തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ, ചക്കയില്‍ നിന്ന് തേന്‍ : അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ

നാട്ടിന്‍പുറത്ത് കിട്ടുന്ന പഴങ്ങളും കായ്കളുമൊക്കെയാണ് ഉഷയുടെ പാചകരഹസ്യം. ആവിയില്‍ പുഴുങ്ങിയതും ചുട്ടതും പാചകം തന്നെ വേണ്ടാത്തതുമായ നിരവധി വിഭവങ്ങളാണ് ഉഷയുടെ അടുക്കളയില്‍ നിന്നും പുറത്തുവരുന്നത്.

“എന്താ ഒരു ചൂട്!”
മലയാളികളിപ്പോള്‍ കണ്ടുമുട്ടിയാലുടനെ പറയുന്നതിതാണ്. വേനലിങ്ങെത്തിയില്ല അപ്പോഴേക്കും വെയിലേറ്റ് കേരളം തളര്‍ന്നുകഴിഞ്ഞു.

എത്ര വെള്ളം കുടിച്ചാലും തീരാത്തതരത്തിലുള്ള ദാഹംകൊണ്ട് മനുഷ്യര്‍ വലയുകയാണ്. വെയില്‍ വീണ് തിളച്ചുമറിയുന്ന വഴികളിലൂടെ പോകുന്നവര്‍ക്കും വെയിലേല്‍ക്കാതെ വീട്ടില്‍ കഴിയുന്നവര്‍ക്കും ഒരുപോലെ രക്ഷയില്ല

ഉഷ (മധ്യത്തില്‍) തന്‍റെ വിഭവങ്ങളുമായി.

പച്ചവെള്ളത്തിനപ്പുറം രുചിയും കുളിരുമുള്ള എന്തെങ്കിലും ദാഹം ശമിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആരും ആശിച്ചുപോകുന്ന ഉഷ്ണദിനങ്ങള്‍. ഉഷയെ ആദ്യമായി കാണുന്നതും അങ്ങനെ ഒരു ദിവസമാണ്.


നനവുപടര്‍ന്ന മണ്‍കുടങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുകയാണ് ഉഷ.


ഒരൂ ചൂടന്‍ ഉച്ചനേരം. സൂര്യന്‍ വെട്ടിത്തിളയ്ക്കുന്നു. ഒരു പൊതുപരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നിരത്തിവച്ച നനവുപടര്‍ന്ന മണ്‍കുടങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുകയാണ് ഉഷ. ചൂടേറ്റ് വാടിയ നിരവധി മുഖങ്ങള്‍ കുളിരുള്ള കുടിവെള്ളം തേടി അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

മണ്‍കുടങ്ങളുടെ മൂടി തുറന്ന് ചില്ലു ഗ്ലാസിലക്ക് ഉഷ അതില്‍ നിന്നുള്ള പാനീയങ്ങള്‍ പകരുന്നു. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളില്‍ ആരും കുടിക്കാന്‍ കൊതിക്കുന്ന നാടന്‍ പാനീയങ്ങള്‍.


ഇതുകൂടി വായിക്കാം: ആംഗോള മുതല്‍ ഇരിങ്ങാലക്കുട വരെ നീളുന്ന കൃഷി വിശേഷങ്ങള്‍: ഇരട്ട സഹോദരന്മാര്‍മാരുടെ ‘തനി നാടന്‍’ ഏദന്‍തോട്ടത്തില്‍


ആ കാഴ്ചയില്‍ തന്നെ നമ്മളൊന്ന് തണുക്കും. ഒരു ഗ്ലാസ് പച്ചമാങ്ങാ ജ്യൂസ് ഞാനും പരീക്ഷിച്ചു. ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാതിരുന്നിട്ടു പോലും ദാഹം കെടുത്തിക്കളയുന്ന നാട്ടുരുചി ആദ്യകവിളില്‍ത്തന്നെ അറിയാന്‍ കഴിഞ്ഞു. പിന്നെ ആ ഗ്ലാസ് ഒഴിഞ്ഞതറിഞ്ഞില്ല. ചുറ്റുമുണ്ടായിരുന്ന മറ്റുള്ളവരുടെ കണ്ണുകളിലും ഉഷ്ണം ഒഴിഞ്ഞുപോയതിന്‍റെ ആശ്വാസച്ചിരി.

അതാണ് തൃശൂര്‍ ജില്ലയിലെ പൊന്നൂക്കര സ്വദേശി എം.ടി ഉഷയുടെ പാനീയ പെരുമ. വീട്ടുവളപ്പില്‍ നിന്നും ശേഖരിക്കുന്ന നാടന്‍ വിഭവങ്ങള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ജ്യൂസുകള്‍. അതും കുടങ്ങളില്‍ മണ്ണിന്‍റെ തണുപ്പ് തട്ടി തണുത്ത കുളിര്‍മ്മയുള്ള പാനീയങ്ങളായി അവ ദാഹമകറ്റാന്‍ നിങ്ങള്‍ക്ക് അരികിലേക്ക് എത്തുന്നു.

പല പൊതുപരിപാടികളുടേയും ഓരങ്ങളില്‍ ഉഷ തന്‍റെ നാടന്‍ ജൂസുകളുമായി കാത്തുനില്‍ക്കാറുണ്ട്. പരിപാടി കഴിഞ്ഞ് ആളിറങ്ങിത്തുടങ്ങിയാല്‍ ഉഷയ്ക്ക് പിന്നെ ഇരിക്കാന്‍ നേരമുണ്ടാകില്ല. മിനിട്ടുകള്‍ക്കകം മണ്‍കുടങ്ങള്‍ കാലിയാകും.

അപൂര്‍വ്വമായി മാത്രം ഉണ്ടാക്കാറുള്ള ഉഷയുടെ ചില സ്‌പെഷ്യല്‍ പാനീയക്കൂട്ടകളുണ്ടെങ്കില്‍ പരിപാടി തുടങ്ങും മുമ്പുതന്നെ അവ കാലിയാകാറുണ്ട്. ചാമ്പക്ക, നെല്ലിക്ക, ഇരുമ്പന്‍ പുളി, ചക്ക, കണ്ണിമാങ്ങ, നാളികേരം തുടങ്ങിയവയുടെ പാനീയങ്ങളാണ് ഉഷ കൂടുതലും ഉണ്ടാക്കുന്നത്. പാനീയങ്ങള്‍ക്കൊപ്പം ഉഷ വില്‍ക്കാറുള്ള നാടന്‍ പലഹാരങ്ങളുടെയും സ്ഥിതി ഇതുതന്നെ.


ഇതുകൂടി വായിക്കാം: കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്


രൂപവും ഭാവവും കൊണ്ട് നമുക്ക് പരിചിതമല്ലാത്ത ആ പലഹാരങ്ങള്‍ ഒന്ന് പരീക്ഷിക്കാതെ കടന്നുപോകാന്‍ മനസ്സുവരില്ല. കൊതിയൂറും രുചികളുടെ ഒരു നിലവറതന്നെയുണ്ട് ഉഷയുടെ പക്കല്‍. എല്ലാം ഉഷയ്ക്ക് മാത്രമറിയുന്ന ഉഷതന്നെ രൂപപ്പെടുത്തിയ ചേരുവകളാല്‍ തയ്യാറാക്കപ്പെട്ട നാട്ടുരുചികള്‍.

ചാമ, റാഗി, തവിട് തുടങ്ങിയ ചെറുധാന്യങ്ങളാണ് പലഹാരങ്ങളിലെ പ്രധാന ചേരുവ. ആവിയില്‍ പുഴുങ്ങിയതും ചുട്ടെടുത്തതും പാചകം തന്നെ വേണ്ടാത്ത കൈക്കൂട്ടുകളും അവയിലുണ്ട്. നാട്ടുരുചികളെക്കുറിച്ചുള്ള അറിവും കൈപ്പുണ്യവും കൂട്ടിച്ചേര്‍ത്ത് ഉഷ തീര്‍ക്കുന്നത് സ്വാദിഷ്ടമായ ആരോഗ്യശീലങ്ങളുടെ ഒരു പുതിയ ലോകം കൂടിയാണ്.

”വിവാഹം കഴിഞ്ഞ ശേഷമാണ് ഞാനീ രംഗത്ത് സജീവമായിത്തുടങ്ങിയത്. അതിനുമുമ്പേ ഇത്തരം ആലോചനകള്‍ മനസ്സിലുണ്ടായിരുന്നു. ഓരോ സീസണുകളിലും കിട്ടുന്ന വിഭവങ്ങള്‍ ശേഖരിച്ച് പാനീയങ്ങളും പരഹാരങ്ങളും ഉണ്ടാക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

നാട്ടിന്‍പുറത്ത് കിട്ടുന്ന പഴങ്ങളും കായ്കളുമൊക്കെയാണ് ഉഷയുടെ പാചകരഹസ്യം

“പലപ്പോഴും നമ്മുടെ പറമ്പുകളില്‍ നിന്നുതന്നെ ചക്ക, മാങ്ങ, തേങ്ങ, സപ്പോട്ട, പാഷന്‍ ഫ്രൂട്ട്, നെല്ലിക്ക തുടങ്ങിയ വിഭവങ്ങളാണ് കൂടുതലും ശേഖരിക്കുന്നത്. അടുത്ത വീടുകളില്‍ നിന്നും പഴങ്ങള്‍ ശേഖരിച്ച് പലവിധത്തിലുള്ള വിഭവങ്ങളുണ്ടാക്കി പരീക്ഷിക്കുകയായിരുന്നു ആദ്യം. വീട്ടുജോലിയെല്ലാം കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയങ്ങളില്‍ പുതിയ കൂട്ടുകള്‍ ചേര്‍ത്ത് ഓരോ പലഹാരങ്ങളുണ്ടാക്കിത്തുടങ്ങി.


സ്വാദറിഞ്ഞവരുടെ പ്രതികരണങ്ങള്‍ വലിയ ആവേശം നല്‍കി.


“വീട്ടിലുള്ളവര്‍ തന്നെ വളരെ നല്ല അഭിപ്രായം പറഞ്ഞതോടെ കുടൂതല്‍ ആളുകളിലേക്ക് ഇത് എങ്ങനെ എത്തിക്കാം എന്നായി എന്‍റെ ചിന്ത. അങ്ങനെയാണ് പരിചയമുള്ള ചില പരിപാടികളില്‍ ചെറിയ തോതില്‍ പാനീയങ്ങളും പലഹാരങ്ങളും എത്തിക്കാന്‍ തുടങ്ങിയത്.” ഉഷ ലളിതമായാണ് തുടങ്ങിയതെങ്കിലും സ്വാദറിഞ്ഞവരുടെ പ്രതികരണങ്ങള്‍ വലിയ ആവേശം നല്‍കി.

ഉഷയുടെ പാനീയങ്ങളും പലഹാരങ്ങളും ബുക്ക് ചെയ്യുന്നതിനായി സംഘാടകര്‍ തിടുക്കം കൂട്ടുന്നകാലം അധികം താമസമില്ലാതെ വന്നെത്തി. ഉഷയ്ക്ക് ഒരു സ്റ്റാള്‍ അനുവദിച്ച് തന്‍റെ കൈപ്പുണ്യം വിളമ്പുന്നതിനുള്ള അവസരം നല്‍കുന്നതില്‍ പലരും താത്പര്യം കാണിച്ചു.

”പല പരിപാടികള്‍ക്കും എത്തുന്ന പ്രശസ്തരായ അതിഥികളും കേള്‍വിക്കാരും കാഴ്ച്ചക്കാരുമെല്ലാം എപ്പോഴും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. തേങ്ങാപ്പാലുക്കൊണ്ടുള്ള സംഭാരവും നെല്ലിക്കാ സംഭാരവും ആണ് മിക്കവര്‍ക്കും കൂടുതല്‍ ഇഷ്ടം. ചൂടുകാലമല്ലെങ്കില്‍ ഹെര്‍ബല്‍ ചായയും നന്നായി വിറ്റു പോകാറുണ്ട്.”

പലതരം അടകളും അച്ചാറുകളും: ഉഷയുടെ അടുക്കളയില്‍ നിന്നും

ഉഷയുടെ വളരെ പ്രശസ്തമായ മറ്റൊരു വിഭവമാണ് ഹെര്‍ബല്‍ ചായ. തേയിലയും പഞ്ചസാരയും ചേരാത്ത ഈ ചായ പതിവ് ചായകുടിക്കാര്‍ക്ക് പോലും ആശ്രയിക്കാന്‍ കഴിയുന്ന ആരോഗ്യപ്രദമായ പാനീയമാണെന്ന് ഉഷ പറയുന്നു. തവിട്, തുളസി, പുതീന, മല്ലി, ഏലം തുടങ്ങിയവ ചേര്‍ത്തുകൊണ്ടുള്ള ഉഷയുടെ ചായകള്‍ പ്രസിദ്ധമാണ്.


ഇതുകൂടി വായിക്കാം: ആവേശം പകരുന്ന സ്ത്രീ ജീവിതങ്ങള്‍: കനിവിന്‍റെയും പ്രത്യാശയുടെയും ധീരതയുടെയും കഥകള്‍


പലഹാരങ്ങളുടെയും പാനീയങ്ങളുടെയും ആസ്വാദകര്‍ പല പരിപാടികളിലും വച്ച് അവരെ വീണ്ടും കാണാന്‍ തുടങ്ങിയതോടെ ഉഷയുടെ ആരാധകരായി മാറിക്കഴിഞ്ഞിരുന്നു. ഈ രുചികളുടെ രഹസ്യം ഒന്ന് പറഞ്ഞുതരാമോ എന്ന് പലരും ചോദിച്ചു തുടങ്ങി. ഉഷയ്ക്ക് അതിനും മടിയുണ്ടായിരുന്നില്ല. തന്‍റെ പരീക്ഷണങ്ങളും രുചിക്കൂട്ടിന്‍റെ രഹസ്യങ്ങളും ചോദിച്ചവരോടൊക്കെ പറഞ്ഞുകൊടുത്തു. അങ്ങനെയങ്ങനെ അവര്‍ ഒരു പരിശീലകയും എഴുത്തുകാരിയും കൂടിയായി മാറി.

”പല പൊതുപരിപാടികളിലും എന്‍റെ വിഭവങ്ങള്‍ കഴിച്ച് രുചിയറിഞ്ഞവര്‍ അത് എങ്ങനെ ഉണ്ടാക്കുന്നു എന്ന വിവരം എപ്പോഴും എന്നോട് ചോദിക്കാറുണ്ടായിരുന്നു. വിശദമായി അക്കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരിക്കും അപ്പോള്‍ ഞാന്‍. പലരേയും വിഷമത്തോടെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. എന്‍റെ അറിവ് മറ്റൊരാളുമായി പങ്കുവയ്ക്കുന്നതിലുള്ള പ്രശ്‌നമായിരുന്നില്ല. സമയക്കുറവായിരുന്നു അതിന് കാരണം. അങ്ങനെയാണ് താത്പര്യമുള്ളവരെ ഈ പാചകശൈലി പഠിപ്പിക്കുന്നതിനായി പരിശീലന പരിപാടികള്‍ നടത്താന്‍ ഞാന്‍ തീരുമാനിക്കുന്നത്. ആദ്യം ഞാന്‍ തന്നെ മുന്‍കൈയെടുത്ത് വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചു. പിന്നീട് പലരും കേട്ടറിഞ്ഞ് എന്‍റെ അടുക്കലേക്ക് വരാന്‍ തുടങ്ങി.”


ചില സൂത്രപ്പണികളെല്ലാം ഞാനും കണ്ടുപഠിച്ചു.


വീട്ടമ്മമാര്‍ മുതല്‍ സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ വരെ ഉഷയുടെ കൈപ്പുണ്യം തങ്ങള്‍ക്ക് കൂടി സ്വായത്തമാക്കാന്‍ തിടുക്കം കൂട്ടിത്തുടങ്ങി. സ്‌കൂളുകളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്കും അദ്യാപകര്‍ക്കും വേണ്ടി പാനീയ പരിശീലന ക്ലാസ്സുകളെടുക്കാന്‍ ഉഷയെത്തേടി ഇപ്പോള്‍ അന്വേഷണം എത്താറുണ്ട്. സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടികളില്‍ പോലും ഉഷ ഒരു പതിവ് പരിശീലകയായി മാറിക്കഴിഞ്ഞു.

ഒരു പരിശീലനക്കളരിയില്‍

”പരിശീലകയായിട്ടാണ് പോകാറുള്ളതെങ്കിലും ചില പരിശീലന ശില്‍പ്പശാലകളില്‍ നിന്നും ഞാനും പലതും പഠിക്കാറുണ്ട്. പാചകം അങ്ങനെയാണ് പഠിക്കേണ്ട്. അറിവുകള്‍ പരസ്പരം കൈമാറിയാണ് നമുക്കും പലതും പരീക്ഷിക്കാന്‍ കഴിയുന്നത്.

“ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ചക്കയുടെ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലിപ്പിക്കുന്ന ഒരു ശില്പശാലയില്‍ ഞാന്‍ പരിശീലകയായി പോയിരുന്നു. മൂന്നു ദിവസത്തെ പരിപാടിയായിരുന്നു അത്. അവിടെ പലരും ചെയ്ത പാചകങ്ങളില്‍ നിന്നും ചില സൂത്രപ്പണികളെല്ലാം ഞാനും കണ്ടുപഠിച്ചു. ഈ ക്യാമ്പ് നടക്കുന്നതിനും വളരെ വര്‍ഷങ്ങള്‍ക്ക് മുന്നേതന്നെ ചക്കക്കൊണ്ടുള്ള വിവിധ ഉത്പ്പന്നങ്ങള്‍ ഞാനുണ്ടാക്കുമായിരുന്നു.

“ചക്ക ഉപയോഗിച്ച് മീന്‍കറിയോടും ചിക്കന്‍ കറിയോടും സാമ്യമുള്ള കറികള്‍ ഞാനുണ്ടാക്കിയിരുന്നു. മീനിനും ചിക്കനും പകരം ചക്കയായിരിക്കും എന്നുമാത്രം. പക്ഷെ രുചിയും സമാനമാണ്. പച്ചചക്കച്ചുള വെച്ചുള്ള സംഭാരം എന്‍റെയൊരു പ്രത്യേക വിഭവമായിരുന്നു. ഇതിന്‍റെയെല്ലാം കൂട്ടുകള്‍ ഞാന്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് പറഞ്ഞകൊടുക്കുകയും ചെയ്തു.”


ചക്കയില്‍ നിന്നും തേന്‍ ഉണ്ടാക്കുന്നതില്‍ ഈയ്യിടെ ഞാന്‍ വിജയിച്ചു


ചക്ക മാത്രമല്ല പ്ലാവില മുതല്‍ മുള്ളും മടലും വരെ ഭക്ഷ്യയോഗ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയ ഉഷ ‘ചക്കവിഭവങ്ങള്‍’ എന്നൊരു പുസ്തകം ഈ അറിവുകള്‍ മാത്രം പങ്കുവയ്ക്കുന്നതിനായി പുറത്തിറക്കിയിട്ടുണ്ട്.

രുചികള്‍ എത്രയുണ്ടെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ നാവിന്‍ തുമ്പത്ത് ഓടിയെത്താറുള്ള പതിവ് നാലഞ്ച് തരം രസങ്ങള്‍ മാത്രമായിരിക്കും നമുക്ക് ഓര്‍മ്മ വരിക. ഉഷയുടെ സ്വാദിനെക്കുറിച്ചുള്ള സങ്കല്‍പ്പം അതല്ല. ഓരോ ദിവസവും പുതിയ പരീക്ഷണങ്ങളും രുചികളും അവര്‍ പരീക്ഷിക്കുന്നു. പുതിയ പരീക്ഷണങ്ങള്‍ അച്ചാറിലാണ്. അച്ചാര്‍ ഇടാന്‍ കഴിയുമോ എന്ന് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിഭവങ്ങള്‍ വരെ ഉഷ മെരുക്കിയെടുക്കും.


പച്ച മഞ്ഞള്‍, തഴുതാമ, വാഴപ്പിണ്ടി, വാഴക്കല്ല എന്നിവ ചേര്‍ത്ത് പുതിയ അച്ചാറുകള്‍ പരീക്ഷിക്കുകയാണ് ഇപ്പോള്‍ ഞാന്‍.


”വീട്ടില്‍ നിന്നും ലഭിക്കുന്ന പച്ച മഞ്ഞള്‍, തഴുതാമ, വാഴപ്പിണ്ടി, വാഴക്കല്ല എന്നിവ ചേര്‍ത്ത് പുതിയ അച്ചാറുകള്‍ ഉണ്ടാക്കി പരീക്ഷിക്കുകയാണ് ഇപ്പോള്‍ ഞാന്‍. തുടക്കത്തില്‍ തന്നെ നല്ല പ്രതികരണമുണ്ടായിരുന്നു.” ഉഷ പറയുമ്പോള്‍ നിരന്തരം പരീക്ഷണ സന്നദ്ധയായ പാചകവിദഗ്ധയുടെ നിശ്ചയദാര്‍ഢ്യം അവരില്‍ നിറഞ്ഞുനിന്നിരുന്നു. നല്ല ഒരു വരുമാനമാര്‍ഗ്ഗം കൂടിയായി കൈപ്പുണ്യം മാറിയതോടെ ഉഷയ്ക്ക് ആത്മവിശ്വാസത്തോടെ ഇതില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നുണ്ട്.

”ഇപ്പോള്‍ എനിക്ക് 44 വയസ്സായി. 12 വര്‍ഷമായി ഇപ്പോള്‍ വളരെ സജീവമായി ഇതേ തൊഴില്‍ ചെയ്യുകയാണ് ഞാന്‍. ജീവിക്കാനുള്ള വരുമാനം ഇതില്‍നിന്നും കിട്ടിത്തുടങ്ങിയതു മുതല്‍ തൊഴിലായിത്തന്നെ ഇത് സ്വീകരിച്ചു. വീട്ടുകാര്യങ്ങളെല്ലാം ഇതില്‍ നിന്നും നടന്നുപോകുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ തൃപ്തയാണ്. ഉണ്ടാക്കിയ സാധനങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഇതുവര ഉണ്ടായിട്ടില്ല.”

ആവശ്യക്കാര്‍ കൂടിയതോടെ പലഹാരവും പാനീയങ്ങളുമുണ്ടാക്കാനുള്ള പഴങ്ങളും പച്ചക്കറികളും ഉഷയ്ക്ക് പഴയ അളവില്‍ മതിയാകാതെ വന്നു. അടുത്തുള്ള പറമ്പുകളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാന്‍ പ്രയാസമായതോടെ ഉഷ സ്വന്തമായി തനിക്ക് ആവശ്യമായ വിഭവങ്ങള്‍ കൃഷിചെയ്തുണ്ടാക്കാന്‍ തുടങ്ങി. അങ്ങനെ വീട്ടുവളപ്പില്‍ ഇപ്പോള്‍ സമൃദ്ധമായ ഒരു കൃഷിത്തോട്ടവും ഉഷയ്ക്കുണ്ട്. വാഴപ്പഴം, ചേന, മഞ്ഞള്‍, കുമ്പളം, സപ്പോട്ട, സീതപ്പഴം തുടങ്ങിയ ഇരുപതിലധികം ഇനങ്ങള്‍ വീട്ടുപറമ്പില്‍ നിറഞ്ഞുനില്‍ക്കുന്നു. ജൈവരീതിയില്‍ രാസവളങ്ങളും കീടനാശിനിയും ചേര്‍ക്കാതെ ഉണ്ടാക്കുന്ന ഈ വിഭവങ്ങളാണ് ഇപ്പോള്‍ ഉഷയുടെ രുചിവൈവിധ്യത്തിന്‍റെ മുതല്‍ക്കൂട്ട്. 
”ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളുമാണ് എനിക്കുള്ളത്. അവര്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. അധിക ജോലിയുള്ളപ്പോഴെല്ലാം മക്കളാണ് സഹായിക്കുക. ഓര്‍ഡറനുസരിച്ച് സാധനങ്ങള്‍ എത്തിക്കുന്നതെല്ലാം ചിലപ്പോള്‍ അവരായിരിക്കും. പരീക്ഷണങ്ങളിലും അവര്‍ ഒപ്പം കൂടും… പുതിയ വിഭവങ്ങളെല്ലാം സുഹൃത്തുക്കളിലാണ് ഞാന്‍ ആദ്യം പരീക്ഷിക്കാറുള്ളത്.” ഉഷ ചിരിക്കുന്നു.


ഒരു രുചിയും ഒന്നില്‍ അവസാനിക്കുന്നില്ല.


”ഇതെല്ലാം എല്ലാവര്‍ക്കും പരീക്ഷിക്കാവുന്നതാണ്… ഒരു രുചിയും ഒന്നില്‍ അവസാനിക്കുന്നില്ല. പുതിയ രുചികള്‍ നമുക്ക് സൃഷ്ടിച്ചുകൊണ്ടേയിരിക്കാം. ഓരോ പുതിയ വിഭവങ്ങളുണ്ടാക്കുമ്പോഴും ഞാന്‍ വളരെ ക്രിയേറ്റീവ് ആകുന്നതുപോലെയാണനിക്ക് തോന്നാറുള്ളത്…”

”ചക്കയില്‍ നിന്നും തേന്‍ ഉണ്ടാക്കുന്നതില്‍ ഈയ്യിടെ ഞാന്‍ വിജയിച്ചു.. കാഴ്ച്ചയില്‍ തേന്‍ പോലിരിക്കുമെങ്കിലും തേനിന്‍റെ അത്രയും കട്ടി അതിനില്ല. സപ്പോട്ട, സീതപ്പഴം, പാളയന്‍കോടന്‍ പഴം എന്നിവക്കൊണ്ടും തേന്‍ ഉണ്ടാക്കി നോക്കിയിട്ടുണ്ട്. അതും നല്ല വിജയമായിരുന്നു. അത് എന്‍റേതായ ഐഡിയയില്‍ ഞാന്‍ ചെയ്തതാണ്. എന്റേതായ കൂട്ടുകള്‍ ആയിരുന്നു. ചപ്പാത്തിയുടെയും ബ്രഡിന്‍റെയും ഒപ്പം ജാമിന് പകരം ഈ തേന്‍ ഉപയോഗിക്കാന്‍ കഴിയും. ചമ്മന്തിക്ക് പകരമായി ദോശയ്‌ക്കൊപ്പവും കഴിക്കാം.” ഇതൊക്കെ കേട്ടിരിക്കുമ്പോള്‍ എന്‍റെ വായില്‍ കപ്പലോടുന്ന സ്ഥിതിയായി.

പാചകത്തോളം സ്വാതന്ത്ര്യം തരുന്ന ഒന്നും വേറെയില്ലെന്നാണ് ഉഷയുടെ അഭിപ്രായം. ”നമുക്ക് എത്ര വേണമെങ്കിലും പരീക്ഷിക്കാമല്ലോ. വിജയിക്കുകയാണെങ്കില്‍ മാത്രം മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ മതി. പക്ഷെ, പരീക്ഷണം നടത്താനുള്ള സ്വാതന്ത്ര്യം നമ്മുടേത് മാത്രമായിരിക്കണം…. എന്തെങ്കിലും പഴങ്ങള്‍ പുതിയതായി കണ്ടാല്‍ അത് കഴിച്ചു നോക്കാമെന്നല്ല, ഇതുകൊണ്ട് പാനീയമുണ്ടാക്കിയാലോ എന്നാണ് ഞാന്‍ ആദ്യം ആലോചിക്കുന്നത്….”
സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. പൊതുപരിപാടി കഴിഞ്ഞിരിക്കുന്നു. അതിനുമെത്രയോ മുമ്പേ ഉഷയുടെ വിഭവങ്ങളെല്ലാം വിറ്റുപോയിരുന്നു. ഒഴിഞ്ഞ പാത്രങ്ങള്‍ കൂടയിലാക്കിവയ്ക്കവെ എവിടെ നിന്നോ ശേഖരിച്ച് ഇലയില്‍ പൊതിഞ്ഞുവച്ച കുറേ ഞാവല്‍പ്പഴങ്ങള്‍ അക്കൂട്ടത്തില്‍ കണ്ടു. മറ്റൊരു പുതിയ വിഭവമായി ആ വയലറ്റു ഞാവലുകള്‍ നാളെ ഉഷയ്‌ക്കൊപ്പം ഉണ്ടാകുമെന്നുറപ്പ്.

ഉഷയുടെ ഫോണ്‍ നമ്പര്‍: 8714516886.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം