കണ്ടാല്‍ ആരും നോക്കി നിന്നുപോവും, അത്ര ഭംഗിയാണ് ഈ വീടിന്. മരങ്ങളും ചെടികളുമൊക്കെയായി പച്ചപ്പ് നിറഞ്ഞ പറമ്പിലെ വെളുത്ത കൊട്ടാരം- തൂവെളുപ്പുള്ള മകുടങ്ങളോടുകൂടിയ സ്വപ്നവീട്.
വയനാട്ടുകാരന്‍ പി ജെ ജോര്‍ജ്ജ് ഒരുപാട് നാളുകള്‍ മനസിലിട്ട് താലോലിച്ച സ്വപ്നമാണ്, ഈ കവുങ്ങ് വീട്. വയനാടന്‍ പ്രകൃതിഭംഗി നിറയുന്ന കാരാപ്പുഴ ഡാമിന് സമീപമാണ് ഈ വീട്.
അഞ്ച് വര്‍ഷം മുന്‍പാണ് അദ്ദേഹം ഈ വീട് നിര്‍മ്മിക്കുന്നത്. ഇഷ്ടികയും വെട്ടുകല്ലും കമ്പിയുമില്ലാതെ കവുങ്ങ് ചീളുകളും ഫെറോ സിമന്‍റും ഉപയോഗിച്ച് പണിത ഈ വീടിന് മറ്റേതൊരു വീടിനേക്കാള്‍ ഫിനിഷിങ്ങുമുണ്ട്.
“സിവില്‍ ഡിപ്ലോമ കഴിഞ്ഞപ്പോ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നു മനസിലാഗ്രഹിച്ചിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും ഉപയോഗിച്ച് വീട് നിര്‍മ്മിക്കണമെന്ന അന്വേഷണങ്ങളിലാണ് ആ തറവാട് കാണുന്നത്,” മുളയിലും മരത്തിലുമൊക്കെ വീടുകളും റിസോര്‍ട്ടുകളുമൊക്കെ നിര്‍മ്മിച്ചു നല്‍കുന്ന പടവ് ബില്‍ഡേഴ്സിന്‍റെ ഉടമ കൂടിയായ പി ജെ ജോര്‍ജ്ജ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“വയനാട്ടില്‍ തന്നെയുള്ള 70 വര്‍ഷം പഴക്കമുള്ളൊരു തറവാട് വീട്. ആ വീടിന്‍റെ ഭിത്തി പൊളിച്ചപ്പോ കണ്ടത് മുളയാണ്. അതു കണ്ടപ്പോ സംഭവം കൊള്ളാമല്ലോന്ന് തോന്നി.
“ആ തറവാട് കണ്ടതില്‍ പിന്നെയാണ് മുളയില്‍ വീട് വയ്ക്കണമെന്നു തീരുമാനിച്ചത്. അതൊരു ആഗ്രഹമായി മനസില്‍ തന്നെയുണ്ടായിരുന്നു. പിന്നീട് വയനാട്ടിലെ മുള സംരക്ഷണ കേന്ദ്രമായ ഉറവിന്‍റെ പ്രൊജക്റ്റ്സ് ചെയ്യാനുള്ള സാഹചര്യം ലഭിച്ചു.
“മുളയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് അവരോട് സംസാരിച്ചു. ഉറവ് ടീം അനുവാദം നല്‍കിയതോടെ ചെറിയ രീതിയില്‍ പരീക്ഷണങ്ങള്‍ നടത്തി. ഉറവില്‍ തന്നെയായിരുന്നു മുളനിര്‍മ്മാണങ്ങള്‍ ചെയ്തു നോക്കുന്നത്.
“അതൊന്നും വെറുതേയായില്ല. 15 വര്‍ഷങ്ങള്‍ക്കിപ്പുറവും മുളയില്‍ നിര്‍മ്മിച്ചതൊക്കെയും ഉറവിലുണ്ട്. മുളയില്‍ വീടും കെട്ടിടങ്ങളുമൊക്കെ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഡല്‍ഹി ഐഐടിയില്‍ പോകാനൊരു അവസരം കിട്ടുന്നത്.
“മുള ഉപയോഗിച്ച് കെട്ടിടങ്ങള്‍ കെട്ടുന്നതിനെക്കുറിച്ചുള്ള പരിശീലനത്തിന് അപേക്ഷ അയച്ചു. സെലക്ഷന്‍ കിട്ടുകയും ചെയ്തു. അങ്ങനെ ഐഐടിയിലെ പരിശീലനക്ലാസില്‍ പങ്കെടുത്തതോടെ ആത്മവിശ്വാസം കൂടി.
“അതോടൊപ്പം ഒന്നു രണ്ട് വീടുകളും സര്‍ക്കാര്‍ പ്രൊജക്റ്റുകളും കൂടി ചെയ്തതോടെ നല്ല ധൈര്യമായി. ഡല്‍ഹി ഐഐടിയുടെ ഒരു പ്രജക്റ്റ് അട്ടപ്പാടിയില്‍ ചെയ്തിരുന്നു. കുറച്ച് കെട്ടിടങ്ങള്‍ പാലക്കാട് നിര്‍മ്മിച്ചു. ആ കെട്ടിടങ്ങളൊക്കെ ഇന്നുമുണ്ട്,” അദ്ദേഹം പറഞ്ഞു.
മുളയില്‍ വീടും കെട്ടിടങ്ങളുമൊക്കെ നിര്‍മ്മിക്കുന്നതിലൂടെ പ്രകൃതിയെയും ഉപദ്രവിക്കുന്നില്ല, ചെലവും കുറവാണ്.
“മുളയില്‍ വീടും കെട്ടിടങ്ങളും റിസോര്‍ട്ടുമൊക്കെ നിര്‍മിച്ചു നല്‍കുന്നുണ്ടല്ലോ.. അങ്ങനെയുള്ള ഞാനും ആ രീതിയില്‍ തന്നെ സ്വന്തം വീട് നിര്‍മ്മിക്കണ്ടേ? ” എന്ന് ജോര്‍ജ്ജ്. എന്നാല്‍ വീടുണ്ടാക്കാന്‍ എല്ലാം ഒത്തുവന്ന സമയത്ത് മുള കിട്ടിയില്ല. അങ്ങനെയാണ് മുളയ്ക്ക് പകരം കവുങ്ങ് ഉപയോഗിക്കുന്നത്.
“അങ്ങനെ കവുങ്ങിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. പക്ഷേ അധികം വിവരങ്ങളൊന്നും കിട്ടിയില്ല. എങ്കിലും കവുങ്ങില്‍ തന്നെ വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.
“ഇവിടെ പറമ്പിലുണ്ടായിരുന്നതും അയല്‍വീടുകളില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നുമൊക്കെ കവുങ്ങ് ശേഖരിച്ചു. മണ്ട പോയതും കേടായതുമൊക്കെയായ കവുങ്ങുകള്‍ കീറിയാണ് ഉപയോഗിച്ചത്. 97 കവുങ്ങുകള്‍ വീടിന്‍റെ നിര്‍മ്മാണത്തിന് വേണ്ടിവന്നു.
“കവുങ്ങ് സംസ്കരിച്ചെടുത്ത് ബലം കൂട്ടിയാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. കീറിയെടുത്ത കവുങ്ങിന്‍പാളികള്‍ ഉപയോഗിച്ചാണ് ഭിത്തിയും സീലിങ്ങുമെല്ലാം പണിതത്. അതിനു ശേഷം വയറിങ്ങും പ്ലംബിങ്ങ് പണികളുമൊക്കെ ചെയ്തു. പിന്നീടാണ് ആ കവുങ്ങു ചുമരില്‍ ഫെറോ സിമന്‍റ് നിറയ്ക്കുന്നത്,” ജോര്‍ജ്ജ് വിശദമാക്കുന്നു.
ഇരുനില വീടാണിത്. പക്ഷേ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. പകരം പഴയവീടുകളിലൊക്കെ ഉണ്ടായിരുന്നതുപോലുള്ള തടികൊണ്ടുള്ള മച്ച് ഉണ്ടാക്കി. പ്ലാവിന്‍റെ പലകയാണ് ഇതിന് ഉപയോഗിച്ചത്.
“200 കിലോ കമ്പി പോലും ഉപയോഗിച്ചിട്ടില്ല. സാധാരണ ഇത്രയും വലിപ്പമുള്ള ഒരു വീട് നിര്‍മ്മിക്കുകയാണെങ്കില്‍ 3 ടണ്ണിന് മുകളില്‍ കമ്പി വേണ്ടി വരുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
വീടിന്‍റെ ഡിസൈന്‍ ജോര്‍ജ്ജിന്‍റേതുതന്നെ. വെറും അരമണിക്കൂറിനുള്ളിലാണ് പ്ലാന്‍ തയ്യാറാക്കിയതെന്ന് അദ്ദേഹം.
“കുറേക്കാലമായി മനസില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതാണല്ലോ മുളവീട്. ഡിസൈനെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നു. നാളുകളായി മനസിലുണ്ടായിരുന്ന ഡിസൈന്‍ കംപ്യൂട്ടറില്‍ പകര്‍ത്തിയാല്‍ മതിയായിരുന്നു,” അദ്ദേഹം വ്യക്തമാക്കുന്നു.
ഏതാണ് രണ്ട് വര്‍ഷം പിടിച്ചു, വീടുപണി പൂര്‍ത്തിയാവാന്‍. വീടിന്‍റെ നിര്‍മാണത്തിനിടയില്‍ വേറെ ചില പ്രൊജക്റ്റുകളും ചെയ്തിരുന്നു. അതുകൊണ്ടാണ് വീടിന്‍റെ നിര്‍മ്മാണം നീണ്ടുപോയതെന്ന് ജോര്‍ജ്ജ്.
“ഏറിവന്നാല്‍ എട്ട് മാസം… അത്രയും മതി ഇതുപോലൊരു വീട് നിര്‍മ്മിക്കുന്നതിന്. മഴ സീസണ്‍ ആണെങ്കില്‍ മാത്രം പണി കുറച്ചു വൈകും.” അല്ലെങ്കില്‍ വേഗത്തില്‍ വീട് പൂര്‍ത്തിയാക്കാമായിരുന്നുവെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
കവുങ്ങില്‍ സ്ട്രക്ചര്‍ തീര്‍ത്ത വീടിനെ മുള കൊണ്ടാണ് മുഗള്‍ ശൈലിയിലുള്ള ഈ വീട് സുന്ദരമാക്കിയിരിക്കുന്നത്.
“വീടിന്‍റെ ഡിസൈനിങ്ങ് മനസിലുണ്ടായിരുന്നതു പോലെ നിറത്തിന്‍റെ കാര്യവും ഉറപ്പിച്ചിരുന്നു.” ജോര്‍ജ് തുടരുന്നു. “വെള്ള ഇഷ്ടനിറമാണ്. ജനലുകള്‍ക്കും വെള്ളനിറമാണ് നല്‍കിയിരിക്കുന്നത്. പ്ലാവില്‍ നിര്‍മ്മിച്ചതാണ് വീടിനകത്തെ ഗോവണിയുടെ പടികള്‍. കൈവരിയും മരമാണ്.
“വീട്ടില്‍ തന്നെയുണ്ടായിരുന്ന ചവോക്ക് എന്ന മരമാണ് കൈവരിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഗോവണിയുടെ ഫ്രെയ്മിന് രണ്ടു വശങ്ങളിലേക്കും രണ്ട് ജിയോ പൈപ്പുകളും പ്രയോജനപ്പെടുത്തി.”
ഒരു കട്ടിലും ഡൈനിങ് ടേബിളുമൊഴികെ ഈ വീട്ടിലെ എല്ലാ ഫര്‍ണിച്ചറും മുള കൊണ്ട് നിര്‍മ്മിച്ചതാണ്. മുള കൊണ്ടുള്ള കട്ടില്‍, സെറ്റി, ചാരുകസേര, ടീപോയ് തുടങ്ങി ഈ മുള ഫര്‍ണിച്ചറുകളുടെ ഡിസൈനും ജോര്‍ജ്ജിന്‍റേതുതന്നെ.
“2,640 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടിന്‍റെ നിര്‍മ്മാണവും ഫര്‍ണിച്ചറുകളുമടക്കം 18.4 ലക്ഷം രൂപയേ ചെലവായുള്ളൂ. സ്ക്വയര്‍ഫീറ്റിന് ഏതാണ്ട് 700 രൂപ മാത്രം.”
ഡൈനിങ് ടേബിളും രണ്ട് കട്ടിലും ഒഴികെയുള്ള ഫര്‍ണിച്ചര്‍ അടക്കമാണ് ഈ ചെലവ് വന്നതെന്നും വീട്ടുടമസ്ഥന്‍.
വയനാട്ടില്‍ മാത്രമല്ല പാലക്കാടും തിരുവനന്തപുരത്തും കര്‍ണാടകയിലുമൊക്കെ ജോര്‍ജ് മുള കൊണ്ടുള്ള വീടുകളും കെട്ടിടങ്ങളും റിസോര്‍ട്ടുകളുമൊക്കെ നിര്‍മ്മിച്ചിട്ടുണ്ട്.
“മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീടിന്‍റെ ചെറിയൊരു ഭാഗം മുളയില്‍ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടി മുള കൊണ്ടുള്ള പെറ്റ് ഹൗസും ജോര്‍ജ്ജ് പണിതുനല്‍കി.
“കുടക്, മടിക്കേരി, വിരാജ് പേട്ട ഇവിടങ്ങളിലൊക്കെ റിസോര്‍ട്ടുകള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. പൂര്‍ണമായും മുളയിലാണ് ഇവയൊക്കെ നിര്‍മ്മിച്ചത്. 35-ഓളം വീടുകളും കെട്ടിടങ്ങളും മുളയിലും കവുങ്ങിലുമൊക്കെയായി നിര്‍മ്മിച്ചിട്ടുണ്ട്.
നിരവധി പേരാണ് ഈ വീട് കാണാന്‍ എത്തുന്നത്. ഇതുപോലൊരെണ്ണം നമുക്കും വേണം എന്ന് പറയുന്നവരും ധാരാളം.
ജോര്‍ജ്ജിന്‍റെ ഭാര്യ ഫീമ്നയും എന്‍ജിനീയറാണ്. ജിയോ ഷാരോണ്‍, ജിയോ ഷാലോം, ജിയോ ഷാനോന്‍ എന്നിവരാണ് മക്കള്‍.
ഇതുകൂടി വായിക്കാം:ഈ വനത്തിനുള്ളിൽ ആക്രി കൊണ്ട് 3,500 സ്ക്വയർ ഫീറ്റ് മരവീട്! കൊടുംവേനലിലും ഫാൻ വേണ്ട