കുട്ടയും വട്ടിയും മാത്രം നെയ്തിരുന്നവര്‍ ഇന്ന് മുളകൊണ്ട് കെട്ടിടങ്ങളും പാലങ്ങളും പണിയുന്നു: മുളയുടെ സൗന്ദര്യവുമായി ലോകവേദികളിലെത്തിയ ഉറവിന്‍റെ വിശേഷങ്ങള്‍

1996-ല്‍ തുടങ്ങുമ്പോള്‍ എട്ട് കുടുംബങ്ങളാണ് ഉറവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് നൂറോളം കുടുംബങ്ങള്‍…കുട്ടയും വട്ടിയും മുറവും മാത്രം നെയ്തിരുന്നവര്‍ ഇപ്പോള്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ കണ്ടാല്‍ ആരും അല്‍ഭുതപ്പെടും. മുളയിലൂടെ ഒരു ഗ്രാമം അതിജീവിക്കുന്നു.

കേ രളത്തില്‍ ഒരു മുള ഗ്രാമമുണ്ട്. പച്ചപ്പിന്‍റെ നിറസൗന്ദര്യവുമായി നില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍. മുളയില്‍ തീര്‍ത്ത കേട്ടേജുകള്‍…അവിടെയിരുന്ന് പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം.

ഹരിതസ്വര്‍ണ്ണം കൊണ്ടു തീര്‍ത്ത കട്ടിലും മേശകളും കസേരകളും മുളപ്പാത്രങ്ങളും, ലാംപ് ഷേയ്ഡുകള്‍…മുള ചീന്തിയെടുത്തുണ്ടാക്കിയ മാലയും വളയും കമ്മലും.  മുളയില്‍ തീര്‍ത്ത പൂപ്പാത്രങ്ങള്‍, മുളയിലെ ചിത്രംവരകള്‍, അല്‍ഭുതപ്പെടുത്തുന്ന ശില്‍പങ്ങള്‍…  ഇവിടെ തൊടുന്നതെല്ലാം മുളയാണ്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

വയനാട്ടിലെ തൃക്കൈപ്പറ്റ എന്ന കൊച്ചുഗ്രാമത്തിലാണ് മുളയുടെ ഈ അല്‍ഭുതക്കാഴ്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഒരു ചെറിയ കൂട്ടം സ്ത്രീത്തൊഴിലാളികള്‍ക്ക് മുളയുല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കിക്കൊണ്ടാണ് ആ ഗ്രാമത്തില്‍ പതിയെ മാറ്റം വരുന്നത്, വര്‍ഷങ്ങള്‍ക്കുമുമ്പ്. ഇന്നത് ലോകമറിയുന്ന പരിസ്ഥിതിസൗഹൃദ ഉല്‍പന്ന നിര്‍മ്മാണ കേന്ദ്രമായി മാറിയിരിക്കുന്നു… ഉറവ് നാടന്‍ ശാസ്ത്രസാങ്കേതിക പഠന കേന്ദ്രത്തിലേക്ക്.

ഈറ്റ കൊണ്ട് മേഞ്ഞ ഒരു കൊച്ചു കാവാടം. ഇരുവശങ്ങളിലും പച്ചപ്പ് നിറഞ്ഞ വഴിയിലൂടെ മുളയുടെ വലിയ ലോകത്തിലേക്ക് നടന്നുചെല്ലാം.

1996-ല്‍ ഒരു കൂട്ടമാളുകള്‍ ചേര്‍ന്നാണ് ഇതാരംഭിക്കുന്നത്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.

നൂറിലധികം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും നല്ല വരുമാനം ഉറപ്പാക്കിക്കൊണ്ട് ഉറവ് രണ്ട് പതിറ്റാണ്ടായി യാത്ര തുടരുകയാണ്.

ഒരു നാടിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെടുത്ത ഉറവിനെക്കുറിച്ച് സ്ഥാപകരിലൊരാളായ ടി. ശിവരാജന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടുങ്ങുന്നു.

“1996-ലെ പരിസ്ഥിതി ദിനത്തിലാണ് ഉറവ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിക്കുന്നത്. പാരമ്പര്യതൊഴിലുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാളുകളാണത്. അത്തരം ഉത്പന്നങ്ങള്‍ക്ക് വിപണി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പകരം പ്ലാസ്റ്റിക് വസ്തുക്കള്‍ ഇടം കണ്ടെത്തി. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഉറവ് ആരംഭിക്കുന്നത്.

“പരിസ്ഥിതിയോട് താത്പ്പര്യമുള്ളവര്‍ ചേര്‍ന്നാണിത് ആരംഭിക്കുന്നത്. പരമ്പരാഗത തൊഴില്‍ മേഖലകളായ മുള, നെയ്ത്ത്, മണ്‍പണി, മൂശാരി, ആശാരി, ഗോത്രവിഭാഗങ്ങളെയൊക്കെ അവഗണിക്കാതെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് കൊണ്ടുവരണമെന്ന ചിന്തകളായിരുന്നു ഉറവിന് പിന്നില്‍,” അദ്ദേഹം വിശദമാക്കുന്നു.


കൊല്ലപ്പണി, കൈത്തറി, മണ്ണ്, ഈ പരമ്പരാഗത തൊഴില്‍ മേഖലകളുടെ അതിജീവനമായിരുന്നു ഉറവിന്‍റെ ലക്ഷ്യം.


വയനാടിന്‍റെ കാലാവസ്ഥയില്‍ മുളയ്ക്ക് വലിയ ഇടമുണ്ട്. അതുകൊണ്ടു തന്നെയാണ് ഉറവില്‍ മുളയ്ക്ക് പ്രാധാന്യം നല്‍കിയത് എന്ന് ഉറവിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നു.

“മുളയ്ക്കുള്ള സാധ്യതകള്‍ വയനാട്ടിലാണെന്നു മനസിലാക്കിയതു കൊണ്ടാണ് ഞങ്ങള്‍ ഇവിടെ ആരംഭിക്കുന്നത്. മാത്രമല്ല മുള വലിയൊരു മേഖലയായതു കൊണ്ടു മറ്റു മേഖലകളിലേക്ക് പോകാനും സാധിച്ചില്ല,” ശിവരാജന്‍ തുടരുന്നു.

“മുളയെ ഉപയോഗപ്പെടുത്തി ജീവിക്കുന്ന നാല്‍പ്പതിനായിരം പേരില്‍ ഒരു പതിനായിരം പേര്‍ക്ക് മാത്രമേ സര്‍ക്കാരിന്‍റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുള്ളൂവെന്നു തിരിച്ചറിഞ്ഞു. അങ്ങനെ മുള ഉത്പന്നങ്ങളുണ്ടാക്കുന്നവര്‍ക്ക് പരിശീലനം കൊടുക്കണമെന്നു ഉറവ് തീരുമാനിച്ചു.”

കൂടകള്‍, കുട്ടകള്‍, മുറം, പായ അങ്ങനെയുള്ള ചില ഉല്‍പന്നങ്ങള്‍ മാത്രമേ പരമ്പരാഗത തൊഴിലാളിലാളികള്‍ ഉണ്ടാക്കിയിരുന്നുള്ളൂ. ഇവിടെയാണ് ഉറവ് ശരിക്കുള്ള മാറ്റം കൊണ്ടുവന്നത്. പുതിയകാലത്തിന്‍റെ ആവശ്യങ്ങളും ഇഷ്ടങ്ങളും കണ്ടറിഞ്ഞ് അതിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവന്നു. ഒപ്പം,

“വ്യത്യസ്തമായി മുള ഉത്പന്നങ്ങളുണ്ടാക്കണമെന്നു കരുതി വയനാട്ടിലെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചു. വരുമാനം ഇല്ലാതെ വീട്ടിലിരുന്ന സ്ത്രീകള്‍ക്കാണ് മുള ഉത്പന്നങ്ങളുണ്ടാക്കാന്‍ പരിശീലനം കൊടുക്കുന്നത്,” ശിവരാജന്‍ പറഞ്ഞു.

ഉറവിലെ കരകൗശല നിര്‍മാതാക്കള്‍

തുടക്കത്തില്‍ പരിശീലനം നേടിയ സ്ത്രീകള്‍ക്ക് കിട്ടിയ വരുമാനം വളരെ കുറവായിരുന്നു. എങ്കിലും ഒരു വരുമാനവുമില്ലാതെ ഇരിക്കുന്നതിലും നല്ലതല്ലേ എന്ന ചിന്തയില്‍ അവര്‍ തുടര്‍ന്നു.

പുതിയ തൊഴിലാളികള്‍, പുതിയ ഉല്‍പന്നങ്ങള്‍… വിപണി കണ്ടെത്തുക തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. പതുക്കെയാണെങ്കിലും ഉറവിന്‍റെ ഉല്‍പന്നങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ചില കേന്ദ്രപദ്ധതികളുമായി ഉറവിന് സഹകരിക്കാനും സാധിച്ചു. ഒപ്പം മുളയുടെ രംഗത്ത് പ്രഗല്‍ഭരായ ചില പരിശീലകരുടെ സഹായവും ഉറവിനും അവിടെയുള്ള തൊഴിലാളികള്‍ക്കും ലഭിച്ചു.


ഇതുകൂടി വായിക്കാം: ബി എയും എം എയും റാങ്കോടെ പാസായി, എല്‍ എല്‍ ബി, ഡോക്ടറേറ്റ്; പക്ഷേ, 7-ാം ക്ലാസ്സില്‍ വാറ്റുചാരായത്തില്‍ തുടങ്ങിയ കുടിയില്‍ എല്ലാം മുങ്ങി. തിരിച്ചുകയറിയത് ആയിരങ്ങളെ മദ്യാസക്തിയില്‍ നിന്ന് രക്ഷിക്കാന്‍


“പരിശീലനം നല്‍കുന്നതിന് കേരളത്തിന് പുറത്തുനിന്നുള്ളവരും ഉറവില്‍ വന്നിരുന്നു,” ഉറവിന്‍റെ ഫൗണ്ടര്‍മാരിലൊരാളായ സി ഡി സുനീഷ് പറഞ്ഞു.

“സ്ഥാപക മെമ്പര്‍മാരില്‍ എന്നെ കൂടാതെ തൃശൂര്‍കാരന്‍ ദിരാര്‍, ആന്‍റണി സി.പി, കോഴിക്കോട്ടുകാരായ ടി. ശിവരാജനും ഗിരിജയും വയനാട്ടില്‍ നിന്നുള്ള ശ്രീലതയുമുണ്ട്… പിന്നിട് അതിനൊപ്പം ബാബുരാജ്, ഡോ.അബ്ദുള്ളക്കുട്ടി എ.കെ, സുരേന്ദ്രന്‍, ടോണി പോള്‍ ഇങ്ങനെ ചിലരൊക്കെ കൂടെ ചേര്‍ന്നു,” അദ്ദേഹം തുടര്‍ന്നു.

ഉറവിന്‍റെ ഉദ്ഘാടനച്ചിത്രം

ഉറവില്‍ 90 ശതമാനവും സ്ത്രീ ജീവനക്കാരാണ്.  അയല്‍ക്കൂട്ടങ്ങളിലുള്ളവരാണ് ജീവനക്കാരിലേറെയും. പലരും വീടുകളില്‍ തന്നെയാണ് ഈ ഉത്പന്നങ്ങളുണ്ടാക്കുന്നത്.


80 രൂപ മുതല്‍ ആറായിരം രൂപ വരെയുള്ള ഉത്പന്നങ്ങള്‍ ഇവിടെയുണ്ട്.


പരിസ്ഥിതി സൗഹൃദമായ വസ്തുക്കളിലൂടെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നൊരു ലക്ഷ്യം കൂടിയുണ്ടിതിന്.

ബാംബൂ പേന മുതല്‍ ബാംബൂ ഫര്‍ണിച്ചര്‍ വരെ ഉറവിലുണ്ടാക്കുന്നുണ്ട്.

“മുള ഉത്പന്നങ്ങളുണ്ടാക്കുന്നതു പഠിപ്പിക്കാന്‍ ആന്ധ്രപ്രദേശില്‍ നിന്നൊരാളെയാണ് കൊണ്ടുവന്നത്. ഭീം റാവു ചാപ്ലേ.. ഇദ്ദേഹമാണ് ഉറവിന്‍റെ ആദ്യത്തെ ക്രാഫ്റ്റ്സ്മാന്‍. പലതരം മുള ഉത്പന്നങ്ങളാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഇവിടുള്ളവരെ പഠിപ്പിച്ചത്,” പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് മുളയുല്‍പന്നങ്ങള്‍ രൂപപ്പെടുത്തിയതിനെക്കുറിച്ച് സുനീഷ് പറയുന്നു.

“അദ്ദേഹം ഉറവിലൊരു പതിനഞ്ച് വര്‍ഷക്കാലമുണ്ടായിരുന്നു. കുടുംബത്തിനൊപ്പം ഇവിടെ താമസിച്ചാണ് അദ്ദേഹം ഇവിടെയുള്ളവരെ പഠിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ശിഷ്യരാണ് ഇവിടെയുള്ള ടീച്ചര്‍മാരും ക്രാഫ്റ്റ്സ്മാന്‍മാരുമൊക്കെ.

“ബാംബൂ ആര്‍ക്കിടെക്റ്റ് എന്നറിയപ്പെടുന്ന വിനു കാലേയുടെ ശിഷ്യനായിരുന്നു ഭീം റാവു. മുളയുടെ പ്രചരണത്തിന് വേണ്ടി ഏറെക്കാലം പ്രവര്‍ത്തിച്ചയാളായിരുന്നു വിനു. അദ്ദേഹവും ഇവിടെ ഇടയ്ക്കിടെ വന്നിട്ടുണ്ട്. വിനു കാലേ ട്രെയ്നറല്ലായിരുന്നു, എങ്കിലും അദ്ദേഹം നമുക്ക് നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു.”

ഉറവിനെ ഐ ഐ ടിയിലൊക്കെയുള്ളവരുമായി ബന്ധിപ്പിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകളുമായി മുളയുല്‍പന്നങ്ങനെ ബന്ധിപ്പിക്കുന്നതിനുമൊക്കെ വിനു കാലേ ഉറവിനെ ഏറെ സഹായിച്ചു. ഉറവില്‍ ക്ലാസെടുക്കാന്‍ പല വിദഗ്ദരെയും അദ്ദേഹം നിര്‍ദ്ദേശിച്ചു. “ഒരു മോട്ടിവേറ്റര്‍ കൂടിയായിരുന്നു വിനു കാലേ. തുടക്കത്തില്‍ 20 പേര്‍ക്കാണ് ട്രെയ്നിങ് കൊടുത്തിരുന്നത്. ഭീം റാവുവാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇങ്ങനെ പരിശീലനം നേടിയവരാണ് പിന്നീട് ഉറവിലെ മറ്റു ട്രെയ്നിങ് ക്ലാസുകളൊക്കെ എടുത്തത്,” എന്ന് സുനീഷ്.

ഒരുപാട് പേര്‍ക്ക് പരിശീലനവും ജീവിതമാര്‍ഗ്ഗവും ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞെങ്കിലും ഉറവിന്‍റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലായിരുന്നില്ല.

“ലോണും സുഹൃത്തുക്കളുടെ സഹായവുമൊക്കെ കൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്,” ശിവരാജന്‍ ഓര്‍ക്കുന്നു.

“ഉറവിന് ഗ്രാന്‍റ് ഒന്നും ഇല്ലായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വലിയ ബാധ്യതകളൊക്കെയുണ്ടായി… പരിശീലന പദ്ധതികള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. അതിലൂടെ വരുമാനമൊന്നും കിട്ടിയിരുന്നില്ല. അങ്ങനെയാണ് ബാധ്യതകളുണ്ടാകുന്നത്.

“ഉത്പന്നങ്ങളുണ്ടാക്കുന്നവരെക്കാള്‍ കൂടുതല്‍ തുക ട്രെയ്നിങ്ങ് നല്‍കുന്നവര്‍ക്ക് നല്‍കേണ്ടി വന്നിട്ടുണ്ട്. 2010 ആകുമ്പോഴേക്കും ഏതാണ്ട് 40 ലക്ഷത്തിന്‍റെ കടമായി,” അദ്ദേഹം പറഞ്ഞു.

മുളയില്‍ തീര്‍ത്ത മാല

ഈ ബാധ്യതകളൊക്കെ പിന്നീട് ഉറവ് തരണം ചെയ്തു. ഇന്നിപ്പോ ഒമ്പത് മേഖലകളില്‍ ഉറവിന്‍റെ സാന്നിധ്യമുണ്ട്.

“മുള ഉത്പന്നങ്ങളൊക്കെ ഉറവില്‍ നിന്നു നേരിട്ട് വാങ്ങാം.” ഉറവില്‍ വില്‍പ്പന കേന്ദ്രമുണ്ട്. എല്ലാ വര്‍ഷവും ബാംബൂ എക്സ്ബിഷനുകളും സംഘടിപ്പിക്കാറുണ്ട്. സംസ്ഥാന ബാംബൂ മിഷന്‍റെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്,” സുനീഷ് പറഞ്ഞു.


ഇതുകൂടി വായിക്കാം: പ്രളയത്തില്‍ മുങ്ങിപ്പോയ അവര്‍ ദുപ്പട്ടയില്‍ പിടിച്ച് കരകയറുന്നു: കുര്യാപ്പിള്ളിയിലെ സ്ത്രീകളുടെ അതിജീവനകഥ


“കൊച്ചിയിലായിരിക്കും എക്സ്ബിഷന്‍. ഇതിലൂടെയും കുറേ മുള ഉത്പന്നങ്ങള്‍ വില്‍ക്കാറുണ്ട്. ഓരോ വര്‍ഷവും പല തീമുകളിലാണ് പ്രദര്‍ശനമൊരുക്കുന്നത്. കഴിഞ്ഞ തവണ മേളയുടെ തീം ഗ്രീന്‍ ഓഫീസ് ആയിരുന്നു. മുള കൊണ്ടുള്ള ഇരിപ്പിടങ്ങളും മേശയും ചുമരുമൊക്കെയായി എല്ലാം.. മുളയില്‍ തീര്‍ത്തവ. അതായിരുന്നു ഗ്രീന്‍ ഓഫീസ്.”

മുള കൊണ്ടുണ്ടാക്കിയ കളിപ്പാട്ടംമുന്നൂറിലേറെ ഉത്പന്നങ്ങള്‍ ഇപ്പോള്‍ ഉറവില്‍ ഉണ്ടാക്കുന്നുണ്ട്.

മുളയില്‍ തീര്‍ത്ത കമ്മലും മാലകളും പേനയും തുടങ്ങി ചെറിയ ഉത്പന്നങ്ങളും ബാംബൂ ഫര്‍ണിച്ചറുകള്‍ വരെ. മുളയുടെ വലിയൊരു നഴ്സറി തന്നെയുണ്ടിപ്പോള്‍ ഉറവില്‍.

തൃക്കൈപ്പറ്റയിലെ ബാംബൂ വില്ലെജില്‍ തന്നെയാണ് നഴ്സറിയും ക്രാഫ്റ്റ്സ് സെന്‍ററും ഇക്കോ ലിങ്ക്സുമൊക്കെ പ്രവര്‍ത്തിക്കുന്നത്. പണയത്തിനെടുത്തിരിക്കുന്ന രണ്ടര ഏക്കറിലാണ് ഇപ്പോള്‍ നഴ്സറിയുള്ളത്. ട്രെയ്നിങ്ങ് സെന്‍ററും പ്രൊഡക്ഷന്‍ സെന്‍ററും സ്വന്തം സ്ഥലത്താണ്. 35 സെന്‍റിലാണ് ഉറവ്  പ്രവര്‍ത്തിക്കുന്നത്.

ബാംബൂ വില്ലേജില്‍ തന്നെ മുളകൊണ്ടുമെനഞ്ഞ ഒരു കമ്മ്യൂണിറ്റി സെന്‍ററുമുണ്ട്…എല്ലാം നടന്നെത്താവുന്ന ദൂരത്തില്‍. ഉറവിലെത്തിയ സ്കൂള്‍ സംഘത്തിന്  ഡോ. അബ്ദുള്ളക്കുട്ടി മുള തൈ നല്‍കുന്നു.

നഴ്സറിയില്‍ അമ്പതിലേറെ തരം മുളകളുടെ തൈകളുണ്ടെന്നു ഡോ. അബ്ദുള്ളക്കുട്ടി പറഞ്ഞു. “പഴയൊരു കരിങ്കല്‍ ക്വാറിയുണ്ടായിരുന്ന സ്ഥലത്താണ് ആദ്യം നഴ്സറി തുടങ്ങുന്നത്.


കരിങ്കല്‍ ക്വാറി പരിസ്ഥിതിയ്ക്ക് ദോഷമാണല്ലോ. ആ ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ഉറവ് ഈ സ്ഥലം വാങ്ങി.


“പിന്നെ അവിടെ മുള നട്ടു തുടങ്ങി. സ്ഥലം വാങ്ങാനൊക്കെയായി ബാങ്കുകാരും സഹായിച്ചു. ലോണ്‍ തന്നു. ആ ബാങ്ക് ലോണൊക്കെ കുറേ വര്‍ഷത്തിന് ശേഷമാണ് അടച്ചു തീര്‍ക്കുന്നത്.”

ഉറവ് ആരംഭിച്ച് രണ്ടു വര്‍ഷത്തിന് ശേഷം, 1998-ലാണ് ബാംബൂ നഴ്സറി തുടങ്ങുന്നത്, ബാംബൂ പ്ലാന്‍റേഷന്‍ പ്രോമോട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ. പുഴ തീരങ്ങളിലും മറ്റും പഞ്ചായത്തുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചും ഉറവ് മുള നടാറുണ്ട്. കര്‍ഷകര്‍ക്കും മറ്റും മുളയുടെ തൈകള്‍ നല്‍കുന്നുണ്ട്.

“അഞ്ച് വര്‍ഷം കഴിഞ്ഞ് കര്‍ഷകരില്‍ നിന്ന് ആ  മുള തിരിച്ചു വാങ്ങി അവര്‍ക്കൊരു വരുമാനമാര്‍ഗവും കണ്ടെത്തി കൊടുക്കുന്നുണ്ട്. വിദേശ നാട്ടില്‍ നിന്നുള്ളവ ഉള്‍പ്പടെ അമ്പത് വെറൈറ്റി മുളയാണ് നഴ്സറിയില്‍ വളര്‍ത്തുന്നത്. ആവശ്യക്കാര്‍ ഉറവിലെ നഴ്സറിയിലെത്തി വാങ്ങുകയാണ് പതിവ്. ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് മുള തൈകള്‍ കൊടുക്കുന്നുണ്ട്. അയ്യായ്യിരം വരെയൊക്കെ മുളംതൈകള്‍ ഒരു ടീമിന് തന്നെ കൊടുക്കാറുണ്ട്,” ഡോ. അബ്ദുള്ളക്കുട്ടി വിശദമാക്കി.

ഉറവിലെ ജീവനക്കാരില്‍ 90 ശതമാനവും സ്ത്രീകളാണ്.

പരിസ്ഥിതിയ്ക്ക്  ഇണങ്ങുന്ന കെട്ടിടനിര്‍മാണ മേഖലയിലും ടൂറിസത്തിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു ഉറവ്. ടൂറിസത്തിന്‍റെ ഭാഗമായി ബാംബൂ കോട്ടേജുകള്‍ നിര്‍മിച്ചു. കണ്‍സ്ട്രക്ഷന്‍ കാര്യങ്ങള്‍ക്കായി ഉറവ് ഇക്കോലിങ്ക്സ് എന്നൊരു കമ്പനിയുമുണ്ടിവിടെ. മുള, വീടുകള്‍, മുള റിസോര്‍ട്ടുകള്‍, മുള കോട്ടേജുകളുടെയുമൊക്കെ നിര്‍മാണമാണ് ഇക്കോ ലിങ്ക്സ് കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്യുന്നത്. ബാംബൂ ഗ്രോവ് എന്ന പേരിലൊരു മുള റിസോര്‍ട്ടുമുണ്ട്.

ഉത്തരവാദിത്വ ടൂറിസത്തിന്‍റെ ഭാഗമായാണ് റിസോര്‍ട്ടും കോട്ടേജുകളുമൊക്കെ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള ബാംബൂ കോട്ടേജുകളാണ് ഇവിടെയുള്ളത്. മുളയില്‍ തീര്‍ത്ത കട്ടിലുകളും മേശയും കസേരകളും അലങ്കാരവസ്തുക്കളുമൊക്കെ ഈ കോട്ടേജുകള്‍ക്കുള്ളില്‍ കാണാം. ഉറവ് ഇക്കോ ലിങ്ക്സാണ് ഇതിന് പിന്നില്‍.

വയനാടന്‍ മലനിരകളുടെയും കമുകിന്‍ തോട്ടങ്ങളുടെയും കൊച്ചു വെള്ളച്ചാട്ടങ്ങളുടെയുമൊക്കെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഈ കോട്ടേജുകളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ബാംബൂ നഴ്സറിയും റസ്പോണ്‍സബിള്‍ ടൂറിസവും മാത്രമല്ല ക്രാഫ്റ്റ്സും ആര്‍ട്ടും പഠിപ്പിക്കുന്ന ട്രെയ്നിങ് സെന്‍ററുകള്‍, ഡിസൈനുകളുണ്ടാക്കിയെടുക്കുക.. ഇങ്ങനെ കുറേ കാര്യങ്ങള്‍ ഉറവിലുണ്ട്. ആദ്യവര്‍ഷങ്ങളില്‍ പരിശീലനം നേടിയ നാട്ടുകാരാണ് ഇപ്പോള്‍  ക്രാഫ്റ്റ്സ് ടീച്ചര്‍മാര്‍.

ഉറവിന്‍റെ പണിശാലകളില്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനുമുള്ള കേന്ദ്രവും തൃക്കൈപ്പറ്റയിലുണ്ട്.

“ഇന്‍റീരിയര്‍ ഡിസൈനിങ്ങും മുളയുടെ വേറിട്ട ഉത്പന്നങ്ങളുമൊക്കെ ഉറവിന്‍റെ നേതൃത്വത്തിലാണ് ചെയ്യുന്നത്. എന്നാല്‍ കോട്ടേജുകള്‍ ഉള്‍പ്പടെയുള്ളവയുടെ കണ്‍സ്ട്രക്ഷന്‍ കാര്യങ്ങള്‍ ഇക്കോ ലിങ്ക്സ് കമ്പനിയാണ് ചെയ്യുന്നത്,” ശിവരാജന്‍ പറഞ്ഞു.

“തിരുവനന്തപുരത്ത് ആധുനിക രീതിയിലുള്ള ഒരു മുളപ്പാലം നിര്‍മിച്ചതു ഇക്കോ ലിങ്ക്സിന്‍റെ നേതൃത്വത്തിലായിരുന്നു.


തിരുവനന്തപുരം മടവൂര്‍പാറയില്‍ 101 മീറ്റര്‍ നീളമുള്ള മുളപ്പാലം ഉണ്ടാക്കിയത് ഉറവ് ഇക്കോ ലിങ്ക്സ് കമ്പനിയാണ്.


“ഇക്കോ ലിങ്ക്സ് പലര്‍ക്കും കോട്ടേജുകള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. വയനാട്ടിലെ ഉറവിന്‍റെ ടൂറിസം പ്രോമോഷനുള്ള കോട്ടേജുകള്‍ നിര്‍മിച്ചതൊക്കെ ഉറവ് ഇക്കോ ലിങ്ക്സാണ്.

“തൃക്കൈപ്പറ്റയിലെ ഉറവിന്‍റെ നാലു കോട്ടേജ്, ഒരു കമ്മ്യൂണിറ്റി സെന്‍റര്‍ ഇതൊക്കെ ഇക്കോ ലിങ്ക്സാണ് ചെയ്തിരിക്കുന്നത്. മൂകാംബിക, കക്കടാം പൊയില്‍ ഇവിടെയൊക്കെ മുള കോട്ടേജുകള്‍ നിര്‍മിച്ചിട്ടുണ്ട്.

“കാരപ്പുഴ അണക്കെട്ടിന് സമീപം കൂടുതല്‍ ഫ്രണ്ട്ലിയാക്കാന്‍ മുളകള്‍ വച്ചുപിടിപ്പിച്ചതും ഉറവിന്‍റെ നേതൃത്വത്തിലാണ്. അതൊരു ബാംബൂ പാര്‍ക് പോലെയാണ് ലക്ഷ്യമിട്ടത്. പാര്‍ക്ക് എന്ന് പറയാന്‍ പറ്റോ എന്നറിയില്ല. പക്ഷേ അവിടെ ഇപ്പോള്‍ ഉറവ് നട്ടുപിടിപ്പിച്ച കുറേ മുളകള്‍ വളര്‍ന്നുനില്‍പ്പുണ്ട്. ഇതുപോലെ ആവശ്യക്കാര്‍ക്ക് മുള വച്ചുപിടിപ്പിച്ച് കൊടുക്കാറുണ്ട്,” ശിവരാജന്‍ വ്യക്തമാക്കി.

മുളയില്‍ നിര്‍മിച്ച കമ്മ്യൂനിറ്റി ഹാള്‍

വരുമാനത്തില്‍ ലാഭമുണ്ട്. പക്ഷേ എല്ലാ രംഗത്തുനിന്നും വലിയ വരുമാനം കിട്ടുന്ന സാഹചര്യമൊന്നുമായിട്ടില്ലെന്നും ശിവരാജന്‍.  “ക്രാഫ്റ്റ്സില്‍ തന്നെ ചില ഉത്പന്നങ്ങള്‍ക്ക് വലിയ വില കിട്ടുമ്പോള്‍ ചിലതിനു കുറവായിരിക്കും. ഉറവ് ഇപ്പോഴും ഒരു ശൈശവദശയില്‍ തന്നെയാണെന്നു പറയാം. ഇനിയും സമയമെടുക്കും,” പ്രതീക്ഷയോടെ അദ്ദേഹം പറഞ്ഞു.

“ക്രാഫ്റ്റ് ചെയ്യുന്നവരില്‍ ഒരു ദിവസം 30,000 രൂപ കിട്ടുന്നവരും 300 രൂപ കിട്ടുന്നവരുമുണ്ട്. എല്ലാത്തിനും ഒരു പോലെ മാര്‍ക്കറ്റ് കിട്ടിയെന്നു വരില്ല. പക്ഷേ മുള ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവുമൊക്കെയായി ഇതിനെ നിലനിറുത്താന‍് സാധിക്കുന്നുവെന്നതാണ് വലിയ കാര്യം.

“ക്രാഫ്റ്റ്സ് വര്‍ക്കിനെക്കാള്‍ കൂടുതല്‍ വരുമാനം ആര്‍ട്ട് വര്‍ക്കിലേക്ക് വരുമ്പോള്‍ കിട്ടുന്നുണ്ട്. കല്ലിലൊക്കെ ശില്‍പ്പങ്ങളുണ്ടാക്കുന്ന പോലെ മുളയില്‍ ശില്‍പങ്ങളുണ്ടാക്കുന്നുണ്ട്. അതിനൊക്കെ നല്ല വില ലഭിക്കും. ഓണ്‍ലൈനിലൂടെയും വില്‍പ്പനയുണ്ട്. കൂടുതലും നേരിട്ടാണ് ആവശ്യക്കാര്‍ വരുന്നത്,” ശിവരാജന്‍ കൂട്ടിച്ചേര്‍ക്കുന്നു.

“നിരവധി പേരാണ് ഉറവിന് വ്യത്യസ്ത രൂപവും ഭാവവമുമൊക്കെയുള്ള കരകൗശല വസ്തുക്കളുണ്ടാക്കി നല്‍കുന്നത്. അക്കൂട്ടത്തിലെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാനാണ് ലെനിന്‍,”  സുനീഷ് പറയുന്നു.

“കസ്റ്റമൈസ്ഡ്  വര്‍ക്കുകള്‍ ചെയ്യുന്നതിന് ലെനിനെ പോലെ കുറച്ചാളുകളുണ്ടിവിടെ. വീട്ടിലിരുന്ന് ചെയ്യുന്നവര്‍ മാത്രമല്ല ഇവിടെ ഓഫിസില്‍ വന്നും ചിലര്‍ വര്‍ക് ചെയ്യാറുണ്ട്.”

പുതിയൊരു സന്തോഷവര്‍ത്തമാനം കൂടിയുണ്ടെന്നു ഉറവ് സി ഇ ഒ ടോണി പോള്‍ പറയുന്നു. “ഉറവിലെ ക്രാഫ്റ്റ്സ് ടീമില്‍ കുറച്ചുപേര്‍ക്ക് ശ്രീലങ്കയില്‍ പോകാന്‍ അവസരം ലഭിച്ചു. യുനൈറ്റഡ് നാഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍ എന്നൊരു അന്താരാഷ്ട്ര സംഘടനയുണ്ട്. ഇതിന്‍റെ ട്രെയ്നിങ്ങിന്‍റെ ഭാഗമായി ഇന്ത്യയില്‍ നിന്നൊരു ടീം ശ്രീലങ്കയിലേക്ക് പോയത്. ആ ടീം ഉറവിന്‍റെ ആള്‍ക്കാരാണ്.

ഇങ്ങനെയൊരു അന്താരാഷ്ട്ര അംഗീകാരം ആദ്യമായിട്ടാണ് ഉറവിന് കിട്ടുന്നത്.

ശ്രീലങ്കയിലേക്ക് പോയ ടീം

“രാകേഷ്, അരുണ്‍, ഷാന്‍, ഫവാസ്… ഇത്രയും പേരാണ് ട്രെയ്നിങ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം കോ-ഓഡിനേറ്ററായി ഞാനുമുണ്ടായിരുന്നു. ഇന്ത്യയിലെ പല ഭാഗത്തും ട്രെയ്നിങ്ങ് നടത്തിയെങ്കിലും വിദേശത്ത് ഇങ്ങനെയൊരു അവസരം ലഭിക്കുന്നത് ആദ്യമായിട്ടാണ്.”


 വിദേശനാട്ടില്‍ നിന്നു കിട്ടുന്ന ആദ്യത്തെ അംഗീകാരമാണിത്.


അവിടെ കരകൗശല വസ്തുക്കളൊക്കെ നിര്‍മിക്കുന്നവര്‍ക്ക് ക്ലാസെടുക്കാനാണ് ഇവര്‍ പോയത്.

“ഇറ്റലിയിലെ കുറച്ചു ഡിസൈനേഴ്സുമൊക്കെ ഇതില്‍ പങ്കെടുത്തിരുന്നു. ഒരു ഇൻ്റര്‍നാഷണല്‍ ടീമുമായി ഉറവ് സഹകരിക്കുന്നത് ആദ്യമായിട്ടല്ല. കുറച്ചുകാലം മുന്‍പ് ഒരു ആഫ്രിക്കന്‍ സംഘം ഉറവില്‍ വന്നിരുന്നു. ഇസ്രയേലില്‍ നിന്നുള്ള ഡിസൈനിങ് വിദ്യാര്‍ഥികളുടെ സംഘവും വന്നിട്ടുണ്ട്. പക്ഷേ ഒരു അംഗീകാരം കിട്ടി വിദേശരാജ്യത്ത് പോകുന്നത് ആദ്യതവണയാണ്,” ടോണി ആ സന്തോഷം പങ്കുവെയ്ക്കുന്നു.

ബാംബൂ കോട്ടേജ്

അതിനിടയില്‍ മുളയില്‍ നിന്ന് ചക്കയിലേക്കും ഉറവ് കടന്നു. ഉറവിലാണ് ലോകത്തിലെ ആദ്യ ചക്ക മഹോത്സവം നടന്നത്. 2006-ലായിരുന്നു അത്. തുടര്‍ച്ചയായി മൂന്നു വര്‍ഷം ചക്ക മഹോത്സവം നടത്തിയിട്ടുണ്ട്. പിന്നീടാണ് കേരളത്തിന്‍റെ സംസ്ഥാന ഫലമായി തെരഞ്ഞെടുക്കപ്പെടുന്നതൊക്കെ.

ഉറവിന്‍റെ ഈ ചക്ക മഹോത്സവം ഗിന്നസില്‍ ഇടം പിടിച്ചിട്ടുണ്ടെന്നു സുനീഷ് പറയുന്നു.

ബ്ലാക് ഗോള്‍ഡ് കുരുമുളകാണെന്നു എല്ലാവര്‍ക്കും അറിയാം. പക്ഷേ ഗ്രീന്‍ ഗോള്‍ഡ് ആണ് മുളയെന്ന് പലര്‍ക്കും അറിയില്ല. ഒരു ബാംബൂ കള്‍ച്ചര്‍ ഉണ്ടാക്കിയെടുക്കുകയെന്നൊരു ലക്ഷ്യമുണ്ട്, ഉറവ് പ്രവര്‍ത്തകര്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: ‘ഓട് മീനേ കണ്ടം വഴി’: കുമ്പളങ്ങിയില്‍ നിന്നും കായല്‍ച്ചന്തമുള്ള മറ്റൊരു ജീവിതകഥ


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗ്രീന്‍ ഗോള്‍ഡ് എന്നാണ് മുളയെക്കുറിച്ച് പറയുന്നത്. മുളയിലൂടെ കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാനാകും. പിന്നെ പുഴയുടെ തീരം സംരക്ഷിക്കാനും മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാനും മുള നടുന്നതിലൂടെ സാധിക്കും. പലയിടങ്ങളും മുള വച്ചുപിടിപ്പിക്കാറുണ്ട്. പ‍ഞ്ചായത്തിന്‍റെയൊക്കെ സഹകരണത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെന്നും ഉറവ് പ്രവര്‍ത്തകര്‍ പറയുന്നു.

ഇവിടെ ഉറവിന്‍റെ ഓഫിസിലേക്ക് കയറിയാല്‍ അകം നിറയെ മുളയാണ്. മുളയുടെ കസേര, മേശ, സീലിങ്, കര്‍ട്ടന്‍… ഇങ്ങനെ എല്ലാം മുളയിലാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ 130 തരം മുളയാണുള്ളത്. ഇതില്‍ അമ്പതിലേറെ  ഉറവ് നഴ്സറിയിലുണ്ട്.

തുടക്കത്തില്‍  എട്ട് കുടുംബങ്ങളാണ് ഒപ്പമുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം നൂറു കുടുംബങ്ങള്‍ ഉറവിനോട് ചേര്‍ന്നു നില്‍ക്കുന്നത്. ഇവരെയൊക്കെയും പല തരത്തില്‍, ഉത്പന്നങ്ങളുണ്ടാക്കിയും വില്‍പ്പനയിലും ടൂറിസത്തിലുമൊക്കെയായി സഹകരിച്ചും നില്‍ക്കുന്നുണ്ട്. ആദ്യ ബാംബൂ ഹെറിറ്റേജ് ഗ്രാമം എന്ന പ്രത്യേകതയും ഉറവിനുണ്ട്.

WATCH: ഉറവ് ബാംബൂ ഗ്രോവ്

***

കൂടുതല്‍  വിവരങ്ങള്‍ക്ക് ഉറവ് വെബ്സൈറ്റ് സന്ദര്‍ശിക്കാം

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഉറവ് ഫേസ്ബുക്ക് പേജ്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം