2007-ൽ നഴ്സിംഗ് പാസ്സായ ശേഷം പിറവം രാമമംഗലം പഞ്ചായത്തിലെ മാമലശ്ശേരിക്കാരൻ എൽദോസ് രാജുവിന് ഏതെങ്കിലും ഹോസ്പിറ്റലില്‍ കയറിപ്പറ്റുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ സുഹൃത്ത് മനുവിനൊപ്പം കൊൽക്കത്തയ്ക്ക് വണ്ടി കയറി.
അവിടെ പ്ലാസെന്റൽ ബ്ലഡ് കളക്ഷൻ ചെയ്യുന്ന സ്ഥാപനത്തിൽ അവസരം ഉണ്ടെന്ന് അറിഞ്ഞാണ് കൊൽക്കത്തയ്ക്ക് പോകുന്നത്. ജോലി തേടിയുള്ള ആദ്യയാത്ര ഒരു ചതിക്കുഴിയായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.
“ഒരുപാട് സ്വപ്നങ്ങളുമായി വണ്ടി കയറിയ ഞങ്ങൾ ചതിക്കപ്പെടുകയായിരുന്നെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്,” എല്‍ദോസ് രാജു ഓര്‍ക്കുന്നു.
19 വയസ്സുള്ളപ്പോഴാണ് എല്‍ദോസും സുഹൃത്തും ജോലി തേടി കൊല്‍ക്കത്തയിലെത്തുന്നത്.
“ഞാനും മനുവും കൈയിൽ കരുതിയ കാശ് കൊണ്ട് അവിടെ പിടിച്ചു നിന്നു. ജോലിക്ക് വേണ്ടിയല്ലേ എന്നോർക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ലായിരുന്നു. ദിവസം നൂറു രൂപ വാടക ഉള്ള റൂമിലായിരുന്നു താമസം. എനിക്കും മനുവിനും കഷ്ടിച്ച് കിടക്കാം. ഭക്ഷണം വളരെ പരിമിതമായി മാത്രം കഴിച്ചു. തെരുവോര ഭക്ഷണശാലകൾ ആയിരുന്നു ഏക ആശ്രയം. പങ്കുവെക്കലിന്‍റെ സുഖം അറിയാൻ കൊൽക്കത്ത ജീവിതം ഏറെ സഹായിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും പപ്പയും അമ്മയും വിളിക്കുമ്പോൾ ഈ ബുദ്ധിമുട്ടുകൾ ഒന്നും അറിയിക്കില്ല.”
രണ്ടുമാസം കഴിഞ്ഞപ്പോള്‍ കയ്യിലെ പണം തീര്‍ന്നു, ജോലിയൊന്നും ശരിയായതുമില്ല. അങ്ങനെയവര്‍ തിരിച്ച് നാട്ടിലേക്ക് വണ്ടികയറി.
നാട്ടിലെത്തി അധികം വൈകാതെ കൂട്ടുകാരന്‍ മനുവിന് മുംബൈയില്‍ ജോലി കിട്ടി. അവിടെ നിന്ന് അവന്‍ എല്‍ദോസിനും ജോലി ഉറപ്പാക്കിയതിന് ശേഷം വിളിച്ചു.
“എനിക്ക് സന്തോഷമാണോ എന്താന്ന് പോലും നിർവചിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഞാൻ ബോംബയിലെത്തി അവിടെ ജോലിക്ക് കയറി. ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു ശമ്പളം. എനിക്കത് വളരെ വലുതായിരുന്നു. ഒരു മാസത്തെ ജോലിക്ക് ശേഷം ശമ്പളം കിട്ടിയപ്പോൾ ആയിരത്തി അഞ്ഞൂറ് രൂപക്ക് പകരം അവർ എനിക്ക് ഇരട്ടി തുക ആണ് തന്നത്. ഒരു തുടക്കക്കാരന്‍ ആയിട്ടും എന്റെ ജോലി അവിടെ പരിചിതരായ നഴ്സിനെ പോലെ തന്നെ മാനേജ്മെന്‍റിന് ബോധിച്ചു എന്ന് പറഞ്ഞു,” എല്‍ദോസ് സന്തോഷത്തോടെ പറയുന്നു.
“പത്തുവർഷത്തോളം വരുന്ന പ്രവൃത്തിപരിചയവുമായി ഖത്തറിൽ നിന്നും നാട്ടിലേക്ക് പറക്കുമ്പോൾ ഇനിയെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള കൊതിയായിരുന്നു. ഇതിനിടയിൽ എന്‍റെ മനസ്സിനിണങ്ങിയ വീട് പണിയാനും കടങ്ങൾ വീട്ടാനും കഴിഞ്ഞു. ഇപ്പോൾ പപ്പയെ കൊണ്ട് ജോലി ചെയ്യാൻ അനുവദിക്കുന്നില്ല, നേരമ്പോക്കിന് രണ്ടു പശുക്കളെ വളർത്തുന്നതൊഴിച്ചാൽ പപ്പാ സ്വസ്ഥമാണ്. നാട്ടിലെത്തി ഇടപ്പള്ളിയിൽ ഒരു ജോലി തരമായെങ്കിലും കൊറോണ പ്രശ്നം രൂക്ഷമായപ്പോൾ എനിക്ക് ജോലിക്ക് പോകാൻ കഴിയാതെയായി,” കോവിഡ് കാലം തൊഴിലവസരങ്ങളെ ഇത്രമേൽ ബാധിച്ചിട്ടുണ്ടെന്ന് ഒരു തൊഴിൽ തേടി ഇറങ്ങിയപ്പോഴാണ് മനസ്സിലായത് എന്ന് എൽദോസ്.
“എന്റെ പപ്പ ഒരു കൃഷിക്കാരനാണ്. കപ്പയും നെല്ലും ഒക്കെയാണ് പപ്പയുടെ കൃഷി വിഭവങ്ങൾ. അതിൽ നിന്നുമുള്ള വരുമാനത്തിൽ നിന്നുമാണ് പപ്പാ എന്നെ പഠിപ്പിച്ചത് .കുറെയേറെ കഷ്ടപെട്ടിട്ടുണ്ട് അദ്ദേഹം എന്നെ ഒരു നഴ്സ് ആക്കാൻ,”
താമര ചെടികളോട് ഉള്ള കമ്പം തനിക്ക് പുതമയുള്ളതല്ലെന്ന് എൽദോസ് “എനിക്ക് താമര ചെടികൾ പണ്ടേ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ എന്റെ കൊച്ചു പൂന്തോപ്പിൽ താമരയും ഉണ്ടായിരുന്നു. പിന്നെ, ഇപ്പോൾ ജോലി ഒന്നും ഒക്കാതായപ്പോൾ നേരമ്പോക്കിന് ടെറസിലേക്ക് കയറി. അവിടെ കൊച്ചു ടബ്ബ്കളിലായി താമര നട്ടു വളർത്തി. അങ്ങനെ വളർത്തുന്ന താമരകളും തൈകളും ഫോട്ടോയെടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും. പിന്നീട് അതിനു വലിയ സ്വീകാര്യത ലഭിച്ചതോടെ ‘രാജൂസ് ഫ്ലോറൽസ്’ എന്ന പേരിൽ പേജ് തുടങ്ങി അതിലായി പോസ്റ്റിങ്ങ്. രാജു എന്‍റെ പാപ്പയാട്ടോ. പോസ്റ്റുകൾ കണ്ടു ആളുകൾ അന്വേഷണങ്ങൾ നടത്താൻ തുടങ്ങിയപ്പോൾ എന്‍റെ പക്കൽ മിച്ചം വരുന്ന ട്യൂബ്‌റുകൾ ഞാൻ വിൽക്കാനായി വച്ചു. അതിനു മികച്ച പ്രതികരണമാണ് കിട്ടിയത്. അതങ്ങനെ പോയി ഇപ്പോൾ പ്രതിമാസം മുപ്പതിനായിരത്തിലധികം രൂപ വരുമാനമായി കിട്ടുന്നുണ്ട്,” എൽദോസിന്‍റെ വാക്കുകളിൽ നിറഞ്ഞ സംതൃപ്തി.
- എഴുപത് ശതമാനം മണ്ണും മുപ്പത് ശതമാനം വെള്ളവും ചേർത്ത് കുഴച്ചു ചെളി പരുവത്തിലാക്കി താമരയുടെ കിഴങ്ങ് അതിൽ നടണം.
- നൈട്രേറ്റ് പൊട്ടാസിയം ഫോസ്‌ഫേറ്റ് (NPK) തുല്യ മിശ്രിതത്തിലെടുത്തു ഒരു പേപ്പറിൽ പൊതിഞ്ഞു ടബ്ബിലെ ചെളിയിലേക്ക് ഇടണം.
- ഒന്നര മാസത്തിലൊരിക്കൽ ഇത് ചെയ്താൽ ചെടിക്ക് ആവശ്യമുള്ള വളവുമായി.
- വെള്ളത്തിൽ ഓക്‌സിജന്‍റെ അളവ് ഉള്ളതിനനുസരിച്ചു കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. അതിനു കുറച്ചു ഗപ്പിക്കുഞ്ഞുങ്ങളെ ടബ്ബിൽ ഇട്ടു കൊടുത്താൽ മതിയാകും.
- അന്തരീക്ഷത്തിലെ ചൂട് കൊണ്ട് വെള്ളം ആവി ആയി പോകുന്നതിനനുസരിച്ചു വെള്ളം ഒഴിച്ച് കൊടുക്കാൻ മറക്കരുത്.
താമരയുടെ ട്യൂബെറും മറ്റും വാങ്ങാനായി താല്പര്യപെടുന്നവർ തന്നെ ബന്ധപ്പെടുമ്പോൾ അവർക്ക് താമരയുടെ പരിപാലന രീതികൾ വിശദീകരിച്ചു കൊണ്ടുള്ള ട്യൂട്ടോറിയൽ വിഡിയോയും പങ്കുവെക്കാറുണ്ടെന്ന് എൽദോസ് പറയുന്നു.
“ട്യൂബെറുകളും മറ്റും അന്വേഷിച്ചെത്തുന്നവർക്ക് ആദ്യം തന്നെ ഇത് പരിപാലിക്കുന്നതിന്‍റെ രീതികളും ബുദ്ധിമുട്ടുകളും പറഞ്ഞു മനസിലാക്കി കൊടുക്കും. ഓരോ പൂവും വിരിയുന്നതിനു വേണ്ടി വന്നേക്കാവുന്ന കാത്തിരിപ്പിനെ കുറിച്ചും ഓരോ സ്ഥലവും മണ്ണും കാലാവസ്ഥയും കാറ്റും അനുസരിച്ചു പൂക്കാൻ സമയമെടുക്കും എന്ന വസ്തുതയും പറഞ്ഞു കൊടുക്കും. എന്നിട്ടും താല്പര്യം പ്രകടിപ്പിക്കുന്നവരുമായാണ് പിന്നെ ഉള്ള ഡീലിങ്. ഓൺലൈൻ വഴിയാണ് ഓർഡർ സ്വീകരിക്കുന്നതും പണമിടപാട് നടത്തുന്നതും,” എല്‍ദോസ് വിശദമാക്കുന്നു.
നഴ്സിംഗ് പഠിച്ചു താമര നട്ടു നടക്കുവാണോ എന്ന് ചോദിക്കുന്നവരോട് എൽദോസിനു ഇന്ന് പറയാൻ മറുപടിയുണ്ട്. താമരയാണ് തന്‍റെ താരം. കൃഷിയെന്താ മോശമാണോ, എന്ത് കൃഷി ചെയ്താലും അതിൽ ഒരു സത്യമുണ്ട്. മണ്ണ് ചതിക്കില്ല. നാട്ടിലെ നഴ്സിന് കിട്ടുന്നതിനേക്കാൾ വരുമാനം തനിക്കുണ്ടെന്ന് പറയുമ്പോൾ എൽദോസിന്‍റെ കണ്ണുകളിൽ അഭിമാനത്തിളക്കം. കോവിഡ് കാലത്തു വീട്ടിൽ തുടർന്ന് തന്നെ ജോലി ചെയ്യാലോ എന്ന ആശ്വാസവും അതിലേറെ.