‘വാഴച്ചേട്ട’ന്‍റെ തോട്ടത്തില്‍ നാടനും വിദേശിയുമടക്കം 430 ഇനം! അപൂര്‍വ്വ വാഴകള്‍ തേടി അരുണാചലും മണിപ്പൂരുമൊക്കെ അലഞ്ഞ പാറശ്ശാലക്കാരന്‍റെ കഥ

“അവര്‍ അപൂര്‍വ്വ വാഴ ഇനങ്ങളൊന്നും ആര്‍ക്കും നല്‍കില്ലത്രേ. അതു കേട്ടപ്പോള്‍ ഒരു വാശി തോന്നി… എന്നാപ്പിന്നെ അവ കണ്ടെത്തി കൃഷി ചെയ്തിട്ട് തന്നെ കാര്യമെന്നു തീരുമാനിക്കുകയായിരുന്നു.”

“വാഴച്ചേട്ടന്‍”… ഈ പാറശ്ശാലക്കാരനെ നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേരാണിത്. ഈ പേരുകേട്ടാല്‍ ഇന്നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് പോലും ആളെ അറിയാം. അത്രയേറെ സുപരിചിതനാണ് വിനോദ് എന്ന കര്‍ഷകന്‍.

അദ്ദേഹത്തിന്‍റെ വാഴപ്രേമം നാട്ടില്‍ പാട്ടാണ്. ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവ അടക്കം 430 ഇനം വാഴകള്‍ നട്ട് റെക്കോഡിട്ട മനുഷ്യന്‍.

സ്വതന്ത്ര്യസമര സേനാനിയുടെയും സ്കൂള്‍ അധ്യാപികയുടെയും മകനാണ് 49-കാരനായ വിനോദ്. മൂന്നര ഏക്കറില്‍ വാഴയും പച്ചക്കറിയും കോഴിയും താറാവുമൊക്കെയുള്ള വിനോദിന്‍റെ കൃഷി ജീവിതം ആരംഭിക്കുന്നത് 12-ാം വയസിലാണ്.

അച്ഛനും മകനുമൊപ്പം വിനോദ്

കൃഷിപ്പണിയൊക്കെയായി പാടത്തേക്കിറങ്ങിയെങ്കിലും പഠനത്തിനോട് നോ പറഞ്ഞിരുന്നില്ല. ബി എസ് സി കഴിഞ്ഞ് കുറച്ചുകാലം ബിസിനസും ചെയ്തു. ഇതിനിടയിലും കൃഷി ചെയ്തിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വ്യത്യസ്ത ഇനം വാഴകളോട് വിനോദിന് കൂടുതല്‍ കമ്പം. വിദേശഇനം വാഴകള്‍ വരെയുണ്ട് പാറശ്ശാലയിലെ കൊടിവിളാകം വീട്ടില്‍.

“കൃഷിയൊക്കെയുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്,” വിനോദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “നെൽകൃഷിയൊന്നുമില്ലാതെ പാടം വെറുതേ കിടക്കുകയായിരുന്നു. അങ്ങനെയാണ് പാടത്ത് വാഴകൃഷി ചെയ്തു തുടങ്ങുന്നത്. അന്നു ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയാണ്.

“പിന്നീട് ജോലിയൊക്കെയായി തിരക്കിലായെങ്കിലും കൃഷി അവസാനിപ്പിച്ചില്ല. ബി എസ് സി ഫിസിക്സാണ് പഠിച്ചത്. അതിനു ശേഷം എറണാകുളത്ത് പനമ്പിള്ളി ന​ഗറിൽ സ്ഫോറ്റ് വെയർ ബിസിനസ് ചെയ്തിരുന്നു.

“അന്നും കൃഷി ചെയ്തിരുന്നു. ഓരോ ആഴ്ചയിലും നാട്ടിൽ വരും. പിന്നീട് അമ്മ മരിച്ചതോടെ ബിസിനസൊക്കെ അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി. പിന്നെ പൂർണമായും കൃഷി തന്നെയായിരുന്നു.

“തുടക്കത്തിൽ അധികം വെറൈറ്റി ഒന്നും ഇല്ലായിരുന്നു. എങ്കിലും പത്തു പന്ത്രണ്ട് ഇനം വാഴത്തോട്ടത്തിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ടാണിത്രയും വെറൈറ്റി വാഴ ഇനങ്ങളെ കണ്ടെത്തി കൃഷി ചെയ്തു തുടങ്ങുന്നത്,” വിനോദ് പറയുന്നു.

വിനോദും അഭനീഷും

ഒരിക്കല്‍ ഒരു പ്രത്യേക ഇനം വാഴ അന്വേഷിച്ച് വിനോട് കേരള കാര്‍ഷിക സര്‍വ്വകലാശാലയെ സമീപിച്ചു. വ്യത്യസ്ത വാഴകള്‍ കൃഷി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് സര്‍വ്വകലാശാലയില്‍ ചെല്ലുന്നത്.


“നമ്മുടെ നാട്ടില്‍ നിന്നില്ലാതായി കൊണ്ടിരിക്കുന്ന ഒരിനം വാഴക്കന്ന് അന്വേഷിച്ചുവെങ്കിലും വാഴയും കന്നുമില്ലെന്നാണ് അവര്‍ പറഞ്ഞത്.


“വെറൈറ്റികളൊന്നും ആര്‍ക്കും നല്‍കില്ലത്രേ. അതു കേട്ടപ്പോള്‍ ഒരു വാശി തോന്നി… എന്നാപ്പിന്നെ പല ഇനങ്ങള്‍ കണ്ടെത്തി കൃഷി ചെയ്തിട്ട് തന്നെ കാര്യമെന്നു തീരുമാനിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വ്യത്യസ്ത ഇനം വാഴ കന്ന് കിട്ടുമെങ്കില്‍ പിന്നെ എനിക്കും കിട്ടും. ആ വാശിയിലാണ് വെറൈറ്റികള്‍ തേടിയുള്ള അന്വേഷണങ്ങളും യാത്രകളും ആരംഭിക്കുന്നത്,” വിനോദ് ഓര്‍ക്കുന്നു.

കേരളത്തിന്‍റെ സ്വന്തം നാടന്‍ ഇനങ്ങള്‍ മാത്രമല്ല പലതരം വാഴക്കന്നുകള്‍  തേടി വിനോദ് കേരളത്തിന് പുറത്തും ഒരുപാട് സഞ്ചരിച്ചു.

മൊട്ടപ്പൂവന്‍

ഇന്ത്യയില്‍ എല്ലായിടത്തും വാഴകൃഷിയില്ല. തീരപ്രദേശത്തിന് സമീപമുള്ള സ്ഥലങ്ങളിലാണ് കൂടുതലായും വാഴ കൃഷി ചെയ്യുന്നത്. വിദേശ ഇനങ്ങളുടെ കന്നുകള്‍ ഇന്ത്യയില്‍ പലയിടത്ത് നിന്നാണ് കൊണ്ടുവന്ന് നട്ടത്.

“ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമൊക്കെ വാഴകള്‍ കുറവാണ്. എന്നാല്‍ ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് , ബംഗാള്‍, ഒഡിഷ, ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ ഇവിടങ്ങളിലൊക്കെ വാഴകൃഷി കുറേയുണ്ട്. ഇവിടങ്ങളിലൊക്കെ വാഴകന്നുകള്‍ തേടി പോയിട്ടുമുണ്ട്.

അവയില്‍ പലതും കേരളത്തില്‍ നട്ടു പിടിപ്പിക്കാന്‍ കുറച്ചു കഷ്ടപ്പാടാണെന്ന് ആ കര്‍ഷകന്‍ പറയുന്നു.

വിനോദ് വാഴത്തോട്ടത്തില്‍

വിവിധ സംസ്ഥാനങ്ങളിലെ ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി വകുപ്പ്, ​ഗവേഷണ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, ഫാമുകള്‍ ഇവിടങ്ങളില്‍ നിന്നൊക്കെയാണ് ഇദ്ദേഹം വാഴ കന്നുകള്‍ വാങ്ങുന്നത്.

കർണാടകയിലെ ചെറ്റ്‍ലി ഹോർട്ടിക്കൾച്ചറൽ സ്റ്റേഷൻ, തൃശിനാപ്പള്ളിയിലെ ദേശീയ വാഴ ​ഗവേഷണകേന്ദ്രം ഇവിടങ്ങളിൽ നിന്നൊക്കെ കുറേ വാഴ തൈകൾ സംഘടിപ്പിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: കുറുന്തോട്ടി മുതല്‍ കദളിവാഴ വരെ കൃഷി ചെയ്യുന്ന കര്‍ഷക സംഘം, ലക്ഷ്യമിടുന്നത് ശതകോടികളുടെ ബിസിനസ്


ഇതിനൊപ്പം കേരളത്തിന്‍റെ സ്വന്തം വാഴകള്‍ എവിടെയുണ്ടെന്നറിഞ്ഞാലും പോയി അന്വേഷിച്ച് കണ്ടെത്തും. അതിപ്പോ ഏതു കാട്ടില്‍ ആണെങ്കിലും അത് കൊണ്ടുവന്നു നട്ടിരിക്കുമെന്നു ആ വാഴ കര്‍ഷകന്‍ പറയുന്നു.

ചെങ്കദളിയും കിളിച്ചുണ്ടനുമൊക്കെ കേരളത്തിന്‍റെ പല ഭാഗത്ത് നിന്ന് കണ്ടെത്തിയാണ് ഇവിടെ നട്ടത്. അപൂര്‍വ നാടന്‍ ഇനങ്ങളായ ഒറ്റമുങ്‍ഗ്‍ലി, കരിങ്കദളി, സൂര്യകദളി തുടങ്ങിയ വാഴകളും വിനോദിന്‍റെ തോട്ടത്തിലുണ്ട്.

ലേഡി ഫിം​ഗർ, ബ്ലു ജാവ, റെഡ് ബനാന തുടങ്ങി ഒത്തിരി വിദേശ ഇനം വാഴകളും  പാറശ്ശാലയിലെ വാഴത്തോട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്. മലേഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, ഹവായ്, ഹോണ്ടുറാസ് ഇടങ്ങളിൽ നിന്നൊക്കെയുള്ള വാഴകളും ഇവിടുണ്ട്.

ഉയരമുള്ള ആസാം വാഴയും ഉയരം കുറഞ്ഞ ജ​ഹാജിയും കന്യാകുമാരിയിലെ മനോരജ്ഞിതം, പഴനിയിലെ വിരുപാക്ഷി തുടങ്ങി ഇനങ്ങളും വിനോദ് സംരക്ഷിക്കുന്നുണ്ട്.

ഓരോ നാടിനും പാരമ്പര്യ ആഹാരരീതികളുണ്ട്. ഭക്ഷണകാര്യത്തില്‍ തിരുവനന്തപുരത്തുകാര്‍ക്ക് അവരുടേതായ രുചിയും എറണാകുളത്തുകാര്‍ക്ക് എറണാകുളത്തിന്‍റേതായ ഒരു ടേസ്റ്റുമൊക്കെയുണ്ടാകും. അതോപോലെയാണ് വാഴപ്പഴവുമെന്നു വിനോദ് പറയുന്നു.

“ഓരോ നാടിന്‍റെ കലാവസ്ഥയ്ക്കൊക്കെ അനുസരിച്ചാണ് അതിന്‍റെ രുചിയും ചില വ്യത്യാസങ്ങളുമുണ്ടാകുന്നത്. റോബസ്റ്റ പഴം എന്ന പേരില്‍ എറണാകുളംകാര്‍ക്കിടയില്‍ ഡിമാന്‍റുള്ളതാണ് ചിങ്ങന്‍ പഴം. എന്നാലത് തിരുവനന്തപുരത്തേക്ക് വന്നാലേ കപ്പപ്പഴം, മട്ടിപ്പഴം ഇതൊക്കെ ആകും.

“കേരളത്തിലെ വാഴപ്പഴത്തില്‍ കുരു ഉണ്ടാകാറില്ല. എന്നാല്‍ ബംഗാള്‍, ആസാം ഇവിടങ്ങളിലെ വാഴപ്പഴത്തില്‍ കുരുവുണ്ടാകും. നമ്മുടെ നാട്ടില്‍ കല്ലുള്ള പഴമെന്നാണതിനെ പറയുന്നത്. അന്നാട്ടുകാര്‍ക്ക് ആ പഴം വലിയ ഇഷ്ടമാണ്. എന്നാല്‍ നമ്മുടെ നാട്ടുകാര്‍ക്ക് അധികം താത്പ്പര്യമില്ല ഈ കല്ലുപഴത്തിനോട്.

ലേഡീസ് ഫിംഗര്‍

“നമ്മുടെ നാട്ടില്‍ വന്‍ ഡിമാന്‍റുണ്ട് നേന്ത്രപ്പഴത്തിന്. എന്നാല്‍ കേരളം വിട്ടു കഴിഞ്ഞാല്‍ പിന്നെ നേന്ത്രപ്പഴത്തിന് ഡിമാന്‍റ് ഇല്ല. ഏറ്റവും കൂടുതല്‍ നേന്ത്രപ്പഴം ഉത്പ്പാദിപ്പിക്കുന്നത് കേരളത്തിലാണ്.

“എല്ലാ വാഴപ്പഴത്തിനും ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ടാകും. അതുപക്ഷേ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. വാഴപ്പഴവുമായി നല്ല പരിചയമുള്ളവര്‍ക്ക് അതൊക്കെ മനസിലാകും.

“പക്ഷേ ഓരോ വാഴയ്ക്കും അതിന്‍റെ ഗുണവും മണവുമൊക്കെ വ്യത്യസ്തമായിരിക്കും. അതൊക്കെ അതിന്‍റെ വളരുന്ന കലാവസ്ഥയെ അനുസരിച്ചിരിക്കും.

“പഴനിയിലെ പഞ്ചാമൃതം ഉണ്ടാക്കുന്നത് വിരുപാക്ഷി പഴം ഉപയോഗിച്ചാണ്. എന്നാല്‍ വിരുപാക്ഷി നമ്മുടെ നാട്ടില്‍‍ നട്ടാലോ അതു പടറ്റിയായി പോകും. പഴനിയിലെ മലകളില്‍ വളരുന്ന വിരുപാക്ഷിയുടെ ഗുണങ്ങള്‍ നമ്മുടെ നാട്ടില്‍ നട്ടാല്‍ കിട്ടില്ല,” എന്നാണ് അദ്ദേഹത്തിന്‍റെ കൃഷി അനുഭവം.

പിസാങ് ബെര്‍ലിന്‍

കന്യാകുമാരിയുടെ വാഴപ്പഴമാണ് മനോരഞ്ജിതം. നല്ല മണവും രുചിയുമുള്ള വാഴ പഴമാണിത്. തിരുവനന്തപുരത്തുകാര്‍ക്ക് പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് മട്ടിപ്പഴം. അവിടുത്തെ സദ്യകളിലൊക്കെ മട്ടിപ്പഴും ചേര്‍ക്കാറുമുണ്ട്.

“പണ്ടൊക്കെ ഈ പഴം തിരുവനന്തപുരത്തെ വിവാഹവീടുകളിലെ മുറിയില്‍ കെട്ടിത്തൂക്കുന്ന പതിവുണ്ടായിരുന്നു. നല്ല ഗന്ധമല്ലേ.. മുറിയിലൊക്കെ സുഗന്ധമുണ്ടാകാന്‍ വേണ്ടിയാണിത്.

“കുറേ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇത്രയും വെറൈറ്റി വാഴകള്‍ കണ്ടെത്തി കൊണ്ടുവന്നു നടുന്നത്. വെറൈറ്റികള്‍ മറ്റുള്ളവരില്‍ നിന്നു വാങ്ങുമ്പോള്‍ എന്‍റെ തോട്ടത്തിലുള്ള വാഴ കന്നുകള്‍ അവര്‍ക്കും കൊടുക്കും.” അങ്ങനെയാണ് ഇത്രയും വെറൈറ്റികള്‍ സ്വന്തമാക്കിയതെന്നും വിനോദ് വ്യക്തമാക്കുന്നു.

കൃഷ്ണവാഴ

നേന്ത്രവാഴകളിലെ വിവിധ ഇനങ്ങളുമുണ്ട്. ചങ്ങനാശ്ശേരി നേന്ത്രന്‍, ആറ്റുനേന്ത്രന്‍, ക്വിന്‍റല്‍ നേന്ത്രന്‍ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറിയൊക്കെയുണ്ടെങ്കിലും വാഴക്കൃഷിയാണ് കൂടുതല്‍. മൂന്നര ഏക്കറിലാണ് വാഴ നട്ടിരിക്കുന്നത്.

വാഴയ്ക്കൊപ്പം തന്നെയാണ് പച്ചക്കറികളും കൃഷി ചെയ്യുന്നത്.  മരച്ചീനിയും ഒട്ടുമിക്ക പച്ചക്കറികളുമുണ്ട്.

പച്ചമുളകിന്‍റെ പത്തിരുപത്തഞ്ച് വെറൈറ്റിയുണ്ട്. കാന്താരിയും കുറേയുണ്ട്. പക്ഷേ വലിയ വിപണനമൊന്നുമില്ല. വാഴ കൃഷിയ്ക്കാണ് പ്രാധാന്യം. എല്ലാത്തിനും കൂടെ സമയവും കിട്ടുന്നില്ലെന്നു അദ്ദേഹം പറയുന്നു.

60 കോഴിയും 30 താറാവും വളര്‍ത്തുന്നുണ്ട്. മുട്ടയ്ക്ക് ആവശ്യക്കാരുണ്ട്. ഒരു ദിവസം പോലും മുട്ട മിച്ചം വരാറുമില്ല. പശുവിനെയും എരുമയെയും വളര്‍ത്താനുള്ള തീരുമാനത്തിലാണ്.

“വാഴയുടെ ഇലയും പിണ്ടിയുമൊക്കെ വെട്ടിയിട്ട് എരുമകള്‍ക്ക് കൊടുക്കുകയും ചെയ്യാം. അധികം വൈകാതെ എരുമ വളര്‍ത്തല്‍ ആരംഭിക്കും. ഇതിനൊപ്പം കുറച്ചു പൂച്ചെടികളും വളര്‍ത്തുന്നുണ്ട്.

“ഇതൊരു കൃഷിയാണെന്നു പറഞ്ഞുകൂടാ.. ജമന്തിയൊക്കെയാണ് നട്ടിരിക്കുന്നത്. പൂക്കളോടും ചെടിയോടുമൊക്കെ ഇഷ്ടമാണ്. അങ്ങനെ ഒരു രസത്തിനാണ് പൂച്ചെടി നട്ടുപിടിപ്പിച്ചത്.

“നേന്ത്രനും പാളയംകോടനും ഞാലിപ്പൂവനും മാത്രമേ വില്‍ക്കുന്നുള്ളൂ.  മറ്റു വാഴക്കുലകളെല്ലാം വീട്ടാവശ്യത്തിനുള്ളതാണ്. വീട്ടിലേക്ക് മാത്രമല്ല കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ കൊടുക്കും. പിന്നെ വെറൈറ്റി ഇനത്തിലുള്ള വാഴകളുടെ കുലകള്‍ വിവിധ പ്രദര്‍ശനങ്ങളിലേക്ക് കൊടുക്കാറുണ്ട്.

“വാഴക്കന്നുകള്‍ വില്‍ക്കുന്നുണ്ട്. അതിലൂടെ നല്ലൊരു വരുമാനം നേടാനാകുന്നുണ്ട്. വാഴക്കന്നുകളുടെ ഹോള്‍സെയില്‍ വില്‍പ്പനയാണ്. ഒരു ലക്ഷം രൂപ വരെ വാഴക്കന്ന് വില്‍പ്പനയിലൂടെ നേടാനാകുന്നുണ്ട്. വെറൈറ്റി വാഴക്കന്നുകള്‍ക്കാണ് ആവശ്യക്കാര്‍. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് വാഴക്കന്നുകള്‍ നല്‍കുന്നത്.” വിനോദ് പറഞ്ഞു.

വാഴയില്‍ നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കണമെന്നാണ് മകന്‍ പറയുന്നതെന്നു വിനോദ്. അഭനീഷ് എന്നാണ് മകന്‍റെ പേര്. അവനും ഇപ്പോ കൃഷിയ്ക്ക് കൂടെയുണ്ട്. എംടെക്ക് കഴിഞ്ഞ് ജോലി ചെയ്യുകയായിരുന്നു. അതൊക്കെ അവസാനിപ്പിച്ച് ഇപ്പോ എനിക്കൊപ്പം കൃഷിയ്ക്കുണ്ട്.

“ഞാനും മോനും കൂടിയാണ് വെറൈറ്റി വാഴ കന്നുകള്‍ തേടിപ്പോയിരുന്നത്. വീട്ടില്‍ ഞാനും അച്ഛനും മോനും മാത്രമേയുള്ളൂ. അച്ഛന്‍ സഹദേവന് 94 വയസുണ്ട്.  ഒരു സര്‍ക്കാര്‍ ജോലി നേടണമെന്നാണ് അഭനീഷ് പറയുന്നത്. അതിനു വേണ്ടിയുള്ള ശ്രമത്തിലാണവന്‍.


ഇതുകൂടി വായിക്കാം:കാട്ടുതേന്‍ മുതല്‍ കരിങ്കോഴി മുട്ടവരെ: ആഴ്ചയില്‍ 3 മണിക്കൂര്‍ മാത്രം തുറക്കുന്ന ഈ നാട്ടുചന്തയിലേക്കെത്തുന്നത് 5 ജില്ലകളിലെ ജൈവകര്‍ഷകര്‍


“വാഴപ്പഴ പായസം, വാഴപ്പിണ്ടി അച്ചാര്‍, വാഴക്കൂമ്പ് അച്ചാര്‍ ഇതൊക്കെ ഉണ്ടാക്കി വിപണിയിലെത്തിക്കണം. ബനാന കോഫിയുണ്ടാക്കണം. പിന്നെ പഴത്തിന്‍റെ കുറേ പ്രൊഡക്റ്റുകളുണ്ടാക്കണം.. ഇങ്ങനെ കുറേ ആഗ്രഹങ്ങളുണ്ട്,” വിനോദ് പ്രതീക്ഷയോടെ പറയുന്നു.

ഇത്രയേറെ വ്യത്യസ്ത ഇനം വാഴകൃഷി ചെയ്തതിലൂടെ 2015-ല്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ വിനോദ് ഇടം നേടി. തൃശിനാപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രത്തിന്‍റെ മികച്ച വാഴക്കര്‍ഷകനുള്ള അവാര്‍ഡും വിനോദ് നേടി.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം