കൃഷ്ണകുമാരി അമ്മ

ഈ 81 കാരിയുടെ ആത്മകഥയ്ക്കായി ഫേസ്ബുക്കില്‍ ആരാധകര്‍ കാത്തിരുന്നത് എന്തിനായിരുന്നു?

“വാര്‍ദ്ധക്യം മൂപ്പെത്തിയ കുടമുല്ലവളളി പോലെയാണ്. കുരുന്നിലേ താഴെ ആകെ പടര്‍ന്ന് നിറയെ പൂവായിരിക്കും. കാലം കഴിയുന്തോറും വളളി മുകളിലേക്ക് പടരും പൂക്കളുടെ എണ്ണം കുറയും. പക്ഷെ മണം കൂടും.”

ശ്വാസംമുട്ടല്‍, ഹൃദയമിടിപ്പ് അകാരണമായി കൂടുന്നു. ഏറെ നാള്‍ ഹൃദയവിദഗ്ധര്‍ പല വഴിയും നോക്കി. കൃഷ്ണകുമാരി അമ്മയുടെ രോഗം ഡോക്ടര്‍ക്ക് പിടികൊടുത്തില്ല. നീണ്ട പരിശോധനകള്‍, ആശുപത്രിവാസം…അങ്ങനെ കുറെയേറെ നാള്‍. എന്നിട്ടും രോഗമെന്തെന്ന് ആര്‍ക്കും പിടികിട്ടിയില്ല. ഒടുവില്‍ ഡോക്ടര്‍ അവര്‍ക്കൊരു മരുന്നു നിര്‍ദ്ദേശിച്ചു…എഴുത്ത്!

“വാര്‍ദ്ധക്യം ഒരു ശാരീരികാവസ്ഥ മാത്രമാണ്. അതെന്‍റെ മനസിനെ ബാധിക്കുന്നതേയില്ല. വാസ്തവത്തില്‍ ഇപ്പോഴാണ് എഴുതാന്‍ പറ്റിയ കാലം. എണ്‍പതു വര്‍ഷം ജീവിതം തന്ന പാഠങ്ങള്‍, അനുഭവങ്ങള്‍. ഒരായുഷ്‌ക്കാലത്തിന്‍റെ ബാക്കിപത്രമാണത്.”

എണ്‍പത്തൊന്നാം വയസില്‍ ഫെയ്സ്ബുക്കില്‍ തുടരനായി ആത്മകഥയുടെ ആദ്യഭാഗം എഴുതിത്തീര്‍ത്ത കൃഷ്ണകുമാരി അമ്മയുടെ വാക്കുകള്‍.

വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കാനായി ഫെയ്സ്ബുക്ക് പരിചയപ്പെടുത്തിക്കൊടുത്തത് മക്കളും കൊച്ചുമക്കളുമാണ്.

​കൃഷ്ണകുമാരി അമ്മ

അതുപയോഗിക്കാനായി ഒരു സ്മാര്‍ട്ട് ഫോണും വാങ്ങിനല്‍കി. പുതിയ സാങ്കേതിക വിദ്യ കൈയിലൊതുങ്ങാന്‍ മടിച്ച് ആദ്യമൊന്നു മാറിനിന്നെങ്കിലും കൃഷ്ണകുമാരി അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഗൂഗിള്‍ ഹാന്‍ഡ്റൈറ്റിങ്ങ് ഇന്‍പുട്ട് വഴിപ്പെടുകയായിരുന്നു.

നല്ലെഴുത്ത് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ തമാശയായാണ് ഓര്‍മ്മക്കുറിപ്പുകളെഴുതി തുടങ്ങിയത്. കുട്ടനാടന്‍ ജീവിതവും അമ്പലപ്പുഴ ക്ഷേത്ര പരിസരവും പഴമയും കുട്ടനാടിന്‍റെ കഥാകാരനായ തകഴിയുടെ കുടുംബവുമായുളള സൗഹൃദവുമെല്ലാം ഇഴചേര്‍ന്ന കുറിപ്പുകള്‍ വായനക്കാരേറ്റെടുത്തു. തുടര്‍ന്നെഴുതാന്‍ പ്രേരിപ്പിച്ചു. മൂന്ന് മാസത്തോളം തുടര്‍ച്ചയായുളള കുറിപ്പുകള്‍ ഇപ്പോള്‍ പ്രഭാത് ബുക്ക്ഹൗസ് പുസ്തകമാക്കിയിരിക്കുകയാണ്– ‘കദളി പൂക്കുന്ന കരുമാടിയില്‍ നിന്നും’ എന്ന പേരില്‍.


ഇതുകൂടി വായിക്കാം: കാൽവരകൾ: ഉമ്മുല്‍ കുലുസിന്‍റെ കഥ, സുഹറയുടെയും


എഴുത്തിന്‍റെ വഴിയില്‍ പക്ഷെ തുടക്കക്കാരിയല്ല കൃഷ്ണകുമാരി അമ്മ. കുങ്കുമം വാരികയില്‍ ആദ്യമെഴുതിയ ‘തീരം തേടുന്ന തിര’യില്‍ തുടങ്ങി കുങ്കുമത്തിലും ജനയുഗത്തിലുമായി പ്രസിദ്ധീകരിച്ച കഥകള്‍ രണ്ട് സമാഹാരങ്ങളിലായി ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ച് നോവലുകളും എന്‍ബിഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാഭാരത കഥാപാത്രമായ കുന്തിയുടെ വേറിട്ട വായനാനുഭവമാണ് ‘കുന്തി’ എന്ന പേരില്‍ത്തന്നെയുളള നോവല്‍.

കുന്തിയെ സ്ത്രീപക്ഷത്ത് നിന്നു സമീപിക്കുന്ന നോവലിന് പക്ഷെ വേണ്ടത്ര നിരൂപകശ്രദ്ധ ലഭിക്കാതെ പോയി. എങ്കിലും വായനക്കാര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രഭാത് ബുക്ക് ഹൗസ് ആ നോവലിന്‍റെ നാലാം പതിപ്പ് പുറത്തിറക്കി. കുന്തി ഇത്തവണ ഷാര്‍ജ അന്തര്‍ദേശീയ പുസ്തകമേളയിലും സാന്നിദ്ധ്യമറിയിച്ചു.

ഭര്‍ത്താവ് കെ.എസ്.കൃഷ്ണന്‍ അറിയപ്പെടുന്ന ഹാസസാഹിത്യകാരനായിരുന്നു. കെ.ബാലകൃഷ്ണന്‍, കാമ്പിശ്ശേരി കരുണാകരന്‍ തുടങ്ങിയ സാഹിത്യപ്രവര്‍ത്തകരുമായി ഉറ്റചങ്ങാത്തമുണ്ടായിരുന്നു കൃഷ്ണകുമാരി അമ്മയ്ക്ക്. എന്നിട്ടും മലയാളസാഹിത്യത്തിന്‍റെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ ശ്രമിക്കാതിരുന്നതെന്ത്? ആ ചോദ്യത്തിന് ഒരു മറുപടിയേ കൃഷ്ണകുമാരി അമ്മയ്ക്കുളളു.

കാലം ഇന്നത്തേതുപോലെ സ്ത്രീകള്‍ക്ക് അനുകൂലമായിരുന്നില്ല. പ്രശസ്തിക്കുവേണ്ടി എഴുതണമെന്ന് അന്ന് തോന്നിച്ചതുമില്ല.

കൃഷ്ണകുമാരി അമ്മ ​സഹായികളായ നിര്‍മ്മലയ്ക്കും രാജമ്മയ്ക്കുമൊപ്പം

വാസ്തവത്തില്‍ ജീവിതം ലഘുവാക്കാനുളള മരുന്നായിരുന്നു എഴുത്ത്. നാളുകളോളം ഡോക്ടര്‍മാര്‍ക്ക് പിടികൊടുക്കാതെ അലട്ടിയ ഹൃദയസംബന്ധിയായ അസുഖത്തിന് കുറിച്ചുകിട്ടിയ മരുന്ന്. ശ്വാസംമുട്ടലും അകാരണമായി ഹൃദയമിടിപ്പ് കൂടുന്നതും പതിവായപ്പോഴാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ഡോ.പൈയെ കാണുന്നത്.

തുടര്‍ച്ചയായ പരിശോധനകളും മറ്റുമായി ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും ഗൗരവതരമായി ഒന്നും കണ്ടെത്താനായില്ല. പക്ഷെ ചിന്തകളും ആശയങ്ങളും കൊണ്ട് മനോരാജ്യം പണിയുന്നതില്‍ വിദഗ്ധയാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ഒരുപുസ്തകമെഴുതാനായിരുന്നു.

കഥപോലെ എളുപ്പത്തിലെഴുതാവുന്ന ഒന്നല്ല, അല്‍പസ്വല്‍പം ഗവേഷണവും അലച്ചിലുമെല്ലാം വേണ്ടിവരുന്ന ശ്രമകരമായൊരു പുസ്തകം.


ഇതുകൂടി വായിക്കാം: ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍


അങ്ങനെയാണ് സ്വാതന്ത്രസമരസേനാനിയും സാഹിത്യപ്രവര്‍ത്തകനുമൊക്കെയായിരുന്ന സ്വന്തം പിതാവ് കെ.കെ.കുഞ്ചുപിളളയുടെ ജീവചരിത്രമെഴുതാനാരംഭിച്ചത്. തന്‍റെ ഏഴാം വയസില്‍ അന്തരിച്ചുപോയ അച്ഛനെക്കുറിച്ചുളള പുസ്തകമെഴുത്ത് ശ്രമകരമായ ജോലി തന്നെയായിരുന്നെന്ന് കൃഷ്ണകുമാരി അമ്മ ഓര്‍ക്കുന്നു.

മലയാളം, ഇംഗ്ലിഷ് ഭാഷകളില്‍ ഒരുപോലെ പാണ്ഡിത്യവും അറിവുമുണ്ടായിരുന്ന ഭര്‍ത്താവ് തന്‍റെ എഴുത്തിനെ അംഗീകരിക്കുമോ എന്ന സംശയത്തില്‍ സ്വന്തം പേര് മറച്ചുവെച്ച് കറുത്തമ്മ എന്ന തൂലികാനാമത്തിലായിരുന്നു ആദ്യകാലത്ത് കഥകളെഴുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ‘കുന്തി’യുടെ എഴുത്തിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. എങ്കിലും അതിനോടകം സാഹിത്യലോകത്ത് തന്‍റേതായ ഇടവും അനേകം സൗഹൃദങ്ങളുമുണ്ടായിരുന്ന കെ.എസ്. കൃഷ്ണനെ പൂര്‍ണമായും ആ വഴിക്ക് വിട്ടുകൊടുത്ത് മൂന്ന് മക്കളുളള കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങളേറ്റെടുത്ത് അതിലേക്ക് ചുരുങ്ങുകയായിരുന്നു കൃഷ്ണകുമാരി അമ്മ.

“അന്നൊക്കെ സ്വജീവിതമായിരുന്നു സ്ത്രീകളായ എഴുത്തുകാര്‍ എഴുതിയിരുന്നത്. ആത്മാവിഷ്‌ക്കാരം തന്നെയാണ് രചന.

കൃഷ്ണകുമാരി അമ്മ

“ദാമ്പത്യദുഃഖങ്ങള്‍ അല്ലെങ്കില്‍ വീട്ടിലെ പട്ടിണി, ഇതൊക്കെയാണ് മിക്കവാറും ചെറുപ്പക്കാരായ സ്ത്രീകള്‍ വിഷയമാക്കിയിരുന്നത്. അതാണീ പെണ്ണെഴുത്തെന്ന ഒരു വാക്ക്. പെണ്ണെഴുത്തിനെ കുറിച്ച് ഞാന്‍ മനസിലാക്കുന്നത്, അവരുടെ അത്തരം പ്രശ്നങ്ങളാണവര്‍ ഹൈലറ്റ് ചെയ്തത്. അതാണവരുടെ മനസില്‍ എപ്പോഴും കാണുകയുളളു. എന്നെ സംബന്ധിച്ചാണെങ്കില്‍, എന്‍റെ മനസിന്‍റെ തൃപ്തിക്കു വേണ്ടിയാണ് ഞാനെഴുതിയിരുന്നത്.”

ഭര്‍ത്താവിന്‍റെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നവരോട് തന്‍റെ എഴുത്തിനെക്കുറിച്ചു പറയാന്‍ അവര്‍ മടിച്ചു. ജോലിയും വീട്ടുഭാരവും കഴിഞ്ഞ് കിട്ടുന്ന സമയങ്ങളില്‍ എഴുതി, പത്തുവര്‍ഷത്തിലൊരിക്കലൊരു പുസ്തകമെങ്കിലും പുറത്തിറക്കണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്ന് കൃഷ്ണകുമാരി അമ്മ പറയുന്നു.

കേരള സര്‍വകലാശാലയിലെ ജോലിയില്‍ നിന്നും സ്വയം വിരമിച്ചതിന് ശേഷം അനൗപചാരിക വിദ്യഭ്യാസവികസന സമിതിയുടെ ഭാഗമായി കാന്‍ഫെഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനിടയായി. ദേശീയതലത്തില്‍ അവര്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടിയുടെ ഭാഗമായി ഉത്തരേന്ത്യയില്‍ ചെലവഴിച്ച മൂന്നാഴ്ച്ചക്കാലത്താണ് കുന്തി ഒരു കഥാപാത്രമായി മനസില്‍ തടയുന്നത്. കുന്തി പുസ്തകരൂപമായപ്പോഴേക്കും തന്നിലെ എഴുത്തുകാരിയെ ഭര്‍ത്താവും അംഗികരിച്ചിരുന്നു. അതിന്‍റെ രണ്ടാം പതിപ്പും ഇറങ്ങിക്കഴിഞ്ഞാണദ്ദേഹം യാത്രയായത്.

ഭര്‍ത്താവിന്‍റെ മരണശേഷം തിരുവനന്തപുരത്തെ വീട്ടില്‍ തനിച്ചായപ്പോള്‍ ആ ശൂന്യതയെ മറികടക്കാനായിരുന്നു അടുത്ത പുസ്തകം.

കൃഷ്ണകുമാരി അമ്മ. ഫോട്ടോ: ഫേസ്ബുക്ക്

ആകാശവാണിയില്‍ സുഭാഷിതവും സായന്തനവും എഴുതി അവതരിപ്പിച്ചിരുന്ന വകയില്‍ ലഭിച്ച സുഹൃത്തുക്കളുടെ നിര്‍ബന്ധവും പ്രോല്‍സാഹനവുമായിരുന്നു ‘ഓര്‍മ്മമേഘങ്ങളെ’ന്ന ആ പുസ്തകത്തിനു പിന്നില്‍. മേധാക്ഷയം (dementia) ബാധിച്ച ഭര്‍ത്താവുമൊത്തുളള അവസാനകാലമായിരുന്നു വിഷയം. അതിന് ആകാശവാണിയുടെ ദേശീയതല മല്‍സരത്തില്‍ അവാര്‍ഡും ലഭിച്ചു.


ഇതുകൂടി വായിക്കാം: സുനാമികയെപ്പോലെ ചേക്കുട്ടിയും: തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്


ഓരോ പുസ്തകവും പൂര്‍ത്തിയാവുമ്പോള്‍ ബാക്കിയാവുന്ന ശൂന്യത ഡോക്ടറുടെ പഴയ കുറിപ്പടിയുടെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. കഥാതന്തു തേടി വീണ്ടും മഹാഭാരതകഥകളിലേക്ക്. ഇത്തവണ മനസിലുടക്കിയത് വിദുരര്‍ ആണ്. മുനിശാപത്താല്‍ ശൂദ്രനായി ജന്മമെടുക്കേണ്ടിവരുന്ന സാക്ഷാല്‍ യമധര്‍മ്മനാണ് വിദുരര്‍. മനുഷ്യജന്മത്തിലും തന്‍റെ ധര്‍മ്മനീതികളെ മുറുകെപിടിക്കുന്ന വിദുരരുടെ മാനസിക സംഘര്‍ഷങ്ങളാണ് ഏറ്റവും പുതിയ നോവലിന്‍റെ പ്രമേയം.

“എന്‍റെ അച്ഛനെ കുറിച്ചല്ലാതെ ഒരു പുരുഷകഥാപാത്രത്തെ കേന്ദ്രമാക്കി ഞാനാദ്യമായാണ് എഴുതുന്നത്. ഇതുവരെ എഴുതിയതിലെല്ലാം സ്ത്രീകളാണ് പ്രധാനമായും. വിദുരരെ പുരുഷനെന്ന നിലക്കല്ല ഞാന്‍ കണ്ടത്. സംഘര്‍ഷത്തില്‍ കിടക്കുന്ന ഒരുവലിയ കുടുംബത്തിനകത്തേക്ക് യാദൃശ്ചികമായി വന്നുപെട്ട് അതിലെ ഒരംഗമായി മാറിയ ഒരാളാണ് വിദുരര്‍. അങ്ങേരനുഭവിക്കുന്ന മാനസികവ്യഥ വളരെ ബുദ്ധിമുട്ടാണ്. ഭരണകര്‍ത്താക്കള്‍ക്കെല്ലാവര്‍ക്കും വ്യഥ ഉണ്ടാകുമെന്നാണെന്‍റെ കണ്‍ക്ലൂഷന്‍. ആ പുസ്തകം ഇപ്പോള്‍ അച്ചടിയിലാണ്. നവംബറില്‍ത്തന്നെ പ്രകാശനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.” അറുപത് വര്‍ഷം നീണ്ട എഴുത്തിന്‍റെ കണ്ണിയിലെ ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ച് കൃഷ്ണകുമാരി അമ്മ പറയുന്നു.

ഇനിയും എഴുതുമോ? ‘തീര്‍ച്ചയായും,’ മറുപടി ഉടന്‍ വന്നു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ധാരാളം പേരുണ്ട്. ഈ എഴുത്താണവരെ തന്നത്. ഇനിയും എഴുതാന്‍ അവരില്‍ പലരും നിര്‍ബന്ധിക്കുന്നുമുണ്ട്.

“പേനയും കടലാസുമുപയോഗിച്ചുളള എഴുത്ത് കുറച്ച് പാടാണിപ്പോള്‍. ഞാനാദ്യമേ പറഞ്ഞില്ലേ, വാര്‍ദ്ധക്യസഹജമായ ശാരീരികാവസ്ഥകള്‍. ഫോണിലെഴുതുക സൗകര്യമാണ്. തിരുത്താനും മറ്റുമൊക്കെ. മുമ്പൊക്കെ പലതവണ പേപ്പറില്‍ തിരുത്തിയെഴുതുകയാണ് പതിവ്. ഒരു കൃതി പൂര്‍ത്തിയാവുമ്പോഴേക്കും നാലും അഞ്ചും കോപ്പി പകര്‍ത്തിക്കഴിഞ്ഞിരിക്കും.

“പക്ഷെ ഓര്‍മ്മക്കുറിപ്പുകള്‍ നേരെ ഫെയ്സ്ബുക്കിലേക്ക് എഴുതുകയായിരുന്നു, മനസ്സില്‍ നോക്കി പകര്‍ത്തുന്നതുപോലെ.”

​കൃഷ്ണകുമാരി അമ്മ എഴുതിയ പുസ്തകങ്ങള്‍

“വാര്‍ദ്ധക്യം മൂപ്പെത്തിയ കുടമുല്ലവളളി പോലെയാണ്. കുരുന്നിലേ താഴെ ആകെ പടര്‍ന്ന് നിറയെ പൂവായിരിക്കും. കാലം കഴിയുന്തോറും വളളി മുകളിലേക്ക് പടരും പൂക്കളുടെ എണ്ണം കുറയും. പക്ഷെ മണം കൂടും. മണ്ണില്‍നില്‍ക്കുന്നവര്‍ക്ക് പൂക്കള്‍ കൈയ്യെത്തിപ്പറിക്കാനായെന്നുവരില്ല, ആരും അതിനു മെനക്കെടുകയുമില്ല. ഫലത്തില്‍ ആ പൂക്കള്‍ ഈശ്വരനുവേണ്ടി വിടര്‍ന്നുകൊഴിയും. അതുപോലെയാണ് വൃദ്ധരുടെ കാര്യം. അവരുടെ ജ്ഞാനം ആര്‍ക്കും വേണ്ട. അതൊരു സത്യമാണ്.

“അതുകൊണ്ടെനിക്ക് വിഷമവുമില്ല. മക്കള്‍ മൂന്ന്പേരും അവരവരുടെ കുടുംബങ്ങളുമായി സ്വസ്ഥമായിക്കഴിയുന്നു. സ്വന്തം കാലില്‍ നില്‍ക്കുന്ന മക്കളാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം. ഇന്നത്തെ കാലത്ത് അവരാരും ഡിവോഴ്സ് വേണമെന്ന് പറഞ്ഞെന്നെ ബുദ്ധിമുട്ടിക്കുന്നില്ല. പിന്നെ എനിക്കിവിടെ രാവും പകലും കൂട്ടിനായി സഹായികള്‍ നിര്‍മ്മലയും രാജമ്മയുമുണ്ട്. കൂടാതെ ഡിസൂസയെന്ന പൂച്ചയും.

“ഈ പ്രസരിപ്പോടെതന്നെ മരിച്ചുപോകണമെന്നാണ് ആഗ്രഹം. ഒരുദിവസം പോലും കിടന്ന് ആരെയും ബുദ്ധിമുട്ടിക്കരുത്. ദാ, ഇതുപോലെ, പ്രെസന്‍റബിളായി, ഭംഗിയായി, ചമഞ്ഞുതന്നെ പോകണം.”

തട്ടിക്കൂട്ടുന്ന ഒന്നോ രണ്ടോ പുസ്തകത്തിന്‍റെ ബലത്തില്‍ എഴുത്തുകാര്‍ ചമഞ്ഞു നടക്കുന്നവരുടെ ഇടയില്‍ പതിനൊന്നു പുസ്തകങ്ങള്‍ പൂര്‍ത്തിയായിട്ടും “എഴുത്തുകാരിയാണ് എന്നുറക്കെ പറയാന്‍ എനിക്കിപ്പോഴും ധൈര്യം പോരെ”ന്ന് വിനയാന്വിതയാവുന്നു ഈയമ്മ.

ഈ രചന ഇഷ്ടപ്പെട്ടോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം