സന്ദീപ് ഗിതെ തന്‍റെ തോട്ടത്തില്‍

പപ്പായയും തണ്ണിമത്തനും നട്ട് സന്ദീപ് നേടുന്നത് ലക്ഷങ്ങള്‍! 50 കര്‍ഷകരിലേക്കും 150 ഏക്കറിലേക്കും പടര്‍ന്ന വിജയം

പപ്പായയും തണ്ണിമത്തനുമെല്ലാം കൃഷി ചെയ്ത് വരള്‍ച്ച ബാധിച്ച ഒരു പ്രദേശത്തെ അടിമുടി മാറ്റുകയാണ് ഈ കര്‍ഷകന്‍.

ര്‍ഷകരുടെ ദുരിതകഥകള്‍ നിരന്തരം കേള്‍ക്കുന്ന നാടാണ് നമ്മുടേത്. എന്നാല്‍ പരമ്പരാഗത കൃഷിരീതികളില്‍ നിന്ന് വ്യത്യസ്തമായി, ബദല്‍വിളകളോ പുതിയ സംവിധാനങ്ങളോ പരീക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്.

സ്ഥിരതയാര്‍ന്ന ഒരു വരുമാനമെന്നതാണ് കര്‍ഷകര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ചെയ്തുശീലിച്ച കൃഷിരീതികളെയും വിപണിസൗഹൃദമെന്ന് തോന്നിക്കുന്ന ഉല്‍പ്പന്നങ്ങളെയും മാത്രം ആശ്രയിക്കുന്നത്. എന്നാല്‍ വിളവെടുപ്പ് കഴിയുമ്പോഴേക്കും പലപ്പോഴും ദുരിതം മാത്രമാകും ബാക്കിയാവുക.

എന്നാല്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പരലി താലൂക്കിലുള്ള ഒരു കര്‍ഷകന്‍ അല്‍പ്പം വഴിമാറി നടക്കുകയാണ്. വരണ്ടുണങ്ങിയ പ്രദേശമെന്ന് കുപ്രസിദ്ധി നേടിയ സ്ഥലമാണ് ബീഡ്. കര്‍ഷകര്‍ക്ക് എന്നും വറുതിയുടെ കഥകള്‍ മാത്രമേ ഇവിടുന്ന് പറയാനുള്ളൂ. എന്നാല്‍ അവര്‍ക്കിടയില്‍ നിന്നും പരമ്പരാഗത സംവിധാനങ്ങളെ വെല്ലുവിളിച്ച് പുതിയൊരു കൃഷി രീതിയിലൂടെ വിജയം വരിച്ച ധീരനെന്നാണ് സന്ദീപ് ഗിതെ എന്ന കര്‍ഷകന്‍ ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

സന്ദീപ് ഗിതെ തന്‍റെ തോട്ടത്തില്‍

“സോയബീന്‍, പയര്‍ വര്‍ഗങ്ങള്‍, വരണ്ട പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന ചില വിളകള്‍…ഇതിലെല്ലാമായിരുന്നു നേരത്തെ എന്‍റെയും ശ്രദ്ധ. എന്നാല്‍ ജൈവ കൃഷിയെ കുറിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തതോടെ എന്‍റെ ചിന്ത മാറി. പലതരം പഴങ്ങള്‍ ജൈവകൃഷിയിലൂടെ മികച്ച രീതിയില്‍ വിളവെടുക്കാമെന്ന് മനസിലായി. അങ്ങനെയാണ് ഒരേക്കര്‍ ഭൂമിയില്‍ പപ്പായ കൃഷി ചെയ്യാന്‍ തുടങ്ങിയത്,” നന്ദഗൗള്‍ ഗ്രാമത്തിലെ കര്‍ഷകനായ സന്ദീപ് ഗിതെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

2019 അവസാനത്തോടുകൂടി 1,000 തൈകളാണ് സന്ദീപ് നട്ടത്. ഗ്രാമത്തിലെ കര്‍ഷകരുടെ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മയാങ്ക് ഗാന്ധിയാണ് തൈകള്‍ സന്ദീപിന് നല്‍കിയത്.

വളരെ കുറച്ച് ജലം മാത്രം മതിയെന്നതാണ് ജൈവകൃഷിയുടെ പ്രത്യേകതയെന്ന് സന്ദീപ് പറയുന്നു. ഇതാണ് പ്രകൃതിയോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന കൃഷിരീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

“കൃഷി ചെയ്യാനുള്ള പ്രാഥമിക മുതല്‍മുടക്ക് വളരെയധികം കുറഞ്ഞു. മാത്രമല്ല വിള മാനേജ്മെന്‍റ്  വളരെ എളുപ്പവുമായി,” പുതിയ കൃഷി രീതിയുടെ മേന്മയെ കുറിച്ച് സന്ദിപ് പറയുന്നു.


പഴത്തോട്ടത്തില്‍ നിന്നുമാത്രം ഏഴ് മാസത്തിനുള്ളില്‍ 3 ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ സാധിച്ചുവെന്ന് ഈ കര്‍ഷകന്‍ പറയുന്നു.


“കൃഷിയുമായി ബന്ധപ്പെട്ട സകല ചെലവുകള്‍ക്കുമായി ഞാന്‍ നിക്ഷേപിച്ചത് 1.5 ലക്ഷം രൂപയാണ്. ഇടവിളയെന്നോണം തണ്ണിമത്തനും നട്ടു. വളവും വെള്ളവും മറ്റ് വിഭവങ്ങളുമെല്ലാം ഒരു തവണ മാത്രമേ ഉപയോഗിച്ചുള്ളൂ. ഇതെല്ലാം ചെലവ് കുറച്ചു,” സന്ദീപ് പറയുന്നു.

പപ്പായയും തണ്ണിമത്തനും വിളവെടുത്തതോടെ സന്ദീപിന്‍റെ വരുമാനത്തിലുണ്ടായത് സമാനതകളില്ലാത്ത വര്‍ധനവായിരുന്നു.

ഒരേക്കര്‍ കൂടി ഭൂമിയിലേക്ക് ഇതോടെ അദ്ദേഹം കൃഷി വ്യാപിപ്പിച്ചു. “മൊത്തത്തില്‍ രണ്ടേക്കര്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതാടെ 11 ലക്ഷം രൂപയിലേക്ക് എന്‍റെ വരുമാനം ഉയര്‍ന്നു,” സന്ദീപ് കൂട്ടിച്ചേര്‍ക്കുന്നു.

മയാങ്ക് ഗാന്ധിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗം

ആകെ 20 ടണ്‍ പപ്പായ കൃഷി ചെയ്യാനായെന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അത് വിറ്റഴിച്ചുവെന്നും സന്ദീപ് പറയുന്നു.

ഈ കര്‍ഷകന്‍റെ വേറിട്ട വിജയകഥ നാട്ടിലാകെ പരന്നു. മറ്റ് കര്‍ഷകര്‍ക്കും ഇതേ കൃഷിരീതി സ്വീകരിക്കണമെന്ന താല്‍പ്പര്യവും വന്നു. എട്ട് കര്‍ഷകരായിരുന്നു സന്ദീപിന്‍റെ വഴി സ്വീകരിച്ച ആദ്യ സംഘം. ഈ വര്‍ഷം ജനുവരിയിലായിരുന്നു അത്. ഇപ്പോള്‍ പ്രദേശത്തെ 50 കര്‍ഷകരുണ്ട് സന്ദീപിന്‍റെ പാതയില്‍.

“മൊത്തത്തില്‍ 150 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ പഴത്തോട്ടങ്ങളുള്ളത്. ഇതില്‍ 40 ഏക്കറിലും പപ്പായയാണ് കൃഷി ചെയ്യുന്നത്. ബാക്കി വരുന്ന സ്ഥലത്ത് സീതപ്പഴം, പേരക്ക, മധുരനാരങ്ങ, ചെറുനാരങ്ങ, മാമ്പഴം തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്,” സന്ദീപ് വ്യക്തമാക്കുന്നു.

ഗ്രാമത്തിലെ തന്നെ ദ്ന്യാനോബ ഗീതെയെപ്പോലുള്ള നിരവധി പേര്‍ ഈ കൃഷിരീതിയിലൂടെ നേട്ടം കൊയ്യുന്നതായി സന്ദീപ്. “മൂന്നേക്കറില്‍ സന്ദീപ് കൃഷി ചെയ്യുന്ന അതേ രീതിതന്നെയാണ് ഞാനും അവലംബിച്ചിരിക്കുന്നത്. ആറ് ടണ്‍ ആയിരുന്നു ഉല്‍പ്പാദനം. ഇതിനോടകം തന്നെ മൂന്ന് ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കാന്‍ സാധിച്ചു. ഇപ്പോഴും വിളവെടുപ്പ് നടക്കുന്നുണ്ട്. ഭാവിയില്‍ വരുമാനം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ,” ദ്ന്യാനോബ പറയുന്നു.

ഒന്നിലധികം പഴങ്ങള്‍ കൃഷിചെയ്യുന്നത് വളരെ മെച്ചമുള്ള രീതിയാണ്. ഇതിലൂടെ ഏതെങ്കിലും തരത്തിലുള്ള വിളവെടുപ്പ് ഇടയ്ക്കിടെ നടത്താന്‍ സാധിക്കും,” സീതപ്പഴവും പപ്പായയും കൃഷി ചെയ്യുന്ന സുഭാഷ് ഗിതെപറയുന്നു.

ഒരു വര്‍ഷത്തില്‍ തന്നെ രണ്ട് തവണയാണ് സുഭാഷ് വിളവെടുപ്പ് നടത്തുന്നത്. മേഖലയില്‍ കാര്‍ഷിക ആത്മഹത്യകള്‍ കുറയ്ക്കുന്നതിന് ഇതുപോലുള്ള കാര്‍ഷിക പരീക്ഷണങ്ങള്‍ സഹായിക്കുമെന്നാണ് സുഭാഷിന്‍റെ അഭിപ്രായം.

അധികമായി ഉല്‍പാദിപ്പിച്ച പഴങ്ങള്‍ ഡെല്‍ഹിയിലേക്ക്

“സന്ദീപിനെയും സുഭാഷിനെയും പോലെ നിരവധി കര്‍ഷകരാണ് ഇതുപോലുള്ള നവകൃഷിരീതികളിലൂടെ മികച്ച വരുമാനമുണ്ടാക്കുന്നത്,” കാര്‍ഷിക വകുപ്പിന്‍റെ പൂണെ മേഖലയുടെ ചുമതലയുള്ള ജോയ്ന്റ് ഡയറക്റ്റര്‍ ദിലീപ് സിന്‍ഡെ പറയുന്നു.

“വളരെ വ്യത്യസ്തമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് കര്‍ഷകര്‍ കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഇതിന്‍റെയെല്ലാം ദീര്‍ഘകാല നേട്ടങ്ങളെ കുറിച്ചും വിജയത്തെ കുറിച്ചും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്,”ദിലീപ് കൂട്ടിച്ചേര്‍ക്കുന്നു.


ഇതുകൂടി വായിക്കാം: ജൈവവെള്ളരി കൃഷിയില്‍ നിന്നും വര്‍ഷം 30 ലക്ഷം രൂപ നേടുന്ന കര്‍ഷകന്‍ അറിവുകള്‍ പങ്കുവെയ്ക്കുന്നു


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം