വീടിനു തൊട്ടടുത്തുള്ള ‘ദുരൂഹത’ നിറഞ്ഞ വെള്ളച്ചാട്ടം അവര്‍ ആദ്യമായി കണ്ടു, അത് സംരക്ഷിക്കാന്‍ ഒരുമിച്ചു

സ്ത്രീകള്‍ അവിടെ അതുവരെ ചെല്ലാതിരുന്നതിന് പിന്നില്‍ ചില ദുരൂഹമായ കഥകളുണ്ട്.

കൊ ല്ലത്ത് ഏരൂര്‍ പഞ്ചായത്തില്‍ ആര്‍ച്ചല്‍ ഗ്രാമം കാട്ടിലൊളിപ്പിച്ചുവെച്ച ഒരു മനോഹരമായ വെള്ളച്ചാട്ടമുണ്ട്, അതിനെ ചുറ്റിപ്പറ്റി  കാട്ടിബ്രായി,  അലവറ എന്നൊക്കെ പേരുകളുള്ള  ഒരുപാട് ദുരൂഹതകളും.

നാട്ടിലുള്ളവര്‍ ആ വെള്ളച്ചാട്ടത്തെ എരപ്പ് എന്നാണ് വിളിക്കുന്നത്–ആര്‍ച്ചല്‍ ഓലിയരുക് എരപ്പ്. അഞ്ചല്‍ ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍ കാണും അവിടേക്കെത്താന്‍.

ചെന്തരുണി-കുളത്തൂപ്പുഴ വനമേഖലയിലൂടെ ഒഴുകിവന്ന് പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ ‘എരപ്പില്‍’ ആര്‍ക്കും ഒന്നും കേള്‍ക്കാനാവില്ല. അങ്ങനെയാണ് ആ പേര് വരുന്നത്.


 പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം,  നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


എരപ്പ് മുകളില്‍ നിന്ന് ചാടി ആദ്യം വലിയൊരു തട്ടില്‍ വീണ് പിന്നെയൊരു ചെറിയ തട്ടിലേക്ക് പതിച്ച് അവിടെനിന്നങ്ങോട്ട് ഒരു തോടായി ഒഴുകി കല്ലടയാറ്റില്‍ ചെന്നു ചേരും.

ആര്‍ച്ചല്‍ ഓലിയരുക് എരപ്പ് (ഫോട്ടോ: ആര്‍ച്ചല്‍ ഓലിയരുക് എരപ്പ് അതിജീവനസമിതി)

എരപ്പിന്‍റെ മുകള്‍പ്പരപ്പില്‍ ഒരു ആല് കിളിച്ചുനില്‍പ്പുണ്ട്. അതിന്‍റെ വേര് നല്ല നീളമുള്ള മുടിപോലെ താഴേക്ക് പടര്‍ന്നുകിടക്കുന്നു. ആ മുടിപ്പടര്‍പ്പിലൂടെ വെള്ളം ഇറ്റുവീഴുന്നുണ്ട്.

“നമ്മുടെ എരപ്പ് ഇത്രേം ഭംഗിയുള്ളതായിരുന്നോ,” ആര്‍ച്ചല്‍ ഗ്രാമത്തിലെ ശാന്തേച്ചി മുകളിലേക്ക് നോക്കി അല്‍ഭുതം കൂറി. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിലായിരുന്നു അത്.


ചില സ്ത്രീകള്‍ എരപ്പിന് മുകളിലെ പാറയില്‍ കയറിയിരുന്ന് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.


വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെ താമസിക്കുന്ന ലീലച്ചേച്ചി ചിരിച്ചു,”ഇവിടെ തൊട്ടടുത്തായിട്ട് ഇതുവരെ ഞാനിവിടെ വന്നിട്ടില്ല…”

അതുവരെ  ആണുങ്ങള്‍ മാത്രം കയറിച്ചെന്നിരുന്ന ഒരിടമാണ്. സ്ത്രീകള്‍ക്ക് വിലക്കുണ്ടായിട്ടൊന്നുമല്ല. ആരും പറയാതെയും എഴുതിവെയ്ക്കാതെയും ചില വിലക്കുകള്‍ നമ്മളൊക്കെ സ്വയം എടുത്തണിയുമല്ലോ, അതുപോലൊന്ന്.

അന്ന് ചില സ്ത്രീകള്‍ എരപ്പിന് മുകളിലെ പാറയില്‍ കയറിയിരുന്ന് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.

അതുവരെ ആണുങ്ങള്‍ മാത്രം കയറിച്ചെന്നിരുന്ന ഒരിടമാണ്.

സ്ത്രീകള്‍ അവിടെ അതുവരെ ചെല്ലാതിരുന്നതിന് പിന്നില്‍ ചില കഥകളുണ്ട്.

കാട്ടിബ്രായി കയറിപ്പോയ ഗുഹയുണ്ട് മുകളില്‍ എന്നാണ് എരപ്പിനെ ചുറ്റിപ്പുറ്റിയുള്ള ദുരൂഹമായ പല കഥകളില്‍ ഒന്ന്. പണ്ടെങ്ങോ കാലിയെ മേയ്ക്കാന്‍ എരപ്പിന് മുകളിലേക്ക് പോയ കാട്ടിബ്രായി മേലെ ഒരു ഗുഹയില്‍ കയറിനോക്കിയതാണ്. പിന്നീട് അയാളെ ആരും കണ്ടിട്ടില്ലത്രേ.

“കാട്ടിബ്രായിയുടെ കഥ ഇപ്പോഴും ഇവിടെ ആളുകള്‍ പറയുന്നു,” ആര്‍ച്ചലിലെ വിശാല്‍ ഉദയകുമാര്‍ (25) ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “സത്യത്തില്‍ അവിടെ അങ്ങനെയൊരു ഗുഹയൊന്നുമില്ല.”


ആടിനെയും കാലികളെയും മേയ്ക്കാന്‍ കാട്ടിലേക്ക് കയറിപ്പോയ ചിലര്‍ പിന്നെ തിരിച്ചുവന്നിട്ടില്ലത്രേ


“എരപ്പിന്‍റെ ചരിത്രം ഈ നാടുമായി ബന്ധപ്പെട്ടതാണ്,” വിശാല്‍ തുടരുന്നു. “ഞങ്ങളുടേത് ആര്‍ച്ചലില്‍ വന്ന് താമസിക്കുന്ന ആദ്യത്തെ കുടുംബക്കാരായിരുന്നു. കാടായിരുന്നു ഈ മേഖല മുഴുവന്‍. ആദ്യം വന്ന് താമസിച്ച ആളുകള്‍ കൃഷിക്കാരായി മാറി. താഴ്ന്ന പ്രദേശങ്ങളില്‍ നെല്‍കൃഷി തുടങ്ങി. അന്ന് കൊല്ലത്തുനിന്ന് ജന്മിമാര്‍ കാളവണ്ടിയില്‍ വന്ന് നെല്ല് എടുത്തുകൊണ്ടുപോകുന്ന ഒരു സമ്പ്രദായമായിരുന്നു. അടിയാളരായ ആളുകളായിരുന്നു കൃഷി ചെയ്തുകൊണ്ടിരുന്നത്.”

പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.

എരപ്പ് ആ പ്രദേശത്തെ കൃഷിയുടെ ആധാരം കൂടിയായിരുന്നു. പടര്‍പ്പുകള്‍ക്കിടയില്‍ രാവും പകലും ഇരമ്പുന്ന ആ വെള്ളച്ചാട്ടത്തിനേയും കനത്ത കാടിനേയും ചുറ്റിപ്പറ്റി ദുരൂഹത നിറഞ്ഞ മിത്തുകള്‍ ഉണ്ടായി.

“എരപ്പില്‍ നിന്നുള്ള വെള്ളമായിരുന്നു കൃഷിക്കുപയോഗിച്ചിരുന്നത്. ഇന്നും അവിടെ നിന്നുള്ള വെള്ളം തന്നെയാണ് കൃഷിക്കുപയോഗിക്കുന്നത്. കൃഷിയുമായും അതുപോലെത്തന്നെ ഈ എരപ്പുമായും ബന്ധപ്പെട്ടാണ് ഇവിടെ ആളുകള്‍ ജീവിച്ചിരുന്നത്.

“അതുകൊണ്ട് എരപ്പിന് ഒരു കാവിന്‍റെ പ്രതീതിയായിരുന്നു. അതോടൊപ്പം തന്നെ പഴമക്കാര്‍ വാമൊഴിയായി പറഞ്ഞുണ്ടാക്കിയ ചില കഥകളും മിത്തുകളുമുണ്ട്.

“ഇവിടെയൊക്കെ അന്ന് ഭയങ്കര ഇരുട്ടാണല്ലോ… എന്‍റെ അച്ഛമ്മ ഒക്കെ പറയുമായിരുന്നു..അവിടെ എരപ്പിനടുത്ത് അലവറ എന്നൊരു സംഭവമുണ്ട്…അലവറ കൂവുക എന്നാണ് പറയുക..സത്യത്തിലത് കുറുക്കനൊക്കെ ഓരിയിടുന്ന ശബ്ദമാണ്. ഇപ്പോഴും അവിടെ കുറുക്കനുണ്ട്. അന്ന് റോഡൊന്നുമില്ലല്ലോ. തോടിന്‍റെ കരവഴി വരമ്പിലൂടെ യക്ഷികളും ഗന്ധര്‍വന്മാരുമൊക്കെ മുകളിലേക്ക് കയറിപ്പോകുമെന്നൊക്കെയുള്ള ചില കഥകള്‍ പണ്ടുള്ളവര്‍ പറയുമായിരുന്നു. അതുകൊണ്ട് അസമയത്തൊന്നും ആ വഴിക്ക് പോകരുതെന്നുളള ഒരു വിശ്വാസം ഉണ്ടായിരുന്നു.

“പിന്നീട് അവിടെ ചില മരണങ്ങള്‍ ഒക്കെ നടന്നു എന്നും പറയപ്പെടുന്നു. പ്രത്യേകിച്ചും ആടിനെയും കാലികളെയും മേയ്ക്കാന്‍ കാട്ടിലേക്ക് കയറിപ്പോയ ചിലര്‍ പിന്നെ തിരിച്ചുവന്നിട്ടില്ലത്രേ..”


ഇതുകൂടി വായിക്കാം: നാടിന്‍റെ മണം തേടി തിരിച്ചുവന്നവരും മരങ്ങളുടെ കഥയറിയുന്നവരും ഒരുമിച്ച് നടന്ന് പറയുന്ന കാര്യങ്ങള്‍


നാടിന്‍റെ മനസ്സില്‍ ഉറഞ്ഞുപോയ കഥകള്‍. അങ്ങനെ പ്രേതങ്ങളുടെയും ഗന്ധര്‍വ്വന്മാരുടെയും കഥകളൊക്കെപ്പറഞ്ഞും കേട്ടും വിശ്വസിച്ചും ആളുകള്‍ എരപ്പിന്‍റെ അടുത്തേക്ക് അധികം പോവില്ലായിരുന്നു, പ്രത്യേകിച്ചും സ്ത്രീകള്‍.
കാലം മാറിപ്പോകുന്നതിനനുസരിച്ച് പുരുഷന്‍മാര്‍ ആ ഭാഗത്തേക്കൊക്കെ ചെല്ലാറുണ്ട്. അല്ലെങ്കില്‍ പുറത്തുനിന്നും വിരുന്നുകാരാരെങ്കിലും വന്നാല്‍ വെള്ളച്ചാട്ടത്തിന്‍റെ അടുത്ത് പോകും.  എരപ്പിനെപ്പറ്റി കേട്ടറിഞ്ഞ് പുറത്തുനിന്ന് ആളുകള്‍ എത്താനും തുടങ്ങി.

പ്രദേശത്തെ നവീന ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബിന്‍റെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. ഏരൂര്‍ ഗ്രാമപഞ്ചായത്തും പൂര‍്ണ സഹകരണം നല്‍കി. അങ്ങനെയാണ് ഒരു ചെറിയ തുടക്കം വലിയ വിജയമായത്.

അധികം അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി ടി ഡി സി) ആര്‍ച്ചല്‍ ഓലിയിരുക് എരപ്പ് ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തി.

“എങ്കിലും ചുറ്റുവട്ടത്തുള്ള സ്ത്രീകളൊന്നും അവിടേക്ക് പോകാറില്ല. ഈ മിത്തുകളും കഥകളുമൊക്കെ അവരെ പിന്തിരിപ്പിച്ചിട്ടുണ്ടാവാം,” വിശാല്‍ പറയുന്നു. “പക്ഷേ, പശുവിന് തോലറുക്കാനും പുല്ല് പറിക്കാനുമൊക്കെ ചില സ്ത്രീകളൊക്കെ പോകാറുണ്ട് എന്ന് മാത്രം. ഈ ഒരു മിത്ത് ഇത്ര ആഴത്തിലുള്ളതാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു.”


ഇതുകൂടി വായിക്കാം: ‘ഞങ്ങടെ ബീച്ചില്‍ ടൂറിസം നടത്താന്‍ ഞങ്ങക്കറിയാം’: കടലോരവും കവ്വായിക്കായലും കല്ലുമ്മക്കായ് വരട്ടിയതും ചേരുന്ന പാണ്ഡ്യാല മോഡല്‍


ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് നാട്ടിലെ നൂറ് കണക്കിന് സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം എരപ്പിലേക്കെത്തി, നാടിന്‍റെ ജീവനാഡിയായ ആ ജലസ്രോതസ്സ് സംരക്ഷിക്കുമെന്നും കാട് നല്‍കിയതുപോലെ തന്നെ നിലനിര്‍ത്തുമെന്നും സത്യം ചെയ്തു. എരപ്പിനെ കാക്കുമെന്ന് ഒരു വെളുത്ത പരുത്തിത്തുണിയില്‍ എഴുതി എല്ലാവരും ഒപ്പിട്ടുനല്‍കി.

എരപ്പിന് ചുറ്റുമുള്ള പ്രദേശം അവര്‍ വൃത്തിയാക്കി. മാലിന്യങ്ങള്‍ കോരി മാറ്റി. പതിനഞ്ച് ചാക്ക് പ്ലാസ്റ്റിക്കും കുപ്പികളുമാണ് അവിടെ അടിഞ്ഞുകൂടിക്കിടന്നിരുന്നത്.

ഒരു ഗ്രാമം അതിന്‍റെ പ്രകൃതിയെ സംരക്ഷിക്കാന്‍ വേണ്ടി ഉണര്‍ന്നതാണ് അന്ന് കണ്ടത്. അന്നാണ് ശാന്തയും ലീലയും അടക്കമുള്ളര്‍ വീട്ടില്‍ നിന്നിറങ്ങി നാലടി നടന്നാല്‍ എത്താവുന്ന എരപ്പിന്‍റെ സൗന്ദര്യം ആദ്യമായി അടുത്തുനിന്ന് കണ്ടതും അന്നാണ്. ഗ്രാമം മിത്തുകളും വിശ്വാസങ്ങളും മറികടന്ന് മുന്നോട്ടുപോവുന്നതിന്‍റെ കൂടി രേഖയായി ആ തുണിക്കീറിലെ കയ്യൊപ്പുകള്‍.

ഗുരുമന്ദിരം ജംങ്ഷന്‍ മുതല്‍ ആര്‍ച്ചല്‍ ഓലിയരുക് എരപ്പ് വരെയുള്ള ഏകദേശം രണ്ട് കിലോമീറ്റര്‍ വരുന്ന പ്രദേശത്തെ വഴിയോരത്ത് അവര്‍ മരത്തൈകള്‍ വെച്ചുപിടിപ്പിച്ചു. പെരുമരം, നെല്ലി, പൂമരുത്, വേപ്പ്, രക്തചന്ദനം അങ്ങനെയുള്ള മരങ്ങളുടെ തൈകളാണ് നട്ടത്. ഇരുന്നൂറോളം തൈകള്‍ കുളത്തൂപ്പുഴ ഫോറസ്റ്റ് ഡിവിഷന്‍റെ കീഴിലുള്ള സഞ്ജീവനി സോഷ്യല്‍ ഫോറസ്ട്രി ആണ് സൗജന്യമായി നല്‍കിയത് എന്ന് ഈ മുന്നേറ്റത്തിന്‍റെ കോ-ഓര്‍ഡിനേറ്റര്‍മാരിലൊരാള്‍ കൂടിയായ വിശാല്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: ഈ ‘വനംമന്ത്രി’യുടെ വീട്ടിലെത്തുന്നത് പാമ്പുകള്‍, മയിലുകള്‍, 30 ഇനം പക്ഷികള്‍


ആര്‍ച്ചല്‍ ഓലിയിരുക് എരപ്പ് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ക്ക് തോന്നാല്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. വെള്ളച്ചാട്ടത്തെ മലിനപ്പെടുത്താനും കയ്യേറാനുള്ള ചില നീക്കങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു. പിന്നെ, വലിയ താമസമില്ലാതെ വരാന്‍ പോകുന്ന ടൂറിസം വികസനവും. ടൂറിസം മേഖലയായി മാറുമ്പോള്‍ ഉണ്ടാകാവുന്ന വെല്ലുവിളികള്‍ അവര്‍ ഇപ്പോള്‍ തന്നെ മനസ്സിലാക്കി. എല്ലാം നഷ്ടപ്പെട്ടതിന് ശേഷം കരഞ്ഞിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് അവര്‍ ഒരുമുഴം മുന്‍പേ എറിഞ്ഞു.

സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് എരപ്പ് അതിജീവന സമതി നടത്തിയ ആദ്യ പരിപാടിയുടെ വിജയം. കുടുംബശ്രീയുമായും തൊഴിലുറപ്പ് പദ്ധതിയുമായുമൊക്കെ ബന്ധപ്പെട്ടവരടക്കമുള്ള നൂറുകണക്കിന് സ്ത്രീകളാണ് കര്‍മ്മപരിപാടിയില്‍ പങ്കെടുത്തത്.

മഴയെന്നോ വേനലെന്നോ ഭേദമില്ലാതെ എപ്പോഴും സജീവമായ വെള്ളച്ചാട്ടമാണിത്, അതീവ സുന്ദരവും. എന്നാല്‍ ആ സൗന്ദര്യവും എരപ്പിന്‍റെ തനിമയും കെടുത്തുന്ന ചില നീക്കങ്ങള്‍ നടന്നു.

അതിനെക്കുറിച്ച് വിശാല്‍ പറയുന്നു: “ഇവിടെ ചില പാറപൊട്ടിക്കലും മറ്റും നടന്നു. പല മരങ്ങളും വെട്ടിമാറ്റപ്പെട്ടു. ഇതൊക്കെ ചെയ്യുന്നത് പല പല ആളുകളാണ്..ആരും ശ്രദ്ധിക്കപ്പെടാതെ കിടന്ന സ്ഥലമായതുകൊണ്ട്. ഇതിനടുത്ത് റബര്‍ തോട്ടങ്ങളുള്ള ചില ആളുകള്‍ എരപ്പ് കൈയ്യേറാന്‍ തുടങ്ങി. പാറപ്പുറത്തിന്‍റെ അരികില്‍ ഒരു പാട് വെള്ളം വരുമ്പോള്‍ മണ്ണും മണലും അടിഞ്ഞുകിടക്കും. അതിനകത്തൊക്കെ ആളുകള്‍ കൊണ്ടുവന്ന് വാഴയും റബറും വെച്ചു, ഇടുക്കുകളില്‍. ഇത് വലിയ തോതിലേക്ക് മാറാന്‍ സാധ്യതയുമുണ്ട് എന്ന് ഞങ്ങള്‍ക്ക് തോന്നി. ഇതിന് പുറമെയാണ് ചില സാമൂഹ്യവിരുദ്ധര്‍ വെള്ളച്ചാട്ടം അവരുടെ മദ്യപാനസദസ്സുകള്‍ക്കും മറ്റും വേദിയാക്കിയത്.


പലകാരണങ്ങള്‍ കൊണ്ടും ഒഴുക്ക് കുറയുന്നുണ്ട്… പ്രദേശവാസികള്‍ക്ക് പഴയ രീതിയില്‍ ഈ വെള്ളം ഉപയോഗിക്കാന്‍ പറ്റുന്നില്ല


“ഞങ്ങളെല്ലാം എരപ്പില്‍ നിന്നൊഴുകി വരുന്ന തോട്ടിന്‍റെ കരയില്‍ താമസിക്കുന്ന ആളുകളാ… കുഞ്ഞുന്നാള്‍ മുതല്‍ ഇത് കണ്ടും കഥകള്‍ കേട്ടും വളര്‍ന്നവരാ…അപ്പോ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ ഇതിന്‍റെ തനത് ശൈലി നിലനിര്‍ത്തിക്കൊണ്ടുപോകണം എന്ന് തോന്നി,” ഓലിയരുക് എരപ്പിന്‍റെ സംരക്ഷണത്തിന് വേണ്ടി ഒരു രൂപരേഖ ഉണ്ടാക്കിയ വിശാല്‍ പറയുന്നു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്‍റെ ഹൈദരാബാദ് ശാഖയിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയാണ് വിശാല്‍.

ആദ്യമായി ഇതൊരു ടൂറിസം കേന്ദ്രമായി മാറാന്‍ പോവുകയാണ്. അതിന് മുന്‍പായി വെള്ളച്ചാട്ടത്തെ അതിന്‍റെ തനിമയില്‍ ഇത്രയും കാലം നിലനിര്‍ത്തിയ പ്രദേശത്തെ മനുഷ്യരെക്കൂടി വിശ്വാസത്തിലെടുത്തും അവരുടെ പങ്കാളിത്തം ഉറപ്പാക്കിയും വേണം അതിന്‍റെ സംരക്ഷണവും പരിപാലനവും എന്ന് പ്രഖ്യാപിക്കുക കൂടിയാണ് ഈ മുന്നേറ്റം.

നാടൊന്നടങ്കം എരപ്പിന്‍റെ സംരക്ഷണത്തിനായി എത്തി. കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായ സ്ത്രീകള്‍, ഉണര്‍വ്വ് പുരുഷ സ്വയം സഹായ സംഘം, ഷാഹുല്‍ ഹമീദ് മെമ്മോറിയല്‍ ഗ്രന്ഥശാല എന്നിവയുടെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. പ്രദേശത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന നവീന ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബിന്‍റെ പ്രവര്‍ത്തകരെക്കൂടാതെ ഗ്രാമപഞ്ചായത്തിന്‍റെ കൂടി പൂര്‍ണ പിന്തുണ കൂടിയായപ്പോള്‍ അതൊരു വലിയ മുന്നേറ്റമായി മാറി.

രണ്ടാമതായി വെള്ളച്ചാട്ടത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്. “പ്ലാസ്റ്റിക്ക് ബോട്ടിലും കുപ്പികളും മാലിന്യങ്ങളും നിറയെ കുമിഞ്ഞുകൂടിയിട്ടുണ്ടായിരുന്നു, വെള്ളച്ചാട്ടത്തിലും പരിസരങ്ങളിലും. ഇത് താഴേക്കും ഒഴുകിയെത്തിയിരുന്നു. താഴെ, ഈ വെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്നവരുണ്ട്, പശുവിനേയും പോത്തിനെയും ആടിനെയുമൊക്കെ പോറ്റുന്നവരുണ്ട്… പലകാരണങ്ങള്‍ കൊണ്ടും ഒഴുക്ക് കുറയുന്നുണ്ട്… പ്രദേശവാസികള്‍ക്ക് പഴയ രീതിയില്‍ ഈ വെള്ളം ഉപയോഗിക്കാന്‍ പറ്റുന്നില്ല…” ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് തയ്യാറാക്കിയതെന്ന് വിശാല്‍ പറഞ്ഞു.

യു എന്‍ ഇ പിയുടെ ലോകപരിസ്ഥിതി ദിനാചരണ പരിപാടികളില്‍ എരപ്പ് അതിജീവന സമിതിയുടെ പ്രവര്‍ത്തനവും രെജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

പതിനഞ്ച് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജനങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ് യൂണിറ്റിലേക്ക് അയച്ചു. ഇനിയും പ്ലാസ്റ്റിക്ക് അടിയാതിരിക്കാന്‍. പലയിടങ്ങളിലായി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു.

ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന് ഒരു ഗ്രാമം നടത്തുന്ന ഇടപെടലുകളാണ് ഇവിടെ. പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് നവീന ആര്‍ട്‌സ് ആന്‍റ് സ്‌പോര്‍ട്‌സ് ക്ലബ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലബിന്‍റെ സാംസ്‌കാരിക നിലയത്തില്‍ കുറച്ചു നാള്‍ മുമ്പ് ചേര്‍ന്ന യോഗത്തില്‍ അതിജീവന സമിതിക്ക് രൂപം നല്‍കി. ഒന്നാം വാര്‍ഡ് മെമ്പര്‍ സ്ഥിരം രക്ഷാധികാരിയായ ഈ സമിതിക്ക് തുടര്‍ സ്വഭാവമുണ്ട്. ഇപ്പോഴത്തെ വാര്‍ഡ് മെമ്പര്‍ ഓമനയാണ് രക്ഷാധികാരി.


ഇതുകൂടി വായിക്കാംഈ വനത്തിനുള്ളില്‍ 1,800 താമസക്കാര്‍, 8 ലൈബ്രറികള്‍! ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് പുസ്തകങ്ങള്‍


ഒരു ചെറിയ ഗ്രാമത്തില്‍  തുടക്കമിട്ട ഈ ജനകീയ യജ്ഞം ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിന്‍റെ (യു എന്‍ ഇ പി) ലോക പരിസ്ഥിതി ദിനാചരണ പരിപാടികളില്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ട ഒന്നുകൂടിയായിരുന്നു.

Watch: എരപ്പിന് മുകളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കുന്നു.

ഏരൂര്‍ പഞ്ചായത്തിലെ ഈ തുടര്‍ പരിസ്ഥിതി യജ്ഞത്തിന് ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ എല്ലാ ആശംസകളും.

ആര്‍ച്ചല്‍ എരപ്പിന്‍റെ വീഡിയോ കാണാം

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം