മലയണ്ണാനും കുരങ്ങുകള്‍ക്കും വേണ്ടി മരമേലാപ്പുകള്‍ക്കിടയില്‍ മേല്‍പ്പാലങ്ങള്‍: കാട്ടുമൃഗങ്ങളെ രക്ഷിക്കാന്‍ ചിന്നാര്‍ മോഡല്‍

വനം മുറിച്ച് കടന്നുപോകുന്ന റോഡുകളിലെല്ലാം തന്നെ വന്യമൃഗങ്ങള്‍ ജീവന് ഭീഷണി നേരിടുന്നുണ്ട്. മരമേലാപ്പുകളെ ബന്ധിപ്പിക്കുന്ന ഇത്തരം പാലങ്ങള്‍ക്ക് കുറെ ചെറുമൃഗങ്ങളെയെങ്കിലും രക്ഷിക്കാന്‍ പറ്റും. സ്ഥലവാസികള്‍ക്കും സംഘടനകള്‍ക്കും വളരെ കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന ഒരു നല്ല കാര്യമായിരിക്കും അത്.

മൂന്നാറില്‍ നിന്ന് ഏകദേശം അമ്പത് കിലോമീറ്റര്‍ മാറി തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ചിന്നാര്‍ വന്യജീവി സങ്കേതം ഏറെ പ്രത്യേകതയുള്ള ഒരു ഭൂപ്രദേശമാണ്. മഴനിഴല്‍ പ്രദേശമായതുകൊണ്ടുതന്നെ ഇവിടെയുള്ള സസ്യങ്ങളുടെയും ജീവികളുടെയും വിതരണത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്.

നിറയെ ഔഷധസസ്യങ്ങളുള്ള ഈ വനപ്രദേശം വംശനാശ ഭീഷണി നേരിടുന്ന ചാമ്പല്‍ മലയണ്ണാനും (grizzled giant squirrel ) ഹനുമാന്‍ കുരുങ്ങുമൊക്കെയുണ്ട്.

Image for representation. Credits: Manu Kadakkodam/ Facebook.

ഒരുകാലത്ത് ഒരുപാടുണ്ടായിരുന്ന പല ജീവികളുടെയും എണ്ണത്തില്‍ കുറച്ചുവര്‍ഷങ്ങളായി കാര്യമായ ഇടിവുണ്ടായി. പാരിസ്ഥിതികവും മറ്റുമായ കാരണങ്ങളോടൊപ്പം റോഡപകടങ്ങളും ഇതിന് പിന്നിലുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ഗവേഷകരും കണ്ടെത്തി.


ചെറിയ തീരുമാനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായേക്കാം: പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ആ നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


2017-18 കാലത്ത് വനംവകുപ്പ് നടത്തിയ ഒരു സര്‍വ്വേയില്‍ ചിന്നാറില്‍ ആകെ കണ്ടെത്തിയത് 68 ചാമ്പന്‍ മലയണ്ണാനുകളെയാണ്. (ഇത് 2014ല്‍ കണ്ടതിനേക്കാള്‍ കൂടുതലാണ് എങ്കിലും ഈ ജീവികള്‍ നേരിടുന്ന വംശനാശഭീഷണി ഒഴിഞ്ഞിട്ടില്ല.)
സ്റ്റേറ്റ് ഹൈവേ 17 (മൂന്നാര്‍-ഉദുമല്‍പേട്ട് റോഡ്) ചിന്നാറിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെ പോകുന്ന ഹൈവേയുടെ നീളം പതിനഞ്ച് കിലോമീറ്റര്‍ വരും.

പാഞ്ഞുവരുന്ന വാഹനങ്ങളുടെ അടിയില്‍ പെട്ട് ചതഞ്ഞുപോകുന്ന ഹനുമാന്‍കുരങ്ങുകളും മലയണ്ണാനുമൊക്കെ വേദനിപ്പിക്കുന്ന കാഴ്ചകളാണ്. വനത്തിലെ ജീവികളുടെ രാത്രികാലങ്ങളിലെ സ്വൈരസഞ്ചാരത്തിനിടയിലായിരിക്കും ചിലപ്പോള്‍ മരണം പാഞ്ഞെത്തുന്നത്.

മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന ചാമ്പല്‍ മലയണ്ണാന്‍. ഫോട്ടോ: പി എം പ്രഭു

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്യജീവി സങ്കേതം പലതരത്തില്‍ ശ്രമം നടത്തി. അതിന് മുമ്പ് 2013-ല്‍ കേരള വനഗവേഷണകേന്ദ്രം ഇതുസംബന്ധിച്ച് ഒരു സര്‍വ്വേ നടത്തി.

അന്നത്തെ സര്‍വ്വേയില്‍ ഓരോ മാസവും ദിവസവും പോകുന്ന വാഹനങ്ങളുടെ അഞ്ച് മാസത്തെ കണക്കെടുത്തു. ദിവസം തോറും ശരാശരി 894 ഉം മാസത്തില്‍ 26,816 ഉം വാഹനങ്ങളാണ് ഈ സങ്കേതത്തിലൂടെ പോയിക്കൊണ്ടിരുന്നത്.


ഇതുകൂടി വായിക്കാം‘ആ മണം ഡിപ്രഷനുള്ള മരുന്നിന്‍റെ ഗുണം ചെയ്യും’: മരനടത്തത്തിന്‍റെ അമരക്കാരി അനിത പറയുന്നു, പ്രകൃതിയെയും ജീവിതത്തെയും കുറിച്ച്


“റോഡപകടങ്ങളില്‍ 85 മൃഗങ്ങള്‍ക്ക് മരണം സംഭവിച്ചുവെന്ന് സര്‍വ്വേ കണ്ടെത്തി. അത് ഞെട്ടിപ്പിക്കുന്നതായിരുന്നു. കാരണം കൊല്ലപ്പെട്ടവയില്‍ അപൂര്‍വ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ കാട്ടുപൂച്ചകള്‍, കുട്ടിത്തേവാങ്ക്, മുള്ളന്‍പന്നി, രാച്ചൗങ്ങന്‍ (Jerdon’s Nightjar), മീന്‍ കൂമന്‍ (Brown Fish Owl) എന്നിവയൊക്കെയുണ്ടായിരുന്നു,” ചിന്നാര്‍ അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു പറഞ്ഞു.

റോഡപകടങ്ങളില്‍ വന്യജീവികളുടെ ജീവനഷ്ടം കുറയ്ക്കാന്‍ വനംവകുപ്പ് 15 സ്പീഡ് ബ്രേക്കറുകളില്‍ റോഡില്‍ സ്ഥാപിച്ചു. പ്രാദേശിക രാഷ്ട്രീയ നേതാക്കളില്‍ പലരുടേയും ടാക്‌സി ഡ്രൈവര്‍മാരുടെയും എതിര്‍പ്പിനെ അതിജീവിച്ചുകൊണ്ടുവേണമായിരുന്നു സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാന്‍. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമായ മാറ്റമുണ്ടായില്ല. റോഡില്‍ പൊലിയുന്ന വന്യജീവികളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നും കണ്ടില്ല.

മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന ഹനുമാന്‍ കുരങ്ങ്. ഫോട്ടോ: പി എം പ്രഭു

“സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചതുകൊണ്ട് ഗുണമൊന്നും ഉണ്ടായില്ലെന്നല്ല. രാത്രികാലങ്ങളില്‍ ഇരതേടിയിറങ്ങുന്ന ജീവികള്‍ റോഡില്‍ കൊല്ലപ്പെടുന്നത് തടയുന്നതില്‍ വലിയൊരളവുവരെ ഇതുകൊണ്ട് കഴിഞ്ഞു. പക്ഷേ, പകല്‍ സമയങ്ങളില്‍ സജീവമാകുന്ന ജീവികളുടെ കാര്യത്തില്‍ വലിയ മാറ്റമുണ്ടായില്ല. ചിന്നാര്‍-മറയൂര്‍ മെയിന്‍ റോഡില്‍ ഇത്തരം ജീവികളുടെ എണ്ണം കൂടുതലായിരുന്നു. അവിടെ അപകടങ്ങള്‍ക്കും കുറവുണ്ടായില്ല,” പ്രഭു വിശദീകരിക്കുന്നു.


ഇതുകൂടി വായിക്കാം: സൗജത്തിന്‍റെ ആടുജീവിതം: അറബിക്കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ കടലാസില്‍ പൊള്ളുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട ഗദ്ദാമ


ഏറെ ആലോചനകള്‍ക്ക് ശേഷം പ്രാദേശിക ജനതയുടെ കൂടി പങ്കാളിത്തമുള്ള ചിന്നാറിലെ ഇക്കോ ഡെവലപ്‌മെന്‍റ് കമ്മിറ്റി (ഇ ഡി സി)യും വനംവകുപ്പ് ഉദ്യോഗസ്ഥരും ചി്ന്നാറിലെ ആലംപെട്ടി ആദിവാസി ഊരിലെ ആളുമെല്ലാം ചേര്‍ന്ന് ഒരു പുതിയ ആശയം പരീക്ഷിക്കാന്‍ തീരുമാനിച്ചു. 2017ലായിരുന്നു അത്.

മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് സഞ്ചരിക്കുന്ന ജീവികള്‍ക്ക് റോഡില്‍ പ്രവേശിക്കാതെ അപ്പുറത്തുള്ള വനത്തിലേക്ക് കടക്കാന്‍ മുകളിലൂടെ പാലങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു അത്. കാനൊപി ബ്രിഡ്ജസ് എന്ന് പേരിട്ട ഈ പാലങ്ങള്‍ മരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലങ്ങളാണ്. പത്തൊമ്പതിടങ്ങളില്‍ പാലങ്ങളുണ്ടാക്കി.

ചാമ്പല്‍ മലയണ്ണാന്‍. ഫോട്ടോ: പി എം പ്രഭു

“അതിനായി ഒരു സര്‍വ്വേ നടത്തി. ഏത് പ്രദേശങ്ങളില്‍ ഏതുതരത്തിലുള്ള മൃഗങ്ങളാണ് ഏറ്റവും കൂടുതല്‍ റോഡ് മുറിച്ചുകട്കുന്നത് എന്നറിയാനായിരുന്നു അത്,” പ്രഭു പറഞ്ഞു.

ഓരോ ജീവിയും ഏതൊക്കെ സ്ഥലത്ത് ഏതൊക്കെ സമയങ്ങളിലാണ് കൂടുതലായി റോഡിനപ്പുറവും ഇപ്പുറവും കടക്കുന്നത് എന്ന് നിരീക്ഷിച്ചു. അതിനനുസരിച്ച് പ്രത്യേകം പ്രത്യേകം ‘മേല്‍പ്പാലങ്ങള്‍’ നിര്‍മ്മിച്ചു. മൃഗങ്ങളുടെ ഭാരം താങ്ങാവുന്നതും അവയുടെ മറ്റ് പ്രത്യേകതകള്‍ പരിഗണിച്ചുള്ളവയുമായിരുന്നു ഈ പാലങ്ങള്‍. പാലങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഉയരമുള്ള രണ്ട് മരങ്ങള്‍ കണ്ടെത്തി.


പാലങ്ങളെല്ലാം നിര്‍മ്മിക്കുകയും മരങ്ങളില്‍ ഉറപ്പിക്കുകയും ചെയ്തത് ആദിവാസികളായ ട്രെക്കര്‍മാരും ഇ ഡി സി പ്രവര്‍ത്തകരുമാണ്.


പാലം എന്നത് നല്ല ഗുണനിലവാരമുള്ള നൈലോണ്‍ കയറുകളില്‍ ഉറപ്പിച്ച മുളംചീളുകളാണ്. ഓരോ മുളംചീളിനും 1-1.5 മീറ്റര്‍ നീളമുണ്ടാകും. അത് ഇരുമ്പുകമ്പികള്‍ ഉപയോഗിച്ച് നന്നായി ഉറപ്പിക്കുകയും ചെയ്തു.

ആലംപെട്ടിയില്‍  മരങ്ങള്‍ക്കിടയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ മെഷ് ആണ് ഉപയോഗിച്ചത്. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു അത്. ഈ പാലങ്ങളെല്ലാം നിര്‍മ്മിക്കുകയും മരങ്ങളില്‍ ഉറപ്പിക്കുകയും ചെയ്തത് ആദിവാസികളായ ട്രെക്കര്‍മാരും ഇ ഡി സി പ്രവര്‍ത്തകരുമാണ്. മൃഗങ്ങളോടുള്ള അവരുടെ സ്‌നേഹവും അവയെ സംരക്ഷിക്കുന്നതിനുള്ള താല്‍പര്യവും വ്യക്തമാക്കുന്നതായിരുന്നു ആ ശ്രമങ്ങള്‍, വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി അംഗങ്ങളും ആദിവാസി ട്രെക്കര്‍മാരുമാണ് ഈ മേല്‍പ്പാലങ്ങള്‍ ഉണ്ടാക്കിയതും സ്ഥാപിച്ചതും. ഫോട്ടോ: പി എം പ്രഭു
ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള കാനൊപി ബ്രിഡ്‍ജുകള്‍. കടപ്പാട്: ചിന്നാര്‍ വന്യജീവി സങ്കേതം

ഈ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചതിന് ശേഷം കുറച്ചുകാലം അവ ഫലപ്രദമാണോ എന്ന് വന്യജീവിസങ്കേതം അധികൃതര്‍ നിരീക്ഷിച്ചു. അതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. ഹനുമാന്‍ കുരങ്ങുകള്‍ പാലത്തില്‍ കയറി നടക്കുമ്പോള്‍ അത് ശക്തമായി കുലുക്കി നോക്കുന്നത് പതിവാണ്. ഇതുകൂടി കണക്കിലെടുത്ത് കാനൊപി ബ്രിഡ്ജുകള്‍ കുറച്ചുകൂടി ശക്തമാക്കി. ഇടയ്ക്കിടെ പരിശോധനകളും നടത്തി.

മരങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവികള്‍ക്ക് ചുട്ടുപഴുത്തുകിടക്കുന്ന ടാര്‍ റോഡിലൂടെ സഞ്ചരിക്കേണ്ടി വരുന്നില്ല എന്ന് മാത്രമല്ല, ഇതുമൂലം റോഡില്‍ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തു.


ഇതുകൂടി വായിക്കാം: വീടിനു തൊട്ടടുത്തുള്ള ‘ദുരൂഹത’ നിറഞ്ഞ വെള്ളച്ചാട്ടം അവര്‍ ആദ്യമായി കണ്ടു, അത് സംരക്ഷിക്കാന്‍ ഒരുമിച്ചു


തുടക്കം മുതല്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മൃഗങ്ങള്‍ പുതിയ പാലം പതുക്കെപ്പതുക്കെ ഉപയോഗിക്കാന്‍ തുടങ്ങി. മരമേലാപ്പുകളുടെ ഒരു തുടര്‍ച്ചയെന്നോണം സ്വാഭാവികമായിത്തന്നെ അവരതിനെ ഉപയോഗി്ക്കുന്നു. ഇത് ജൈവവൈവിദ്ധ്യം നിലനിര്‍ത്തുന്നതിന് ഏറെ സഹായകമാണെന്ന് നമുക്ക് ബോധ്യപ്പെട്ടു, പ്രത്യേകിച്ചും വന്യജീവികള്‍ കൂടുതലായി റോഡുമുറിച്ച് കടക്കുന്ന മേഖലകളില്‍, പ്രഭു പറയുന്നു.

വനം മുറിച്ച് കടന്നുപോകുന്ന റോഡുകളിലെല്ലാം തന്നെ വന്യമൃഗങ്ങള്‍ ജീവന് ഭീഷണി നേരിടുന്നുണ്ട്. മരമേലാപ്പുകളെ ബന്ധിപ്പിക്കുന്ന ഇത്തരം പാലങ്ങള്‍ക്ക് കുറെ ചെറുമൃഗങ്ങളെയെങ്കിലും രക്ഷിക്കാന്‍ പറ്റും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമല്ല, സ്ഥലവാസികള്‍ക്കും സംഘടനകള്‍ക്കും വളരെ കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന ഒരു നല്ല കാര്യമായിരിക്കും അത്.

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച്
പ്രഭു തയ്യാറാക്കിയ ചെറു ചിത്രം  കാണാം:

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം