പത്താം ക്ലാസില്‍ തോറ്റു.. പിന്നെ സേ എഴുതി ജയിച്ചു. അതോടെ പഠനം അവസാനിപ്പിച്ചു… എന്നാപ്പിന്നെ എന്തിനാ സേ പരീക്ഷയെഴുതിയേന്ന് ചോദിക്കരുത്. പ്ലസ് ടുവിന് പഠിക്കുന്ന പിള്ളേര് റോഡിലും ബസ് സ്റ്റോപ്പിലുമൊക്കെ അലമ്പ് കാണിക്കുന്നത് കണ്ട് കൊതി തോന്നി.
എന്നാപ്പിന്നെ പഠിക്കാന്‍ പോയാലോ എന്നു പറഞ്ഞു പ്ലസ് ടുവിന് ചേര്‍ന്നു. പ്ലസ് ടു ജയിച്ചു. ഹൊ, ഇനി ഇപ്പോ ഡിഗ്രിക്കോ മറ്റോ ചേരുമായിരിക്കുമല്ലോ.. ഇല്ല ചേര്‍ന്നില്ല.. ‘ഇനീപ്പോ പഠിക്കാനൊന്നും പോകണ്ട… വേറെ പണിയില്ലേ..’ എന്നായി.
അങ്ങനെ വേറെ പണിക്ക് പോയി.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
പക്ഷേ ഒരു മനസ്സമാധാനക്കുറവ്.. കൂട്ടുകാര്‍ക്കൊക്കെ വല്യതിരക്ക്.. കറങ്ങാന്‍ പോകാനൊന്നും അവന്‍മാരെ കിട്ടുന്നില്ല. അവര് കോളെജില്‍ പോയി അടിച്ചുപൊളിച്ചു നടക്കുന്നു. ഹൊ.. ഇതുകണ്ടപ്പോള്‍ വീണ്ടും ഒരു മനോവിഷമം.. അങ്ങനെ അവന്‍മാരോട് തന്നെ കാര്യം പറഞ്ഞു. നേരെ കൂട്ടുകാരന്‍മാര് പഠിക്കുന്ന കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു.
മൂന്നു വര്‍ഷം.. മലയാളം പഠിച്ച് ബിരുദമൊക്കെയെടുത്തു. വീണ്ടും പഠനം അവസാനിപ്പിച്ചുണ്ടാകും എന്നല്ലേ നിങ്ങള് ചോദിക്കാന്‍ വരുന്നേ.. ഇല്ല പഠനം അവസാനിപ്പിച്ചില്ലെന്നു മാത്രമല്ല ബി എഡും പിജിയും നെറ്റും പിഎച്ച്ഡിയും എടുത്താണ് താത്ക്കാലികമായി പഠനം അവസാനിപ്പിച്ചിരിക്കുന്നത്.
ഇനീപ്പോ അസിസ്റ്റൻ് പ്രൊഫസറാകണമെന്നാണ് പറയുന്നത്.. ആരാണീ ഇപ്പറയുന്നത്.. ഡോ. കെ.പി. അജിത്ത് എന്ന അഞ്ചല്‍പ്പെട്ടിക്കാരനാണ് പുതിയ ആഗ്രഹം തുറന്നു പറയുന്നത്.
മലയാളം സര്‍വകലാശാലയിലെ ആദ്യ പി എച്ച് ഡിക്കാരനാണ് അജിത്ത്.. പക്ഷേ ഈയൊരു വിശേഷണത്തില്‍ മാത്രം അവസാനിക്കുന്നതല്ല അജിത്തിന്‍റെ ജീവിതം.
ഇടക്കിടെ പഠനം മതിയാക്കി പോയതിനും ചില കാരണങ്ങളുണ്ട്. ഇങ്ങനെ ഒരു ‘ലൈറ്റ് ചായ’ പോലെ ഒറ്റയടിക്കങ്ങ് പറഞ്ഞുപോയെങ്കിലും കാര്യങ്ങള്‍ കടുപ്പമായിരുന്നു. പക്ഷേ, അജിത്ത് പറഞ്ഞുകേള്‍ക്കുമ്പോള്‍ തോന്നും കടന്നുവന്ന വഴിയൊക്കെ എന്ത് സിംപിളാണെന്ന്.
പി എച്ച് ഡി കിട്ടിയതിന്‍റെ ത്രില്ലിലാണ് അജിത്ത്. പക്ഷേ അതിനെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതിന് മുന്‍പ് കുറച്ചു ഫ്ലാഷ് ബാക്കുണ്ട്.
അജിത്ത് പറയുന്നു: ” അമ്മ പി വി ശാന്തയും മുത്തശ്ശി ചിന്നമ്മയും മാത്രമേയുള്ളൂ. അച്ഛനില്ല.. എനിക്ക് മൂന്നുമാസം പ്രായമുള്ളപ്പോള്‍ അമ്മയെയും എന്നെയും ഉപേക്ഷിച്ച് പോയതാണ് അച്ഛന്‍.
പിന്നെ കുറേ കഷ്ടപ്പെട്ടാണ് അമ്മ പഠിപ്പിക്കുന്നതൊക്കെ. ഇടയ്ക്കിടെ പഠനം നിറുത്തി പോയതും പല പല ജോലികള്‍ ചെയ്യാനായിരുന്നു.
“പതിനാറാമത്തെ വയസ് വരെ പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത്. വീട് എന്നൊന്നും പറയാനാകില്ല.. ഒറ്റ മുറി വീട്. ഞങ്ങള് മൂന്നാളും ഈ ഓടിട്ട ചാണകമെഴുകിയ വീട്ടിലാണ് താമസിക്കുന്നത്. വെട്ടം ഒന്നുമില്ല.. മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം മാത്രമേയുള്ളൂ.. പത്താം ക്ലാസില്‍ കണക്കിന് തോറ്റതും പിന്നെ ജയിച്ചതും പ്ലസ്ടുവിന് ജയിച്ചതുമൊക്കെ ഈ മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തിലിരുന്ന് പഠിച്ചാണ്. ”
പ്ലസ് ടു വരെ ഈ ഒറ്റമുറി വീട്ടിലായിരുന്നു താമസം. 2006 വരെ. പൈനാപ്പിള്‍ തോട്ടത്തിലാണ് അമ്മയ്ക്ക് ജോലി. അമ്മയുടെ വരുമാനം മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അജിത്ത് (30) പറയുന്നു.
“പഠിക്കാന്‍ അത്ര വലിയ കേമനൊന്നും ആയിരുന്നില്ല. അതുകൊണ്ട് അമ്മയോട് പറയും, അമ്മേ ഞാന്‍ പത്ത് വരെ പോകുകയുള്ളൂ.. പഠിക്കാനൊന്നും പറ്റില്ല.. ഇതുകേട്ട് അമ്മ ഒന്നും പറയില്ല.
“എന്നോട് അമ്മ നിര്‍ബന്ധബുദ്ധിയോടെ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. എനിക്ക് എല്ലാ കാര്യത്തിലും സ്വാതന്ത്ര്യമുണ്ട്.
“പി എച്ച് ഡി ചെയ്യുമ്പോഴും നെറ്റിന് ട്രൈ ചെയ്യുമ്പോഴുമൊന്നും അമ്മ ഒന്നും പറഞ്ഞിട്ടില്ല.. അമ്മയ്ക്ക് അതേക്കുറിച്ചൊന്നും പറഞ്ഞുതരാനുള്ള അറിവില്ല. അമ്മ പത്താം ക്ലാസ് തോറ്റതാണ്. അമ്മയ്ക്ക് എന്നെ സുരക്ഷിതമായി എന്നും കൂടെ നിറുത്തുകയെന്നത് മാത്രമായിരുന്നു. വിദ്യാഭ്യാസം വേണം.. നന്നായി പഠിപ്പിക്കണം എന്നൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു.
ഇതുകൂടി വായിക്കാം: 27 കിലോയുള്ള മീന്‍ കറി, മൂന്ന് ആടിന്‍റെ ബിരിയാണി…നമ്മളെ കൊതിപ്പിച്ച് യൂട്യൂബില്‍ നിന്ന് ലക്ഷങ്ങള്‍ വാരുന്ന സാധാരണക്കാരന്‍
“പക്ഷേ പത്താംക്ലാസ് ജയിക്കണമെന്നു മാത്രമേ എനിക്കും ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. പത്ത് ജയിക്കണമെന്നാഗ്രഹിക്കാനൊരു കാരണമുണ്ട്.”
ആ കാരണം വെളിപ്പെടുത്തും മുന്‍പേ സ്കൂളില്‍ പഠിക്കുമ്പോള്‍ പണിക്ക് പോയതിനെക്കുറിച്ച് അജിത്ത്: ” ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ അഞ്ചല്‍പ്പെട്ടിയിലെ ഗവണ്‍മെന്‍റ് സ്കൂളിലാണ് പഠിച്ചത്. പത്താം ക്ലാസ് വരെ വാരപ്പെട്ടി എന്‍എസ്എസ് ഹൈസ്കൂളിലും. കുട്ടിക്കാലം തൊട്ടേ മരം കയറാന്‍ മിടുക്കനായിരുന്നു.
“സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ മരത്തില്‍ കയറി ചില്ലകള്‍ വെട്ടാന്‍ പലരുമെന്നെ വിളിക്കും. പിന്നെ റബര്‍ തൈ നടാനൊക്കെ പോകുമായിരുന്നു.”
ഡ്രൈവിങ്ങിനോട് ഇന്നും അന്നുമൊക്കെ വലിയ ഹരമാണ്. പത്താം ക്ലാസ് പാസായാല്‍ മാത്രമേ ലൈസന്‍സ് കിട്ടൂ.
പത്താം ക്ലാസ് എങ്ങനെയെങ്കിലും ജയിക്കണമെന്നാഗ്രഹിക്കാനുള്ള ഒരു കാരണമിതാണ്. പിന്നെ അമ്മയുടെ ആഗ്രഹം. പക്ഷേ കണക്ക് പരീക്ഷയില്‍ നന്നായങ്ങ് തോറ്റു. പക്ഷേ ജയിക്കണമെന്നുള്ളത് കൊണ്ട് സേ എഴുതി. ജയിച്ചു. മരച്ചില്ല വെട്ടല്‍ മാത്രമായിരുന്നില്ല, റബര്‍ ടാപ്പിങ്ങും റോഡ് ടാറിങ്ങും ഉത്സവപ്പറമ്പിലെ കപ്പലണ്ടി കച്ചവടും മീന്‍ കച്ചവടവുമൊക്കെ ചെയ്തിട്ടുണ്ട്.
ഇതുകൂടി വായിക്കാം: ‘അത്രയ്ക്കുണ്ട് ചെറുപ്പത്തിലെ വിശപ്പിന്‍റെ ആഴം, കരഞ്ഞുറങ്ങിയ ഓര്‍മ്മകള്‍’: ദുബായിലെ പട്ടിണിക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്ന ട്രക്ക് ഡ്രൈവറുടെ ജീവിതം
“പത്താം ക്ലാസ് ജയിച്ചതോടെ എന്‍റെ ആഗ്രഹം പോലെ പഠിത്തം നിറുത്തി. വീടിന് അടുത്ത് പാറത്താഴം എന്നൊരു സ്ഥലമുണ്ട്. പത്ത് പന്ത്രണ്ട് കരിങ്കല്‍ ക്വാറികളുള്ള പ്രദേശമാണ്. നേരെ കരിങ്കല്‍ ക്വാറിയില്‍ പണിക്കിറങ്ങി.
“മഴയായിരുന്നതു കൊണ്ട് ക്വാറിയില്‍ പണി കുറവായിരിക്കും. നല്ല വേനല്‍ക്കാലമാണെങ്കില്‍ 300-350 രൂപയൊക്കെ കിട്ടും. 2006-2007 ലാണ്. അന്ന് 300 രൂപ എന്നത് വലിയൊരു തുക തന്നെയായിരുന്നു.
“വര്‍ഷമാണെങ്കില്‍ ഇത്രയും കൂലി കിട്ടില്ല. 120-150 ഒക്കെ കിട്ടുകയുള്ളൂ.
നാലുപേരടങ്ങുന്ന ടീം കല്ല് ചുമന്ന് ലോറിയില്‍ കയറ്റുന്നതാണ് പണി. അന്നെനിക്ക് പതിനഞ്ച്, പതിനാറ് വയസേയുള്ളൂ.
“എന്തെങ്കിലുമൊക്കെ സമ്പാദിക്കണമെന്നു ചിന്തിക്കുന്നത് അമ്മയെ കണ്ടിട്ടാണ്. അങ്ങനെ വേറെന്തെങ്കിലും കൂടി ചെയ്താലോ എന്നു തോന്നി. ഉച്ചയ്ക്ക് ക്വാറിയില്‍ നിന്നു വീട്ടിലെത്തും.
“അതിനു ശേഷം വീടിനടുത്തുള്ള സുബൈര്‍ എന്ന ഇക്കാടെ കൂടെ ഹെല്‍പ്പറായിട്ട് മീന്‍ കച്ചവടത്തിന് പോയി. മൂപ്പര്‍ക്ക് ഒരു ആപെ ഓട്ടോറിക്ഷയുണ്ട്. മൂപ്പര് രാവിലെ എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ നിന്നു മീനെടുക്കും. എന്നിട്ട് രണ്ടുമണിയോടെ നമ്മുടെ വീടിനടുത്തുള്ള സ്ഥലത്തെത്തും.
“മൂപ്പര്‍ക്കുള്ള ഉച്ചയൂണ് ആളുടെ വീട്ടില്‍ നിന്നെടുത്ത് ഞാന്‍ നേരെ പൈങ്ങോട്ടൂര്‍ക്ക് പോകും. പൈങ്ങോട്ടൂര്‍ ജംഗ്ഷനിലാണ് മൂപ്പര്‍ക്ക് മീന്‍ കച്ചവടം. നല്ലൊരു മനുഷ്യനായിരുന്നു സുബൈറിക്ക..മൂന്നു തൊട്ട് രാത്രി ഒമ്പത് വരെയായിരുന്നു ജോലി സമയം. നൂറു രൂപയാണ് കൂലി.
“മീന്‍ അധികമുള്ള ദിവസങ്ങളില്‍ സുബൈറിക്ക 150 രൂപയൊക്കെ തരും. ഇതിനു പുറമേ ചായയൊക്കെ വാങ്ങി തരും. മീന്‍ കവറിലാക്കി നല്‍കുക, പൈസ വാങ്ങി പെട്ടിയിലിടുക.. ജോലി കഴിഞ്ഞ് ഓട്ടോയും മീനിന്‍റെ ബോക്സും പുഴയില്‍ കൊണ്ടുപോയി കഴുകണം.. ഇത്രയും പണിയേയുണ്ടായിരുന്നുള്ളൂ.
“മീന്‍ കച്ചവടം ചെയ്യുന്നതിന് തൊട്ടുമുന്നില്‍ ബസ് സ്റ്റോപ്പാണ്. അതിനടുത്ത് ഒരു ഹയര്‍സെക്കന്‍ററി സ്കൂളുണ്ട്.. ഇവിടെ നിന്നുള്ള കുട്ടികള്‍ ബസ് കാത്തുനില്‍ക്കുന്നത് ഈ സ്റ്റോപ്പിലാണ്.
“ആ പ്രായത്തിലുള്ള പിള്ളേരുടെ കോപ്രായങ്ങളും ഒച്ചപ്പാടും കളിയും ചിരിയും ആഘോഷവുമൊക്കെ കണ്ടപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി.
ഈ പ്രായത്തില്‍ പഠിക്കാന്‍ പോകുകയാണ് വേണ്ടത്.. ജോലി നമുക്ക് പിന്നീടായാലും ചെയ്യാവുന്നതല്ലേ എന്നൊക്കെ അജിത്തിന് തോന്നി. “അങ്ങനെ ഞാന്‍ സുബൈറിക്കയോട് പറഞ്ഞു, ഞാന്‍ പഠിക്കാന്‍ പോകുകയാണ്.. ജോലി നിറുത്തുകയാണ്.”
മുവാറ്റുപുഴയിലെ ശിവന്‍കുന്ന് സര്‍ക്കാര്‍ സ്കൂളിലാണ് അജിത്ത് പ്ലസ് ടു പഠിച്ചത്. സര്‍ക്കാര്‍ സ്കൂള്‍ തെരഞ്ഞെടുക്കാനും കാരണമുണ്ട്. “മാനെജ്മെന്‍റ് സ്കൂളാണെങ്കില്‍ അവര് വര വരയ്ക്കും.. അതിലൂടെ തന്നെ പോകേണ്ടി വരും. അങ്ങനെയൊരു പ്രശ്നമുണ്ട്. റൂട്ട് വരച്ചിട്ട് സഞ്ചരിക്കാനാകില്ല.. കുട്ടിക്കാലം തൊട്ടേ ആ വരയ്ക്കപ്പുറത്തേക്ക് സഞ്ചരിക്കാനാണ് ഇഷ്ടവും ശീലവും,” എന്ന് അജിത്ത്.
ഹ്യൂമാനിറ്റീസ് ആണ് പ്ലസ് ടുവിന് എടുത്തത്. “സയന്‍സും കൊമേഴ്സും പഠിക്കാന്‍ ഒട്ടും താത്പ്പര്യമില്ലായിരുന്നു,” എന്ന് അജിത്ത്. “അന്നും ഇല്ല ഇന്നും ഇല്ല.”
സ്കൂളില്‍ പോയി തുടങ്ങിയെങ്കിലും ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചില്ല. ശനിയാഴ്ചകളില്‍ കരിങ്കല്ല് ക്വാറിയിലും പോകും.
“ആ സമയത്താണ് വീട് വയ്ക്കുന്നത്. പ്ലസ് ടു വരെ ഒറ്റമുറി വീട്ടിലായിരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി.. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. മരിച്ചാല്‍ അടക്കാനൊരു ഭൂമി വേണമല്ലോയെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. എനിക്ക് 16 വയസുള്ളപ്പോഴാണ് അമ്മ കുറച്ച് ഭൂമി വാങ്ങുന്നത്. ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭവന പദ്ധതി പ്രകാരം 35,000 രൂപ ലോണ്‍ കിട്ടി.
ലോണ്‍ ഉപയോഗിച്ച് ഒരു മുറിയും ഹാളും വര്‍ക് ഏരിയയും അടുക്കളയുമായി വീട് പണിതു. “ശരിക്കും മൂന്നു ബെഡ് റൂമൊക്കെുള്ള വീടിന്‍റെ പ്ലാന്‍ ആയിരുന്നു.. ബ്ലോക്കിന്‍റെ ലോണെടുത്ത് പണിയുമ്പോള്‍ വീടിന് അങ്ങനെ അളവുണ്ട്. 18-മാത്തെ വയസില്‍ പ്ലസ് ടു കംപ്ലീറ്റ് ചെയ്തു. പുതിയ വീട്ടിലേക്ക് മാറുകയും ചെയ്തു.
ഇതുകൂടി വായിക്കാം: ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി
“പ്ലസ് ടുവിലൊരു സാറുണ്ടായിരുന്നു, സന്തോഷ്.. പൊളിറ്റിക്സാണ് പഠിപ്പിച്ചത്. സാര്‍ പഠിച്ചത് മഹാരാജാസിലാണ്. ക്യാംപസ് അനുഭവങ്ങളൊക്കെയും സാര്‍ ഞങ്ങളോട് പറയും. കളിയിലൂടെ പഠിച്ചതിനെക്കുറിച്ച് സാര്‍ പറഞ്ഞിട്ടുണ്ട്.
“ഫുട്ബോളില്‍ പന്തടിക്കുമ്പോള്‍ മാര്‍ക്സിന്‍റെ തിയറി പറയും. ഗോളി തിരിച്ചു പന്തടിക്കുമ്പോള്‍ ഏംഗല്‍സിന്‍റെ തിയറി പറയും.. ഇങ്ങനെ രസകരമായിരുന്നു അവരുടെ കളിയും പഠനവും. ക്യാംപസിലെ പ്രണയവും രാഷ്ട്രീയവുമൊക്കെ സാര്‍ പറയും. ഇതുകേട്ട് കേട്ട് കോളെജില്‍ പഠിക്കണമെന്നാഗ്രഹം തോന്നി,” അജിത്ത് അടുത്ത ലക്ഷ്യത്തിലേക്ക്.
“ശിവന്‍കുന്ന് സ്കൂളില്‍ നിന്നു നോക്കിയാല്‍ നിര്‍മല കോളെജ് കാണാം. സ്കൂളിരിക്കുന്നത് ഒരു കുന്നിലും അപ്പുറത്തെ കുന്നില്‍ കോളെജും.. ഇങ്ങനെയായിരുന്നു.. ഈ കുന്നില്‍ നിന്നും ആ കുന്നിലേക്കുള്ള യാത്രയാണ് ഇനി നിങ്ങള്‍ക്ക് വേണ്ടതെന്നു സാര്‍ എപ്പോഴും പറയുമായിരുന്നു. ഇതൊക്കെ കേട്ട് കോളെജ് ക്യാംപസ് മനസില്‍ തന്നെയുണ്ടായിരുന്നു.
“പക്ഷേ പ്ലസ് ടു കഴിഞ്ഞപ്പോള്‍ എന്‍റെ മനസില്‍ മറ്റൊരു ആഗ്രഹം തോന്നി. ഒരു ബൈക്ക് വാങ്ങണം. വീട്ടിലെ സാഹചര്യങ്ങളില്‍ അമ്മയോട് ഇങ്ങനെയൊന്നു ചോദിക്കാനേ പറ്റില്ല. മാത്രമല്ല വീടിന്‍റെ പണിയും നടക്കുന്നുണ്ട്.
“ഇതിലേക്കുള്ള ചെലവിനും തുക വേണം പിന്നെ ബൈക്ക് വാങ്ങാനും. പഠിക്കാന്‍ പോയാല്‍ ബൈക്ക് വാങ്ങാന്‍ പറ്റില്ലെന്ന തോന്നലില്‍ പഠിപ്പ് വീണ്ടും അവസാനിപ്പിച്ചു. ഇതായിരുന്നു രണ്ടാമതും പഠനം അവസാനിപ്പിക്കുന്നതിനുള്ള കാരണം.”
വീണ്ടും കരിങ്കല്‍ ക്വാറിയിലേക്ക്.. ആറു മാസം പണിയെടുത്ത് അജിത്ത് ബൈക്ക് സ്വന്തമാക്കി. ഹീറോ ഹോണ്ട സ്പ്ലെന്‍ഡറാണ് വാങ്ങിയത്. ലൈസന്‍സും കിട്ടി. പക്ഷേ ബൈക്ക് ഓടിച്ചു തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസിലായത്. ബൈക്കില്‍ പോകാന്‍ ഒരിടമില്ലെന്ന കാര്യം!
“രാവിലെ എട്ട് മണിക്ക് കരിങ്കല്‍ ക്വാറിയിലേക്ക് പോകും.. വൈകിട്ട് അഞ്ച് വരെ ക്വാറിയിലാണ്. പിന്നെ വീട്ടിലെത്തി കുളിച്ച് ഭക്ഷണമൊക്കെ കഴിച്ച് വരുമ്പോഴേക്കും ഏഴുമണിയാകും.
“ഈ നേരത്ത് ബൈക്കില്‍ കവലയിലേക്ക് പോകും. കൂട്ടുകാരെ കണ്ട് സംസാരിച്ച് തിരിച്ചു പോകും. ഇത്രയേള്ളൂ. ഇതല്ലാതെ ബൈക്കില്‍ എവിടെയും പോകാന്‍ സമയമില്ല. സമപ്രായക്കാരെല്ലാം പഠിക്കാന്‍ പോകും.. പിന്നെ ആര്‍ക്കൊപ്പമാണ് കറങ്ങാന്‍ പോകുക..? കൂട്ടത്തില്‍ എനിക്കേ ബൈക്കുള്ളൂ.
“ഇടക്കിടെ പ്ലസ് ടു ക്ലാസില്‍ വച്ച് സന്തോഷ് മാഷ് പറഞ്ഞ കാര്യങ്ങളൊക്കെ ഓര്‍ക്കുമായിരുന്നു. അങ്ങനെ കോളെജില്‍ പഠിക്കമെന്നു തോന്നി. ഡിഗ്രിക്ക് ചേരാന്‍ തീരുമാനിച്ചു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സില്‍ അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചു. അതിനൊരു കാരണമുണ്ട്.
നല്ല കാര്‍ വാങ്ങണമെങ്കില്‍ ഒന്നര ലക്ഷം വേണ്ടി വരും. എന്‍റെ ബജറ്റാണെങ്കില്‍ അമ്പതിനായിരം രൂപയാണ്.
പ്ലസ് ടുവിന് കൂടെ പഠിച്ച പലരും പീറ്റേഴ്സിലുണ്ട്. 2009-ല്‍ ഡിഗ്രിക്ക് ചേര്‍ന്നു. ബി എ മലയാളത്തിന്. ജോലിക്ക് പോകാന്‍ സാധിക്കാത്തതു കൊണ്ട് സാമ്പത്തികപ്രശ്നമുണ്ടായിരുന്നു.
ഫൈനല്‍ ഇയറില്‍ ശനിയാഴ്ചയടക്കം ക്ലാസുണ്ട്. കരിങ്കല്‍ ക്വാറിയില്‍ പോകാന്‍ പറ്റാത്ത സാഹചര്യമായി. പഠിക്കണമെങ്കില്‍ പൈസ വേണമല്ലോ.. ഡ്രൈവിങ്ങും അറിയാം.. എന്നാല്‍ കാര്‍ വാങ്ങാം. വാടകയ്ക്ക് ഓടിക്കാലോ എന്നാണ് ആലോചിച്ചത്.
കാര്‍ വാങ്ങുന്നതിനെക്കുറിച്ച് നാട്ടിലെ ഒരു ചേട്ടനോട് പറഞ്ഞു, നല്ല കാര്‍ വാങ്ങണമെങ്കില്‍ ഒന്നര ലക്ഷം വേണ്ടി വരും. എന്‍റെ ബജറ്റാണെങ്കില്‍ അമ്പതിനായിരം രൂപയാണ്.
അന്നേരം മൂപ്പര് പറഞ്ഞു, അമ്പതിനായിരത്തിന് കാര്‍ വാങ്ങിയാല്‍ ഏതുനേരവും വര്‍ക് ഷോപ്പില്‍ കയറ്റണ്ടി വരുമെന്ന്. കാറിനെക്കാള്‍ ഉപകാരപ്പെടുന്നത് ഓട്ടോറിക്ഷയാകുമെന്നും ആ ചേട്ടന്‍ പറഞ്ഞു.
അങ്ങനെ 35,000 രൂപയ്ക്ക് ഓട്ടോറിക്ഷ വാങ്ങി. കുറച്ചു എന്‍റെ കൈയിലുണ്ടായിരുന്നു, ബാക്കി പലവഴിക്ക് കിട്ടി. ഓട്ടോ വാങ്ങി, ക്ലാസുള്ള ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ഞായറാഴ്ചകളിലും വണ്ടിയോടിക്കാന്‍ തുടങ്ങി.
ഡിഗ്രി പൂര്‍ത്തിയാക്കി. അന്നേരം കൂടെ പഠിച്ച രേഷ്മ പറഞ്ഞു, അജിത്തേ ഒരു ബിഎഡ് എടുത്താലോ.. ബിഎ ബിഎഡ് എന്നു പറയാന്‍ തന്നെ നല്ല രസമല്ലേ.., ഞാന്‍ പറഞ്ഞത്, 70 ശതമാനം മാര്‍ക്കല്ലേ ഉള്ളൂ. മെറിറ്റില്‍ കിട്ടാന്‍ ചാന്‍സില്ല. രേഷ്മയാണ് മാനെജ്മെന്‍റ് സീറ്റ് നോക്കാമെന്നു പറഞ്ഞത്.
ഫീസ് 35,000 രൂപയാണ്. പക്ഷേ ഒരുമിച്ച് ഫീസ് അടക്കേണ്ട. തവണകളായി അടച്ചാല്‍ മതി.. അങ്ങനെ ശ്രീനാരായണ ബിഎഡ് കോളേജിലേക്ക് ബിഎഡിന്. രേഷ്മയും പീറ്റേഴ്സില്‍ കൂടെ പഠിച്ച മറ്റു മൂന്നുപേരും കൂടെ ബിഎഡിന് ചേര്‍ന്നു.
“ബിഎഡ് കോളേജില്‍ വച്ചാണ് എന്‍റെ ജീവിതം മുന്നോട്ട് നയിക്കാനുള്ള പ്രേരകശക്തിയായ മാഷിനെ പരിചയപ്പെടുന്നത്.” ജോബി തോമസ് എന്ന മാഷിന്‍റെ സ്വാധീനത്തെക്കുറിച്ച് പറയുന്നു അജിത്ത്. “എന്നെക്കുറിച്ച് നന്നായി അറിയാം. കൃത്യമായ നിര്‍ദേശങ്ങളാണ് നല്‍കിയത്. പിന്നെ അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലായി ഞാന്‍. പിന്നീട് ആ ഓട്ടോ വിറ്റു. ലോണെടുത്ത് പുതിയത് ഒരെണ്ണം വാങ്ങി.
രാത്രിയൊക്കെ നല്ല ഓട്ടം കിട്ടി. 79 ശതമാനം വാങ്ങി ബിഎഡ് പാസായി. രസകരമായ മറ്റൊരു കാര്യമുണ്ടായി. ഞാന്‍ പഠിച്ച സ്കൂളില്‍ തന്നെയായിരുന്നു ബിഎഡ് ട്രെയ്നിങ്ങ്. ഇതെന്‍റെ ഒരാഗ്രഹം കൂടിയായിരുന്നു. പത്താം ക്ലാസില്‍ തോറ്റ ആ സ്കൂളില്‍ തന്നെ അധ്യാപകനായെത്തുകയെന്നത്.
നാടകഗാനം എന്നു പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബലികുടീരങ്ങളേ, പൊന്നരിവാള്‍ അമ്പിളിയില്‍.. ഈ പാട്ടുകളെക്കുറിച്ചാണ് എല്ലാവരും പറയുന്നത്
2013-ല്‍ ബിഎഡ് പാസായി നില്‍ക്കുന്ന സമയത്താണ് തിരൂര്‍ മലയാള സര്‍വകലാശാല ആരംഭിക്കുന്നത്. ജോബി മാഷാണ് അയക്കാന്‍ പറയുന്നത്. ക്ലാസില്‍ നിന്ന് അഞ്ച് പേരാണ് അയച്ചത്.
പക്ഷേ കൂട്ടത്തില്‍ വീട്ടില്‍ നിന്നു മാറിനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ എനിക്ക് മാത്രമേയുള്ളൂ. മുത്തശ്ശിക്ക് അസുഖമൊക്കെയായിരിക്കുന്ന കാലമാണ്. പക്ഷേ സാറിന്‍റെ നിര്‍ബന്ധം കാരണം ഒഴിവാക്കാനായില്ല. പിജി കഴിഞ്ഞ് പിഎച്ച്ഡി എടുക്കണമെന്നൊക്കെ മാഷ് പറഞ്ഞു.
മൂന്നു വര്‍ഷം കൊണ്ട് റിസര്‍ച്ച് പൂര്‍ത്തിയാക്കണം.. കാരണം താത്ക്കാലിക കെട്ടിടത്തിലാണ് സര്‍വകലാശാലയുടെ ഹോസ്റ്റല്‍. നീണ്ടുപോയാല്‍ പിന്നെ ഹോസ്റ്റല്‍ സൗകര്യം കിട്ടിയെന്നു വരില്ല. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഗ്രാന്‍റും കട്ടാകും.
തുടക്കത്തിലേ ടീച്ചര്‍ ഇക്കാര്യം പറഞ്ഞിരുന്നു. മികച്ച വിദ്യാര്‍ഥിയല്ലാത്തതു കൊണ്ട് മൂന്നു വര്‍ഷം കൊണ്ട് പിഎച്ച്ഡി പൂര്‍ത്തിയാക്കില്ലെന്നു പലര്‍ക്കും മുന്‍ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് എങ്ങനെയും കൃത്യസമയത്തിനുള്ളില്‍ തിസീസ് വയ്ക്കുമെന്നു ഉറപ്പിച്ചിരുന്നു.
ജീവിതത്തില്‍ ഏറ്റവും ചേര്‍ത്തുനിറുത്തിയ കൂട്ടുകാരിയാണ് അര്‍ച്ചന. 260 പേജുള്ള തിസീസ് മുഴുവനും അവളാണ് അടിച്ചു തന്നത്. യുജിസിയെക്കുറിച്ച് കൃത്യമായി പറയുന്നതൊക്കെ അര്‍ച്ചനയാണ്. റിസര്‍ച്ചിന്‍റെ സമയത്ത് തന്നെ നെറ്റിന് ട്രൈ ചെയ്തു.
മലയാള സര്‍വകലാശാലയിലെ ആദ്യ ഗവേഷണ വിദ്യാര്‍ത്ഥികളായ നാല് പേരാണ് തീസിസ് സമര്‍പ്പിച്ചിരുന്നത്.
ആദ്യം നടന്ന ഓപ്പണ്‍ ഡിഫന്‍സ് അജിത്തിന്റേതായിരുന്നു. അധികം വൈകാതെ മലയാള സര്‍വകലാശാലയിലെ ആദ്യ പിഎച്ച്ഡി നേടുന്നയാളെന്ന ബഹുമതി അജിത്തിന് കിട്ടി. ഡോ. അനിത കുമാരിയായിരുന്നു ഗൈഡ്. ജനപ്രിയ സംസ്കാരവും മലയാള നാടകഗാനങ്ങളും എന്ന വിഷയത്തിലാണ് പിഎച്ച് ഡി.
“ഇതൊക്കെ കഴിഞ്ഞ് നാട്ടിലെത്തിയ ദിവസമാണ് യുജിസി നെറ്റ് റിസല്‍റ്റ് വരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പരീക്ഷയില്‍ ഏറ്റവും ടഫായിരുന്നു.. അതുകൊണ്ട് റിസല്‍റ്റ് നോക്കാനുള്ള ധൈര്യമില്ലായിരുന്നു. അര്‍ച്ചനയാണ് റിസല്‍റ്റ് നോക്കി പറയുന്നത്. അതുകൂടി അറിഞ്ഞതോടെ സന്തോഷമായി.. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല..
ജനപ്രിയ സംസ്കാരവും മലയാളഗാനങ്ങളും എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനും ഒരു കാരണമുണ്ടെന്ന് അജിത്ത്: ” കുട്ടിക്കാലം തൊട്ടേ നാടകം എനിക്ക് ആവേശമായിരുന്നു. നാടകം കാണുന്നത് അമ്മയ്ക്കും മുത്തശ്ശിക്കും ശീലമാണ്. അഞ്ചിലും ആറിലും പഠിക്കുമ്പോള്‍ നാടകം കാണാന്‍ കൂട്ടുകാര്‍ക്കൊപ്പം പോകുമായിരുന്നു. പിന്നീട് കൂട്ടുകാര്‍ വരാതെ വന്നതോടെ തനിച്ച് പോകാന്‍ അമ്മ സമ്മതിച്ചില്ല.
“ഉത്സവപ്പറമ്പിലൊക്കെ കപ്പലണ്ടി കച്ചവടം നടത്തുന്നൊരു അയല്‍ക്കാരനുണ്ട്. ആളുടെ കൂടെ ഞാന്‍ ഹെല്‍പ്പറായിട്ട് കൂടി. ജോലിയുമായി, നാടകവും കാണാം. അമ്മയ്ക്കും സമ്മതമായിരുന്നു.
“നാടകം നടക്കുമ്പോള്‍ വേദിയിലേക്ക് മറ്റു വെളിച്ചങ്ങളോ ശബ്ദങ്ങളോ ഒന്നും വരാന്‍ പാടില്ല. കപ്പലണ്ടി വറുക്കുമ്പോള്‍ ശബ്ദമുണ്ടാകുമല്ലോ.. അതുകൊണ്ടു നാടകം തുടങ്ങിയാല്‍ പിന്നെ കച്ചവടമില്ല. ആ നേരം സദസ്സിന്‍റെ ഏറ്റവും മുന്നില്‍ പോയിരുന്നു നാടകം കാണും.”
എത്രയെത്ര നാടകങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും നാടകഗാനം എന്നു പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബലികുടീരങ്ങളേ, പൊന്നരിവാള്‍ അമ്പിളിയില്‍.. ഈ പാട്ടുകളെക്കുറിച്ചാണ് എല്ലാവരും പറയുന്നത്.
പുതിയ നാടകഗാനത്തെക്കുറിച്ച് എന്താ പറയാത്തെ എന്നാലോചിച്ചു. ഗവേഷണവിഷയത്തിലേക്കെത്തിയതിനെക്കുറിച്ച് പറയുന്നു അജിത്ത്. ” വിഷയത്തെക്കുറിച്ച് ടീച്ചര്‍ ചോദിച്ചപ്പോള്‍ ഇതേക്കുറിച്ച് പറഞ്ഞു. അത് കൊള്ളാമെന്നു ടീച്ചറും പറഞ്ഞു. അങ്ങനെയാണ് ഗവേഷണം തുടങ്ങുന്നത്.
ഇതുകൂടി വായിക്കാം: 10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന്‍ ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്
1950 മുതല്‍ 70 വരെ എഴുതപ്പെട്ട നാടകഗാനങ്ങളെ പഠനവിധേയമാക്കി. നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്ന കെപിഎസിയുടെ നാടകത്തിലെ ഗാനങ്ങള്‍ തൊട്ട് 2019-ലെ കെപിഎസിയുടെ കാളിദാസന്‍ എന്ന നാടകം വരെ പഠിക്കുകയാണെങ്കില്‍ ലക്ഷക്കണക്കിന് പാട്ടുകളുണ്ട്. അത് എളുപ്പമല്ല, അങ്ങനെ 70 വരെയുള്ളതായി പരിമിതപ്പെടുത്തി.
പിന്നെ ഈ പഠനത്തിനിടയിലും ഓട്ടോ ഓടിക്കുമായിരുന്നു. ദൂരയാത്ര ഓട്ടം കിട്ടുമായിരുന്നു. പലരും. ചിലരൊക്കെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് യാത്രാക്കൂലി കൂടുതല്‍ തന്നു. 400 രൂപ ഓട്ടോ കാശായെങ്കില്‍ 500 രൂപ തന്നിട്ട് ബാക്കി വാങ്ങില്ല.. വെച്ചോ എന്നു പറയും. ഇങ്ങനെ ഒരുപാട് പേരുടെ സഹായമാണ് ഇവിടെ വരെ എത്തിച്ചത്.
ഈ കാര്യങ്ങളൊന്നും മറക്കാത്ത കൊണ്ട് എത്രയും പെട്ടെന്ന് ഏതെങ്കിലുമൊരു കോളെജില്‍ അസിസ്റ്റൻ് പ്രൊഫസറായി ജോലി കിട്ടണേയെന്നാണ് ആഗ്രഹിക്കുന്നത്. ശമ്പളം കിട്ടി തുടങ്ങുന്ന നാളില്‍ തന്നെ അതിലൊരു ചെറിയ തുക സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്‍കണം.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.