10 മിനിറ്റുകൊണ്ട് 225 ലിറ്റര്‍ വെള്ളം, ചെലവ് വെറും 250 രൂപ: ആര്‍ക്കും എളുപ്പം ഉണ്ടാക്കാവുന്ന മഴവെള്ള ശേഖരണ സംവിധാനം

കടുത്ത വേനലും ജലക്ഷാമവും നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ചെന്നൈയില്‍ പെട്ടെന്ന് മഴ പെയ്തത്. അപ്പോഴാണ് ദയാനന്ദ് കൃഷ്ണന്‍ മറ്റൊരു പ്രശ്‌നം മനസ്സിലാക്കിയത്.

ഴവെള്ളക്കൊയ്ത്തിലൂടെ ജലക്ഷാമം പരിഹരിക്കാമെന്നൊക്കെ നമ്മള്‍  പറയുമെങ്കിലും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് പലപ്പോഴും അത്ര എളുപ്പമൊന്നുമല്ല. താഴെ വലിയ ടാങ്ക് നിര്‍മ്മിച്ച് വെള്ളം ശേഖരിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്ന ചെലവ് പലര്‍ക്കും താങ്ങാനാവില്ല. വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കും സ്വന്തമായി അത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കുക ബുദ്ധിമുട്ടായിരിക്കും.

ചെന്നൈയിലെ വരള്‍ച്ച നമ്മളെല്ലാവരും കണ്ടതാണല്ലോ. വെള്ളത്തിനായി ഒരു നഗരം മുഴുവന്‍ നെട്ടോട്ടമോടി. ജലക്ഷാമം എല്ലാവരുടെയും കണ്ണുതുറപ്പിച്ചു. മഴവെള്ളം ശേഖരിക്കാനുള്ള പല സംവിധാനങ്ങളും ആളുകള്‍ പരീക്ഷിക്കുകയാണ് അവിടെ. വരള്‍ച്ചയ്ക്ക് തെല്ലൊരു ആശ്വാസമായിപ്പെയ്ത മഴവെള്ളം ഒരു തുള്ളിപോലും പാഴാക്കാതെ സംഭരിച്ചുവെച്ചവരുണ്ട്.


ഓരോ തുള്ളിയും അമൂല്യമാണ്. വീട്ടിലെ ജല ഉപയോഗം 80 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുന്ന ചെറിയ ഉപകരണങ്ങള്‍ ധാരാളമുണ്ട്. സന്ദര്‍ശിക്കാം, shop.thebetterindia.com


ആറുമാസത്തേക്കുള്ള വെള്ളം സ്റ്റോക്ക് ചെയ്ത നഗരവാസികളുടെ വാര്‍ത്തകളും വന്നിരുന്നു. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഭൂമിക്കടിയിലെ ജലവിതാനം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളും കാര്യമായി നടക്കുന്നുണ്ട്.

ഇതിനിടയില്‍ ചെന്നൈയിലെ ദയാനന്ദ് കൃഷ്ണന്‍ എന്ന 48-കാരന്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ചെലവുകുറഞ്ഞതുമായ ഒരു സംവിധാനവുമായി മുന്നോട്ടുവന്നു. പത്തുമിനിറ്റുകൊണ്ട് 200 ലിറ്ററിലധികം മഴവെള്ളം ശേഖരിക്കാന്‍ കഴിയുന്നതാണ് ഇത്. ഇതിന് അദ്ദേഹത്തിന് ചെലവായത് വെറും 250 രൂപ മാത്രം!


ജൂണ്‍ 26ന് ചെന്നൈയില്‍ മഴ പെയ്തപ്പോള്‍ എന്‍റെ മഴവെള്ള സംഭരണ സംവിധാനം അതിന്‍റെ പണിയെടുത്തു


കടുത്ത വേനലും ജലക്ഷാമവും നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ചെന്നൈയില്‍ പെട്ടെന്ന് മഴ പെയ്തത്. അപ്പോഴാണ് ദയാനന്ദ് കൃഷ്ണന്‍ മറ്റൊരു പ്രശ്‌നം മനസ്സിലാക്കിയത്. “ആയിരക്കണക്കിന് ലി്റ്റര്‍ മഴവെള്ളം പാഴായിപ്പോവുമ്പോഴാണ് നാട്ടില്‍ വെള്ളം കിട്ടാതെ ആളുകള്‍ വലയുന്നത്. അങ്ങനെയാണ് മഴവെളളം സംഭരിക്കാന്‍ എന്നെക്കൊണ്ടെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ചിന്തിച്ചത്,” ദയാനന്ദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

ആവശ്യം വരുമ്പോള്‍ നമ്മള്‍ പല വഴിക്കും ആലോചിക്കുമല്ലോ. എന്‍ജിനീയറായ ദയാനന്ദും പല ഉപായങ്ങളും ആലോചിച്ചു. ഒടുവില്‍ ഈ ചെലവുകുറഞ്ഞ മഴവെള്ള സംഭരണ സംവിധാനം പരീക്ഷിച്ചുനോക്കി.

ഈ സംവിധാനം തയ്യാറാക്കാന്‍ പ്ലംബറോ വിദഗ്ധരോ ഒന്നും വേണ്ട. ആര്‍ക്കും സ്വന്തം വീട്ടില്‍ തനിയെ ചെയ്യാവുന്നതേയുള്ളൂ, അദ്ദേഹം പറഞ്ഞു.

വീട്ടില്‍ ഒരു ഡ്രം ഉണ്ടായിരുന്നതുകൊണ്ട് ദയാനന്ദിന് ആകെ പുറത്തുനിന്ന് വാങ്ങേണ്ടി വന്നത് മൂന്ന് അടി നീളമുള്ള പി വി സി പൈപ്പ്, രണ്ട് പൈപ്പ് ബെന്‍ഡുകള്‍, തുണികൊണ്ടുള്ള ഒരു ഫില്‍റ്റര്‍.

അദ്ദേഹത്തിന്‍റെ വീടിന്‍റെ ടെറസിന് 400 സക്വയര്‍ ഫീറ്റാണ് വിസ്തൃതി. അവിടെ നിന്നാണ് വെള്ളം ശേഖരിച്ചത്. ടെറസില്‍ നിന്ന് താഴേക്ക് പൈപ്പ് ഫിറ്റ് ചെയ്തു. പൈപ്പിന്‍റെ മറ്റേ അറ്റത്ത് തുണികൊണ്ടുള്ള ഫില്‍റ്റര്‍ വെച്ചു. അതിന് താഴെ ഡ്രമ്മും.


ഇതുകൂടി വായിക്കാം:  ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്


“എല്ലാ ടെറസിലും ബാല്‍കണിയിലുമെല്ലാം വെള്ളം പുറത്തേക്ക് കളയാന്‍ എക്‌സിറ്റ് പൈപ്പ് ഫിറ്റ് ചെയ്തിട്ടുണ്ടാകുമല്ലോ. എന്‍റെ സൂത്രം ഇത്രമാത്രം. ഇതിലേക്ക് നീളത്തിലുള്ള പൈപ്പ് ഘടിപ്പിച്ച് വെള്ളം ശേഖരിക്കുക. കരടുകള്‍ മാറ്റാന്‍ ഫില്‍റ്ററും. ജൂണ്‍ 26ന് ചെന്നൈയില്‍ മഴ പെയ്തപ്പോള്‍ എന്‍റെ മഴവെള്ള സംഭരണ സംവിധാനം അതിന്‍റെ പണിയെടുത്തു,” ദയാനന്ദ് ചിരിക്കുന്നു.

അന്ന് ഓഫീസ് വിട്ട് വീട്ടിലേക്ക് വരുമ്പോഴാണ് മഴ തുടങ്ങിയത്, ദയാനന്ദ് പറയുന്നു. മഴവെള്ള സംഭരണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ ആകാംക്ഷയായിരുന്നു. ദയാനന്ദ് ഭാര്യയെ ഫോണില്‍ വിളിച്ചു.

“വെള്ളം ഡ്രമ്മിലേക്കെത്തുന്നുണ്ടെന്ന് അവള്‍ എന്നോട് പറഞ്ഞു. മഴ പെയ്ത് ആദ്യ അഞ്ച് മിനിറ്റുകളില്‍ പൈപ്പ് തോട്ടത്തിലേക്ക് തിരിച്ചുവെച്ചിരിക്കുകയായിരുന്നു. അഴുക്കുവെള്ളം ഒഴുകിപ്പോട്ടെ എന്ന് കരുതി. പിന്നീടാണ് ഡ്രമ്മിലേക്ക് തിരിച്ചുവെച്ചത്. പത്ത് മിനിറ്റിനുള്ളില്‍ ഞങ്ങള്‍ക്ക് 225 ലിറ്റര്‍ വെള്ളം കിട്ടി! രണ്ട് മൂന്ന് ദിവസത്തേക്ക് അത് ധാരാളം,” ദയാനന്ദ് പറയുന്നു.

കേരളത്തിലുള്ളവര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ വലിയ കാര്യമായി തോന്നണമെന്നില്ല. പക്ഷേ, തുള്ളിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയില്‍ ഈ ചെലവുകുറഞ്ഞ സംവിധാനം വലിയ പ്രയോജനം ചെയ്യും.

ദയാനന്ദ് താമസിക്കുന്ന ഭാഗത്ത് മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന വെള്ളം ആഴ്ചയില്‍ ഒരിക്കലേ വരൂ. അത് സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ നാല് ദിവസത്തില്‍ കൂടുതല്‍ തികയില്ല, അദ്ദേഹം പറഞ്ഞു.
ഡ്രമ്മില്‍ ശേഖരിക്കുന്ന മഴവെള്ളം മൂന്ന് അംഗങ്ങളുള്ള കൃഷ്ണന്‍റെ വീട്ടില്‍ പാത്രം കഴുകലും തുണിയലക്കലും ടോയ്‌ലെറ്റിലെ ഉപയോഗത്തിനുമൊക്കെ ധാരാളം.

ശ്രദ്ധിച്ചാലറിയാം, ഒരു ദിവസം നമ്മള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ 20 ശതമാനത്തോടടുപ്പിച്ച് മാത്രമേ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമൊക്കെ വേണ്ടി വരുന്നുള്ളൂ എന്ന്. ബാക്കിയുള്ളതെല്ലാം മറ്റ് ആവശ്യങ്ങള്‍ക്കാണ്. മഴവെള്ളം ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിക്കാം.


ഇതുകൂടി വായിക്കാംകൃഷി ചെയ്യാന്‍ വെള്ളമില്ല; കുളം വെട്ടാന്‍ ഒറ്റയ്ക്ക് തൂമ്പയുമായിറങ്ങിയ കുട്ടിക്കര്‍ഷകന്‍റെ വിശേഷങ്ങള്‍


“ഞങ്ങള്‍ 1,500 രൂപയ്ക്കാണ് ടാങ്കര്‍ വെള്ളം വാങ്ങാറുളളത്. ചെന്നൈയിലെ സാഹചര്യം വെച്ച് ഓര്‍ഡര്‍ കൊടുത്താലും രണ്ട് ദിവസം കഴിഞ്ഞേ കിട്ടു,” എന്ന് ദയാനന്ദ്. “മഴകിട്ടിയാല്‍ ഈ മഴവെള്ള ശേഖരണ സംവിധാനം കൊണ്ട് ഞങ്ങള്‍ക്ക് രണ്ടുമൂന്നു ദിവസം കഴിഞ്ഞുപോകാം. കൂടുതല്‍ വെള്ളം ശേഖരിക്കണമെങ്കില്‍ കൂടുതല്‍ ഡ്രമ്മുകള്‍ വാങ്ങിവെയ്ക്കണം, അത്രയേ ഉള്ളൂ.”

ഫ്‌ളാറ്റുകളിലും ചെറിയ വീടുകളിലും താമസിക്കുന്നവര്‍ക്ക് ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കാവുന്നതാണ്. ദയാനന്ദന്‍റെ സുഹൃത്തുക്കള്‍ പലരും ഇപ്പോഴേ ഇങ്ങനെ മഴവെള്ളക്കൊയ്ത്ത് തുടങ്ങി. ഡ്രമ്മിലല്ലാതെ നേരിട്ട് താഴെയുള്ള ടാങ്കിലേക്കും ഇതുപോലെ വെള്ളം സംഭരിക്കാവുന്നതേയുള്ളൂ.

പൈപ്പിന്‍റെ നീളം കൂടുന്നതിനനുസരിച്ച് ചെലവില്‍ വ്യത്യാസം വരും. ഫിറ്റ് ചെയ്യാന്‍ പ്ലംബറിനെ വിളിക്കേണ്ട കാര്യമൊന്നുമില്ല.

***

ദയാനന്ദിനെ dayatiger73@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.

ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും കടപ്പാട്: ദയാനന്ദ് കൃഷ്ണന്‍

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം