Palliative Care Mashithandu project

കടലാസു പേനകള്‍ കൊണ്ട് ഈ സര്‍ക്കാര്‍ ആശുപത്രി എഴുതുന്നത് കരുതലിന്‍റെ നൂറുനൂറു കഥകള്‍

കിടപ്പുരോഗികള്‍ ഉണ്ടാക്കുന്ന കടലാസുപേന ഉപയോഗിക്കുമ്പോള്‍ രണ്ട് വലിയ സന്ദേശങ്ങളാണ് പകരുന്നത്.

ഴിഞ്ഞ ദിവസം കോഴിക്കോട് പുതിയറയിലെ ബി ഇ എം യു പി സ്കൂളിലെ കുറച്ച് കുട്ടികളും അധ്യാപകരും കൂടി അനിലേട്ടന്‍റെ വീട്ടിലെത്തി. കുറച്ചുകാലമായി അനില്‍ ഉണ്ടാക്കുന്ന പേനകളാണ് ഈ കുട്ടികള്‍ ഉപയോഗിക്കുന്നത്–കൈകൊണ്ട് ചുരുട്ടിയെടുത്തുണ്ടാക്കുന്ന കടലാസുപേനകള്‍.

അനില്‍ കിടപ്പുരോഗിയാണ്.  അവര്‍ അദ്ദേഹത്തിനോട് വിവരങ്ങള്‍ തിരക്കി. എല്ലാവരും ചേര്‍ന്ന് പാട്ടുപാടി.

“മന്ദാരക്കാവിലേ…വേലപ്പൂരം കാണാന്‍… എന്തടാ കുഞ്ഞാഞ്ഞേ…”

തന്‍റെ വേദനകള്‍ മറന്ന് അനില്‍ ചിരിച്ചു. കുട്ടികളോടൊത്തുള്ള ആ നേരം അനിലിനെ ഉല്ലാസവാനാക്കി

… കടലാസുപേനകള്‍ കൊണ്ടുവന്ന സ്നേഹം.

അനില്‍ കടലാസുപേന ഉണ്ടാക്കുന്നത് അവര്‍ നേരിട്ട് കണ്ടു.

തിരിച്ചിറങ്ങുന്നതിന് മുമ്പ് അവര്‍ ഒരു ഭക്ഷണപ്പൊതിയും സമ്മാനിച്ചു–ധാന്യങ്ങളും പയറുവര്‍ഗങ്ങളും അടങ്ങുന്ന ഒരു കിറ്റ്.

പാലിയേറ്റീവ് കെയറിനെക്കുറിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവുണ്ടാക്കിക്കൊടുക്കുകയും അവരെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മഷിത്തണ്ട് എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ കുട്ടികള്‍ അനിലിന്‍റെ വീട്ടിലെത്തിയത്.


ഇതുകൂടി വായിക്കാം: ട്രോള്‍മഴ ഒഴിഞ്ഞപ്പോള്‍ പെയ്ത നന്മമഴ


വടകര ജില്ലാ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂനിറ്റ് രൂപം കൊടുത്ത പദ്ധതിയാണ് മഷിത്തണ്ട്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ആഴത്തിലും ഗുണപരവുമായ മാറ്റങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ

ഈ പദ്ധതി ഇതിനകം തന്നെ വ്യാപകമായ ശ്രദ്ധ നേടിക്കഴിഞ്ഞു.

അനില്‍ കടലാസുപേന ഉണ്ടാക്കുന്നു

“കിടപ്പുരോഗികളില്‍ പലരും സാമ്പത്തികമായിക്കൂടി അവശത അനുഭവിക്കുന്നവരാണ്. അവര്‍ക്ക് ഒരു വരുമാനമാര്‍ഗം കണ്ടെത്തുക എന്നതാണ് ഈ പദ്ധതിയുടെ ഒരു ലക്ഷ്യം,” വടകര ഗവ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലെ നഴ്സും പദ്ധതിയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളുമായ റാന്‍ഡോള്‍ഫ് വില്‍സണ്‍ ടി ബി ഐയോട് പറയുന്നു. മറ്റൊന്ന് പുതിയ തലമുറയെ പാലിയേറ്റീവ് കെയര്‍ സേവനങ്ങളോട് അടുപ്പിക്കുക എന്നതാണ്.

ഇതിനുപുറമെ ഭൂമിക്കുമേല്‍ പതിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായുള്ള ചെറിയൊരു തുടക്കം. അതാണ് കടലാസുപേന.


ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍


“രണ്ടായിരം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഒരു മാസം പതിനായിരം പ്ലാസ്റ്റിക് പേനകള്‍ ഉപയോഗശേഷം വലിച്ചെറിയപ്പെടുന്നു എന്ന് വിത്തുപേന നിര്‍മ്മാണത്തിന് മുന്‍കൈ എടുത്ത ലക്ഷ്മി മേനോന്‍ നടത്തിയ ഒരു സര്‍വ്വേയില്‍ പറയുന്നുണ്ട്. കടലാസുപേനയും വേസ്റ്റ് ഉണ്ടാക്കും, പക്ഷേ അത് നമുക്ക് റീസൈക്കിള്‍ ചെയ്യാന്‍ കഴിയും,” കടലാസുപേന നിര്‍മ്മാണത്തിലേക്കെത്തിയതിനെപ്പറ്റി റാന്‍ഡോള്‍ഫ് പറയുന്നു.

പുതിയ കടലാസ് ഉപയോഗിച്ചല്ല പഴയ മാസികകളും ന്യൂസ്പേപ്പറും ഒക്കെ ഉപയോഗിച്ചാണ് പേന നിര്‍മ്മാണം.

കിടപ്പുരോഗികള്‍ ഉണ്ടാക്കിയ കടലാസുപേന ഉപയോഗിക്കുമ്പോള്‍ രണ്ട് വലിയ സന്ദേശങ്ങളാണ് പകരുന്നത്…സഹജീവിസ്നേഹത്തിന്‍റെയും പരിസ്ഥിതി സ്നേഹത്തിന്‍റെയും വലിയ പാഠങ്ങള്‍.

***

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വരുന്നതും കാത്തിരിക്കുന്ന ആയിരക്കണക്കിന് കിടപ്പുരോഗികളുണ്ട് കേരളത്തില്‍. സന്നദ്ധപ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും പിന്തുണയും കരുതലുമെല്ലാം കുറച്ചൊന്നുമല്ല അവര്‍ക്ക് ആശ്വാസമേകുന്നത്.

എങ്കിലും ഏകാന്തതയും നിസ്സഹായതയുമൊക്കെച്ചേര്‍ന്ന് വല്ലാത്ത ഒരു അവസ്ഥയിലായിരിക്കും പല കിടപ്പുരോഗികളും.


ഇതുകൂടി വായിക്കാം: ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം: ഇത് കേരളത്തിലാണ്


പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള രോഗികളുടെ പുനരധിവാസത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ വടകര ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ വിഭാഗം ചിന്തിച്ചത് ഈ കാര്യങ്ങളായിരുന്നു. കിടന്നുകൊണ്ടും ചാരിയിരുന്നുകൊണ്ടുമൊക്കെ ചെയ്യാവുന്ന എന്തെങ്കിലും ലളിതമായ പ്രവൃത്തികള്‍ കണ്ടെത്തുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. കടലാസുപേന അതിനെല്ലാം ഉത്തരമായി.

മഷിത്തണ്ട് പദ്ധതിയില്‍ വടകര മുനിസിപ്പാലിറ്റിയിലെ 47 വാര്‍ഡുകളിലെ കിടപ്പുരോഗികള്‍ക്ക് കടലാസുപേന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകയാണ്.

ആദ്യഘട്ടത്തില്‍ 420 പേര്‍ക്ക് ഈ പദ്ധതികൊണ്ട് പ്രയോജനം ചെയ്യും.

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനത്തിനിടയില്‍. ഫോട്ടോ: പാലിയം ഇന്‍ഡ്യ

സ്‌കൂള്‍, കോളെജ് കുട്ടികളുടെ സഹായത്തോടെ പഴയ മാസികകളും പത്രങ്ങളും ശേഖരിച്ച് റീഫില്ലുകളോടൊപ്പം കിടപ്പുരോഗികളെ സന്ദര്‍ശിച്ച് നല്‍കാനാണ് പരിപാടി. അത്തരമൊരു ജനകീയ പദ്ധതിയായാണ് പാലിയേറ്റീവ് കെയര്‍ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്.

സ്കൂള്‍ കുട്ടികള്‍ക്ക് പാലിയേറ്റീവ് കെയറിന്‍റെ സന്ദേശം പകരുക എന്നതാണ് ഒരു ലക്ഷ്യം.


ഇതുകൂടി വായിക്കാം: തുണിസഞ്ചിയും തൂക്കി നടന്ന ഈ പെണ്‍കുട്ടികള്‍ വഴികാട്ടിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്


ഈ പദ്ധതി നടപ്പിലാക്കാനും കുട്ടികളിലേക്ക് കൂടുതലായി എത്തിക്കാനും വടകര ബി എഡ് ട്രെയിനിങ്ങ് സെന്‍ററിലെ വിദ്യാര്‍ത്ഥികള്‍ കൂടി ഭാഗമാകുന്നുണ്ടെന്ന് റാന്‍ഡോള്‍ഫ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വടകര ബി എഡ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള രോഗികളെ സഹായിക്കാന്‍ സഹയാന്‍ എന്നൊരു പദ്ധതി ഏറ്റെടുത്തിരുന്നു.

അന്നവര്‍ ഏകദേശം ഒന്നര ലക്ഷം രൂപ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ചു, പല കിടപ്പുരോഗികളേയും നേരിട്ട് പോയി കണ്ടു.

മഷിത്തണ്ട് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കടലാസുപേനകള്‍.

അന്ന് അവര്‍ നേരിട്ടുകണ്ട കാര്യങ്ങളും അവര്‍ക്കുണ്ടായ അനുഭവങ്ങളും മഷിത്തണ്ടിന്‍റെ ഭാഗമാവാന്‍  അവര്‍ക്ക് പ്രേരണയായിട്ടുണ്ടെന്ന് റാന്‍ഡോള്‍ഫ് സൂചിപ്പിച്ചു.

ബി എഡ് വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തിന്‍റെ ഭാഗമായി സ്കൂളുകളില്‍ ട്രെയിനിങ്ങിനായി പോവുമ്പോള്‍ പാലിയേറ്റീവിന്‍റെ സന്ദേശവും മഷിത്തണ്ട് പദ്ധതിയെക്കുറിച്ചുമെല്ലാം അവര്‍ കുട്ടികളെ അറിയിക്കും. കടലാസുപേനകള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കും.

അതുവഴി പദ്ധതി കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍.

കടലാസുപേന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു

 

കണ്ണൂരില്‍ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ലഭിച്ച പിന്തുണയാണ് വടകരയില്‍ മഷിത്തണ്ട് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതെന്ന് സ്റ്റു‍ഡെന്‍റ്സ് ഇന്‍ പാലിയേറ്റീവ് കെയര്‍ പ്രോജക്ട് കണ്ണൂരില്‍ നടപ്പാക്കിയതിന്‍റെ അനുഭവത്തെക്കുറിച്ചോര്‍ത്തുകൊണ്ട്  റാന്‍ഡോള്‍ഫ് പറയുന്നു.

മറ്റുപല ജില്ലകളിലേയും സന്നദ്ധസംഘടനകളും ജില്ലാ അധികൃതരും മഷിത്തണ്ട് പദ്ധതിയില്‍ തല്‍പരരായി വരുന്നുണ്ടെന്ന് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ പറയുന്നു.

“കുട്ടികള്‍ പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്… അവരോട് പറയേണ്ട കാര്യമില്ല,” റാന്‍ഡോള്‍ഫ് സ്വന്തം അനുഭവം പറയുന്നു.

Watch: “ഇനിമുതല്‍ നമ്മള്‍ കടലാസുപേനയാണ് ഉപയോഗിക്കാന്‍ പോകുന്നത്…”

“പക്ഷേ, പലപ്പോഴും മാതാപിതാക്കളും അധ്യാപകരുമൊക്കെയാണ് അവരെ പുറകോട്ട് വലിക്കുന്നത്.”

മതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഞങ്ങള്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. അവരെ കിടപ്പുരോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ കൊണ്ടുപോയി. ഒരു ചെറിയ വീഡിയോ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. അതോടെ  എല്ലാവരുടെയും മനോഭാവത്തില്‍ മാറ്റം വന്നു. അവര്‍ സ്വമേധയാ ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നു, നിശ്ശബ്ദമായി നടക്കുന്ന ഒരു മാറ്റത്തിന്‍റെ കഥ റാന്‍ഡോള്‍ഫ് വിവരിക്കുന്നു.


ഇതുകൂടി വായിക്കാം:  ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍

എട്ട്, ഒന്‍പത് ക്ലാസ്സിലെ കുട്ടികളെയാണ് മഷിത്തണ്ട് പദ്ധതിയില്‍ കൂടുതലായി പങ്കെടുപ്പിക്കുന്നത്. ഇതിന് സമാന്തരമായി പ്രാഥമിക വിദ്യാലയങ്ങളിലേക്ക് പാലിയേറ്റീവ് കെയറിന്‍റെ സന്ദേശം എത്തിക്കാനുള്ള ശ്രമങ്ങളും ഈ സര്‍ക്കാര്‍ ആശുപത്രി നടത്തുന്നുണ്ട്.

അത് മധുരമുള്ള ഒരു വഴിയാണ്. ഒരു മധുരം, ഒരു ജീവിതം എന്നാണ്  പേരിട്ടിരിക്കുന്നത്.

ഒരു മധുരം ഒരു ജീവിതം പദ്ധതി മേപ്പയില്‍ സ്കൂളിലാണ് തുടക്കം കുറിച്ചത്.

ഒരു ദിവസം മിഠായിക്ക് വേണ്ടി ചെലവാക്കാന്‍ വെച്ചിരിക്കുന്ന ഒരു രൂപ പാലിയേറ്റീവ് കെയറിനായി സംഭാവന ചെയ്യാന്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുന്നതാണ് പദ്ധതി.

മേപ്പയില്‍ എല്‍ പി സ്കൂളില്‍ ഇതിനായി പണപ്പെട്ടികള്‍ സ്ഥാപിച്ചു. പി ടി എയും അധ്യാപകരും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുമായി വലിയ തോതില്‍ സഹകരിക്കുന്നുണ്ടെന്ന് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പറയുന്നു. സ്കൂളില്‍ പാലിയേറ്റീവ് ക്ലബും സജീവമായി പ്രവര്‍ത്തിക്കുന്നു.

സ്കൂളിലെ പതിനാറ് ക്ലാസ്സുകളിലും ഇത്തരം പണപ്പെട്ടികളുണ്ട്. കുട്ടികള്‍ ഒരുരൂപയും രണ്ടുരൂപയുമായി നിഷ്കളങ്ക സ്നേഹത്തിന്‍റെ സമ്പാദ്യം ആ പണപ്പെട്ടികളില്‍ നിറയുന്നുണ്ട്.

Watch: കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പാലിയേറ്റീവ് കെയര്‍ യൂനിറ്റിനെക്കുറിച്ച് ഒരു  വീഡിയോ:

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം