മഴക്കാലത്ത് മാത്രം കൃഷി ചെയ്തിരുന്ന 8,000 കര്‍ഷകരുടെ ജീവിതം മാറ്റിമറിച്ച ആശയം; 99% ചെലവ് കുറവ്

“ജീവിതം തള്ളിനീക്കാനായി ഇവിടുത്തെ ജനങ്ങള്‍ വലിയ കുന്നും മലകളും കയറി ലിറ്റര്‍കണക്കിന് വെള്ളം തോളിലേറ്റി വരേണ്ട അവസ്ഥയിലായിരുന്നു. ഏറ്റി വരുന്ന വെള്ളത്തേക്കാള്‍ വിയര്‍പ്പൊഴുക്കണമായിരുന്നു അതിന്. ഇപ്പോള്‍ അതിനെല്ലാം മാറ്റം വന്നിരിക്കുന്നു.”

35-കാരനായ ലക്ഷ്മണ്‍ മാത്തൂറിന് കഴിഞ്ഞ 14 വര്‍ഷമായി കൃഷിയാണ്. ഝാര്‍ഖണ്ഡിലെ ഖൂംതി ജില്ലയിലെ ഉള്‍ഗ്രാമമായ പെലൗള്‍ ആണ് ലക്ഷ്മണിന്‍റെ സ്വദേശം. മൂത്ത രണ്ട് സഹോദരന്‍മാരും കൃഷി വിട്ട് മറ്റ് തൊഴിലുകള്‍ തെരഞ്ഞെടുത്തെങ്കിലും കുടുംബത്തൊഴിലായ കൃഷിത തന്നെ ജീവിതമാര്‍ഗമായി മാറ്റുകയായിരുന്നു ലക്ഷ്മണ്‍ മാത്തുര്‍, അതും ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം. കൃഷിയോടുള്ള അഭിനിവേശം മൂത്താണ് അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തത്.

“സമൂഹത്തിന് അവശ്യ സേവനങ്ങള്‍ നല്‍കുന്നവരാണ് കര്‍ഷകരെങ്കിലും അവര്‍ അവഗണിക്കപ്പെടുകയാണ് പതിവ്. ദാരിദ്ര്യക്കയത്തില്‍ പെട്ട് ജീവിതം തള്ളി നീക്കാന്‍ പാടുപെടുന്നവരാണ് കര്‍ഷകര്‍. എന്നാല്‍ ശരിയായ സാങ്കേതികവിദ്യയും ആസൂത്രണവും സര്‍ക്കാര്‍ സഹായവുമുണ്ടെങ്കില്‍ അത് മാറ്റിയെടുക്കാം. ഞാന്‍ അതിലാണ് ശ്രദ്ധ വെച്ചത്. കൃഷി ലാഭകരമായ ഒരു സംരംഭമാതൃകയാണെന്ന് വിവിധ തരത്തിലുള്ള സുസ്ഥിര രീതികളിലൂടെ തെളിയിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്,” ലക്ഷ്മണ്‍ മാത്തൂര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

എന്നാല്‍ കുറച്ച് വര്‍ഷം കൃഷി ചെയ്തപ്പോള്‍ തന്നെ അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ മനസിലായി. ഇപ്പറഞ്ഞ പോലെയൊന്നുമല്ല കാര്യങ്ങളെന്ന് തിരിച്ചറിഞ്ഞു. ആ മേഖലയിലെ എല്ലാ കര്‍ഷകരെയും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല എന്നതാണ്. 10 നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന മേഖലയില്‍ മിക്ക കര്‍ഷകര്‍ക്കും ആകെ കൃഷി ചെയ്യാനാകുന്നത് ഖരിഫ് വിളകള്‍ (മഴക്കാലത്ത് കൃഷി ചെയ്യുന്നവ) മാത്രം. ജലസേചനത്തിലെ കാര്യക്ഷമതയില്ലായ്മയാണ് അതിന് കാരണം.

ഇടത്: ലക്ഷ്മണ്‍ തന്‍റെ കൃഷിയിടത്തില്‍

“ഈ ജില്ലയിലെ മണ്ണ് വളരെയധികം ഫലഭൂയിഷ്ഠമാണ്. ആവശ്യത്തിന് മഴയും ലഭിക്കുന്നുണ്ട്. എന്നിട്ടും കര്‍ഷകര്‍ക്ക് മണ്‍സൂണ്‍കാല വിളകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണമാണ് നല്ല മഴ ലഭിച്ചിട്ടും പിന്നീട് ജലലഭ്യതയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. മണ്‍സൂണ്‍ കാലം അവസാനിക്കുന്നതോടുകൂടി കൃഷി ചെയ്യാന്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. ഓരോ ദിവസവും തള്ളി നീക്കാനുള്ള വെള്ളം മാത്രമേ പിന്നെ ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ,” ഖൂംതിയിലെ പഴയ സാഹചര്യം മുന്‍ഡെപ്യൂട്ടി കമ്മീഷണര്‍ സൂരജ് കുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശദീകരിക്കുന്നു.

എന്നാല്‍ മാറ്റം കൊണ്ടുവരാന്‍ തന്നെ സൂരജ് തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം സേവ വെല്‍ഫെയര്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് പുതുപദ്ധതി ആവിഷ്‌കരിച്ചത്, അതും സാധാരണ ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ. ബോറി ബാന്ദ് എന്ന പേരില്‍ ചെറിയ, താല്‍ക്കാലിക തടയണകളുണ്ടാക്കുകയായിരുന്നു സൂരജിന്‍റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ഉദ്ദേശ്യം.

ജലം തടഞ്ഞു നിര്‍ത്തുന്നതിനുവേണ്ടി അരുവികള്‍, നദികള്‍ തുടങ്ങിയവയ്ക്ക് കുറുകെ ഉണ്ടാക്കുന്ന നിര്‍മ്മാണമാണ് തടയണ. അതിനാല്‍ തന്നെ ജലത്തിന്‍റെ ലഭ്യത കൂട്ടാനും ജലസേചന സംവിധാനം കാര്യക്ഷമമാക്കാനും തടയണ നിര്‍മ്മാണത്തിലൂടെ ഇവര്‍ക്ക് സാധിച്ചു. ഈ പദ്ധതിക്ക് കീഴില്‍ ഉദ്യോഗസ്ഥരും ജനങ്ങളും എല്ലാം കൂടി ചേര്‍ന്ന് 250-ലധികം ചെലവ് കുറഞ്ഞ തടയണകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലൂടെ 8,000-ത്തോളം കര്‍ഷകര്‍ക്ക് അവരുടെ ജീവിതം മാറ്റിത്തീര്‍ക്കാന്‍ കഴിഞ്ഞു. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ വര്‍ഷം മുഴുവനും വിവിധ വിളകള്‍ കൃഷി ചെയ്ത് സമൃദ്ധിയുടെ പുതിയ കാലത്തിലേക്ക് കടക്കാനും തടയണ നിര്‍മ്മാണ പദ്ധതി ഗ്രാമത്തിലെ കര്‍ഷകരെ സഹായിച്ചു.

ജലസംഭരണം മുതല്‍ മാലിന്യസംസ്‌കരണം വരെ

ഖൂംതിയുടെ ഇപ്പോഴത്തെ ഡെപ്യൂട്ടി കമ്മീഷ്ണറായ ശശി രഞ്ജന്‍ ബോറി ബാന്ദ് പദ്ധതിയെ കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നതിങ്ങനെ, “ജലസംരക്ഷണവും സുസ്ഥിരമായ ജലസേചനവും മേഖലയിലെ ജലലഭ്യതയുടെ പ്രശ്‌നം മാത്രമല്ല പരിഹരിച്ചത്, മാലിന്യ സംസ്‌കരണമെന്ന തലവേദന കൂടിയായിരുന്നു.

“ഞങ്ങളുടെ ആശയം സുസ്ഥിരവും ചെലവ് കുറഞ്ഞതും ആകണമെന്നത് നിര്‍ബന്ധമായിരുന്നു. കാരണം അത്ര ഫണ്ടൊന്നും അത് നടപ്പാക്കാനുണ്ടായിരുന്നില്ല. പരമ്പരാഗത രീതിയില്‍ തടയണ നിര്‍മ്മിക്കുന്ന സംവിധാനമല്ല ഞങ്ങള്‍ പരീക്ഷിച്ചത്. മണ്ണും മണല്‍ നിറച്ച ചാക്കുകളും മറ്റുമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് സിമന്‍റ് ചാക്കുകളാണ് മണല്‍ നിറയ്ക്കാന്‍ ഉപയോഗിച്ചത്. പ്രാദേശിക ഡീലര്‍മാരില്‍ നിന്നും ചാക്ക് ഒന്നിന് ഒരു രൂപ നിരക്കിലാണ് അവ ഞങ്ങള്‍ ശേഖരിച്ചത്. ചിലപ്പോള്‍ പലരും ചാക്ക് സൗജന്യമായും നല്‍കി.  ഒഴുകുന്ന വെള്ളത്തിന്‍റെ ഗതി അല്‍പ്പം മാറ്റി കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ പ്ലാസ്റ്റിക് മാലിന്യം റീസൈക്കിള്‍ ചെയ്ത് ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പരിസ്ഥിതി നാശം തരതമ്യേന കുറവായ ഈ തടയണ നിര്‍മ്മാണ രീതി ജലസേചനം ഉറപ്പാക്കാനും ജലനിരപ്പുയര്‍ത്താനും കുടിവെള്ള സ്രോതസ്സുകള്‍ സജീവമാക്കാനും വരെ സഹായിക്കുന്നു. മണ്ണ് ചാക്ക് മേല്‍ക്കുമേല്‍ കൂട്ടിയിട്ട് ഒരു മതില്‍ പോലെയാണ് തടയണ നിര്‍മ്മിക്കുന്നത്. ഇതിലൂടെ വെള്ളം നദികളിലേക്ക് ഒഴുകിപ്പോകുന്നത് തടയുകയും അത് കാര്‍ഷിക വൃത്തിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.


ഇതുകൂടി വായിക്കാം: ‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം


കൃഷിക്ക് പുറമെ കുടിക്കാനും പാചകത്തിനും ക്ലീനിങ്ങിനുമെല്ലാം ഇത്തരത്തില്‍ ലഭിക്കുന്ന വെള്ളം അവിടുത്തുകാര്‍ ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല, ഇത്തരമൊരു പദ്ധതിയിലൂടെ ജനങ്ങളുടെയിടയില്‍ സാഹോദര്യവും സമൂഹ്യ ഒരുമയും സൃഷ്ടിക്കാനും അധികൃതര്‍ പറയുന്നു. ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ ഇത് ചെയ്യാനായതിനാലണത്. നക്‌സല്‍ ബാധിത പ്രദേശമായതിനാല്‍ തന്നെ ഖൂംടിയില്‍ സാമൂഹ്യ, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നേരത്തെ നിലനിന്നിരുന്നു. ഇത് ജനങ്ങളെ തമ്മിലകറ്റുകയും ചെയ്തിരുന്നു. അതിനെല്ലാം ഒരു മാറ്റം വരുത്താന്‍ ഇത്തരത്തിലുള്ളൊരു സാമൂഹ്യ വികസന പദ്ധതിയിലൂടെ സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

“ഈ പദ്ധതിയില്‍ ഗ്രാമത്തിലെ സാധാരണക്കാരയ കര്‍ഷകര്‍ പങ്കാളികളാകുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. കമ്യൂണിറ്റി പാര്‍ട്ടിസിപ്പേഷന്‍ എന്ന ആശയവുമായാണ് ഞങ്ങള്‍ മുന്നോട്ടുപോയത്. ജനങ്ങള്‍ സ്വമേധയാ അവര്‍ക്കാവുന്നത് ചെയ്യുകയെന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. ഇത്തരമൊരു പദ്ധതിയുടെ വിജയത്തിന് അതാവശ്യമാണ്. ഓരോ ദിവസത്തെ ജോലികഴിയുമ്പോഴും ഒരു സാമൂഹ്യ അടുക്കള സംവിധാനവും ഞങ്ങള്‍ സജ്ജീകരിക്കും. പദ്ധതിയില്‍ പങ്കാളികളായ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും. ഓരോരുത്തര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാണ് തങ്ങളെന്ന തോന്നലുണ്ടാക്കുന്നതിനോടൊപ്പം തന്നെ ജനകീയ പങ്കാളിത്തത്തിലൂടെ തടയണനിര്‍മ്മാണ ചെലവ് വലിയ തോതില്‍ കുറയ്ക്കാനും സാധിച്ചു,” സാമൂഹ്യ പ്രവര്‍ത്തകനും സേവ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റുമായ അജയ് ശര്‍മ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

തടയണ നിര്‍മ്മാണം പുരോഗമിക്കുന്നു.

വലിയ മാറ്റങ്ങള്‍

ജലനിരപ്പ് ഉയര്‍ന്നുവെന്നതാണ് തടയണനിര്‍മ്മാണത്തിലൂടെയുണ്ടായ പ്രധാനമാറ്റം. കിണറുകളിലയെും കുഴല്‍ക്കിണറുകളിലെയും കുളങ്ങളിലെയുമെല്ലാം ജലനിരപ്പ് കാര്യമായി ഉയര്‍ന്നു എന്നതിനോടൊപ്പം സമൂഹത്തില്‍ പോസിറ്റീവായ നിരവധി മാറ്റങ്ങള്‍ ഈ പദ്ധതി കൊണ്ടുവന്നു. വ്യവസ്ഥാപിത കര്‍ഷകരുടെയും ചെറുകിട കര്‍ഷകരുടെയുമെല്ലാം ജീവിതത്തില്‍ സമൂലമായ പൊളിച്ചെഴുത്ത് സാധ്യമാക്കാനായി ഗ്രാമവാസികളുടെ തടയണകള്‍ക്ക് സാധിച്ചു.

“വര്‍ഷം മുഴുവനും വെള്ളം ലഭ്യമായിത്തുടങ്ങിയതോടെ വിവിധ തരം വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തുടങ്ങി. മഴ ലഭിക്കാത്ത റാബി സീസണില്‍ പോലും കൃഷിയെന്നത് സാധ്യമായി എന്നതാണ് ശ്രദ്ധേയം. പച്ചക്കറികളും പഴങ്ങളുമെല്ലാം കൃഷി ചെയ്തതോടെ കര്‍ഷകരുടെ വരുമാനവും കൂടി. തൊഴിലവസരങ്ങള്‍ ഇല്ലാത്തതുകാരണം ഗ്രാമത്തില്‍ നിന്ന് ജനങ്ങള്‍ കൂട്ടപ്പലായനം ചെയ്യുന്നതും കുറഞ്ഞു. ചെറുകിട കര്‍ഷകര്‍ പോലും അവരുടെ പ്രധാന വരുമാന മാര്‍ഗമായി കൃഷിയെകണ്ട്, മുഴുവന്‍ ശ്രദ്ധയും അവരുടെ തോട്ടങ്ങളില്‍ നല്‍കിത്തുടങ്ങി,” മാറ്റത്തെ കുറിച്ച് ശശി പറയുന്നു.

നെല്ല്, ഗോതമ്പ്, കടുക്, ചോളം, തണ്ണി മത്തന്‍ തുടങ്ങി നിരവധി വിളകളില്‍ ഇന്ന് കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക പരീക്ഷണം നടത്തുന്നു ഇവിടെ. ഏതാനും ഖരിഫ് വിളകള്‍ മാത്രം വിളവെടുത്തിരുന്ന പാടങ്ങള്‍ ഇന്ന് കൃഷിവൈവിധ്യത്തിന്‍റെ കലവറകളായി മാറി. ഒരൊറ്റ തടയണ പദ്ധതിക്ക് 10 മുതല്‍ 20 ഏക്കര്‍ വരെ ഭൂമിയിലേക്ക് ജലസേചനം സാധ്യമാക്കാനുള്ള ശേഷിയുണ്ടെന്ന് അജയ് പറയുന്നു. ചില കര്‍ഷകര്‍ ഇതിനോടനുബന്ധിച്ച് മല്‍സ്യകൃഷിയും ചെയ്യാന്‍ തുടങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സൂരജ് പറയുന്നതനുസരിച്ച് ഒരു ചെറിയ തടയണ പദ്ധതിക്ക് 20-ഓളം കര്‍ഷകരെ പിന്തുണയ്ക്കാന്‍ സാധിക്കും. വലുപ്പം കൂടുമ്പോള്‍ 50 കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിന് ജലമേകാന്‍ അവയ്ക്കാകും. പദ്ധതിയുടെ കാര്യക്ഷമത കുട്ടാന്‍ മൂന്ന് സൗരോര്‍ജ പമ്പുകള്‍ കൂടി സ്ഥാപിച്ചു സൂരജ്. ഇതിലൂടെ രണ്ടര കിലോമീറ്റര്‍ പ്രദേശത്തേക്ക് കൂടി ജലസേചനം ഉറപ്പാക്കാന്‍ സാധിച്ചു.

കോവിഡാനന്തര കാലത്ത് ഈ മോഡല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശശി ഉദ്ദേശിക്കുന്നത്. ജില്ലയില്‍ ഇതിനോടകം തന്നെ ചെറുതും വലുതുമായ 250-ലധികം തടയണകള്‍ നിര്‍മിച്ചുകഴിഞ്ഞു.

ഇടത്: സൂരജ് കുമാര്‍

ഒരു തടയണയുടെ കാലചക്രം രണ്ട് വര്‍ഷമായതിനാല്‍ ഇത് സ്വയം നശിച്ചുപോകുമെന്നതും ഗുണകരമാണ്. സാമാന്യം വലിയ, ഒരു സ്ഥിരം തടയണ സംവിധാനമൊരുക്കാന്‍ നാല് മുതല്‍ 25 ലക്ഷം രൂപ വരെ വരുമ്പോള്‍ ഈ ഗ്രാമവാസികള്‍ പരീക്ഷിച്ചതുപോലുള്ള താല്‍ക്കാലിക ചെറു തടയണകള്‍ നിര്‍മ്മിക്കാന്‍ വരുന്ന ചെലവ് കേവലം 2,000 രൂപ മാത്രമാണ്. മഴക്കാലം കഴിഞ്ഞ് താല്‍ക്കാലിക തടയണകള്‍ വീണ്ടും എവിടെ വേണമെങ്കിലും നിര്‍മ്മിക്കാമെന്നതും മേന്മയാണ്.

കനത്ത മഴ വന്ന് തടയണകള്‍ നശിച്ചുപോയാലും ഇപ്പോഴത് സ്വതന്ത്രമായി നിര്‍മ്മിക്കുന്നതിന് കര്‍ഷകര്‍ക്ക് സാധിക്കുമെന്നും വലിയ ആത്മവിശ്വാസമാണ് ഈ പദ്ധതി തങ്ങള്‍ക്ക് നല്‍കിയതെന്നും ഇതിനോടകം തന്നെ സ്വന്തമായി തടയണകള്‍ നിര്‍മ്മിച്ച കര്‍ഷകന്‍ ലക്ഷ്മണ്‍ പറയുന്നു. “മഴയില്‍ തടയണകള്‍ ഒലിച്ചുപോകുന്നത് ഒരു വിഷയമല്ല ഇപ്പോള്‍. ഞങ്ങളെല്ലാം തന്നെ ബോറി ബാന്ദ് നിര്‍മ്മാണം പഠിച്ചുകഴിഞ്ഞു,” ആത്മവിശ്വാസത്തോടെ ലക്ഷ്മണ്‍ പറയുന്നു.

പുതിയ ഖൂംതി, ദേശീയ അംഗീകാരം

നക്‌സല്‍ ബാധിത പ്രദേശമായ ഖൂംതിയില്‍ ഉദ്യോഗസ്ഥരും ഗ്രാമവാസികളും കര്‍ഷകരും ചേര്‍ന്ന് നടത്തിയ ഈ പരിശ്രമത്തിന് ദേശീയ അംഗീകാരവും അടുത്തിടെ ലഭിച്ചു. കേന്ദ്ര ജലശക്തി മന്ത്രാലയം നല്‍കുന്ന പങ്കാളിത്ത ജല വിനിയോഗ വിഭാഗത്തിലുള്ള പുരസ്‌കാരമാണ് ശശിക്കും സംഘത്തിനും ലഭിച്ചത്. സൂരജ് തുടക്കമിട്ട പദ്ധതിയാണ് ശശിയിലൂടെ ഇപ്പോള്‍ കൂടുതല്‍ ഉയരങ്ങളിലെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ പ്രസിദ്ധമായ സ്‌കോച്ച് അവാര്‍ഡും ഖൂംതി പദ്ധതിക്ക് ലഭിക്കുകയുണ്ടായി. “വളരെ അഭിമാനം തോന്നിയ നിമിഷങ്ങളാണത്. എന്നാല്‍ ഖൂംതി പദ്ധതിയുടെ ക്രെഡിറ്റ് മുഴുവന്‍ നല്‍കേണ്ടത് ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് മാത്രമാണ്. ഞങ്ങള്‍ അതിന് പ്രോല്‍സാഹനം നല്‍കുകയും നടത്തിപ്പിന് സഹായിക്കുകയുമാണ് ചെയ്തത്. ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയുമെല്ലാം സഹായത്തോടെയാണ് മൂന്ന് ബ്ലോക്കുകളിലെ 30 പഞ്ചായത്തുകളിലായി ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയത്,” ശശി പറയുന്നു.

ചെറുകിട ജലസേചന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന്‍ തന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടു കൂടി 35-ഓളം പഞ്ചായത്തുകളില്‍ ഇതുപോലുള്ള തടയണകള്‍ നിര്‍മിക്കുകയാണ് ശശിയുടെ ലക്ഷ്യം.

“ബിര്‍സ മുണ്ടയുടെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ‘ജലം, കാട്, മണ്ണ്’ എന്ന അദ്ദേഹത്തിന്‍റെ മുദ്രാവാക്യം പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യം അതേ ക്രമത്തില്‍ തന്നെ അടയാളപ്പെടുത്തുന്നതാണ്. പ്രകൃതി കനിഞ്ഞുനല്‍കിയിട്ടും ഒരു തുള്ളി വെള്ളത്തിനായി നമ്മള്‍ ബുദ്ധുമുട്ടിയ സമയമുണ്ടായിരുന്നു. അതിജീവനത്തിനായി നമ്മുടെ ജനങ്ങള്‍ കുന്നുകളും മലകളും കയറിയിറങ്ങി ലിറ്റര്‍ കണക്കിന് വെള്ളം തോളിലേറ്റി കൊണ്ടുവരിക പതിവായിരുന്നു. ആ പ്രവൃത്തി പൂര്‍ത്തിയാക്കുമ്പോഴേക്കും കൊണ്ടുവന്ന വെള്ളത്തേക്കാള്‍ വെള്ളം വിയര്‍പ്പ് രൂപത്തില്‍ അവരുടെ ശരീരത്തില്‍ നിന്നും പോയിക്കാണും. വരണ്ട, തരിശ് ഭൂമികള്‍ ജലത്തിനായി ദാഹിച്ചുകിടക്കുന്ന നമ്മുടെ ജനങ്ങളുടെ പ്രതിഫലനം കൂടിയായിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മാറിവന്നിരിക്കുന്നു. ആ വലിയ മാറ്റത്തിന്‍റെ ചെറിയ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്കും സന്തോഷമുണ്ട്,” അജയ് പറയുന്നു.


ഇതുകൂടി വായിക്കാം: പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിവാഹവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്ന ബൂട്ടീക്കുമായി ഒരുകൂട്ടം സ്ത്രീകള്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം