അഞ്ച് സെന്‍റ് പുരയിടത്തില്‍ വിളവെടുക്കാന്‍ അയല്‍ക്കാരെല്ലാമെത്തി; ഇത്തിരി സ്ഥലത്ത് ഇഷ്ടംപോലെ കൃഷിയിറക്കാന്‍ ശ്രീജ സഹായിക്കും

വിളവെടുപ്പിന് മാത്രമല്ല ഗ്രോബാഗ് നിറയ്ക്കാനും തൈ നടാനുമൊക്കെ അയല്‍ക്കാര്‍ വരാറുണ്ട്. അവര് ഒന്നും പ്രതീക്ഷിച്ച് ചെയ്യുന്നതൊന്നും അല്ല. കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ്.

ശ്രീജയുടെ വീട്ടിലെ കൃഷി കണ്ട് അല്‍ഭുതപ്പെടാത്ത നാട്ടുകാര്‍ കുറവായിരിക്കും.

വെറും അഞ്ച് സെന്‍റില്‍ സ്ഥലമൊട്ടും പാഴാക്കാതെ പച്ചക്കറികളും ഫലവൃക്ഷങ്ങളും. ഇതിനൊപ്പം വിത്തുകളും നല്ലയിനം തൈകളും വിതരണം ചെയ്തും  ജൈവവളമുണ്ടാക്കി വിറ്റും ഈ എം എക്കാരി വരുമാനവും ഉണ്ടാക്കുന്നു.

എന്നാല്‍ ഇതു മാത്രമല്ല ശ്രീജയെ നാട്ടുകാരുടെ പ്രിയങ്കരിയാക്കുന്നത്.


നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com

അയല്‍ക്കാര്‍ക്കും ചുറ്റുപാടുമുള്ളവര്‍ക്കും അടുക്കളത്തോട്ടമുണ്ടാക്കാനുള്ള സഹായവും നിര്‍ദ്ദേശവും നല്‍കി കൂടെ നില്‍ക്കും ശ്രീജ.

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെക്കൂടിയതാണ് കൃഷി പ്രേമം. കൃഷിയോടുള്ള ഇഷ്ടം കൂടിക്കൂടി കോട്ടയം എം ജി യൂനിവേഴ്സിറ്റിയില്‍ നിന്ന് ഓര്‍ഗാനിക് ഫാമിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായി.

ശ്രീജയുടെ ഗ്രോബാഗ് കൃഷി

നഗരങ്ങളില്‍ താമസിക്കുന്ന പലരും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളെങ്കിലും സ്വയം കൃഷി ചെയ്തുണ്ടാക്കാന്‍ ആഗ്രഹമുള്ളവരാകും. കൃഷി ചെയ്യാനുള്ള മനസ്സും സമയവുമൊക്കെയുണ്ടെങ്കിലും സ്ഥലപരിമിതി ഒരു പ്രശ്നമാവും.

എറണാകുളത്ത് കൂനമ്മാവിനടുത്ത കൊറ്റാലില്‍ താമസിക്കുന്ന ശ്രീജയും ഭര്‍ത്താവ് ജെന്‍സണും  ആ പരിമിതികളെയൊക്കെ തോല്‍പ്പിച്ചാണ് വിജയം നേടിയത്. കുറിക്കുന്നത്. അഞ്ച് സെന്‍റ് ഭൂമി മാത്രമേ ഇവര്‍ക്കുമുള്ളൂ. അതിലാണ് വീടും കൃഷിയുമൊക്കെ.

ഇതിനൊപ്പം ജൈവിക എന്ന പേരിലൊരു നഴ്സറിയും നടത്തുന്നുണ്ട് അവര്‍.

വീട്ടുമുറ്റത്തെ കൃഷിത്തോട്ടത്തില്‍ ശ്രീജ

“ഇവിടെ അഞ്ചും ആറും സെന്‍റില്‍ വീട് വയ്ക്കുന്നവരാണ് കൂടുതലും. ഞങ്ങളുടെ വീടും അഞ്ച് സെന്‍റിലാണ്. അതിനോട് ചേര്‍ന്ന സ്ഥലത്താണ് ഓരോന്ന് നട്ടു പിടിപ്പിച്ചിരിക്കുന്നത്,”  ശ്രീജ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഞങ്ങള്‍ കൃഷി പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളൊന്നുമല്ല. എന്‍റെ അമ്മ വീട്ടില്‍ കുറച്ച് കൃഷിയൊക്കെയുണ്ടായിരുന്നു. ചോറ്റാനിക്കര മുളന്തുരുത്തിയിലാണത്.


പക്ഷേ ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ അതൊക്കെ അവസാനിച്ചു. അതുകൊണ്ടു തന്നെ കൃഷി ചെയ്ത പരിചയമൊന്നും ഇല്ല.


“പക്ഷേ ഞങ്ങള്‍ക്ക് കൃഷി ഇഷ്ടമായിരുന്നു. എന്നെക്കാള്‍ ഭര്‍ത്താവിനായിരുന്നു കൃഷിയോട് കമ്പം കൂടുതല്‍. അങ്ങനെയാണ് കൃഷി ചെയ്താലോ എന്നൊരു അഭിപ്രായം ആള് പറയുന്നത്.”

പക്ഷേ, അതിനായി വിത്തുകളും തൈകളും അന്വേഷിച്ചപ്പോഴാണ് അവര്‍ ഒരു കാര്യം മനസ്സിലാക്കിയത്, നല്ല വിത്തുകളും നടീല്‍ വസ്തുക്കളും കിട്ടാന്‍ കുറച്ചു പാടാണെന്ന്.

“എന്നാല്‍ പിന്നെ കൃഷിയ്ക്കൊപ്പം തൈയും വിത്തും കൂടി നല്‍കിയാലോ.. ആള്‍ക്കാര്‍ക്ക് ഉപകാരപ്പെടുമല്ലോ. അങ്ങനെയാണ് വിത്തുകള്‍ക്കും തൈകള്‍ക്കും പിന്നാലെ പോകുന്നത്. അധികം വൈകാതെ വീട്ടില്‍ ജൈവിക നഴ്സറിയും തുറന്നു.

“വീട്ടില്‍ സ്ഥലപരിമിതിയുള്ളതുകൊണ്ട് കുറച്ചു പച്ചക്കറികള്‍ അയല്‍വീടിന്‍റെ മുറ്റത്താണ് നട്ടിരിക്കുന്നത്. അവിടെ  ഗ്രോബാഗുകളാണ് വെച്ചിരിക്കുന്നത്. ഇതില്‍ പച്ചക്കറി കൃഷിയാണ്,” ശ്രീജ തുടരുന്നു.

200-ഓളം ഗ്രോബാഗുകളില്‍ പല തരം പച്ചക്കറികള്‍, ഒപ്പം ഫലവൃക്ഷങ്ങളും– പലതരം വാഴകള്‍, തെങ്ങ്, ചാമ്പ, കുടുംപുളി, ആയുര്‍ജാക്ക് പ്ലാവ്, ചാമ്പയുമൊക്കെയാണ് നട്ടിരിക്കുന്നത്. പഴയ ബക്കറ്റിലും ഡ്രമ്മിലുമൊക്കെയാണ് ഇതൊക്കെ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.

വീടിനടുത്ത് ഏതാണ്ട് 20 സെന്‍റ് ഭൂമിയിലും അവര്‍ കൃഷി ചെയ്യുന്നുണ്ട്. അത് സ്വന്തം സ്ഥലമല്ല. വെറുതെ കിടന്ന ഭൂമി കൃഷിക്കായി ഉപയോഗിക്കുകയാണ് ശ്രീജ.

അയല്‍പ്പക്കത്തെ വീട്ടില്‍ ഗ്രോബാഗ് കൃഷി ചെയ്യുന്ന ശ്രീജ

“ഉടമസ്ഥന്‍റെ അനുവാദത്തോടെയാണ് ഇവിടെ കൃഷി ചെയ്യുന്നത്. പുഴയോട് ചേര്‍ന്ന ഭൂമിയാണിത്.

“കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഈ പറമ്പിലെ കൃഷിയൊക്കെ നശിച്ചിരുന്നു. ഏതാണ്ട് രണ്ട് ലക്ഷത്തിന്‍റെ നഷ്ടമാണ് അന്നുണ്ടായത്. ഇപ്പോ വീണ്ടും കൃഷിയിറക്കിരിക്കുകയാണ്. പാവലും പടവലവും പീച്ചിങ്ങയുമൊക്കെയാണ് നട്ടിരിക്കുന്നത്.

“കൃഷി ചെയ്തുകിട്ടുന്നതിന്‍റെ ചെറിയൊരു ഓഹരി അവര്‍ക്ക് കൊടുക്കും.. അത്രേയുള്ളൂ. വെറുതേ കാട് പിടിച്ച് കിടക്കുന്ന ഭൂമിയായിരുന്നു. അവര് കൃഷി ചെയ്തോളൂവെന്നു പറഞ്ഞപ്പോ ഏറ്റെടുത്ത് ഞങ്ങള് ഓരോന്നു നട്ടു പിടിപ്പിക്കുകയായിരുന്നു,” ശ്രീജ പറയുന്നു.

“വീട്ടാവശ്യത്തിനുള്ള പച്ചക്കറികളില്‍ കുറേയൊക്കെ ഇവിടെ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നുണ്ട്. പച്ചമുളകും വെണ്ടയും മത്തനും കുമ്പളവും പാവലും തക്കാളിയുമൊക്കെ കുറേയുണ്ടാകുന്നുണ്ട്.

“ജൈവികയില്‍ ഹൈബ്രിഡ് വിത്തുകളും തൈകളുമൊക്കെ വില്‍ക്കുന്നുണ്ട്. ഗ്ലാസിലും ട്രേയിലും തൈകള്‍ മുളപ്പിച്ച് നല്‍കുന്നുണ്ട്. ഇതിനൊപ്പം ഗ്രോ ബാഗില്‍ വളവും കുമ്മായവും മണ്ണും നിറച്ച് തൈകള്‍ നട്ടും ആവശ്യക്കാര്‍ക്ക് കൊടുക്കുന്നുണ്ട്.

“ഗ്രോബാഗും തൈയും കൂടി 80 രൂപയ്ക്കാണ് നല്‍കുന്നത്. ആവശ്യക്കാര്‍ പറയുന്ന തൈ ഗ്രോബാഗില്‍ മുളപ്പിച്ച് നല്‍കും. ഏത് വേണമെന്നു പറഞ്ഞാല്‍ മതി, അതനുസരിച്ച് ചെയ്തു കൊടുക്കും.”

ജെന്‍സന്‍ കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്സ് സഹകരണ ബാങ്കിലെ സീനിയര്‍ ക്ലര്‍ക്കാണ്. അദ്ദേഹം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് രണ്ടുപേരും ചേര്‍ന്ന് ഗ്രോബാഗുകള്‍ തയ്യാറാക്കുന്നത്.


ഞങ്ങള് രണ്ടാളും കൂടി വൈകുന്നേരം നാലു മണിയോടെ പണിയാരംഭിക്കും. രാത്രി പതിനൊന്ന് മണി വരെ ഇതു തുടരും.


“പകലാണ് വളമിടലും നനയ്ക്കലുമൊക്കെ. പിന്നെ തൈ വാങ്ങാനുള്ളവരും വരുമല്ലോ. ഈ പണികളൊക്കെ ഞാനും ഭര്‍ത്താവിന്‍റെ അമ്മ ലൂസിയും കൂടിയാണ് ചെയ്യുന്നത്.

“ഞാനെവിടെയങ്കിലും പോയാലും അമ്മ കാര്യങ്ങളൊക്കെ നോക്കിക്കൊള്ളും. അമ്മയ്ക്ക് ഇതൊക്കെ ഇഷ്ടമാണ്. ഇലവര്‍ഗങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ഇവിടെ. ഈ ഇലച്ചെടികളുടെ തൈകള്‍ക്ക് ആവശ്യക്കാരും ഏറെയാണ്,” ശ്രീജ പറയുന്നു.

പച്ച കാന്താരി തൈകൾ, കോളിഫ്ലവർ, ബ്രോക്കോളി, റെഡ് കാബേജ്, ചൈനീസ് കാബേജ്, ബീറ്റ്റൂട്ട്, തക്കാളി, ചെറി തക്കാളി, സിറ പച്ചമുളക്, ഉജ്ജ്വല, ഹൈബ്രിഡ് കാന്താരി, ഗുണ്ട് മുളക്, ബജി മുളക്,  വെണ്ട, വെണ്ട, സുന്ദരി ചീര,  പാലക് ചീര ഇങ്ങനെ തുടങ്ങി ഒട്ടുമിക്ക പച്ചക്കറി തൈകളും ജൈവികയിലുണ്ട്.


ഇതുകൂടി വായിക്കാം:സ്വപ്നയുടെ ഭക്ഷ്യവനത്തില്‍ ‘ഷുഗര്‍ ഫ്രീ’ അടക്കം 25 ഇനം കപ്പ, വരത്തന്‍ കിഴങ്ങുകളും പഴങ്ങളും, പലതരം വാഴകള്‍, 15 ഇനം പേര; കൃഷിക്കാഴ്ചകള്‍ കാണാന്‍ എന്നും തിരക്ക്


“സുഹൃത്തുക്കളൊക്കെ വഴി പലരും തൈകള്‍ അന്വേഷിച്ച് ഇവിടെ വരാറുണ്ട്. പിന്നെ, സോഷ്യല്‍ മീഡിയയും പ്രയോജനപ്പെടുത്താറുണ്ട്. തൈകളെക്കുറിച്ചും ഇവിടുള്ള വിത്തുകളെക്കുറിച്ചുമൊക്കെ ഫെയ്സ്ബുക്കില്‍ ചിത്രസഹിതം പോസ്റ്റുകള്‍ എഴുതിയിടും. ഇതുകണ്ടു പലരും വാങ്ങാന്‍ വരാറുണ്ട്,” വിപണനത്തെക്കുറിച്ച് ശ്രീജ.

പൂര്‍ണമായും ജൈവവളാണ് ജൈവികയില്‍ നിന്ന് വിതരണം ചെയ്യുന്നതെന്ന് ശ്രീജ ഉറപ്പുനല്‍കുന്നു.

“ഞങ്ങളുടെയൊരു സുഹൃത്ത് ജീവമൃതം ഉണ്ടാക്കി തരുന്നുണ്ട്. മീനും ഉമിക്കരിയും യോജിപ്പിച്ചുണ്ടാക്കുന്ന മീന്‍ വളം, കോഴിവളം, ചാണകപ്പൊടി, ആട്ടിന്‍ക്കാട്ടം പൊടിച്ചത്, ഫിഷ് അമിനോ ആസിഡ് ഇതൊക്കെയാണ് വളമായി വില്‍ക്കുന്നത്.

“സാധാരണ ചാണകം വെയിലില്‍ ഉണക്കിപ്പൊടിച്ചാണ് പലയിടത്തും കൊടുക്കുന്നത്. അങ്ങനെ ഉണക്കുന്നത് നല്ലതല്ല. അതിന്‍റെ എല്ലാ ഗുണങ്ങളും നഷ്ടമാകും.

“എന്നാല്‍ ഞങ്ങള് ചാക്കില്‍ കെട്ടി വെച്ച് തണലില്‍ ഉണക്കിയെടുത്ത പൊടിയാണ് വില്‍ക്കുന്നത്. ചാണകം ഉണക്കാനുള്ള ശരിയായ മാര്‍ഗമിതാണ്,” ശ്രീജ പറഞ്ഞുതരുന്നു.

അധികം പണം മുടക്കാതെ കൃഷി ചെയ്യാനും എങ്ങനെ ജൈവവളം ഉണ്ടാക്കാമെന്നുമൊക്കെ ജൈവികയിലെത്തുന്നവര്‍ക്ക് ശ്രീജ  പറഞ്ഞു കൊടുക്കാറുമുണ്ട്.

കോട്ടയം എം ജി യൂനിവേഴ്സിറ്റിയില്‍ ഓര്‍ഗാനിക് ഫാമിങ്ങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ചെയ്തപ്പോള്‍ ശ്രീജ മാത്രമല്ല ജെന്‍സണും ഒപ്പം ചേര്‍ന്നു.

“ഞാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് പൂര്‍ത്തിയാക്കിയത്. അദ്ദേഹം പഠിക്കുന്നത് ഡിപ്ലോമയാണ്. ഈ കോഴ്സ് കൃഷിയോടുള്ള നിലപാടുകളില്‍ തന്നെ മാറ്റം വരുത്തി. എങ്ങനെയുള്ള ഭക്ഷണം കഴിക്കണം, എങ്ങനെ ഉണ്ടാക്കണം, എന്ത് നടണം, ഓരോ വളങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദോഷങ്ങള്‍.. ഇതേക്കുറിച്ചൊക്കെ കോഴ്സിന്‍റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട്.

“ആറുമാസത്തെ കോഴ്സായിരുന്നു. ജൈവവളമുപയോഗിച്ച് കൃഷി ചെയ്യുന്നതിനെക്കുറിച്ചും അടുക്കളതോട്ടത്തില്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം പഠിക്കാനുണ്ടായിരുന്നു,” ശ്രീജ പറയുന്നു.

സ്വന്തം വീട്ടില്‍ മാത്രമല്ല നാട്ടുകാര്‍ക്കിടയിലും ശ്രീജ കൃഷി പ്രോത്സാഹിപ്പിക്കാറുണ്ട്. ശ്രീജയുടെ വീട്ടിലെ കൃഷിയും തോട്ടവുമൊക്കെ കണ്ട് അയല്‍ക്കാരി  മെരിറ്റ സൈമണും കൃഷിതുടങ്ങി.

രണ്ട് വീട് അപ്പുറത്താണ് മെരിറ്റയുടെ വീട്. ജൈവികയില്‍ നിന്ന് 10 ഗ്രോബാഗ് വാങ്ങിയാണ് മെരിറ്റ തുടങ്ങിയത്. ഇന്നും അവര് കൃഷി ചെയ്യുന്നുണ്ട്. നല്ല വിളവും അവര്‍ക്ക് കിട്ടുന്നുണ്ടെന്നു ശ്രീജ.

“ഒരാള്‍ മാത്രമല്ല ഇവിടുത്തെ കൃഷി കണ്ട് പലരും വീട്ടില്‍ അടുക്കള തോട്ടമൊരുക്കി. ഇതൊക്കെയാണ് എന്‍റെ വലിയ സന്തോഷങ്ങള്‍. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ എന്‍റെ കൃഷിയോട് ഇഷ്ടവുമുണ്ട്.

“പലരും കാണാനും വരാറുണ്ട്. വെറുതേ വന്നു കണ്ടു പോകുകയല്ല. വിളവെടുപ്പിനൊക്കെ കൂടെ കൂടാറുമുണ്ട്.

“കഴിഞ്ഞ തവണ തന്നെ, കുറേ പച്ചമുളകുണ്ടായി. ഞങ്ങള് വീട്ടുകാരും അയല്‍ക്കാരുമെല്ലാവരും കൂടിയാണ് പച്ചമുളക് വിളവെടുത്തത്. അത്രയേറെ പച്ചമുളകുണ്ടായിരുന്നു.


ഒരു മടിയുമില്ലാതെ എല്ലാവരും കൂടി പച്ചമുളക് വിളവെടുപ്പ് ആഘോഷമാക്കിയത്.


“വിളവെടുപ്പിന് മാത്രമല്ല ഗ്രോബാഗ് നിറയ്ക്കാനും തൈ നടാനുമൊക്കെ പലരും വരാറുണ്ട്. അവര് ഒന്നും പ്രതീക്ഷിച്ച് ചെയ്യുന്നതൊന്നും അല്ല. കൃഷിയോടുള്ള ഇഷ്ടം കൊണ്ടല്ലേ.

“അടുക്കളത്തോട്ടം ചെയ്യണമെന്നുള്ളവരെ സഹായിക്കാറുണ്ട്. അവര്‍ക്ക് നിര്‍ദേശങ്ങളൊക്കെ നല്‍കാറുണ്ട്. എങ്ങനെ നടണം, പരിചരിക്കണം, ഏത് വളം എങ്ങനെ കൊടുക്കണം ഇതൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്.

“വിപണനത്തിനുള്ള മാര്‍ഗവും നമ്മള് തന്നെ കണ്ടെത്തണമെന്നാണ് അവരോട് പറയുന്നത്. ഇടനിലക്കാര്‍ വന്നാല്‍ ലാഭം കിട്ടില്ല. നേരിട്ട് ആള്‍ക്കാരിലേക്കെത്തിക്കുകയാണെങ്കില്‍ വരുമാനവും കൂടും.

“വീട്ടില്‍ ജൈവപച്ചക്കറിയേ ഉപയോഗിക്കാറുള്ളൂ. വീട്ടില്‍ ഇല്ലാത്തവ ജൈവ പച്ചക്കറി കടയില്‍ നിന്നു വാങ്ങുകയാണ് പതിവ്. പരമാവധി ജൈവപച്ചക്കറിയും അരിയുമൊക്കെയാണ് ഉപയോഗിക്കുന്നത്,” ശ്രീജ വ്യക്തമാക്കുന്നു.

ശ്രീജയ്ക്കും ജെന്‍സണും ഒരു മകനാണ്–ദന്‍ഹര്‍. കൂനമ്മാവ് സെന്‍റ് ജോസഫ് സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്.

“സ്ഥലപരിമിതിയും സമയവും പ്രശ്നമാണ്. വിപുലമാക്കിയില്ലെങ്കിലും ഈ കൃഷി അവസാനിപ്പിക്കില്ല. ഇതു ഇനിയും തുടരുക തന്നെ ചെയ്യും,” കൃഷി വിപുലമാക്കാനുള്ള ആഗ്രഹം തല്‍ക്കാലം മനസ്സിലൊതുക്കിക്കൊണ്ട് ശ്രീജ പറഞ്ഞു.


ഇതുകൂടി വായിക്കാം:നാലുമാസം കൊണ്ട് 800 കിലോ ജൈവപച്ചക്കറി വിളയിച്ച് നൂറുകണക്കിന് രോഗികളെ ഊട്ടിയ കോളെജ് വിദ്യാര്‍ത്ഥികള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം