ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍

ആ ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ പിന്നെ ഫോണിന് റേഞ്ചില്ല, സഹിക്കാന്‍ പറ്റാത്ത തണുപ്പും.. പിന്നെ ആനക്കൂട്ടത്തിന്‍റെ ശല്യവും. വലിയ ആഴിയൊക്കെ കൂട്ടിയാണ് അന്ന് ആനകളെ അകറ്റി നിര്‍ത്തിയിരുന്നത്

“ബ സ് പോകുന്ന വഴിയില്‍ നിന്നും 22-23 കിലോമീറ്റര്‍ മാറിയാണ് ഈ പറയുന്ന കോളനികള്‍. അവിടെയാണെങ്കില്‍ ആനയും കാട്ടുപോത്തും അങ്ങനെ പല മൃഗങ്ങളുള്ള കൊടുംകാട്…” ആ മൂന്ന് മാസക്കാലം സുധ ഓര്‍ത്തെടുക്കുന്നു.

“ആ ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ പിന്നെ ഫോണിന് റേഞ്ചില്ല, സഹിക്കാന്‍ പറ്റാത്ത തണുപ്പും.. പിന്നെ ആനക്കൂട്ടത്തിന്‍റെ ശല്യവും. വലിയ ആഴിയൊക്കെ കൂട്ടിയാണ് അന്ന് ആനകളെ അകറ്റി നിര്‍ത്തിയിരുന്നത്.”


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


കാട്ടുവഴികളിലൂടെ കിലോമീറ്ററുകള്‍ നടന്നും പുഴ മുറിച്ചു കടന്നും ജീവന്‍ പണയം വച്ച് ഉള്‍ക്കാട്ടിലെ ആദിവാസികോളനികളിലെ ജീവിതങ്ങളെ ശരിക്കും അറിഞ്ഞ ദിവസങ്ങള്‍…

വാരിയം കുടിയിലേക്കുള്ള വഴി

ആ മൂന്നു മാസങ്ങള്‍ കൊണ്ടാണ് കുട്ടമ്പുഴയിലെ ഉള്‍ക്കാടുകളില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന ഒമ്പത് ആദിവാസിക്കോളനികളില്‍ 497 ശുചിമുറികള്‍ ഉയര്‍ന്നത്. “ആ വഴിയിലൂടെയാണ് ദിവസവും ശുചിമുറികള്‍ നിര്‍മിക്കുന്നതിനുള്ള സിമന്‍റും കട്ടയും ഷീറ്റും കമ്പിയുമൊക്കെയായി ഞങ്ങള്‍ യാത്ര ചെയ്തിരുന്നത്,” കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ എസ്എഫ്ഒ ആയ സുധ പറയുന്നു.


അങ്ങോട്ട് പോയിരുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ ‘എന്‍റമ്മോ അതൊക്കെ കുറേ പറയാനുണ്ടെ’ന്ന് സുധ…


സ്വച്ഛ് ഭാരത് പദ്ധതി പ്രകാരമാണ് ആദിവാസി ഊരുകളില്‍ ശുചിമുറികള്‍ നിര്‍മിക്കാന്‍ തീരുമാനമാകുന്നത്. ചെന്നെത്താന്‍ വലിയ പാടുള്ള ആദിവാസി ഊരുകളില്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ കരാറുകാരൊന്നും തയാറായില്ല. അതോടെ ജില്ലാ അധികൃതര്‍ പ്രതിസന്ധിയിലായി.

അങ്ങനെയാണ് വനംവകുപ്പുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ശുചിമുറി നിര്‍മിക്കാമെന്ന് തീരുമാനിച്ചത്.

“ഒമ്പത് കോളനികളിലെയും നിര്‍മ്മാണത്തിന്‍റെ കോര്‍ഡിനേറ്റര്‍ ആയി അന്നത്തെ ജില്ലാ കലക്റ്റര്‍ ആയിരുന്ന സഫീറുള്ളയാണ് എന്നെ നിയമിച്ചത്,” സുധ പറഞ്ഞു.

സുധ

കക്കൂസ് പണിയാന്‍ എറണാകുളത്തു നിന്നു കുറച്ചു പേരെയും ജില്ലാ ഭരണകൂടം അനുവദിച്ചുകൊടുത്തു. അങ്ങനെയാണ് 2017 സെപ്റ്റംബറില്‍ ശുചിമുറി നിര്‍മാണത്തിനു തുടക്കമാകുന്നത്.

ഏല്‍പിച്ച പണി എന്തു സഹിച്ചും പൂര്‍ത്തിയാക്കുമെന്ന് സുധ ഉറപ്പുകൊടുത്തു. പിന്നെ ഊണും ഉറക്കവുമില്ലാത്ത മൂന്ന് മാസങ്ങളായിരുന്നു.

ആ മൂന്നു മാസങ്ങള്‍

വനംവകുപ്പിലെ ജോലി തന്നെ സാഹസികമാണ്. രാവിലെ എഴുമണിക്ക് തുടങ്ങിയാല്‍ പിന്നെ ഒരു നേരമാകും ജോലി അവസാനിച്ച് വീട്ടിലേക്ക് തിരിക്കാന്‍. അതിനിടെയാണ് മൂന്നു മാസം കൊണ്ട് ശുചിമുറി നിര്‍മാണമെന്ന ഉത്തരവാദിത്തം കൂടി സുധ ഏറ്റെടുത്തത്.

Image for representation only. Photo: Pixabay.com

ഒരു ശുചിമുറിക്ക് 15,400 രൂപയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്. അതിനു മുന്‍പും കോളനിക്കാര്‍ക്ക് ശുചിമുറികള്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് പദ്ധതികള്‍ തയാറാക്കുകയും പണം നല്‍കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നോ രണ്ടോ കുടുംബങ്ങള്‍ ഒഴികെ ബാക്കിയെല്ലാവരും കാടിന്‍റെ മറവില്‍ത്തന്നെയായിരുന്നു പ്രാഥമിക കൃത്യങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്, സുധ പറഞ്ഞു.

എല്ലാ കോളനികളിലും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സെക്രട്ടറിയും കോളനിയിലെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതംഗ സമിതിയിലെ ഒരാള്‍ പ്രസിഡന്‍റുമായ വനസംരക്ഷണ സമിതിയുണ്ട്. അവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.


ഇതുകൂടി വായിക്കാം:ഡെല്‍ഹി ഐ ഐ ടിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ എന്‍ജിനീയറിന്‍റെ ‘ജിപ്‌സി ജീവിതം’: കുട്ടിക്കളിപ്പാട്ടങ്ങളുമായി നാടുചുറ്റുന്ന സുബിദ് അഹിംസ


ഉറിയംപട്ടി, വാരിയം, കുഞ്ഞിപ്പാറ, കടയച്ചാറ, കാറളംകണ്ടം തുടങ്ങി ഒമ്പത് കോളനികളിലായായിരുന്നു നിര്‍മാണം.
“പറഞ്ഞു വരുമ്പോള്‍ കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസിക്കോളനിയിലാണ് ഞാന്‍ താമസിക്കുന്നത്. പക്ഷേ പിണവൂര്‍ കുടി കോളനിയും ശുചിമുറികള്‍ നിര്‍മിച്ച കോളനികളും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഞങ്ങളുടെ കോളനി കുറച്ചു കൂടി വികസനമെത്തിയ പ്രദേശമാണ്,” സുധ തുടരുന്നു.

കുറേയങ്ങു കഴിഞ്ഞാല്‍ പിന്നെ ജീപ്പും പോകില്ല, ഇറങ്ങി നടക്കണം (Image for representation only. Photo: Pixabay.com)

“ഉറിയംപെട്ടി അടക്കമുള്ള ഒമ്പത് കോളനികളും മുതുവാന്‍ വിഭാഗമാണ്. ഇവരാണെങ്കില്‍ പഴയ ആചാരങ്ങളൊക്കെ അനുസരിച്ച് പഴയ രീതിയില്‍ താമസിക്കുന്നവരാണ്. ഓരോ കോളനിയിലും മൂപ്പനും മൂപ്പത്തിയുമൊക്കെയുണ്ട്. ഇത്രയും ഉള്‍ക്കാട്ടിലുള്ള കോളനികളിലേക്ക് ജോലിയില്‍ കയറിയതിനു ശേഷമാണ് ഞാന്‍ പോലും പോകുന്നത്…”

അങ്ങോട്ട് പോയിരുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ ‘എന്‍റമ്മോ അതൊക്കെ കുറേ പറയാനുണ്ടെ’ന്ന് സുധ…

“പോകാന്‍ വഴിയുണ്ട്, പക്ഷേ ജീപ്പിലേ പോകാന്‍ പറ്റൂ അതു പോലത്തെ വഴികളാ…കുറേയങ്ങു കഴിഞ്ഞാല്‍ പിന്നെ ജീപ്പും പോകില്ല, ഇറങ്ങി നടക്കണം…” സുധ ഓര്‍ത്തെടുത്തു.

ഊരുകളിലൊന്നില്‍ നിര്‍മ്മിച്ച ശുചിമുറിക്കുമുന്നില്‍ സുധയും നാട്ടുകാരും

നിര്‍മ്മിക്കുന്ന കാലത്ത് പുരോഗതി വിലയിരുത്താന്‍ ബ്ലോക്ക്, പഞ്ചായത്ത്, വില്ലേജ്, പൊലീസ്, ഫോറസ്റ്റ് ജീവനക്കാരും, വില്ലേജ് ഓഫിസ് തഹസില്‍ദാരും രണ്ടു തവണ കലക്റ്ററും നേരിട്ട് എത്തിയിരുന്നു.

“ഇവരെല്ലാം വരുമ്പോള്‍ അവര്‍ക്കൊപ്പം ഞാനുമുണ്ടാകും. അതു മാത്രമല്ല. ഓരോ ദിവസത്തെയും റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് ഡിഡിപിക്ക് നല്‍കണമായിരുന്നു. പലപ്പോഴും ഒരാഴ്ചയോളം അവിടെ പോയി താമസിച്ചാണ് നിര്‍മ്മാണം നടത്തിയത്. അവിടെ കറന്‍റൊന്നുമില്ലല്ലോ… അതോണ്ട് ജനറേറ്റര്‍ അടക്കം ഇവിടെ നിന്ന് കൊണ്ടു പോകും…അല്ലറ ചില്ലറ മരുന്നും കരുതും…അങ്ങനെയൊക്കെയായിരുന്നു ആ മൂന്നു മാസക്കാലം..

“ഉറിയംപെട്ടിയില്‍ മാത്രം 76 വീടുകളാണുണ്ടായിരുന്നത്., വാരിയത്ത് 65 വീടുകളും കുഞ്ചിപ്പാറ 95-ഉം, കടയച്ചാറ 60 വീടുകളും. അവരെല്ലാം തുടക്കംമുതലേ സഹകരിച്ചിരുന്നു. അവിടെ ചെന്നാല്‍ സ്വന്തം നാട്ടിലെത്തിയ പ്രതീതിയാണ്..അവരുടെ കൂട്ടത്തിലെ ഒരു അംഗത്തെപ്പോലെയാണ് കരുതിയിരുന്നത്.”

തുടക്കത്തിലെ കോളനികളിലെ മൂപ്പനെയും കാണിയെയുമെല്ലാം കണ്ട് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ ചെറിയ മടിയൊക്കെ കാണിച്ചിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് എല്ലാവരും ഒപ്പം തന്നെയുണ്ടായിരുന്നുവെന്ന് സുധ.


ആ കോളനികളിലുള്ളവര്‍ക്ക് മലമൂത്ര വിസര്‍ജനത്തിനായി കാടല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല.


കുഞ്ചിപ്പാറ കോളനിയില്‍ 83 ശുചിമുറിയാണ് നിര്‍മിച്ചത്. ഇടയ്ക്ക് നിര്‍മാണവസ്തുക്കളുടെ വിലകൂടിയത് വീണ്ടും തിരിച്ചടിയായി. എങ്കിലും പിന്‍തിരിയാതെ സുധ ലക്ഷ്യത്തിലെത്തി. ഇതോടെ കോളനിയിലെ എല്ലാ വീടുകളിലും ശുചിമുറിയായി. കാടുകള്‍ മലമൂത്ര വിസര്‍ജ്യരഹിതമായി.

ആ വര്‍ഷം നവംബര്‍ ഒന്നിന് വെളിയിട വിസര്‍ജ്യ നിര്‍മാര്‍ജനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആദിവാസിക്കോളനികളിലെ ജീവിതം കുറച്ചു കൂടി മെച്ചപ്പെട്ടു…. അതുവരെയും ആ കോളനികളിലുള്ളവര്‍ക്ക് മലമൂത്ര വിസര്‍ജനത്തിനായി കാടല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ലെന്ന് സുധ പറയുന്നു.

ജോലിയില്‍ കയറിയ കാലം മുതല്‍ ഈ കോളനികളിലെല്ലാം സുധ ഒരിക്കലെങ്കിലുമെത്തിയിട്ടുണ്ട്. അതുകൊണ്ട് കോളനിയിലുള്ളവരുമായി സൗഹൃദത്തിലാവാന്‍ എളുപ്പം കഴിഞ്ഞു. അതു മാത്രമല്ല റേഞ്ചിന്‍റെ ഡിവിഷന്‍ തലത്തിലുള്ള കോര്‍ ടീമിലെ അംഗമായിരുന്നു. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും മറ്റും പല തവണ അങ്ങോട്ടേക്ക് പോയിട്ടുണ്ട്. ആ യാത്രകള്‍ക്കിടയില്‍ പലപ്പോഴും അപകടങ്ങള്‍ തൊട്ടു മുന്നിലെന്നോണം വന്നു. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചങ്കിടിപ്പേറുന്ന സംഭവങ്ങളുണ്ട് അക്കൂട്ടത്തില്‍.

പൂയംകുട്ടി പുഴയുടെ മധ്യത്തില്‍ ചങ്ങാടം മുങ്ങിയതായിരുന്നു അതിലൊന്ന്. രാത്രിയായിരുന്നു സംഭവം…പണി സാധനങ്ങളുമായെത്തിയ ചങ്ങാടം പുഴയുടെ പാതിയെത്തിയപ്പോഴേക്കും മുങ്ങിപ്പോയി. കലക്റ്റര്‍ നിര്‍മാണപുരോഗതി വീക്ഷിക്കാനെത്തുമെന്ന പറഞ്ഞതിന്‍റെ തലേ ദിവസമായിരുന്നു സംഭവം. മറ്റു മാര്‍ഗമൊന്നുമില്ല. രാത്രി തന്നെ കുട്ടമ്പുഴയിലേക്ക് പോയി പണിക്കാരെ കൊണ്ടുവന്ന് രാവിലെ 8 മണിയായപ്പോഴേക്കും ചങ്ങാടം ശരിയാക്കി. രാവിലെ അതിലാണ് കലക്റ്റര്‍ വന്നത്.

നേരത്തെ തീരുമാനിച്ച സമയത്തു തന്നെ ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തിയായതോടെ മൂന്നു മാസത്തിനിടെ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്കെല്ലാം പ്രതിഫലമെന്നോണം അന്നു വരെ പ്രതീക്ഷിക്കാത്ത വലിയ അംഗീകാരങ്ങള്‍… പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പുരസ്‌കാരങ്ങള്‍ പിന്നെ ഡല്‍ഹി, യുഎസ്, ഹോളണ്ട് അവിടെ നിന്നെല്ലാമെത്തിയ സംഘങ്ങളുടെ ആദരം, സ്വന്തം ഡിപ്പാര്‍ട്മെന്‍റില്‍ നിന്നും പഞ്ചായത്തില്‍ നിന്നുമെല്ലാം അഭിനന്ദനങ്ങളും സ്വീകരണയോഗങ്ങളും…

അങ്ങനെ സന്തോഷത്തിന്‍റെ പട്ടികയ്ക്ക് ഏറെ നീളമുണ്ട്. ആ കാലത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിശ്വസിച്ചേല്‍പ്പിച്ച ജോലി ഭംഗിയായി പൂര്‍ത്തീകരിച്ചുവെന്നതിന്‍റെ സംതൃപ്തിയായിരുന്നു സുധയുടെ വാക്കുകളില്‍.

കുട്ടിക്കാലത്ത് പൊലീസ് ഓഫിസര്‍ ആകണമെന്നായിരുന്നു സുധയുടെ മോഹം. ആ സ്വപ്നം സഫലമായില്ലെങ്കിലും മറ്റൊരു നല്ല അവസരമായിരുന്നു സുധയെ കാത്തിരുന്നത്.. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറസ്റ്റ് ഗാര്‍ഡെന്ന പദവി. ഈയിടെ പി എസ് സി ചോദ്യപേപ്പറില്‍ ആ ചോദ്യം ഉള്‍പ്പെടുത്തിയിരുന്നെന്ന് സുധ.

“ബന്ധുക്കള്‍ക്ക് പലര്‍ക്കും വനംവകുപ്പില്‍ ജോലി ഉണ്ടായിരുന്നു. അതുകൊണ്ട് അത്ര പേടിയൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ഡിപ്പാര്‍ട്മെന്‍റില്‍ നിന്ന് നല്ല സഹകരണമായിരുന്നു.”
പതിനേഴു വര്‍ഷമായി സുധ ജോലിയില്‍ പ്രവേശിച്ചിട്ട്. ഇപ്പോള്‍ 54 വയസായി. ഇനി ഒന്നര വര്‍ഷം കൂടിയേയുള്ളൂ വിരമിക്കാന്‍.

കുട്ടമ്പുഴയിലാണ് ആദ്യം നിയമിതയായത്. 2006-ല്‍ ബെസ്റ്റ് ഗാര്‍ഡിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. “ഇതുവരെ ജോലി ചെയ്ത അനുഭവം വച്ച് പറയുകയാണെങ്കില്‍ കുട്ടമ്പുഴ തന്നെയാണ് ദുര്‍ഘടം പിടിച്ച കാടുള്ളത്, ഇടമലയാര്‍ ഡിവിഷനും അതുപോലെ തന്നെ,” കേരളത്തിലെ പല സ്ഥലങ്ങളിലും ജോലി ചെയ്തിട്ടുള്ള ആ ഉദ്യോഗസ്ഥ പറയുന്നു.

സുധയുടെ മൂത്ത മകന്‍ ജോമോനും ഫോറസ്റ്റ് ഗാര്‍ഡാണ്. രണ്ടാമത്തെ മകന്‍ ജീമോന്‍ സിവില്‍ പൊലീസ് ഓഫിസറാണ്, മൂന്നാമത്തെ മകന്‍ ഗിരീഷ് കുമാര്‍ ഡ്രൈവറാണ്.

“മക്കളിലൊരാള്‍ പൊലീസ് ആയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി…അതു ഞാന്‍ അത്രയേറെ ആഗ്രഹിച്ച ജോലിയായിരുന്നു,” ആ അമ്മയുടെ മുഖത്ത് വലിയ സന്തോഷം.

സുധ പുരസ്കാര നിറവില്‍

“ഫോറസ്റ്റ് ഗാര്‍ഡിന്‍റെ ജോലി ഇത്തിരി സാഹസികം തന്നെയാണ്…കാട്ടില്‍ നിന്ന് ആനയെ കണ്ട് ഒരുപാട് തവണ ജീവനും കൊണ്ടോടിയിട്ടുണ്ട്,” സുധ പറഞ്ഞു.

“ഒരിക്കല്‍ ഇതു പോലെ ഫീല്‍ഡിലേക്ക് പോയപ്പോള്‍ വഴിയില്‍ ഒരു അമ്പതു മീറ്റര്‍ അകലെ ഒരു ആന. അടുത്തെത്തിയതോടെ അത് ചിന്നംവിളിച്ചു. അന്ന് എല്ലാവരും ജീവനും കൊണ്ട് ഓടി. പിന്നെ കാട്ടില്‍ ഒളിത്താവളം കണ്ടെത്തുന്ന കുറ്റവാളികളെ പിടിക്കേണ്ടി വരും…ഒരിക്കല്‍ കഞ്ചാവ് കേസില്‍ പ്രതിയെ പിടിക്കാന്‍ വേണ്ടി രാത്രി പന്ത്രണ്ടു മണിയോടെ ഉള്‍ക്കാട്ടിലേക്ക് പോയതും മറക്കാനാകില്ല.

“പ്രതിയും ഭാര്യയും കാട്ടിനുള്ളിലെ ഗുഹയില്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ഞങ്ങള്‍ വളഞ്ഞിട്ടു പിടിച്ചത്. അതു കൊണ്ട് വലിയ ചെറുത്തുനില്‍പ്പൊന്നും ഉണ്ടായില്ല,” ഇതൊക്കെ വനംവകുപ്പുകാരുടെ ജീവിതത്തില്‍ സ്ഥിരം ഉണ്ടാകുന്ന റിസ്‌കുകളല്ലേ എന്ന മട്ടില്‍ സുധ പറയുന്നു.

ആദിവാസിക്കോളനികളുമായുള്ള സുധയുടെ അടുപ്പത്തിന് ഏറെ പഴക്കമുണ്ട്. ഒരിക്കല്‍ ആദിവാസി വിഭാഗങ്ങളുടെ പാട്ടും നൃത്തവുമെല്ലാം പരിചയപ്പെടുത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഊരുകളിലെ കുറച്ചുപേരുമായി തിരുവനന്തപുരത്തേക്ക് പോയത് സുധയായിരുന്നു.

അവരുടെ ആചാരപ്രകാരമുള്ള ചാമിയൂട്ടിനും മറ്റു കല്യാണങ്ങള്‍ക്കുമെല്ലാം സുധയെയും ക്ഷണിക്കും. പതിനാലോളം ആദിവാസിക്കുടികള്‍ ഉള്ളതില്‍ വാരിയം, തലവച്ചുപാറ, കുഞ്ചിപ്പാറ. കണ്ടന്‍പാറ എന്നീ കുടികളിലാണ് ചാമിയൂട്ട് പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. താത്കാലികമായി നിര്‍മിക്കുന്ന പുരകളിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉത്സവം.

“ജോലിയില്‍ നിന്നു പിരിഞ്ഞു പോയാലും മറക്കാതെ ഇങ്ങോട്ടേക്ക് വരണമെന്നാണ് അവര്‍ പറയുന്നത്,” സുധ കാട്ടിലെ മനുഷ്യരുടെ സ്‌നേഹം പറയുന്നു.

തൊടുപുഴയിലെ വണ്ണപ്പുറത്തായിരുന്നു സുധയുടെ ബാല്യം. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. ഭര്‍ത്താവിന്‍റെ മരണശേഷമാണ് സുധയ്ക്ക് ജോലി ലഭിച്ചത്. ജോലി കിട്ടി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മ ജാനകിയും മരിച്ചു. “ഈ ജോലിക്ക് പോകുന്നത് അമ്മയ്ക്ക് പേടിയായിരുന്നു. ഞാന്‍ ജോലി കഴിഞ്ഞ് തിരിച്ചു വരുന്നതു വരെ കാത്ത് വീടിന്‍റെ ഉമ്മറത്തിരിക്കും.

സുധ പുരസ്കാര നിറവില്‍

“ഭര്‍ത്താവ് ശശികുമാര്‍ 22 വര്‍ഷം മുന്‍പേ മരിച്ചു. അതിനു മുന്‍പ് ഉള്ള ഇത്തിരി സ്ഥലത്ത് കൃഷി ചെയ്തും പശുവില്‍ പാല്‍ വിറ്റുമായിരുന്നു ജീവിതം. അക്കാലത്ത് മൂന്ന് കറവപ്പശുക്കളും 25 ആടുകളും കോഴികളുമെല്ലാമുണ്ടായിരുന്നു. ഇപ്പോഴും കൃഷിയില്‍ താത്പര്യത്തിന് ഒട്ടും കുറവില്ല.. റബ്ബറും തെങ്ങുമെല്ലാം ധാരാളമുണ്ട്. ഇപ്പോഴും 200 കോഴികള്‍ ഉണ്ട്. സമയം ഇല്ലാത്തതു കൊണ്ട് ഇപ്പോ എല്ലാത്തിനേം വിറ്റോണ്ടിരിക്കാ,” സുധയുടെ വാക്കുകളില്‍ ചെറുതല്ലാത്ത നിരാശ.


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


“ശുചിമുറിയായിരുന്നു കോളനികളിലെ പ്രധാനപ്രശ്നം,” സുധ വീട്ടില്‍ നിന്ന് വീണ്ടും കാട്ടിലേക്ക് കയറി… അവിടെയുള്ള മനുഷ്യരെക്കുറിച്ചോര്‍ത്തു. “ഇനിയിപ്പോള്‍ കുടിവെള്ളമില്ല കോളനികളില്‍. അതാണ് വലിയൊരു പ്രശ്‌നം. കുടിവെള്ളം കിട്ടാന്‍ പാകത്തില്‍ പുഴയൊന്നുമില്ല.” ശുദ്ധജലം ഉറപ്പാക്കാനായി സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നതില്‍ ആശ്വാസം കൊള്ളുകയാണ് ഗോത്രമനുഷ്യരെ സ്‌നേഹിക്കുന്ന വനത്തിന്‍റെ കാവല്‍ക്കാരി.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം