മു മ്പൊക്കെ വീട്ടുമുറ്റങ്ങളുടെ സൗന്ദര്യവും സൗരഭ്യവുമായിരുന്നു ചെത്തിയും ചെമ്പരത്തിയും മുല്ലയും റോസുമൊക്കെ. പിന്നീട് ഓര്‍ക്കിഡും ആന്തൂറിയവുമൊക്കെയായി താരങ്ങള്‍.
കോഴിക്കോട് തിരിത്തിയാട് രാരിച്ചന്‍പറമ്പത്ത് ബാലകൃഷ്ണന്‍റെ വീട്ടുമുറ്റത്തും റോസും ചെമ്പരത്തിയുമൊക്കെയായിരുന്നു ഏറെയും.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം പോറ്റി വളര്‍ത്തുന്നത് കള്ളിമുള്‍ച്ചെടികളാണ്. നേരംപോക്കിന് ആരംഭിച്ചതാണിത്. ഇപ്പോഴതൊരു നല്ല വരുമാനമാര്‍ഗമായിരിക്കുകയാണ് ബാലകൃഷ്ണന്.
“ചെടികളോട് പണ്ടേ ഇഷ്ടമുണ്ട്. ആ ഇഷ്ടം കൊണ്ടാണ്, വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കിയതും. ചെമ്പരത്തിയും റോസുമൊക്കെ കുറേയുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് കള്ളിമുള്‍ച്ചെടി നട്ടുവളര്‍ത്താന്‍ തുടങ്ങുന്നത്,” തോട്ടത്തിലെ വിശേഷങ്ങള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ് ബാലകൃഷ്ണന്‍.
“ചെടികള്‍ വളര്‍ത്തുന്നതായിരുന്നു എന്‍റെ ഹോബി. അതാണിപ്പോള്‍ വരുമാനം നല്‍കുന്ന മാര്‍ഗമായിരിക്കുന്നത്. പ്രിന്‍റിങ് പ്രസ്സ് നടത്തുകയായിരുന്നു. കോവിഡ് വന്നതോടെ ആ പ്രസ്സിന്‍റെ പ്രവര്‍ത്തനങ്ങളൊക്കെ അവതാളത്തിലായി. 35 വര്‍ഷമായി നടത്തുന്ന ഈ പ്രസ്സ് ആയിരുന്നു പ്രധാന വരുമാനവും.” ലോക്ക് ഡൗണില്‍ പ്രസ് അടച്ചിട്ടതോടെയാണ് പൂന്തോട്ടത്തിലെ കള്ളിമുള്‍ച്ചെടികളെ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ബാലകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. വീടിന്‍റേയും അടുത്തു തന്നെയുള്ള പ്രസ്സിന്‍റെയും മട്ടുപ്പാവിലാണ് കള്ളിമുള്‍ത്തോട്ടം. മഴമറയ്ക്കുള്ളില്‍ ചെറിയ പ്ലാസ്റ്റിക് ചട്ടികളിലാണ് ഈ ചെടികള്‍ വളര്‍ത്തുന്നത്.
“500-ലേറെ വ്യത്യസ്ത ഇനങ്ങള്‍ നട്ടിട്ടുണ്ട്. ഓരോന്നിന്‍റേയും പല വെറൈറ്റികളുണ്ട്. കൂട്ടത്തില്‍ വിദേശനാടുകളില്‍ നിന്ന് സ്വന്തമാക്കിയ ചെടികളുമുണ്ട്. തായ്ലന്‍റ്, ഇന്തോനേഷ്യ, ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നൊക്കെയാണ് വ്യത്യസ്ത കള്ളിമുള്‍ച്ചെടികള്‍ സ്വന്തമാക്കിയത്. അഞ്ചാറ് വര്‍ഷം മുന്‍പ് ആരംഭിച്ചതാണിത്,” ബാലകൃഷ്ണന്‍ തുടരുന്നു.
“എന്നാല്‍ മൂന്നു വര്‍ഷം മുന്‍പാണ് വിദേശ ഇനങ്ങള്‍ ശേഖരിക്കാന്‍ ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയാണ് വിത്തുകളും തൈകളും വാങ്ങിക്കുന്നത്.
“ഇതിന് നല്ല പണച്ചെലവുണ്ട്. 1,000 രൂപയുടെ ചെടി വിദേശത്ത് നിന്ന് വാങ്ങുമ്പോള്‍ 1,500 രൂപയൊക്കെ വില വരും. ഇത്രയും വില വ്യത്യാസമൊക്കെയുണ്ട്. പക്ഷേ ഇതിനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയേറെ പണം ചെലവഴിക്കുന്നതും. വരുമാനത്തിന്‍റെ നല്ലൊരു പങ്കും ഇതിനു വേണ്ടിയാണ് ചെലവഴിച്ചിരുന്നത്, ” അദ്ദേഹം പറയുന്നു.
ഗുമ്പാരന്‍ കാക്റ്റസ്, ജിംനോ കാല്‍സ്യം, എക്കിനോപ്സിസ്, സിറസ്, ആസ്ട്രോ ഫൈറ്റ, യൂഫോര്‍ബിയ, മാമിലാരിയ, റിബൂട്ടിയ, കാറലൂമ എന്നിങ്ങനെ ഒരുപാട് ഇനങ്ങളുണ്ട് അദ്ദേഹത്തിന്‍റെ തോട്ടത്തില്‍.
വള്ളിപ്പോലുള്ളവ, ഉരുണ്ടത്, അങ്ങനെ പല ആകൃതിയിലുള്ള കള്ളിമുള്‍ച്ചെടികളുണ്ട്. 250 രൂപ മുതല്‍ 3,000 രൂപ വരെ വിലവരുന്നവയും തന്‍റെ തോട്ടത്തിലുണ്ടെന്ന് ബാലകൃഷ്ണന്‍. തൈകള്‍ വാങ്ങാനും പൂന്തോട്ടം കാണാനും ഒരുപാട് ആളുകള്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്താറുമുണ്ട്.
“കള്ളിമുള്‍ച്ചെടി തോട്ടം ഒരുക്കുന്നവര്‍ കേരളത്തില്‍ വളരെ കുറവാണ്. പക്ഷേ ഉത്തരേന്ത്യയില്‍ കുറേപ്പേരുണ്ട്. നമ്മുടെ നാട്ടില്‍ കള്ളിച്ചെടികള്‍ വളര്‍ത്തുന്നതിനുള്ള പ്രശ്നം കലാവസ്ഥയാണ്.” മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന മഴയാണ് പ്രധാനമായും ഇതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കുന്നു. എങ്കിലും ഇപ്പോള്‍ ഏറെപ്പേര്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാക്റ്റസ് തൈകള്‍ വില്‍ക്കുന്നതിലൂടെ മികച്ച വരുമാനവും ബാലകൃഷ്ണന്‍ നേടുന്നുണ്ട്.
“കോവിഡ്-19 ആയതിനാല്‍ ആര്‍ക്കും എവിടെയും പോകാന്‍ പറ്റുന്നില്ലല്ലോ. ആവശ്യക്കാര്‍ക്ക് കൊറിയര്‍ വഴി ചെടികള്‍ അയച്ചു കൊടുക്കുന്നുണ്ട്,” ബാലകൃഷ്ണന്‍ തുടരുന്നു. “ഗ്രാഫ്റ്റിങ്ങും റൂട്ടിങ്ങും ചെയ്യുന്നുണ്ട്. ഗ്രാഫ്റ്റ് തൈകള്‍കള്‍ക്കാണ് വളര്‍ച്ച കൂടുതലും. നല്ല വിലയുള്ള ചെടിയാണെങ്കിലും താത്പര്യമുള്ളവര്‍ക്ക് വിലയൊന്നും പ്രശ്നമല്ല.
എത്ര വിലയാണെങ്കിലും വാങ്ങാന്‍ തയ്യാറുള്ളവര്‍ ഏറെയുണ്ട്.
“അധികം പരിചരണമൊന്നും കള്ളിമുള്‍ച്ചെടിക്ക് ആവശ്യമില്ല. ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുത്താല്‍ മതി. മഴ അധികം കൊള്ളാന്‍ പാടില്ല. അക്കാര്യം ശ്രദ്ധിക്കണമെന്നേയുള്ളൂ. ഞങ്ങളിവിടെ വീടിന്‍റെ ടെറസില്‍ മഴമറ നിര്‍മ്മിച്ചിട്ടുണ്ട്. ചെടികള്‍ക്ക് ഇടയ്ക്ക് വല്ലപ്പോഴും എല്ലുപ്പൊടി ഇട്ടു കൊടുത്താല്‍ മതി.” ഈ അലങ്കാരച്ചെടികള്‍ക്ക് കാര്യമായ കീടബാധയോ അസുഖങ്ങളോ ബാധിക്കാറില്ല എന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. മഴ അധികമായി നനഞ്ഞാല്‍ ചീഞ്ഞു പോകും, അക്കാര്യത്തില്‍ ശ്രദ്ധ വേണമെന്നു മാത്രം.
“ഇതൊരു ഹോബി ആയി ആരംഭിച്ചപ്പോഴൊന്നും കള്ളിമുള്‍ച്ചെടി കൃഷി വരുമാന മാര്‍ഗമാകുമെന്നു കരുതിയിരുന്നില്ല. ഒരു ഭ്രാന്ത് പോലെ തുടങ്ങിയതാണ്. സ്ഥലപരിമിതിയുള്ളത് കൊണ്ടാണ് മട്ടുപ്പാവില്‍ ചെടികള്‍ നട്ടത്.
“കൊറോണ വന്നതോടെ പ്രിന്‍റിങ് പ്രസില്‍ ആഴ്ചയിലൊരിക്കല്‍ മാത്രമേ ജോലിയുള്ളൂ. അങ്ങനെ കുറേ സമയം കിട്ടിയതോടെയാണ് കള്ളിമുള്‍ച്ചെടി വളര്‍ത്തലില്‍ സജീവമാകുന്നത്.” നന്നായി ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഇതുപോലൊരു തോട്ടം തയ്യാറാക്കാമെന്ന് അദ്ദേഹം പറയുന്നു. തൈകളുണ്ടാക്കി വിറ്റ് മികച്ച വരുമാനം നേടാനുമാകും.
ബേബിയാണ് ബാലകൃഷ്ണന്‍റെ ഭാര്യ. അശ്വതി, രാഹുല്‍, ഗോകുല്‍ എന്നിവരാണ് മക്കള്‍.
ഇതുകൂടി വായിക്കാം:300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു