കൃഷിക്കമ്പം കയറി ഈ പേരെടുത്ത ക്രിമിനല്‍ വക്കീല്‍ ചെയ്ത പണികള്‍ കണ്ട് കൊല്ലം വെളിയത്തെ നാട്ടുകാരില്‍ ചിലരെങ്കിലും പറഞ്ഞു: ‘തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഇങ്ങനെ ചയ്യ്വോ?’
നാട്ടുകാര്‍ക്ക് അങ്ങനെ തോന്നിയതില്‍ അവരെ പൂര്‍ണ്ണമായി കുറ്റം പറയാനുമൊക്കില്ല.
നല്ല ആദായം തരുന്ന റബര്‍ മരങ്ങളാണ് ഒരു തോന്നലിന് മൊത്തത്തിലങ്ങ് വെട്ടി തടിയാക്കിയത്. കുറച്ചൊന്നുമല്ല, നാലേക്കറില്‍! പകരം പ്ലാവ് വെച്ചു.
പക്ഷേ, നാട്ടുകാരെന്ത് പറഞ്ഞാലും വക്കീലിന് അതൊന്നും ഒരു പ്രശ്നമേയല്ല. അല്ലെങ്കില്‍ത്തന്നെ, ഇതാദ്യമായിട്ടൊന്നും അല്ലല്ലോയെന്നാണ് കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനായ കെ എസ് രാജീവ് പറയുന്നത്.
“പണ്ട് രാഷ്ട്രീയത്തിലൊക്കെ സജീവമായിരുന്നു, യുവജനസംഘടനയുടെ അഖിലേന്ത്യ നേതാവുമായിരുന്നു. അന്ന് എല്ലാ പ്രശ്നങ്ങളിലും ഇടപെടും. അതൊക്കെ കണ്ട് അന്നും നാട്ടുകാരൊക്കെ പറഞ്ഞിരുന്നത് വട്ടാണെന്നു തന്നെയാണ്,” അദ്ദേഹം ചിരിക്കുന്നു.
അഭിഭാഷക ജോലിയുടെ വിരസതകളില്‍ നിന്ന് രക്ഷ തേടിയാണ് 64-കാരനായ രാജീവ് കൃഷിയിലേക്കെത്തുന്നത്. “കൊല്ലം വെളിയത്താണ് സ്വദേശം, കൃഷി ഭൂമിയും ഇവിടെ തന്നെയാണ്. പക്ഷേ, താമസം കൊല്ലം റെയ്ല്‍വേ സ്റ്റേഷന് സമീപം പട്ടത്താനത്താണ്.
ഒഴിവുദിവസങ്ങളില്‍ പട്ടത്താനത്തുനിന്ന് വെളിയത്തേക്ക് പോകും. ഇപ്പോള്‍ കോവിഡ്-19 കാരണം ധാരാളം ഒഴിവു സമയമുണ്ട്. അതെല്ലാം അദ്ദേഹം പ്ലാവിന്‍ തോട്ടത്തിലാണ് ചെലവഴിക്കുന്നത്.
“മുന്നു വര്‍ഷം മുന്‍പ്, 2017-ലെ സ്വാതന്ത്ര്യദിനത്തിലാണ് പ്ലാവ് നട്ടു തുടങ്ങുന്നത്. നാലേക്കറിലായി 400 പ്ലാവുകള്‍ നട്ടിട്ടുണ്ട്.
“റബറിന് 120 രൂപ വിലയുള്ള സമയത്താണ് വെട്ടിക്കളഞ്ഞ് പ്ലാവ് നട്ടു തുടങ്ങുന്നത്. റബര്‍ ആദായം തന്നെയാണ്. പക്ഷേ, മണ്ണിനെ നശിപ്പിക്കുന്നതുമാണ്,” ആ ബോധ്യത്തിലാണ് പ്ലാവിലേക്ക് തിരിഞ്ഞതെന്ന് അദ്ദേഹം.
“റബര്‍ തോട്ടത്തിലെ മണ്ണിന്‍റെ ജൈവസമ്പുഷ്ടത നശിക്കുന്നു, മഴക്കാലമാകുമ്പോള്‍ മുപ്ലിവണ്ടുകളുടെ ശല്യം ഇതൊക്കെയാണ് പ്രശ്നങ്ങള്‍. റബര്‍ കൃഷി മണ്ണിന് നല്ലതല്ലെന്നാണ് എന്‍റെ പക്ഷം.”
റബര്‍ വെട്ടാന്‍ വീട്ടിലും ആദ്യമൊന്നും സമ്മതമില്ലായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. കൃത്യമായി കിട്ടി കൊണ്ടിരിക്കുന്ന വരുമാനമാര്‍ഗം അടഞ്ഞു പോകുമെന്നൊക്കെ പലരും മുന്നറിയിപ്പ് കൊടുത്തു.
മാന്യമായ തൊഴിലും വരുമാനവുമൊക്കെയുള്ള ആള് എന്തിനാ ഇതൊക്കെ ചെയ്യുന്നതെന്നും ചോദിച്ചവരുണ്ട്.
“വെളിയം ഒരു നാട്ടിന്‍പുറമാണ്. വീടിന് സമീപത്ത് തന്നെ അഞ്ചിലേറെ ഗ്രാമീണ ചായക്കടകളുണ്ട്. കുറച്ചു കാലം ആ കടകളിലെ സംസാരവിഷയമായിരുന്നു ഞാനും,” അദ്ദേഹം ചിരിക്കുന്നു.
“എസ് എഫ് ഐ അഖിലേന്ത്യ ഭാരവാഹിയൊക്കെയായിരുന്നു. അന്ന് പല പ്രശ്നങ്ങളിലുമൊക്കെയുള്ള ഇടപെടലുകള്‍ കൊണ്ടു കുഴപ്പക്കാരനെന്നൊരു പേര് നാട്ടിലുണ്ടായിരുന്നു. എന്നാല്‍ റബര്‍ വെട്ടിക്കളഞ്ഞു പ്ലാവ് നടുന്നുവെന്നറിഞ്ഞപ്പോ എനിക്ക് ഭ്രാന്ത് കൂടിയെന്നാ നാട്ടുകാര് പറഞ്ഞത്.
“മുഴുഭ്രാന്താണ് അല്ലെങ്കില്‍ നല്ല വില കിട്ടുന്ന റബര്‍ വെട്ടിക്കളയുമോയെന്നാ പലരും ചോദിച്ചത്.
ഇതുകൂടി വായിക്കാം:പശയില്ലാത്ത സോംപാടി വരിക്ക തേടിപ്പോയ കൊല്ലംകാരന് ഇന്ന് കര്‍ണാടകയില്‍ 7 ഏക്കറില്‍ പ്ലാവ് നഴ്സറി
“വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ചായക്കടകളിലെ ചര്‍ച്ചകളില്‍ ചെറിയ വ്യത്യാസമുണ്ട്ട്ടോ. എന്‍റെ റേറ്റിങ്ങ് കൂടി.
വക്കീല്‍ ഒന്നും കാണാതെ ഒരു കാര്യവും ചെയ്യില്ലെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പറയുന്നത്,” അദ്ദേഹം വീണ്ടും ചിരിക്കുന്നു.
“പ്ലാവുകളില്‍ ചിലത് കായ്ച്ച് തുടങ്ങിയിട്ടുണ്ട്. 12 വെറൈറ്റി പ്ലാവുകളാണ് നട്ടിരിക്കുന്നത്. കൂടുതലും ബഡ് തൈകളാണ്.” ഗുണവും രുചിയുമുള്ള ഇനങ്ങള്‍ ഏതെന്ന് നോക്കിയാണ് പ്ലാവിന്‍ തൈകള്‍ കണ്ടെത്തിയതെന്നു രാജീവ്.
“തെക്കോട്ട് ചരിഞ്ഞ നിലമാണ് ഇവിടം. റബറിന് വേണ്ടി മെരുക്കിയ ഭൂമി മാറ്റിയെടുത്താണ് പ്ലാവിന്‍ തോട്ടമാക്കിയത്. തോട്ടത്തില്‍ പൂര്‍ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത്.
“ചാണകവും ജീവാമൃതവുമൊക്കെയാണ് വളമായി നല്‍കുന്നത്. ചാണകം പുറമേ നിന്നു വാങ്ങിക്കും. ജീവാമൃതം ഇവിടെ തന്നെയുണ്ടാക്കുന്നതാണ്. പറമ്പില്‍ രണ്ട് കുളങ്ങളുണ്ട്.
“കുളത്തില്‍ നിന്ന് തോട്ടത്തിലേക്ക് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും സ്വാദിഷ്ടമായ ചക്ക കൊടുക്കാന്‍ സാധിക്കണമെന്നതാണ് എന്‍റെ ആഗ്രഹം.
“തപോവന്‍ ജാക്സ് എന്നാണ് പ്ലാവിന്‍ തോട്ടത്തിന് പേരിട്ടിരിക്കുന്നത്.
“തെക്കോട്ട് ചരിഞ്ഞ നിലം ഫലസമ്പുഷ്ടമല്ലെന്നാണ് വാസ്തു പറയുന്നത്. പക്ഷേ അതൊന്നും പ്രശ്നമായിരുന്നില്ല. ഏറ്റവും തെക്കേ ചരിവില്‍ വയലിനോട് ചേര്‍ന്ന കുളമുണ്ടായിരുന്നു. അത് കല്ലൊക്കെ കെട്ടി നവീകരിച്ചു.
“അതിനു കുറച്ചു മുകളിലായി മറ്റൊരു കുളവും നിര്‍മ്മിച്ചു. പ്ലാവിന്‍ തൈകള്‍ നനക്കുന്നത് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമൊരുക്കുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ കുളം നിര്‍മിച്ചത്.
“ഈ ഭൂമിയിലുണ്ടായിരുന്ന കുളം ആറര ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. മണ്‍കുളമായിരുന്നല്ലോ. അതൊക്കെ കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയാണ് നവീകരിച്ചത്. പക്ഷേ 2018-ലെ പ്രളയത്തില്‍ ഭിത്തികള്‍ തകര്‍ന്നു വീണിരുന്നു. പക്ഷേ വീണ്ടും പണിതെടുത്തു,” അദ്ദേഹം വിശദമാക്കി.
മൂന്നു വര്‍ഷമായി മത്സ്യം കൃഷി ചെയ്യുന്നുണ്ട്. 100 താറാവുകളുമുണ്ട്. രണ്ടായിരത്തോളം താറാവിനെ വളര്‍ത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് ഫാമില്‍.
“താറാവ് കൃഷി വിപുലമാക്കണമെന്നുണ്ട്. ഒരു കുളത്തില്‍ നിന്നു മാത്രം എണ്‍പതിനായിരം രൂപയുടെ മത്സ്യത്തെ വിറ്റിട്ടുണ്ട്. തിലാപ്പിയയാണ് വളര്‍ത്തുന്നത്.
“പരീക്ഷണാടിസ്ഥാനത്തില്‍ മഞ്ഞള്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. രണ്ട് സെന്‍റിലാണ് മഞ്ഞള്‍ നട്ടിരിക്കുന്നത്. തെങ്ങും വാഴയുമൊക്കെ കൃഷിയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ചെയ്യുന്നില്ല. പ്ലാവിന്‍റെ തണലുണ്ടെങ്കിലും മഞ്ഞള്‍ കൃഷിയ്ക്ക് അതൊരു പ്രശ്നമല്ല.” ഇതിന് പുറമെ വീട്ടിലേക്കുള്ള പച്ചക്കറികളും വിളയിക്കുന്നുണ്ട്.
“പറമ്പിലേക്കെത്തിയാല്‍ പിന്നെ വക്കീല്‍ ഒന്നുമല്ല, പോത്തിനെപ്പോലെ പണിയെടുക്കുന്ന കര്‍ഷകനാണ്. നന്നായി അധ്വാനിക്കാന്‍ ഒരു മടിയും ഇല്ല,” അദ്ദേഹം വീണ്ടും ചിരിക്കുന്നു.
വെളിയം രാജീവ് എന്ന പേരിലാണ് അദ്ദേഹം എഴുതുന്നത്. മൂന്നു നിയമ പുസ്തകങ്ങളടക്കം അഞ്ച് പുസ്തങ്ങളെഴുതിയിട്ടുണ്ട്. 1946 മുതല്‍ 1948 വരെയുള്ള ചരിത്രം പറയുന്ന ‘ഗാന്ധി വേഴ്സസ് ഗോഡ്സെ’യാണ് ഒരു പുസ്തകം. ‘ശൈത്യത്തിലുറങ്ങുന്ന മഹാസാഗരം’ എന്നൊരു പുസ്തകവുമെഴുതിയിട്ടുണ്ട്.
തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്നാണ് രാജീവ് നിയമം പഠിച്ചത്. 32 വര്‍ഷമായി നിയമരംഗത്തുള്ള ഇദ്ദേഹത്തിന് കീഴില്‍ 20 ജൂനിയര്‍ അഭിഭാഷകരും പ്രവര്‍ത്തിക്കുന്നുണ്ട്.
പി ഡ്ബ്ല്യൂ ഡി-യില്‍ നിന്നു വിരമിച്ച ലളിതയാണ് രാജീവിന്‍റെ ഭാര്യ. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റായ മകന്‍ മുകില്‍ രാജീവ് കുടുംബത്തോടൊപ്പം ചെന്നൈയിലാണ്.
ഇതുകൂടി വായിക്കാം:17 ഏക്കര്‍ തരിശില്‍ നെല്ലും ആപ്പിളും ഏലവും വിളയിച്ച കര്‍ഷകന്‍; മാസം 1ലക്ഷം രൂപ വരുമാനം