കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്

കിട്ടുന്ന കൂലികൊണ്ട് ഒരാള്‍ക്ക് പോലും ഭക്ഷണത്തിന് തികയാത്ത കാലം അലവിക്കുട്ടിയുടെ മാത്രം ഓര്‍മ്മയല്ല. കഞ്ഞിവെള്ളം കുടിച്ചും വറ്റിനുകൊതിച്ചും ജീവിതം തള്ളിനീക്കിയ ആ കാലത്തിന് ഒരുപാട് പഴക്കമൊന്നുമില്ല. കുമ്പളങ്ങകൃഷിയാണ് ഈ ഗ്രാമത്തിലെ പലരേയും പട്ടിണിയുടെ മറുകര കടത്തിയത്.

കുമ്പളങ്ങ കൊണ്ട് അങ്ങ് ഉത്തരേന്ത്യയിലേക്ക് പാലം പണിത ഗ്രാമം. ആഗ്ര പേഠ(Agra Petha) യുടെ അതിമധുരത്തിനൊപ്പം ഒരു ഭാഷകൂടി പഠിച്ചെടുത്ത സാധാരണ മനുഷ്യര്‍… മലയാള നാട്ടിലെ ഏക ഉര്‍ദു കര!

മലപ്പുറം ജില്ലയിലെ കോഡൂരിന് നല്ല പഞ്ചാരമധുരമുള്ള ഒരു ചരിത്രമുണ്ട്. പലരും കേട്ടിട്ടുള്ള കഥകളായിരിക്കും. എങ്കിലും കേട്ടിട്ടില്ലാത്തവര്‍ക്കായി. കേട്ടവര്‍ക്ക്, കൗതുകകരമായ ആ ചരിത്രം ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍.

ആഗ്രയുമായി ഒരു അപൂര്‍വ ബന്ധമുണ്ട് കോഡൂര്‍ ഗ്രാമത്തിന്. ഫോട്ടോ: Pixabay

വിശാലമായ പാടവും നിറയെ തോടുകളും കൃഷിക്കുപറ്റിയ നല്ല മണ്ണുമുള്ള ഒരു പ്രദേശം. കടലുണ്ടിപ്പുഴ ഗ്രാമത്തെ വളഞ്ഞുചുറ്റിയൊഴുകുന്നു. ഏക്കലും നല്ലമണ്ണുമൊക്കെ ഒഴുക്കിക്കൊണ്ടുവന്ന് പുഴ പാടങ്ങളെ സമൃദ്ധമാക്കി. വെറുതെ വിത്തുവിതറിക്കൊടുത്താല്‍ മതി, എന്തും വിളയുന്ന മണ്ണ്.


കപ്പ (മരച്ചീനി) കൃഷിയാണ് ആദ്യം കോഡൂരിന് പെരുമ നേടികൊടുത്തത്.


കോഡൂര‍് പഞ്ചായത്തിന്‍റെ വടക്കേ അതിര് പൂര്‍ണമായും കടലുണ്ടിപ്പുഴയുടെ തീരമാണ്. ഏകദേശം 14 കിലോമീറ്ററിലധികം നീളത്തില്‍ പഞ്ചായത്തിനെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദി. കേരളത്തിലെ മറ്റ് പലയിടത്തുമെന്നപോലെ നെല്ലും തെങ്ങുമായിരുന്നു പരമ്പരാഗത കൃഷി. കാളപൂട്ടുല്‍സവത്തിന്‍റെ ആരവം ഈയടുത്ത കാലത്തുവരെ ഇവിടത്തെ കണ്ടങ്ങളില്‍ മുഴങ്ങിയിരുന്നു.


ഇതുകൂടി വായിക്കാം: വാച്ച് നന്നാക്കുന്ന സ്ത്രീകളെ അറിയാമോ? 45 വര്‍ഷം മുമ്പ് ഈ ആണ്‍തട്ടകത്തിലേക്ക് കയറിച്ചെന്ന ലൈസയോടൊപ്പം


ആഗ്ര പേഠ. ഫോട്ടോ: വിക്കിപീഡിയ

കപ്പ (മരച്ചീനി) കൃഷിയാണ് ആദ്യം കോഡൂരിന് പെരുമ നേടികൊടുത്തത്. ‘കോഡൂര്‍ കപ്പ’ ഒരുകാലത്ത് വളരെ പ്രശസ്തമായിരുന്നു. മറ്റുപച്ചക്കറികള്‍ക്കൊപ്പം കുമ്പളങ്ങയും നന്നായി വിളഞ്ഞിരുന്ന പാടങ്ങള്‍. കോഡൂരിലെ കുമ്പളങ്ങ എങ്ങനെയോ ഉത്തരേന്ത്യന്‍ കച്ചവടക്കാരുടെ കണ്ണില്‍ പെട്ടു.

ആഗ്ര പേഠ എന്ന മധുരപലഹാരം ഉണ്ടാക്കാന്‍ ഏറ്റവും നല്ലത് കോഡൂരില്‍ വിളയുന്ന കുമ്പളമാണെന്ന പ്രശസ്തി പരന്നതോടെ നീളന്‍ കുര്‍ത്ത ധരിച്ച ഉത്തരേന്ത്യക്കാര്‍ ഈ ഗ്രാമം തേടി വരാന്‍ തുടങ്ങി.

ഒറ്റ ട്രിപ്പിന് 20 ടണ്‍ കുമ്പളങ്ങ വരെ കോഡൂരില്‍ നിന്ന് അതിര്‍ത്തി കടന്നു

ആവശ്യക്കാര്‍ കൂടിയതോടെ കുമ്പളങ്ങ കൃഷിയും വ്യാപകമായി. എഴുപതുകളുടെ ആദ്യത്തിലാണ് കോഡൂര്‍ ഗ്രാമം കുമ്പളങ്ങ കൃഷി വലിയതോതില്‍ തുടങ്ങുന്നത്. ഏതാണ്ട് കാല്‍ നൂറ്റാണ്ടോളം കാലം ആ വ്യാപാര ബന്ധം നിലനിന്നു.


മത്തന്‍, വെള്ളരി എന്നിവ ഉപേക്ഷിച്ചാണ് കുമ്പളം കൃഷിയിലേക്ക് മാറിയത്.


നീളന്‍ അശോക് ലെയ്‌ലന്‍ഡ് ലോറികള്‍ അക്കാലത്ത് കോഡൂരില്‍ വരി നിന്നു. ഡബിള്‍ ഡക്കര്‍ വണ്ടികളില്‍ ഒറ്റ ട്രിപ്പിന് 20 ടണ്‍ കുമ്പളങ്ങ വരെ അതിര്‍ത്തി കടന്നു. വള്ളിക്കാടന്‍ അലവി, തോട്ടുങ്ങല്‍ മുഹമ്മദ്, അരീക്കാട്ട് കുഞ്ഞാലി, കോതറമ്പത്ത് മൂസ, കമ്മുക്കുട്ടി, പാലോളി മോയീന്‍, പുല്‍പ്പാട്ടില്‍ എനിക്കുട്ടി, മക്കളായ അഹമ്മദ്, മൂസ, കോയ തുടങ്ങിയവരായിരുന്നു പ്രധാന കുമ്പളങ്ങ കൃഷിക്കാര്‍.

വള്ളിക്കാടന്‍ അലവി

ഇവരില്‍ ചിലര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അക്കാലത്ത് നാലു മാസത്തെ കൃഷി കൊണ്ട് താന്‍ 23 സെന്‍റ് ഭൂമി അന്നത്തെ വലിയ വിലയായ 62,000 രൂപ കൊടുത്ത് വാങ്ങിയെന്ന് കര്‍ഷകനായ വള്ളിക്കാടന്‍ അലവി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.


ഇതുകൂടി വായിക്കാം: ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍


മത്തന്‍, വെള്ളരി കൃഷികള്‍ ഉപേക്ഷിച്ചാണ് കുമ്പളം കൃഷിയിലേക്ക് മാറിയത്. നിറയെ പണം കിട്ടിയപ്പാള്‍ കൃഷിക്കാര്‍ക്കെല്ലാം പ്രിയം ഹിന്ദുസ്ഥാനിക്കാരോടായെന്നും അലവി പറയുന്നു.

“ഇച്ചാത്രം ചക്കീം മാങ്ങീം മാത്രം പള്ളറച്ചാന്‍ ഇണ്ടാവ്ണ കാലം, കൈമെയ് മറന്ന് കജ്ജ്’ തയമ്പാക്കീപ്പോ കായി എമ്പാടും കിട്ടി. മ്മള് നെജ്ജൂട്ടി ചോറെയ്ച്ചാനും തൊടങ്ങി,” അലവിക്കുട്ടി അക്കാലം ഓര്‍ത്തെടുക്കുന്നു. (ചക്കയും മാങ്ങയും മാത്രം വയറുനിറയ്ക്കാന്‍ ഉണ്ടായിരുന്ന കാലം. കുമ്പളപ്പാടത്ത് കൈമെയ് മറന്ന് അധ്വാനിച്ചപ്പോള്‍ നിറയെ കാശ് കിട്ടി. നെയ്യ് കൂട്ടി ചോറ് ഉണ്ണാനും തുടങ്ങി.)

നീളന്‍ അശോക് ലെയ്‌ലന്‍ഡ് ലോറികള്‍ അക്കാലത്ത് കോഡൂരിന്‍റെ ഈ വഴികളില്‍ കാത്തുകിടന്നു

‘മനേ അന്വാട് പറേണിങ്കി, ഒര് കൂലി ഇച്ച് മാത്രം തിന്നാന്‍ തന്നെ മാണം. പെരക്കാര്ക്ക് കഞ്ഞിന്‍റെ വെള്ളം. വറ്റിന് പൂതിച്ച കാലണ്ടാര്ന്ന്. കുമ്പളങ്ങ്യാണ് മ്മളെ കഴ്ച്ചിലാക്കീത്, ‘ എന്ന് അലവിക്ക.

കിട്ടുന്ന കൂലികൊണ്ട് ഒരാള്‍ക്ക് പോലും ഭക്ഷണത്തിന് തെകയാത്ത കാലം അലവിക്കുട്ടിയുടെ മാത്രം ഓര്‍മ്മയല്ല. കഞ്ഞിവെള്ളം കുടിച്ചും വറ്റിനുകൊതിച്ചും ജീവിതം തള്ളിനീക്കിയ ആ കാലത്തിന് ഒരുപാട് പഴക്കമൊന്നുമില്ല. കുമ്പളങ്ങകൃഷിയാണ് ഈ ഗ്രാമത്തിലെ പലരേയും പട്ടിണിയുടെ മറുകരകടത്തിയത്.


വറ്റിന് പൂതിച്ച കാലണ്ടാര്ന്ന്. കുമ്പളങ്ങ്യാണ് മ്മളെ കഴ്ച്ചിലാക്കീത്,


വരിക്കോട് പാടശേഖരവും കിഴക്കേ പാടവും പഴിങ്ങാറെ പാടവും വെങ്ങാട്ടുകുറ്റിയുമൊക്കെ നിറയെ കുമ്പളങ്ങ പടര്‍ന്നു നിറഞ്ഞ കാലം. 30 രൂപ കൂലിയുണ്ടായിരുന്ന കാലത്ത് അലവി അന്ന് മൂന്നാളുടെ പണി ഒറ്റക്കെടുക്കും. 100 രൂപയുടെ പണി എടുക്കുമെന്നതിനാല്‍ മുതലാളിമാര്‍ക്കും സന്തോഷമായിരുന്നു. 90 രൂപ കൊടുത്താല്‍ മതി. കുമ്പളം കാശു തരാന്‍ തുടങ്ങിയതോടെ അലവി പുറംപണി നിര്‍ത്തി. നാലേക്കറില്‍ വരെ ഒരേ സമയം കൃഷിയിറക്കിയിരുന്നു. അതും കൂട്ടിന് ഒരു സഹായി പോലുമില്ലാതെ!

ആഗ്ര പേഠ. ഫോട്ടോ: ഫ്ലിക്കര്‍

ഇടക്ക് എല്ലാവരെയും പോലെ ഗള്‍ഫിലേക്ക് കുടിയേറിയെങ്കിലും മാസം 600 റിയാലില്‍ കൂടുതല്‍ നാട്ടിലെ മണ്ണ് തരുമെന്നുറപ്പുള്ളതിനാല്‍ നാല് മാസത്തിനകം തിരിച്ചെത്തി. ഉംറ വിസക്ക് പോയി പിന്നീട് മന:പൂര്‍വ്വം സൗദി പോലീസിന് മനപൂര്‍വ്വം കീഴടങ്ങുകയായിരുന്നുവെന്ന് അലവി.


കുമ്പളങ്ങ വാങ്ങാനെത്തിയവരുടെ മധുര സംഭാഷണം വെസ്റ്റ് കോഡൂരുകാരില്‍ കൗതുകമുണര്‍ത്തി.


കോഡൂര്‍ വരിക്കോട്ടെ വിശാലമായ ഷെഡുകളില്‍ എത്തിച്ചായിരുന്നു കുമ്പളങ്ങ വില്‍പ്പന. 15 കിലോ വരെയുള്ള കുമ്പളമുണ്ടായിരുന്നു. രണ്ടും മൂന്നും രൂപയാണ് കിലോക്ക് ലഭിക്കുക. ഇടനിലക്കാര്‍ വഴി ആഗ്രയിലെത്തി വിറ്റ ശേഷമാണ് കര്‍ഷകര്‍ക്ക് പണം ലഭിക്കുക. അതിനായി നാട്ടുക്കാരിലൊരാള്‍ വണ്ടിയില്‍ കയറി ആഗ്രയിലേക്ക് പോകും. കുന്നശ്ശേരി ഹംസക്കായിരുന്നു ഇതിന് പലപ്പോഴും നിയോഗം.

“വലിയ ലോറികള്‍ ഉത്തരേന്ത്യയില്‍ നിന്നും ഡെല്‍ഹിയില്‍ നിന്നും ഈ കൊച്ചുഗ്രാമത്തിലേക്ക് വന്നുകൊണ്ടിരുന്ന കൗതുകമുള്ള കാഴ്ച എന്‍റെയൊക്കെ ഓര്‍മ്മയിലുണ്ട്,” കോഡൂര്‍ സ്വദേശിയും സ്കൂള്‍ അധ്യാപകനുമായ ടി എ സലാം ഓര്‍ത്തെടുക്കുന്നു.

കുമ്പളം സൂക്ഷിച്ചിരുന്ന കോഡൂര്‍ വരിക്കോട്ടെ കെട്ടിടങ്ങളിലൊന്ന്

“കുമ്പളങ്ങ കൃഷി ‍ഇവിടെയുള്ള കര്‍ഷകരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പില്‍ക്കാലത്ത് ഗള്‍ഫിലേക്ക് പോയി പ്രവാസജീവിതം നയിച്ച പല കര്‍ഷകരേയും അതിന് സഹായിച്ചത് കോഡൂരിലെ കുമ്പളങ്ങ കൃഷിയും അതില്‍ നിന്നുണ്ടായ സാമ്പത്തിക പുരോഗതിയുമാണ്.” അദ്ദേഹം പറയുന്നു.


ഇതുകൂടി വായിക്കാം:  ജൈവകൃഷി കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍


കുമ്പളങ്ങ വാങ്ങാനെത്തിയവരുടെ മധുര സംഭാഷണം വെസ്റ്റ് കോഡൂരുകാരില്‍ കൗതുകമുണര്‍ത്തി. വരിക്കോട് അക്കാലത്ത് പ്രവര്‍ത്തനമാരംഭിച്ച നാസര്‍ ലൈബ്രറിയെ സമീപിച്ച് നാട്ടുക്കാര്‍ ഉര്‍ദു പഠിക്കാനുള്ള താല്‍പര്യം അറിയിച്ചു.

1968ല്‍ മാത്രമാണ് കോഡൂരില്‍ ഒരു സ്‌കൂള്‍ തുടങ്ങുന്നത്. പ്രദേശത്തെ ഭൂരിഭാഗം പേരും അക്കാലത്ത് നിരക്ഷരരായിരുന്നു. ഇക്കൂട്ടത്തിലെ വയോജനങ്ങളടക്കമുള്ള വന്‍നിരയാണ് ഉര്‍ദു പഠിക്കാനെത്തിയത്. കഹ്കഷാന്‍ (ആകാശഗംഗ) ഉര്‍ദു ക്ലബാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

നാസര്‍ ലൈബ്രറി

“കുമ്പളം ബഹുത്ത് അച്ചാഹേ ഇസ് സേ ബര്‍ത്തേഹേ ആഗ്ര പേഠ,” എന്ന് 88 ക്കാരന്‍ രായിന്‍ക്കുട്ടിക്ക തന്‍റെ ഉറുദു പ്രാവീണ്യം പ്രദര്‍ശിപ്പിക്കുന്നു.


ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍


ഉര്‍ദു പഠിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇടനിലക്കാരെ മാറ്റി ആഗ്രയില്‍ നിന്നുള്ള കച്ചവടക്കാരുമായി നേരിട്ട് സംസാരിക്കാം. ഇടനിലക്കാരുടെ ചൂഷണത്തിന് തടയിടാനുള്ള ഒരു തന്ത്രം കൂടിയുണ്ടായിരുന്നു ഉര്‍ദു പഠനത്തിന് പിന്നില്‍. കച്ചവടക്കാരന്‍റെ ഭാഷയില്‍ തന്നെ വിലപേശാന്‍ കോഡൂരിലെ കര്‍ഷകര്‍ വേഗം പഠിച്ചു… ‘കോഡൂര്‍ കുമ്പളം മസ്ത് ഹേ, ഭായ്ജാന്‍’

കുമ്പളപ്പെരുമയുടെ കാലം കഴിഞ്ഞിട്ടും, ഉത്തരേന്ത്യന്‍ കച്ചവടക്കാര്‍ വരാതായിട്ടും കോഡൂര്‍ ഉര്‍ദു കൈവിട്ടില്ല. ആഗ്ര പേഠയേക്കാള്‍ മധുരമുള്ള ആ ഭാഷ അവര്‍ സ്വന്തമാക്കി.


വീടുകളുടെ പേരു പോലും ഉര്‍ദുവിലായി.


50 ഓളം സര്‍ക്കാര്‍ ഉര്‍ദു അധ്യാപകര്‍ വരെ അങ്ങിനെ ഒരു ഗ്രാമത്തില്‍ പിറവിയെടുത്തു. മലപ്പുറം ഗവ.കോളജ് ഉര്‍ദു വിഭാഗം തലവനായിരുന്ന പി.കെ അബൂബക്കര്‍ മുതല്‍ ഇളം തലമുറയിലെ കോട്ടൂര്‍ ഹൈസ്‌കൂളിലെ പി മുഹമ്മദ് ഫൈറൂസ് വരെ… അങ്ങിനെ തലമുറകളിലേക്ക് ഉര്‍ദു നഗര്‍ കണ്ണി ചേര്‍ത്തു.

ഉര്‍ദു നഗര‍് ബസ് സ്റ്റോപ്പ്

വീടുകളുടെ പേരു പോലും ഉര്‍ദുവിലായി. ഗുലുസ്ഥാന്‍, ആദാം, ആഷിയാന, നസീമന്‍, ഗുല്‍സന്‍ വീടുകളുടെ ഉര്‍ദു പേര് എണ്ണിയാലൊടുങ്ങാത്തതാണ്. ഒട്ടേറെ കുട്ടികള്‍ക്കും ഉര്‍ദു പേരുണ്ട്. ബീഗം, ബേഗ്, ഖാത്തൂന്‍, ഖാന്‍, മുംതാസ് എന്നിങ്ങനെ നീളുന്നു അത്.

ആര്‍.സി ചൗധരി മലപ്പുറം കലക്ടറായെത്തിയപ്പാള്‍ ഗ്രാമത്തില്‍ നടത്തിയ വികസന സെമിനാര്‍ റിപ്പോര്‍ട്ട് ചെയ്ത മനോരമ ലേഖകന്‍ ജോയി ശാസ്താംപടിക്കലാണ് ആദ്യമായി ഉര്‍ദു നഗറെന്ന് വിളിച്ചത്. പിടിഐ ലേഖകനായിരുന്ന പി കെ കോഡൂര്‍ ഇതുറപ്പിച്ചു നിര്‍ത്തി. മലപ്പുറം ഗവ. ഹൈസ്‌ക്കൂളില്‍ കവി സര്‍വര്‍ സാഹിബ് ഉര്‍ദു അധ്യാപകനായെത്തിയതോടെ പലരുടെയും പ്രിയപ്പെട്ട രണ്ടാം ഭാഷ ഉര്‍ദുവായി.


ഇതുകൂടി വായിക്കാം: കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍


(സെയ്ദ് മുഹമ്മദ് എന്ന തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശി കേരളത്തിലെ ഏറ്റവും മഹാനായ ഉര്‍ദു കവിയാണ്. സര്‍വര്‍ എന്നത് തൂലികാ നാമമാണ്. എം ടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയ എഴുത്തുകാരുടെ കൃതികള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്ത് അദ്ദേഹം ഭാഷയെ സമ്പന്നമാക്കി.)

കോഡൂരിലെ പാടം കൊയ്ത്തുകഴിഞ്ഞപ്പോള്‍

പിന്നീട് എസ് സി ഇ ആര്‍.ടി ഉര്‍ദു റിസര്‍ച്ച് ഓഫീസറായി വിരമിച്ച ഗ്രാമത്തിലെ എന്‍. മൊയ്തീന്‍ കുട്ടി മാസ്റ്ററാണ് ഉര്‍ദു ഇവിടെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. വരിക്കോട് അദ്ദേഹം ആരംഭിച്ച സൗജന്യ ഉര്‍ദു സാക്ഷരതാ ക്ലാസില്‍ കര്‍ഷകരടക്കം നൂറുകണക്കിന് പേര്‍ പഠിതാക്കളായി. പ്രദേശത്തെ യു പി സ്‌കൂള്‍ വിട്ട ശേഷം വൈകുന്നേരമായിരുന്നു പഠനം. ഉര്‍ദു അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനായി അദ്ദേഹം മലപ്പുറത്ത് എലൈറ്റ് ഉര്‍ദു കോളജും സ്ഥാപിച്ചു.


അതോടെ കോഡൂരിലേക്ക് ആഗ്രയില്‍ നിന്നുള്ളവരുടെ വരവും നിന്നു.


കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് ഈ സ്ഥാപനത്തില്‍ പഠിച്ച് അധ്യാപകരായവരുണ്ട്. ഒട്ടേറെ പേര്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ഉന്നത ജോലിയില്‍ പ്രവേശിക്കാന്‍ ഉര്‍ദു സഹായകമായി. കുമ്പളം വില്‍ക്കാന്‍ ഉര്‍ദു പഠിച്ചവര്‍ അങ്ങിനെ ചരിത്രത്തിന്‍റെ ഭാഗവുമായി.

കുമ്പളങ്ങ കൃഷി പിന്നീട് കോഡൂരില്‍ വിത്തറ്റു. ഇല ചുരുളിപ്പും മഞ്ഞളിപ്പും നര രോഗവുമൊക്കെ കൃഷിയെ അന്യമാക്കി. ഭൂരിഭാഗം പേരും തൊഴില്‍ തേടി ഗള്‍ഫിലേക്ക് പറന്നു. അവശേഷിച്ചവര്‍ മറ്റു ലാഭകരമായ കൃഷിയിലേക്ക് മാറി. കറിക്കുള്ള ഇളവന്‍ കൃഷി ഭാഗികമായി മാത്രം ചെയ്തു. അതോടെ കോഡൂരിലേക്ക് ആഗ്രയില്‍ നിന്നുള്ളവരുടെ വരവും നിന്നു.

ആഗ്ര പേഠ

ഈയിടെ ഞാന്‍ ആഗ്ര സന്ദര്‍ശിച്ചിരുന്നു. ഒരു കൗതുകത്തിന് അവിടെയുള്ള ഒരു പ്രായമായ പേഠ വില്‍പനക്കാരനോട് കച്ചവടത്തെപ്പറ്റിയൊക്കെ ചുമ്മാ ചോദിച്ചു. ഇപ്പോഴും കോഡൂര്‍ കുമ്പളം കൊണ്ടാണ് പേഠ നിര്‍മ്മിക്കുന്നതെന്നാണ് ആ മനുഷ്യന്‍ അവകാശപ്പെട്ടത്!


ഇതുകൂടി വായിക്കാം: അരുമ മൃഗങ്ങളെ വാങ്ങരുത്! ഇവര്‍ പറയുന്നതിന് കാരണമുണ്ട്


കുമ്പളങ്ങ പച്ചവിരിച്ച് പടരുന്ന പാടങ്ങള്‍ അപൂര്‍വ്വമായെങ്കിലും, നീളന്‍ കുര്‍ത്ത ധരിച്ച കച്ചവടക്കാര്‍ വരാതായെങ്കിലും ആഗ്രക്കാരിപ്പോഴും കോഡൂരിനെ മറന്നിട്ടില്ല. പലര്‍ക്കും കോഡൂര്‍ കുമ്പളമാണിപ്പോഴും മേന്മയുടെ മാനദണ്ഡം.

കുമ്പളങ്ങയ്ക്കായി ട്രക്കുകള്‍ നിരക്കാറില്ലെങ്കിലും, കുമ്പളം കൃഷി മറ്റുപലതിനും വഴിമാറിക്കൊടുത്തെങ്കിലും അര നൂറ്റാണ്ടായി ഈ ഗ്രാമം ഉര്‍ദുവിനെ ചേര്‍ത്തു പിടിച്ചിരിക്കുകയാണ്. മധുരിക്കുന്ന ആ ഭാഷ നല്‍കിയ സംസ്‌ക്കാരത്തെയും പ്രണയത്തെയും കൈവിടാതെ…

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം