9 കുട്ടികളില്‍ നിന്ന് 48-ലേക്ക്! വിശുദ്ധ അല്‍ഫോണ്‍സാമ്മ പഠിച്ച ഗവ. സ്കൂളിനെ 3 വര്‍ഷംകൊണ്ട് പച്ചപിടിപ്പിച്ച പ്രകാശന്‍ മാഷും സംഘവും 

“ഞങ്ങള് ഇവിടെ പഠിപ്പിക്കുന്നത് തന്നെയാണ് മറ്റു സ്കൂളുകളിലും പഠിപ്പിക്കുന്നത്. അപ്പോ പിന്നെ സ്വന്തം മക്കളെ ഇവിടെ പഠിപ്പിക്കാതെ ഞങ്ങള് നല്ല വിദ്യാഭ്യാസം നല്‍കുന്നുണ്ട്, മറ്റുള്ളവര്‍ അവരുടെ കുട്ടികളെ ഈ സ്കൂളില്‍ ചേര്‍ക്കണം എന്നു പറയാന്‍ സാധിക്കുമോ?”

കോട്ടയം മുട്ടുച്ചിറ ഗവണ്‍മെന്‍റ് യു പി സ്കൂളിന് ഏറെ വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടാനുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മ പഠിച്ച സ്കൂളാണിത്. വിശേഷണങ്ങള്‍ ഏറെയുണ്ട്.

പക്ഷേ, പാരമ്പര്യം പറഞ്ഞിട്ടെന്ത് കാര്യം. സ്കൂളില്‍ വെറും ഒമ്പത് വിദ്യാര്‍ത്ഥികള്‍ മാത്രം.

അങ്ങനെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായിരുന്ന കാലത്താണ്  മാന്നാര്‍ ഗവ. എല്‍ പി സ്കൂളില്‍ നിന്നും പ്രകാശന്‍ സാര്‍ ഇവിടേക്ക് വരുന്നത്, ഹെഡ് മാഷായിട്ട്.

മുണ്ടക്കയത്തും വാഴമനയിലുമൊക്കെ പഠിപ്പിച്ച അധ്യാപകനാണ് പ്രകാശന്‍. ആദ്യമായാണ് ഹെഡ് മാസ്റ്ററായി സ്ഥാനക്കയറ്റം കിട്ടുന്നത്. പ്രൊമോഷനോടൊപ്പമുള്ള ട്രാന്‍സ്ഫര്‍ പക്ഷേ ഒമ്പത് കുട്ടികള്‍ മാത്രമുള്ള സ്കൂളിലേക്കായിരുന്നു എന്ന് മാത്രം.

അതിന്‍റെയൊരു സങ്കടം മാഷിനുണ്ടായിരുന്നു. എങ്ങനെയെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന നേരിയ പ്രതീക്ഷ മാത്രം ഉണ്ടായിരുന്നു.


വിഷമില്ലാത്ത ജൈവ ഭക്ഷണം ശീലമാക്കാം. സന്ദര്‍ശിക്കൂ karnival.com ന്‍റെ ഓണ്‍ലൈന്‍ ഓര്‍ഗാനിക് ഫുഡ് കൗണ്ടര്‍

സ്കൂളിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നാണ് ഈ അധ്യാപകന്‍ ആഗ്രഹിച്ചത്. വെറും സ്വപ്നം മാത്രമായിരുന്നില്ലെന്ന് പ്രകാശന്‍ സാര്‍ തന്‍റെ തെളിയിച്ചു.

ഒമ്പത് കുട്ടികള്‍ എന്ന കണക്കാണ് മാഷ് ആദ്യം തെറ്റിച്ചത്. അതിന് മൂന്ന് വര്‍ഷത്തെ അധ്വാനം വേണ്ടിവന്നു.

മുട്ടുച്ചിറ ഗവണ്‍മെന്‍റ് യുപി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ ഞാറു നടുന്നു

ഇന്ന് കടുത്തുരുത്തി മുട്ടുച്ചിറ ഗവണ്‍മെന്‍റ് യു പി സ്കൂളില്‍ 48 കുട്ടികളുണ്ട്.

പെട്ടെന്നൊരു ദിവസം വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതല്ല. പ്രകാശന്‍ മാഷിന്‍റെയും അധ്യാപകരുടെയും പിടിഎയുടെയുമൊക്കെ വലിയ പരിശ്രമങ്ങളുടെ ഫലമാണിത്.

നെല്‍കൃഷിയും മീന്‍ വളര്‍ത്തലും കോഴിവളര്‍ത്തലും പച്ചക്കറി കൃഷിയുമൊക്കെ ഇപ്പോള്‍ ഏതാണ്ടെല്ലാ സ്കൂളുകളിലും ഉണ്ടല്ലോ. അതൊക്കെ ഇവിടെയും ഉണ്ട്. കുട്ടികളെ സ്നേഹിക്കുന്ന ഈ പ്രകാശന്‍ മാഷാണ് ഈ സ്കൂളിന്‍റെ വിജയത്തിന്‍റെ കാരണക്കാരന്‍.

കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുക്കാന്‍ മാത്രമല്ല സ്കൂള്‍ പറമ്പിലെ പുല്ലുവെട്ടാന്‍ വരെ ഈ പ്രകാശന്‍മാഷ് റെഡിയാണ്.

ഞാറു നടീലില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍

അദ്ദേഹം സ്കൂള്‍ മുറ്റത്തെ പുല്ലുവെട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്കൂളിലെ വിശേഷങ്ങള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ് ഈ ഹെഡ്‍മാഷ്.

“കടുത്തുരുത്തിയിലാണ് എന്‍റെ വീട്. മുട്ടുച്ചിറ സ്കൂളിലെത്തിയിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞു. കുട്ടികള്‍ ഇവിടെ വളരെ കുറവായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് അഞ്ചിലും ആറിലും ഏഴിലുമായി ഒമ്പത് കുട്ടികള്‍.

“അത് പറ്റില്ലല്ലോ.. കുട്ടികളുടെ എണ്ണം കൂട്ടണ്ടേയെന്നു തോന്നി.


നാട്ടുകാരോട് അവരുടെ മക്കളെ മുട്ടുച്ചിറ സ്കൂളില്‍ പഠിപ്പിക്കാന്‍ ചേര്‍ക്ക് എന്നു പറയുന്നതിനെക്കാള്‍ എന്‍റെ മക്കളെ ഇവിടെ ചേര്‍ത്ത് കാണിച്ചുകൊടുക്കുകയല്ലേ വേണ്ടത്.


“അങ്ങനെ തന്നെ ചെയ്തു. എന്‍റെ മൂത്തമകള്‍ തീര്‍ത്ഥയെ ഇവിടേക്ക് മാറ്റി. അവള്‍ തലയോലപ്പറമ്പ് സ്കൂളിലാണ് പഠിച്ചു കൊണ്ടിരുന്നത്.

സ്കൂള്‍ പറമ്പിലെ പുല്ലുവെട്ടുന്നതിനിടയില്‍ പ്രധാനാധ്യാപകന്‍

“ഞങ്ങള് ഇവിടെ പഠിപ്പിക്കുന്നത് തന്നെയാണ് മറ്റു സ്കൂളുകളിലും പഠിപ്പിക്കുന്നത്. അപ്പോ പിന്നെ സ്വന്തം മക്കളെ ഇവിടെ പഠിപ്പിക്കാതെ ഞങ്ങള് നല്ല വിദ്യാഭ്യാസം നല്‍കുന്നുണ്ട്, മറ്റുള്ളവര്‍ അവരുടെ കുട്ടികളെ ഈ സ്കൂളില്‍ ചേര്‍ക്കണം എന്നു പറയാന്‍ സാധിക്കുമോ?” അദ്ദേഹം ചോദിക്കുന്നു.

“മോള് എട്ടാം ക്ലാസിലാണിപ്പോള്‍. ഹൈസ്കൂളിലേക്ക് മാറ്റി ചേര്‍ത്തു. ഇളയ മോളെയും ഈ സ്കൂളില്‍ തന്നെയാണ് ചേര്‍ത്തത്. പ്രാര്‍ഥനയെന്നാണ് പേര്. അവളിപ്പോള്‍ ഇവിടെ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്.

ഒമ്പത് പേരുണ്ടായിരുന്ന സ്കൂളില്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം 48 കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്‍റെ മാത്രം ശ്രമം കൊണ്ടല്ല വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടാനായത്. എന്‍റെ എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്ന സഹപ്രവര്‍ത്തകരുണ്ട്.” അദ്ദേഹം പറയുന്നു.

മറ്റു സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്ന ചില പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ മുന്നേറ്റം നടത്താനായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വിദ്യാര്‍ഥികള്‍ക്കൊപ്പം തുളസിതൈ നടുന്ന പ്രകാശന്‍

“സാധാരണ എല്ലാ സ്കൂളുകളിലും ഉച്ചഭക്ഷണമല്ലേ കുട്ടികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇവിടെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കുന്നുണ്ട്. പല കുട്ടികളും രാവിലെ ഒന്നും കഴിക്കാതെയാണ് സ്കൂളിലേക്ക് വരുന്നതെന്ന തിരിച്ചറിവാണ് ഈ പദ്ധതിയ്ക്ക് കാരണം.

“ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാന്‍ സാമ്പത്തികമൊന്നുമല്ല ഇവിടെ പ്രശ്നം. സമയമാണ് വില്ലന്‍. പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം വലിയ ഗംഭീരമായാണ് ആഘോഷിച്ചത്.

“ഉദ്ഘാടകനായി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  സുനിലും വന്നു. അദ്ദേഹത്തിന് ഈ പ്രഭാതഭക്ഷണ പരിപാടി ഇഷ്ടപ്പെട്ടു,”  പ്രകാശന്‍ മാഷ് പറയുന്നു.

പഠിക്കാന്‍ പോകുന്ന കുട്ടികള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ പോകുന്നത് ദാരിദ്ര്യം കൊണ്ടല്ല. പലപ്പോഴും സ്കൂളില്‍ കൃത്യസമയത്തിന് എത്താന്‍ വേണ്ടി ധൃതി പിടിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വേണ്ടെന്നു വയ്ക്കുന്നതാണെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനവേദിയില്‍ പറഞ്ഞത്.

വിത്ത് വിതയ്ക്കുന്ന വിദ്യാര്‍ഥി

അദ്ദേഹത്തിന്‍റെ  മക്കളും മിക്ക ദിവസങ്ങളിലും പ്രഭാത ഭക്ഷണം കഴിക്കാതെയാണത്രേ പോകുന്നത്.


ഇതുകൂടി വായിക്കാം:പഞ്ഞിയെത്തടയാന്‍ ചെസ്നട്ടും അക്കിയുമടക്കം 70 ഇനങ്ങളിലായി 300 മരങ്ങള്‍ കൊണ്ട് കാമ്പസിന് വൃക്ഷകവചം തീര്‍ത്ത അധ്യാപകന്‍


“പ്രഭാത ഭക്ഷണ പരിപാടിയ്ക്കായി പഞ്ചായത്തില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇപ്പോ പഞ്ചായത്തിനാണിതിന്‍റെ ചുമതല. പിടിഎയും അധ്യാപകരുമൊക്കെ സഹകരിക്കുന്നുമുണ്ട്.” പ്രധാനാധ്യാപകന്‍ പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും സ്കൂളില്‍ നിന്നു പ്രഭാത ഭക്ഷണം നല്‍കുന്നുണ്ട്. അപ്പം, ഇടിയപ്പം, ചപ്പാത്തി ഇതൊക്കെയാണുള്ളത്. കൂടെ വെജിറ്റബിള്‍ കറിയും. കറി സ്‍കൂളില്‍ തന്നെയുണ്ടാക്കും. പലഹാരം പുറത്തുനിന്ന് വാങ്ങുന്നു.

നേരത്തെ കുട്ടികള്‍ക്ക് കുത്തരിക്കഞ്ഞിയും ചമ്മന്തിയും അച്ചാറുമൊക്കെ നല്‍കിയിരുന്നുവെന്നു പ്രകാശന്‍ പറയുന്നു.

“ഞാന്‍ ഹെഡ്മാസ്റ്ററായി വന്ന നാളുകളിലാണിത് ആരംഭിച്ചത്. ഇപ്പോഴും ഇടയ്ക്ക് കുത്തരിക്കഞ്ഞി കുട്ടികള്‍ക്ക് നല്‍കാറുണ്ട്. കഞ്ഞിയും പയറും ഒരുമിച്ച് വേവിക്കുന്നതും പ്രഭാതഭക്ഷണമായി ഇടയ്ക്ക് നല്‍കാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചയൂണിന് കറിയ്ക്കാവശ്യമായതൊക്കെയും കുട്ടികള്‍ തന്നെ കൃഷി ചെയ്തുമെടുക്കുന്നുമുണ്ട്.

65 സെന്‍റ് സ്ഥലത്താണ് ഈ സ്കൂള്‍. അതില്‍ നാലു കെട്ടിടങ്ങളുണ്ട്. ബാക്കി വരുന്ന സ്ഥലത്താണ് പലതരം കൃഷികള്‍ ചെയ്യുന്നത്–പച്ചക്കറിയും മീനും നെല്ലുമൊക്കെയുണ്ട്.

“ഞങ്ങളാദ്യം ഇവിടെ നട്ടത് കപ്പയാണ്. നല്ല വിളവും കിട്ടി. വിളവെടുപ്പിന് ശേഷം വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ അധ്യാപകരൊക്കെ കൂടി കപ്പ വെട്ടി വൃത്തിയാക്കി വെള്ളത്തിലിടും. പിറ്റേ ദിവസം രാവിലെ ആ കപ്പ വേവിക്കും.


കപ്പയ്ക്കൊപ്പം കഴിക്കാനുള്ള കറിയൊക്കെ ടീച്ചര്‍മാര്‍ വീട്ടില്‍ നിന്നു കൊണ്ടുവരും.


“എന്ത് കറിയാണെന്നൊന്നും ഇല്ല. എന്തെങ്കിലും കറിയുണ്ടാക്കി കൊണ്ടുവരും.

“അങ്ങനെ കുറച്ചുകാലം കപ്പയായിരുന്നു കുട്ടികളുടെ പ്രഭാതഭക്ഷണം. അതോടൊപ്പമാണ് കുത്തരി കഞ്ഞിയും നല്‍കിയിരുന്നത്. രാവിലെ ഒമ്പതരയ്ക്ക് ബ്രേക്ക് ഫാസ്റ്റ് ടൈമാണ്,” പ്രകാശന്‍ സാര്‍ തുടരുന്നു.

ഉച്ചഭക്ഷണം എല്ലാ സ്കൂളിലേയെും പോലെ ഇവിടെയുമുണ്ട്. ചോറും കറിയും തോരനും ഒക്കെയുണ്ടാകും.

ഇപ്പോള്‍ സ്കൂളില്‍ കപ്പ കൃഷിയില്ല.  അഞ്ച് സെന്‍റില്‍ കരനെല്‍കൃഷി ചെയ്യുന്നുണ്ട്. മൂന്നു തരം നെല്ലാണ് വിതച്ചിരിക്കുന്നത്–കൊടുക്കണ്ണി, രക്തശാലി, ഗോപിക തുടങ്ങിയ ഇനങ്ങള്‍.

“പടുതാക്കുളത്തിലാണ് മത്സ്യകൃഷി. തിലാപ്പിയയും ഗിഫ്റ്റ് തിലാപ്പിയയുമാണ് വളര്‍ത്തുന്നത്. വിളവെടുക്കാനുള്ള സമയമായി. പക്ഷേ മീന്‍ കുഞ്ഞുങ്ങളും കുളത്തില്‍ കുറേയുണ്ട്. അതുകൊണ്ട് കുഞ്ഞുങ്ങളെ മാറ്റിയ ശേഷം വിളവെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് കഴിഞ്ഞു, രണ്ടാംഘട്ട കൃഷി പുരോഗമിക്കുകയാണ്. നല്ല വിളവും കിട്ടാറുണ്ട്.

“വില്‍ക്കാന്‍ മാത്രം കൃഷി ചെയ്തെടുക്കുന്നില്ല. ഇവിടുണ്ടാകുന്ന പച്ചക്കറികള്‍ കുട്ടികള്‍ക്ക് തന്നെ കറി വച്ച് നല്‍കുകയാണ് പതിവ്. അവര്‍ക്ക് വീട്ടിലേക്കും നല്‍കാറുണ്ട്.

“കുറച്ചു ഔഷധസസ്യങ്ങളും നട്ടു വളര്‍ത്തുന്നുണ്ട്. തുളസികളാണ് കൂടുതലും. പലതരത്തിലുള്ള തുളസികള്‍ നട്ടിട്ടുണ്ട്. മധുര തുളസി, നാരങ്ങ തുളസി, മിന്‍റ് തുളസി ഇങ്ങനെ കുറേയുണ്ട്.  എറണാകുളത്ത് കാക്കനാട് പോയാണ് തുളസിത്തൈകള്‍ വാങ്ങിയത്.

“നക്ഷത്രവനവും സ്കൂള്‍ മുറ്റത്ത് ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വേനലവധിക്കാലത്താണിത് നട്ടത്. ഓരോ തൈയ്ക്ക് മുകളിലും പേരെഴുതി വച്ചിട്ടുണ്ട്. രണ്ടുമൂന്നെണ്ണം ഒഴികെ ബാക്കി തൈകളൊക്കെ പിടിച്ചിട്ടുണ്ട്.

“പൂന്തോട്ടവുമുണ്ട്, പൂര്‍ണമായും കുട്ടികള്‍ തന്നെയാണ് പൂന്തോട്ടം സംരക്ഷിക്കുന്നത്. ഒട്ടും സ്ഥലം കളയാതെ ഓരോ ചതുരത്തിലാണ് കൃഷി ചെയ്യുന്നത്.

“ഞങ്ങള് ഇവിടെ കോഴിയും വളര്‍ത്തുന്നുണ്ട്. എട്ട് കോഴിയുണ്ട്. കോഴിക്കൂടൊക്കെയുണ്ട്. ഇതിന്‍റെ കാര്യങ്ങളും കുട്ടികള്‍ തന്നെയാണ് നോക്കുന്നത്.

“രാവിലെ സ്കൂളിലേക്ക് വന്നാലുടന്‍ കുട്ടികള്‍ വന്ന് ചോദിക്കുന്നത്, സാറേ കോഴികളെ തുറന്നുവിടട്ടെ, കോഴിക്ക് തീറ്റ കൊടുക്കട്ടെയെന്നൊക്കെയാണ്. അവര് തന്നെ അതൊക്കെ ചെയ്തോളും,” കോഴികള്‍ മുട്ടയിട്ടു തുടങ്ങിയാല്‍ പിന്നെ കുട്ടിള്‍ക്ക് പുറത്ത് നിന്ന് മുട്ട വാങ്ങിക്കൊടുക്കണ്ടല്ലോ എന്ന് പ്രകാശന്‍. ശരിക്കും സ്വന്തം വീട്ടിലെ കാര്യം സംസാരിക്കുന്നതു പോലെ അത്രയും അടുപ്പത്തോടെയാണ് അദ്ദേഹം സ്കൂളിലെ കാര്യങ്ങള്‍ പറയുന്നത്.

വിദ്യാര്‍ഥികള്‍ ഗ്രോബാഗില്‍ വിത്തിടുന്നു.

കൃഷിയുടെ കാര്യത്തില്‍ കുട്ടികള്‍ എല്ലാം നോക്കിക്കൊള്ളൂം. പക്ഷേ കുട്ടികളെ കൊണ്ട് വലിയ പണികളൊന്നും ചെയ്യിക്കാറില്ലെന്നു പ്രകാശന്‍. “തൂമ്പായെടുത്ത് വെട്ടാനും കിളക്കാനൊന്നും അവരെക്കൊണ്ടു പറ്റില്ലല്ലോ. ചെറിയ കുട്ടികളല്ലേ.

“തൈ നടലും നനയ്ക്കലും വിത്ത് വിതയ്ക്കലും കള പറിച്ചു കളയലും ഞാറു പറിക്കലും പച്ചക്കറി വിളവെടുക്കലുമൊക്കെ കുട്ടികള്‍ ചെയ്യും. അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്താല്‍ മാത്രം മതി.

“രാവിലെയും വൈകുന്നേരവുമാണ് കുട്ടികള്‍ക്ക് കൃഷിപ്പണിയ്ക്കായി സമയം കണ്ടെത്തിയിരിക്കുന്നത്. ക്ലാസ് ആരംഭിക്കും മുന്‍പേ നനയ്ക്കാനും വളമിടാനുമൊക്കെ കുറച്ചു കുട്ടികള്‍ നേരത്തെ വരും. കുറച്ചു കുട്ടികള്‍ വൈകുന്നേരം കൃഷിയിടത്തില്‍ ചെലവഴിക്കും.

“ഇവിടെ സോളാര്‍ ഘടിപ്പിച്ചിട്ടുണ്ട്.


മൂന്നു ക്ലാസ് മുറികളിലെയും സ്റ്റാഫ് റൂമിലെ ഓഫിസിലെയുമൊക്കെ ലൈറ്റും ഫാനുമൊക്കെ സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്.


“ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലയുള്ളതാണിത്. സ്പോണ്‍സര്‍ഷിപ്പില്‍ രണ്ട് മാസം മുന്‍പാണിത് ഘടിപ്പിച്ചത്. സോളാര്‍ ഘടിപ്പിച്ച സര്‍ക്കാര്‍ സ്കൂളുകള്‍ ഏറെയില്ല. ഇതൊരു വലിയ നേട്ടമാണ്,” എന്ന് പ്രധാനാധ്യാപകന്‍.

സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ് മുറി

“സ്കൂളിന് എന്താവശ്യം വന്നാലും ആ പ്രശ്നം പരിഹരിക്കാനുള്ള ആള്‍ വരുന്നത് വരെ ഞങ്ങള് കാത്തിരിക്കാറില്ല. അതുകൊണ്ട് തന്നെയാണ് പുല്ലുവെട്ടാന്‍ ഞാനിറങ്ങിയതും,”സ്കൂള്‍ പറമ്പിലെ കാട് വെട്ടിത്തെളിച്ചതിനെക്കുറിച്ച് പ്രകാശന്‍ പറയുന്നു.

“ആദ്യമായിട്ടല്ല, സ്കൂള്‍ പറമ്പിലെ പുല്ലൊക്കെ ഞാന്‍ വെട്ടുന്നത്. ഇവിടെ വന്നകാലം തൊട്ടേ ഇതൊക്കെ ചെയ്യാറുണ്ട്. പിന്നെ പുല്ലൊക്കെ വെട്ടി വൃത്തിയാക്കാന്‍ ഞാന്‍ തന്നെ ഇറങ്ങിയതിനൊരു കാരണമുണ്ട്.

“രണ്ട് വര്‍ഷം മുന്‍പ് പുല്ലൊക്കെ വെട്ടിക്കാമെന്നു കരുതി ഒരു പണിക്കാരനെ വിളിച്ചു. അയാള്‍ക്ക് 4,300 രൂപയാണ് കൊടുത്തത്. ഇവിടെ അത്ര അധികം സ്ഥലമൊന്നുമില്ല. നാലു വലിയ കെട്ടിടങ്ങളല്ലേ.. ബാക്കിയുള്ള കുറച്ചു സ്ഥലം വൃത്തിയാക്കാനാണ് ഇത്രയും വലിയ തുക കൊടുക്കേണ്ടി വന്നത്.

സ്കൂളിലെ സോളാര്‍ പാനല്‍

“പിന്നത്തെ വര്‍ഷം പുല്ലുവെട്ടാന്‍ ആളെ അന്വേഷിച്ചിട്ട് ആരെയും കിട്ടാതെ വന്നു. പിന്നെ ഞാന്‍ തന്നെ ചെയ്യുകയായിരുന്നു. രണ്ട് മൂന്നു പ്രാവിശ്യം ഞാന്‍ തന്നെയാണ് പുല്ലൊക്കെ വെട്ടിയത്. ഒരു ദിവസം 400 രൂപ എന്ന കണക്കിന് പുല്ലുവെട്ടല്‍ യന്ത്രം വാടകയ്ക്കെടുത്താണ് ഇതൊക്കെ ചെയ്യുന്നത്,” അദ്ദേഹം വിശദമാക്കി.

ഈയിടെ അദ്ദേഹം സ്കൂള്‍ പറമ്പ് വൃത്തിയാക്കിയതിന്‍റെ ചിത്രമാണ് ഫെയ്സ്ബുക്കിലൊക്കെ എല്ലാവരും കണ്ടത്.  ആരൊക്കെയോ ഷെയര്‍ ചെയ്തു വൈറലായി പോയതാണ്. അല്ലാതെ ഇതൊന്നും മനപ്പൂര്‍വം ചെയ്തതല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

കരനെല്‍കൃഷിയ്ക്കുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍പ്രകാശന്‍ അധ്യാപകനായെത്തിയ ശേഷം കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഓരോ വര്‍ഷവും കൂടുതല്‍ കുട്ടികള്‍ ഇവിടെ ചേരുന്നുണ്ട്. വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടാനും ഹെഡ്‍‍മാഷിന്‍റെ നേതൃത്വത്തില്‍ ശ്രമിക്കുന്നുണ്ട്.

സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ലൈബ്രറി, പത്രങ്ങള്‍… ഇതൊക്കെ ഇവിടുണ്ട്. പിന്നെ രക്ഷിതാക്കളെ കണ്ട് കുട്ടികളുടെ പഠനകാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നതും പതിവാണ്. നാലു അധ്യാപകരും ഒരു പ്യൂണുമാണ് സ്കൂളിലുള്ളത്.

ഓരോ വിദ്യാര്‍ഥിയുടെയും വീട് അധ്യാപകര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുമുണ്ട്. കുട്ടികള്‍ക്കൊക്കെ പച്ചക്കറി തൈകളും കോഴിക്കുഞ്ഞുങ്ങളെയും നല്‍കിയിരുന്നു.

 കൃഷി വികസന ഓഫീസര്‍ വഴിയാണ് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്.

“ഇതുപോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുന്നത് തനിച്ചല്ല.” സഹപ്രവര്‍ത്തകരെക്കുറിച്ച് പറയുകയാണ് പ്രകാശന്‍. “കൂടെയുള്ള അധ്യാപകരുടെ പിന്തുണയോടെയാണ്. അവരുടെ സഹായമില്ലെങ്കില്‍ ഒന്നും ചെയ്യാനാകില്ല. എല്ലാത്തിനും അവര് കൂടെയുണ്ട്.

“എന്‍റെ മോള് മാത്രമല്ല ജോളി മാത്യൂവെന്ന ടീച്ചറുടെ മകന്‍ ജ്യുവല്‍ ഇവിടെ ഏഴാം ക്ലാസില്‍ പഠിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ഞങ്ങളെല്ലാവരും കൂടിയാണ് സ്കൂളിനെ മാറ്റിയെടുക്കുന്നത്,” കടുത്തുരുത്തി കല്ലറി സ്വദേശിയായ പ്രകാശന്‍ കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം:തീവ്രവാദവും ദാരിദ്ര്യവും ദുരിതം വിതച്ച ഗാരോ കുന്നുകളില്‍ റബര്‍ കൃഷിയിലൂടെ വലിയ മാറ്റം കൊണ്ടുവന്ന മലയാളി സ്ത്രീ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം