ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിലേക്ക് അധികം വൈകാതെ കേരളവും പ്രവേശിക്കും. കൂടുതൽ നേരം ചാർജ്ജ് നിൽക്കുന്ന, പൊട്ടിത്തെറി സാധ്യതകളില്ലാത്ത ബാറ്ററികള്‍ നിര്‍മ്മിക്കാനാണ് പൊതുമേഖല സ്ഥാപനമായ തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡ് (ടിടിപിഎൽ) ഒരുങ്ങുന്നത്.
ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളുടെ അസംസ്കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് നിർമ്മിച്ചു കൊണ്ടാണ് ബാറ്ററി നിർമ്മാണത്തിലേക്ക് കമ്പനി കടക്കുന്നത്.
ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ടിടിപിഎല്ലിലെ ഗവേഷകരുടെ നേതൃത്വത്തിൽ തനതു സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഏതാണ്ട് ഒരു വർഷം കൊണ്ടു ലിഥിയം ടൈറ്റനേറ്റ് നിർമ്മിച്ചത്.
“ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററിക്ക് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവാണ് ലിഥിയം ടൈറ്റനേറ്റ്,” ലിഥിയം ടൈറ്റനേറ്റ് നിര്‍മ്മിച്ച ടിടിപിഎല്ലിലെ ഗവേഷകരിലൊരാളും ഡെപ്യൂട്ടി മാനെജറുമായ ഡോ.ജെ. പുഷ്പരാജന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“സാധാരണ ബാറ്ററിയില്‍ കാര്‍ബണിന് പകരം ഉപയോഗിക്കാവുന്ന അസംസ്കൃത വസ്തുവാണ് ലിഥിയം ടൈറ്റനേറ്റ്. കാര്‍ബണിനെക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ ലിഥിയം ടൈറ്റനേറ്റിനുണ്ട്.
“നമ്മളൊക്കെ ഉപയോഗിക്കുന്ന സാധാരണ മൊബൈല്‍ ഫോണുകളിലൊക്കെയുള്ളത് ലിഥിയം അയോണ്‍ ബാറ്ററിയാണ്. ഇതില്‍ കാര്‍ബണ്‍ ആനോഡാണുള്ളത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോ ചൂടാകുമല്ലോ. അതിനു കാരണക്കാരന്‍ ഈ കാര്‍ബണ്‍ ആനോഡാണ്. എന്നാല്‍ കാര്‍ബണിന് പകരക്കാരനായി ലിഥിയം ടൈറ്റനേറ്റ് ആനോഡായി ഉപയോഗിക്കുകയാണെങ്കില്‍ ഈ പ്രശ്നമുണ്ടാകില്ല.
“അതൊരു വലിയ നേട്ടമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ ചൂടായാല്‍ പ്രശ്നമാണ്. പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. ലിഥിയം ടൈറ്റനേറ്റ് കൊണ്ടുള്ള ബാറ്ററിയാണെങ്കില്‍ ആ പ്രശ്നമുണ്ടാകില്ലെന്നു മാത്രമല്ല വേഗത്തില്‍ ചാര്‍ജ് ചെയ്യാനുമാകും. കാര്‍ബണിനെ അപേക്ഷിച്ച് കൂടുതല്‍ കാലം ഉപയോഗിക്കാനുമാകും.
കര്‍ബണിനെക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ ആയുസുമുണ്ട് ലിഥിയം ടൈറ്റനേറ്റിന്.
15 വര്‍ഷം ഒരു ബാറ്ററി തന്നെ ചാര്‍ജ് ചെയ്തു ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
“എന്നാല്‍ ചാര്‍ജ് ഡെന്‍സിറ്റി കുറവാണെന്നതു മാത്രമാണ് ഇതിന്‍റെയൊരു ദോഷം. എന്നാല്‍ ഇതിന്‍റെ മേന്‍മകള്‍ പരിഗണിച്ചാല്‍ ഭാവിയില്‍ വലിയ സാധ്യതകളുള്ളതാണ് ലിഥിയം ടൈറ്റനേറ്റുകൾ,” ഡോ.പുഷ്പരാജന്‍ പറഞ്ഞു.
ടിടിപിഎല്‍ നിര്‍മ്മിച്ച ലിഥിയം ടൈറ്റനേറ്റ് ബാറ്ററി രൂപത്തിലേക്ക് മാറ്റുന്നതിന് സഹായിക്കുന്നത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ (വി എസ് എസ് സി) ആണ്.
ആനോഡ് മെറ്റീരിയൽ ടിടിപിഎൽ കൊടുക്കുന്നു, ആനോഡും കാഥോഡും പിന്നെ ഇതിന് യോജിക്കുന്ന ഇലക്ട്രോലൈറ്റും ഒരുമിപ്പിച്ച് വി എസ് എസ് സി ആണ് സെല്‍ ഉണ്ടാക്കുന്നത് എന്ന് ഡെപ്യൂട്ടി ജനറര്‍ മാനെജര്‍ ഡോ. കെ. ജോണ്‍സണ്‍ പറയുന്നു.
“കേന്ദ്രസര്‍ക്കാരിന്‍റെ ചെന്നൈയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നമ്മളുമായി ബാറ്ററി നിർമാണത്തിന് സഹകരിച്ചിരുന്നു. അവരുമായും ചർച്ചകൾ നടത്തുകയും അവരുടെ പ്രതിനിധികള്‍ ടിടിപിഎല്‍ സന്ദർശിക്കുകയുമൊക്കെ ചെയ്തിരുന്നു.
“എന്നാൽ അവരുമായി കൂടുതൽ ചർച്ചകൾ ചെയ്യുന്നതിനു മുൻപേ വി എസ് എസ് സി ലിഥിയം ടൈറ്റനേറ്റിലുള്ള ബാറ്ററി വികസിപ്പിച്ചു. അവരുമായാണിപ്പോൾ സഹകരിക്കുന്നത്.
“വിഎസ്എസ് സി, ചെന്നൈയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി ലിഥിയം ടൈറ്റനേറ്റ് ഗുണനിലവാരമുള്ളതാണെന്നു തെളിയിച്ചിട്ടു”ണ്ടെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.
ലിഥിയം അയോൺ ബാറ്ററികൾ ഇന്‍ഡ്യയിൽ നിർമിക്കുന്നില്ല. എന്നാല്‍ ഇതിന്‍റെ റോ മെറ്റീരിയലുകൾ വരുത്തിച്ച് അസംബിൾ ചെയ്തെടുക്കുന്നുണ്ട്. ലിഥിയം ടൈറ്റനേറ്റിലൂടെ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനമെന്ന ബഹുമതി ടിടിപിഎല്ലിന് ലഭിക്കും.
“വി എസ് എസ് സിയില്‍ ഇതുപോലുള്ള ബാറ്ററികള്‍ നിര്‍മ്മിക്കുന്നുണ്ട്. പക്ഷേ സാറ്റലൈറ്റുകളിലൊക്കെ ഉപയോഗിക്കുന്ന ബാറ്ററികളാണത്. എന്നാല്‍ ഇന്‍ഡ്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി ആരും ലിഥിയം അയോണ്‍ ബാറ്ററിയുണ്ടാക്കിയിട്ടില്ല,” എന്ന് പുഷ്പരാജന്‍ വ്യക്തമാക്കുന്നു.
ചൂട് കൂടിയ ഇന്‍ഡ്യന്‍ കലാവസ്ഥയ്ക്ക് ലിഥിയം ടൈറ്റനേറ്റ് ആനോഡ് ആയിരിക്കും കൂടുതല്‍ യോജിക്കുന്നത്. എല്ലാത്തരം വാഹനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
“കരിമണലാണ് ടൈറ്റാനിയത്തിന്‍റെ അയിര്. കരിമണല്‍ കേരളത്തില്‍ സുലഭവുമാണ്. കൊല്ലം ചവറ മുതല്‍ ആലപ്പുഴ വരെ ഏതാണ്ട് 150 കിലോമീറ്റര്‍ കടല്‍ത്തീരമാണ്.
“ഇവിടെ നല്ല ഗുണമേന്‍മയുള്ള കരിമണല്‍ കിട്ടും. മെച്ചപ്പെട്ട ടൈറ്റാനിയം ഡയോക്സൈഡ് ഈ കരിമണലില്‍ നിന്നുണ്ടാക്കാം. ടൈറ്റാനിയം ടിടിപിഎല്ലില്‍ തന്നെ നിര്‍മിക്കുന്നുണ്ട്.
“ആ ടൈറ്റാനിയത്തിന്‍റെ മൂല്യവര്‍ധിത ഉത്പന്നമാണ് ലിഥിയം ടൈറ്റനേറ്റ്. ടിടിപിഎല്‍- ലെ തന്നെ ഗവേഷണ വിഭാഗമാണ് ലിഥിയം ടൈറ്റനേറ്റ് വികസിപ്പിച്ചെടുത്തത്,” അദ്ദേഹം പറഞ്ഞു.
ഡോ. കെ. ജോണ്‍സണ്‍, ഡോ.ജെ പുഷ്പരാജന്‍, കെമിസ്റ്റ് അഞ്ജന, ട്രെയ്നി ജിഷ എന്നീ നാലു പേര്‍ക്ക് ഒപ്പം ഡോ.ശ്രീദേവി, പദ്മകുമാര്‍, മെറീന, മിനിമോള്‍ ഇവരും കൂടി അടങ്ങുന്ന സംഘമാണ് ഗവേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതൊരു ടീം വര്‍ക്കിന്‍റെ വിജയമാണെന്നും ഡോ. പുഷ്പരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി വായിക്കാം:പോര്‍ട്ടബിള്‍ ബാറ്ററി, ഒറ്റച്ചാര്‍ജ്ജില്‍ 100 കിലോമീറ്റര്‍! ഇലക്ട്രിക് സൈക്കിളുകളുമായി സഹോദരന്മാര്‍