5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ്

വലിയൊരു ചാക്കില്‍ പൂര്‍ണ്ണമായും ജൈവരീതിയിലാണ് നൗഷാദ് കുമ്പളത്തൈ നട്ടത്

ഹോദരിമാരുടെ വിവാഹത്തിനായെടുത്ത കടങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയായി 21-ാം വയസില്‍ സൗദി അറേബ്യയിലേക്ക് പോയതാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നൗഷാദ്.

അവിടെ അമ്മാവന്‍മാര്‍ക്കൊപ്പം അലക്കുകടയിലായിരുന്നു ജോലി. ഇടയ്ക്ക് അവധിക്ക് നാട്ടിലേക്ക് വരുമ്പോഴെല്ലാം വാപ്പ അബ്ദുല്‍ ഖാദറിനൊപ്പം കൃഷിയും നോക്കിയിരുന്നു.

ഗള്‍ഫിലെ ജോലിയൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയിടിപ്പോള്‍ വര്‍ഷം എട്ടായി. രണ്ട് പശുവിന്‍റെ പാല്‍ വിറ്റ് ജീവിതമാര്‍ഗ്ഗം തേടി.

പിന്നീട് പച്ചക്കറി കൃഷിയും ആടും കോഴിയും പശുവുമൊക്കൊയി ജീവിക്കുന്നതിനിടയില്‍ ഒരുപാട് ട്വിസ്റ്റുകളും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്.  എന്നാല്‍ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു.

നൗഷാദിന്‍റെ തോട്ടത്തിലെ കുമ്പളങ്ങ വിശേഷങ്ങളാണിപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ച. അഞ്ച് രൂപയ്ക്ക് വാങ്ങിയ കുമ്പള വിത്ത് മുളപ്പിച്ച് വളര്‍ത്തിയ ഒറ്റത്തൈയില്‍ നിന്ന് 600 കിലോയിലധികം വിളവ് നേടിയിരിക്കുകയാണ് നൗഷാദ്!

കുമ്പളങ്ങ വിശേഷങ്ങളും വീട്ടുവര്‍ത്തമാനങ്ങളുമൊക്കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ് നൗഷാദ്.

കുമ്പളങ്ങയുമായി നൗഷാദ്

“ഗള്‍ഫിലായിരുന്ന നാളിലും നാട്ടില്‍ ജീവിക്കാനായിരുന്നു ആഗ്രഹിച്ചത്. കടങ്ങള്‍ തീര്‍ക്കാന്‍ ഇനിയും ബാക്കിയുണ്ട്, പക്ഷേ, മക്കളെ കാണാതെ ദൂരനാട്ടില്‍ ജീവിക്കാനും സങ്കടം.

“ഒടുവില്‍ നാട്ടില്‍ വന്നപ്പോള്‍ വാപ്പയോട് പറഞ്ഞു, ഇനി പോണില്ല വാപ്പ… മക്കളെയും കണ്ട് നാട്ടില്‍ എന്തെങ്കിലും ചെയ്തു ജീവിക്കാം. എന്തെങ്കിലും പണിയെടുത്ത് അന്നന്നത്തേക്കുള്ളത് ഉണ്ടാക്കി ജീവിച്ചാ പോരെയെന്ന്.

“കടങ്ങളൊക്കെയുണ്ടല്ലോ പക്ഷേ, അതുകേട്ട വാപ്പ എന്നോട് ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല, ശരി മോനെ.. നമുക്ക് രണ്ട് പശുവുണ്ട്… അത് മതി ജീവിക്കാനെന്നാണ് വാപ്പ പറഞ്ഞത്.

“സൗദിയില്‍ അലക്കുകടയായിരുന്നല്ലോ, അങ്ങനെ നാട്ടിലും അത്തരത്തിലൊരു കൊച്ചു ബിസിനസ് ആരംഭിച്ചു. സ്റ്റീം അയണ്‍ മെഷീനൊക്കെ അമ്മാവന്‍മാര് എടുത്തു തന്നു.

“അതിനൊപ്പം പശുവും കൃഷിയുമൊക്കെയുണ്ടായരുന്നു. ഞങ്ങളുടേത് കാര്‍ഷിക കുടുംബം തന്നെയാണ്.

“നിത്യവും വെളുപ്പിന് രണ്ടേമുക്കാലിന് എഴുന്നേല്‍ക്കും. പശുവിനെ കറന്ന്, പാലൊക്കെ കുപ്പിയിലാക്കി നാലേകാല്‍ ആകുമ്പോഴേക്കും വീട്ടില്‍ നിന്നിറങ്ങും. ഹോണ്ട ആക്റ്റീവയിലാണ് പാല്‍ കൊടുക്കാന്‍ പോകുന്നത്.

“സൊസൈറ്റിയിലൊന്നും അല്ല വീടുകളില്‍ മാത്രമേ പാല്‍ കൊടുക്കുന്നുള്ളൂ. വര്‍ഷങ്ങളായുള്ള പതിവാണിത്. അഞ്ചരയോടെ വീട്ടില്‍ തിരിച്ചെത്തിയാല്‍ പത്രം വായനും നിസ്കാരവും കഴിഞ്ഞ് പുല്ല് വെട്ടാന്‍ പോകും.

“പുല്ല് അരിഞ്ഞ് വന്ന ശേഷം ഞാനും വാപ്പയുടെ കൂടി പശുവിനെ കുളിപ്പിക്കലും ചാണകം മാറ്റലും തൊഴുത്ത് വ‍ൃത്തിയാക്കലുമൊക്കെയായി ആ ദിവസത്തെ പണി തുടങ്ങും.

“ഇടയ്ക്ക് പച്ചക്കറി തോട്ടത്തിലെ കാര്യങ്ങളും നോക്കും.


ഇതൊക്കെ കഴിഞ്ഞ് വേണം ജോലിക്ക് പോകാന്‍. അമ്മാവന്‍റെ മക്കളുടെ തുണിക്കടയിലെ സെയില്‍സ്മാന്‍ ആണ്.


“ഒമ്പത് മണിക്ക് കടയിലെത്തേണ്ടതാണ്, പക്ഷേ, വീട്ടിലെ പണിയൊക്കെ കഴിഞ്ഞെത്തുമ്പോഴേക്കും പത്ത് പത്തര മണിയാകും. വൈകുന്നേരം വരെ തുണിക്കടയില്‍ ജോലി.

“വൈകീട്ട് എത്തിയാലും കൃഷിപ്പണിയൊക്കെയായി തിരക്കിലായിരിക്കും. ഗള്‍ഫിലായിരുന്നപ്പോ ഉച്ചയ്ക്കെങ്കിലും ഉറങ്ങാന്‍ സമയം കിട്ടുമായിരുന്നു, ഇപ്പോ ഏതുനേരവും ഓരോ തിരക്കുകളിലാണ്.”

കടങ്ങളൊക്കെ തീര്‍ക്കണം. ആരുടെയും മുന്നില്‍ കൈനീട്ടാന്‍ ഇടവരുത്താതെ ജീവിക്കണം. അതിനു വേണ്ടിയാണ് ഈ അധ്വാനമൊക്കെ. ആ ഓട്ടപ്പാച്ചിലിനിടയില്‍ നൗഷാദിനൊരു അപകടം പിണഞ്ഞു. അതിനു ശേഷം കൃഷിയൊക്കെ ചെയ്യാമെങ്കിലും പുറത്തു പോയി വലിയ കനപ്പെട്ട ജോലിയൊന്നും ചെയ്യാനാകില്ല.

“വെളുപ്പിന് പാല്‍ കൊടുക്കാന്‍ പോയപ്പോ മതിലകം ഹൈവേയ്ക്ക് സമീപത്തായിരുന്നു അപകടം. വലിയ അപകടം തന്നെയായിരുന്നു. തലയ്ക്കാണ് പരുക്കേറ്റത്.

“രണ്ടുമാസം നീണ്ട ചികിത്സയ്ക്കൊടുവില്‍ എല്ലാം ഭേദമായി. ചികിത്സയ്ക്ക് മാത്രം ഏഴു ലക്ഷത്തോളം രൂപ ചെലവ് വന്നിരുന്നു. ബന്ധുക്കളൊക്കെ സഹായിച്ചിരുന്നു,” ഗള്‍ഫില്‍ നിന്ന് മടങ്ങുമ്പോള്‍ കടങ്ങളൊക്കെ തീര്‍ത്തിരുന്നുവെങ്കിലും കൈ നിറയെ പണമൊന്നുമുണ്ടായിരുന്നില്ലെന്ന് നൗഷാദ്.

നൗഷാദിന്‍റെ മക്കള്‍

കുമ്പളങ്ങ മാത്രമല്ല മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട് നൗഷാദ്. എന്നാല്‍ ആദ്യമായിട്ടാണ് ഇത്രയും അളവില്‍ കുമ്പളങ്ങ വിളവ് കിട്ടുന്നത്. അതിന്‍റെ ക്രെഡിറ്റ് ഭാര്യയ്ക്കാണെന്നു നൗഷാദ്.

“ഷംല എന്നാണ് ഭാര്യയുടെ പേര്. അവളും കര്‍ഷകയാണ്. യുവകര്‍ഷകയ്ക്കുള്ള അവാര്‍ഡും കിട്ടിയിട്ടുണ്ട്. ഇത്രയും കാലത്തിനിടയില്‍ ഇത്രയും കുമ്പളങ്ങ വിളവ് കിട്ടുന്നത് ആദ്യമാണ്.

“മുറ്റത്തെ ചപ്പിലകളും പശുക്കള്‍ കഴിക്കാതെ ചവിട്ടിക്കൂട്ടുന്ന വൈക്കോലും ചാണകപ്പൊടിയും മണ്ണും ഒരു വലിയ ചാക്കില്‍ നിറച്ചു. ആ ചാക്കിലാണ് തൈ നട്ടത്.

“ചാണകവും ഗോമൂത്രവുമാണ് നല്‍കിയത്. 600 കിലോയിലേറെ കുമ്പളങ്ങ ഈ ചെടിയില്‍ നിന്നു മാത്രം കിട്ടി. ഓരോ കുമ്പളങ്ങയും ഏഴു മുതല്‍ 13 കിലോ വരെ ഭാരമുള്ളവയായിരുന്നു.

“പതിവായി പച്ചക്കറി വില്‍ക്കുന്ന വീടുകളുണ്ട്. അവര്‍ക്ക് തന്നെയാണ് കുമ്പളങ്ങയും വിറ്റത്. പച്ചക്കറികള്‍ കടയിലോ ചന്തയിലോ നല്‍കാറില്ല. നാട്ടിലെ തന്നെ വീടുകളില്‍ വില്‍ക്കുകയാണ് പതിവ്.

നൗഷാദിന്‍റെ ഭാര്യ ഷംല

“കടകളില്‍ കിലോയ്ക്ക് 34 രൂപ വിലയുള്ളപ്പോ 30 രൂപയ്ക്കാണ് വിറ്റത്. കുറേയാളുകള്‍ക്ക് വെറുതേ കുമ്പള നല്‍കിയിട്ടുമുണ്ട്. കുറേ ദിവസങ്ങളായി വീട്ടിലും കുമ്പളക്കറി തന്നെയായിരുന്നു.

“വീടിനടുത്ത് താമസിക്കുന്ന ചാമക്കാല സ്കൂളിലെ ടീച്ചര്‍ അവരുടെ സ്കൂളിലേക്കും കുമ്പളങ്ങ വാങ്ങിച്ചു കൊണ്ടുപോയിട്ടുണ്ട്.” നൗഷാദ് പറഞ്ഞു.

“വര്‍ഷങ്ങളായി മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങിക്കാറില്ല. സവാളയും വെളുത്തുള്ളിയും ഇപ്പോ തക്കാളി കൃഷി ഇല്ലാത്തത് കൊണ്ടു അതും മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്നുണ്ട്.

“85 സെന്‍റിലാണ് കൃഷി. വാഴയും പച്ചമുളകും ഇഞ്ചിയും കപ്പയും ചേമ്പുമൊക്കെ കുറേയുണ്ട്.


എല്ലാവര്‍ഷവും പത്തിരുപത് കിലോ മഞ്ഞള്‍പ്പൊടി വില്‍ക്കാറുണ്ട്. കസ്തൂരിമഞ്ഞളും കൃഷിയുണ്ട്.


“പാല്‍ നല്‍കുന്ന വീടുകളില്‍ നിന്നുള്ളവരാണ് പച്ചക്കറിയുടെ ആവശ്യക്കാര്‍. അവര്‍ പറയുന്ന പച്ചക്കറി കൊണ്ടുകൊടുക്കും. പൂര്‍ണമായും ജൈവ കൃഷിയാണ്.” അദ്ദേഹം പറഞ്ഞു.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉപകാരപ്പെട്ടവനാണ് നൗഷാദെന്ന് പതിവായി നൗഷാദിന്‍റെ തോട്ടത്തില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന ആശ അഷ്റഫ്. “എട്ട് വര്‍ഷത്തിലേറെയായി നൗഷാദിന്‍റെ വീട്ടില്‍ നിന്നാണ് പാല്‍ വാങ്ങിക്കുന്നത്. അതിനൊപ്പം പച്ചക്കറിയും വാങ്ങുന്നുണ്ടിപ്പോള്‍. പച്ചമുളക് സ്ഥിരം ഇവിടെ നിന്നാണ് വാങ്ങുന്നത്.

“വിളിച്ച് പറഞ്ഞാല്‍ മതി പാലിനൊപ്പം പച്ചക്കറിയും കൊണ്ടു തരും. ആവശ്യമുള്ള എന്താണെന്നു പറഞ്ഞാ മതി, മത്തന്‍ കുമ്പളം ചേന, വാഴക്കുടപ്പന്‍, ചീര ഇതൊക്കെ വാങ്ങിക്കാറുണ്ട്.

“രാസവളമിടാതെയുള്ള നല്ല ഫ്രഷ് പച്ചക്കറി കിട്ടുമല്ലോ. മാത്രമല്ല വീട്ടില്‍ കൊണ്ടുതരികയും ചെയ്യും. പച്ചക്കറികള്‍ തരുമെന്നു മാത്രമല്ല കൃഷി ചെയ്യാന്‍ നമ്മളെ പ്രോത്സാഹിപ്പിക്കാറുമുണ്ട് നൗഷാദ്. പച്ചക്കറി വിത്തുകളൊക്കെ നല്‍കാറുണ്ട്,” കൊടുങ്ങല്ലൂര്‍ എംഐറ്റി സ്കൂളിലെ അധ്യാപികയായിരുന്ന ആശ അഷ്റഫ് കൂട്ടിച്ചേര്‍ത്തു.

വീട്ടില്‍ പശുവുള്ളത് കൊണ്ട് ചാണകം പുറമേ നിന്നു വാങ്ങാറില്ല. വേപ്പെണ്ണ കൃഷിഭവനില്‍ നിന്നും വാങ്ങിക്കുകയാണ് പതിവെന്ന് നൗഷാദ്. “വേപ്പെണ്ണയും ഗോമൂത്രവും തൈകളില്‍ തളിക്കും. പൂപ്പലിനെ അകറ്റാന്‍ പൊതിമടല്‍ കത്തിച്ച ചാരം ചെടിയില്‍ തൂകും. ഈ രീതി സ്വയം കണ്ടെത്തിയതാണ്.

“പശു മാത്രമല്ല ആടിനെയും വളര്‍ത്തുന്നുണ്ട്. രണ്ട് കറവ പശുക്കളും രണ്ട് വലിയ കിടാവുകളുമുണ്ട്. നാലാടും ആറു ആട്ടിന്‍ കുട്ടികളുമുണ്ട്. നാലഞ്ച് മാസം മുന്‍പ് വരെ കോഴിയും താറാവുമൊക്കെയുണ്ടായിരുന്നു.

“പട്ടി പിടിച്ച് കുറേയെണ്ണത്തിനെ നഷ്ടപ്പെട്ടു. അധികം വൈകാതെ കോഴിയും താറാവുമൊക്കെ വളര്‍ത്തണമെന്ന തീരുമാനത്തിലാണ്. ഉമ്മയുടെ പേര് സുഹറ, ഗള്‍ഫിലേക്ക് പോകുന്നതിന് മുന്‍പേ ഉമ്മ മരിച്ചു.

“ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സുഹൈലും മൂന്നാം ക്ലാസുകാരന്‍ മുഹമ്മദ് ഫയാസുമാണ് മക്കള്‍. ഇരുവര്‍ക്കും കൃഷി ഇഷ്ടമാണ്. പണിക്കൊക്കെ കൂടെ കൂടാറുമുണ്ട്,” നൗഷാദ് പറഞ്ഞു.


ഇതുകൂടി വായിക്കാം:നേരംപോക്കിന് തുടങ്ങിയ ഓര്‍ക്കിഡ് കൃഷിയിൽ നിന്ന് സാബിറ നേടുന്നത് മാസം 3 ലക്ഷം രൂപ


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം