താളും തവരയും മുമ്മാസം
കണ്ടയും കാമ്പും മുമ്മാസം
ചക്കയും മാങ്ങയും മുമ്മാസം
അങ്ങനേം ഇങ്ങനേം മുമ്മാസം
എന്നാല്‍ ‘അങ്ങനേം ഇങ്ങനേം മുമ്മാസം’ കഴിച്ചുകൂട്ടേണ്ട കാര്യമേയില്ല, ചുറ്റിലുമൊന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ മതിയെന്നാവും കണ്ണൂര്‍ കതിരൂരിലെ സജീവന്‍ കാവുങ്കരയെന്ന കര്‍ഷകന്‍ പറയുക.
താളും തവരയും (തകര) മാത്രമല്ല, ഭക്ഷണമാക്കാവുന്നതും പോഷകസമൃദ്ധവുമായ മൂവായിരത്തോളം ഇലച്ചെടികള്‍ കേരളത്തിലുണ്ട് എന്ന് ഇലവര്‍ഗ്ഗങ്ങളെക്കുറിച്ച് സ്വന്തം നിലയ്ക്ക് ഗവേഷണം നടത്തുന്ന ഈ കര്‍ഷകന്‍ പറയുന്നു.
വൈവിധ്യമേറിയതും ഔഷധമൂല്യമുളളതുമായ ഇലകള്‍ പച്ചയായും പാകം ചെയ്തും കഴിച്ചിരുന്ന ഒരു കാലം നമുക്കുമുണ്ടായിരുന്നു. ഇന്ന് ഇലക്കറികള്‍ക്ക് നമ്മുടെ തീന്‍മേശയില്‍ പ്രാധാന്യം കുറവാണ്. ഉണ്ടെങ്കില്‍ത്തന്നെ നമ്മള്‍ അറിയുന്നതും ഉപയോഗിക്കുന്നതുമായ ഇലകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്.
എന്നാല്‍ സജീവന്‍ കാവുങ്കരയോട് സംസാരിച്ചാല്‍ നമുക്ക് മനസ്സിലാവും വലിയൊരു പോഷകക്കലവറയാണ് നമ്മുടെ ശ്രദ്ധയെത്താതെ മുറ്റത്തും പറമ്പിലും പടര്‍ന്ന് പച്ചപിടിച്ച് കിടക്കുന്നതെന്ന്.
“കേരളത്തില്‍ത്തന്നെ മൂവായിരത്തിലധികം ഭക്ഷ്യയോഗ്യമായ ഇലകളുണ്ടെങ്കിലും വെറും ഇരുപതില്‍ത്താഴെ ഇലകള്‍ മാത്രമാണ് നാം അറിയുന്നതും ഉപയോഗിക്കുന്നതുമെന്നതാണ് യാഥാര്‍ത്ഥ്യം,” പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ഇന്ത്യന്‍ ഫാര്‍മേഴ്സ് റൈറ്റ് ആക്ട് പ്രകാരം കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള അഥോറിറ്റിയില്‍ 84 ഇലച്ചെടികള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവന്‍ കാവുങ്കര ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
നാം നശിപ്പിച്ചുകളയുന്നതും ശ്രദ്ധിക്കാത്തതുമായ ധാരാളം ഇലകള്‍ യഥാര്‍ത്ഥത്തില്‍ ഭക്ഷ്യയോഗ്യവും ഔഷധമൂല്യമുള്ളതുമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
“തലമുറകളായി പച്ചക്കറി മാത്രം കഴിക്കുന്നവരാണ് ഞങ്ങളുടെ കുടുംബം. അത്തരമൊരു ഭക്ഷ്യശീലം വളര്‍ന്നപ്പോഴും പിന്തുടര്‍ന്നുവെന്നുമാത്രം,” പച്ചിലകളെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം വളര്‍ന്നതിനെക്കുറിച്ച് സജീവന്‍ വിശദമാക്കുന്നു. “പഴയ ഇല്ലപ്പറമ്പായതിനാല്‍ കാടും പച്ചപ്പും നിറഞ്ഞ അന്തരീക്ഷമാണ് ചുറ്റിലും. ഒരുപാട് ഭക്ഷ്യവൈവിധ്യം തൊടിയില്‍ത്തന്നെയുണ്ട്. പിന്നെ മുത്തശ്ശിമാരും മറ്റും കഴിക്കുന്നത് കണ്ട് അത് തന്നെ പിന്തുടര്‍ന്നു.”
”പൊതുരംഗത്തൊക്കെ ഇടപെടാന്‍ തുടങ്ങിയ ശേഷമാണ് ഭക്ഷ്യസുരക്ഷയെക്കുറിച്ചൊക്കെ ചിന്തിച്ചുതുടങ്ങിയത്. എങ്ങനെ ജീവിതച്ചെലവ് കുറയ്ക്കാമെന്ന ചിന്തയില്‍ നമ്മുടെ ആവാസവ്യവസ്ഥയിലുളള സസ്യങ്ങളിലൂടെ തന്നെ ഭക്ഷ്യസുരക്ഷ ഉറപ്പിയ്ക്കാമെന്ന സങ്കല്പത്തിലേക്കെത്തി. ഇത്തരം ഭക്ഷണം പ്രചരിപ്പിയ്ക്കാനായിരുന്നു പിന്നീടുളള ശ്രമങ്ങളെല്ലാം.” 2010-ലാണ് അതൊരു ക്യാംപെയിനായി തുടങ്ങുന്നത് എന്ന് സജീവന്‍.
കഴിക്കാവുന്ന മുപ്പതിലധികം ഇലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് അക്കാദമിക് വിഷയമാക്കി വികസിപ്പിച്ചെടുത്തു. സെമിനാറുകളായും ഡെമോയായും അവതരിപ്പിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ലാസ്സുകളും ക്യാംപെയ്നുകളും നടത്തി. അങ്ങനെയാണ് സജീവന്‍ കാവുങ്കര പച്ചിലഭക്ഷണത്തിന്‍റെ പ്രചാരകനായി മാറുന്നത്.
പ്രാദേശികമായ വ്യത്യാസങ്ങള്‍ ഇലകളിലുമുണ്ട് എന്ന് ഇതിനെക്കുറിച്ച് പഠിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ ധാരാളമായി സഞ്ചരിച്ച് പഠിച്ച സജീവന്‍ പറഞ്ഞുതരുന്നു. “നമ്മള്‍ കഴിക്കുന്നതുകൊണ്ട് മാത്രം ഇലകള്‍ ഭക്ഷ്യയോഗ്യമായിരിക്കണമെന്നില്ല. ചിലത് ധാരാളമായി കഴിച്ചാല്‍ അപകടകാരിയായിരിക്കും.”
മൂന്ന് വിഭാഗങ്ങളായി കേരളത്തിലെ ഭക്ഷ്യയോഗ്യമായ ഇലകളെ വേര്‍തിരിച്ചു. ആ തരംതിരവ് അദ്ദേഹം വിശദമായി പറഞ്ഞുതന്നു:
”നമ്മുടെ ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശിക്കപ്പെട്ട സാധനങ്ങളും പച്ചക്കറികളും തന്നെ വേണമെന്ന ശാഠ്യം ആദ്യം മാറണം. എന്‍റെ വീട്ടില്‍ വര്‍ഷങ്ങളായി സാമ്പാര്‍ വയ്ക്കുന്നത് താളിന്‍തണ്ട്, ചേനത്തണ്ട്, ചേമ്പിന്‍തണ്ട്, വിവിധതരം കായ, പപ്പായ, ചീര, ബിലാത്തിച്ചക്ക(ശീമച്ചക്ക/കടച്ചക്ക), വിവിധ തരം ഇലകള്‍ എന്നിവ ഉപയോഗിച്ചാണ്.” കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പച്ചക്കറികള്‍ വാങ്ങാനായി കടയിലേക്ക് പോയിട്ടേയില്ല എന്ന് അദ്ദേഹം പറയുന്നു.
“ഇവിടെ കൃഷി ചെയ്തുണ്ടാക്കി മിച്ചം വരുന്നത് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും നല്‍കും. അവരുടെ കയ്യിലുളളത് ഇങ്ങോട്ടും കൈമാറും. ഒരു മാസത്തെ ജീവിതച്ചെലവ് മൂവായിരം രൂപയില്‍ത്താഴെയാണ്,” ഈ കണ്ണൂരുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു.
”ഋതുഭേദങ്ങളനുസരിച്ച് കൃഷി ചെയ്യണം. ഓരോ ഋതുക്കളിലും കിട്ടുന്ന പച്ചക്കറികളും കായകളുമുപയോഗിച്ച് വേണം വിഭവങ്ങളുണ്ടാക്കേണ്ടത്. ഇതനുസരിച്ച് നമ്മുടെ രുചിബോധം മാറണം. എല്ലാ കാലത്തും വീട്ടില്‍ തക്കാളി കൃഷി ചെയ്യണമെന്ന് വാശിപിടിച്ചാല്‍ കൃത്രിമ വളങ്ങളും കീടനാശിനികളുമെല്ലാം സ്വീകരിക്കേണ്ടി വന്നേക്കും. അടുക്കളത്തോട്ടത്തില്‍ എപ്പോഴും രണ്ട് പപ്പായ, അഞ്ച് ചേമ്പ്, കറിവേപ്പില, കാന്താരി എന്നിവ നിലനിര്‍ത്താന്‍ ശ്രമിക്കണം. മറ്റു പച്ചക്കറികളൊക്കെ അനുയോജ്യമായ കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി ചെയ്താല്‍ മതി,” എന്നാണ് സജീവന്‍റെ പക്ഷം.
”ഭക്ഷ്യയോഗ്യമായ സസ്യങ്ങളെപ്പറ്റി പറയുമ്പോള്‍ പലര്‍ക്കും അറിയേണ്ടത് അത് ഏതൊക്കെ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കാം എന്നതാണ്. അല്ലാതെ നാളെ നമ്മുടെ മക്കള്‍ക്ക് കൊടുക്കേണ്ട വിഷരഹിതമായ ഒരു ഇലയുടെയെങ്കിലും സംശയനിവാരണമല്ല. ഏതെങ്കിലും ഒരു ഇല അല്ലെങ്കില്‍ കായ ഭക്ഷ്യയോഗ്യമാണ് എന്നറിഞ്ഞാല്‍ അതെത്ര അളവുവരെ ആകാമെന്നും എന്തൊക്കെ വിഭവങ്ങള്‍ തയ്യാറാക്കാമെന്നും നമ്മള്‍ അറിയണം. തഴുതാമ ഭക്ഷ്യയോഗ്യമാണെന്ന് അറിയുന്നവര്‍ അത് തോരനാക്കി കഴിക്കുന്നത് അപകടമാണെന്ന് അറിയുന്നില്ല. അത് ദിവസവും കഴിക്കുന്നത് നല്ലതല്ല.” സജീവന്‍ തുടരുന്നു.
”എന്തുകൃഷി ചെയ്യുമ്പോളും നമുക്കാവശ്യമുളളത് ചെയ്യുക. അഞ്ചു സെന്‍റ് സ്ഥലത്ത് ആവശ്യമായ അടുക്കളത്തോട്ടം ഡിസൈന്‍ ചെയ്യണം. നമ്മുടെ കണ്‍മുന്നില്‍ത്തന്നെ ധാരാളം ഭക്ഷ്യയോഗ്യമായ ഇലകളുണ്ട്. അവയെ ഉപയോഗപ്പെടുത്തണം…”
കാലാവസ്ഥയുമായി സസ്യങ്ങളെ ബന്ധിപ്പിക്കുന്നതാണ് നമ്മള്‍ ചെയ്യുന്ന മണ്ടത്തരം എന്ന് അദ്ദേഹം പറയുന്നു. “അതാത് ഋതുക്കളിലെ കാലാവസ്ഥയുമായാണ് സസ്യങ്ങള്‍ക്ക് ബന്ധം. ഒരു ഇലയ്ക്കും മാസങ്ങളുമായി പ്രശ്നങ്ങളില്ല. കാലാവസ്ഥയുമായി ബന്ധപ്പെടുമ്പോള്‍ ജനിതകസ്വഭാവത്തില്‍ വ്യത്യാസങ്ങളുണ്ടാകാം. ചില സസ്യങ്ങള്‍ക്ക് ചില മാസങ്ങളില്‍ കയ്പ് രസമുണ്ടാകും. ആന്തരികജലാംശം കുറയുന്നതു കൊണ്ടാണിത്.”
അറിവുകളേക്കാള്‍ അഭ്യൂഹങ്ങളാണ് കഴിക്കാവുന്ന ഇലവര്‍ഗ്ഗങ്ങളെക്കുറിച്ച് അധികവും പ്രചരിക്കുന്നത്.
“കര്‍ക്കിടകത്തില്‍ പത്തില തെരഞ്ഞെടുത്ത് കഴിക്കുന്നവരുണ്ട്. കര്‍ക്കിടക മാസത്തിലാണ് ഇലകളുടെ സമൃദ്ധിയെന്നു പറയുന്നത്. മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് കാലാവസ്ഥയില്‍ ധാരാളം മാറ്റങ്ങള്‍ വന്നു. മുരിങ്ങ ഇലയ്ക്ക് ഔഷധഗുണം കൂടുതലാണ്. എന്നുവെച്ച് കൂടുതലായി കഴിച്ചാലും കുഴപ്പമൊന്നുമില്ല. കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ അവിടെയുമൊരു ആപേക്ഷികത നമ്മള്‍ ചിന്തിക്കണം. ആളുകള്‍ കര്‍ക്കിടകമാസത്തില്‍ മുരിങ്ങയില കഴിക്കുന്നത് നിര്‍ത്തി കടയിലെ വിഷമരുന്നുകളടിച്ച കാബേജും മറ്റും വാങ്ങിക്കഴിച്ചാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങ പാടില്ലെന്നു പറയുന്നതില്‍ എന്താണ് പ്രസക്തി,” അദ്ദേഹം ചോദിക്കുന്നു.
”കഞ്ഞിവെളളം കുടിക്കുന്നത് നല്ലതാണെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ നമ്മള്‍ കൃഷി ചെയ്തുണ്ടാക്കുന്ന അരിയില്‍ നിന്നുളള കഞ്ഞിവെളളമാണെങ്കില്‍ മാത്രമാണ് നമ്മള്‍ കുടിക്കേണ്ടത്. മറ്റുളള കഞ്ഞിവെളളം കുടിക്കരുതെന്നേ ഞാന്‍ പറയൂ. മാത്രമല്ല നമ്മുടെ പറമ്പിലെ സസ്യങ്ങള്‍ക്ക് പോലും ഒഴിക്കാന്‍ കൊളളില്ല,” എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
രുചിക്ക് പ്രാധാന്യം നല്‍കി ഭക്ഷണം ചിട്ടപ്പെടുത്തിയപ്പോള്‍ പോഷകസമൃദ്ധമായ പലതും പ്ലേറ്റിന് പുറത്തുപോയി. കഴിക്കാവുന്ന സസ്യങ്ങളുടെ പകുതി പോലും നമ്മള്‍ അറിയുന്നുമില്ല. കഴിക്കുന്നുമില്ലെന്നതാണ് സത്യം. പകരം ഒരുപാട് രാസപദാര്‍ത്ഥങ്ങള്‍ നമ്മുടെ വയറ്റിലെത്തുന്നു. ഇതിന് പകരമായി ചുറ്റും ഇഷ്ടംപോലെ കിട്ടുന്ന ചേമ്പിന്‍തണ്ട്, പപ്പായ, വെളിയിലത്തണ്ട്, തങ്കച്ചീര, വെളുത്തുളളിപ്പുല്ല്, ഉഴുന്ന് ഇല, പയര്‍ ഇല തുടങ്ങിയ ഇലകളെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന് സജീവന്‍ കാവുങ്കര ആവര്‍ത്തിക്കുന്നു.
”നാഗാലാന്‍റ്, മിസോറാം, ആസ്സാം എന്നിവിടങ്ങളില്‍ ഇന്നും ഒരുപാട് ജൈവവൈധ്യവും ഭക്ഷ്യവൈവിധ്യമുണ്ട്. മാംസഭക്ഷണത്തിന്‍റെ കാര്യത്തിലുമുണ്ട് വൈവിധ്യങ്ങള്‍. വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന മാംസമല്ല അവര്‍ കൂടുതല്‍ കഴിക്കുന്നത്. വന്യമായ മാംസമാണ്. അതിനാല്‍ത്തന്നെ അപകടകരമല്ല. അവര്‍ക്ക് താരതമ്യേന രോഗങ്ങളും കുറവായിരിക്കും. എന്തും വാണിജ്യവത്ക്കരിക്കുമ്പോഴാണ് കീടനാശിനിപ്രയോഗവും മറ്റും വരുന്നത്..,” തൊടുപുഴയില്‍ പിഡബ്ലുഡി വൈദ്യുതവിഭാഗത്തില്‍ ജോലിചെയ്യുന്ന സജീവന്‍ പറയുന്നു.
നേരത്തെ, സജീവന്‍റെ വീട്ടില്‍ ഡയറി ഫാം ഉണ്ടായിരുന്നു. എന്നാല്‍ ജോലിയും സ്ഥലം മാറ്റവുമൊക്കെയായപ്പോള്‍ ഒരിടവേള വന്നു. ഇപ്പോള്‍ ഫാം വീണ്ടും മികച്ച രീതിയില്‍ വിപുലീകരിക്കാനുളള ശ്രമത്തിലാണ് അദ്ദേഹം. വീട്ടിനോടു ചേര്‍ന്നുളള ഒന്നരയേക്കര്‍ സ്ഥലം തന്നെയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
“പശു, എരുമ, പോത്ത് , താറാവ്, മത്സ്യംവളര്‍ത്തല്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുളള ഒരു ഭക്ഷ്യവൈവിധ്യ ഉദ്യാനമാണ് പ്ലാന്‍ ചെയ്യുന്നത്. പച്ചക്കറികളുടെ ഉത്പാദനവും വിപണനവും ഇതോടൊപ്പമുണ്ടായിരിക്കും.
“ഒപ്പം ഒരു ആനിമല്‍ ഹോസ്റ്റല്‍ കൂടി മനസ്സിലുണ്ട്. പശുവിനെ വളര്‍ത്തുന്നവര്‍ക്ക് യാത്രയോ മറ്റോ പോകണമെങ്കില്‍ ഏല്‍പ്പിക്കാവുന്ന തരത്തിലുളള ഒരു ഹോസ്റ്റല്‍. യാത്രകള്‍ പോകുമ്പോള്‍ പശുവിനെ എവിടെയാക്കുമെന്ന പ്രശ്നം പലര്‍ക്കുമുണ്ട്. അക്കാരണം കൊണ്ട് ആരും പശുവിനെ വളര്‍ത്താതിരിക്കണ്ട. സ്ഥലവും ആവശ്യത്തിന് വെളളവുമുണ്ട്. സംയോജിത ഫാം എന്നതാണ് ഉദ്ദേശിക്കുന്നത്,” അദ്ദേഹം ഭാവി പദ്ധതികള്‍ വിശദമാക്കുന്നു.
വീട്ടുപറമ്പില്‍ എണ്‍പതിലധികം ഇലവര്‍ഗങ്ങള്‍ സജീവന്‍ പരിപാലിക്കുന്നുണ്ട്. 32 ഇനം വാഴകളുമുണ്ട്. ചേന, ചേമ്പ്, പപ്പായ, പച്ചക്കറികള്‍ എന്നിവയെല്ലാം പറമ്പില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും കൃത്യസമയത്ത് ആവശ്യത്തില്‍ക്കൂടുതല്‍ വിളവ് ലഭിക്കണമെന്ന നിര്‍ബന്ധമൊന്നും ഇല്ല. അതുകൊണ്ട് മരുന്നുതളിക്കലോ വളപ്രയോഗമോ ഇല്ല.
നാട്ടില്‍ കൂട്ടുകാര്‍ അംഗങ്ങളായി ‘പുനര്‍നവ’ എന്ന പേരില്‍ ഒരു കൂട്ടായ്മയുണ്ട്. കൃഷിയില്‍ താത്പര്യമുളളവരുടെ ഈ വാട്സ് ആപ്പ് കൂട്ടായ്മയില്‍ കൃഷി സംബന്ധമായ ചര്‍ച്ചകള്‍, സംശയനിവാരണം എന്നിവ നടക്കാറുണ്ട്. കൂടാതെ വിഷരഹിതമായ കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനായി പിണറായിയില്‍ കാര്‍ഷിക പൈതൃക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. നാടന്‍ പഴങ്ങള്‍, ഇലക്കറികള്‍, കൂമ്പ് , ചേമ്പ് എന്നിവയെല്ലാം ഇവിടെ ലഭിക്കും. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് വിപണി കണ്ടെത്തുന്നത് ഓണ്‍ലൈന്‍ വിപണിയാണ് അടുത്തതായി ലക്ഷ്യമിടുന്നത്.
ആകാശവാണിയില്‍ ഇലക്കറികളെക്കുറിച്ച് സജീവന്‍ ക്ലാസ്സെടുക്കാറുണ്ട്. ഈ വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സെടുക്കാറുണ്ട്.
ഭക്ഷ്യയോഗ്യമായ ഇലകളുടെ സംരക്ഷണം, പ്രചാരണം, ഇലക്കറി ഗവേഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ ദേശീയ സസ്യജനിതക സംരക്ഷണ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്‍റെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് എന്നിവ സജീവന്‍ കാവുങ്കരയ്ക്ക് ലഭിച്ചിട്ടുണ്ട്. കതിരൂരിലെ വാസുദേവന്‍ നമ്പൂതിരിയുടെയും തങ്കം അന്തര്‍ജ്ജനത്തിന്‍റെയും മകനാണ്. എം.പി. സീമയാണ് ഭാര്യ. ആര്യനന്ദ, ഘനശ്യാം എന്നിവരാണ് മക്കള്‍.
ഇതുകൂടി വായിക്കാം: 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം