91-കാരനായ ‘മരമൗലികവാദി’: ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്ടില്‍ നൂറേക്കറില്‍ ജൈവവനം, വഴിയോരത്ത് മരംനടല്‍…

വിഭജനത്തിന് മുമ്പ് കറാച്ചിയില്‍ തേയിലക്കച്ചവടമായിരുന്നു അഹമ്മദ് ഹാജിക്ക്. പിന്നെ, ഗള്‍ഫിലേക്ക്. അവിടെ ബിസിനസ്..ഇതിനൊക്കെയൊപ്പം റോഡരികിലും പള്ളിപ്പറമ്പിലും ഒഴിഞ്ഞപറമ്പുകളിലും മരത്തൈകള്‍ നടലും….

പാകിസ്ഥാനില്‍ തേയിലക്കച്ചവടം നടത്തി പണക്കാരനായി.. ഇന്‍ഡ്യ വിഭജിക്കപ്പെടുന്നതിന് മുമ്പാണത്. പിന്നീട് ദുബായിയില്‍ ആദ്യമായി ഹോം ഡെലിവറി സംവിധാനം കൊണ്ടുവന്ന ബിസിനസുകാരനായി… വി എന്‍ കെ അഹമ്മദ് ഹാജി.. കോടികളുടെ ബിസിനസ് നടത്തുന്ന തലശ്ശേരിക്കാരന്‍.

ഈ പേര് കേട്ട് പെട്ടെന്ന് മനസിലാകണമെന്നില്ല. വെള്ളയില്‍ പച്ചയും ചുവപ്പും നിറങ്ങളില്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കെറ്റ് എന്നെഴുതിയ ഷോപ്പിങ് കവറില്ലേ, ഗള്‍ഫില്‍ നിന്നും വരുന്നവര്‍ കൊണ്ടുവരാറുള്ള ആ കവര്‍… അതറിയാത്ത മലയാളിയുണ്ടാകില്ലല്ലോ. ആ അല്‍ മദീന ഗ്രൂപ്പിന്‍റെ സ്ഥാപകനാണ് അഹമ്മദ് ഹാജി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


അതുമാത്രമല്ല, അഹമ്മദ് ഹാജിയുടെ സമ്പത്ത്. മലബാറിലെ  പള്ളിപ്പറമ്പുകളിലും വഴിയോരത്തുമൊക്കെ പച്ചവിരിച്ച് വളര്‍ന്നു പന്തലിച്ചുനില്‍ക്കുകയാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. ഇപ്പോഴും  മരങ്ങള്‍ നട്ടുകൊണ്ടിരിക്കുകയാണ് ഈ മനുഷ്യന്‍, പ്രായം ഏറെ തളര്‍ത്തുന്നുണ്ടെങ്കിലും.

വി എന്‍ കെ അഹമ്മദ് ഹാജി

പഴയ ഓര്‍മ്മകളെണ്ണി പറയാനാകില്ല…പ്രായം 91 ആയിരിക്കുന്നു. ഓര്‍മ്മകള്‍ക്ക് മങ്ങലേറ്റ് തുടങ്ങിരിക്കുന്നു. പക്ഷേ മരത്തൈകളും ചെടികളും നടുന്ന കാര്യത്തില്‍ ഈ പ്രായത്തിലും ഉഷാറായുണ്ട് അഹമ്മദ് ഹാജി. കോടിക്കണക്കിന് രൂപ വരുമാനമുള്ള ഈ ബിസിനസുകാരന്‍റെ പരിസ്ഥിതി സ്നേഹം കണ്ട് നാട്ടുകാരില്‍ ചിലരുടെയൊക്കെ കണ്ണ് തള്ളിയിട്ടുണ്ട്.. എന്തിനാണിപ്പോ ഇത്രേം സ്വത്തൊക്കെയുള്ള ആള് ഇമ്മാതിരി കൈയില്‍ മണ്ണാക്കുന്ന പരിപാടിക്ക് നില്‍ക്കണേ.. ഓരോ ഭ്രാന്തുകളെന്നൊക്കെ പലരും പറഞ്ഞു.


തലശ്ശേരിയാണ് സ്വന്തം നാട്. പക്ഷേ കുറേക്കാലം പാക്കിസ്ഥാനിലായിരുന്നു. വിഭജനത്തിന് മുമ്പ്.


നാട്ടിലെങ്ങും വൃക്ഷത്തെകള്‍ നടുക മാത്രമല്ല. മായമില്ലാത്ത, വിഷമേല്‍ക്കാത്ത രുചിക്കൂട്ടുകളൊരുക്കാന്‍ നൂറേക്കറിലൊരു കൃഷിത്തോട്ടവുമുണ്ട് ഹാജിക്ക്. കാപ്പിയും കുരുമുളകും ഇഞ്ചിയും ഏലവും ഗ്രാമ്പും മാത്രമല്ല പച്ചക്കറിത്തോട്ടവും ഇവിടുണ്ട്. ഈ ജൈവ പച്ചക്കറിത്തോട്ടമൊരുക്കിയതിനു പിന്നിലുമൊരു കഥയുണ്ട്.

വയനാട്ടിലെ തോട്ടത്തില്‍. (ഒരു പഴയ ചിത്രം)

അതിനു മുന്‍പേ, കഥകളും നോവലുകളുമൊക്കെ ഇഷ്ടപ്പെടുന്ന അഹമ്മദ് ഹാജിയുടെ ജീവിതകഥകളറിയാം.. പ്രായത്തിന്‍റെ അവശതകളിലും പലതും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് വി എന്‍ കെ ഗ്രൂപ്പ് സ്ഥാപകന്‍ കടവത്തൂര്‍ വടക്കേഞ്ഞോലയില്‍ അഹമ്മദ് ഹാജി.

തലശ്ശേരിയാണ് സ്വന്തം നാട്. കുറേക്കാലം പാക്കിസ്ഥാനിലായിരുന്നു.  വിഭജനത്തിന് മുമ്പ്. പിന്നീട് ദുബായിലേക്ക്.. അവിടെയും ചരിത്രം കുറിച്ചു. ദുബായ് എന്ന മഹാനഗരത്തില്‍ ആദ്യമായി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നത് ഈ തലശ്ശേരിക്കാരനാണ്.

നരോളി അബ്ദുള്ളയുടെ മകനാണ് അഹമ്മദ് ഹാജി. “ബാപ്പയെ കണ്ട ഓര്‍മ്മയില്ല.. എനിക്ക് ഓര്‍മ്മവെയ്ക്കും മുന്‍പേ അദ്ദേഹം മരിച്ചു പോയി. ചെറുപ്പം തൊട്ടേ മരങ്ങളോടും പക്ഷികളോടുമൊക്കെ ഇഷ്ടമുണ്ടായിരുന്നു. അന്നാളിലൊക്കെ ചെടിയൊക്കെ നടുമായിരുന്നു. എവിടെയൊക്കെ എന്തൊക്കെ വൃക്ഷ തൈകള്‍ നട്ടിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് ഓര്‍മ്മയൊന്നുമില്ല,” അഹമ്മദ് ഹാജി പറയുന്നു.

കറാച്ചിയില്‍ മലബാര്‍ ടീ കമ്പനി എന്ന സ്ഥാപനം നടത്തിയിരുന്നു ഹാജി. Image for representation. Photo: Pixabay.com

“കണ്ണൂര്‍ മുതല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വരെയുള്ള ദേശീയ പാതയുടെ അരികില്‍ കാണുന്ന മരങ്ങളില്ലേ.. അതൊക്കെയും ഉപ്പാവ നട്ടുപിടിപ്പിച്ചതാണ്..,” അഹമ്മദ് ഹാജിയുടെ ഏറ്റവും ഇളയമരുമകളാണ് ഈ പറയുന്നത്.. ഷാബിന, ഖല്‍ദൂന്‍റെ ഭാര്യ. “ഉപ്പാവയെന്നാണ് ഞങ്ങളൊക്കെ വിളിക്കുന്നത്. 90 കഴിഞ്ഞില്ലേ.. പഴയ കാര്യങ്ങളൊന്നും അത്ര ഓര്‍മ്മയില്ല. പക്ഷേ ഈ പ്രായത്തിലും തൈകള്‍ നടാറുണ്ട്.” മരുമകള്‍ ഉപ്പാവയുടെ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി.

“ഉപ്പാവയുടെ പാകിസ്ഥാനിലെയും ദുബായിയിലെയും ബിസിനസ് കാര്യങ്ങളും തൈകള്‍ നട്ടുപിടിപ്പിച്ചതുമൊക്കെ ഞങ്ങള്‍ മക്കളോടൊക്കെ പറഞ്ഞിട്ടുണ്ട്. അക്കഥകളൊക്കെ കേട്ടിരിക്കാനും ഞങ്ങള്‍ക്കൊക്കെ ഇഷ്ടമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപ്പാവ നട്ടുപിടിപ്പിച്ച മരങ്ങളാണിപ്പോള്‍ വളര്‍ന്നു വലുതായി വഴിയോരങ്ങളിലൊക്കെ തണല്‍ വിരിച്ചു നില്‍ക്കുന്നത്. ഇതൊക്കെ കാണുന്നത് മാത്രമല്ല മറ്റുള്ളവരോട് പറയുന്നതും ഉപ്പാവയ്ക്ക് വലിയ ഇഷ്ടമാണ്.

വി എന്‍ കെ അഹമ്മദ് ഹാജി

മഴക്കാലത്താണ് കൂടുതലും തൈകള്‍ നടുന്നത്. മഴയാരംഭിക്കും മുന്‍പേ ഇതിനുള്ള ഒരുക്കങ്ങളൊക്കെ മൂപ്പര് തുടങ്ങും. ഇതൊക്കെ പറഞ്ഞു കേട്ടതല്ല.. നേരിട്ട് കണ്ടറിഞ്ഞതാണ്. വഴിയോരങ്ങളിലാണ് തൈകള്‍ നടുന്നത്. മരങ്ങള്‍ നട്ടാല്‍ ദൈവത്തിന്‍റെ പ്രതിഫലം കിട്ടുമെന്നൊക്കെ ഉപ്പാവ പറയും. പക്ഷേ കിളികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കൂടി വേണ്ടിയാണ് മരങ്ങള്‍ നടുന്നത്. “ഓര്ക്കും ജീവിക്കണ്ടേ.. മനുഷ്യര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരാ.. എല്ലാവര്‍ക്കും ജീവിക്കണ്ടേ..” എന്നാണ് അദ്ദേഹം പറയുന്നത്.

“പ്രവാചകന്‍റെ വാക്കുകളാണ് സ്വാധീനിച്ചിട്ടുള്ളത്.” അഹമ്മദ് ഹാജി പറയുന്നു.

“ഓരോ മരങ്ങളും നമുക്ക് വേണ്ടി പ്രാര്‍ഥിക്കും. ലോകാവസാനം മുന്നിൽ വന്നാലും നിങ്ങൾ മരം വെച്ചുപിടിപ്പിക്കണമെന്നാണ് മുഹമ്മദ് നബി പറഞ്ഞത്. മരിച്ചാലും പ്രതിഫലം നിലക്കാത്ത ധർമ്മമാണിത്. അത്രയേറെ പ്രാധാന്യം മരങ്ങള്‍ക്ക് ഭൂമിയിലുണ്ട്.”

ഷാബിന പൂരിപ്പിക്കുന്നു: “മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ മാത്രമല്ല പ്രകൃതിക്ക് ദോഷമാകുന്നതിനെതിരേയും ഉപ്പാവ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കോടതി വരെ പോയിട്ടുണ്ട്. ഒരു കാലത്ത് അകേഷ്യ മരങ്ങളാണ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ വച്ചുപിടിപ്പിച്ചത്. സര്‍ക്കാരിന്‍റെ ഈ പരിസ്ഥിതി നയത്തിനെതിരേയാണ് പരാതി കൊടുത്തത്. ഭൂമിയെയും പരിസ്ഥിതിയെയും ഇല്ലാതാക്കുന്നതാണ് അകേഷ്യ മരങ്ങള്‍. ഇതിനെതിരേയുള്ള പരാതി കോടതി വരെയുമെത്തി. ഇങ്ങനെയൊരു കേസുമായി പോകുന്നത്, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അദ്ദേഹത്തിന് 84-85 വയസുള്ളപ്പോഴാണത്.”

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതല്‍ അഹമ്മദ് ഹാജി നട്ട മരങ്ങളേറെയുള്ളത്. വഴിയോരങ്ങളിലും പള്ളിപറമ്പുകളിലുമൊക്കെയായി ആയിരക്കണക്കിന് മരങ്ങള്‍ കാണാം. അതു മാത്രമല്ല കണ്ണൂര്‍ പഴശ്ശി കനാലിന്‍റെ ഇരുവശത്തുള്ള മരങ്ങളും ഇദ്ദേഹം നട്ടതാണ്. മാവ്, പ്ലാവ്, പേര, വേങ്ങ, ഈട്ടി ഇതൊക്കെയാണ് നട്ടത്.


ഇതുകൂടി വായിക്കാം: പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍


“കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊയിലാണ്ടി, വടകര, മാഹി വഴി തലശ്ശേരിയിലേക്ക് പോകുമ്പോള്‍ ഇരുവശത്തു കാണുന്ന വന്‍മരങ്ങളില്ലേ..അതൊക്കെയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപ്പാവ നട്ടതാണ്. ഇതുവഴി ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുള്ളവര്‍ പാതയ്ക്കിരുവശമുള്ള മരങ്ങള്‍ കണ്ടിട്ടുണ്ടാകും.. മറക്കാനുമിടയില്ല.. അത്ര ഭംഗിയാണവിടെയൊക്കെ. വയനാട്ടിലെ കൃഷ്ണഗിരിയിലെ മലന്തോട്ടം നിറയെ മരങ്ങളാണ്.. ചെടിയും തൈകളുമൊക്കെ നട്ട് നട്ട് ഉപ്പാവയാണ് ഇവിടം പച്ചത്തുരുത്താക്കിയത്.

“ഇതിനു മുന്‍പ് സ്വന്തം നാട്ടിലും തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. കടവത്തൂരില്‍ മാത്രമല്ല അതിനടുത്തുള്ള പ്രദേശങ്ങളിലും ചെടികളും തൈകളും നട്ടു. ഇവിടെയൊക്കെ നട്ട മരങ്ങള്‍ പലതും ഇന്ന് വലിയ വില ലഭിക്കുന്നവയാണ്. ഈട്ടിയും തേക്കുമൊക്കെ വന്‍മരങ്ങളായി മാറി. പിന്നെ ഫലവൃക്ഷങ്ങളും നട്ടിട്ടുണ്ട്. കോഴിക്കോടും കണ്ണൂരുമൊക്കെയുള്ള നഴ്സറികള്‍ നിന്നും വയനാട്ടിലെ ഞങ്ങളുടെ തന്നെ എസ്റ്റേറ്റില്ലേ.. അവിടെ നിന്നുമൊക്കെയാണ് വിത്തും തൈകളുമൊക്കെ കൊണ്ടുവരുന്നത്.”

കറാച്ചിയിലെ മലബാര്‍ ടീ കമ്പനി

മരങ്ങള്‍ നട്ടുതുടങ്ങി ആളുകളറിയും മുന്‍പേ കച്ചവടത്തില്‍ പേരുകേട്ടയാളാണല്ലോ അഹമ്മദ് ഹാജി.. തലശ്ശേരിക്കാരനായ അദ്ദേഹമെങ്ങനെയാണ് പാക്കിസ്ഥാനിലെത്തുന്നത്..?

മരുമകള്‍ തന്നെയാണ് ഈ ചോദ്യത്തിനും മറുപടി പറയുന്നത്. “ഉപ്പാവയുടെ ബാപ്പ കൃഷിക്കാരനായിരുന്നു. അന്നൊക്കെ നാട്ടില്‍ കുറേ ഭൂമിയും സ്വത്തൊക്കെയുമുണ്ടെങ്കിലും സിലോണിലോ ബര്‍മയിലോ മദ്രാസിലോ ബോംബേയിലോ പോയി ബിസിനസ് ചെയ്യുന്നതായിരുന്നു ഒരു പതിവ്. അതാകാം ഉപ്പാവയും പോകാന്‍ കാരണം.


എല്ലാ ഹോട്ടലുകളിലും കടകളിലുമൊക്കെയായി വലിയ റെയ്ഡ്. റെയ്ഡോടു കൂടി ഉപ്പാവന്‍റെ കച്ചവടം ഇരട്ടിയായി.


“ഇന്‍ഡ്യാ-പാകിസ്ഥാന്‍ വിഭജനത്തിന് മുന്‍പാണ് കറാച്ചിയില്‍ കച്ചവടം ചെയ്യുന്നത്. തേയില കച്ചവടമായിരുന്നു.  അന്നൊക്കെ പാകിസ്ഥാനില്‍ ചായക്കച്ചവടം കുറേയുണ്ട്. 

“ഹോട്ടല്‍ ബിസിനസിന് വലിയ സ്കോപ്പുണ്ടായിരുന്നു. കുറേയാളുകള്‍ അത്തരം കച്ചവടമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അത് തന്നെ ചെയ്താല്‍ വലിയ ഗുണമുണ്ടാകില്ലെന്നു കരുതിയാണ് ഉപ്പാവ തേയില കച്ചവടം തുടങ്ങുന്നത്… ഇതൊക്കെ ഉപ്പാവ പറഞ്ഞുകേട്ട കഥകളാണട്ടോ..

“ഹോട്ടല്‍ ചെയ്യാന്‍ പറ്റില്ല.. പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ലെങ്കിലോ.. അങ്ങനെ ഹോട്ടലുകാര്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ കച്ചവടം തുടങ്ങാം.. കുറേ ഹോട്ടലുകളുള്ളത് കൊണ്ട് നഷ്ടം പറ്റിയേക്കില്ല.. അവര്‍ക്ക് തന്നെ കൊടുത്താല്‍ മതിയല്ലോ..അങ്ങനെ ചായപ്പൊടീന്‍റെ കച്ചവടം ആരംഭിച്ചു. മലബാര്‍ ടീ കമ്പനി അതായിരുന്നു പേര്.

“മോശമല്ലാത്ത കച്ചവടമൊക്കെ കിട്ടിയെന്നാ ഉപ്പാവ പറഞ്ഞത്.

“പക്ഷേ അന്നൊരു വലിയ സംഭവം നടന്നു. അന്നാട്ടുകാരെ മാത്രമല്ല ഉപ്പാവയുടെ ജീവിതത്തെയും ആ സംഭവം സ്വാധീനിച്ചു. വലിയൊരു റെയ്ഡ്.. എല്ലാ ഹോട്ടലുകളിലും കടകളിലുമൊക്കെയായി വലിയ റെയ്ഡ്.

“ഉപ്പാവന്‍റേതു അന്നൊരു ചെറിയ കമ്പനിയാണ്. വലിയ വലിയ ഹോട്ടലുകളില്‍ നിന്നൊക്കെ മായം കലര്‍ന്നതും മോശമായതുമായ ഭക്ഷണവുമൊക്കെ പിടിച്ചെടുത്തു. പക്ഷേ ഉപ്പാവാന് റെയ്ഡില്‍ ഒന്നും നഷ്ടമായില്ല.. ഒന്നും സംഭവിച്ചില്ലെന്ന് മാത്രല്ല, ആ റെയ്ഡോടു കൂടി ഉപ്പാവന്‍റെ കച്ചവടം ഇരട്ടിയായി. റെയ്ഡില്‍ ഉപ്പാവന്‍റെ കമ്പനിയിലെ തേയിലയില്‍ നിന്നൊരു മായവും കണ്ടെത്താനായില്ല. അതോടെ കമ്പനി വളരെ പ്രശസ്തമായി. മായമില്ലാത്ത ചായപ്പൊടിയെന്ന പേരില്‍ പ്രശസ്തമായി.”

” ഒരിക്കല്‍ മക്കയില്‍ ഉംറയ്ക്ക് പോയി വരുമ്പോഴാണ് ദുബായിയില്‍ ഇറങ്ങുന്നത്. അവിടെയൊരു പൊന്നാനിക്കാരന്‍റെ സൂപ്പര്‍മാര്‍ക്കറ്റ് വാങ്ങി. അല്‍ മദീന എന്ന പേരും കൊടുത്ത് പുതിയ ബിസിനസ് ആരംഭിച്ചു. ഉപ്പാവയാണ് ഫൗണ്ടര്‍. പക്ഷേ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അല്‍ മദീനയ്ക്ക് തുടക്കമിടുന്നത്. അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റ് വിജയമായിരുന്നു. അന്നാട്ടില്‍ ആദ്യമായി ഹോം ഡെലിവറി സംവിധാനം കൊണ്ടുവരുന്നതു അല്‍ മദീന ഗ്രൂപ്പാണ്.

“1976ലാണ് ദുബായിയില്‍ ആദ്യമായി ഹോം ഡെലിവറി സംവിധാനം കൊണ്ടുവരുന്നത്. കടയില്‍ നിന്നുള്ള സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന സംവിധാനം വിജയവുമായിരുന്നു. പിന്നീടങ്ങോട്ട് അല്‍ മദീന ഗ്രൂപ്പില്‍ നിന്നു പല സംരംഭങ്ങളുണ്ടായി. കഫറ്റീരിയ, ബേക്കറി, റിയല്‍ എസ്റ്റേറ്റ് അങ്ങനെ കുറേ,” മരുമകള്‍ ഷാബിന പറയുന്നു.

മരങ്ങള്‍ നടുന്ന കാര്യത്തില്‍ മൂപ്പര്‍ക്ക് നാടെന്നോ ഗള്‍ഫെന്നോ ഇല്ല. റാസല്‍ഖൈമയിലെ സൂപ്പര്‍മാര്‍ക്കറ്റിനും പള്ളികള്‍ക്കും സമീപവും ഈ കടവത്തൂരുകാരന്‍ തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നാട്ടില്‍ തൈകള്‍ നടുന്നതിനു പുറമേ ഒരു ലൈബ്രറിയും കോണ്‍ഫറന്‍സ് ഹാളും നിര്‍മിച്ചിട്ടുണ്ട്.

“മരങ്ങളോട് ഇഷ്ടം തോന്നിയതിനു പ്രവാചകവചനങ്ങളാണ് കാരണമെന്നു നേരത്തെ പറഞ്ഞുവല്ലോ.. അതിനൊപ്പം വനം വകുപ്പില്‍ കുറച്ച് സുഹൃത്തുകളുമുണ്ടായിരുന്നു. ആ ബന്ധമാണ് തൈകള്‍ വച്ചുപിടിപ്പിക്കുന്നതിലേക്കെത്തിക്കുന്നത്. വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പിലും പള്ളിപ്പറമ്പിലുമൊക്കെ തൈകള്‍ നടുന്നത് കണ്ട് പലരും കളിയാക്കിയിട്ടുണ്ട്. വട്ടാണെന്നു പറഞ്ഞവര്‍ വരെയുണ്ട്…” അഹമ്മദ് ഹാജി പറയുന്നു.


പച്ചക്കറികളൊന്നും കടയില്‍ നിന്നു വാങ്ങാറില്ല. ഇന്നും വാങ്ങില്ല പണ്ടും വാങ്ങല്‍ ഇല്ല


“ഉപ്പാവ നല്ലൊരു ബിസിനസുകാരനാണ്.. അതിനൊപ്പം നല്ലൊരു കര്‍ഷകനുമാണ്.” കൃഷിക്കാരനായ അഹമ്മദ് ഹാജിയെക്കുറിച്ച്  ഷാബിന. “ഉപ്പാവയുടെ ഉപ്പ ഒരു കര്‍ഷകനായിരുന്നല്ലോ.. അതുപോലെ തന്നെ കൃഷിയോട് ഇഷ്ടമുണ്ട് ഉപ്പാവക്കും.

ദുബായിലെ അല്‍ മദീന സൂപ്പര്‍ മാര്‍ക്കെറ്റ്. ഒരു പഴയ ചിത്രം

“വയനാട്ടില്‍ നൂറേക്കര്‍ സ്ഥലമുണ്ട് ഹാജിക്ക്. ജൈവകൃഷിയാണവിടെ. ബുള്‍ ബുള്‍ പ്ലാന്‍റേഷന്‍ എന്ന പേരില്‍. പാണ്ട ഫുഡ്സ് എന്ന പേരില്‍ ജൈവ ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയുമുണ്ട് ഇവിടെ.

” ഉപ്പ മക്കളോടു പറയും, അവിടെ ഒരു തരത്തിലുള്ള രാസവളങ്ങളും ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങളോട് ഞാന്‍ പൊരുത്തപ്പെടുകയില്ലെന്ന്. വയനാട്ടിലുണ്ടാക്കുന്ന ഉത്പന്നങ്ങളാണ് പാണ്ട ഫൂഡ്സിലൂടെ വിപണിയിലെത്തിക്കുന്നത്.”

കാപ്പി, ഇഞ്ചി, കുരുമുളക്, വാഴ, പയര്‍, തക്കാളി, പച്ചമുളക്, വെണ്ട ഇങ്ങനെ എല്ലാം വയനാട്ടിലെ തോട്ടത്തിലുണ്ട്. അവിടെ പശു, പോത്ത്, ആട് ഒക്കെയുണ്ട്. ഗോമൂത്രവും ചാണകവുമൊക്കെയാണ് വളമായി ഉപയോഗിക്കുന്നതും. “പച്ചക്കറികളൊന്നും കടയില്‍ നിന്നു വാങ്ങാറില്ല. ഇന്നും വാങ്ങില്ല പണ്ടും വാങ്ങല്‍ ഇല്ല. വീട്ടില്‍ ഉപയോഗിക്കാനും സമ്മതിക്കില്ല ഉപ്പാവ. ഉപ്പേരിക്കൊക്കെ എന്തെങ്കിലും നമ്മള്‍ കടയില്‍ നിന്നു വാങ്ങിയാലും ഉപ്പ കഴിക്കില്ല. നമ്മുടെ വീട്ടാവശ്യത്തിനുള്ളത് കൃഷി ചെയ്തെടുക്കുന്നുണ്ട്. പച്ചക്കറിയൊക്കെ കാപ്പിത്തോട്ടത്തിനൊപ്പം തന്നെയാണ് നട്ടിരിക്കുന്നതും,”  എന്ന് ഷാബിന.

അഹമ്മദ് ഹാജി. ( Edited image. Background image for representational purpose only)

“ശരിക്കും ബിസിനസ് മാന്‍ ആണ് അദ്ദേഹം. പ്രായം ഇത്രേം ആയില്ലേ.. നല്ല അവശനാണ്. പക്ഷേ ഉപ്പയ്ക്ക് ഇപ്പോഴും മരങ്ങള്‍ എന്ന ചിന്ത മാത്രമേയുള്ളൂ. ചക്കക്കുരു എടുത്ത് വയ്ക്ക്.. മാങ്ങ കളയല്ലേ.. എന്നൊക്കെ ഞങ്ങളോട് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകാണ്. ഇതൊന്നും വെറും പറച്ചിലുകളല്ല.. മഴയെത്തും മുന്‍പേ വൃക്ഷ തൈകളുടെ വിത്തൊക്കെ കവറുകളിലാക്കി വച്ചു തുടങ്ങും. മഴ പിടിക്കുമ്പോഴേക്കും ഇതൊക്ക മുളച്ചിട്ടുണ്ടാകും. മഴക്കാലമായാല്‍ പിന്നെ ഇതൊക്കെ നട്ടുപിടിപ്പിക്കുന്നതിന്‍റെ തിരക്കുകളിലാകും ഉപ്പാവ.”

“എല്ലാ ദിവസവും അഞ്ച് നേരവും പള്ളിയില്‍ പോകും. അവശതകളൊക്കെയുണ്ടെങ്കിലും ഇതിനു മാറ്റം വരുത്തിയിട്ടില്ല. പള്ളിയില്‍ പോകുമ്പോ മക്കള്‍ ആരൊക്കെ വീട്ടിലുണ്ടോ അവരെയൊക്കെയും കൂടെ കൊണ്ടുപോകും. മക്കളെക്കാള്‍ ഇപ്പോള്‍ ചെറുമക്കളെയാണ് കൂടെ കൊണ്ടുപോകുന്നത്. ഇവരെയും കൂടെ കൊണ്ടുപോയാണിപ്പോള്‍ തൈകള്‍ നടുന്നത്. വഴിയോരങ്ങളിലും കനാലുകള്‍ക്ക് അരികിലുമൊക്കെയാണ് തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. ഈ തൈ നടലുകള്‍ ഇപ്പോഴും തുടരുന്നുണ്ട്.”

അഹമ്മദ് ഹാജി ഒരു പഴയ ചിത്രം.

വലിയ യാത്രാക്കമ്പക്കാരനുമാണ് അഹമ്മദ് ഹാജി. 30-ലേറെ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഈ യാത്രകളൊന്നും ബിസിനസ് ട്രിപ്പുകളൊന്നുമായിരുന്നില്ല. മലേഷ്യ, ഇംഗ്ലണ്ട്, റഷ്യ, ഫ്രാന്‍സ്, ചൈന, ദക്ഷിണാഫ്രിക്ക.. ഇവിടങ്ങളിലൊക്കെ പോയിട്ടുണ്ട്. നമ്മുടെ നാട് പോലെ തോന്നിക്കുന്ന മലേഷ്യയോടാണ് കൂടുതല്‍ ഇഷ്ടം തോന്നിയിട്ടുള്ളതെന്നും ഉപ്പാവ പറയുമായിരുന്നുവെന്നു ഷാബിന.

വായിക്കാനും ഇഷ്ടമാണ്. മലയാളം മാത്രമല്ല ഇംഗ്ലിഷ്, ഉര്‍ദു, അറബി ഭാഷകളറിയാം. കഥയും നോവലും എല്ലാം വായിക്കാനിഷ്ടപ്പെടുന്നു ഈ 91-കാരന്‍.


ഇതുകൂടി വായിക്കാം: ഐ ഐ ടിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ എന്‍ജിനീയറിന്‍റെ ‘ജിപ്‌സി ജീവിതം’: കുട്ടിക്കളിപ്പാട്ടങ്ങളുമായി നാടുചുറ്റുന്ന സുബിദ് അഹിംസ


ഖദീജയാണ് ഭാര്യ. ഏഴ് മക്കളുണ്ട്. സുഹറ, ഹാറൂണ്‍, ലുക്മാന്‍, ഇമ്രാന്‍, ആയിഷ, സല്‍മാന്‍, ഖല്‍ദൂന്‍.

മക്കളാണിപ്പോള്‍ ബിസിനസൊക്കെ നോക്കി നടത്തുന്നത്.. രണ്ടു പേരൊഴികെ എല്ലാവരും ദുബായിയിലാണ്. ചെറുമക്കളോട് പഴങ്കഥകളൊക്കെ പറഞ്ഞ്, മരങ്ങളൊക്കെ നട്ട്, അത് വളരുന്നതു കണ്ട്, മൂപ്പര് സന്തോഷായിട്ട് കഴിയുകയാണെന്ന് ഷാബിന.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം