അരുമ മൃഗങ്ങളെ വാങ്ങരുത്! ഇവര്‍ പറയുന്നതിന് കാരണമുണ്ട്

 പ്രളയം കവര്‍ന്ന ചുറ്റുവട്ടങ്ങളില്‍ നിന്നുംനാല്‍പതിലധികം അരുമകളെ അവര്‍ രക്ഷിച്ചു.

Promotion

പ്രളയജലം പൊങ്ങിപ്പൊങ്ങിവന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. മാറ്റിയുടുക്കാനുള്ള തുണിപോലും പലര്‍ക്കും കൈയ്യില്‍ വെക്കാന്‍ കഴിഞ്ഞില്ല. ജീവനും കൊണ്ടുള്ള പാച്ചിലായിരുന്നു. അതിനിടയില്‍ പലര്‍ക്കും സ്വന്തം അരുമ മൃഗങ്ങളെ ഒപ്പം കൂട്ടാനായില്ല.

മുട്ടിയുരുമ്മിയും മുരണ്ടും ഒപ്പം നടന്ന പട്ടിക്കുഞ്ഞുങ്ങളെയും മടിയില്‍ കയറിയിരുന്നു കൊഞ്ചാന്‍ കാത്തിരിക്കുന്ന അരുമപ്പൂച്ചകളെയും വിധിക്ക് വിട്ടുകൊടുത്ത്…

വിങ്ങുന്ന മനസ്സോടെയാണ് പലരും വെള്ളം കയറിയ വീടുകളില്‍ നിന്ന്  സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിയത്.

ഫോട്ടോ: ഫേസ്ബുക്ക് / വണ്‍നെസ്

ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തിയ ദുരന്തം എത്ര അരുമകളുടെ ജീവന്‍ കവര്‍ന്നിട്ടുണ്ടാവും… പ്രളയത്തിന്‍റെ ദയക്ക് വിട്ടുകൊടുക്കേണ്ടിവന്ന പട്ടിക്കുഞ്ഞിനെയോര്‍ത്ത്  എത്രയോ പേരുടെ കണ്ണു നിറഞ്ഞിട്ടുണ്ടാകും… ചിന്നുപ്പൂച്ചയെ കൂടെക്കൂട്ടാതെ പോന്നതില്‍ എത്ര പേര്‍ സ്വയം ശപിച്ചിട്ടുണ്ടാവും…

ഒടുവില്‍, ദിവസങ്ങള്‍ക്ക് ശേഷം ചെളിയില്‍ മുങ്ങിയ വീടുകളിലേക്ക് മടങ്ങിയെത്തിയപ്പോള്‍ എത്രയോ പേര്‍ പ്രതീക്ഷയോടെ തിരഞ്ഞിട്ടുണ്ടാവും, ആ അരുമകള്‍ക്കായി.


ഇതുകൂടി വായിക്കാം: കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു


പക്ഷേ, ചിലരെങ്കിലുമുണ്ടായിരുന്നു. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ മൃഗങ്ങളെത്തേടിയിറങ്ങയവര്‍. എല്ലാവരും വീടൊഴിഞ്ഞപ്പോള്‍ ചകിതമായ കണ്ണുകളോടെ, വിശന്ന വയറോടെ, കൊടും മഴയില്‍ വിറച്ചുവെറുങ്ങലിച്ച്  ഫ്ളാറ്റുകളിലും ടെറസുകളിലും പെട്ടുപോയ അരുമമൃഗങ്ങളെ രക്ഷിക്കാനായി കൈനീട്ടിയ കുറച്ചുപേര്‍.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍നെസ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍.

 പ്രളയം കവര്‍ന്ന ചുറ്റുവട്ടങ്ങളില്‍ നിന്നും നാല്‍പതിലധികം അരുമകളെ അവര്‍ രക്ഷിച്ചു.

ഫോട്ടോ: ഫേസ്ബുക്ക് / വണ്‍നെസ്
“ഞങ്ങള്‍ താമസിച്ചിരുന്നത് സുരക്ഷിതമായ പ്രദേശങ്ങളിലായിരുന്നു. മറ്റെല്ലാവരെയും പോലെ ഞങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി,”  വണ്‍നെസിന്‍റെ ആറ് സ്ഥാപകരില്‍ ഒരാളായ ഷിബിന്‍ പ്രളയകാലത്തെ അനുഭവം ടി ബി ഐയോട് പങ്കുവെക്കുന്നു.

പ്രളയത്തില്‍ ആളുകളെ രക്ഷിക്കുക എന്നത് തന്നെയായിരുന്നു എല്ലാവരെയും പോലെ ഞങ്ങളുടെയും മുന്‍ഗണന. പക്ഷേ പലയിടത്തും ചെന്നപ്പോള്‍ പട്ടികള്‍, പശുക്കള്‍, ആടുകള്‍…. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നുണ്ടായിരുന്നു.


ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍


അവയില്‍ മിക്കതിനെയും കെട്ടിയിട്ടിയിരിക്കുകയായിരുന്നു. ഞങ്ങളാദ്യം ചെയ്തത് കെട്ടഴിച്ചുവിടുക എന്നതായിരുന്നു, ഷിബിന്‍ വിശദീകരിച്ചു.

ആളുകളെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തെത്തിയ ശേഷം ഞങ്ങള്‍ ബോട്ടോ മറ്റോ പിടിച്ച് വീണ്ടും ആ വീടുകളിലേക്കെത്തി മൃഗങ്ങളെ രക്ഷിക്കുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“ഏകദേശം നാല്‍പത് പട്ടികള്‍, പത്ത് പശു, അഞ്ച് ആട്, നിരവധി കോഴികള്‍.. ഇത്രയും ഞങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞു,” ഷിബിന്‍ പറഞ്ഞു.

ഫോട്ടോ: ഫേസ്ബുക്ക് / വണ്‍നെസ്

ആ സമയത്ത് വണ്‍നെസിന്  ഷെല്‍ട്ടര്‍ ഒന്നും ഉണ്ടായിരുന്നില്ല. പശുക്കളെയും ആടുകളെയും കാക്കനാട്ടെ ഗ്യാന്‍ ഫൗണ്ടേഷനെ ഏല്‍പ്പിച്ചു.

പ്രളയത്തിന് ശേഷം പല മൃഗങ്ങളേയും തിരികെ ഉടമസ്ഥരെ ഏല്‍പിക്കാന്‍ കഴിഞ്ഞു. കാക്കനാട്ടെ ഒരു ഡോക്ടര്‍ അദ്ദേഹത്തിന്‍റെ വീട് താല്‍ക്കാലിക ഷെല്‍ട്ടര്‍ ആക്കാന്‍ വേണ്ടി വിട്ടുതന്നെ. 30 പട്ടികളെ അവിടെ പാര്‍പ്പിച്ചു.

പന്ത്രണ്ട് പട്ടികളെ അവരുടെ ഉടമസ്ഥര്‍ തന്നെ പിന്നീട് പലപ്പോഴായി തിരിച്ചുകൊണ്ടുപോയി.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ മംഗളവനത്തില്‍ വെച്ച് അവര്‍ ഒരു ദത്തെടുക്കല്‍ പരിപാടി സംഘടിപ്പിച്ചു. പ്രളയത്തില്‍ നിന്ന് രക്ഷിച്ചെടുത്ത അരുമകളെ ഉടമസ്ഥര്‍ക്ക് തിരിച്ചേല്‍പ്പിക്കാനും ഏറ്റെടുത്ത് വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കാനുമായിരുന്നു അത്. ഇരുപത് പേരെ ഏറ്റെടുക്കാന്‍ ആളുകള്‍ മുന്നോട്ട് വന്നു. പുതിയ സംരക്ഷകരുടെ മടിയിലിരുന്ന് അവര്‍ പുതിയ വീടുകളിലേക്ക് യാത്രയായി.


ഇതുകൂടി വായിക്കാം: കടലാസു പേനകള്‍ കൊണ്ട് ഈ സര്‍ക്കാര്‍ ആശുപത്രി എഴുതുന്നത് കരുതലിന്‍റെ നൂറുനൂറു കഥകള്‍


ജാനറ്റ്  ജാക്സണ്‍: 

ആ രണ്ടുവയസ്സുകാരി ഒരു വീടിന്‍റെ കൂരയില്‍ പെട്ടു പോയ നിലയിലായിരുന്നു. അവളുടെ അവസ്ഥ കണ്ട ആരോ ഒരാള്‍ വണ്‍നെസ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. രണ്ടു സന്നദ്ധപ്രവര്‍ത്തകര്‍ ആ സ്ഥലത്തേക്ക് പാഞ്ഞെത്തി.

Promotion

രക്ഷാപ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അവര്‍ ഒടുവില്‍ വിജയം കണ്ടു.

അതൊരു മനോഹരമായ ചങ്ങാത്തത്തിന്‍റെ തുടക്കമായിരുന്നു.

അരുണിനോടൊപ്പം ജാനെറ്റ് ജാക്സണ്‍. ഫോട്ടോ: ഫേസ്ബുക്ക് / വണ്‍നെസ്

അവര്‍ അവള്‍ക്ക് ജാനെറ്റ് ജാക്സണ്‍ എന്ന് പേരിട്ടു. (വണ്‍നെസ്സ് ഫേസ്ബുക്ക് പേജില്‍ നിന്ന്)

കഴിഞ്ഞ രണ്ടുമാസമായി ജാനെറ്റ് ഒരു പുതിയ കുടുംബത്തെ കാത്തിരിക്കുകയായിരുന്നു… അവളെ സ്നേഹിക്കുന്ന, അവള്‍ക്ക് അവളായിത്തന്നെ ജീവിക്കാന്‍ കഴിയുന്ന ഒരു വീട്… ഒടുവില്‍ അവളെത്തേടി ഒരു കുടുംബമെത്തി.

ഉള്ളുലയ്ക്കുന്ന ഒരു ചോദ്യത്തോടെയാണ് പികുവിന്‍റെ ചിത്രം വണ്‍നെസ്സിന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

പികു വണ്‍നെസ് സന്നദ്ധപ്രവര്‍ത്തകയ്ക്കൊപ്പം. ഫോട്ടോ: ഫേസ്ബുക്ക് / ശ്വേതാ നായര്‍

അതിങ്ങനെയാണ്:

പികു ഇപ്പോഴും ‍ഞങ്ങളോടൊപ്പമുണ്ട്. ആരും അവളെ കൊണ്ടുപോകാന്‍ വരാത്തത് എന്തുകൊണ്ടാണ്? അവളൊരു നാടന്‍ ആയതുകൊണ്ടാണോ?  അതോ ഒരു പെണ്‍കുഞ്ഞായിപ്പോയതാണോ അവളുടെ കുറ്റം?  എന്നെങ്കിലുമൊരിക്കല്‍ അവളെ ഇഷ്ടപ്പെടാന്‍ ആരെങ്കിലും എത്തുമെന്നും അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നും ഞങ്ങള്‍ വിചാരിക്കുന്നു.


ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍


കൊച്ചിയിലെവിടെയോ പിറന്ന അഞ്ച് പൂച്ചക്കുഞ്ഞന്മാരെക്കുറിച്ചുള്ളതാണ് മറ്റൊരു കുറിപ്പ്. വികൃതിക്കുഞ്ഞന്മാരെ ഒറ്റയ്ക്ക് പറഞ്ഞയക്കാന്‍ മനസ്സനുവദിക്കാത്തതുകൊണ്ട് അവര്‍ ഒരു ഉപാധിവെച്ചു. ഒന്നുകില്‍ രണ്ടുപേരെ ഒന്നിച്ചുകൊണ്ടുപോകണം. അതല്ലെങ്കില്‍ വീട്ടിലൊരു പൂച്ചയ്ക്ക് കൂട്ടായി ഒരാളെ കൊണ്ടുപോകാം.

കാരണം, ഈ കുഞ്ഞന്മാര്‍ക്ക് കളിക്കാന്‍ കൂട്ടുവേണം എന്ന് അവര്‍ക്കറിയാം.

ഫോട്ടോ: ഫേസ്ബുക്ക് / വണ്‍നെസ്

 ഇനി വീട്ടില്‍ കൊണ്ടുപോയാലും അവര്‍ക്കെന്തൊക്കെ കൊടുക്കണം, എപ്പോള്‍ വാക്സിനേഷന്‍ നടത്തണം എന്നതിനെ സംബന്ധിച്ചെല്ലാം വണ്‍നെസ്സിന്‍റെ സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍ദ്ദേശങ്ങള്‍ വെക്കുന്നുമുണ്ട്.

ഷേര്‍ഖാന്‍  ഒരു നാണക്കാരനായിരുന്നു, തുടക്കത്തില്‍. കാലിന് പരുക്കു പറ്റിയ നിലയിലാണ് വണ്‍നെസ്സിന്‍റെ പ്രവര്‍ത്തകര്‍ അവനെ കണ്ടെത്തിയത്, പ്രളയകാലത്ത്. പരുക്കു ഭേദമാവുന്നതിനായുള്ള കാത്തിരിപ്പ്. പതുക്കെപ്പതുക്കെ അവന്‍ മിടുക്കുകാട്ടാന്‍ തുടങ്ങി. അവനെത്തേടി ഒരു പുതിയ കുടുംബം എത്തി. ഷേര്‍ഖാന്‍റെ വിജയകഥ അങ്ങനെയാണ് വണ്‍നെസ് പങ്കുവെച്ചത്.

അരുമ മൃഗങ്ങളെ വാങ്ങരുത്, ദത്തെടുക്കൂ… അതാണ് വണ്‍നെസ് നമ്മളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഫോട്ടോ: ഫേസ്ബുക്ക് / വണ്‍നെസ്

മൃഗസ്നേഹികളായ ഒരു കൂട്ടം മനുഷ്യര്‍ പലപ്പോഴായി ഒന്നിച്ചുചേര്‍ന്നുണ്ടായ ഒരു സംഘടനയാണ് വണ്‍നെസ്. രണ്ടുവര്‍ഷത്തോളമായി ചെറിയ തോതില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് എങ്കിലും പ്രളയകാലത്താണ് സംഘടന സജീവമായത് എന്ന് സോഫ്റ്റ് വെയര്‍ ഡെവലപര്‍ ആയ ഷിബിന്‍ പറയുന്നു.

ഷിബിനു പുറമെ കൊച്ചി സ്വദേശികളായ അരുണ്‍, അശ്വനി,രാജലക്ഷ്മി, പ്രസന്ന, പ്രസീത എന്നവരാണ് സംഘടനയുടെ സ്ഥാപകര്‍. മൃഗസ്നേഹികളായ 34 സന്നദ്ധപ്രവര്‍ത്തകരുണ്ട് ഇപ്പോള്‍ വണ്‍നെസില്‍. ഇതിനുപുറമേ, കേരളത്തിനകത്തും പുറത്തുമുള്ള സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

മൂവാറ്റുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദയ, തമിഴ്നാട്ടിലും പൂനെയിലുമുള്ള സംഘടനകള്‍ എന്നിവയുമായൊക്കെ സഹകരിക്കുന്നുണ്ട്, എന്ന് വണ്‍നെസ് പ്രവര്‍ത്തകര്‍ പറയുന്നു.

വണ്‍നെസ് പ്രവര്‍ത്തകര്‍. ഫോട്ടോ: ഫേസ്ബുക്ക്/ വണ്‍നെസ്

മൃഗസ്നേഹം മൃഗപരിപാലനം എന്നിവ സംബന്ധിച്ചുള്ള അവബോധവും, എല്ലാ ജവജാലങ്ങളും ഒന്നാണെന്ന സന്ദേശവും കുട്ടികള്‍ക്ക് നല്‍കാന്‍ സ്കൂളുകളില്‍ ട്രെയനിങ്ങും ക്ലാസ്സുകളും സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് വണ്‍നെസ്.

സംഘടനയുടെ രെജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്, ഷിബിന്‍ പറഞ്ഞു. “ഇപ്പോഴുള്ള ഷെല്‍ട്ടര്‍ താല്‍ക്കാലികമാണ്. അതൊരു റെസിഡെന്‍ഷ്യല്‍ ഏരിയ ആണ്.  വണ്‍നെസ്സിന് സ്വന്തമായൊരു സ്ഥലം വാങ്ങണം. അവിടെ അരുമകള്‍ക്കായി ഒരു സ്ഥിരം ഷെല്‍ട്ടര്‍ ഉണ്ടാക്കണം,”  ഷിബിന്‍ സംഘടനയുടെ  ഭാവി പദ്ധതികള്‍ പങ്കുവെച്ചു.

വണ്‍നെസ്സുമായി ബന്ധപ്പെടാം: ഫേസ്ബുക്ക്, info@onenessforall.in

 

ഈ നല്ല വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

Promotion

Leave a Reply

Your email address will not be published. Required fields are marked *

കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു

വേണമെങ്കില്‍ കൊക്കഡാമ കേരളത്തിലും: ജപ്പാന്‍കാരുടെ ഉദ്യാനകലയ്ക്ക് നാടന്‍ പതിപ്പുമായി പ്രിന്‍സ്