വെറുതെ കുഴിച്ചുമൂടിയിരുന്ന ആനപ്പിണ്ടം വളമാക്കിയെടുത്ത് 10 ഏക്കറിൽ ജൈവകൃഷി

പക്ഷേ, ആനപ്പിണ്ടം നേരിട്ട് അടിവളമായി ഉപയോഗിക്കാന്‍ കഴിയില്ല. അതിന്‍റെ രീതികള്‍ കൃഷ്ണപ്രസാദ് പറഞ്ഞുതരുന്നു.

ലപ്പുഴക്കാരന്‍ കൃഷ്ണപ്രസാദ് വക്കീലാണ്, പൊതുപ്രവര്‍ത്തകനാണ്,  ആനമുതലാളിയാണ്, കര്‍ഷകനുമാണ്.

അങ്ങനെ പല വിശേഷണങ്ങളുള്ള, എന്നാല്‍ കോടതിയിൽ പോകാത്ത ഈ വക്കീലിന്‍റെ പുതിയൊരു വിശേഷമാണ്  ഇപ്പോള്‍ നാട്ടിൽ പാട്ടായിരിക്കുന്നത്.

ആലപ്പുഴ മാരാരിക്കുളം കലവൂരിൽ കുളമാക്കിയില്‍ വീട്ടിൽ അഡ്വ. കൃഷ്ണ പ്രസാദിന്‍റെ കൃഷിക്കാര്യം ഒരു ആനക്കാര്യം തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി.

ഒപ്പം, ആനപ്പിണ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും തുടങ്ങി. വീട്ടില്‍ അഞ്ച് ആനയുള്ളപ്പോള്‍ പിന്നെ പശുവിന്‍ ചാണകവും കോഴിക്കാഷ്ഠവും തേടി നടക്കുന്നതെന്തിന്?

കൃഷ്ണപ്രസാദ് കൃഷിപ്പണിക്കിടെ

ആനപ്പിണ്ടം ഉപയോഗിച്ച് പത്തേക്കറിലാണ് അദ്ദേഹത്തിന്‍റെ ജൈവകൃഷി. നെല്ലും പച്ചക്കറികളും തെങ്ങും കപ്പയും വാഴയുമൊക്കെയായി ആ തോട്ടം ഇങ്ങനെ പച്ചവിരിച്ച് നില്‍ക്കുകയാണിപ്പോള്‍.

“എൽഎൽബിയൊക്കെ പഠിച്ചുവെങ്കിലും അഭിഭാഷവൃത്തിയൊന്നും ചെയ്യുന്നില്ല. സിപിഐ ജില്ല ഭാരവാഹിയും ആന ഉടമ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റാണ്.  ഈ തിരക്കുകൾക്കിടയിൽ കൃഷിക്കാര്യങ്ങൾക്ക് ഏറെ സമയവും ഇല്ലായിരുന്നു,” കൃഷ്ണപ്രസാദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങുന്നു.

“പക്ഷേ കോവിഡ് 19 വന്നതോടെയുണ്ടായ ലോക്ക് ഡൗൺ ദിവസങ്ങളിലാണ് കൃഷിയിൽ സജീമാകുന്നത്. കര്‍ഷക കുടുംബമായിരുന്നു. കൃഷിയൊക്കെ കണ്ടും അറിഞ്ഞും തന്നെയാണ് വളര്‍ന്നത്.

ആനപ്പിണ്ടം വളമായി നല്‍കുന്ന കൃഷിത്തോട്ടം

“ഞാനൊക്കെ ജനിക്കുന്നതിനും മുന്‍പേ വീട്ടില്‍ ആനകളുണ്ട്. ആ പതിവ് ഇപ്പോഴും തുടരുന്നു… അഞ്ച് ആനകളില്ലേ.. കുറേ ആനപ്പിണ്ടവുമുണ്ട്. സാധാരണ ഇതൊക്കെ കൂട്ടിയിട്ട് കത്തിക്കുകയോ കുഴി മൂടാനൊക്കെ ഉപയോഗിക്കുകയോ ചെയ്യുമായിരുന്നു. പക്ഷേ, ആനപ്പിണ്ടം വളമാക്കി ഉപയോ​ഗിക്കാമെന്ന ചിന്ത വന്നതോടെ ശ്രമിച്ചു നോക്കുകയായിരുന്നു.

“ഇതുവരെ ആരും ആനപ്പിണ്ടം വളയമായിട്ടൊന്നും ഉപയോ​ഗിച്ചിരുന്നില്ല. ചാണകവും ആട്ടിൻക്കാട്ടവും പോലെയല്ല പിണ്ടത്തിന് ചൂട് കൂടുതലാണ്. നല്ല ചൂട് തന്നെയാണ്. അത്ര പെട്ടെന്നു പിണ്ടത്തിന്‍റെ ചൂട് കളഞ്ഞ് ഉപയോ​ഗിക്കാനും സാധിക്കില്ല.

“മാസങ്ങളോളം പഴക്കമുള്ള ആനപ്പിണ്ടത്തിന്‍റെ ഒരു പാളി മാറ്റി നോക്കിയാൽ ആവി പറക്കുന്നത് കാണാൻ പറ്റും. അത്ര ചൂട് അതിനുള്ളിലുണ്ടാകും. ആനപ്പിണ്ടം ആരെങ്കിലും കൃഷിക്ക് ഉപയോ​ഗിച്ചതായി അറിവില്ല.

“തെങ്ങ് പോലുള്ള വൃക്ഷങ്ങൾക്ക് ആനപ്പിണ്ടമിട്ടു കൊടുക്കാറുണ്ട്. അതിന്‍റെ ചുവട്ടിലൊന്നും അല്ല. വൃക്ഷങ്ങളിൽ നിന്ന് കുറച്ചകലെ കുഴിയെടുത്ത് ആനപ്പിണ്ടമിട്ട് മൂടും. അത്രേയുള്ളൂ.

“നേരിട്ട് അങ്ങനെയാരും വളമായി ഉപയോ​ഗിക്കാറില്ല. ഏതാണ്ട് ഈ വർഷമാദ്യമാണ് ആനപ്പിണ്ടം വളമാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. എന്നാല്‍ അതൊന്നു പരീക്ഷിച്ചു നോക്കുന്നത് മാര്‍ച്ച് മാസത്തിലാണ്. ഒന്നു രണ്ട് വരമ്പില്‍ അടിവളമായി ആനപ്പിണ്ടം ചേര്‍ത്ത ജൈവവളമിട്ടു കൊടുത്തു. പ്രകടമായ മാറ്റം കണ്ടതോടെയാണ് ഒരേക്കറില്‍ ആനപ്പിണ്ടം കൊണ്ടുള്ള വളം ഉപയോഗിക്കാന്‍ തുടങ്ങി.” ചെടികളില്‍ നല്ല മാറ്റം കണ്ടു. അതോടെ ആനപ്പിണ്ടം നല്ല വളം തന്നെയാണെന്ന് ഉറപ്പിച്ചു.

“സാധാരണ ചാണകവും ഇലകളുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന കംപോസ്റ്റിലാണ് ആനപ്പിണ്ടവും ചേര്‍ത്ത് വളമുണ്ടാക്കിയത്.  ചാണകവും കോഴിക്കാഷ്ഠവുമൊക്കെ ചേര്‍ത്തുള്ള അടിവളമാണ് തൈകള്‍ക്ക്  നല്‍കിയിരുന്നത്. എന്നാല്‍ അതിനൊപ്പം ആനപ്പിണ്ടം കൂടി ചേര്‍ത്തു,” കൃഷ്ണപ്രസാദ് പറഞ്ഞു.

ഏതാണ്ട് പത്തേക്കറിലേറെ ഭൂമിയില്‍ കൃഷ്ണ പ്രസാദ് കൃഷി ചെയ്യുന്നുണ്ട്. “ഈ സ്ഥലം പൂര്‍ണമായും എന്‍റേതല്ല, കൂട്ടത്തില്‍ ബന്ധുക്കളുടെ സ്ഥലവമുണ്ട്.” അദ്ദേഹം വിശദമാക്കുന്നു.

“നെല്‍കൃഷി അടക്കം കൃഷിയുണ്ട്. ബന്ധുക്കളില്‍ പലരും ഇവിടെയില്ല, പലയിടത്താണ് താമസം. അവരുടെ ഭൂമിയിലും ഞാന്‍ തന്നെയാണ് കൃഷിയിറക്കിയത്.

വീടിനോട് ചേര്‍ന്നു തന്നെയാണ് കൃഷ്ണപ്രസാദിന്‍റെ കൃഷിഭൂമിയും. എല്ലാത്തരം പച്ചക്കറിയും കിഴങ്ങുകളും കൃഷിയുണ്ട്.


ഇതുകൂടി വായിക്കാം:കോട്ടയത്തിന്‍റെ ചരിത്രത്തിന് പുറകെ ഒരു ചിത്രകാരന്‍, ആ പഠനങ്ങള്‍ ഒഴുകിച്ചേര്‍ന്നത് നദികളുടെയും തോടുകളുടെയും വീണ്ടെടുപ്പില്‍

“മൂന്നര ഏക്കര്‍ നെല്ല് കൃഷിയാണ്. ബാക്കിയൊക്കെ 500 ചുവട് വരെയുണ്ട്. രണ്ട് ദിവസം കൂടുമ്പോഴാണ് വിളവെടുപ്പ്. കപ്പയും ചേനയും വാഴയുമാണ് ഇനി വിളവെടുക്കാനുള്ളത്.

“പടവലവും പയറും വിളഞ്ഞു വരുന്നതേയുള്ളൂ. വിളവെടുപ്പിന്‍റെ ആദ്യദിവസങ്ങളില്‍ ഓരോ ദിവസവും 500 കിലോയോളം പച്ചക്കറി കിട്ടിയിരുന്നു.

“നേരത്തെ വയലില്‍ വെള്ളരിയും തണ്ണിമത്തനും കൃഷി ചെയ്തിരുന്നു. അതൊക്കെയും ഹോര്‍ട്ടികോര്‍പ്പിനാണ് വിറ്റത്. പച്ചക്കറിയുടെ എണ്ണം കൂടിയതോടെ ഹോള്‍സെയ്‍ല്‍ വില്‍പ്പനയുമുണ്ടായിരുന്നു.

ആനപ്പിണ്ടം കംപോസ്റ്റ് ചെയ്തെടുക്കുന്നു

“എന്നാല്‍ ഇപ്പോള്‍ തോട്ടത്തില്‍ നിന്നു തന്നെ നേരിട്ട് വില്‍പ്പനയുണ്ട്. ആദ്യമൊക്കെ ഇത്രയും വിളവ് തോട്ടത്തില്‍ നിന്നു കിട്ടിയപ്പോ ആശങ്കയായിരുന്നു. വിറ്റു തീര്‍ക്കാനാകുമോയെന്ന ആ ടെന്‍ഷനൊക്കെ ഇപ്പോ മാറി.” ഇപ്പോള്‍ നല്ല വിപണി കിട്ടുമെന്നത് തന്നെയാണ് വീണ്ടും കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

“ഇതിനൊപ്പം കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കിന്‍റെ പിന്തുണയുമുണ്ട്.


ബാങ്കിന്‍റെ പേരിലൊരു നാട്ടുക്കൂട്ടം എന്ന കാര്‍ഷിക കൂട്ടായ്മയുണ്ട്. കൃഷിപ്പണിക്കുള്ള ആള്‍ക്കാരെയൊക്കെ നാട്ടുക്കൂട്ടത്തില്‍ നിന്നു കിട്ടും.


“അവരുടെ സഹായവും പിന്നെ പ്രദേശവാസികളായ പണിക്കാരുമുണ്ട്.
കൃഷി വിപുലമാക്കണമെന്നുണ്ട്, ശ്രമങ്ങള്‍ തുടരുന്നു. കേട്ടറിഞ്ഞും കണ്ടറിഞ്ഞും ആള്‍ക്കാര്‍ കൃഷിത്തോട്ടം കാണാനും വരുന്നുണ്ട്.

“ഇതൊക്കെ കണ്ടിട്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയാണെങ്കില്‍ നല്ലതല്ലേ. കൃഷിയ്ക്കൊപ്പം ആനപ്പിണ്ടം കൊണ്ടുള്ള കംപോസ്റ്റ് വ്യവസായിക അടിസ്ഥാനത്തില്‍ ചെയ്യണമെന്നു പദ്ധതിയുണ്ട്.

“ആനകള്‍ സ്വന്തമായുള്ളതു കൊണ്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്ന് കൃഷ്ണപ്രസാദ്.

പാര്‍ഥസാരഥി കുളമാക്കിയില്‍, ഗണേശന്‍ കുളമാക്കിയില്‍, ജയകൃഷ്ണന്‍ കുളമാക്കിയില്‍, മാധവന്‍ കുളമാക്കിയില്‍, രാജ കുളമാക്കിയില്‍ എന്നിങ്ങനെയായി അഞ്ച് ആനകളാണ് കൃഷ്ണപ്രസാദിന് സ്വന്തമായുള്ളത്.

ആനപ്പിണ്ടം വെറുതെ കുഴിയെടുത്തുമൂടുകയായിരുന്നു ഇതുവരെ. കുറേ കത്തിക്കും. “പക്ഷേ കത്തിച്ചാലും പെട്ടെന്നു തീരില്ല. പറഞ്ഞാല്‍ വിശ്വസിക്കില്ല, ഈ പിണ്ടം കത്തിച്ചാല്‍ ഒരു മാസമൊക്കെ പുകഞ്ഞുകൊണ്ടിരിക്കും,” അദ്ദേഹം പറയുന്നു.

പണ്ടേ വീട്ടില്‍ ആനയുള്ളതുകൊണ്ടും ആനക്കമ്പമുള്ളതുകൊണ്ടും ആനകളെ ഇപ്പോഴും കൊണ്ടുനടക്കുകയാണെന്ന് കൃഷ്ണപ്രസാദ്.

ആനകളെ വളര്‍ത്തുന്നത് വലിയ ചെലവേറിയ കാര്യമാണ്. ഉത്സവത്തിനും മറ്റുമൊക്കെ പോയി കിട്ടുന്ന വരുമാനത്തിലൊന്നും അവയെ പരിചരിക്കാനുമാകില്ല. ലാഭമുള്ള മേഖലയുമല്ല.  കോവിഡ് 19 വന്നതോടെ ആനകളില്‍ നിന്നുള്ള വരുമാനവും നിലച്ചു പ്രതിസന്ധിഘട്ടമാണ്.”

ആനകളെ വളര്‍ത്തുന്നതിലും കൃഷിക്കാര്യങ്ങളിലുമൊക്കെ പിന്തുണയോടെ കുടുംബം ഒപ്പമുണ്ട്.

“അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊക്കെ ഇഷ്ടമാണ്. ആന ഞങ്ങള്‍ക്ക് കാഴ്ച വസ്തുവൊന്നും അല്ല. കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. അതുകൊണ്ട് ആര്‍ക്കും എതിര്‍പ്പില്ല. സീതമ്മയെന്നാണ് അമ്മയുടെ പേര്. എസ്ബിഐ ആലപ്പുഴ ടൗണ്‍ ബ്രാഞ്ചിലെ മാനെജറായ രജിതയാണ് ഭാര്യ. പത്താം ക്ലാസുകാരി ഗാഥയും ആറാം ക്ലാസുകാരി മീരയുമാണ് മക്കള്‍,” അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കാം:10-ാം വയസില്‍ രണ്ട് സെന്‍റില്‍ തുടക്കം; രണ്ടിനം പയര്‍ വികസിപ്പിച്ച് കര്‍ഷകര്‍ക്കിടയിലെ ‘ശാസ്ത്രജ്ഞ’നായി, കൃഷി ഡോക്റ്ററും അധ്യാപകനുമായി


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം