തൊട്ടാല്‍ നുറുങ്ങുന്ന ചില്ലുപാത്രം പോലെ നൂറുകണക്കിന് കുട്ടികള്‍, അവരെ താങ്ങിയെടുക്കാന്‍ ഒരമ്മ

“മറ്റുള്ളവരെപ്പോലെ സ്‌കൂളില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളെ അവര്‍ക്കിടയില്‍ ധാരാളം കണ്ടിട്ടുണ്ട്. മറ്റൊരു കുട്ടിക്കാണെങ്കില്‍ അച്ഛന്‍ നടത്തുന്ന കടയില്‍ ഒന്നുപോയാല്‍ മാത്രം മതി.”

 രു സുഹൃത്താണ് ബിനു ദേവസ്യയെന്ന കുട്ടിയെക്കുറിച്ച് ലതാ നായരോട് പറയുന്നത്. 2000-ലാണത്. തിരുവനന്തപുരംകാരിയായ ലതാ നായര്‍ അന്ന് സംസ്ഥാന ഫിഷറീസ് വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു.

വയനാട്ടിലെ വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നും വരുന്ന ബിനുവിന് ബ്രിറ്റില്‍ ബോണ്‍ രോഗമാണ്. രണ്ട് കാലുകളും  കൂട്ടിപ്പിണഞ്ഞ അവസ്ഥയിലായിരുന്നു ആ കുട്ടി. കാലുകള്‍ വേര്‍പെടുത്താന്‍ സര്‍ജറി നടത്തണം.

“അന്നുവരെ ഈ രോഗത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നു,” ലതാ നായര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “ആ രോഗമുള്ള കുട്ടികളെയൊന്നും ഞാന്‍ അതിന് മുമ്പ് കണ്ടുമുട്ടിയിട്ടുണ്ടായിരുന്നുമില്ല. അവന്‍റെ അവസ്ഥ എന്നെ വല്ലാതെ ഉലച്ചു. അവനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.”


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


അങ്ങനെ ഡോക്ടര്‍മാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ അവന്‍റെ അസുഖത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് ബ്രിറ്റില്‍ ബോണ്‍ ഡിസീസ് എന്ന് പൊതുവെ അറിയപ്പെടുന്ന ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്ട (Osteogenesis imperfecta-OI) എന്ന അവസ്ഥ എത്രമാത്രം അപൂര്‍വമാണെന്ന് ലതാ നായര്‍ക്ക് മനസ്സിലായത്.

മറ്റൊന്നുകൂടി അറിഞ്ഞു…

ലതാ നായര്‍

ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന ഒ.ഐ സൊസൈറ്റികള്‍ ലോകത്തിന്‍റെ പല ഭാഗത്തുമുണ്ടെങ്കിലും ഇന്‍ഡ്യയില്‍ ഒന്നുപോലുമുണ്ടായിരുന്നില്ല.

എല്ലുകള്‍ പെട്ടെന്ന് നുറുങ്ങിപ്പോവുന്ന ഒരവസ്ഥയാണ് ബ്രിറ്റില്‍ ബോണ്‍ ഡിസീസ്. ജന്മനാ തന്നെ കാണപ്പെടുന്ന ഒരപൂര്‍വ്വ രോഗം. ഇതുബാധിച്ചവര്‍ക്ക് ചിലപ്പോള്‍ ഒരു ചെറിയ മുട്ടലോ തട്ടലോ മതി എല്ലുമുറിയാന്‍. പലപ്പോഴും ശസ്തക്രിയയൊന്നും സാധ്യമാവില്ല.

ബിനുവിന്‍റെ കാര്യത്തിലാണെങ്കില്‍, മാതാപിതാക്കള്‍ അവനെ ചികിത്സിക്കാനൊരു ഡോക്ടറെ കണ്ടെത്തിയിരുന്നു. പക്ഷേ, ചികിത്സയ്ക്കും സര്‍ജറിക്കുമുള്ള പണം കണ്ടെത്തുകയെന്നതായിരുന്നു പ്രശ്‌നം.


തന്നെപ്പോലെ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു ശ്രമം നടത്താന്‍ ലതയോടൊപ്പം ധന്യയും കൈകോര്‍ത്തു.


ലതയും സുഹൃത്തുക്കളും ചേര്‍ന്ന് കുറെ പണം കണ്ടെത്തി. പക്ഷേ, അതുകൊണ്ടൊന്നും തികയുമായിരുന്നില്ല.

ഒടുവില്‍ ലത ഒരു പദ്ധതിയിട്ടു. നേരത്തെ ഈ അസുഖത്തെക്കുറിച്ചറിയാന്‍ ഇന്‍റെര്‍നെറ്റില്‍ തെരഞ്ഞിരുന്നു. അതേ വഴി തന്നെ നോക്കാമെന്ന് വിചാരിച്ചു. ഇന്‍റെര്‍നെറ്റില്‍ ഒരു പരസ്യം നല്‍കി.

ഒരുപാട് പേര്‍ സഹായവുമായെത്തി. അങ്ങനെ പലരുടെയും സ്‌നേഹവും സഹായവും ഒരുമിച്ചപ്പോള്‍ ബിനുവിന്‍റെ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

മറ്റൊന്നുകൂടി സംഭവിച്ചു.

ലതാ നായരും ധന്യയും

ലതയ്ക്ക് ഒരു നല്ല കൂട്ടുകാരിയെ കിട്ടി. ധന്യ രവി!  ബ്രിറ്റില്‍ ബോണ്‍ ഡിസീസിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരില്‍ ഒരാളായിരുന്നു ധന്യയും. ബാംഗ്ലൂരില്‍ താമസിക്കുന്ന ഒരു മലയാളി. തന്നെപ്പോലെ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു ശ്രമം നടത്താന്‍ ധന്യയും ലതയോടൊപ്പം കൈകോര്‍ത്തു.

“ഈ ശാരീരികാവസ്ഥയിലുള്ള കൂടുതല്‍ പേരെ കണ്ടുമുട്ടി. അപ്പോഴൊക്കെ എനിക്കൊരു കാര്യം മനസ്സിലായി. അവരിലേറെയും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യങ്ങളിലുള്ളവരാണെന്ന്. മിക്കവാറും പേരും തന്നില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ടവരായിരുന്നു. അവരിലാരെയെങ്കിലും സഹായിക്കുന്നുണ്ടെങ്കില്‍ അത് തുടങ്ങേണ്ടത് ബോധവല്‍ക്കരണത്തിലൂടെയും പിന്തുണയിലൂടെയുമാണ്, അതിനേക്കാളേറെ വിദ്യാഭ്യാസത്തിലൂടെയാണ് എന്നും എനിക്ക് തോന്നി,” ലതാ നായര്‍ വിശദീകരിക്കുന്നു.


ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം


ഈ രോഗത്തെക്കുറിച്ച് മാതാപിതാക്കളില്‍ പലര്‍ക്കും അറിവ് കുറവാണ്. അതുകൊണ്ട് ആ കുട്ടികളെ മേല്‍ ചിലര്‍ ആവശ്യത്തിലധികം ശ്രദ്ധ കൊടുക്കും. കഠിനമായ ജോലികളില്‍ നിന്നും, എന്തിന് സ്‌കൂളില്‍ പോകുന്നതില്‍ നിന്നുപോലും വിലക്കും, ലത പറഞ്ഞു.

ഒത്തുചേരലില്‍ നിന്ന്

മറ്റു ചിലരാകട്ടെ, ഈ അവസ്ഥയിലുള്ള മക്കളെ അവഗണിക്കുകയും മറ്റു മക്കള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കും. ഇതു രണ്ടും പ്രശ്‌നമാണ്.

ഒന്നാലോചിച്ചുനോക്കൂ, നിങ്ങള്‍ എന്തു ചെയ്താലും എങ്ങോട്ട് നീങ്ങിയാലും മറ്റുള്ളവരുടെ ഒരു കണ്ണ് നിങ്ങളുടെ മേല്‍ ഉള്ള ഒരു ജീവിതം. ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യവും കഴിവും ഇല്ലാതെയാവും, ലത വിശദമാക്കുന്നു.

മറ്റുള്ളവരെപ്പോലെ സ്‌കൂളില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളെ ഞാന്‍ അവര്‍ക്കിടയില്‍ ധാരാളം കണ്ടിട്ടുണ്ട്. മറ്റൊരു കുട്ടിക്കാണെങ്കില്‍ അച്ഛന്‍ നടത്തുന്ന കടയില്‍ അച്ഛനോടൊപ്പം ഒന്നുപോയാല്‍ മാത്രം മതി.

“ഈ അവ്സ്ഥ എന്തുമാത്രം വേദനിപ്പിക്കുന്നതാണ്…അത് മാറ്റണമെന്ന് എനിക്ക് തോന്നി…ദൈവമാണ് ആ വഴിക്ക് എന്നെ കൊണ്ടുപോയതെന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു.”

ഒത്തുചേരല്‍… എല്ലാവര്‍ഷവും അമൃതവര്‍ഷിണിയോട് യോജിച്ചുപ്രവര്‍ത്തിക്കുന്നവര്‍ ഒന്നിച്ചുകൂടും

അങ്ങനെയാണ് ബ്രിറ്റില്‍ ബോണ്‍ രോഗബാധിതരായ കുട്ടികളെയും മുതിര്‍ന്നവരെയും സഹായിക്കാനുള്ള ശ്രമം ലത ആരംഭിക്കുന്നത്. സാമ്പത്തിക സഹായത്തിനൊപ്പം വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും അവര്‍ക്ക് നല്‍കുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ ലത ഒ.ഐ ബാധിതര്‍, അവരുടെ മാതാപിതാക്കള്‍, ഡോക്ടര്‍മാര്‍, സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്ന മനുഷ്യര്‍ എന്നിവരുടെ വലിയൊരു കൂട്ടായ്മ ഉണ്ടാക്കി. അതിന് അമൃതവര്‍ഷിണി എന്ന് പേരിട്ടു.


തന്നെക്കൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടെന്ന തോന്നല്‍ കൂടി ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു അത്.


“മിക്ക കുട്ടികളും സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതുകൊണ്ട് ലോകത്തിന്‍റെ പലഭാഗത്തുനിന്നും ലഭിക്കുന്ന സഹായങ്ങളില്‍ നിന്ന് ഒരു ചെറിയ തുക അവര്‍ക്ക് മാസം തോറും നല്‍കാന്‍ തീരുമാനിച്ചു. 2009-ലാണ് അത് തുടങ്ങുന്നത്.

“അമൃതവര്‍ഷിണിയുമായി സഹകരിക്കുന്ന ഒ.ഐ ബാധിതയായ അതുല്യ എന്ന കുട്ടിയാണ് അങ്ങനെയൊരാശയം തന്നത്. ചെറിയ തുകയേ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളു. അവര്‍ക്കൊരു സാമ്പത്തിക സഹായം കൊടുക്കുക മാത്രമായിരുന്നില്ല ലക്ഷ്യം. തന്നെക്കൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടെന്ന തോന്നല്‍ കൂടി ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു. തുടക്കത്തില്‍ 200 രൂപയാണ് ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത്. ഇപ്പോഴത് മാസം 500 രൂപയാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു,” ലത പറഞ്ഞു.

ഒത്തുചേരലില്‍ നിന്ന്

ഒ. ഐ ബാധിതരായ കുട്ടികളെ അവഗണിക്കുന്ന മാതാപിതാക്കളോട് സംസാരിക്കാന്‍ ലത കൂടുതല്‍ ചെലവഴിച്ചു. ശരിയായ ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ ഈ കുട്ടികള്‍ക്കും സാധാരണ ജീവിതം നയിക്കാനാവും എന്ന് അവരെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം മുഴുവന്‍. അതിന് ആ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് പ്രധാനമാണ്. പരീക്ഷകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കരുത് എന്ന് മാതാപിതാക്കളെ പറഞ്ഞുമനസ്സിലാക്കി. മറ്റുകുട്ടികള്‍ക്ക് അതൊരു സാധാരണ സംഭവമായിരിക്കാം. എന്നാല്‍ ഈ കുട്ടികള്‍ക്ക് അവര്‍ നടത്തിയ വലിയ പരിശ്രമങ്ങള്‍ക്ക് കിട്ടുന്ന ഒരു അംഗീകാരമാണ്, ലത പറയുന്നു.


ലത ഇന്ന് ആ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ലതാമ്മയാണ്.


2009-ല്‍ അമൃതവര്‍ഷിണി ബ്രിറ്റില്‍ ബോണ്‍ ഡിസീസ് ബാധിതരായവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയായി രെജിസ്റ്റര്‍ ചെയ്യപ്പെട്ടു.

നല്ല മനസ്സുകളുടെ സഹായം ഒന്നുകൊണ്ടുമാത്രം മുന്നോട്ടുപോവുന്ന ഈ സംഘടന പതിയെ വളര്‍ന്നു. തുടക്കം മുതല്‍ തന്നെ അമൃതവര്‍ഷിയിണിയോടൊപ്പം വളര്‍ന്ന കുട്ടികള്‍ ഇന്ന് അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ലതയെ സഹായിക്കുന്നു. ലത അവരുടെ ‘ലതാമ്മ’യാണ്.

സിവില്‍ സര്‍വ്വീസില്‍ ചേരണം എന്ന അതിയായ മോഹവുമായി കഠിന പരിശ്രമം നടത്തുന്ന ലതീഷ അന്‍സാരിയാണ് അവരിലൊരാള്‍. (ലതീഷയുടെ ജീവിതത്തെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യ എഴുതിയിരുന്നു. )

ലതാ നായരും ലതീഷയും

“അവളൊരു അല്‍ഭുതക്കുട്ടിയാണ്,” ലതാമ്മ പറയുന്നു. “ഒരുപാട് കഷ്ടപ്പെട്ടവര്‍. പക്ഷേ, അവളൊരിക്കലും ലക്ഷ്യത്തില്‍ നിന്ന് മാറിയില്ല. കഴിഞ്ഞ വര്‍ഷം യു പി എസ് സി പ്രിലിംസിന് മുമ്പ് അവള്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായി… കടുത്ത നിരാശയിലായെങ്കിലും അവള്‍ മുന്നോട്ടുതന്നെ പോയി. അവള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവള്‍ ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണ്.”

ഇന്ന് അമൃതവര്‍ഷിണിയുടെയും ലതാമ്മയുടെയും കുട്ടികള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായുണ്ട്. എല്ലാ വര്‍ഷവും സംഘടനയുടെ ഒത്തുചേരലുണ്ടാവും. എല്ലാവര്‍ക്കും പരസ്പരം കാണാനും പരിചയപ്പെടാനുമുള്ള അവസരമാണത്.


ഇതുകൂടി വായിക്കാം: ‘ആ മണം ഡിപ്രഷനുള്ള മരുന്നിന്‍റെ ഗുണം ചെയ്യും’: മരനടത്തത്തിന്‍റെ അമരക്കാരി അനിത പറയുന്നു, പ്രകൃതിയെയും ജീവിതത്തെയും കുറിച്ച്


പക്ഷേ, കഴിഞ്ഞ വര്‍ഷം ആ ഒത്തുചേരല്‍ നടന്നില്ലെന്ന് ലത സങ്കടപ്പെടുന്നു. അതിനുവേണ്ട ഫണ്ട് ശേഖരിക്കാന്‍ കഴിഞ്ഞില്ല. 85 കുട്ടികള്‍ക്കാണിപ്പോള്‍ മാസത്തില്‍ 500 രൂപ സഹായം നല്‍കുന്നത്. കഴിഞ്ഞ മാസം അതും കൊടുക്കാനായില്ല. ഉണ്ടായിരുന്ന പണം ലതീഷയുടെ ചികിത്സാ ചെലവുകള്‍ക്ക് ഉപയോഗിക്കേണ്ടി വന്നു.

ലതാ നായര്‍ അവരുടെ പ്രിയപ്പെട്ട ലതാമ്മയാണ്.

“പക്ഷേ, എന്‍റെ കുട്ടികള്‍ക്ക് മനസ്സിലാവും,” ലതാമ്മ പറയുന്നു. “പലരുമിപ്പോള്‍ ട്യൂഷനെടുക്കുന്നുണ്ട്. പിന്നെ കുറച്ചുപേര്‍ അല്‍പം ഭേദപ്പെട്ട സാമ്പത്തികശേഷിയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അലവന്‍സില്ലാതെയും അവര്‍ക്ക് മാനേജ് ചെയ്യാന്‍ കഴിയും.”

“ഭാഗ്യത്തിന് ഈ മാസം പകുതിയോടെ കുറച്ച് പണം വന്നു. എല്ലാവര്‍ക്കും അലവന്‍സ് അയച്ചുകൊടുക്കാന്‍ കഴിഞ്ഞു. പൂര്‍ണമായും സുഹൃത്തുക്കളുടെയും മറ്റും സഹായം കൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാര്‍ സഹായം ഒന്നുമില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.

അമൃതവര്‍ഷിണിയെയും എന്‍റെ കുഞ്ഞുങ്ങളെയും കുറിച്ച് വാര്‍ത്ത തയ്യാറാക്കാന്‍ എത്തിയ പല മാധ്യമപ്രവര്‍ത്തകരും പിന്നീട് സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തുടങ്ങി, ലതാമ്മ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

“തുടക്കത്തില്‍ എന്‍റെ സുഹൃത്തുക്കള്‍ മാത്രമുള്ള ഒരു കൊച്ചുവൃത്തമായിരുന്നു സഹായിക്കാനുണ്ടായിരുന്നത്. അവര്‍ പറഞ്ഞറിഞ്ഞ് പലരും വന്നു. പതിയെ കേട്ടറിഞ്ഞ് മാധ്യമങ്ങള്‍ വന്നു. അങ്ങനെ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ കഴിഞ്ഞു. മാധ്യമശ്രദ്ധ ലഭിച്ചതോടെ ഞങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭിക്കാന്‍ തുടങ്ങി,” അവര്‍ വിശദമാക്കുന്നു.

ഒത്തുചേരലില്‍ നിന്ന്

തുടക്കത്തില്‍ തന്നെ സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധത പാലിക്കാനും സുതാര്യത ഉറപ്പാക്കാനും അമൃതവര്‍ഷിണി ശ്രദ്ധിച്ചു. അതിനാല്‍ ഒരു പബ്ലിക് ബാങ്ക് അക്കൗണ്ടാണ് തുറന്നത്. എല്ലാ ഇടപാടുകളും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന വിധത്തില്‍.

എല്ലാ സഹായധനവും കാരുണ്യപ്രവര്‍ത്തനത്തിനായതുകൊണ്ട് ഇന്‍കം ടാക്‌സ് ആക്ടിന്‍റെ സെക്ഷന്‍ 80G പ്രകാരം ആദായ നികുതി ഇളവിന് അപേക്ഷിക്കാനും കഴിയും.


സംഘടനയുടെ സാമ്പത്തിക ഇടപാടുകളെല്ലാം സുതാര്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.


ഒരു സര്‍ക്കാര്‍ ജോലിക്കാരിയായിരുന്നതുകൊണ്ട് നിയമപരമായി എന്തൊക്കെ ചെയ്യണമെന്ന് എനിക്ക് അറിയാമായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്ന് എനിക്ക് വലിയ നിര്‍ബന്ധമുണ്ട്. അതുകൊണ്ട് സംഭാവനകളെല്ലാം മണി ഓര്‍ഡര്‍ ആയോ ബാങ്ക് മുഖേനെയോ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് തുടക്കം മുതല്‍ നിബന്ധന വെച്ചു, ലത പറഞ്ഞു.

ഒ. ഐ ബാധിതരായ കുട്ടികളെ പല തരം കൈത്തൊഴിലുകള്‍ പരിശീലിപ്പിക്കാന്‍ ലത ശ്രദ്ധിച്ചു. ചെറിയ ചെറിയ തൊഴിലുകള്‍–മെഴുകുതിരി നിര്‍മ്മാണം, തുന്നല്‍, തയ്യല്‍ എന്നിങ്ങനെ. അവരെ സ്വയം പര്യാപ്തരാക്കാനാണ് ശ്രമം.

സിനിമാ താരം ജഗതി ശ്രീകുമാര്‍ അമൃതവര്‍ഷിണിയിലെ കുട്ടികള്‍ക്കൊപ്പം.. ചിത്രം: AnanthuFotosnaps/Amrithavarshini

പക്ഷേ, എല്ലാവര്‍ക്കും ഇത്തരം ജോലികള്‍ ചെയ്യാന്‍ കഴിയില്ല. പലരും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവരാണ്.
“അങ്ങനെയുള്ളവരുടെ കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക് ഒരു സ്ഥിരവരുമാനം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമം നടത്തും. അവര്‍ക്ക് തൊഴില്‍ പരിശീലനം കൊടുക്കും. ചിലപ്പോള്‍ കുറച്ചധികം പണം സംഭാവനയായി കിട്ടുമ്പോള്‍ തീരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കോഴിവളര്‍ത്തലോ കാലിവളര്‍ത്തലോ തുടങ്ങാനുള്ള പണം കൊടുക്കാറുണ്ട്,” അവര്‍ പറഞ്ഞു.

ഈ പ്രശ്‌നം അനുഭവിക്കുന്ന കുട്ടികള്‍ക്കെല്ലാം തന്നെ സഞ്ചരിക്കുകയെന്നത് ഒരു പ്രശ്‌നം തന്നെയാണ്. ആരെങ്കിലും ഒരാള്‍ അവരെ എടുത്തുകൊണ്ടുപോകണം. “ഞങ്ങളുടെ കുട്ടികള്‍ കേരളത്തിനകത്തുമാത്രമല്ല, രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നുളളവരാണ്, യു പി, തെലങ്കാന അങ്ങനെ… എല്ലാവരെയും ഒരുമിച്ചിരുത്തി ഇക്കാര്യങ്ങളൊക്കെ പഠിപ്പിക്കുക പാടാണ്. എന്നാല്‍ അവരെല്ലാവരും തന്നെ ഒരു കൈത്തൊഴിലെങ്കിലും പഠിച്ച് സ്വന്തമായി നില്‍ക്കാന്‍ കഴിവുള്ളവരാക്കണം എന്നാണ് എന്‍റെ ആഗ്രഹം. ഞാനാലോചിച്ചപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയോ മറ്റോ എല്ലാവര്‍ക്കും അവരുടെ ഫോണിലോ മറ്റോ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സംവിധാനം ഉണ്ടായാല്‍ നല്ലതായിരിക്കും. അങ്ങനെയൊന്ന് ആരംഭിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍,” ലതാ നായര്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: വീടിനു തൊട്ടടുത്തുള്ള ‘ദുരൂഹത’ നിറഞ്ഞ വെള്ളച്ചാട്ടം അവര്‍ ആദ്യമായി കണ്ടു, അത് സംരക്ഷിക്കാന്‍ ഒരുമിച്ചു


വേറൊരു ആഗ്രഹം കൂടിയുണ്ട്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള ഒ. ഐ ബാധിതരായ കുട്ടികള്‍ക്ക് താമസിക്കാനും പഠിക്കാനുമുള്ള ഒരു റെസിഡെന്‍ഷ്യല്‍ സംവിധാനം. അവിടെ അവരെ നോക്കാന്‍ കെയര്‍ ടേക്കര്‍മാര്‍.. .

“എനിക്കും വയസ്സാവുകയല്ലേ,” ആ അമ്മ ചിരിച്ചു. തന്‍റെ കുഞ്ഞുങ്ങളെ ഭാവിയിലും സുരക്ഷിതരാക്കുന്നതിനുള്ള വെമ്പല്‍ ആ ചിരിയില്‍ അവരൊളിപ്പിച്ചു.

ഒത്തുചേരലില്‍ നിന്ന്

2014-ല്‍ റിട്ടയര്‍ ചെയ്തതിന് ശേഷം ലത പൂര്‍ണമായും അമൃതവര്‍ഷിണിയുടെ പ്രവര്‍ത്തനങ്ങളിലാണ്. തന്നെക്കൊണ്ടാകുന്ന കാലത്തോളം അതങ്ങനെ തുടരാന്‍ തന്നെയാണ് തീരുമാനവും.

***

അമൃതവര്‍ഷിണിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
സഹായിക്കാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ ഈ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം:

Amrithavarshini Charitable Society
SBI
A/C No: 67145583320
Kawdiar Br. Thiruvananthapuram
IFS Code: SBIN0070020

എല്ലാ ചിത്രങ്ങള്‍ക്കും കടപ്പാട്: അമൃതവര്‍ഷിണി

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം