ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ട് 20 വര്‍ഷമായി സാഹിത്യ മാസിക ഇറക്കുന്ന പത്താം ക്ലാസ്സുകാരന്‍ 

പുതിയ എഴുത്തുകാര്‍ മാത്രമല്ല, മഹാകവി അക്കിത്തം, ഒ എന്‍ വി, സി രാധാകൃഷ്ണന്‍, ശ്രീധരനുണ്ണി, മലയത്ത് അപ്പുണി തുടങ്ങി പല പ്രശസ്തരും ഈ മാസികയ്ക്ക് വേണ്ടി എഴുതിയിട്ടുണ്ട്. 

ലപ്പുറത്തിനും മഞ്ചേരിക്കുമിടയിലെ ഒരു ഗ്രാമമാണ് പാണായി. ഇവിടെയാണ് അനിലിന്‍റെ വീട്. പാണായി ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ കുസുമപ്രിയ എന്ന ഓട്ടോറിക്ഷയാണ് ആകെയുള്ള ജീവിതമാര്‍ഗ്ഗം.

പക്ഷേ, ഓട്ടോറിക്ഷ ഡ്രൈവര്‍ അനില്‍ എന്നു പറയുന്നതിനെക്കാള്‍ പാണായിക്കാര്‍ക്ക് അദ്ദേഹം കവിയും എഴുത്തുകാരനും സിനിമാക്കാരനുമൊക്കെയാണ്.

ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ കവിതയെഴുത്തും വായനയുമൊക്കെയായി വീട്ടിലിരിക്കുകയാണ് അനില്‍ പാണായി.

കഥയും കവിതയുമൊക്കെ എഴുതുക മാത്രമല്ല, സ്വന്തമായി ഒരു സാഹിത്യമാസിക തന്നെ പ്രസിദ്ധീകരിക്കുന്നുണ്ട് അദ്ദേഹം.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

മലയാള വരമൊഴി എന്നാണ് ഈ പ്രസിദ്ധീകരണത്തിന്‍റെ പേര്.

എഴുത്തും സിനിമയുമൊക്കെ നിറയുന്ന ജീവിതത്തെക്കുറിച്ചും മാസികയെക്കുറിച്ചും അനില്‍ പാണായി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

അനില്‍ പാണായി

“പ്രാദേശിക മാസികകളില്‍ പുതുമുഖ എഴുത്തുകാരുടെ രചനകള്‍ക്ക് ഇടം കിട്ടാറുണ്ട്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പരിഗണിക്കുകയില്ല. എഴുത്തിന്‍റെ ലോകത്ത് പേരും പെരുമയൊന്നും നേടിയിട്ടില്ലാത്തവരെ അത്തരം മാധ്യമങ്ങള്‍ പലപ്പോഴും അവഗണിക്കുകയാണ് പതിവ്,” അനില്‍ പറയുന്നു.

അങ്ങനെയുള്ള അനുഭവങ്ങളാണ് മാസിക തുടങ്ങാനുള്ള കാരണം.

“പുതിയ എഴുത്തുകാരുടെ സര്‍ഗാത്മക സൃഷ്ടികള്‍ വരമൊഴിയിലൂടെ വായനക്കാരിലേക്കെത്തിക്കുകയാണ് ലക്ഷ്യം. കൂട്ടുകാരുമായുള്ള ചര്‍ച്ചകളിലൂടെയാണ് പുതിയ എഴുത്തുകാര്‍ക്കായി മാസിക ആരംഭിക്കാമെന്നൊരു തോന്നല്‍ വരുന്നത്,” അനില്‍ വിശദമാക്കുന്നു.

“എന്നാല്‍ പുതിയ എഴുത്തുകാര്‍ മാത്രമല്ല സാഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയ ഒരുപാടാളുകളും വരമൊഴിയില്‍ എഴുതിയിട്ടുണ്ട്. ഓഎന്‍വി, മഹാകവി അക്കിത്തം, പെരുമ്പടവം ശ്രീധരന്‍, സി.രാധാകൃഷ്ണന്‍, പി.കെ. ഗോപി, മണമ്പൂര്‍ രാജന്‍ബാബു, മലയത്തപ്പുണ്ണി, ശ്രീധരനുണ്ണി, മുക്കം ഭാസി ഇവരൊക്കെ എഴുതിയിട്ടുണ്ട്,”  അനില്‍ അഭിമാനത്തോടെ പറയുന്നു.

മലയാള വരമൊഴിയുടെ പ്രകാശനം ഉബൈദുള്ള എം എല്‍ എ നിര്‍വഹിക്കുന്നു

“മഹാകവി അക്കിത്തം കവിത എഴുതിത്തന്നിട്ടുണ്ട്, രാധാകൃഷ്ണന്‍ സാറും രചന നല്‍കിയിട്ടുണ്ട്. ഒഎന്‍വി സാര്‍ ആശംസകളെഴുതിയാണ് നല്‍കിയത്.”

വരമൊഴി മാസിക പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇപ്പോള്‍ 20 വര്‍ഷം ആയി. ഒരുപാട് പുതിയ എഴുത്തുകാരുടെ രചനകള്‍ ഈ മാസികയിലൂടെ വായനക്കാരിലേക്കെത്തി.

“അതു മാത്രമല്ല, ഒരുകാലത്ത് താരങ്ങളായിരുന്ന പലരും പിന്നീട് മറവിയിലേക്ക് പോയിട്ടില്ലേ. അങ്ങനെ ചിലരെയൊക്കെ വരമൊഴി വീണ്ടും ഓര്‍മ്മയിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

മലയാള വരമൊഴി മാഗസിന്‍

“ആദ്യകാലത്ത് സിനിമാരംഗത്ത് ഉണ്ടായിരുന്ന സംവിധായകന്‍ മേലാറ്റൂര്‍ രവി വര്‍മ്മ, എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമൊക്കെയായ മുക്കം ഭാസി, മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ കുഞ്ഞു സൂരജ്, (അദ്ദേഹം സിനിമയിലൊക്കെ വരും മുന്‍പാണെഴുതിയത്) മലപ്പുറംകാരന്‍ ഗഫൂര്‍ മാസ്റ്റര്‍ (നാസയുടെ മീഡിയ റിസോഴ്സ് സെന്‍ററിലെ ഇന്‍ഡ്യന്‍ പ്രതിനിധി), സോപാന സംഗീതജ്ഞ ഗിരിജ ബാലകൃഷ്ണന്‍ ഇങ്ങനെയുള്ളവരെക്കുറിച്ച് വരമൊഴിയിലൂടെ വായനക്കാരിലേക്കെത്തിച്ചിട്ടുണ്ട്

“വരമൊഴിക്കൊപ്പം ഞാന്‍ മാത്രമല്ല. സഹകാരികളായി കുറച്ചു പേരുണ്ട്. ദേവേട്ടന്‍ പൂങ്കുടില്‍ മന, എഴുത്തുകാരായ മീര പുഷ്പരാജ്, രാജേഷ് കരിങ്കപ്പാറ, പുഷ്പവല്ലി ചിങ്ങത്ത്, ജലജ പ്രസാദ്, പ്രഭാകരന്‍ നറുകര, ജമുന എന്‍… ഇവരൊക്കെയാണ്.”

ഓട്ടോറിക്ഷയ്ക്ക് ഓട്ടമില്ലാത്ത സമയങ്ങളിലും രാത്രിയിലുമൊക്കെയാണ് മാഗസിന്‍റെ ജോലികള്‍ ചെയ്യുന്നത്.

“അതിപ്പോ മിക്കപ്പോഴും രാത്രിനേരത്താകും. നല്ല രചനകളൊക്കെ ശേഖരിച്ചു വയ്ക്കും. കൂട്ടത്തില്‍ നിന്ന് മികച്ച സൃഷ്ടികള്‍ തെരഞ്ഞെടുത്താണ് മഞ്ചേരിയിലെ ആപ്പിള്‍ ഡിടിപി സെന്‍ററിലേക്ക് പോകുന്നത്,” അനില്‍ പറഞ്ഞു.

ജി എം യു പി എസ് ഇരുമ്പുഴിയില്‍ വായനാദിനം ഉദ്ഘാടനം ചെയ്യുന്നു

16 പേജുള്ള മാസികയാണ് വരമൊഴി. പത്തു രൂപയാണ് വില. പ്രാദേശിക തലത്തില്‍ കടകളിലൂടെയാണ് വില്‍പ്പന.

“സാഹിത്യസദസുകളിലൂടെയും പോസ്റ്റല്‍ വഴിയും ആളുകളിലേക്കെത്തിക്കുന്നുണ്ട്. കവിയരങ്ങും കഥയരങ്ങുമൊക്കെയായിട്ടാണ് സാഹിത്യ സദസുകള്‍ സംഘടിപ്പിക്കുന്നത്.

“വരമൊഴി ഇറങ്ങിയയുടന്‍ സാഹിത്യ സദസുകള്‍ സംഘടിപ്പിക്കുന്നതാണ് പതിവ്. കവികളും കഥാകൃത്തുകളുമൊക്കെയുണ്ടാകും. പത്തമ്പത് പേരൊക്കെ പങ്കെടുക്കും.” മിക്കപ്പോഴും പാണായി എ എം എല്‍ പി സ്കൂളാകും വേദി.

കല്ലറ സുകുമാരന്‍ മാധ്യമപുരസ്കാരം ഏറ്റുവാങ്ങുന്നു

“മലപ്പുറം എംഎല്‍എ ഉബൈദുള്ള പതിവായി ഈ വേദികളില്‍ പങ്കെടുക്കാറുണ്ട്. ചിലപ്പോള്‍ എഴുത്തുകാരുടെയൊക്കെ വീടുകളിലും സാഹിത്യ സദസ് നടത്തിയിട്ടുണ്ട്.”


ഇതു കൂടി വായിക്കാം:സൗജത്തിന്‍റെ ആടുജീവിതം: അറബിക്കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ കടലാസില്‍ പൊള്ളുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട ഗദ്ദാമ


എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴേ താന്‍ എഴുതിത്തുടങ്ങിയിരുന്നുവെന്ന് അനില്‍. എന്നാല്‍ എഴുതിയതൊന്നും ആരേയും കാണിക്കാന്‍ ധൈര്യമില്ലായിരുന്നു. പിന്നീടാണ് എഴുതുന്നതൊക്കെ പുറത്തൊരാളെ കാണിച്ചു തുടങ്ങുന്നത്.

വീട്ടില്‍ സാഹചര്യങ്ങള്‍ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്ന് അനില്‍. അതുകൊണ്ട് പത്താംക്ലാസ്സിന് ശേഷം പഠനം തുടരാന്‍ കഴിഞ്ഞില്ല. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം തേടി അനില്‍ പണിക്കിറങ്ങി.

കഥയും കവിതയും ഒരു പോലെ ഇഷ്ടപ്പെടുകയും എഴുതുകയും ചെയ്യുന്ന അനില്‍ സ്വന്തം രചനകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹം ഉള്ളില്‍ കൊണ്ടുനടക്കുന്നു. “പക്ഷേ സാമ്പത്തികമാണ് വിഷയം. അത്രയേറെ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ ആളല്ല ഞാന്‍,” അനില്‍ പറയുന്നു.

സിനിമാലൊക്കേഷനില്‍ നടന്‍ സ്ഫടികം ജോര്‍ജ് വരമൊഴി അവതരിപ്പിച്ചപ്പോള്‍

പാണായി സ്റ്റാന്‍ഡില്‍ കിട്ടുന്ന ഒഴിവു സമയങ്ങള്‍ വായിക്കാനും എഴുതാനും ചെലവഴിക്കും. പുസ്തകങ്ങളും എഴുതാനുള്ള കടലാസുമൊക്കെ വണ്ടിയിലുണ്ടാകും.

“സ്റ്റാന്‍ഡിലെ മറ്റു ഓട്ടോക്കാരും മാഗസിനൊക്കെ വാങ്ങിക്കാറുണ്ട്. സൗജന്യമായിട്ടല്ല, അവരൊക്കെ കാശ് നല്‍കിയാണ് വരമൊഴി വാങ്ങിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

സ്കൂളുകളിലെ സാഹിത്യപരിപാടികള്‍ക്കും, കലാപരിപാടികള്‍, വായനാദിനം, മോട്ടിവേഷണല്‍ ക്ലാസ് തുടങ്ങിയവയ്ക്കുമൊക്കെ ഈ ഓട്ടോഡ്രൈവറെ ക്ഷണിക്കാറുണ്ട്.

ഓട്ടോറിക്ഷയില്‍ നിന്നുള്ള വരുമാനമാണ് വരമൊഴിക്കായും ചെലവാക്കുന്നത്. 1993 മുതല്‍ അനില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.

“പല തൊഴിലും ചെയ്തിട്ടുണ്ട്. അവസാനം സ്വന്തമായൊരു വണ്ടി വാങ്ങിച്ചു. ഇപ്പോ കുസുമ പ്രിയയാണ് എല്ലാം. ഞാനാസ്വദിച്ച് ചെയ്യുന്ന ജോലിയാണിത്. ഓട്ടോ ഓടിക്കുന്നതിലൂടെ ഒരുപാട് പേരെ കാണാനും അവരുടെ സങ്കടങ്ങളും പ്രശ്നങ്ങളും സന്തോഷങ്ങളുമൊക്കെ അറിയാനും സാധിക്കുന്നുണ്ട്.

“പലരെയും സഹായിക്കാനും ഈ ഓട്ടോറിക്ഷ ജീവിതത്തിലൂടെയാകുന്നുണ്ട്. പിന്നെ, ലീവ് വേണം എന്നൊക്കെ പറഞ്ഞ് ആരുടെയും മുന്നില്‍ പോകണ്ടല്ലോ. സിനിമാ ഷൂട്ട് ഇവിടെങ്ങാനും അടുത്താണെങ്കില്‍ ഓട്ടോയില്‍ തന്നെയാണ് പോക്കും വരവും,” എന്ന് അനില്‍ പാണായി.

പ്രശ്നപരിഹാര ശാല എന്ന സിനിമയുടെ ലൊക്കേഷനില്‍ അനില്‍ പാണായി

വരമൊഴിയെക്കുറിച്ച് ഒരുപാട് ആളുകള്‍ നേരിട്ടും കത്തുകളിലൂടെയും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഒരു സിനിമാനടനെ അനില്‍ ഓര്‍ക്കുന്നു.

“കോഴിക്കോട് നാരായണന്‍ നായര്‍… ആളൊരു ദിവസം വിളിച്ചിട്ട്, എന്നെ മനസിലായോ എന്നു ചോദിച്ചു. എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല. ഇല്ലെന്നു പറഞ്ഞപ്പോ, നാരായണന്‍ നായര്‍ എന്നു പറഞ്ഞു പുള്ളി ചിരിക്കുകയാണ്.

“നിങ്ങളുടെ വരമൊഴി പതിവായി കിട്ടുന്നുണ്ട്, കുറേ നാള്‍ കൂടി നിങ്ങളെ വിളിക്കണമെന്നു കരുതുന്നു. ഇപ്പോഴാ അവസരം കിട്ടിയത്. നിങ്ങളെ അഭിനന്ദിക്കാന്‍ വിളിച്ചതാണ്.

“ഇത്രയും മനോഹരമായി ഈ കൊച്ചു മാഗസിന്‍ എങ്ങനെ കൊണ്ടുപോകുന്നു, ഭയങ്കര കൗതുകം തോന്നി. അതുകൊണ്ടാണ് വിളിച്ചതെന്നൊക്കെ അദ്ദേഹം പറഞ്ഞു.

“നേരിട്ടും കത്തിലൂടെയും ആശംസകളും പ്രചോദനവും അറിയിക്കുന്നുണ്ട് കുറേയാളുകളുണ്ട്. വരമൊഴിക്ക് കല്ലറ സുകുമാരന്‍ മാധ്യമ പുരസ്കാരം കിട്ടിയിട്ടുണ്ട്.”

സിനിമാജീവിതത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ, സഹസംവിധായകനായിരുന്നില്ലേ…?

“സഹസംവിധാനം മാത്രമല്ല അഭിനയിച്ചിട്ടുമുണ്ട്,” സിനിമാക്കാര്യങ്ങള്‍ അനില്‍ പങ്കുവയ്ക്കുന്നു. “ഷെബീര്‍ ഏന സംവിധാനം ചെയ്ത പ്രശ്ന പരിഹാരശാല എന്ന സിനിമയുടെ സഹസംവിധായകനായിരുന്നു.

“ഈ സിനിമയുടെ ടീമിന്‍റെ തന്നെ മറ്റൊരു സിനിമയുമായി സഹകരിക്കാനിരിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ വന്നതോടെ ആ പ്രൊജക്റ്റ് നീണ്ടു പോകുകയാണ്.

“സംവിധാനവും അഭിനയവും ഒരുപോലെ താത്പ്പര്യമുള്ളതാണ്. സമ്പത്ത് സംവിധാനം ചെയ്ത പാപ്പാസ് എന്ന കുട്ടികളുടെ ചിത്രത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ, കരയാത്ത കുമാരന്‍ എന്നീ സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. രണ്ട് മൂന്നു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യാനിപ്പോ അവസരം ലഭിച്ചിട്ടുണ്ട്. സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം.എന്‍റെ തന്നെ രണ്ട് കഥ തിരക്കഥയെഴുതി വച്ചിട്ടുണ്ട്,” അനില്‍ പറഞ്ഞു.

മുക്കം ഭാസി മാസ്റ്ററുടെ വീട്ടില്‍ വരമൊഴി പ്രകാശനത്തിനിടെ

കുട്ടിക്കാലം തൊട്ടേ ഉണ്ടായിരുന്ന നാടകപ്രേമം പിന്നീട് സിനിമയിലേക്കായി എന്നുമാത്രം. പ്രാദേശിക കലാസമിതികളുടെ നാടകങ്ങള്‍ സംവിധാനം ചെയ്യാനും അഭിനയിക്കാനുമൊക്കെ ആവേശത്തോടെ ഇറങ്ങിയിട്ടുണ്ട് അനില്‍.

“പാണായി സ്കൂളിലെ അധ്യാപകനായിരുന്ന വേലുപ്പണിക്കരും നാരായണിയുമാണ് അച്ഛനും അമ്മയും. രണ്ടാളും ഇന്നില്ല. ചേച്ചിമാരും ചേട്ടന്‍മാരുമുണ്ട്.

“പിന്നെ നാട്ടുകാരില്‍ ചിലരൊക്കെ എനിക്ക് വട്ടാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്. ‘അവന്‍ കഥയെഴുതാന്‍ പോണ്, സംവിധാനം ചെയ്യാന്‍ പോണ്,’ എന്നൊക്കെ പറയും. ‘കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം നീ തന്നെയാണെന്നു’ പറഞ്ഞൊക്കെ കളിയാക്കും,” പക്ഷേ, അതൊന്നും അനിലിനെ ബാധിക്കുന്നേയില്ല.

ലോക് ഡൗണ്‍ ദിനങ്ങളില്‍ വീട്ടിലിരുന്ന് എഴുത്തും വായനയുമൊക്കെയാണ്. മൂന്നു കവിതകളെഴുതി. ഒരു ഷോര്‍ട്ട്ഫിലിമിന്‍റെ തിരക്കഥയും പൂര്‍ത്തിയാക്കി,” അനില്‍ പറഞ്ഞു.

കലാഭവന്‍ മണി അവാര്‍ഡ്, മഹാത്മജി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും അനില്‍ പാണായിക്ക് കിട്ടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം:കണ്ണൂരിലെ ഈ ഗ്രാമത്തിലെ കു‍ഞ്ഞുചായക്കടയില്‍ ദക്ഷിണേന്‍ഡ്യയിലെ എണ്ണംപറഞ്ഞ എഴുത്തുകാരെത്തുന്നു: വരാന്തയുടെ കഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം