പൊട്ടിപ്പൊളി‍ഞ്ഞ ക്ലാസ്സ് മുറികളും 27 കുട്ടികളും മാത്രമുണ്ടായിരുന്ന സര്‍ക്കാര്‍ സ്കൂളിനെ ഹൈടെക് ആക്കി മാറ്റിയ അധ്യാപിക

ഈ സ്കൂളിലേക്ക് സ്ഥലംമാറിയെത്തിയപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ ക്ലാസ്സ് മുറികളും പരിസരവും കണ്ട് തങ്കലതയ്ക്ക് സങ്കടം വന്നു.

ക്കളുടെ ആദ്യ ഹീറോ അവരുടെ അച്ഛൻമാരായിരിക്കുമെന്നൊരു ധാരണയുണ്ടല്ലോ.

തങ്കലതയ്ക്കും കുട്ടിക്കാലത്ത് അങ്ങനെയൊരു സ്വപ്നം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. അച്ഛനെപ്പോലെയാകണം–അതായിരുന്നു തങ്കലതയുടെ ആ കൊച്ചു സ്വപ്നം.

30 വര്‍ഷം മുന്‍പ് തങ്കലത ആ സ്വപ്നം സാക്ഷാത്ക്കരിച്ചു, ആ​ഗ്രഹം പോലെ അധ്യാപികയായെന്നു മാത്രമല്ല, ആരു കേട്ടാലും അഭിനന്ദിക്കുന്ന തങ്കലതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അം​ഗീകാരങ്ങളും ലഭിച്ചു.

അക്കൂട്ടത്തിലേക്ക് ഒരു ദേശീയ അം​ഗീകാരം കൂടി. ഏതാനും ദിവസങ്ങൾക്ക് കിട്ടിയ ദേശീയ അധ്യാപക പുരസ്കാരത്തിന്‍റെ സന്തോഷത്തിലാണ് കൊല്ലം പട്ടത്താനം സ്വദേശി തങ്കലത ടീച്ചർ.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതിരുന്ന കൊല്ലം ചവറ തെക്കുംഭാഗം എല്‍ വി എൽ.പി സ്കൂളിനെ മാറ്റിയെടുത്തതിനെക്കുറിച്ച് തങ്കലത ടീച്ചർ പറയുന്നു. “പത്ത് വര്‍ഷം മുന്‍പ് (2011) ഒരു ജൂണ്‍ മാസത്തിലേക്കാണ് തെക്കുംഭാഗം ഗവ: എൽ പി സ്കൂളിലേക്ക് വരുന്നത്. ആ വരവും സ്കൂളിന്‍റെ സാഹചര്യങ്ങളുമെല്ലാം ഇന്നും മറന്നിട്ടില്ല,”  എല്ലാം ഇന്നലെയെന്ന പോലെ ടീച്ചര്‍ക്ക് ഓര്‍മ്മയുണ്ട്.

“കാടുപിടിച്ച് കിടക്കുന്ന സ്കൂള്‍ മുറ്റം, ഭിത്തിയും തറയുമൊക്കെ തകര്‍ന്നു കിടക്കുന്ന ക്ലാസ് മുറികള്‍, 27 വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള ഈ സ്കൂളിലേക്കാണ് ആദ്യമായി പ്രധാനാധ്യാപികയായി വരുന്നത്,” ടീച്ചര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട്  പറയുന്നു.

നൂറിലേറെ അധ്യാപകരും 3,000-ഓളം കുട്ടികളൊക്കെയുള്ള ഹയര്‍സെക്കന്‍ററി സ്കൂളില്‍ നിന്നാണ് പ്രമോഷന്‍ കിട്ടി തങ്കലത ടീച്ചര്‍ തെക്കുംഭാഗം സ്കൂളിലേക്ക് വരുന്നത്. സ്കൂളിന്‍റെ അവസ്ഥ കണ്ട് ടീച്ചര്‍ക്ക് സങ്കടം തോന്നി.

ചവറ തെക്കുംഭാഗം എല്‍ വി എൽ.പി സ്കൂള്‍

സ്കൂളിന്‍റെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പലരും വേഗത്തില്‍ സ്ഥലമാറ്റത്തിന് ശ്രമിച്ചേക്കും. പക്ഷേ, സ്കൂളിനെ മികച്ചതാക്കിയെടുക്കണമെന്ന് തങ്കലത തീരുമാനിച്ചു.

ആ സര്‍ക്കാര്‍ സ്കൂളിനെ ഹൈടെക്ക് സൗകര്യമുള്ള മികച്ച വിദ്യാലയമാക്കി മാറ്റിയെടുക്കുക തന്നെ ചെയ്തു അവര്‍. മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനും സാധിച്ചു.

“എല്‍പി ക്ലാസിലും പ്രീ പ്രൈമറിയിലുമായി സ്കൂളില് 27 കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത് (2011-ല്‍). നാലു ക്ലാസ് മുറികള്‍ മാത്രം. അതൊക്കെയും തകര്‍ന്ന അവസ്ഥയിലും.


ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന സ്കൂള്‍ കണ്ടാല്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും തോന്നാത്ത അവസ്ഥയായിരുന്നു.


“നല്ല ക്ലാസ് മുറികളില്ല, കാടുപിടിച്ച് കിടക്കുന്ന സ്കൂള്‍ പരിസരങ്ങളില്‍ പാമ്പൊക്കെയുണ്ടെന്ന് രക്ഷിതാക്കളാണ് പറഞ്ഞത്. ഇതിനൊരു പരിഹാരം വേണമെന്നു തോന്നി.

“അങ്ങനെ സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. കുട്ടികള്‍ക്ക് സ്വസ്ഥമായി ഇരുന്ന് പഠിക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ അല്ലേ പഠിപ്പിക്കാന്‍ പറ്റുകയുള്ളൂ.

“ക്ലാസ് മുറികള്‍ നന്നാക്കിയെടുക്കാനായിരുന്നു ശ്രമിച്ചത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് പലരുടെയും സഹായങ്ങളും സ്വീകരിച്ചു. ടോയ്ലെറ്റ്, ക്ലാസ് മുറികള്‍ ഇതൊക്കെ പണിതു.

“പിന്നീട് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എംപി, എംഎല്‍എ ഫണ്ടും കിട്ടിയിരുന്നു.

തങ്കലത തങ്കപ്പന്‍

“ക്ലാസ് മുറികള്‍ ശിശുസൗഹൃദമാക്കാനും ശ്രമിച്ചു. സ്കൂളിന്‍റെ പരിസരങ്ങളൊക്കെ വൃത്തിയാക്കി, പെയിന്‍റ് ഒക്കെ അടിച്ചതോടെ സ്കൂളിന് ചില മാറ്റങ്ങളൊക്കെ വന്ന പോലെ തോന്നിക്കും.

“കാഴ്ചയില്‍ സുന്ദരമായതോടെ നാട്ടുകാരും സ്കൂളിനെപ്പറ്റി നല്ല അഭിപ്രായങ്ങളൊക്കെ പറഞ്ഞു തുടങ്ങി. ഇങ്ങനെയൊരു മാറ്റം വന്നപ്പോ തന്നെ സ്കൂളില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നു നാട്ടുകാര്‍ക്ക് തോന്നി തുടങ്ങി.

“സ്കൂളിന്‍റെ ക്ലാസ് മുറികള്‍ നിറം നല്‍കി ആകര്‍ഷകമാക്കുക മാത്രമായിരുന്നില്ല ഹൈ ടെക്കാക്കുകയും ചെയ്തു. എല്ലാ ക്ലാസ് മുറികളിലും പ്രൊജക്റ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്.

“പ്രീ പ്രൈമറിയുടെ ക്ലാസ് മുറികളെല്ലാം ശീതികരിച്ചു. ഓരോ ക്ലാസ് മുറിയിലും ലൈബ്രറി ആരംഭിച്ചു. ഈ ലൈബ്രറി അതതു ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്,” ടീച്ചര്‍ വിശദമാക്കി.

പൂര്‍വ്വവിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയുമൊക്കെ പിന്തുണയോടെയും പലരുടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റുമാണ് സ്മാര്‍ട്ട് ക്ലാസ് റൂം ആക്കുന്നതിന്‍റെ ഭാഗമായുള്ള ഏസി, ഫര്‍ണിച്ചര്‍, ക്ലാസ് ലൈബ്രറി, പ്രൊജക്റ്റുകള്‍ക്കൊക്കെ തുക കണ്ടെത്തിയത് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

“സ്കൂള്‍ ഹൈടെക്ക് ആയതോടെ ഇവിടേക്ക് കൂടുതല്‍ കുട്ടികള്‍ പഠിക്കാനെത്തി. ഇന്നിപ്പോള്‍ സ്കൂളില്‍ 337 കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്കൂളിനുണ്ടായ മാറ്റങ്ങളിലൂടെ ഓരോ വര്‍ഷവും കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ ചേര്‍ന്നു. ആദ്യവര്‍ഷം മൂന്നു കുട്ടികളാണ് പുതുതായി ചേര്‍ന്നത്. തൊട്ടടുത്ത വര്‍ഷമായ 2013-ല്‍ 14 പുതിയ അഡ്മിഷന്‍ വന്നു. 2017-ലെ അധ്യയന വര്‍ഷത്തില്‍ 51 കുട്ടികളാണ് പുതുതായി അഡ്മിഷനെടുത്ത്,” അവര്‍ വ്യക്തമാക്കി.

ഹൈടെക്ക് ക്ലാസ് മുറി

സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങളില്‍ മാത്രമല്ല തങ്കലത ശ്രദ്ധിച്ചത്. സ്കൂള്‍ മുറ്റത്ത് പൂന്തോട്ടം, ജൈവ പച്ചക്കറി കൃഷി, മധുര വനം എന്ന പേരില്‍ ഫലവൃക്ഷത്തോട്ടം, ലാംഗ്വേജ് ലാബ്, പഠനോപകരണങ്ങള്‍, നക്ഷത്രവനം  ഇതൊക്കെ ആരംഭിച്ചു.

“2011-ല്‍ ഈ സ്കൂളിലെത്തി രണ്ടാഴ്ച തികയും മുന്‍പേ പൂന്തോട്ടമുണ്ടാക്കി തുടങ്ങി. ഇതിനു ശേഷമാണ് പച്ചക്കറി കൃഷിയും ഫലവൃക്ഷങ്ങളുമൊക്കെ നട്ടു തുടങ്ങുന്നത്,” തങ്കലത തുടരുന്നു.

“മധുരവനത്തില്‍ 30-ഓളം വ്യത്യസ്ത ഫലവൃക്ഷങ്ങളുണ്ട്. റംമ്പൂട്ടാന്‍, സപ്പോട്ട, തായ്ലന്‍റ് ചാമ്പ, മുള്ളാത്ത, നെല്ലി, കസ്റ്റാര്‍ഡ് ആപ്പിള്‍, ഗ്രീന്‍ ആപ്പിള്‍, റെഡ് ലേഡി പപ്പായ, പാഷന്‍ഫ്രൂട്ട്, ലൗലോലി, മധുര അമ്പഴം, ചെറി തുടങ്ങി ഒരുപാട് ഫലവൃക്ഷങ്ങള്‍ ഉണ്ടിതില്‍.

“കഴിഞ്ഞ വര്‍ഷം നട്ട ഗ്രീന്‍ ആപ്പിള്‍ ഒഴികെ തോട്ടത്തിലെ മറ്റു വ‍ൃക്ഷങ്ങളൊക്കെ കായ്ച്ചു. തായ് ലാന്‍ഡ് ചാമ്പ പോലുള്ളവ ഈ പ്രദേശത്ത് കുറവാണ്. നാട്ടില്‍ അധികം സുലഭമല്ലാത്ത വ്യത്യസ്ത ഫലവൃക്ഷങ്ങളെക്കുറിച്ച് അറിയാനും രുചിക്കാനുമൊക്കെയുള്ള അവസരമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്.

“ഇലയെക്കാള്‍ കൂടുതല്‍ പഴങ്ങളുണ്ടാക്കുന്ന ഫലവൃക്ഷങ്ങളാണ് മധുരവനത്തില്‍.


സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി കുട്ടികള്‍ തന്നെയാണ് കൃഷി ചെയ്തുണ്ടാക്കുന്നത്.


“പുതിയൊരു കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ ജൈവകൃഷി തോട്ടത്തിന്‍റെ അളവ് കുറച്ച് കുറഞ്ഞിട്ടുണ്ട്. എന്നാലും എല്ലാത്തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിരുന്നു. കൊറോണയെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമല്ലേയുള്ളൂ. അതുകൊണ്ടിപ്പോള്‍ വലിയ അളവില്‍ പച്ചക്കറി കൃഷി ചെയ്യുന്നില്ല.

“ആവശ്യത്തിലേറെ പച്ചക്കറികള്‍ സ്കൂളില്‍ തന്നെ കൃഷി ചെയ്തെടുക്കുന്നതിനാല്‍ ദിവസവും വ്യത്യസ്ത ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ഉച്ചഭക്ഷണത്തിന് എന്താണെന്നുള്ള കാര്യം സ്കൂളിലെ മെനു ബോര്‍ഡില്‍ ഓരോ ദിവസവും എഴുതിയിട്ടിട്ടുണ്ടാകും. സീസണ്‍ അനുസരിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. വാഴ കൃഷിയും തേനീച്ച വളര്‍ത്തലുമുണ്ട്.”

ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ഔഷധസസ്യങ്ങളുടെ പേരും ഉപയോഗവുമൊക്കെ മനസിലാക്കി കൊടുക്കുന്നതിനാണ് ഔഷധസസ്യ തോട്ടമുണ്ടാക്കിയതെന്ന് ആ അധ്യാപിക പറയുന്നു.

“സ്കൂളിനൊരു ജൈവവൈവിധ്യ ഉദ്യാന രജിസ്റ്ററുണ്ട്. ഈ സ്കൂള്‍ മുറ്റത്തെ എല്ലാ ചെടികളുടെയും പേരും ബൊട്ടാനിക്കല്‍ നെയിമും ഉപയോഗങ്ങളുമൊക്കെ ആ പുസ്തകത്തില്‍ കുട്ടികള്‍ എഴുതി സൂക്ഷിക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം:സ്വന്തം വീടും കിട്ടുന്ന വരുമാനവും അഗതികള്‍ക്കായി മാറ്റിവെച്ച് നസീമയും ജലീലും; അഭയമൊരുക്കിയത് നൂറിലേറെ പേര്‍ക്ക്


“60 സെന്‍റിലാണ് സ്കൂള്‍. സ്കൂള്‍ കെട്ടിടമൊഴികെ ബാക്കിയുള്ള സ്ഥലം മുഴുവന്‍ കൃഷിയാണ്. കുട്ടികള്‍ക്ക് കൃഷിക്കാര്യങ്ങളൊക്കെ ഇഷ്ടവുമാണ്. വളമിടലും നനയ്ക്കലുമൊക്കെ കുട്ടികളും ചെയ്യാറുണ്ട്. നട്ടുവളര്‍ത്തിയ തൈകളിലൊക്കെ പൂവും കായുമുണ്ടാകുമ്പോ അവര്‍ക്ക് വലിയ സന്തോഷമാണ്.

“കുട്ടികളുടെ പഠനകാര്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. സ്കൂളിലേക്ക് വരുന്ന എല്ലാ കുട്ടികള്‍ക്കും എഴുത്തും വായനയും ഉറപ്പുവരുത്തുന്നുണ്ട്. പല സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികളല്ലേ അവരുടെ കുറവും ഗുണങ്ങളുമൊക്കെ കണ്ടെത്തിയാണ് പഠിപ്പിക്കുന്നത്.ആധുനിക സൗകര്യങ്ങളൊക്കെ പ്രയോജനപ്പെടുത്തുക മാത്രമല്ല കുട്ടികളെ മനസിലാക്കാനും അധ്യാപകര്‍ ശ്രമിക്കുന്നുണ്ട്,”  എന്ന് ടീച്ചര്‍

ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതികള്‍ മറികടക്കാന്‍ ഇപ്പോള്‍ ഓരോ ക്ലാസിനും വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്  ഓണ്‍ ലൈന്‍ ക്ലാസ് കഴിഞ്ഞ ശേഷവും ഈ ഗ്രൂപ്പുകളിലൂടെ ആ ദിവസം പഠിപ്പിച്ചതിനെക്കുറിച്ച് വീണ്ടും വിശദീകരിക്കുന്നുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും ഫോണില്‍ വിളിച്ചും അധ്യാപകര്‍ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്.

“കുട്ടികളെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ മാത്രമല്ല കൃഷിയിലുമെല്ലാം എല്ലാ സഹപ്രവര്‍ത്തകരുടെയും പിന്തുണയുണ്ട്. പല അധ്യാപകരുടെയും തുടക്കം ഇവിടെയാണ്. എല്ലാവരും ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.

ടീച്ചറുടെ അച്ഛന്‍ തങ്കപ്പന്‍ അധ്യാപകനായിരുന്നു.അമ്മ ഭാരതി. “അമ്മ മരിച്ചു, അച്ഛൻ എനിക്കൊപ്പമുണ്ട്… അച്ഛന്‍ അധ്യാപകനായിരുന്നതിനാല്‍ കുട്ടിക്കാലങ്ങളില്‍ തന്നെ ടീച്ചിങ്ങും അതിന്‍റെ കാര്യങ്ങളുമൊക്കെ കണ്ടും കേട്ടും ഇരിക്കുകയല്ലേ. ചില അധ്യാപകരുടെ പഠിപ്പിക്കുന്ന രീതിയൊക്കെ വലിയ ഇഷ്ടമായിരുന്നു. അങ്ങനെയൊക്കെയാണ് അധ്യാപികയാകാന്‍ ആഗ്രഹിച്ചത്.

“1990-ൽ പടിഞ്ഞാറേ കൊല്ലം എച്ച് എസ് എൽ പി എസിലായിരുന്നു തുടക്കം.
കൊല്ലം റെയ്ൽവെ സ്റ്റേഷൻ സൂപ്രണ്ടായി വിരമിച്ച അജിത് കുമാറാണ് ഭർത്താവ്. എൻജീനിയർമാരായ അക്ഷയ് അജിത്തും അനശ്വർ അജിത്തുമാണ് മക്കൾ.

“സ്കൂളിൽ കുറേ മാറ്റങ്ങൾ വരുത്താൻ സാധിച്ചു. എന്നാൽ കുറച്ചു ക്ലാസ് മുറികളുടെ കുറവുണ്ട്. അതിനൊരു പരിഹാരം കാണണം. നിലവിൽ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറിയുണ്ട്. പക്ഷേ ജനറൽ ലൈബ്രറിയും ലാം​ഗ്വേജ് ലൈബ്രറിയും ആരംഭിക്കണം,” ഇതൊക്കെയാണ് ഇനിയുള്ള ലക്ഷ്യങ്ങളെന്നു തങ്കലത ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ അധ്യാപക പുരസ്കാരം മാത്രമല്ല മികച്ച അധ്യാപകയ്ക്കുള്ള ഗുരുശ്രേഷ്ഠ അവാര്‍ഡും തങ്കലത ടീച്ചര്‍ക്ക് കിട്ടിയിട്ടുണ്ട്. 2017-18ലെ സംസ്ഥാന കൃഷി വകുപ്പിന്‍റെ ബെസ്റ്റ് ഹെഡ് ഓഫ് ദ് ഇന്‍സ്റ്റിറ്റ്യൂഷന്‍ അവാര്‍ഡ് തെക്കുംഭാഗം എല്‍ വി എൽ.പി സ്കൂളിന് ലഭിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം:9 കുട്ടികളില്‍ നിന്ന് 48-ലേക്ക്! വിശുദ്ധ അല്‍ഫോണ്‍സാമ്മ പഠിച്ച ഗവ. സ്കൂളിനെ 3 വര്‍ഷംകൊണ്ട് പച്ചപിടിപ്പിച്ച പ്രകാശന്‍ മാഷും സംഘവും 


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം