പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍

‘നമ്മടെ ബാലനെന്താ ഇങ്ങനെ?’ എന്നു ചോദിച്ചവര്‍ പിന്നീട് ജീവിതം അദ്ദേഹത്തെയും കൊണ്ടുപോയ വഴികള്‍ കണ്ട് അമ്പരന്നു.

1968-ലാണ് ബാലന്‍ പത്താം ക്ലാസ് ജയിക്കുന്നത്. അന്നത്തെ നിലയ്ക്ക് നല്ലൊരു സര്‍ക്കാര്‍ ഉദ്യോഗം എളുപ്പം സ്വന്തമാക്കാമായിരുന്നു, പക്ഷേ ബാലന്‍ അതിനൊന്നും പോയില്ല.

‘അബ്കാരിയുടെ മകനല്ലേ… സര്‍ക്കാര്‍ ഉദ്യോഗമൊന്നും വേണ്ടല്ലോ,’ എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു… ബിസിനസിനോടാകും ബാലന് താല്‍പര്യമെന്ന് നാട്ടുകാര്‍ സ്വയമങ്ങ് തീരുമാനിച്ചു.

കുട്ടിക്കാലത്തുതന്നെ കള്ളുകച്ചവടത്തില്‍ ബാലന്‍ അച്ഛനെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും ഉറപ്പിച്ചു: ബാലന്‍ വലുതാവുമ്പോള്‍ കാശുവാരിയെറിയും…ഷാപ്പുകള്‍ ലേലത്തില്‍ പിടിച്ച് ലക്ഷാധിപതിയാവും. സിനിമയിലെ അബ്കാരികളെപ്പോലെ കൈയില്‍ കനമുള്ള സ്വര്‍ണച്ചങ്ങലയും കഴുത്തില്‍ മാലയൊക്കെ ഇട്ടുനടക്കും..

പക്ഷേ,  ബാലന്‍ വീണ്ടും നാട്ടുകാരെ ഞെട്ടിച്ചു…


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


‘നമ്മടെ ബാലനെന്താ ഇങ്ങനെ?’ എന്നു ചോദിച്ചവര്‍ പിന്നീട് ജീവിതം അദ്ദേഹത്തെയും കൊണ്ടുപോയ വഴികള്‍ കണ്ട് അമ്പരന്നു.

പച്ച ഷര്‍ട്ടും പച്ച മുണ്ടും പിന്നെ ബാലചന്ദ്രമേനോന്‍ സ്‌റ്റൈലില്‍ തലയിലൊരു പച്ച തൂവാല കൊണ്ടൊരു കെട്ടും. ബാലേട്ടനെന്താ ഈ വേഷത്തിലെന്നു പലരും പരസ്പരം ചോദിച്ചു. എന്നാല്‍ കല്ലൂര്‍ ബാലന്‍റെ ജീവിതത്തിലെ വിസ്മയങ്ങള്‍ ഇവിടെ ആരംഭിക്കുകയായിരുന്നു.


കള്ളുഷാപ്പ് നടത്തണമെങ്കില്‍ തെറ്റായ വഴികളിലൂടെ പോകണമെന്നു തോന്നി, അല്ലാതെ വിജയിക്കാന്‍ സാധ്യതയില്ല.


പാലക്കാട് അയ്യര്‍ മലയ്ക്കും ചുടിയാര്‍ മലയ്ക്കും സമീപമാണ് ബാലന്‍ എന്ന ബാലകൃഷ്ണന്‍റെ വീട്. ഭാര്യയും മൂന്നും മക്കളുമുണ്ട്. അബ്കാരിയുടെ മകന്‍ കുടുംബം പുലര്‍ത്താന്‍ പല ജോലികളും ചെയ്തു. പലചരക്ക് കട, റബര്‍ കൃഷി, തെങ്ങ് കൃഷി ഇതൊക്കെ ചെയ്തു.

അബ്കാരിയുടെ മകന്‍

“അച്ഛന്‍ വേലുവിന് കള്ളു കച്ചവടമായിരുന്നു. അമ്മ കണ്ണമ്മ. ഞങ്ങള്‍ക്ക് കള്ളുഷാപ്പുണ്ടായിരുന്നു. ഇന്നത്തെ പോലെയല്ല, അന്നൊക്കെ പനയില്‍ നിന്നു നേരിട്ട് കള്ള് ഇറക്കി കൊടുക്കുകയായിരുന്നു,” ബാലേട്ടന്‍ ജീവിതകഥ പറഞ്ഞുതുടങ്ങുന്നു. “ഇപ്പോ അതൊന്നുമല്ലല്ലോ. അച്ഛനെ സഹായിക്കാന്‍ ഞാനും കള്ള് ഷാപ്പില്‍ പോകുമായിരുന്നു. രാവിലെ കള്ളെടുക്കും, ഉച്ചയോടെ വിറ്റു തീരും. അച്ഛന്‍ മരിച്ചതോടെ കള്ള് കച്ചവടം അവസാനിപ്പിച്ചു. കള്ള് ഷാപ്പ് ബിസിനസ് കുറച്ചുകാലം ഞാനും ചെയ്തിട്ടുണ്ട്.  25 വയസ് വരെ അബ്കാരി ആയിരുന്നു.

മറ്റുള്ളവര്‍ക്ക് ദോഷമാകുന്ന തരത്തില്‍ ജോലി ചെയ്തു പണം സമ്പാദിക്കേണ്ട ആവശ്യമില്ലെന്നു തോന്നി. പിന്നീടാണ് മറ്റു ബിസിനസിലേക്ക് കടക്കുന്നത്, കള്ള് വിറ്റിരുന്ന ഞാനിപ്പോള്‍ ലഹരിക്കെതിരേയും ക്ലാസെടുക്കുന്നുണ്ട് ,” അദ്ദേഹം തുടരുന്നു.

നടാനുള്ള വിത്തും തൈകളുമായി കല്ലൂര്‍ ബാലന്‍

“പലചരക്ക് കച്ചവടം, നെല്ല്, കൊപ്ര വില്‍പന ഇതൊക്കെ നോക്കി . പിന്നീട് കുട്ടികളൊക്കെ വളര്‍ന്നു വലുതായി. വിവാഹമൊക്കെ കഴിഞ്ഞു. പിന്നീട് അവര്‍ക്ക് വേണ്ടി കഷ്ടപ്പെടേണ്ട സാഹചര്യമായിരുന്നില്ല,” എന്ന് ബാലേട്ടന്‍.

മൂന്ന് ആണ്‍മക്കളാണ്. അവരുടെയൊക്കെ വിവാഹം കഴിഞ്ഞു. അതോടെ ബാലേട്ടന്‍ കുട്ടിക്കാലത്തേയുള്ള പ്രേമം വീണ്ടും പൊടിതട്ടിയെടുത്തു.

രാവിലെ വീട്ടില്‍ നിന്നിറങ്ങും. ഒരു ജീപ്പില്‍ മരത്തൈകളും വെള്ളവും അത്യാവശ്യം ഉപകരണങ്ങളുമായി നാട്ടില്‍ കറങ്ങും. ഒഴിഞ്ഞ സ്ഥലം കണ്ടാല്‍ അവിടെ മരം നടും. വെള്ളമൊഴിക്കും. അങ്ങനെ വൈകുന്നതുവരെ കറക്കം തന്നെ. മരം നട്ട് നട്ട് ഇപ്പോള്‍ അഞ്ച് ലക്ഷം തൈകളെങ്കിലും ഈ മനുഷ്യന്‍ നട്ടിട്ടുണ്ടാവും.


ഇതുകൂടി വായിക്കാം: പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്‍റെ അനുഭവങ്ങള്‍


“ചെറുപ്പത്തിലേ വൃക്ഷതൈകള്‍ നടുമായിരുന്നു. 2000-ലാണ് സജീവമാക്കുന്നത്,’ വൃക്ഷമനുഷ്യന്‍ എന്നറിയപ്പെടുന്ന കല്ലൂര്‍ ബാലന്‍ (69) പറയുന്നു.’മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞതോടെയാണ് പൂര്‍ണമായും വൃക്ഷ തൈകള്‍ നടുന്നതിലേക്കും ചെടി വില്‍പ്പനയിലേക്കും സൗജന്യ സംഭാര വിതരണത്തിലേക്കുമൊക്കെ കടക്കുന്നത്. പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നി, അങ്ങനെയൊരു ഉള്‍വിളി പോലെ ഈ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. അച്ഛനും ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. അതാകും എന്നെ സ്വാധീനിച്ചതെന്നു കരുതുന്നു.

കല്ലൂര്‍ ബാലന്‍ സന്തത സഹചാരിയായ ജീപ്പിനൊപ്പം

“അയ്യരുമലയുടെ അടിവാരത്താണ് ഞങ്ങള്‍. രണ്ടേക്കര്‍ ഭൂമിയുണ്ട്. അതില്‍ റബര്‍ കൃഷിയായിരുന്നു. പക്ഷേ, റബര്‍ പൂര്‍ണമായും വെട്ടിക്കളഞ്ഞു. കുറച്ച് തെങ്ങുണ്ട്. പിന്നെ മുഴുവന്‍ ഫലവൃക്ഷങ്ങള്‍ വെച്ചു പിടിപ്പിച്ചു. മനുഷ്യര്‍ക്ക് വേണ്ടി മാത്രമല്ല പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ വിശപ്പും ദാഹവുമില്ലേ.. ഫലവൃക്ഷങ്ങളാണെങ്കില്‍ അവയ്‌ക്കൊക്കെ വന്നു പഴങ്ങള്‍ കഴിക്കാലോ.. മാവ്, പ്ലാവ്, ഞാവല്‍, സപ്പോട്ട, നെല്ലി, ഇതൊക്കെയാണ് വെച്ചത്.”

കരിമ്പനകള്‍ നട്ട മനുഷ്യന്‍

“കല്ലൂര്‍ ശിവക്ഷേത്രത്തില്‍ കൂവളം നട്ടു കൊണ്ടാണ് തുടക്കം. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്തും തൈകളൊക്കെ നടുമായിരുന്നു. പാലക്കാടും തൃശൂരും മലപ്പുറത്തും തൈകള്‍ നട്ടിട്ടുണ്ട്. കരിമ്പനകള്‍ നട്ട് നട്ട് നാട്ടുകാരൊക്കെ കൂടി ഗിന്നസിലേക്ക് കയറ്റാനും ശ്രമിക്കുന്നുണ്ടിപ്പോള്‍. എനിക്ക് അതിലൊന്നും താത്പ്പര്യമില്ല.

“ഒരു ബൈക്ക് ഉണ്ടായിരുന്നു. അതിലായിരുന്നു തൈകള്‍ നടാനുള്ള യാത്രകള്‍. ഇതിന് വേണ്ടി മാത്രം ദിവസം 50 കിലോമീറ്റര്‍ ദൂരമൊക്കെ ബൈക്കില്‍ സഞ്ചരിക്കുമായിരുന്നു.


മുളയ്ക്കും കരിമ്പനയ്ക്കും ചെറിയ വേരുകളാണ്. ഈ രണ്ടു മരങ്ങളും ജലസംഭരണികളാണ്.


“കരിമ്പന കുറേ നട്ടിട്ടുണ്ട്. രണ്ടായിരത്തില്‍ തുടങ്ങിയതല്ലേ… വളര്‍ന്നു വലുതായി തുടങ്ങിയിരിക്കുന്നു… കരിമ്പനകള്‍ക്ക് പ്രത്യേക ശ്രദ്ധയോ ചെലവോ ഒന്നും വേണ്ട. വെള്ളക്കെട്ട് തടഞ്ഞുനിറുത്താനൊക്കെ ഈ മരങ്ങള്‍ക്കാകും. മുളയും കുറേ നട്ടിട്ടുണ്ട്. മുളയ്ക്കും കരിമ്പനയ്ക്കും ചെറിയ വേരുകളാണ്. ഈ രണ്ടു മരങ്ങളും ജലസംഭരണികളാണ്. കന്നുകളൊന്നും ഈ തൈകള്‍ കടിക്കുകയുമില്ല.. അതുകൊണ്ട് പ്രത്യേക സംരക്ഷണക്കൂടൊന്നും വേണ്ട.

“3,000 കരിമ്പനകള്‍ നട്ടു. പാലക്കാടിന്‍റെ പല സ്ഥലങ്ങളിലാണിത്. അഞ്ച് ലക്ഷത്തോളം ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും പിടിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തും തൃശൂരും കുറേ തൈകള്‍ നട്ടിട്ടുണ്ട്. ആറു വര്‍ഷം മുന്‍പ് വരെ ബൈക്കിലാണ് തൈകള്‍ നടാന്‍ പോകുന്നത്. കുറേ ദൂരം ഇങ്ങനെ പോകുമായിരുന്നു. ആ ബുദ്ധിമുട്ട് കണ്ടിട്ടാകും മലപ്പുറത്തുകാരായ കുറച്ചാളുകള്‍ ഒരു ജീപ്പ് വാങ്ങി തന്നു. പിന്നെ മഹീന്ദ്ര ജീപ്പിലായി യാത്ര. തൈകളും നടാനുള്ള ആയുധങ്ങളും വെള്ളവും മാത്രമല്ല ജീപ്പില്‍, ടാങ്കുകളിലാക്കി വേറെ കുറച്ചു വെള്ളവുമുണ്ടാകും.”

വിദ്യാര്‍ഥികള്‍ക്കൊപ്പം വൃക്ഷതൈ നടുന്നു (ഫോട്ടോ ഫെയ്സ്ബുക്ക്)

“ജീപ്പ് മാത്രമല്ല അവര് തന്നത്, അതിനൊപ്പം കുറേ വൃക്ഷതൈകളും നല്‍കി. വേനലില്‍ നട്ട ചെടികള്‍ക്കൊക്കെ വെള്ളം ഒഴിക്കണല്ലോ.. വെള്ളം ഈ ജീപ്പില്‍ കൊണ്ടു പോകും. വെള്ളം കിട്ടാക്കനിയായ കുറച്ചു മനുഷ്യരുണ്ട്. അവര്‍ക്കാണ് ടാങ്കില്‍ വെള്ളം കൊണ്ടുപോകുന്നത്. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ഇടങ്ങളില്‍ ടാങ്കറില്‍ വെള്ളം വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടോ മൂന്നോ കുടം വെള്ളം നല്‍കുന്നതിനുമൊക്കെ ജീപ്പാണ് ഉപയോഗിക്കുന്നത്,’ ബാലന്‍ പറയുന്നു.പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യന്‍. ജീപ്പ് സമ്മാനമായി കൊടുത്തവര്‍ തന്നെ അതിന് എന്തെങ്കിലും കേടുവന്നാല്‍ നന്നാക്കിക്കൊടുക്കും. അതുകൊണ്ട് മരത്തൈകള്‍ നടുന്നത് മുടങ്ങാതെ നടക്കും.

“കുറച്ചുനാള്‍ മുന്‍പ് മറ്റൊരു വണ്ടി കൂടി കിട്ടി. അതൊരു ബൊലേറോ. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ധീഖ് അഹമ്മദാണ് ബൊലേറോ പിക്കപ്പ് വാന്‍ നല്‍കിയത്. അതിനൊപ്പം വെള്ളം സൂക്ഷിക്കാനുള്ള ടാങ്കും തന്നിട്ടുണ്ട്. വെള്ളം പുഴയില്‍ നിന്നും വീടുകളില്‍ നിന്നുമൊക്കെയാണ് എടുക്കുന്നത്. ബൈക്കില്‍ നിന്ന് ജീപ്പിലേക്കും ഇപ്പോ ബൊലേറെയിലുമായി യാത്രകള്‍. ഇതൊന്നും ഞാന്‍ ഒറ്റയ്ക്കല്ല ചെയ്യുന്നത്. പലരും പലവഴികളിലൂടെ സഹായിക്കുന്നുണ്ട്.”

കോയുവിന്‍റെ കൂട്ട്

ഇപ്പോള്‍ ബാലേട്ടന്‍റെ കൂടെ ഒരാള്‍ കൂടിയുണ്ട്, നിഴലുപോലെ.

“കുറച്ചുനാളായി ഒരാള്‍ എപ്പോഴും കൂടെയുണ്ട്. ഒരു സന്ന്യാസിയാണ്. കോയു എന്നാണ് അവന്‍റെ പേര്. നാട്ടുകാരനാണ്,” ബാലേട്ടന്‍ കൂട്ടുകാരനെപ്പറ്റി പറയുന്നു. രണ്ടുപേര്‍ക്കും പൊതുവായി ചിലതുണ്ട്.

“ഇവനും അച്ഛനും കൂടെ കച്ചവടം ചെയ്യുകയായിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ ബാലേട്ടന്‍റെ കൂടെ പോകണമെന്നു പറഞ്ഞു കൂടെ കൂടി. രാവിലെ ആറു മണിക്ക് ഇവന്‍ എന്‍റെ വീട്ടിലേക്ക് വരും.. പിന്നെ ഞങ്ങളൊരുമിച്ചാണ് യാത്രകള്‍. രാത്രി ഞാന്‍ വീട്ടിലേക്ക് പോകുംവരെ കോയു കൂടെയുണ്ടാകും,” അദ്ദേഹം ചിരിച്ചു.

“എന്നും രാവിലെ അഞ്ച് മണിക്ക് ഉണരും.. യോഗ ചെയ്യും.. പിന്നെ വീടും പരിസരവും വൃത്തിയാക്കലും ചെടി നനയ്ക്കലുമൊക്കെയാണ്. പ്രഭാത ഭക്ഷണം തയാറാകുമ്പോഴേക്കും ചെടി നനയ്ക്കലും നഴ്‌സറി വൃത്തിയാക്കലും തീരും. പിന്നെ ഭക്ഷണവും കഴിച്ച് ഉച്ചഭക്ഷണവും തൈകളും ചെടി നടാനും നനയ്ക്കാനുമൊക്കെയുള്ള സംഗതികളുമൊക്കെയായി യാത്ര തുടങ്ങും. പുറമേ നിന്നുള്ള ഭക്ഷണം കഴിക്കാറില്ല, അതുകൊണ്ട് വീട്ടിലുണ്ടാക്കിയ ഭക്ഷണം കൂടെ കരുതും,” അദ്ദേഹം ഒരു ദിവസത്തെ ഒരുക്കം വിവരിച്ചു.

തൈകളും വിത്തുമൊക്കെ പല വഴിയിലൂടെ കിട്ടാറുണ്ടെന്നു ബാലന്‍. വനംവകുപ്പില്‍ നിന്നും സംഘടനകളില്‍ നിന്നും തൈയും വിത്തും കിട്ടും. ‘ചില സംഘടനകളുടെ ആളുകള്‍ തൈ തരും, എന്നിട്ട് പറയും.. ബാലേട്ടന്‍റെ കൈയില്‍ തൈകള്‍ തന്നാല്‍ പാഴാകില്ലെന്നറിയാം. അതുകൊണ്ടാണ് ചേട്ടന് തന്നെ നല്‍കുന്നതെന്ന്.. ഇതൊക്കെ കേള്‍ക്കുന്നത് സന്തോഷം മാത്രമല്ല പ്രചോദനം കൂടിയാണ്.

ഫെയ്സ്ബുക്കില്‍ നിന്ന്

“വേനല്‍ക്കാലത്ത് വിത്തുകള്‍ കുറേ കിട്ടും. കിളികളും അണ്ണാനും വവ്വാലുമൊക്കെ കഴിച്ച പഴങ്ങളില്ലേ.. അതിന്‍റെ കായകളാണ് പറമ്പില്‍ നിന്നൊക്കെ പെറുക്കിയെടുക്കുന്നത്. മൂപ്പെത്തിയ കായ്കനികളാണ് പക്ഷികളൊക്കെ കഴിക്കുന്നത്. നടാന്‍ ഈ വിത്തുകള്‍ നല്ലതാണ്.  അതിലെ നനവ് മാറ്റുന്നതിനായി ഉണക്കും. ആ വിത്തുകള്‍ വീട്ടുമുറ്റത്തും മരച്ചുവട്ടിലും മറ്റുമൊക്കെയായി നടും. അത് തൈയായ ശേഷം മാറ്റിനടും. കരിമ്പനകളുടെ വിത്തൊക്കെ ഇങ്ങനെ വെറുതേ പാകിയാല്‍ മതി.. വേഗം മുളയ്ക്കും. ജലാംശത്തെ തടഞ്ഞുനിറുത്താനുള്ള കഴിവുണ്ട് കരിമ്പനകള്‍ക്ക്,” ആ വൃക്ഷമനുഷ്യന്‍ പറഞ്ഞുതന്നു.


ഇതുകൂടി വായിക്കാം: കടലില്‍ നിന്നും 13.5 ടണ്‍ പ്ലാസ്റ്റിക്, തീരത്തുനിന്നും 10 ലോഡ് മദ്യക്കുപ്പി; ട്രോളുകളില്‍ പതറാതെ ഒരു മത്സ്യത്തൊഴിലാളിയുടെ ഹരിതദൗത്യം


ബാലേട്ടന്‍റെ വീടിനോട് ചേര്‍ന്ന് തെങ്ങിന്‍ തോട്ടത്തിനടുത്ത് നഴ്‌സറിയുമുണ്ട്. അതില്‍ മുപ്പതിനായിരം ഉങ്ങിന്‍ തൈകള്‍, പതിനായിരത്തോളം ആര്യവേപ്പ്, 2,000 പുളി, മഹാഗണി, അത്തി, ഇത്തി, അരയാല്‍, പന, മുള, പ്ലാവ്, മാവ് ഇങ്ങനെ പലതുമുണ്ട്. വീട്ടുമുറ്റത്തും വീട്ടിലെ നഴ്‌സറിയിലും മാത്രമല്ല വിത്ത് പാകുന്നത്. പല സംഘടനകള്‍ക്കും വിത്ത് കൊടുക്കാറുമുണ്ട്.

കഴിഞ്ഞൊരു ദിവസം എറണാകുളത്തേക്ക് പതിനായിരം വിത്ത് അയച്ചു കൊടുത്തിരുന്നു. ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് നല്‍കിയത്. അദ്ദേഹം നടുന്നവയില്‍ കൂടുതലും ഫലവൃക്ഷങ്ങളാണ്, നാടന്‍ മാവും നാടന്‍ പ്ലാവുമൊക്കെ.., അദ്ദേഹം പറഞ്ഞു.

“അയ്യരുമലയ്ക്ക് ചുറ്റും തരിശുഭൂമിയായിരുന്നു. മരങ്ങളും ചെടികളും ഒന്നുമില്ലാതെ കിടന്ന ഭൂമി. ഫലവൃക്ഷങ്ങളൊക്കെ വന്നതോടെ ഇപ്പോള്‍ ഇവിടെ ആനകളൊക്കെ വരാറുണ്ട്. ആന, മയില്‍, കാട്ടുപന്നി, കുരങ്ങ്.. ഇതൊക്കെയും കാട്ടില്‍ നിന്നു നാട്ടിലേക്ക് ഇറങ്ങാറുണ്ട്. നമ്മുടെ വീട്ടുമുറ്റത്തും വരാറുണ്ട്. വെള്ളം കുടിക്കാനും പഴങ്ങളൊക്കെ കഴിക്കാനുമാണ് വരവ്. മലയടിവാരത്തില്‍ തൊട്ടിയില്‍ വെള്ളം വയ്ക്കാറുണ്ട്.. ചെറിയ പാത്രങ്ങളിലും മറ്റുമായി വെള്ളം വയ്ക്കുന്നത് കുടിക്കാന്‍ പലതരം കിളികളും ആനകളുമൊക്കെ വരാറുണ്ട്.

സംഭാരവിതരണം
പക്ഷികള്‍ക്കും ജീവികള്‍ക്കും കുടിവെള്ളം.

“മലമുകളില്‍ സ്വാഭാവികമായുള്ള ചെറുകുഴികളുണ്ടാകും.. അതില്‍ മണ്ണൊക്കെ നിറഞ്ഞു കിടക്കുകയാകും. ആ മണ്ണൊക്കെ നീക്കി വൃത്തിയാക്കിയെടുത്ത് വെള്ളം നിറച്ചിടും. അങ്ങനെയാണ് മലയില്‍ മഴക്കുഴികളുണ്ടാക്കിയത്. ആ കുഴികളില്‍ നിറഞ്ഞു കിടക്കുന്ന വെള്ളം കുടിക്കാന്‍ ആനകളൊക്കെ വരും. പണ്ട് അയ്യര്‍ മല ഒരു കാടായിരുന്നു. ഇവിടെ ഇന്നും പച്ചപ്പുകളുണ്ട്. എന്നാല്‍ ചുടിയര്‍ മല പരന്നു കിടക്കുന്ന തരിശു ഭൂമിയാണ്,” ബാലേട്ടന്‍ പറഞ്ഞു.

നടുന്ന തൈകളൊക്കെ തൊഴിലുറപ്പുകാര്‍ ഇല്ലാതാക്കുന്നുണ്ട് എന്നൊരു പരാതിയുണ്ട്  ഈ പ്രകൃതി സ്‌നേഹിക്ക്: പുല്ലൊക്കെ വെട്ടി റോഡും കനാലുമൊക്കെ വൃത്തിയാക്കുന്നതിനിടയ്ക്ക് നട്ട തൈകളും ഇവര്‍ വെട്ടിക്കളയും. അറിയാതെ ചെയ്യുന്നതാണ്… പക്ഷേ ഒന്നു ശ്രദ്ധിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്‌നം, അദ്ദേഹം പറഞ്ഞു.


ഒരു കോടി കരിമ്പനകള്‍ നടണമെന്നതാണ് ലക്ഷ്യം. അതിന് വേണ്ടി ശ്രമിക്കുന്നു.


”പുഴയോരങ്ങളിലാണ് മുളയൊക്കെ കൂടുതലും നട്ടിരിക്കുന്നത്. ബയോ ഡൈവേഴ്‌സിറ്റി(ബോര്‍ഡ്)യും വനം വകുപ്പും ചേര്‍ന്ന് ഈ പ്രവര്‍ത്തനങ്ങളെ ഗിന്നസ് ബുക്കില്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. എനിക്ക് ഇതിലൊന്നും താത്പ്പര്യമില്ല.. തൈകള്‍ നട്ട് ഫോട്ടോയെടുത്ത് പത്രങ്ങളില്‍ കൊടുക്കാനൊന്നും എനിക്ക് ഇഷ്ടമില്ല.. മരം നടുക, മരം സംരക്ഷിക്കുക ഇതാണ് ലക്ഷ്യവും ആഗ്രഹവും. … വാര്‍ത്തയാക്കാന്‍ ഫോട്ടോയെടുക്കണ നേരമുണ്ടെങ്കില്‍ രണ്ട് തൈ കൂടുതല്‍ നടാം.

അനൂപ് ജേക്കബ് പുരസ്കാരം സമ്മാനിക്കുന്നു

“ഒരു കോടി കരിമ്പനകള്‍ നടണമെന്നതാണ് ലക്ഷ്യം. അതിന് വേണ്ടി ശ്രമിക്കുന്നു. ഒഴിഞ്ഞ സ്ഥലങ്ങളിലാണ് നടുന്നത്. സ്‌കൂള്‍ കുട്ടികളും പൊലീസുകാരുമൊക്കെ കരിമ്പനകള്‍ നടാന്‍ സഹായിക്കുന്നുണ്ട്.തൈകള്‍ നടാന്‍ അരമണിക്കൂര്‍ മാത്രം മതി. പക്ഷേ ആ തൈകള്‍ സംരക്ഷിക്കാനാണ് ബുദ്ധിമുട്ട്. ആര്‍ക്കും എപ്പോ വേണമെങ്കിലും ചെടി നടാലോ.. എന്നാല്‍ പതിവായി വെള്ളം ഒഴിക്കാനൊന്നും ആരുമുണ്ടാകില്ല.. അതാണ് വലിയ പ്രശ്‌നം.

“കന്നുകാലികള്‍ കടിച്ചു തിന്നുമോ, ഉണക്കപ്പുല്ലുകള്‍ കത്തിക്കുമ്പോള്‍ കൂടെ തൈയ്ക്കും തീ പിടിക്കോ.. തൊഴിലുറപ്പുകാര്‍ വെട്ടികളയുമോ.. ഇതൊക്കെ നോക്കാനാണ് ആള് വേണ്ടത്. മഴക്കാലമല്ലെങ്കില്‍ വെള്ളം ഒഴിക്കാനും പോകണം. മക്കളെ വളര്‍ത്തുന്ന പോലെ തന്നെ ചെടിയെ വളര്‍ത്തിയെടുക്കാനും കുറച്ച് കഷ്ടപ്പാടുകളുണ്ട്.”


ഇതുകൂടി വായിക്കാം: ‘ആ മണം ഡിപ്രഷനുള്ള മരുന്നിന്‍റെ ഗുണം ചെയ്യും’: മരനടത്തത്തിന്‍റെ അമരക്കാരി അനിത പറയുന്നു, പ്രകൃതിയെയും ജീവിതത്തെയും കുറിച്ച്


ബാലന്‍ ചേട്ടന് ഒരു നിര്‍ബന്ധമുണ്ട്. ചെടി നട്ടാല്‍ നോക്കണം. അങ്ങനെ ചെയ്യുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ തൈകള്‍ നല്‍കാറുള്ളൂ. “നട്ടാല്‍ വെള്ളമൊഴിച്ച് ശ്രദ്ധിക്കണമെന്നൊക്കെ പറയാറുണ്ട് എല്ലാരോടും. ചിലരൊക്കെ സ്ഥലം കാണിച്ചു തന്നിട്ട് പറയും, ബാലേട്ടന്‍ ചെടികളൊക്കെ നട്ടോളൂന്ന്. അവരില്‍ നിന്നു തൈയുടെയും നടുന്നതിന്‍റെയും ചെറിയൊരു തുക വാങ്ങാറുണ്ട്. പിറന്നാളിനൊക്കെ വയസിന്‍റെ അത്രയും തൈകള്‍ നടുമോയെന്നു ചോദിച്ച് സമീപിക്കുന്നവരുമുണ്ട്…”

പലരും സാമ്പത്തികമായി സഹായിക്കാറുണ്ട് എന്ന് ബാലേട്ടന്‍ പറഞ്ഞു. “പക്ഷേ അതൊന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല. ചെടി വാങ്ങാനോ വണ്ടിയില്‍ പെട്രോള്‍ അടിക്കാനോ ഒക്കെയാണ്.”

എം ബി രാജേഷിന് (മുന്‍ എം പി) സംഭാരം നല്‍കുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ വനമിത്ര, പ്രകൃതിമിത്ര, ജൈവവൈവിധ്യ ബോര്‍ഡിന്‍റെ അവാര്‍ഡ്, പി.വി. തമ്പി മെമ്മൊറിയല്‍ അവാര്‍ഡ്, ജെയ്ജജി പീറ്റര്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.

“ചെടി നടുന്നതിനു കുഴിയെടുക്കണമല്ലോ.. അതിനൊരു യന്ത്രം നല്‍കിയിട്ടുണ്ട് ഒരാള്‍. പ്രായമായ ഞാന്‍ കഷ്ടപ്പെടേണ്ടെന്നു കരുതിയാകും, എളുപ്പപ്പണിക്ക് ഇങ്ങനെയൊരു യന്ത്രം തന്നെ നല്‍കിയത്. മദ്രാസില്‍ നിന്നൊരാളാണ് നല്‍കിയത്. അഞ്ച് മീറ്റര്‍ ആഴത്തില്‍ കുഴിക്കാനാകും. ഇതുകൊണ്ട് കുഴിയെടുക്കല്‍ എളുപ്പമാണ്.”

പാലക്കാട് കല്ലൂര്‍ പരിസരങ്ങളിലൂടെ ബാലന്‍ നട്ടുപിടിപ്പിച്ച മാവും പ്ലാവും കരിമ്പനകളുമൊക്കെ കണ്ട് നടക്കുമ്പോ ക്ഷീണം തോന്നിയേക്കാം.. വെയിലില്‍ ദാഹിച്ചു വലയുന്നവര്‍ക്ക് സംഭാരം വേണോ, നല്ല തണുത്ത വെള്ളം വേണോ.. ബാലേട്ടന്‍ തരും.

ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ പുരസ്കാരവുമായി ബാലന്‍

“പലരുടെയും സഹായത്തോടെയാണ് സംഭാരവും കുടിവെള്ളവും വിതരണം ചെയ്യുന്നത്… മല്ലിയില, പുതിനയില, പച്ചമുളക്, നാരകത്തിന്‍റെ ഇല, നെല്ലിക്ക, അമ്പഴങ നീര്.. ഇതൊക്കെയിട്ട തനി നാടന്‍ സംഭാരമാണ് വീട്ടിലുണ്ടാക്കുന്നത്. പാല്‍ സൊസൈറ്റി വീടിന് മുന്നില്‍ തന്നെയാണ്. അവിടെ നിന്നു പാല്‍ വാങ്ങി വീട്ടില്‍ ഞാനും ഭാര്യയും മക്കളുമൊക്കെ കൂടിയാണ് സംഭാരമുണ്ടാകുന്നത്. ഇതിന് ആരുടെ കൈയില്‍ നിന്നും പൈസയൊന്നും വാങ്ങുന്നില്ല.. വീടിനോട് ചേര്‍ന്നും വഴിയോരത്തും ഉത്സവപ്പറമ്പിലുമൊക്കെ സംഭാരം വിതരണം ചെയ്യാറുണ്ട്,” അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കാം: ഈ വനത്തിനുള്ളില്‍ 1,800 താമസക്കാര്‍, 8 ലൈബ്രറികള്‍! ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് പുസ്തകങ്ങള്‍


പ്രായം എഴുപതിനോടടുക്കുന്നു. പക്ഷേ, അതിന്‍റെ അവശതകളൊന്നും കല്ലൂരുകാരുടെ ബാലന്‍ ചേട്ടനെ ബാധിച്ചിട്ടില്ല. വൃക്ഷ തൈ നടണോ വിത്ത് വേണോ…എന്തിനായാലും ആര്‍ക്കും വിളിക്കാം.

‘മരം മാത്രമേ രക്ഷ,  മരം നടാന്‍ വരൂ, മരം നടാന്‍ വിളിക്കൂ..’ വണ്ടിയുടെ പുറകില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.. നമ്പറും കൊടുത്തിട്ടുണ്ട്.

“ആര്‍ക്കു വിളിക്കണമെന്നു തോന്നിയാലും വിളിക്കട്ടെ,” എന്ന് ബാലേട്ടന്‍.  ഇതാണ് അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍: 9495385249

ലീലയാണ് ബാലേട്ടന്‍റെ ഭാര്യ. മൂന്നു ആണ്‍മക്കളാണ്. രാജേഷ്, രതീഷ്, രജനീഷ്. ഇവരൊക്കെ വിവാഹമൊക്കെ കഴിഞ്ഞ് കുടുംബമായി കഴിയുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം