200-ലധികം അപൂര്‍വ്വ സസ്യങ്ങള്‍, പച്ചക്കറികള്‍! കേരളമാകെ വിത്തെറിയുന്ന 75-കാരന്‍

ഓരോ പുതിയ ഇനം നടുമ്പോഴും ഗോപു കൊടുങ്ങല്ലൂര്‍ എല്ലാവരേയും അറിയിക്കും. വിത്തോ നടീല്‍ വസ്തുവോ ആര്‍ക്കു വേണമെങ്കിലും കൊടുക്കും.

രാവിലെ അഞ്ച് മണിക്ക് ഒരു ഔഷധച്ചായയിലാണ് ഗോപുച്ചേട്ടന്‍റെ ദിവസം തുടങ്ങുക.

വയസ്സ് 75 ആയെങ്കിലും ഊര്‍ജ്ജസ്വലന്‍. പറമ്പിലെ കാര്യങ്ങളെല്ലാം മിക്കവാറും ഒറ്റയ്ക്ക് തന്നെ നോക്കും. പറമ്പില്‍ മാത്രമല്ല, ടെറസിലുമുണ്ട് കൃഷി.

പച്ചക്കറികളും അപൂര്‍വ്വ സസ്യങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളുമൊക്കെയായി ഇരുന്നൂറിലേറെ സസ്യങ്ങളുണ്ട് ഒരേക്കര്‍ പറമ്പില്‍ പച്ച നിറച്ചുകൊണ്ട്. അതെല്ലാം നട്ടുനനച്ച് വളര്‍ത്തുന്നത് ഗോപു കൊടുങ്ങല്ലൂര്‍ എന്ന് അറിയപ്പെടുന്ന കെ ഗോപാലകൃഷ്ണന്‍ തന്നെ.

ഗോപു കൊടുങ്ങല്ലൂര്‍

”വീട്ടുകാര്‍ സഹായത്തിന് എപ്പോഴും തയ്യാറാണെങ്കിലും എല്ലാം തനിയെ ചെയ്താലേ എനിക്ക് സമധാനമാകൂ. ഞാന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അവരെ നനയ്ക്കാന്‍ ഏല്‍പ്പിക്കുക. തനിയെ ചെയ്യുന്നതിന്‍റെ സന്തോഷം വളരെ വലുതാണ്,” എന്ന് ഗോപുച്ചേട്ടന്‍. വല്ലപ്പോഴും മാത്രം ഒരാളെ പണിക്ക് വിളിക്കും, കള പറിച്ചുമാറ്റാന്‍ മാത്രം.

ഇത്തവണ 600 ചാക്കുകളിലാണ് കസ്തൂരി മഞ്ഞള്‍ നട്ടിരിക്കുന്നത്. നാല് ദിവസമെടുത്ത് ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തത്. പ്രായത്തിന്‍റേതായ ചില ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും തന്‍റെ ആരോഗ്യം ഇന്നും ഇത്ര ഉണര്‍ന്ന് നില്‍ക്കുന്നതിന്‍റെ കാരണവും കൃഷി തന്നെയാണെന്ന് അദ്ദേഹം പറയുന്നു.

നട്ടുവളര്‍ത്തുന്നതില്‍ മാത്രമല്ല, വിത്തുകളും നടീല്‍ വസ്തുക്കളും പരമാവധി പേരിലേക്കെത്തിക്കാന്‍ അദ്ദേഹം വീട്ടില്‍ തന്നെ വിത്തുബാങ്കും തുറന്നുവെയ്ക്കും.

രാവിലെ വീടിന്‍റെ ഗേറ്റ് തുറക്കുന്നതിനൊപ്പം തന്നെ വിത്ത് ബാങ്കും സജീവമാകും.

വിത്തുകളും തൈകളും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്ത് അപൂര്‍വ്വ സസ്യങ്ങളും ചെടികളും വ്യാപിപ്പിക്കാനുള്ള ശ്രമം ഇദ്ദേഹം നടത്തുന്നു

കേരളത്തിലെ കൃഷിപ്രേമികള്‍ക്കിടയില്‍ സുപരിചതനാണ് ഗോപു കൊടുങ്ങല്ലൂര്‍ എന്ന മുന്‍ ബി എസ് എന്‍ എല്‍ ജീവനക്കാരന്‍.

തന്‍റെ കൈവശമുള്ള എല്ലാ വിത്തുകളും കൃഷി ചെയ്യാന്‍ കഴിയാത്തതാണ് ഏറ്റവും വലിയ സങ്കടം എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് അവയെല്ലാം സൂക്ഷിച്ചു വെച്ച് ഫേസ്ബുക്കിലൂടെയും അല്ലാതെയും ആവശ്യമറിയിക്കുന്നവര്‍ക്ക് അയച്ച് കൊടുക്കും. ഓരോ ഇനത്തിന്‍റെയും പേര് എഴുതിയാണ് അയച്ച് കൊടുക്കുക. അവയുടെ നടീലും പരിപാലനവുമെല്ലാം പറഞ്ഞ് കൊടുക്കും.

ഇതെല്ലാം രാത്രിയാണ് ചെയ്യാറ്. എന്നിട്ട് പിറ്റേന്ന് ഉച്ചയോടെ വൃത്തിയായി പാക്ക് ചെയ്ത ശേഷം പോസ്റ്റ് ചെയ്യും. രാത്രി ഏഴ് മണിക്ക് ശേഷം കാര്‍ഷിക സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുളള സമയമാണ്.


കൃഷിയറിവുകളുടെ വലിയൊരു ഖനിയാണ് ഗോപുച്ചേട്ടന്‍.


ബി.എസ്.എന്‍.എല്‍-ല്‍ നിന്നും വിരമിച്ച ശേഷമാണ് കൃഷിയെ അദ്ദേഹം ഗൗരവമായി എടുക്കുന്നത്. കാലാവധിയ്ക്കും രണ്ട് വര്‍ഷം മുന്‍പ് തന്നെ വോളന്ററി റിട്ടയര്‍മെന്‍റ് എടുത്തു. അതിന് ശേഷം ചില സംരംഭങ്ങളോട് സഹകരിച്ചിരുന്ന അദ്ദേഹം അവയോടെല്ലാം ഗുഡ്ബൈ പറഞ്ഞാണ് കൃഷിയിലേയ്ക്ക് ഇറങ്ങിയത്.

ഔഷധ ചെടികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലെ വ്യത്യസ്ത ഇനങ്ങളാണ് അദ്ദേഹത്തിന്‍റെ തോട്ടത്തിലുള്ളത്. മധുര തുളസി, സോമലത, ആകാശ വെള്ളരി, സുമോ കപ്പ, സുമോ കൂര്‍ക്ക, മര മുരിങ്ങ തുടങ്ങി പച്ചക്കറികളും കിഴങ്ങുകളും. ഓടപ്പഴം, കുറുക്കന്‍ പഴം, മുള്ളാത്ത തുടങ്ങിയ പഴങ്ങള്‍. ചതുരമുല്ല, ചുവന്ന കറ്റാര്‍ വാഴ, നെയ്കുമ്പളം, ആന വള്ളി…അങ്ങനെ കേട്ടുമറന്നതും പരിചതവുമല്ലാത്ത നിരവധിയിനങ്ങള്‍. എല്ലാം, അദ്ദേഹത്തിന്‍റെ സ്‌നേഹലാളനങ്ങളേറ്റ് വളരുന്നു.

സുമോ കപ്പത്തോട്ടത്തില്‍

ചാണകപ്പൊടിയും പറമ്പിലെ കളകളും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. ഇതാണോ വളമെന്ന് കൃഷിയിടത്തില്‍ എത്തുന്നവര്‍ക്കെല്ലാം അത്ഭുതം. ”മണ്ണിനെ വേണ്ട വിധം പരിപാലിച്ച് വിളകള്‍ക്ക് ചെറിയ വളവും വെളളവും നല്‍കിയാല്‍ അവ നാം പ്രതീക്ഷിച്ചതില്‍ ഏറെ തിരിച്ച് നല്‍കും,” എന്നാണ് അദ്ദേഹത്തിന്‍റെ ഉത്തരം.

ഓരോ വിത്തും ചെടിയും ശേഖരിക്കാന്‍ എത്ര ദൂരവും സഞ്ചരിക്കുവാന്‍ ഗോപുച്ചേട്ടന് യാതൊരു മടിയുമില്ല. സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകളിലും തമിഴ്നാട്ടിലെ സുഹൃത്വലയങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.


അപൂര്‍വ ഇനം പച്ചക്കറികളുടെയോ ഔഷധ സസ്യങ്ങളുടെയോ വിവരം അറിഞ്ഞാല്‍ നേരെ അങ്ങോട്ട് വെച്ചു പിടിക്കും.


എത്ര വിലയേറിയതാണെങ്കിലും അത് സ്വന്തമാക്കാതെ അദ്ദേഹത്തിന് സമാധാനമാകില്ല.

അങ്ങനെയാണ് ചുവന്ന കറ്റാര്‍ വാഴയും സോമലതയും സുമോ കപ്പയും സുമോ കൂര്‍ക്കയും സ്വന്തമാക്കിയത്. ഈയിടെ പത്ര പരസ്യം കണ്ട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വാങ്ങിയ പീച്ചിങ്ങയാണ് തോട്ടത്തിലെത്തിയ ഏറ്റവും പുതിയ അതിഥികളിലൊന്ന്. 55 ദിവസം കൊണ്ട് 22 കായ വരെ ഉണ്ടാകുന്ന ഈ പീച്ചിങ്ങയ്ക്ക് 44.8 സെന്റി മീറ്റര്‍ നീളം വെക്കുമത്രേ.

ഇലക്ട്രിക് പോസ്റ്റിനോളം ഉയരം വെക്കുന്ന, ഒരു ചുവടില്‍ നിന്നും 100 കിലോയോളം കിഴങ്ങ് ലഭിക്കുന്ന സുമോ കപ്പ സന്ദര്‍ശകരുടെ ശ്രദ്ധാ കേന്ദ്രമാണ്.

ഗോപുച്ചേട്ടന്‍റെ വീട്ടിലുണ്ടായ ചെറിയ തക്കാളി

”ഓരോ ദിവസവും ചുരുങ്ങിയത് ആറ്-ഏഴ് പേരെങ്കിലും കൃഷിയും കാണാനും കാര്‍ഷിക സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാനുമെല്ലാം വരും. വരുന്നവര്‍ ആവശ്യമായവയുടെ വിത്തും തണ്ടുകളും തൈകളും കൊണ്ടു പോകുകയും ചെയ്യും. വരുന്നവര്‍ക്ക് അപൂര്‍വ ഇനങ്ങള്‍ കൊടുത്ത് വിടുന്നതാണ് എനിക്ക് സന്തോഷം.

“എന്‍റെ പറമ്പില്‍ മാത്രമായി ഒതുങ്ങാതെ അവയെല്ലാം എല്ലാ വീടുകളിലേക്കും എത്തണം. എല്ലാം സൗജന്യമായി അല്ല കൊടുക്കുന്നത്. ഒരു രൂപ മുതല്‍ ഓരോ ഇനങ്ങള്‍ക്കും നിശ്ചിത വില വരെ ഈടാക്കുന്നുണ്ട്. വെറുതെ കൊടുത്താല്‍ സൗജന്യമല്ലേ എന്ന ചിന്തയില്‍ ആളുകള്‍ അവയ്ക്ക് ആവശ്യമായ വില നല്‍കിയെന്ന് വരില്ല,” ഗോപു കൊടുങ്ങല്ലൂര്‍ പറയുന്നു.

കുട്ടിയായിരുന്നപ്പോള്‍ മുതല്‍ വീട്ടിലെ ആവശ്യത്തിനുളള പച്ചക്കറികള്‍ വീട്ടില്‍ കൃഷി ചെയ്തിരുന്നു. പശുക്കളെയും വളര്‍ത്തിയിരുന്നു. 2000 മുതല്‍ തന്നെ അദ്ദേഹം ഔഷധ സസ്യങ്ങള്‍ക്കും പറമ്പില്‍ ഇടം നല്‍കിയിരുന്നു. എന്നാലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് ഔഷധ സസ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങുന്നത്.

അടതാപ്പ്, നിത്യ വഴുതന, ആകാശ വെളളരി, സോമലത, തുളസികള്‍, ചുവന്ന കറ്റാര്‍ വാഴ, ഓടപ്പഴം, കേശവര്‍ധിനി, കമണ്ഡലു, ബിരിയാണി കൈത തുടങ്ങിയവയാണ് അദ്ദേഹം ഏറ്റവും അധികം സന്ദര്‍ശകര്‍ക്ക് നല്‍കിയിട്ടുളളത്.

”ഫേസ്ബുക്കിലൂടെ ലഭിച്ച പ്രോത്സാഹനമാണ് കൃഷി കൂടുതല്‍ സജീവവും വിപുലവും ആക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നത്. 2010-ല്‍ കൃഷി ആരംഭിക്കുന്നത് വളരെ ചെറിയ രീതിയില്‍ ആയിരുന്നു. പതിനാറര സെന്റി മീറ്റര്‍ നീളമുളള ആനക്കൊമ്പന്‍ വെണ്ടയ്ക്ക് ലഭിച്ച അംഗീകാരത്തെ കുറിച്ച് അറിഞ്ഞപ്പോഴാണ് എന്‍റെ ആനക്കൊമ്പന് 21 സെന്‍റി മീറ്ററിലധികം നീളമുളളത് ശ്രദ്ധിക്കുന്നത്. ഇക്കാര്യം ഒരു പൊതു ചടങ്ങില്‍ പങ്കുവെച്ചതോടെ ഇത് വാര്‍ത്തയായി.

“എം.എല്‍.എയും പത്രക്കാരും നാട്ടുകാരും കേട്ടറിഞ്ഞവരുമെല്ലാം ആനക്കൊമ്പന്‍ കാണാനെത്തി. അതെനിക്ക് വലിയ പ്രോത്സാഹനമായി. കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. വീടിന്‍റെ മുറ്റത്തും ടെറസിലുമായി ചെറിയ രീതിയില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി ക്രമേണ വിപുലീകരിച്ചു. വീട്ടുമുറ്റത്തും പറമ്പിലുമായി ഒരേക്കറിലും മൂന്ന് നില വീടിന്‍റെ മട്ടപ്പാവുകളിലേക്കും കൃഷി നീണ്ടു,” അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ അദ്ദേഹത്തോട് പരിചയക്കാര്‍ പറഞ്ഞെങ്കിലും അന്ന് അതിനെ കുറിച്ച് വലിയ അറിവ് ഉണ്ടായിരുന്നില്ല. കൊച്ചു മക്കളുടെ സഹായത്തോടെ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി കാര്‍ഷിക അറിവുകളും പുതിയ കാര്‍ഷിക ഇനങ്ങളും കൃഷി രീതികളുമെല്ലാം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ആദ്യ വര്‍ഷം തന്നെ സൗഹൃദവലയം 5,000 കടന്നു. സുഹൃത്തുക്കളേക്കാല്‍ ഏറെ ഫോളോവേഴ്സുമുണ്ട്. ഫേസ്ബുക്കിലൂടെ വിത്തിനും തണ്ടിനുമെല്ലാം ആവശ്യക്കാരുമെത്തി.

”നമ്മുടെ മുറ്റത്തും നടവഴികളിലും എല്ലാം കണ്ടിരുന്ന ഭൂരിഭാഗം സസ്യങ്ങളും ഏറെ ഔഷധ ഗുണമുളളവ ആയിരുന്നു. എന്നാല്‍ ഇന്ന് അവയില്‍ നല്ലൊരു ഭാഗവും കാണാതെയായി. അങ്ങനെയാണ് അവ തിരികെ എത്തിക്കണം എന്ന ലക്ഷ്യത്തോടെ ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ചത്. ഇന്റര്‍നെറ്റില്‍ നിന്നല്ല, പുസ്‌കങ്ങളിലൂടെയാണ് ഞാനവയെ കുറിച്ച് മനസ്സിലാക്കിയത്. എല്ലാം പുസ്തകങ്ങളിലൂടെ അറിയാനാണ് ഏറെ താല്‍പ്പര്യം. അങ്ങനെ വായിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ഓര്‍ത്തിരിക്കുകയും ചെയ്യും,” അദ്ദേഹം പറയുന്നു.

കഴിഞ്ഞ 12 വര്‍ഷം കൊണ്ട് വംശനാശം സംഭവിച്ച് കൊണ്ടിരുന്ന ഇരുന്നൂറിലേറെ ഔഷധ സസ്യങ്ങളെ അദ്ദേഹം സംരക്ഷിച്ചു. പല ഇടത്തും ലഭിക്കാത്ത ഔഷധങ്ങള്‍ തേടി പലരും ഗോപുച്ചേട്ടന്‍റെ അടുത്തെത്തുന്നത് പതിവാണ്. ഈ കൃഷിയിടത്തില്‍ വെച്ച് ആയുര്‍വേദ ഡോക്ടര്‍മാരുടെ സമ്മേളനങ്ങളും നടക്കാറുണ്ട്. അവര്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ പല ഔഷധങ്ങളും ആ പറമ്പില്‍ കണ്ടെത്തി. അവരിലൂടെ പല ഔഷധ സസ്യങ്ങളെക്കുറിച്ച് അദ്ദേഹവും മനസ്സിലാക്കി. പല സസ്യങ്ങളുടെ പേര് അദ്ദേഹം മറന്ന് പോയിരുന്നു. അതെല്ലാം ഡോക്ടര്‍മാരും വൈദ്യന്മാരും വരുമ്പോള്‍ ചോദിച്ചറിഞ്ഞ് മരങ്ങളുടെയും ചെടികളുടെയും ചുവട്ടില്‍ ബോര്‍ഡ് വെച്ച്കുറിച്ച് വെക്കും.

കസ്തൂരി മഞ്ഞളാണ് എന്ന് പറഞ്ഞ് മഞ്ഞക്കൂവ നല്‍കി പലരും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. അതിനെ കുറിച്ചും ഗോപു കൊടുങ്ങല്ലൂര്‍ സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ക്ക് വിവരം നല്‍കി. ഇങ്ങനെ ആളുകളുടെ ഇടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു.

ഓരോ പ്രത്യേക ഇനവും നടുമ്പോള്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിക്കും. അവയുടെ വിത്തും തൈയ്യും കമ്പുമെല്ലാം എന്നത്തേക്ക് പാകമാകുമെന്ന് ഉടന്‍ തന്നെ ചോദ്യങ്ങള്‍ എത്തും. അവയ്ക്കെല്ലാം കൃത്യമായി മറുപടിയും നല്‍കും.

ഗോപുച്ചേട്ടന്‍ സുമോ കപ്പത്തോട്ടത്തില്‍

നൂറ് കണക്കിന് ആളുകളാണ് ഓരോ ഇനവും അന്വേഷിച്ച് ദിവസവും മെസേജ് അയയ്ക്കുന്നത്. പണ്ട് ഏറെ ഉപയോഗിച്ചിരുന്ന അടതാപ്പ്, വളളിച്ചീര, കുറുക്കന്‍ പഴം, ആഫ്രിക്കന്‍ മല്ലി, മധുര തുളസി എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും യൂട്യൂബ് വീഡിയോസിലൂടെയും അടുത്തറിഞ്ഞതോടെ നിരവധി ആളുകള്‍ അവ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. മുപ്പതോളം ഇനം തുളസികളാണ് അദ്ദേഹത്തിന്‍റെ കൈവശമുളളത്. മധുര തുളസി സ്ഥിരമായി വില്‍പ്പന നടത്തുന്ന കേരളത്തിലെ പ്രധാനിയും ഈ കൊടുങ്ങല്ലൂര്‍ക്കാരന്‍ തന്നെ.

കാര്‍ഷിക അറിവുകള്‍ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ മൂന്ന് യുട്യൂബ് ചാനലുകളും ഗോപു കൊടുങ്ങല്ലൂരിനെ തേടിയെത്തി. ജിബ്രാസ് ഓണ്‍ലൈന്‍, ആഗ്രോലാന്‍ഡ്, എ ടു ഇസഡ് മലയാളം ചാനല്‍ എന്നി മൂന്ന് ചാനലുകളും വളരെ വേഗം തന്നെ ഹിറ്റാവുകയും ചെയ്തു. മുരിങ്ങയ്ക്ക് വെളളം ഒഴിക്കരുത്, വേപ്പില പറിക്കരുത് തുടങ്ങിയ വീഡിയോകളാണ് വളരെ വേഗം ശ്രദ്ധേയമായത്. ഇതുവരെ നൂറോളം വീഡിയകളും മൂന്ന് ചാനലുകളിലായി ചെയ്തിട്ടിട്ടുണ്ട് അദ്ദേഹം. ‘ഉരുളയ്ക്ക് ഉപ്പേരി’ എന്ന പുസ്തകവും എഴുതി.

സ്‌കൂളുകളിലും കോളേജുകളിലും ജയിലുകളിലും ഉള്‍പ്പടെ നിരവധി ഇടങ്ങളില്‍ കാര്‍ഷിക ക്ലാസ്സുകള്‍ എടുക്കാനും ഗോപുച്ചേട്ടന്‍ പോകാറുണ്ട്. ഇത് കൂടാതെ ദുബായ് ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളിലും കാര്‍ഷിക ക്ലാസ്സുകള്‍ എടുക്കുന്നതിന് പോയിട്ടുണ്ട്. മാസത്തില്‍ ഒന്നിലേറെ പ്രാവശ്യം സ്വയം ഡ്രൈവ് ചെയ്ത് വിത്തുകളും തൈകളും ശേഖരിക്കാനും നല്‍കാനുമെല്ലാമായി യാത്ര ചെയ്യാറുമുണ്ട്. ഇപ്പോള്‍ കൊറോണക്കാലമായതോടെ യാത്രകള്‍ക്കെല്ലാം അവധി നല്‍കി വീട്ടില്‍ ഇരിക്കുകയാണ് അദ്ദേഹം.

കൂടുതല്‍ അറിയാന്‍ ഗോപുച്ചേട്ടന്‍റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം.  ഫോണ്‍ നമ്പര്‍: 9447236890


ഇതുകൂടി വായിക്കാം: മുന്‍പ് പത്രവിതരണക്കാരന്‍, ഇന്ന് സ്വന്തം പേരിലും മകളുടെ പേരിലും സസ്യങ്ങളുള്ള ഗവേഷകന്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം