തുണിസഞ്ചിയും തൂക്കി നടന്ന ഈ പെണ്‍കുട്ടികള്‍ വഴികാട്ടിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്

ഇന്നവര്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ തൊടുന്ന നിരവധി ചെറുവൃത്തങ്ങളിലേക്ക് പടര്‍ന്നു.

തുണിസ‍ഞ്ചിയും തൂക്കി നടക്കുന്നത് ഒരു ‘ബുജി’ പരിപാടിയാണെന്നാണല്ലോ വെപ്പ്, പ്രത്യേകിച്ചും നമ്മുടെ കാമ്പസുകളില്‍.  ‘സഞ്ചി’ എന്നത് ‘പരിസ്ഥിതിക്കാരെ’ കൊട്ടാനുള്ള ഒരു  സ്ഥിരം ട്രോളുമാണല്ലോ.

ബുദ്ധിജീവികളാകാനുള്ള ശ്രമമൊന്നുമല്ല; എറണാകുളം സെന്‍റ് തെരേസാസ് കോളെജിലെ ആയിരത്തോളം  വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് തുണി സഞ്ചികളാണ്, അവരുടെ കൂട്ടുകാര്‍ തന്നെ തുന്നിയെടുത്ത തുണി ബാഗുകള്‍.

ആ തുണി സഞ്ചികളില്‍ നിന്നു തന്നെയായിരുന്നു അവരുടെ തുടക്കം…

സെന്‍റ് തെരേസാസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബാഗുകള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറുന്നു. ഫോട്ടോ: ഫേസ്ബുക്ക്

ഒരു കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്നതിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ചെറിയൊരു ശ്രമമായിരുന്നു അത്. പരിസ്ഥിതിയെ നോവിക്കാതെ ജീവിക്കുവാനുള്ള ശ്രമങ്ങളുടെ തുടക്കം.

പക്ഷേ, ഇന്നവര്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ തൊടുന്ന നിരവധി ചെറുവൃത്തങ്ങളിലേക്ക് പടര്‍ന്നു; ഒരു ഗ്രാമത്തെ മുഴുവന്‍ മാലിന്യമുക്തമാക്കാനുള്ള നീണ്ട യജ്ഞം, പേപ്പര്‍ ബാഗുകളും തുണി സഞ്ചികളും നിര്‍മ്മിക്കാന്‍ നിരവധി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കല്‍, പ്ലാസ്റ്റിക് മുക്ത പരിസരങ്ങള്‍ക്കായുള്ള പ്രചാരണങ്ങള്‍…


ഇതുകൂടി വായിക്കാം: ട്രോള്‍മഴ ഒഴിഞ്ഞപ്പോള്‍ പെയ്ത നന്മമഴ 


പറഞ്ഞുവരുന്നത് എറണാകുളം സെന്‍റ്  തെരേസാസ് കോളെജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികളെക്കുറിച്ചാണ്. ചുറ്റുപാടുകളെ മാലിന്യമുക്തമാക്കാനും കുറച്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനും കുറച്ചുവിദ്യാര്‍ത്ഥികള്‍ നടത്തുന്ന ചെറിയ ശ്രമങ്ങളുടെ വലിയ വിജയത്തെക്കുറിച്ചാണ്.

കോളെജിലെ 150-ഓളം വിദ്യാര്‍ത്ഥികളാണ് ഭൂമിത്ര സേന ക്ലബിന്‍റെയും സ്റ്റെപ്പ് (സൊസൈറ്റി ഓഫ് തെരേസ്യന്‍ ഫോര്‍ എന്‍വയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍) എന്ന സംഘടനയുടെയും കുടക്കീഴില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.

സെന്‍റ് തെരേസാസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച തുണി സഞ്ചികള്‍ വില്‍പനയ്ക്ക്. ഫോട്ടോ: ഫേസ്ബുക്ക്

“പ്ലാസ്റ്റികിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്,” വിദ്യാര്‍ത്ഥിയും ഭൂമിത്ര സേനയുടെ പ്രവര്‍ത്തകയുമായ ഷഫഹത്ത് പറയുന്നു. 2014-’15 അധ്യയന വര്‍ഷത്തിലാണ് ഭൂമിത്രസേന തുടങ്ങുന്നത്.

“ഇക്കാലത്തിനിടയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നതിന്‍റെ സംതൃപ്തി ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ട്. ഭൂമിത്ര സേന ക്ലബ്ബിന്‍റെ ഭാഗമാകാന്‍ നിരവധി വിദ്യാര്‍ത്ഥികളാണ് മുന്നോട്ടു വരുന്നത്,” ഷഫഹത്ത് കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം: ‘കാപ്പിശാസ്ത്ര’ത്തിന്‍റെ രഹസ്യങ്ങളറിയാൻ: കോഫീ ടേസ്റ്റർ ആവാൻ ആദ്യ ദലിത് വനിത


പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ തുണി സഞ്ചികളും ബാഗുകളും നിര്‍മ്മിച്ചുകൊണ്ടാണ് സ്റ്റെപ്പും ഭൂമിത്ര സേനയും തുടങ്ങുന്നത്. കോളെജില്‍ തന്നെ നിര്‍മ്മിച്ച ഈ തുണി ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചു. നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്.

തുണി ബാഗുകളില്‍ നിന്ന് വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ അത് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി.

സെന്‍റ് തെരേസാസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍ മലയാറ്റൂര്‍ പ്രചാരണത്തിനിടയില്‍. ഫോട്ടോ: ഫേസ്ബുക്ക്

അടുത്ത ഘട്ടം തുടങ്ങുന്നതിനുള്ള ഊര്‍ജ്ജം അങ്ങനെയാണ് ലഭിച്ചത്. ഒരു കൂട്ടം അധ്യാപകരുടെ സഹായവും അവര്‍ക്ക് ലഭിച്ചു.

“ഇതിനിടയിലാണ് ടെയ്ലറിങ്ങ് മാലിന്യം വളരെയധികം ഉണ്ടെന്ന സത്യം മനസ്സിലാക്കിയത്,” അധ്യാപികയായ നിര്‍മ്മല പത്മനാഭന്‍ പറഞ്ഞു. തുടര്‍ന്ന് തയ്യല്‍ മാലിന്യത്തില്‍ നിന്ന് പെന്‍സില്‍ പൗച്ചുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അഞ്ച് പഞ്ചായത്തുകളില്‍ തയ്യല്‍ മാലിന്യം ശേഖരിച്ച് പൗച്ചുകള്‍ ഉണ്ടാക്കുന്നതിന് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയാണ് കോളെജിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപിക വിശദീകരിക്കുന്നു.


ഇതുകൂടി വായിക്കാം: ആറ് വര്‍ഷം, 312 ഒഴിവുദിനങ്ങള്‍, 500,00 മണിക്കൂര്‍! ഈ കെട്ടുപണിക്കാര്‍ സൗജന്യമായി നിര്‍മ്മിച്ചത് 18 സ്വപ്നക്കൂടുകള്‍


പഞ്ചായത്തുകളിൽ തൊഴിൽ പരിശീലനത്തിന് കുടുംബശ്രീയുടെ സഹായവുമുണ്ട്. ഞാറയ്ക്കല്‍, ചേരാനെല്ലൂര്‍, കുന്നുകരയിലെ തുരുത്തിക്കര, കുഴിപ്പിളളി എന്നീ പഞ്ചായത്തുകളിലാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്.

ഇതിന് പുറമെ എറണാകുളത്തിന്‍റെ ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന് പേപ്പര്‍ ബാഗുകളും തുണി സഞ്ചികളും നിര്‍മ്മിച്ചു നല്‍കി കോളെജ് വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്.

ഗ്രാമീണ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും അവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.

കൂടാതെ, കോളെജിലെ വിദ്യാര്‍ത്ഥിനികള്‍ സ്വയം ഈ തൊഴില്‍ചെയ്യുന്നുമുണ്ട്.

എറണാകുളം സെന്‍റ് തെരേസാസ് കോളെജിലെ വിദ്യാര്‍ത്ഥിനികള്‍ പൊക്കാളി നെല്ല് കൊയ്തെടുക്കുന്നു. ഫോട്ടോ: ഫേസ്ബുക്ക്

കാമ്പസില്‍ തന്നെ തുണി ബാഗുകളും പേപ്പര്‍ പേനകളും വില്‍പ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. കോളെജിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ ഇവര്‍ നിര്‍മ്മിച്ച തുണി ബാഗുകളാണ് ഉപയോഗിക്കുന്നത്.

വൈപ്പിനിലെ ഏഴിക്കരയിൽ സെന്‍റ് തെരേസാസ് കോളെജ് വിദ്യാർത്ഥികൾ ആരംഭിച്ച മാലിന്യനിർമ്മാർജ്ജന പദ്ധതി വളരെ ശ്രദ്ധ നേടിയിരുന്നു.
ഏഴഴകിലേക്ക് ഏഴിക്കര എന്ന പദ്ധതി ഭൂമിത്ര സേന ഏറ്റെടുത്ത ആദ്യത്തേത്തായിരുന്നു.


ഇതുകൂടി വായിക്കാം: ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍


ആദ്യഘട്ടത്തില്‍ ഏഴിക്കരയിലെ വീടുകളില്‍ മണ്ണില്‍ അലിഞ്ഞു ചേരുന്നതും അല്ലാത്തതുമായ വസ്തുക്കള്‍ വേര്‍തിരിച്ചെടുക്കുകയാണ് ചെയ്തത്. തുടര്‍ന്ന് അലിഞ്ഞു ചേരാത്ത മാലിന്യം കുടുംബശ്രീ വഴി സംഭരിച്ച് പുനരുപയോ​ഗം നടത്തുന്ന കമ്പനികളെ എല്‍പ്പിച്ചു. ഈ പദ്ധതി വളരെ വിജയകരമായിരുന്നു എന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.

ഏഴിക്കരയെ മാലന്യ പ്രശ്നങ്ങൾ വലിയ തോതിൽ പരിഹരിക്കുന്നതിൽ വിജയിച്ച ഈ പദ്ധതി ഇന്നും തുടരുന്നു.

സെന്‍റ് തെരേസാസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ കുളം ശുചീകരിക്കുന്നു. ഫോട്ടോ: ഫേസ്ബുക്ക്

ഇതേ കാലയളവില്‍ തുണി സഞ്ചി നിര്‍മ്മാണവും ഇവിടുത്തെ വീടുകളിലെ സ്ത്രീകളില്‍ പരിശീലിപ്പിച്ചു. അജൈവ മാലിന്യസംസ്കരണത്തിന് വഴി കാണിച്ചുകൊടുത്തതോടൊപ്പം പ്ലാസ്റ്റിക് ഉപയോ​ഗം ​ഗണ്യമായി കുറക്കുന്നതിനുള്ള മാർ​ഗം കാണിച്ചുകൊടുക്കുകയും ചെയ്തതിലൂടെ സുസ്ഥിരമായ ഒരു മാതൃകയാണ് ഈ കോളെജ് വിദ്യാർത്ഥികൾ ഏഴിക്കരയിൽ മുന്നോട്ടുവെച്ചത്.

മലയാറ്റൂര്‍ തീര്‍ത്ഥാടനകാലത്തെ ഇടപെടലാണ് കോളെജ് വിദ്യാർത്ഥികളുടെ ഈ ക്ലബിനെ ശ്രദ്ധേയമാക്കിയ മറ്റൊന്ന്. തീർത്ഥാടനകാലത്ത് മലയാറ്റൂരിനെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുളള സംഘം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

ഓരോ ദിവസവും നാലു പേരടങ്ങുന്ന സംഘം മാറി നിന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്ലാസ്റ്റിക് ബോട്ടിലുകളാണ ഇവര്‍ ശേഖരിച്ചത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തുന്നവരില്‍ നിന്നും പ്ലാസ്റ്റിക് ബോട്ടിലുകള്‍ കയറ്റുന്നതിന് പത്ത് രൂപ ഈടാക്കുകയും. തിരിച്ചെത്തി ഈ ബോട്ടിലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കിയാല്‍ 10 രൂപ തിരിച്ചു നല്‍കുകയും ചെയ്തു.

 ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ ക്ലബ്ബ് സ്വീകരിച്ചു. ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകള്‍ പുനർനിർമ്മാണത്തിന് നല്‍കുകയും ചെയ്തു.

സെന്‍റ് തെരേസാസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച തുണി സഞ്ചികള്‍ വില്‍പനയ്ക്ക്. ഫോട്ടോ: ഫേസ്ബുക്ക്

പെരുമ്പാവൂരിലെ കുഴിപ്പിളളി പഞ്ചായത്തില്‍ ജലശുചിത്വത്തെ കുറിച്ച് സര്‍വ്വെ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ജല വിഭവ വികസന കേന്ദ്രത്തിന്‍റെ മൊബൈല്‍ വാട്ടര്‍ അനാലിസിസ് ലാബോറട്ടറിയുടെ സഹായത്തോടെ ആ പ്രദേശത്തെ ജലത്തിന്‍റെ ഗുണനിലവാരം നിര്‍ണയിച്ചു. ഇതു കൂടാതെ പ്രളയാനന്തര കേരളത്തിനായി ക്ലബ്ബും സ്റ്റെപ്പും ചേര്‍ന്നു പ്രവര്‍ത്തിച്ചു. ചേരാനെല്ലൂര്‍ പഞ്ചായത്തിലെ ചെളി കയറിയ വീട് വൃത്തിയാക്കുന്നതില്‍ ഇവര്‍ ഒരുമിച്ചു.

വെളളത്തിന്‍റെ മൂല്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വിവിധ കോളേജുകളെ പങ്കെടുപ്പിച്ചു കൊണ്ട് പദയാത്ര സംഘടിപ്പിച്ചിരുന്നു.  ഓരോ പ്രധാനപ്പെട്ട ദിനങ്ങളിലും സെമിനാറുകളും മറ്റും നടത്തി അത് പൊതുജനങ്ങളുടെ അരികിലെത്തിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ക്ലബ്ബ് അംഗമായ എയ്ഞ്ചല്‍ പറയുന്നു.

ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ മനസ്സിലുണ്ട്. അത് ക്ലബ്ബിലൂടെ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാർത്ഥികൾ പറയുന്നു.

സെന്‍റ് തെരേസാസ് കോളെജിലെ വിദ്യാര്‍ത്ഥിനികള്‍ ഗ്രീന്‍ മലയാറ്റൂര്‍ പ്രചാരണത്തിനിടയില്‍. ഫോട്ടോ: ഫേസ്ബുക്ക്

കളക്ടറുടെ ഹരിതഭവനം പദ്ധതിയിലും ക്ലബ്ബ് പങ്കാളിയായിട്ടുണ്ട്.

കേരള സര്‍ക്കാരിന്‍റെ കീഴിലുളള കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്‍റെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഭൂമിത്രസേന ക്ലബ്ബ്. ഭൂമി മനുഷ്യന്‍റെ മിത്രമാണെന്നും ഭൂമിയെ മിത്രമായി കാണുക എന്ന മനോഭാവം വരും തലമുറയില്‍ വളര്‍ത്തുകയുമാണ് ലക്ഷ്യം. ഭൂമിയെ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആണ് ഇതിലൂടെ നടപ്പാക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് കോളേജില്‍ സ്റ്റെപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ടിന്‍റെയും ലക്ഷ്യം ഒന്നായതു കൊണ്ടാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

 

ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം