തേപ്പ് എല്ലാ പണിക്കും അവന്‍ റെഡിയാണ്.
“ചില ദിവസങ്ങളില്‍ പണി കിട്ടാതെ മടങ്ങിയിട്ടുമുണ്ട്. പണിക്ക് പോയാലും പഠിപ്പ് മുടക്കിയിരുന്നില്ല. രാത്രി ഇരുന്നാണ് പഠിക്കുന്നത്. എട്ടര മുതല്‍ പത്തര വരെയാണ് പഠിക്കാനിരിക്കുന്നത്.” പരീക്ഷാക്കാലമായാല്‍ കുറച്ചു കൂടുതല്‍ നേരം പഠനത്തിനായി ചെലവാക്കും. ട്യൂഷനൊന്നും ഇതുവരെ പോയിട്ടേയില്ല.
“ട്യൂഷനൊക്കെ വെറുതേ സമയം കളയലാണെന്നാണ് തോന്നിയത്. മാത്രമല്ല അതിനൊക്കെയുള്ള ഫീസ് അടയ്ക്കാനുള്ള കാശും ഇല്ലായിരുന്നു,” ജയസൂര്യ വിശദമാക്കുന്നു.
“പഠിച്ച എല്ലാ സ്കൂളിലെയും ടീച്ചര്‍മാരും കട്ട സപ്പോര്‍ട്ടാണ് തന്നിട്ടുള്ളത്. കൂട്ടുകാരുടെയും പിന്തുണ കിട്ടിയിട്ടേയുള്ളൂ. പഠിത്തത്തിനിടയില്‍ പണിക്ക് പോകുന്ന കാര്യങ്ങളൊന്നും സ്കൂളില്‍ എല്ലാവര്‍ക്കും അറിയില്ല.
“അപകടം പറ്റിയ നാളില്‍ നല്ല ചികിത്സ കിട്ടിയിരുന്നുവെങ്കില്‍ അച്ഛന് അസുഖം ഭേദമായേനെ. ഇപ്പോ കൈയുടെ ചലനശേഷിയൊക്കെ നഷ്ടമായി. അന്ന് ഞങ്ങള്‍ കേരളത്തിലേക്ക് വന്നതല്ലേയുള്ളൂ.
“അമ്മയ്ക്ക് തനിച്ച് ഒന്നും ചെയ്യാനായില്ല. ചികിത്സിക്കാനുള്ള പണവും കൈയില്‍ ഇല്ല. ഇനി ഒന്നും ചെയ്യാനാകില്ല. 20 വര്‍ഷമായി മലപ്പുറത്ത് തന്നെയാണ് താമസിക്കുന്നതെങ്കിലും തമിഴ് സംസാരിക്കാനറിയാം. വീട്ടില്‍ തമിഴിലാണ് ഞങ്ങള്‍ സംസാരിക്കുന്നത്.
“വലിയ സന്തോഷമൊക്കെയുണ്ട്. പക്ഷേ ഒരുപാട് തിരക്കിലായതു പോലെ തോന്നുന്നുണ്ട്. ഈ തിരക്ക് പിടിച്ച ജീവിതം എനിക്കിഷ്ടമല്ല. എനിക്ക് പഴയ ആ ജീവിതമാണ് ഇഷ്ടം.
“ഇങ്ങനെയൊക്കെ പറയുന്നത് കേട്ട് അടുത്ത വീട്ടിലെ ഏട്ടന്‍ പറഞ്ഞു, ഇതൊക്കെ ഒരാഴ്ച മാത്രമേയുണ്ടാകൂ. പിന്നെ എല്ലാം പഴയ പോലെയാകുമെന്ന്,” ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി വായിക്കാം:പത്തില്‍ തോറ്റു, പിന്നെ കരിങ്കല്ല് ചുമക്കല്‍, ഓട്ടോ ഓടിക്കല്‍, കപ്പലണ്ടി വില്‍പ്പന, മീന്‍കച്ചവടം… ദാ ഇപ്പോള്‍ ഡോക്ടറേറ്റും