പുളിച്ച കഞ്ഞിവെള്ളം കൊണ്ട് മണ്ണൊരുക്കി നേടിയ വിജയം: പത്ര ഏജന്‍റിന്‍റെ ജൈവകൃഷിസൂത്രങ്ങള്‍

തൊടിയില്‍ തനിയെ വളരുന്ന ചെടികളുടെ പ്രത്യേകത നോക്കി അവിടേക്കിണങ്ങുന്ന പച്ചക്കറികള്‍ കൃഷി ചെയ്യുന്നതെങ്ങനെയെന്ന് ആന്‍റണി പറഞ്ഞുതരും.

തൊടുപുഴ ആലക്കോട്ടെ  പള്ളത്ത് കുടുംബത്തിലെ ചാക്കോ-ത്രേസ്യാമ്മ  ദമ്പതികളുടെ ഒന്‍പതു മക്കളില്‍  എട്ടുപേരും സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ വിവിധ ജോലികളിലേക്ക് മാറിയപ്പോള്‍ മലനാടിന്‍റെ മണ്ണില്‍ കൃഷിപ്പണിക്കിറങ്ങിയത് ആന്‍റണി മാത്രം. അതും വെറും കര്‍ഷകനല്ല, ഒന്നൊന്നര കൃഷിക്കാരന്‍. വേണമെങ്കില്‍ കൃഷിപീഡിയ എന്നദ്ദേഹത്തെ വിളിക്കാം.

സമ്മിശ്ര കൃഷിയിലൂടെ നേടിയ വിജയത്തിന്‍റെ കഥയാണ് ആന്‍റണിച്ചേട്ടന് പറയാനുള്ളത്. എന്നാല്‍ അത് തുടങ്ങുന്നത് വിറ്റുപോകാതെ ബാക്കി വരുന്ന മാസികകളില്‍ നിന്നാണ്.

“മുപ്പത് വര്‍ഷം മുന്‍പാണ് ഞാന്‍ കൃഷി തുടങ്ങുന്നത്. കുടുംബസ്വത്തായി കിട്ടിയ സ്ഥലത്തായിരുന്നു തുടക്കം. സഹോദരങ്ങളൊക്കെ മറ്റ് ജോലികള്‍ക്കായി പലയിടങ്ങളിലേക്ക് ചേക്കേറിയിപ്പോള്‍ അപ്പനും അമ്മയും എന്‍റെ സംരക്ഷണയിലായി. പ്രായമായതോടെ അപ്പന് ഒരാളുടെ സഹായമില്ലാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു.

“എനിക്ക് ഭാഗിച്ചു കിട്ടിയ സ്ഥലത്തിനൊപ്പം സഹോദരങ്ങളുടെ പുരയിടത്തിലും ഞാനായിരുന്നു കൃഷി നോക്കി നടത്തിയത്. ആദ്യഘട്ടത്തില്‍ റബ്ബറും തെങ്ങുമൊക്കെ മാത്രമായിരുന്നു. പിന്നീടത് സമ്മിശ്ര കൃഷി രീതിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു,” ആന്‍റണി തന്‍റെ കൃഷിയെക്കുറിച്ച് പറഞ്ഞു തുടങ്ങി.

ആന്‍റണി തോട്ടത്തില്‍

പൂര്‍ണ്ണമായും ജൈവകൃഷി രീതി അവലംബിക്കുന്ന ആന്‍റണിയെ മികച്ച കര്‍ഷകനാക്കി വളര്‍ത്തുന്നതില്‍ കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

“ഞാന്‍ വര്‍ഷങ്ങളായി ആലക്കോട്ട് പ്രദേശത്തെ പത്ര ഏജന്‍റാണ്. വില്‍ക്കാതെ പോകുന്ന പത്രങ്ങളും മാഗസിനുകളും വീട്ടിലെപ്പോഴും കാണും. കൃഷിയില്‍ ഏറെ താല്‍പര്യമുള്ളതുകൊണ്ടു തന്നെ കാര്‍ഷിക മാഗസിനുകള്‍ സ്ഥിരമായി വായിക്കും. അതിലൂടെ ലഭിക്കുന്ന അറിവുകള്‍ സ്വന്തം കൃഷിയിടത്തില്‍ പ്രയോഗിച്ചു. ആ വായന തുടങ്ങിയതോടെ എന്‍റെ കൃഷിഭൂമി മികച്ച രീതിയില്‍ ഒരുക്കിയെടുക്കാന്‍ എനിക്കു കഴിഞ്ഞു,”ആന്റണി തുടരുന്നു.

നാലഞ്ച് വര്‍ഷമെടുത്താണ് അദ്ദേഹം കൃഷി പൂര്‍ണ്ണമായും ജൈവമാതൃകയിലേക്ക്  ഒരുക്കിയെടുത്തത്. പുളിച്ച കഞ്ഞിവെള്ളവും കരിയിലയും നല്‍കി കൃഷിയിടത്തില്‍ സൂക്ഷ്മാണുക്കള്‍ വളരാന്‍ പാകപ്പെടുത്തി. കരിയിലകള്‍ വീണ് വനത്തില്‍ മരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്നതിന്‍റെ അതേ സാഹചര്യം തന്നെയാണ് കൃഷി ഭൂമിയിലും വേണ്ടതെന്ന കണ്ടെത്തലാണ് മണ്ണ് ഇത്തരത്തില്‍ രൂപപ്പെടുത്താന്‍  ആ കര്‍ഷകനെ പ്രേരിപ്പിച്ചത്.

പിന്നെ ഓരോ വിളകളും കൃഷി ചെയ്യേണ്ട ഇടങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പിന്തുടരേണ്ട ചില പൊടിക്കൈകള്‍ ആന്‍റണിച്ചേട്ടന്‍ കൈമാറുന്നു. നമ്മുടെ തൊടിയിലും പരിസത്തുമെല്ലാം കണ്ടുവരുന്ന പല ചെടികളുമുണ്ട്. ആ ചെടികള്‍  ധാരാളമായി വളര്‍ന്നു നില്‍ക്കുന്ന ഇടങ്ങളില്‍ ഏന്തൊക്കെ കൃഷി ചെയ്താല്‍ മികച്ച വിളവ് ലഭിക്കുമെന്ന്  ആന്‍റണിച്ചേട്ടനെന്ന കൃഷിപീഡിയ നമുക്ക് പറഞ്ഞു തരുന്നു.

ആന്‍റണിയുടെ കൃഷിത്തോട്ടം
 ”കേരളത്തിലെ കൃഷിയിടങ്ങളില്‍ രോഗ,കീടങ്ങള്‍ക്കെതിരേ ജൈവികനിയന്ത്രണത്തിനുപയോഗിക്കാവുന്ന നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.  ബിവേറിയ മിശ്രിതം അവയില്‍ പ്രധാനപ്പെട്ടതാണ്. ഇതൊരു മിത്ര കുമിള്‍ ആണ് (ഫംഗസ്) മുഞ്ഞയ്ക്ക് എതിരെ ഫലപ്രദം ആണ് .
ഈ മിത്രകുമിള്‍ ദൃഢശരീരികളായ വണ്ട്, ചാഴി, വേരുപുഴുക്കള്‍, ചിതല്‍, പച്ചത്തുള്ളന്‍, ഇലപ്പേന്‍, മുഞ്ഞ, തണ്ടുതുരപ്പന്‍ തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു.”പല രൂപത്തിലും പേരിലും ബിവേറിയ മിശ്രിതങ്ങള്‍ ലഭിക്കും. പൊടിരൂപത്തിലുള്ളവ 20 ഗ്രാമോ ലായനി രൂപത്തിലുള്ളവ അഞ്ച് മില്ലിലീറ്ററോ ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തിളക്കുക. ഈ ലായനിയിലേക്ക് ആവണക്കെണ്ണ / നിലക്കടല എണ്ണ അഞ്ച് മില്ലിയും പൊടിച്ച ശര്‍ക്കര 10 ഗ്രാമും ചേര്‍ത്ത് നന്നായി ഇളക്കി രാവിലെയോ വൈകിട്ടോ തളിക്കാം.”ആന്റണി ചേട്ടന്‍ പറയുന്നു.രാസകീടനാശിനികള്‍ ഉപയോഗിക്കുന്നതോടെ പിന്തിരിയുന്ന തേനീച്ചകളുടെ വളര്‍ച്ചയ്ക്ക് ഒരു പരിധി വരെ ബിവേറിയ മിത്ര കുമിള്‍ കീടനാശിനി ഫലപ്രദമാണ്.

കമ്യൂണിസ്റ്റ് പച്ച കൂടുതലുള്ളിടത്ത്…

“സ്ഥലം നോക്കി കൃഷി ചെയ്യണം. ചുറ്റുപാടും നിരീക്ഷിക്കണം. വട്ടമരം കൂടുതലായി വളരുന്നിടങ്ങളില്‍ പൊട്ട്യാസ്യം കൂടുതലായി ഉണ്ടാകും. അതു പോലെ കമ്യൂണിസ്റ്റു പച്ച എന്ന അറിയപ്പെടുന്ന കള അഥവാ പള്ള വളരുന്ന ഇടങ്ങളില്‍ കാല്‍സ്യവും മാംഗനീസും കൂടുതലായി ഉണ്ടാവും. ഇവ കൂടുതല്‍ വളരുന്ന പ്രദേശങ്ങളില്‍ പൊട്ടാസ്യവും കാല്‍സ്യവുമൊക്കെ കൂടുതലായി വേണ്ട വിളകള്‍ നന്നായി വളരും. അതുപോലെ പാണലെന്ന് അറിയപ്പെടുന്ന ചെടി പച്ചക്കറികള്‍ക്ക് നല്ല വളമാണ്.

“ശീമക്കൊന്ന നട്ടുപിടിപ്പിക്കുന്നത് അന്തരീക്ഷത്തില്‍ നിന്നും നൈട്രജന്‍ വലിച്ചെടുക്കുന്നതിന് സഹായകമാകും. മിത്രാണുക്കള്‍ മണ്ണില്‍ വളരാന്‍ ഇവയുടെ ഇലകളൊക്കെ പൊഴിഞ്ഞു വീണ് മണ്ണില്‍ വളമാകുന്നത്   സഹായിക്കും. ഇത്തരം അറിവുകള്‍ കൃഷിക്കാരെ സംബന്ധിച്ച് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം കൃഷി പരാജയമാകും,” ആന്‍റണിച്ചേട്ടന്‍ വിശദീകരിക്കുന്നു.

മഞ്ഞള്‍, ഇഞ്ചി, മരച്ചീനി, കൂര്‍ക്കക,ചേന,ചേമ്പ്, കാച്ചില്‍, ചെറുകിഴങ്ങ്, അടതാപ്പ്, ജാതി, കുരുമുളക്, കൊക്കോ, പച്ചക്കറി,റബ്ബര്‍,വാഴ,റെഡ് ലേഡി പപ്പായ, തേനീച്ച,പശു,ആട്  പിന്നെ മാവും പ്ലാവും ഉള്‍പ്പടെയുള്ള നാടനും മറുനാടനുമായ അനേകം പഴവര്‍ഗ്ഗങ്ങളും… അങ്ങനെ ആന്‍റണിച്ചേട്ടന്‍ കൃഷി ചെയ്യാത്തതായി ഒന്നുമില്ല. അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ വിലയ്ക്കു വാങ്ങുന്നത് ഉരുളക്കിഴങ്ങും സവോളയും ഉപ്പും മാത്രം.

അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പടെ 26 ഇനം വാഴകള്‍ എന്‍റെ തോട്ടത്തില്‍ വളരുന്നു. നാടന്‍ ഇനങ്ങളായ നേന്ത്ര വാഴയ്ക്കും പാളയംകോടനും ഞാലിപ്പൂവനും ചുണ്ടില്ലാക്കണ്ണനും കണ്ണനും പൂജയ്‌ക്കെടുക്കുന്ന കദളിയ്ക്കും ഒപ്പം ഹില്‍ ബനാന,വിരൂപാക്ഷി,പൊപ്പാലു(അമേരിക്ക)റെഡ് ബനാന തുടങ്ങി വാഴകള്‍ ഇവിടെയുണ്ട്.”

കോവിഡ് കാലത്ത്  പ്രാദേശികമായി പച്ചക്കറികള്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. അതില്‍ മഞ്ഞളിനും ഇഞ്ചിക്കുമായിരുന്നു ഏറ്റവും അധികം ആവശ്യക്കാര്‍.

മഞ്ഞള്‍ പൊടിച്ചുണക്കി ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ഞങ്ങളുടെ പതിവ്, ഒക്ടോബര്‍ മാസത്തോടെയാണ് മഞ്ഞള്‍ പാകമായി പൊടിച്ചുണങ്ങുന്നത്. പക്ഷെ, മഞ്ഞളിന്‍റെ രോഗപ്രതിരോധശേഷിയ്ക്ക് വലിയ രീതിയില്‍ പ്രചാരം ലഭിച്ചതോടെ  ആവശ്യക്കാര്‍ വര്‍ദ്ധിച്ചു,  അതേപോലെ ഇഞ്ചിയും.ചാക്കിലാണ് ഞങ്ങള്‍ ഇഞ്ചി കൃഷി ചെയ്യുന്നത്. ആവശ്യക്കാര്‍ വന്ന് ചാക്കോടെ അവ വാങ്ങിക്കൊണ്ടു പോകും .350-400 യാണ് ചാക്കിനു വില,”ആന്‍റണിച്ചേട്ടന്‍ തുടരുന്നു.

വഴുതനയുടെയും മുളകിന്റെയും ഉള്‍പ്പടെയുള്ള വിവിധ തരത്തിലുള്ള പച്ചക്കറിത്തൈകളും ഫാമില്‍ വില്‍ക്കുന്നുണ്ട്. ജൈവ കൃഷി രീതിയിലേക്ക് വഴിമാറിയതോടെ മികച്ച രീതിയിലുള്ള ചെറുതേന്‍ ഉല്‍പാദനത്തിനു കഴിഞ്ഞതായി ആന്‍റണിച്ചേട്ടന്‍ പറയുന്നു. ജൈവളം തയ്യാറാക്കുന്നതിനും പാലിന്‍റെ ആവശ്യത്തിനുമായി  4 ആടുകളെയും 14 പശുക്കളെയും വളര്‍ത്തുന്നുണ്ട്.

നെല്ലി, ആര്യവേപ്പ്, കറ്റാര്‍വാഴ,ചെന്നീര്‍ കിഴങ്ങ് ,ചിറ്റരത്ത തുളസി തുടങ്ങി ഔഷധസസ്യങ്ങളുടെ നീണ്ട പട്ടിക തന്നെ പള്ളത്തെ തൊടിയിലുണ്ട്. പ്രമുഖ ആയുര്‍വ്വേദ കമ്പിനിയ്ക്ക് ആവശ്യമായ ഓഷധസസ്യങ്ങള്‍ ഈ തോട്ടത്തില്‍ നിന്നും നല്‍കി വരുന്നു.

മാവ്, പ്ലാവ്, ജാതി, നെല്ലി, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍ ഉള്‍പ്പടെയുള്ള പഴവര്‍ഗ്ഗങ്ങളും ആന്‍റണിച്ചേട്ടന്‍റെ തോട്ടത്തിലുണ്ട് .ഇവയുടെ പഴങ്ങള് കൊണ്ട് വിവിധ തരത്തിലുള്ള മൂല്യ.വര്‍ദ്ധിത ഉല്‍പന്നങ്ങളും പള്ളത്തു വീട്ടില്‍ നിന്നും തയ്യാറാക്കുന്നുണ്ട്. ചേട്ടന്‍റെ ഭാര്യ സാലി ചേച്ചിയുടെ നേതൃത്വത്തിലാണ് അച്ചാറുകളും ജാമുകളും സ്ക്വാഷുകളുമൊക്കെ തയ്യാറാക്കുന്നത്. ഇവ  വില്പനയ്ക്കായും തയ്യാറാക്കുന്നു.

ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമൊക്കെയായി ഈ തനി നാടന്‍ ഉല്‍പന്നങ്ങള്‍ക്കൊക്കെ ആവശ്യക്കാര്‍ ഏറെയാണ്.  തറവാട്ടു വീട്ടില്‍ അല്ലെങ്കിലും ഇവരുടെ മക്കളായ സന്ദീപ് ആന്റണിയും ജോസ് ആന്റണിയും അവരുടെ ഭാര്യമാരായ മില്‍നയും ടിസയുമൊക്കെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ നല്‍കി വരുന്നു.

വളം തയ്യാറാക്കുന്നത്

ചാണകവും ആട്ടിന്‍കാഷ്ഠവും ഗോമൂത്രവുമാണ് വളത്തിന്‍റെ ബേസ്. ഇതില്‍ വേപ്പിന്‍ പിണ്ണാക്കും ട്രൈക്കോഡെര്‍മ്മ, സ്യൂഡോമോണാസ് എന്നീ മിത്ര കുമിളുകള്‍ എന്നിവ കലര്‍ത്തി പുട്ടിനു നനയ്ക്കും പോലെ നനച്ച് ടാര്‍പോളിന്‍ പായയില്‍ മഴനനയാതെ സൂക്ഷിക്കും. ഇടയ്ക്കിടെ ഇവ ഇളക്കി കൊടുക്കും.

ആന്‍റണി ചാക്കോ മികച്ച കര്‍കനായതിനു പിന്നില്‍ മികച്ച പത്ര ഏജന്‍റെന്ന വിലാസത്തിന് ചെറുതല്ലാത്ത പങ്കുണ്ട്.
കഠിനാദ്ധ്വാനവും അറിവ് നേടാനുള്ള ആഴമുള്ള വായനയുമാണ് അദ്ദേഹത്തിന്‍റെ എല്ലാ വിജയത്തിനും പിന്നില്‍. വെളുപ്പിനെ മൂന്നു മണിക്കു തുടങ്ങുന്ന ജീവിതചര്യ. ഏതൊരു പത്ര ഏജന്‍റിന്‍റെയും ആരോഗ്യത്തിനു പിന്നിലെ പ്രധാന രഹസ്യം.

“അതിരാവിലെയുള്ള ശുദ്ധ വായു, പിന്നെ നടപ്പ്, അല്ലെങ്കില്‍ സൈക്കിള്‍ ചവിട്ടിയുള്ള യാത്ര. 20 വര്‍ഷമായി ഞാനാ സൈക്കിളില്‍ കയറിയിട്ട്. സൂര്യപ്രകാശം ഇവയൊക്കെ പത്ര ഏജന്റുമാരേ ആരോഗ്യവാന്‍മാരാക്കും. അതെന്‍റെ ഒരു തിയറിയാണ് കേട്ടോ. പിന്നെ എല്ലാ പത്രങ്ങളും വായിക്കും. മാഗസീനുകളും വായിക്കാം. ആ വായനയിലൂടെ ലഭിച്ച അറിവാണ് എന്നെ ജൈവകര്‍ഷകനാക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചത്. വില്‍ക്കാതെ പോയ കാര്‍ഷിക മാഗസിനുകളില്‍ നിന്നും വെട്ടിയെടുത്തു സൂക്ഷിക്കുന്ന അറിവുകള്‍ കൃഷി പാഠങ്ങളായി,” ആന്‍റണിച്ചേട്ടന്‍ പറയുന്നു.

ആദ്യം കര്‍ഷകനായിരുന്നെങ്കിലും പത്ര ഏജന്‍റായ ശേഷം അദ്ദേഹത്തിന്‍റെ കൃഷി രീതിയ്ക്ക് വലിയ മാറ്റമാണ് വന്നിരിക്കുന്നത്.

ഈ തിരക്കുകള്‍ക്കിടയിലും വായനയുടെ ആഴവും പരപ്പും അറിഞ്ഞ ആളു കൂടിയാണ് ആന്‍റണിച്ചേട്ടന്‍. ലോക ചരിത്രവും മതഗ്രന്ഥങ്ങളും പ്രിയപ്പെട്ടതാണ്. പുരസ്‌ക്കാരങ്ങള്‍ക്കൊന്നും നിന്നു കൊടുക്കാറില്ലെങ്കിലും  ആലക്കോട് ഇന്‍ഫന്‍റ് ജീസസ് സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച പള്ളത്ത് ചാക്കോച്ചന്‍റെ മകനെത്തേടി ചില പുരസ്‌ക്കാരങ്ങളും അവിടേയ്‌ക്കെത്തിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: ആദായം കിട്ടിയിരുന്ന 4 ഏക്കറിലെ റബര്‍ വെട്ടി 400 പ്ലാവ് നട്ട അഭിഭാഷകന്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം