ഡെല്‍ഹി ഐ ഐ ടിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ എന്‍ജിനീയറിന്‍റെ ‘ജിപ്‌സി ജീവിതം’: കുട്ടിക്കളിപ്പാട്ടങ്ങളുമായി നാടുചുറ്റുന്ന സുബിദ് അഹിംസ

ജോലിയൊക്കെ കളഞ്ഞാണ് ഈ 41-ാം വയസില്‍ കളിപ്പാട്ടങ്ങളുമായി കുട്ടികള്‍ക്കൊപ്പം കളിച്ചു നടക്കുന്നത്. തോള്‍സഞ്ചി നിറയെ വര്‍ണകടലാസും കത്രികയും പശയും പേനയും സിഡികളുമൊക്കെയായി കളിപ്പാട്ടങ്ങളുണ്ടാക്കി ജീവിക്കുന്ന ഒരു ഊരുചുറ്റി.

ബ്ജിക്കും കാന്‍ഡി ക്രഷിനും മുമ്പ്… കാലം പോകുന്ന സ്പീഡ് വെച്ചുനോക്കുമ്പോള്‍ പണ്ടുപണ്ട് എന്നൊക്കെ പറയാം.

നോട്ടുബുക്കില്‍ നിന്ന് പേജുകള്‍ കീറിയെടുത്ത് കളിവഞ്ചിയും കളിവഞ്ചിയും നീളന്‍കാലുള്ള കൊക്കും റോക്കറ്റും വിമാനവും ചൈനീസ് വിശറിയുമൊക്കെ ഉണ്ടാക്കിയിരുന്ന ഒരു കുട്ടിക്കാലമുണ്ടാകും ഇതുവായിക്കുന്ന പലര്‍ക്കും. കടലാസും നൂലും കളര്‍ പെന്‍സിലും മച്ചിങ്ങ (വെള്ളയ്ക്ക)യും ഈര്‍ക്കിലും കൊണ്ടു കളിപ്പാട്ടങ്ങളുണ്ടാക്കിയിരുന്ന അക്കാലം എന്തുരസമായിരുന്നു.

സുബിദിനോട് സംസാരിച്ചുകഴിഞ്ഞ് ഒരു കടലാസെടുത്ത് മടക്കിയും നിവര്‍ത്തിയും വഞ്ചിയുണ്ടാക്കാനൊരു ശ്രമം ഞാനും നടത്തിനോക്കി. അതൊക്കെ മറന്നുപോയി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


കാടുകയറി കാലം കടന്നങ്ങ് പോയപ്പോള്‍ സുബിദിനെ പരിചയപ്പെടുത്താന്‍ മറന്നു. ഡല്‍ഹി ഐ ഐ ടിയില്‍ നിന്നു ബിരുദാനന്തര ബിരുദമെടുത്ത ഒരു മിടുക്കന്‍. ഇപ്പോള്‍ കടലാസും ഈര്‍ക്കിലും നൂലുമൊക്കെക്കൊണ്ട് കളിപ്പാട്ടങ്ങളുണ്ടാക്കി കുട്ടികള്‍ക്കൊപ്പം കറങ്ങി നടക്കുന്നു.

സുബിദ് അഹിംസ

സുബിദ് അഹിംസ മലപ്പുറംകാരനാണ്. എന്‍ജിനീയറിങ്ങൊക്കെ അവസാനിപ്പിച്ച് കളിപ്പാട്ടങ്ങളോട് കൂട്ടുകൂടിയതാണ്. സിവില്‍ എന്‍ജിനീയറങ്ങ് കഴിഞ്ഞ് ഡല്‍ഹി ഐ ഐ ടിയില്‍ നിന്ന് പ്രൊഡക്ഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനനന്തര ബിരുദം.

സുകുമാരനും പഷ്പാര്‍ജിനിയുമാണ് അച്ഛനും അമ്മയും. ഇരുവരും ടീച്ചര്‍മാര്‍ ആയിരുന്നു. ചേട്ടന്‍ സുദീപ് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജിയില്‍ (എന്‍ ഐ ടി) പ്രൊഫസറാണ്.


1999-ല്‍ എന്‍ജിനീയറിങ് കഴിഞ്ഞു. പഠിച്ചത് തന്നെ ജോലിയാക്കണമെന്നൊന്നും തോന്നിയില്ല.


സുബിദിനും ഉയര്‍ന്ന ശമ്പളത്തില്‍ നല്ല ജോലിയൊക്കെ എളുപ്പം കിട്ടിയേനെ. പക്ഷേ ഈ മൂപ്പര്‍ക്ക് അതൊന്നും വേണ്ട. പണവും പ്രതാപവുമൊന്നും വേണ്ടാത്രേ. ഉള്ള ജോലിയൊക്കെ കളഞ്ഞാണ് ഈ 41-ാം വയസില്‍ കളിപ്പാട്ടങ്ങളുമായി കുട്ടികള്‍ക്കൊപ്പം കളിച്ചു നടക്കുന്നത്. തോള്‍സഞ്ചി നിറയെ വര്‍ണകടലാസും കത്രികയും പശയും പേനയും സിഡികളുമൊക്കെയായി കളിപ്പാട്ടങ്ങളുണ്ടാക്കി ജീവിക്കുന്ന ഒരു ഊരുചുറ്റിയാണ് സുബിദ്.

”മലപ്പുറം വളാഞ്ചേരിയിലാണ് എന്‍റെ വീട്. പക്ഷേ വീട്ടിലൊന്നും സ്ഥിരമായി പോകാറില്ല,'” ഒരു മാസത്തെ ഉത്തരേന്ത്യന്‍ യാത്രയ്ക്ക് ശേഷം സുബിദ് ആലപ്പുഴ ഹരിപ്പാട്ടെ സുഹൃത്തുക്കളായ വാണിയുടെയും വിജിത്തിന്‍റെയും വീട്ടിലിരിക്കുമ്പോഴാണ് ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി സംസാരിക്കുന്നത്. നാലരയേക്കറില്‍ അയ്യായിരത്തിലേറെ മരങ്ങള്‍ക്കിടയില്‍ പ്രകൃതിയെ പ്രണയിച്ചുകഴിയുന്ന വിജിത്തിനെയും വാണിയെയും കുറിച്ച് നേരത്തെ ടി ബി ഐ എഴുതിയിരുന്നു. (വിജിത്തിനെയും വാണിയെയും കുറിച്ച് വായിക്കാം)

കളിപ്പാട്ടനിര്‍മ്മാണക്ലാസില്‍ നിന്ന്

സുബിദ് ആ ഊരുചുറ്റലുകളെക്കുറിച്ച് പറയുന്നു:

അധ്യാപകരുടെ രണ്ട് മക്കളില്‍ ഇളയവനാണ്. പഠനത്തില്‍ അത്ര മോശമല്ലായിരുന്നു. അതാകും എന്‍ജിനിയറാകണമെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചു പോയത്. മലപ്പുറത്ത് തന്നെയാണ് പ്രീഡിഗ്രി വരെ പഠിച്ചത്. കുറച്ച് നല്ല പോലെ പഠിക്കുന്ന കുട്ടികളാണെങ്കില്‍ പ്രീഡിഗ്രി കഴിഞ്ഞാല്‍ മെഡിസിനോ എന്‍ജിനീയറിങ്ങിനോ ചേരണം. അന്നത്തെ ഒരു നാട്ടുനടപ്പാണത്. പ്ലസ് ടു അല്ല ഞാന്‍ പഴയ പ്രീഡിഗ്രിക്കാരനാണ്.

ചേട്ടന്‍ എന്‍ജിനീയറിങ്ങാണ് പഠിച്ചത്. എനിക്കും ആ വഴിയേ പോകേണ്ടി വന്നു. കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു. സിവിലാണ് എടുത്തത്. എന്‍ജിനീയറിങ് പഠിക്കാനൊന്നും താത്പര്യമില്ലായിരുന്നു. അന്നത്തെ സാമൂഹിക സാഹചര്യങ്ങളെന്നെ എന്‍ജിനീയറാക്കി. കലയും സിനിമയുമൊക്കെ ആയിരുന്നു ഇഷ്ടങ്ങള്‍.

1999-ല്‍ എന്‍ജിനീയറിങ് കഴിഞ്ഞു. പഠിച്ചത് തന്നെ ജോലിയാക്കണമെന്നൊന്നും തോന്നിയില്ല. കലയിലേക്ക് തിരിയണമെന്നു തോന്നി. സിനിമ, നാടകം ഇതൊക്കെയായിരുന്നു ഇഷ്ടം. സാധാരണ എല്ലാവരെയും പോലെ. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കണമെന്നായിരുന്നു. അപേക്ഷയും അയച്ചു. പക്ഷേ കിട്ടിയില്ല.

സ്കൂള്‍ കുട്ടികള്‍ക്കൊപ്പം സുബിദ്

ഐ ഐ ടി യിലേക്ക് 

“എന്‍ജിനീയറാകില്ലെന്ന അറിയാവുന്ന എന്‍റെയൊരു പ്രൊഫസര്‍ ബിജോയ് ആണ്  പ്രൊഡക്റ്റ് ഡിസൈനിങ് കോഴ്‌സിനെക്കുറിച്ച് പറയുന്നത്,” ന്യൂഡല്‍ഹിയില്‍ ഐ ഐ ടിയിലേക്ക് പഠിക്കാന്‍ പോയതിനെക്കുറിച്ച് സുബിദ് പറയുന്നു. “കലയോട് താത്പര്യമുള്ളവര്‍ക്ക് പറ്റിയ കോഴ്‌സാണിത്. എന്‍ജിനീയറിങ്ങ് പഠിച്ചവര്‍ക്ക് ഇതു നല്ലതാണ്. അതിലൊരു മാസ്റ്റര്‍ എടുത്തൂടേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പിന്നെയാണ് ഡല്‍ഹിയിലെ ഐഐടിയിലേക്ക് പോകുന്നത്. ഇത് എംടെക്ക് അല്ല. എം ഡിസൈന്‍ ആണ്. എംടെക്ക് പോലെ തന്നെയാണ്. പക്ഷേ അതിനിടയില്‍ രണ്ട് വര്‍ഷത്തോളം കുറച്ചു ജോലികള്‍ ചെയ്തിരുന്നു. എന്‍ജിനീയറിങ്ങ് ജോലികള്‍ മാത്രമല്ല അല്ലാത്തവയും ചെയ്തു. മുംബൈയിലും നാട്ടിലെ പഞ്ചായത്തിലുമൊക്കെയായിരുന്നു ജോലികള്‍.


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


“ഇരിമ്പിലയം പഞ്ചായത്തിലെ അപ്രന്‍റീസ് എന്‍ജിനീയറായിരുന്നു. ആറുമാസക്കാലം മാത്രം. പിന്നെയാണ് മുംബൈയില്‍ ജോലിക്ക് പോകുന്നത്. ഒരു നാലുമാസത്തോളം അവിടെ സൈറ്റ് എന്‍ജിനീയറായി ജോലി ചെയ്തിരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലും വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലും വര്‍ക് ചെയ്തിട്ടുണ്ട്. ഇതൊക്കെ ആര്‍ക്കും കിട്ടാവുന്ന ജോലികളായിരുന്നു. ജോലി ഇല്ലാതെയും കുറേക്കാലം വെറുതേ ഇരുന്നിട്ടുണ്ട്. ”

ഇതിനിടയില്‍ 2000-ല്‍ സുബിദിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായി.

മലപ്പുറം ഡി ഡി ഇ ആയിരുന്ന കെ. ബഷീറിന്‍റെ ആരോഗ്യ ക്ലാസ്സില്‍ പങ്കെടുത്തു, അത് പ്രകൃതി ജീവനത്തിലേക്ക വഴിതുറന്നു.

“”ഹൃദയത്തിന് ചെറിയൊരു അസുഖമുണ്ടായിരുന്നു. ഒമ്പതാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് മരുന്നും കഴിക്കുന്നുണ്ട്.

രണ്ടായിരത്തില്‍ അദ്ദേഹത്തിന്‍റെ (കെ ബഷീര്‍)  ക്ലാസ് കേട്ടിട്ട് അതിലേക്കായി പിന്നെ ശ്രദ്ധ. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, പ്രകൃതി തന്നെ രോഗങ്ങള്‍ അകറ്റുമെന്ന കാഴ്ചപ്പാടില്‍ ഇംഗ്ലിഷ് മരുന്നൊക്കെ ഉപേക്ഷിച്ചു.  ഞാന്‍ മാത്രമല്ല എന്‍റെ അമ്മയും പ്രകൃതി ചികിത്സയിലേക്ക് വന്നു. ഐ ഐ ടിയിലേക്ക് പോകും മുന്‍പേ തന്നെ പ്രകൃതിജീവനത്തിനൊപ്പം അമ്മയും ഞാനും കൂടിയിരുന്നു.

“മസനൊബു ഫുകുവൊക എന്ന ജാപ്പനീസ് കര്‍ഷകന്‍റെ ‘ഒറ്റ വൈക്കോല്‍ വിപ്ലവം’ എന്ന പുസ്തകവും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.”

കളിപ്പാട്ടനിര്‍മാണ ക്ലാസിന് ശേഷം

“എന്‍ജിനീയറിങ്ങ് പ്രൊഫഷനാക്കാത്തതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഐ ഐ ടിയില്‍ കിട്ടിയ ശേഷം, ഒന്നാം വര്‍ഷം നല്ല മാര്‍ക്കോട് കൂടി പാസായി. പക്ഷേ പഠനം പാതിവഴിയിലാക്കി. നാട്ടിലേക്ക് തിരിച്ചു പോയി. അവിടുത്തെ പഠിപ്പിക്കലും മറ്റും അത്ര സംതൃപ്തി തോന്നിയില്ല. കൂടുതല്‍ സ്വാതന്ത്ര്യമാണ് വേണ്ടത്.. പ്രകൃതിയോട് ഇണങ്ങി ജീവിക്കണം.. എന്നൊക്കെ തോന്നി. പക്ഷേ ഞാന്‍ തിരികെ ഡല്‍ഹിയിലേക്ക് പോയി. പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. അമ്മയുടെ നിര്‍ബന്ധമാണ് ആ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കാരണം.


അമ്മ മരിച്ചതോടെ എന്‍റെ വലിയൊരു പിന്തുണയാണ് ഇല്ലാതായത്. വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു.


“കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷവും പലവിധ അന്വേഷണങ്ങളിലായിരുന്നു. ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ കുറേ അലഞ്ഞു. ഈ സമയങ്ങളില്‍ ജോലി ചെയ്തും ചെയ്യാതെയുമാണ് ജീവിച്ചത്. സമരങ്ങളില്‍ പങ്കെടുത്തതും ഈ കാലങ്ങളിലാണ്. 2003 മുതല്‍ 2007 വരെ ഇങ്ങനെയായിരുന്നു ജീവിതം.

“എങ്ങനെ ജീവിക്കണമെന്നത് ഒരു സമസ്യയായി എന്നും കൂടെയുണ്ടായിരുന്നു. പ്രത്യേകിച്ച് എം ഡിസൈന്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ആ ചിന്ത മനസിലേക്ക് വന്നു.
അതിനിടയിലാണ് അമ്മയുടെ മരണം.”

താങ്ങായി എപ്പോഴുമുണ്ടായിരുന്ന അമ്മയുടെ വേര്‍പാട് ആ ചെറുപ്പക്കാരനെ വല്ലാതെ ഉലച്ചു.

സുബിദ് അഹിംസ.

“അമ്മയായിരുന്നു എന്‍റെ എല്ലാം.. അച്ഛനും ചേട്ടനും പല കാര്യങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ അമ്മയാണ് എല്ലാത്തിനും കൂടെ നിന്നത്. പ്രകൃതിജീവനത്തോട് അമ്മയ്ക്കും താത്പ്പര്യമുണ്ടായിരുന്നു. അമ്മ മരിച്ചതോടെ എന്‍റെ വലിയൊരു പിന്തുണയാണ് ഇല്ലാതായത്. വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. വീട്ടില്‍ എന്നെ അമ്മ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ. അമ്മ പോയതോടെ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. എങ്ങനെ ജീവിക്കണമെന്നറിയില്ലായിരുന്നു. ഒരു അന്ധാളിപ്പായിരുന്നു.”

എങ്ങനെ ജീവിക്കണമെന്നതിന് പ്രകൃതിജീവിതം നല്ലൊരു ഉത്തരമായി തോന്നിയിരുന്നു എന്ന് സുബിദ് പറഞ്ഞു.

അതിനോടൊപ്പം കേരളത്തിലെ പല പരിസ്ഥിതി-ജനകീയ സമരങ്ങളിലും സജീവമായി സുബിദ് സജീവമായി.


ഇതുകൂടി വായിക്കാം: പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍


“തൃശൂരിലെ കേരളീയം എന്ന കൂട്ടായ്മയിലുണ്ട്. സമരങ്ങളില്‍ പങ്കെടുക്കാന്‍ പ്രചോദനമായതു ഈ കൂട്ടായ്മയാണ്. നര്‍മ്മദ. പ്ലാച്ചിമട പോലുള്ള സമരങ്ങളിലാണ് പങ്കെടുത്തത്. കുറച്ചുകാലം അതിന്‍റെ പേരില്‍ ജയിലിലും കിടന്നിട്ടുണ്ട്. ആ ജയില്‍ ജീവിതത്തില്‍ ആരോഗ്യം തന്നെ നശിച്ചു,” സുബിദ് പറഞ്ഞു.

പഴയ സീഡികളും കടലാസുകളുമൊക്കെ സുബിദിന്‍റെ കയ്യില്‍ മനോഹരമായ കളിപ്പാട്ടങ്ങളായി മാറുന്നു.

“പ്ലാച്ചിമട സമരത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സമരത്തിലാണ് പങ്കെടുത്തത്. മയിലമ്മ (പ്ലാച്ചിമടയിലെ കൊക്കക്കോള ഫാക്ടറി വിരുദ്ധ സമരത്തിന്‍റെ പോരാട്ടമുഖമായിരുന്നു മയിലമ്മ എന്ന ആദിവാസി സ്ത്രീ) ഉള്ള ഘട്ടത്തില്‍ അല്ല, അതിന് ശേഷമാണ്. ജയിലില്‍ കിടന്ന് ആരോഗ്യം പഞ്ചറായ നാളുകള്‍…

“ജയിലില്‍ പോയപ്പോള്‍, ഏഴു ദിവസത്തില്‍ അഞ്ച് ദിവസവും ആശുപത്രിയിലായിരുന്നു. എനിക്ക് കുട്ടിക്കാലം തൊട്ടേ ഹാര്‍ട്ടിന് പ്രശ്‌നമുണ്ടല്ലോ. ജയിലിലെ കുടസ്സു മുറിയിലാണ് സമരത്തില്‍ അറസ്റ്റ് ചെയ്തവരൊക്കെയും കിടന്നത്. അസുഖത്തിന്‍റെ പേരില്‍ ശ്വാസം കിട്ടുന്ന അന്തരീക്ഷത്തില്‍ എനിക്ക് കഴിയാന്‍ സാധിച്ചു. വിയ്യൂര്‍, പാലക്കാട് ചിറ്റൂര്‍ ജയിലിലുമാണ് കിടന്നത്.

“അന്നാളിലാണ് അരവിന്ദ് ഗുപ്ത വിളിക്കുന്നത്. ഡല്‍ഹിയില്‍ പഠിക്കുന്ന നാളുകളില്‍ അദ്ദേഹത്തെ കണ്ട് പരിചയമുണ്ട്. അല്ലാതെ സൗഹൃദമൊന്നുമില്ല. അദ്ദേഹം കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാനൊക്കെ പഠിപ്പിക്കുന്നൊരാളായിരുന്നു. അവര്‍ക്ക് പൂനൈയില്‍ കളിപ്പാട്ടനിര്‍മ്മാണം പഠിപ്പിക്കുന്നൊരു ഓഫീസുണ്ട്. ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹമെന്നെ വിളിക്കുന്നത്.”

അരവിന്ദ് ഗുപ്ത ഫോട്ടോ: ഫേസ്ബുക്ക്

“അരവിന്ദ് ഗുപ്തയ്ക്ക് ഒരു വെബ്‌സൈറ്റുണ്ട്. (ഗുപ്തയുടെ വെബ്സൈറ്റ് കാണാം.) അതില്‍ കളിപ്പാട്ടങ്ങളുണ്ടാക്കുന്നതിനെക്കുറിച്ച് വീഡിയോകളിലൂടെ പറഞ്ഞു തരുന്നുണ്ട്. കുറേ നല്ല പുസ്തകങ്ങളും ആ സൈറ്റിലുണ്ട്. അദ്ദേഹത്തിന്‍റെ സൈറ്റിലെ കളിപ്പാട്ട നിര്‍മാണവീഡിയോകളില്‍ ചിലത് മലയാളത്തിലേക്ക് മാറ്റുന്നതിന് വേണ്ടിയാണ് എന്നെ വിളിക്കുന്നത്. ചെറിയ ചെറിയ വീഡിയോസാണിത്. പൂനൈയില്‍ പോയി.. പത്ത് ദിവസത്തോളം അവിടെ നിന്നു.”


കുട്ടികളെ കളിപ്പാട്ടങ്ങളുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിലും കൂടുതലും കുട്ടികളില്‍ നിന്ന് ഞാന്‍ ജീവിതം പഠിക്കുകയായിരുന്നു.


വീഡിയോകള്‍ മലയാളത്തിലാക്കി കൊടുക്കുന്നതിനൊപ്പം സുബിദ് കളിപ്പാട്ടങ്ങളുണ്ടാക്കാനും പഠിച്ചു. പിന്നീട് ഒരിക്കല്‍ സുഹൃത്ത് അശോക് കുമാറാണ് ഈ കളിപ്പാട്ടം ഉണ്ടാക്കാന്‍ പഠിച്ചത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുമല്ലോയെന്ന് പറയുന്നത്.

അദ്ദേഹത്തിന്‍റെ സ്‌കൂളിലേക്ക് സുബിദിനെ വിളിച്ചുകൊണ്ടുപോയി കളിപ്പാട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ച് ക്ലാസെടുത്തു. മലപ്പുറത്ത് ‘ഒരേ ഭൂമി ഒരേ ജീവന്‍’ എന്ന പരിസ്ഥിതി മാസികയുടെ എഡിറ്ററാണ് അശോക് കുമാര്‍.

സുബിദിന്‍റെ കളിപ്പാട്ട നിര്‍മാണ ക്ലാസിന് ശേഷം: ഫേസ്ബുക്ക്

“മാഷ് പറഞ്ഞതനുസരിച്ചാണ് ആദ്യമായി കേരളത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കളിപ്പാട്ടനിര്‍മാണ ക്ലാസെടുക്കുന്നത്. അശോക് മാഷ് എന്‍റെ വീട്ടിലൊക്കെ വരുമായിരുന്നു. വീട്ടില്‍ ഇങ്ങനെ കുറച്ച് കളിപ്പാട്ടങ്ങളൊക്കെയുണ്ടാക്കി വെച്ചിട്ടുണ്ട്. ഇതു കണ്ടിട്ടാണ് മാഷ് ക്ലാസെടുക്കാന്‍ വിളിക്കുന്നത്. മലപ്പുറം പൊന്നാനിയിലെ ഒരു സര്‍ക്കാര്‍ യുപി സ്‌കൂളിലായിരുന്നു ക്ലാസെടുത്തത്. ഏഴെട്ട് വര്‍ഷം മുന്‍പാണിത്,” സുബിദ് ഓര്‍ക്കുന്നു.

“കളിപ്പാട്ടനിര്‍മ്മാണം കൂടെ കൂട്ടുന്നത് നല്ലതാണെന്നു തോന്നുന്നതിന് ഒരു കാരണക്കാരിയുണ്ട്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളുണ്ടാക്കാന്‍ പറഞ്ഞുകൊടുക്കുന്നത് നല്ലതാണെന്നും ഇതു പതിവാക്കാമെന്നും പറയുന്നത് കോഴിക്കോട്ടുകാരിയായ അപര്‍ണ വിനോദാണ്. സുഹൃത്താണ് അപര്‍ണ. അവരുടെ കൂട്ടായ്മയുടെ പരിപാടിക്ക് പോയപ്പോഴാണ് അപര്‍ണയുടെ നിര്‍ദേശം.

“കുട്ടികളെ കളിപ്പാട്ടങ്ങളുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിലും കൂടുതലും കുട്ടികളില്‍ നിന്ന് ഞാന്‍ ജീവിതം പഠിക്കുകയായിരുന്നു. ഈ കളിപ്പാട്ട നിര്‍മ്മാണ ക്ലാസുകള്‍ അതിനു വേണ്ടിയുള്ള അവസരമായിട്ടാണ് കണ്ടത്. കുട്ടികളെപ്പോഴും തുറന്ന മനസുള്ളവരാണ്.. പോസിറ്റീവാണ്, നിഷ്‌കളങ്കരാണ്, ഫണ്ണിയാണ്.. ഇതൊക്കെ കുട്ടികളില്‍ നിന്നു പഠിച്ചെടുക്കാനാണ് ശ്രമിച്ചത്. എനിക്കറിയാവുന്ന പോലെ കളിപ്പാട്ടങ്ങളുണ്ടാക്കാന്‍ പഠിപ്പിച്ചു കൊടുത്തു. പക്ഷേ കൂടുതലും അവരില്‍ നിന്നാണ് പഠിച്ചത്.

സുബിദിന്‍റെ കളിപ്പാട്ടങ്ങള്‍: ഫേസ്ബുക്ക്

“അരവിന്ദിന്‍റെ വിഡിയോ കണ്ടിട്ടുണ്ടെങ്കിലും പൂര്‍ണമായും അതുപോലെയല്ല ക്ലാസെടുക്കുന്നത്. സ്വാധീനമുണ്ടെന്നു മാത്രം. അദ്ദേഹത്തിന്‍റെ  വിഡിയോയില്‍ നിന്നുള്ളവയിലേക്ക് എന്‍റെ ഐഡിയ കൂടി ഒരുമിപ്പിച്ചാണ് ക്ലാസെടുക്കുന്നത്.”

ഉപേക്ഷിക്കുന്ന വസ്തുക്കള്‍, വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ എന്നിവയുപയോഗിച്ചാണ് സുബിദ് കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്. “റീസൈക്ലിങ്ങിന് മുമ്പ് ഒരു റിപ്പെയറിങ്ങ്” എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പറയുന്നത്.

“ക്ലാസില്‍ വരുന്ന കുട്ടികളോട് പറയും, വീട്ടില്‍ നിന്നു കുറച്ചു സാധനങ്ങള്‍ കൊണ്ടുവരണമെന്ന്. പേന, പ്ലാസ്റ്റിക് കുപ്പി, പേപ്പര്‍, പഴയ കലണ്ടര്‍, പഴയ സിഡി, പൊട്ടിയ ബലൂണ്‍..അങ്ങനെയങ്ങനെ അവര്‍ക്ക് കിട്ടാവുന്നതൊക്കെയും കൊണ്ടുവരാന്‍ പറയും. എന്നിട്ട് അവരോട് എന്തെങ്കിലുമൊക്കെ ഉണ്ടാക്കാന്‍ പറയും ഇതാണ് സുബിദിന്‍റെ രീതി. പിന്നെ കൈവശമുള്ള കളിപ്പാട്ടങ്ങള്‍ അവര്‍ക്ക് കളിക്കാനും അത് നോക്കി പഠിക്കാനും കൊടുക്കും. സംശയങ്ങളൊക്കെ ചോദിക്കുമ്പോള്‍ പറഞ്ഞു കൊടുക്കും.

“എനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയല്ല. എന്തെങ്കിലുമൊക്കെ തന്നെയുണ്ടാക്കൂവെന്നാണ് പറയുന്നത്,” കളിപ്പാട്ട നിര്‍മ്മാണക്കളരികളെക്കുറിച്ച് സുബിദ് പറയുന്നതിങ്ങനെ.

ഐ ഐ ടിയിലായിരിക്കുമ്പോള്‍ സുബിദ് ഡിസൈന്‍ ചെയ്ത ചര്‍ക്ക. ഇതിന് വേണ്ടി നൂല്‍നൂല്‍പും പഠിച്ചു.

“പഠിപ്പിക്കുകയല്ല.. പഠിക്കാന്‍ പറഞ്ഞു കൊടുക്കുകയാണ്. സ്വന്തം ബുദ്ധി ഉപയോഗിക്കാനും എന്തും സ്വയം ചെയ്യാനുള്ള ഒരു ഗൈഡ് ലൈനുമാണ് നല്‍കുന്നത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള കുട്ടികളെ വാര്‍ത്തെടുക്കുകയാണ് ഈ കളിപ്പാട്ട നിര്‍മ്മാണ ക്ലാസുകളിലൂടെ ചെയ്യുന്നത്. ഇതിനു വേണ്ടി എന്‍റെ അറിവുകളും അരവിന്ദിന്‍റെ വിഡിയോയും സുഹൃത്തുക്കളുടെ അറിവും എല്ലാം ഉപയോഗിക്കുന്നു.”

കളിപ്പാട്ട നിര്‍മ്മാണത്തിലൂടെ പരസ്പരം ഷെയര്‍ ചെയ്യാനും കുട്ടികളെ പഠിപ്പിക്കുകയാണ് എന്ന് സുബിദ് വിശദമാക്കുന്നു. “എല്ലാവരുടെയും കൈകളില്‍ എല്ലാം ഒരുപോലെയുണ്ടാകില്ലല്ലോ..എന്ത് വേണമെങ്കിലും ഉണ്ടാക്കാം. ആര്‍ക്കും ബുദ്ധിമുട്ടാകാത്ത വിധത്തില്‍ ഇഷ്ടമുള്ളത് സ്വയം നിര്‍മിക്കാം. ഒരു ദിവസത്തെ ക്ലാസാണ് കൊടുക്കാറ്. കുറഞ്ഞത് 50 കുട്ടികളൊക്കെയാണ് വര്‍ക് ഷോപ്പിന് നല്ലത്.”

പല കഴിവുള്ളവരാണ് കുട്ടികള്‍. അതുകൊണ്ട് ആരെയും നിര്‍ബന്ധിക്കാറില്ല. പക്ഷേ പൊതുവേ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളൊക്കെ ഉണ്ടാക്കാന്‍ ഇഷ്ടമായിരിക്കും. കൂടുതലും അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ക്കാണ് ഈ ക്ലാസ് ഞാന്‍ പ്രിഫര്‍ ചെയ്യുന്നത്. പ്രായം കുറഞ്ഞാലും കൂടിയാലും കുഴപ്പമില്ല. മധ്യപ്രദേശ്, ഭോപ്പാല്‍, നര്‍മദ.. ഇവിടെയൊക്കെ പോയിട്ടുണ്ട്. എവിടെ പോയും ക്ലാസെടുക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

“ഉത്തരേന്ത്യയില്‍ ഒരു യാത്ര കഴിഞ്ഞു വന്നതേയുള്ളൂ. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹിയിലൊക്കെ കറങ്ങി വന്നതേയുള്ളൂ. കളിപ്പാട്ടങ്ങള്‍ പഠിപ്പിക്കാന്‍ പോയതാണ്. ഈ മാസം അവസാനം വീണ്ടും പോകും. രാജസ്ഥാനിലേക്ക് തന്നെ. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് കൂടുതല്‍ കളിപ്പാട്ട നിര്‍മാണ ക്ലാസെടുത്തിരിക്കുന്നത്,” ഒരു ജിപ്‌സിയെപ്പോലെ കളിപ്പാട്ടങ്ങളുണ്ടാക്കിയും കുട്ടികളോടൊത്ത് കളിച്ചും സുബിദ് ഇങ്ങനെ ഊരുചുറ്റുകയാണ്.

കൊച്ചിന്‍ ബിനാലെയില്‍ രണ്ട് വര്‍ഷം സുബിദ് പങ്കെടുത്തിരുന്നു. ചില്‍ഡ്രന്‍സ് ബിനാലെയുടെ കൂടെയായിരുന്നു. കൂട്ടുകാരായ മനു ജോസിനും ബ്ലെയ്‌സിനുമൊപ്പമായിരുന്നു അത്.

“ഒരു കൊതുക് ഉണ്ടെങ്കില്‍ അതിനെ കൊല്ലാനാണ് നമ്മളൊക്കെയും ശ്രമിക്കുന്നത്. എന്നാല്‍ കൊതുക് പെരുകാനുള്ള കാരണങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്,” പേരിനൊപ്പം അഹിംസ എന്ന് കൂട്ടിച്ചേര്‍ത്തതിനെപ്പറ്റി സുബിദ് പറഞ്ഞു.

“അഹിംസയല്ല ഇപ്പോള്‍ ഹിംസയാണ് എല്ലാത്തിലും ഉള്ളത്. അതുകൊണ്ടാണ് പേരിലും ഞാന്‍ അഹിംസ കൊണ്ടുവന്നിരിക്കുന്നത്. വേസ്റ്റ് എങ്ങനെ കത്തിക്കാം, വലിച്ചെറിയാം എന്നൊക്കെയാണ് പലരും ചിന്തിക്കുന്നത്. എല്ലാ പ്രശ്‌നങ്ങളോടുമുള്ള രാഷ്ട്രീയമിപ്പോള്‍ ഹിംസയാണ്. വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് പകരം  അഹിംസയുടെ രാഷ്ട്രീയമാണ് കൊണ്ടുവരേണ്ടത്.”

ഗാന്ധിയന്‍ ആദര്‍ശങ്ങളോടാണ് താത്പ്പര്യം. ഐഐടിയില്‍ പഠിക്കുമ്പോള്‍ ഒരു പ്രൊജക്റ്റ് ചെയ്തിരുന്നു. ആദ്യ വര്‍ഷമാണ്. ഒരു ചര്‍ക്കയാണ് പ്രൊജക്റ്റിന്‍റെ ഭാഗമായി ഡിസൈന്‍ ചെയ്തത്. ഗാന്ധിജിയുടെ സ്വാധീനമാണ് ഇങ്ങനെയൊരു പ്രൊജക്റ്റിന് കാരണമായത്. ഇതിനു വേണ്ടി നൂല്‍നൂല്‍പും പഠിച്ചു, സുബിദ് പറഞ്ഞു.


ഇതുകൂടി വായിക്കാം:വീടിനു തൊട്ടടുത്തുള്ള ‘ദുരൂഹത’ നിറഞ്ഞ വെള്ളച്ചാട്ടം അവര്‍ ആദ്യമായി കണ്ടു, അത് സംരക്ഷിക്കാന്‍ ഒരുമിച്ചു


“പഠിക്കുന്ന നാളിലൊന്നും ക്യാംപസ് ഇന്‍റര്‍വ്യൂവിലൊന്നും പങ്കെടുത്തിരുന്നില്ല. നമ്മുടെ ഭക്ഷണം നമ്മള്‍ അധ്വാനിച്ച് കണ്ടെത്തണമെന്നാണ്. അതിനേതായാലും ഈ കളിപ്പാട്ടനിര്‍മാണം സഹായിക്കുന്നുണ്ട്. ക്ലാസുകളില്‍ നിന്നു ചെറിയൊരു ഫീസ് ഈടാക്കുന്നുണ്ട്. യാത്രാക്കൂലിയും ഭക്ഷണത്തിനുമൊക്കെയുള്ളത് കിട്ടും. സുഹൃത്തുക്കളെ കുറേ സമ്പാദിച്ചിട്ടുണ്ട്. അത് കുറേയേറെയുണ്ട്…” ആ വലിയ സമ്പാദ്യവുമായി സുബിദ് നാടുചുറ്റുന്നു.

***

അഹിംസ ടോയ്‌സ് എന്ന പേരിലൊരു ഫേസ്ബുക്ക് പേജുണ്ട് സുബിദിന്. അതില്‍ കളിപ്പാട്ടങ്ങളുണ്ടാക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളുമുണ്ട്. ലിങ്ക് ഇതാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട്:
ആദില്‍ സന്‍ജിത്, അഹിംസ ടോയ്സ്, aravindgupthatoys.com

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം