അംഗോള മുതല്‍ ഇരിങ്ങാലക്കുട വരെ നീളുന്ന കൃഷി വിശേഷങ്ങള്‍: ഇരട്ട സഹോദരന്മാര്‍മാരുടെ ‘തനി നാടന്‍’ ഏദന്‍തോട്ടത്തില്‍

ഇരിങ്ങാലക്കുടക്കാരായ ഈ ഇരട്ട സഹോദരന്മാര്‍ അംഗോളയിലായിരുന്നു 12 വര്‍ഷം. കൃഷി രക്തത്തിലിലുള്ളതിനാല്‍ ആഫ്രിക്കന്‍ മണ്ണിലും അവര്‍ കപ്പയും വാഴയും പച്ചക്കറികളും വളര്‍ത്തി.

തൃശ്ശൂര്‍ ഇരിങ്ങാലക്കുടക്കാരായ ബൈജുവും ഷാജുവും ഇരട്ടസഹോദരന്മാരാണ്. എങ്കിലും ബൈജുവിനെ ചേട്ടന്‍ എന്നാണ് ഷാജു വിളിക്കുന്നത്. (തന്നേക്കാള്‍ ഒരു പൊടിക്ക് മുമ്പേ ഈ ലോകം കണ്ടതിന്‍റെ ആദരവ് കൊടുക്കണമല്ലോ.)

ബൈജുവും ഷാജുവും

രണ്ടുപേരും പന്ത്രണ്ടുവര്‍ഷം ആഫ്രിക്കയിലെ അംഗോളയിലായിരുന്നു, ഒരു അമേരിക്കന്‍ കമ്പനിയില്‍. അംഗോളയിലെ വിഗില്‍ (Uige) ഫാബ്രിക്കേഷന്‍ വര്‍ക്കായിരുന്നു.”ഒരേ കമ്പനിയില്‍ ഒരേ താമസസ്ഥലത്ത് ഒരു
മുറിയില്‍ തന്നെയായിരുന്നു ഞങ്ങള്‍,” എന്ന് ഷാജു.

ഇരിങ്ങാലക്കുട കൊമ്പിടിയില്‍ പാടത്തിന്‍റെ കരയിലാണ് പരമ്പരാഗത കര്‍ഷക കുടുംബമായ മാളിയേക്കല്‍ വീടും വിശാലമായ പറമ്പും.  പറമ്പിലും പാടത്തുമായി പച്ചക്കറികളും കിഴങ്ങുകളും നെല്ലുമൊക്കെയുണ്ട്. പാടത്ത് മീനും. ഒരുതരത്തില്‍ സ്വയംപര്യാപ്തം. എന്നാല്‍ കാര്യങ്ങള്‍ കേള്‍ക്കുന്നതുപോലെ സുഖകരമായിരുന്നില്ല.


ഇതുകൂടി വായിക്കാം: കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍


“പാരമ്പര്യമായി കൃഷിക്കാരണല്ലോ..സാമ്പത്തികമായി വലുതായൊന്നും നേടാനായില്ല… അങ്ങനെയാണ് വിദേശത്തേക്ക് പോകുന്നത്,” വിശാലമായ ആറേക്കര്‍ പാടത്തിന്‍റെ കരയിലെ കാറ്റേറ്റിരുന്ന് ആഫ്രിക്കന്‍ ജീവിതവും കൃഷിവിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഇരട്ടസഹോദരന്‍മാര്‍.

(Image for representation)

“അംഗോള ഒരു ദരിദ്രരാജ്യമാണ്. പക്ഷേ നമ്മുടേത് ഒരു അമേരിക്കന്‍ കമ്പനിയായിരുന്നതു കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. അമേരിക്കന്‍ കമ്പനിയായതു കൊണ്ട് ഭക്ഷണത്തിനും അമേരിക്കന്‍ ടച്ചായിരുന്നു.” പറഞ്ഞുവരുമ്പോള്‍ ഭക്ഷണത്തെക്കുറിച്ചാണല്ലോ ആദ്യം മനസ്സില്‍ വരുന്നത്.


കൊള്ളി ആഫ്രിക്കക്കാരുടെ പ്രിയപ്പെട്ട വിഭവമാണ്.. നമ്മടെ കപ്പ..


ബൈജു തുടരുന്നു:  “ആഫ്രിക്കക്കാര്‍ കൂടുതലും മാംസമാണ് കഴിക്കുന്നത്. എന്തിനെയും അവര്‍ കറിവയ്ക്കും. മുഖ്യാഹാരം തന്നെ ഇറച്ചിയാണ്. കുരങ്ങനെയും പാമ്പിനെയും എല്ലാം തിന്നും…”

ഷാജു ഇടക്കുകയറി: “കൊള്ളി അവരുടെ പ്രിയപ്പെട്ട വിഭവമാണ്.. നമ്മടെ കപ്പ.. നമ്മള് ഇരിങ്ങാലക്കുടക്കാര്‍ക്ക് മരിച്ചീനി കപ്പയല്ല, കൊള്ള്യാണ്. കപ്പയാണ് അവിടത്തെ (അംഗോള) പ്രധാന ഭക്ഷണം.

കപ്പപ്പൊടി കൊണ്ട് അവര്‍ പല തരം വിഭവങ്ങളുമുണ്ടാക്കും. കപ്പയും മീനുമൊക്കെ നമ്മുടേം ഇഷ്ടക്കാരാണല്ലോ. പക്ഷേ, അവര് കപ്പപ്പൊടിയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ നമുക്കത്ര പിടിച്ചെന്നുവരില്ല. … കപ്പ ഉണക്കി പൊടിയാക്കി കുറുക്കി അതില്‍ മീന്‍ ചേര്‍ത്തുണ്ടാക്കുന്നൊരു അംഗോളന്‍ വിഭവമുണ്ട്. അത്ര വലിയ ഇഷ്ടം തോന്നിയിട്ടില്ലെങ്കിലും അതൊക്കെ കഴിച്ചിട്ടുണ്ട്.”


ആ സുഖം വല്ലതും കപ്പപ്പൊടിക്കുറുക്കില്‍ മീന്‍ ചേര്‍ത്തു തിന്നാല്‍ കിട്ടുമോ?


” ഇരുപതിനായിരത്തോളം ജീവനക്കാര്‍ ഞങ്ങളുടെ ക്യാംപില്‍ ഉണ്ടായിരുന്നു.. ലോകത്തിന്‍റെ പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ജപ്പാന്‍, പാക്കിസ്ഥാന്‍, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരൊക്കെയുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായത് കൊണ്ട് പല രാജ്യങ്ങളുടെയും ഭക്ഷണവും കിട്ടുമായിരുന്നു. കുറേയൊന്നുമല്ല…കൂടുതലും അമേരിക്കന്‍ ശൈലിയിലുള്ള വിഭവങ്ങളായിരുന്നുവെന്നു മാത്രം.”

പറമ്പിലേക്കോടിച്ചെന്ന് ഒരു കട കപ്പ പിഴുതെടുത്ത് മണ്ണും തോലും കളഞ്ഞ് വൃത്തിയാക്കി പുഴുങ്ങി നല്ല മത്തിക്കറിയും കാന്താരി ചതച്ചതും കൂട്ടി ഒരു പിടി പിടിക്കുന്നതിന്‍റെ ആ സുഖം വല്ലതും കപ്പപ്പൊടി കുറുക്കിയതില്‍ മീന്‍ ചേര്‍ത്തു തിന്നാല്‍ കിട്ടുമോ?


“ഓരോ മൂന്നു മാസം കൂടുമ്പോഴും ഒരു മാസത്തെ ലീവ് കിട്ടുമായിരുന്നു. ആ ലീവിന് നാട്ടിലേക്ക് വരും. അതായിരുന്നു പതിവ്. ആ വരവില്‍ പക്ഷേ നാട്ടില്‍ കൃഷിയൊന്നും ചെയ്യാറില്ല. വീട്ടുകാര്‍ക്കൊപ്പമായിരിക്കും. ബന്ധുവീടുകളില്‍ പോകലും കറങ്ങാന്‍ പോകലുമൊക്കെയായി ആ ഒരു മാസം ഒന്നിനും തികയാറില്ലായിരുന്നു.”

അതുകൊണ്ടൊന്നും നാടിനോടും നാടന്‍ ഭക്ഷണത്തോടും കൃഷിയോടുമുള്ള ആര്‍ത്തി തീരില്ലായിരുന്നു.


ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍


ഒരു ഇടക്കാല ആശ്വാസം എന്ന നിലയില്‍ ബൈജുവും ഷാജുവും അംഗോളയിലെ ക്യാമ്പില്‍ കൃഷി തുടങ്ങി. മണ്ണുമായുള്ള അടുപ്പം രക്തത്തിലുള്ളതിനാല്‍ പരാജയപ്പെടുമെന്ന പേടി വേണ്ട.

”പാരമ്പര്യമായി നെല്ലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന, പശുക്കളെയും കോഴികളെയും താറാവിനെയുമൊക്കെ വളര്‍ത്തുന്ന തനി നാടന്‍ കൃഷിക്കാരാണ് ഞങ്ങള്‍. അപ്പനും അമ്മയും കൃഷി ചെയ്യുന്നത് കണ്ടാണ് ഞങ്ങളും കൃഷിപ്പണിക്ക് ഇറങ്ങുന്നത്. കുട്ടിക്കാലം തൊട്ടേ ഈ മുറ്റവും പാടവുമൊക്കൊയിരുന്നു ഞങ്ങളുടെ ജീവിതം. മാളിയേക്കല്‍ വീട്ടില്‍ ജോസഫ് എന്നാണ് അപ്പന്‍റെ പേര്. കൃഷി തന്നെയായിരുന്നു അപ്പന് എല്ലാം,” ബൈജു അപ്പനെ ഓര്‍ക്കുന്നു.

ജോസഫ് നാല് വര്‍ഷം മുമ്പ് മരിച്ചു. “അപ്പച്ചന്‍ സത്യസന്ധനായ നല്ലൊരു കര്‍ഷകനായിരുന്നു, അതുകൊണ്ട് സാമ്പത്തികപ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു.. വിദേശത്തേക്ക് ഞങ്ങള്‍ പോയതും അതൊക്കെ കൊണ്ടു തന്നെയാണ്,’ എന്ന് ബൈജു.

”കുട്ടിക്കാലം തൊട്ടേ കൃഷി കണ്ടും ചെയ്തു വളര്‍ന്നതു കൊണ്ടാകും നാടും വീടും വിട്ട് ദൂരെയായിട്ടുകൂടി കൃഷി ചെയ്യാന്‍ കൊതിയായിരുന്നു,” അംഗോളയിലെ ക്യാംപില്‍ കൃഷി കഥ ഷാജു ഓര്‍ക്കുന്നു. “ഞങ്ങള്‍ താമസിക്കുന്ന ക്യാംപില്‍ ചെറിയൊരു പച്ചക്കറി തോട്ടമുണ്ടാക്കിയാണ് ഞങ്ങള്‍ സമാധാനിച്ചത്. വെള്ളമൊക്കെ സുലഭമാണ്, ഭൂമിയും കുറെയുണ്ട്.. എന്നാപ്പിന്നെ വല്ലോം കൃഷി ചെയ്യാമെന്നു കരുതിയാണ് ക്യാംപിനോട് ചേര്‍ന്ന ഭൂമിയില്‍ വാഴയും കപ്പയും പച്ചക്കറിയുമൊക്കെ നട്ടത്. ക്യാംപിലേക്കുള്ള കറിക്കുള്ള വക അങ്ങനെ ഞങ്ങളുടെ കൃഷിയിലൂടെ കണ്ടെത്തി.”

ആഫ്രിക്ക എന്നു കേട്ടാല്‍ തന്നെ പലര്‍ക്കും പേടിയാണ്… പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകലുമൊക്കെയുള്ള നാടെന്നാണല്ലോ പൊതുവെയുള്ള ധാരണ… എങ്ങനെ പേടിയായിരുന്നോ? ഷാജുവാണ് മറുപടി പറഞ്ഞു തുടങ്ങിയത്

”അത്തരം പ്രശ്നങ്ങളൊക്കെയുള്ള നാട് തന്നെയായിരുന്നു ഇപ്പോള്‍ വലിയ മാറ്റമൊക്കെ വന്നിട്ടുണ്ട്. നമുക്ക് അങ്ങനെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ആഫ്രിക്കയിലെത്തിയാല്‍, എയര്‍പോര്‍ട്ടില്‍ നിന്ന് ക്യാംപിലേക്ക് കമ്പനി വാഹനത്തിലാകും യാത്ര… വലിയ സുരക്ഷ സൗകര്യങ്ങളൊക്കെയുണ്ടാകും. ആ സെക്യൂരിറ്റിയിലാണ് സഞ്ചാരവും. വാഹനങ്ങളില്‍ സുരക്ഷാജീവനക്കാര്‍ നമ്മുടെ വാഹനത്തിന് മുന്നിലും പിന്നിലുമൊക്കെയുണ്ടാകും.

“പ്രശ്നങ്ങളൊക്കെ ഉള്ളതിനാല്‍ ദൂരയാത്രകളൊന്നും ആഫ്രിക്കയില്‍ സാധിച്ചിട്ടില്ല.. എവിടെ പോകുന്നുവെങ്കിലും സുരക്ഷയ്ക്ക് ആരെങ്കിലുമുണ്ടാകും. പിന്നെ ക്യാംപില്‍ തന്നെയായിരുന്നു കൂടുതല്‍ സമയവും. ജോലിയും താമസസ്ഥലവും ഒരേ കോംപൗണ്ടിലാണ്. ജോലി കഴിഞ്ഞാല്‍ നേരെ താമസിക്കുന്ന ക്യാംപിലേക്ക്. ഇന്ന് വലിയ മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട് അംഗോളയ്ക്കും അന്നാട്ടുകാര്‍ക്കുമെല്ലാം.”

അംഗോളയിലെ മീന്‍ പിടുത്തക്കാര്‍. (Photo: Pixabay)

അങ്ങനെ ജോലിസ്ഥലത്തിനും ക്യാംപിനുമിടയില്‍ ആയുധധാരികളായ സെക്യൂരിറ്റി ഗാര്‍ഡുകളുടെ കണ്‍വെട്ടത്തുനിന്നുമാറാതെ അങ്ങോട്ടുമിങ്ങോട്ടും ഷട്ടിലടിച്ച് ബോറടിച്ചിരിക്കുമ്പോള്‍ കൃഷി ആ ഇരട്ടസഹോദരങ്ങള്‍ക്ക് നാട്ടില്‍ പോയ സുഖം നല്‍കാറുണ്ട്.


അമ്മച്ചിക്ക് പ്രായം കുറെയായി…എങ്കിലും നിര്‍ദേശങ്ങള്‍ തന്നും വഴക്കുപറഞ്ഞും കൃഷിയില്‍ കൂടെ തന്നെയുണ്ടാകും


മൂന്നുവര്‍ഷം മുമ്പ് രണ്ടുപേരും അംഗോളയില്‍ നിന്ന് മടങ്ങി, പൂര്‍ണമായും കൃഷിയിലേക്കും. ഇന്ന് മാളിയേക്കര്‍ പുരയിടം ഒരു കൊച്ച് ഏദന്‍ തോട്ടമാണ്. നെല്ലും പച്ചക്കറിയും പശുവും കോഴിയും താറാവും എരുമയുമൊക്കെയായി…

അപ്പന്‍ മരിച്ചതില്‍ പിന്നെ ഞങ്ങള്‍ നാലു പേരും കൂടി ഒരുമിച്ചാണ് ഇതൊക്കെ ചെയ്യുന്നത്. നാലു ചേട്ടാനിയന്‍മാരാണ് ഞങ്ങള്‍. ചേട്ടന്‍റെ പേര് ബാബു.. രണ്ടാമതാണ് ഞങ്ങള്‍ ഇരട്ടകള്‍. ഞങ്ങള്‍ക്ക് ഇളയതായി ഒരനിയന്‍ കൂടിയുണ്ട്. ബിനോയ്. അപ്പന്‍റെ സ്ഥാനത്ത് ഇപ്പോള്‍ അമ്മച്ചിയാണ്.. സെലീന..പ്രായം കുറേയായി.. അതിന്‍റെ അവശതകളൊക്കെയുണ്ട്.. പഴയ പോലെ കൃഷിപ്പണിക്ക് അമ്മച്ചി സജീവമല്ല. പക്ഷേ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ തന്നും വഴക്കുപറഞ്ഞും കൃഷിയില്‍ കൂടെ തന്നെയുണ്ടാകും…” ബൈജു പറഞ്ഞു.

Image for representation. Photo: Pixabay

”അമ്മച്ചി മാത്രമല്ല, ഞങ്ങളുടെയൊക്കെ ഭാര്യമാരും മക്കളും എല്ലാത്തിനും കൂടെയുണ്ട്. എല്ലാവരും ഒരു കോപൗണ്ടില്‍ തന്നെ നാലു വീടുകളിലായാണ് താമസിക്കുന്നതും… മൂത്ത ചേട്ടനുംസൗദിയിലായിരുന്നു. ഏഴു വര്‍ഷം മുന്‍പ് ചേട്ടന്‍ തിരികെ നാട്ടിലേക്ക് വന്നു. കൃഷിയിലേക്ക് തന്നെ സജീവമായി,” ഷാജു കൂട്ടിച്ചേര്‍ത്തു.

“ഒരേക്കര്‍ പറമ്പും മൂന്നു പറയ്ക്ക് നെല്ലും മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഇപ്പോ 12 ഏക്കറോളമുണ്ട്.. എല്ലാ മക്കള്‍ക്കും കൂടിയുള്ളതാണിത്. ഇതിലാണ് ഞങ്ങളുടെ കൃഷിയൊക്കെ. ഇതിനു പുറമേ തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നുണ്ട്. ഇത്തവണ വെള്ളത്തിന്‍റെ ക്ഷാമമുണ്ട്. അതുകൊണ്ട് പച്ചക്കറി കുറവാണ്. കൂടുതല്‍ നെല്‍കൃഷിയാണ് ചെയ്തിരിക്കുന്നത്.


ഇതുകൂടി വായിക്കാം: കാസര്‍ഗോഡുകാരന്‍ ഇലക്ട്രീഷ്യന്‍ ബിരിയാണി അരി കൃഷി ചെയ്തപ്പോള്‍ സംഭവിച്ചത്


“രണ്ട് ട്രാക്റ്റര്‍ സ്വന്തമായുണ്ട്. ഇവയ്ക്ക് നല്ല വര്‍ക് കിട്ടുന്നുണ്ട്. ഓപറേറ്റര്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ തന്നെ ഓപറേറ്റര്‍മാരാകും.. അതുകൊണ്ട് കൃഷിയ്ക്ക് പുറമേ അതിലും ശ്രദ്ധിക്കേണ്ടി വന്നതു സമയക്കുറവിന് കാരണമായി. ട്രാക്റ്റര്‍ വര്‍ക്ക് ഇല്ലാത്ത സമയങ്ങളില്‍ തരിശായി കിടക്കുന്ന പറമ്പും പാടവും എടുത്ത് വൃത്തിയാക്കി എന്തെങ്കിലും കൃഷി ചെയ്തിടും. കുറേ കാടുപിടിച്ചു കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കി, കപ്പയും വാഴയുമൊക്കെ നട്ടു. തരിശായി കിടക്കുന്ന വലിയൊരു പാടം പൂര്‍ണമായും കൃഷി ചെയ്തു, 30 ഏക്കറോളം കഴിഞ്ഞ വര്‍ഷമാണ് ചെയ്തത്.”

Image for representation, Photo: Pexels

“ഇക്കുറി കാലാവസ്ഥ ചതിച്ചു.. വെള്ളത്തിന് നല്ല ക്ഷാമമുണ്ട്. വഴിക്കിലി ചിറയിലെ വെള്ളക്ഷാമം ഞങ്ങളെ മാത്രമല്ല ഇന്നാട്ടിലെ കര്‍ഷകരെയെല്ലാം ബാധിച്ചിട്ടുണ്ട്. അതു പരിഹരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍,”
സഹോദരന്‍മാര്‍ പറയുന്നു.


മഴക്കാലം ആരംഭിക്കുന്നതോടെ താറാക്കൂട്ടങ്ങളെ പാടത്തിറക്കും.


”ഞങ്ങളുടെ വീടിരിക്കുന്നത് പാടത്തിനോട് ചേര്‍ന്ന സ്ഥലത്താണ്. ഒരു പ്രാവിശ്യത്തെ കൃഷിയെ ഇവിടുള്ളൂ…ആ കൃഷി കഴിഞ്ഞാല്‍ താറാവിനെ ഇറക്കുകയാണ് പതിവ്. മഴക്കാലം ആരംഭിക്കുന്നതോടെ താറാക്കൂട്ടങ്ങളെ പാടത്തിറക്കും.

വീടിനോട് ചേര്‍ന്നുള്ള ഈ ആറേക്കര്‍ പാടം ഞങ്ങളുടെ സ്വന്തം തന്നെയാണ്. ഇതിനു പുറമേ പരിചയക്കാരുടെയും മറ്റും തരിശായി കിടക്കുന്ന പാടത്തും കൃഷി ചെയ്യുന്നുണ്ട്. അന്നമനടയില്‍ നാലേക്കര്‍ നെല്ല് കൃഷി ഇറക്കിയിട്ടുണ്ട്. പോത്തന്‍ചിറയില്‍ ആറേക്കറിലും നെല്ല് കൃഷിയുണ്ട്. വീടിന് സമീപമുള്ള പാടത്ത് വെള്ളം സ്റ്റോര്‍ ചെയ്യാനൊന്നും സാധിച്ചില്ല. അതുകൊണ്ട് വെള്ളം ക്ഷാമമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പച്ചക്കറി കൃഷി വളരെ കുറഞ്ഞു.” എങ്കിലും അവര് നല്ല പ്രതീക്ഷയിലാണ്.

ട്രാക്റ്റര്‍ സ്വന്തമായുള്ളത് കൊണ്ട് എവിടെയെങ്കിലും തരിശ് ഭൂമി കിട്ടിയാല്‍ ഉടനെടുക്കും. സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയും കൃഷി യന്ത്രങ്ങള്‍ നല്‍കാറുണ്ട്. വഴയും കപ്പയും സമൃദ്ധമായിട്ടുണ്ട് ഇപ്പോഴും.

“14 പശുക്കളുണ്ട്.. നിത്യേന 160 ലിറ്റര്‍ പാലു കിട്ടും. സൊസൈറ്റിയിലേക്കാണ് പാല്‍ നല്‍കുന്നത്. വീടുകളില്‍ കൊടുക്കലൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ അതൊന്നും നടക്കുന്നില്ല. ആട് ഫാമുണ്ട്. പിന്നെ എട്ട് എരുമകളെയും വളര്‍ത്തുന്നുണ്ട്. കോഴിയും താറാവും വാത്തയുമെല്ലാം ഉണ്ട്. താറാവിന്‍റെ എണ്ണമിപ്പോള്‍ കുറവാണ്. ” എന്ന് ബൈജു.

കഴിഞ്ഞ വര്‍ഷത്തെ കൃഷി വിലയിരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും സമ്മിശ്രകൃഷിയ്ക്കുള്ള പുരസ്‌കാരം ഇവര്‍ക്കായിരുന്നു. ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരവും കഴിഞ്ഞവര്‍ഷം ഇവര്‍ക്ക് തന്നെയായിരുന്നു.

ആഫ്രിക്കയിലേക്ക് ഇനി പോകുന്നുണ്ടോയെന്നു ചോദിച്ചാല്‍ രണ്ടാള്‍ക്കും ഒരു മറുപടിയേയുള്ളൂ.. കമ്പനി വിളിക്കുന്നുണ്ട്, പക്ഷേ ഇനി പോകുന്നില്ല.. ഇനി നാട്ടില്‍ തന്നെ കൂടാനാണ് തീരുമാനം, കൃഷിയും കാര്യങ്ങളുമൊക്കെയായി….


ഇതുകൂടി വായിക്കാം: ‘ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോ കിട്ടിയ ഇരട്ടപ്പേരാണ്… ആ പേരുകൊണ്ടാണിന്ന് റേഷനരി വാങ്ങുന്നത്’


“ആദ്യമൊക്കെ ആ നാടിനോടും (ആഫ്രിക്ക) നാട്ടുകാരോടും ഭയമുണ്ടായിരുന്നു. ആഫ്രിക്കയെക്കുറിച്ച് കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമൊക്കെ അങ്ങനെ ഭയപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു. പിന്നീട് ആഫ്രിക്ക ഞങ്ങള്‍ക്ക് ഇഷ്ടമുള്ള നാടായി മാറി. കമ്പനിയില്‍ അന്നാട്ടുകാരും ജോലിക്കുണ്ടായിരുന്നു… കൂടെ ജോലി ചെയ്യുന്ന നാട്ടുകാരുമായി നല്ല സൗഹൃദത്തിലുമായി. ആ ബന്ധം ഇന്നും മനസിലുണ്ട്. പലരും ഇന്നും വിളിക്കാറുണ്ട്.

“അവര്‍ക്കൊക്കെ നമ്മുടെ നാടിനോട് വലിയ ഇഷ്ടമാണ്. അവിടെ നിന്നു പലരും ചികിത്സക്കായി ഇന്ത്യയിലേക്ക് വരാറുണ്ട്. ആഫ്രിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ചികിത്സാചെലവ് കുറവാണ്. കൂടുതലും തമിഴ്നാട്ടിലേക്കാണ് വരുന്നത്…. പോര്‍ച്ചുഗീസാണ് അവര്‍ ഉപയോഗിക്കുന്നത്. അവരോട് സംസാരിച്ച് ഞങ്ങളും പോര്‍ച്ചുഗീസ് പഠിച്ചു,” എന്ന് ബൈജു.

അംഗോളയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല…. പക്ഷേ, പാടത്ത് പണിയുണ്ട്. ആ കഥകളൊക്കെ പിന്നീടാവാം….ബൈജുവും ഷാജുവും വീണ്ടും പാടത്തേക്ക്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം