കൊറോണക്കാലം കടക്കാന്‍: 50-ലേറെ നെയ്ത്തുകാരെ താങ്ങിനിര്‍ത്തുന്ന മലയാളി സംരംഭക

കൊറോണക്കാലത്ത് ബിസിനസ് പൂര്‍ണ്ണമായും നിലച്ചു, വരുമാനവും. എങ്കിലും എട്ടുവര്‍ഷത്തോളമായി തന്നോടൊപ്പം നിന്ന ഒഡിഷയിലേയും ആന്ധ്രയിലേയും നെയ്ത്തുകാരെ അഞ്ജലി മറന്നില്ല. 

കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശി അഞ്ജലി ചന്ദ്രന്‍ വഴിതെറ്റി ബിസിനസിലേക്കെത്തിയതാണ്.

ബിറ്റ്സ് പിലാനിയില്‍  നിന്നു എൻജിനീയറിംഗിൽ  മാസ്റ്റര്‍ ബിരുദം നേടിയ ശേഷം വിപ്രോയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായി ജോലി നോക്കുകയായിരുന്നു. ജോലിക്കിടയിൽ എപ്പോഴൊക്കെയോ മടുപ്പ് തന്നെ ബാധിച്ചു തുടങ്ങിയതായി അവര്‍ക്ക് തോന്നിയിരുന്നു.

“ഒരു പാട് സംസാരിക്കാനും ആളുകളുമായി ഇടപഴകാനും ഇഷ്ടമുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് മെഷീൻ ലാങ്ഗ്വേജുമായി മാത്രം ഇടപഴകി ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു,” അഞ്ജലി ചന്ദ്രന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. ”എൻജിനീയർ ആയി ജോലി നോക്കുമ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു ഞാൻ ആ രംഗത്ത് തുടരില്ല എന്ന്.”

കോര്‍പറേറ്റ് ജോലി മടുത്തുതുടങ്ങിയിരുന്നു. അങ്ങനെയാണ് അഞ്ജലി സ്വന്തമായൊരു സംരംഭം ആലോചിച്ചത്

ജോലി രാജി വയ്ക്കുന്നതിന് മുൻപുതന്നെ സ്വന്തമായൊരു സ്ഥാപനം എന്ന സ്വപ്നം കണ്ടുതുടങ്ങിയിരുന്നു ആ ചെറുപ്പക്കാരി.

ഭർത്താവ് ലാജുവും ജോലി വിടാനുള്ള തീരുമാനത്തിന് പൂർണ പിന്തുണ നൽകി.  രണ്ടുപേരും എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്നവര്‍. വായിച്ചറിഞ്ഞ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാനും ഇരുവരും സമയം കണ്ടെത്തിയിരുന്നു. ജോലിയുടെ വിരസതയകറ്റാൻ ഇത്തരം യാത്രകളും ഒരു കാരണമായി.

മകള്‍ ചാരു നൈനികയുടെ ജനനത്തോടെ ബെംഗളുരു വിടാന്‍ അഞ്ജലി തീരുമാനിച്ചു. നാട്ടിലേക്ക് പോരുന്നതിന് മുന്‍പ് കുറെ കൈത്തറി ചുരിദാര്‍ മെറ്റീരിയലുകള്‍ വാങ്ങി. ആ പര്‍ച്ചേസിനിടെ കൈത്തറി വിൽപനക്കാര്‍ തങ്ങളുടെ ബിസിനസ്  വളരെ മോശമാണെന്നും ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലെന്നും പറഞ്ഞത് അഞ്ജലിയുടെ മനസിൽ കൊണ്ടു.

എന്നാല്‍ ആ കൈത്തറി തുണിത്തരങ്ങള്‍ ഗുണമേന്‍മയില്‍ വളരെ മികച്ചതായിരുന്നുവെന്ന് അഞ്ജലിക്ക് മനസ്സിലായി. കൈത്തറി വസ്ത്രങ്ങളുടെ വിപണിയെയും സാധ്യതയേയും പറ്റി സ്വന്തം നിലയ്ക്കൊരു പഠനം നടത്തി.  അങ്ങനെയാണ് ഇംപ്രസ എന്ന സ്ഥാപനത്തിന്‍റെ ആശയം ജനിക്കുന്നത്.

”ഏറെ സാധ്യതകളുള്ള കൈത്തറി വിപണിയിൽ നെയ്ത്തുകാർ ചൂഷണം ചെയ്യപ്പെടുകയാണ് എന്നെനിക്ക് മനസ്സിലായി. വിപണിവിലയുടെ  നാലിലൊന്നു മാത്രമാണ് പലപ്പോഴും നെയ്ത്തുകാർക്ക് ഇടനിലക്കാർ നൽകുന്നത്. ഈ അവസ്ഥ ഒഴിവാക്കി നെയ്ത്തുകാരിൽ നിന്നും ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമുള്ള ഒരു പ്ലാറ്റ്‌ഫോം എന്ന നിലയ്ക്കാണ് ഞാൻ ഇംപ്രസ വിഭാവനം ചെയ്തത്,” അഞ്ജലി ചന്ദ്രൻ പറയുന്നു .

കൈത്തറി തേടിയുള്ള യാത്രകൾ

വ്യത്യസ്തമായ നെയ്ത്തു രീതികൾ പിന്തുടരുന്ന നെയ്ത്തു ഗ്രാമങ്ങൾ തേടി പല സംസ്ഥാനങ്ങളിലും അഞ്ജലി സഞ്ചരിച്ചു. മൾട്ടിനാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി തുണിക്കച്ചവടം തുടങ്ങുന്നു എന്ന് പറഞ്ഞു പരിചയത്തിലുള്ള പലരും കളിയാക്കിയപ്പോഴും അവര്‍ പിന്മാറിയില്ല. അച്ഛനും അമ്മയും ഭർത്താവും പൂർണ പിന്തുണ നൽകി.

മികച്ച നെയ്ത്തുകാരെത്തേടി അഞ്ജലി ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ചു

ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കഴിവുറ്റ നെയ്ത്തുകാരെ അഞ്ജലി കണ്ടെത്തി. ഇവരിൽ നിന്നും മികച്ച ഉൽപ്പന്നങ്ങൾ വാങ്ങിയ ശേഷം ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു വില്പന. ഒരിക്കൽ വാങ്ങിയ ആളുകൾ തന്നെ വീണ്ടും ആവശ്യക്കാരായി എത്താൻ തുടങ്ങിയതോടെ തെരഞ്ഞെടുത്ത വഴി തെറ്റിയില്ല എന്ന് അഞ്ജലിക്ക് ബോധ്യമായി. ചുരിദാർ മെറ്റിരിയലുകൾ, ദുപ്പട്ടകൾ, സാരികൾ എന്നിവയാണ് വിപണിയിലെത്തുന്നത്.


രണ്ടു വര്‍ഷം കൊണ്ട് സംരംഭം ഓണ്‍ലൈനില്‍ ഹിറ്റായി.


“ഷോപ്പിന്‍റെ വാടക, കറന്റ് ബിൽ , മെയിന്‍റെനൻസ് തുടങ്ങിയ കാര്യങ്ങളൊന്നും ഇല്ലാത്തതിനാൽ തന്നെ ആ ലാഭം മുഴുവൻ ഞാൻ നൽകിയത് നെയ്ത്തുകാര്‍ക്ക് തന്നെയാണ്,” എന്ന് അഞ്ജലി.

അഞ്ജലിയുമൊത്തുള്ള ബിസിനസ് തങ്ങൾക്കും ലാഭമാണ് എന്ന് മനസിലായതോടെ ആന്ധ്രയിലെയും ഒഡിഷയിലെയും നെയ്ത്തുഗ്രാമങ്ങൾ ഉണർന്നു. വ്യത്യസ്തമായ ഡിസൈനുകളുമായി അവരും കഴിവ് തെളിയിക്കുന്നതിനായി മത്സരിച്ചു.

ഭാഗ്യനഗരം

ഓണ്‍ലൈന്‍ വില്‍പന വിജയമായതോടെ അഞ്ജലി കോഴിക്കോട് എമറാള്‍ഡ് മാളില്‍ ഒരു ഷോപ്പ് തുടങ്ങി. പരസ്യങ്ങള്‍ ഒന്നും ഇല്ലാതെ തന്നെയാണ് സംരംഭം വിജയിച്ചത്. തുടക്കത്തിൽ വീടും സ്ഥാപനവും കൂടി മാനേജ് ചെയ്യാന്‍ അല്പം പാടുപെട്ടു.  തുടക്കത്തില്‍ ഭര്‍ത്താവ് നാട്ടില്‍ ഉണ്ടായിരുന്നത് കൊണ്ട് യാത്രകളില്‍ സഹായമായി.

നെയ്ത്തുകാരിൽ നിന്നും പർച്ചേസ് ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ  ഫോട്ടോ എടുക്കലും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യലും അയയ്ക്കലും ഒക്കെ അഞ്ജലി തന്നെയാണ് ചെയ്തിരുന്നത്. കടയില്‍ കൂടുതലും കേട്ടറിഞ്ഞ് വരുന്നവരാണ്.

ഇതിനിടയ്ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്കായി പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാപ്ജെമിനി ഐ ടി കമ്പനി നടത്തുന്ന ഇന്നവേറ്റേഴ്സ് റൈസിലേക്ക് അഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു. വ്യവസായ മേഖലയിലെ സ്ത്രീ ശാക്തീകരണം, കൂടുതല്‍ വനിതകളെ വ്യവസായ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നീ ഉദ്ദേശ്യങ്ങളുമായി ഗൂഗിള്‍ ഡെവലപ്പര്‍ ഫോര്‍ വിമെന്‍ ടെക് മേക്കേര്‍സ് നടത്തിയ സമ്മേളനത്തിലും, ഐഐഎമ്മില്‍ ഹെഡ് സ്റ്റാര്‍ട്ട് നടത്തിയ WOW പ്രോജക്റ്റിലും വനിതാ വ്യവസായ സംരംഭക എന്ന നിലയില്‍ സ്റ്റാര്‍ട്ട് അപ്പ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു സംസാരിക്കാന്‍ അഞ്ജലിക്ക് അവസരം കിട്ടി. കൈരളി പീപ്പിള്‍ യുവ സംരംഭകര്‍ക്കായി നടത്തുന്ന ജ്വാല അവാര്‍ഡില്‍ മികച്ച സാമൂഹ്യോന്‍മുഖ സംരംഭകയ്ക്കുള്ള അവാര്‍ഡും അഞ്ജലിയെത്തേടിയെത്തി.

പാരീസ് അടക്കം നിരവധി രാജ്യാന്തര വേദികളില്‍ ഈ യുവ സംരംഭ ക്ഷണിതാവായി

”എനിക്ക് ലഭിക്കുന്ന ഓരോ അവാർഡും കൈത്തറി മേഖലയ്ക്ക് കൂടിയുള്ള പ്രോത്സാഹനമായാണ് ഞാൻ കാണുന്നത്,” അഞ്ജലി പറയുന്നു.

അൻപതോളം നെയ്ത്തുകാരുമായി സഹകരിച്ചാണ് അഞ്ജലി പ്രവർത്തിക്കുന്നത്. അവരുമായുള്ള വ്യക്തിബന്ധമാണ് സ്ഥാപനത്തിന്‍റെ വിജയം.

കൊറോണ വില്ലനായി

അങ്ങനെ ബിസിനസ് അത്യാവശ്യം നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് കൊറോണ വൈറസ് വ്യാപനം വില്ലനായി വരുന്നത്. വസ്ത്രങ്ങൾ വാങ്ങാൻ ആളില്ലാതായി. അഞ്ജലി ഓൺലൈൻ വഴിയുള്ള പ്രമോഷനുകളും നിർത്തി.

എന്നാല്‍ നെയ്ത്തുകാരെ മറന്നില്ല.  കൊറോണയും ലോക്ക് ഡൗണും ഒഡിഷയിലെയും ആന്ധ്രപ്രദേശിലെയും നെയ്ത്തുകാരെ ആകെ സമ്മർദ്ദത്തിലാക്കി. ദിവസവരുമാനം കൊണ്ട് ജീവിക്കുന്ന പലരും മുഴുപ്പട്ടിണിയിലേക്ക് പോയി.

അവിടങ്ങളിലെ നെയ്ത്തു ഗ്രാമങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. നെയ്ത്തുകാർ കൃഷിക്കാർ കൂടിയാണ്. നെയ്‌ത്തൊഴിഞ്ഞ  സമയത്ത് അവർ ധാന്യങ്ങളും മറ്റ് വിളകളും കൃഷി ചെയ്യും. നാട്ടിലെ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് വിളവെടുപ്പ് നടക്കാറുള്ളത്. നെയ്ത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞാലും കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് പിടിച്ചു നിൽക്കാനാവും, അഞ്ജലി ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ലോക്ക് ഡൗൺ കാലം അവർ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയുടേതായിരുന്നു.  നെയ്ത്തിൽ നിന്നുള്ള വരുമാനം പൂർണമായി നിലച്ചു. മാത്രമല്ല, കാർഷിക വിളകൾ കൊയ്ത്തു കഴിഞ്ഞെങ്കിലും വിപണി കണ്ടെത്താൻ  കഴിയാതെ നശിച്ചു. നിലനിൽപ്പിനായി ഒരു വഴിയുമില്ലാത്ത അവസ്ഥ. മടിച്ചുനില്‍ക്കാതെ തന്‍റെ സ്വന്തം സമ്പാദ്യത്തിൽ നിന്നും അവരെ പിന്തുണയ്ക്കുകയായിരുന്നു അഞ്ജലി ചന്ദ്രൻ.

”ഈ അവസ്ഥയിൽ അവർ എന്തായിരിക്കും ചെയ്യുക എന്ന് എനിക്ക് ഊഹിക്കാമായിരുന്നു. പട്ടിണി കിടക്കും, ഒടുവിൽ ജോലി തേടി ഗ്രാമം വിട്ടിറങ്ങും. കൊറോണക്കാലത്ത് ഇത് ഏറ്റവും അപകടകരമായ കാര്യമാണ്. എട്ടു വർഷത്തോളം ഇംപ്രസയുടെ കരുത്തായിരുന്ന ആളുകളാണ് അവർ. എനിക്ക് അങ്ങനെ ഉപേക്ഷിക്കാനാകുമോ അവരെ,” അഞ്ജലി ചോദിക്കുന്നു.

അതുകൊണ്ട് കഴിഞ്ഞ മൂന്ന് മാസങ്ങളായി അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട് ഈ സംരംഭക.
“എന്നാൽ ഇനിയും എത്ര നാൾ ഇത്തരത്തിൽ സഹായിക്കാൻ പറ്റും എന്ന് എനിക്കുറപ്പില്ല. എന്നുകരുതി അവരെ പിന്തുണയ്ക്കാതിരിക്കാനും ആവില്ല. കൈത്തറി തൊഴിലാളികളെയും നെയ്ത്തുകാരെയും സംരക്ഷിക്കുന്നതിനായി  സർക്കാർ തന്നെ ഈ കൊറോണക്കാലത്ത് എന്തെങ്കിലും നടപടികൾ സ്വീകരിച്ചെങ്കിൽ നന്നായിരുന്നു,” അഞ്ജലി ചന്ദ്രൻ പറയുന്നു.

ബോധവത്‌കരണം എന്ന ടാസ്ക്

ഈ ലോക്ക് ഡൗൺ കാലയളവിൽ അഞ്ജലി നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം നെയ്ത്ത് ഗ്രാമങ്ങളിലെ ആളുകളെ കൊറോണ വൈറസ് വ്യാപനത്തെപ്പറ്റി  ബോധവത്‌കരിക്കുക എന്നതായിരുന്നു. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നിൽക്കുന്ന, ഉൾനാടൻ ഗ്രാമങ്ങളിലുള്ള ആളുകൾക്ക് കൊറോണ വൈറസ് വ്യാപനത്തിന്‍റെ പ്രശ്നങ്ങളെപ്പറ്റി ശരിയായ അറിവില്ലായിരുന്നു.

അതിനാൽ തന്നെ നെയ്ത്തിലൂടെയും കൃഷിയിലൂടെയുമുള്ള വരുമാനം നിലച്ചപ്പോൾ ഇവർ വലിയ നഗരങ്ങളിലേക്ക് ജോലി തേടിപ്പോകാൻ തുടങ്ങി. ലോക്ക് ഡൗൺ പോലും വകവെക്കാതെ കാൽനടയായി കൂട്ടത്തോടെ നടത്തിയ യാത്രകളെപ്പറ്റി അറിഞ്ഞ അഞ്ജലി കൊറോണ വൈറസ് വ്യാപനത്തെപ്പറ്റി ഇവരെ ബോധവത്‌കരിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു.

”ഫോണിലൂടെ മാത്രം കാര്യം പറഞ്ഞു മനസിലാക്കി ഒരു വിഭാഗം ആളുകളെ വീട്ടിൽ പിടിച്ചിരുത്തുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമാണ്. ജീവിക്കാനുള്ള വരുമാനം പോലും കയ്യിലില്ലാത്ത അവസ്ഥയിലാണ് ഇതെന്ന് ഓർക്കണം. സ്മാർട്ട്ഫോണുകൾ പോലും പലർക്കും അപരിചിതമായിരുന്നു. അതിനാൽ ഫോണിലൂടെ വിളിച്ചു പറഞ്ഞു കാര്യങ്ങൾ മനസിലാക്കിക്കൊടുക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോൾ അവർക്ക് കാര്യങ്ങൾ അറിയാം. ഉള്ളത്കൊണ്ട് ഓണം പോലെ എന്ന നിലയ്ക്ക് തന്നെയാണ് കഴിയുന്നത്. ബിസിനസ് മേഖല ഉടൻ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ അവർക്കൊപ്പം തന്നെ കാത്തിരിക്കുകയാണ് ഞാനും,” അഞ്ജലി പറയുന്നു.


ഇതുകൂടി വായിക്കാം: വനത്തിനുള്ളിൽ ആക്രി കൊണ്ട് 3,500 സ്ക്വയർ ഫീറ്റ് മരവീട്!


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം